TMJ
searchnav-menu
post-thumbnail

Outlook

നവകേരള സദസ്സുകൾകളിലൂടെ കേരളത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുമോ

11 Dec 2023   |   5 min Read
ജേക്കബ് സന്തോഷ്

രാജ്യത്ത് ആദ്യമായി മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന ആശയം ഉയര്‍ത്തി കഴിഞ്ഞമാസം 18 ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് തുടങ്ങിയ നവകേരള സദസ്സ് മധ്യകേരളത്തില്‍ എത്തിയിരിക്കുന്നു. ഇന്നുവരെ കേരളം എന്നല്ല രാജ്യത്ത് തന്നെ കാണാത്ത ഒരു സംസ്ഥാനത്തെ മന്ത്രിസഭ ഒന്നടങ്കം ഒന്നിച്ച് ഒരു ബസ്സില്‍ ഓരോ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളെ നേരില്‍ കണ്ട് അവരുമായി നേരിട്ട് സംവേദിക്കുകയും അവരുടെ വ്യക്തിപരവും സാമൂഹികവുമായ പരാതികളും അഭിപ്രായങ്ങളും ആശയങ്ങളും നേരിട്ട് സ്വീകരിക്കുകയും ഓരോന്നും ശ്രദ്ധാപൂര്‍വ്വം സോര്‍ട്ട് ചെയ്ത് സര്‍ക്കാര്‍തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്നാണ് ഇങ്ങനെ ഒരു സദസ്സിന്റെ ഉദ്ദേശം എന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ആദ്യമേതന്നെ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച പൊടിപ്പും തൊങ്ങലും വച്ച് വാര്‍ത്തകളും ചര്‍ച്ചകളും അതോടൊപ്പം പ്രതിപക്ഷ ബഹിഷ്‌കരണം, പ്രതിപക്ഷത്തിന്റെ വിചാരണ സദസ്സ് ആകെക്കൂടി രംഗം കൊഴുപ്പിച്ചു. അതോടെ എന്താണ് നവകേരള സദസ്സില്‍ സംഭവിക്കുക എന്ന ഒരു ആകാംക്ഷ പൊതു മണ്ഡലത്തില്‍ ഉയര്‍ന്നുവന്നു.

നവകേരള സദസ്സുകള്‍ 'മന്‍ കി ബാത്ത്' ആകുമ്പോള്‍

ഓരോ ദിവസവും രാവിലെ തിരഞ്ഞെടുത്ത  ഒരുകൂട്ടം 'പൗരപ്രമുഖരുമായി' നടക്കുന്ന ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങുകളെ തുടര്‍ന്ന് അന്നത്തെ നവകേരള സദസ്സുകള്‍ ആരംഭിക്കുന്നു. കേരളത്തിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന നവകേരള സദസ്സില്‍ കാണുന്നത് മന്ത്രിസഭാംഗങ്ങള്‍ എത്തുന്നതിന് തൊട്ടുമുന്‍പ് മുതല്‍ വിവിധ കൗണ്ടറുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇരുന്ന് പൊതു ജനങ്ങളില്‍ നിന്നുള്ള പരാതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടെയുള്ള കുറിപ്പുകളും അപേക്ഷകളും സ്വീകരിച്ച് രസീത് നല്‍കുന്നു. ഈ രീതിയില്‍ നല്‍കുന്ന നമ്പര്‍ ഉപയോഗിച്ച് sadas.kerala.gov.in എന്ന പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്ത് തല്‍സ്ഥിതി പരിശോധിക്കാം. ഇത് ഒരുവശത്ത് തുടരുമ്പോള്‍ തൊട്ടടുത്ത വേദിയില്‍ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ യോഗത്തിലേക്ക് സ്വാഗതം ആശംസിക്കുന്നു. ഭരണപക്ഷ എംഎല്‍എയുടെ മണ്ഡലം ആണെങ്കില്‍ സ്ഥലം എംഎല്‍എ അധ്യക്ഷത വഹിക്കും (പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത് കാരണം അധ്യക്ഷത വഹിക്കാന്‍ സ്ഥലം എംഎല്‍എ ഉണ്ടാവില്ല) തുടര്‍ന്ന് മന്ത്രിമാര്‍ ആശംസ പ്രസംഗം നടത്തുന്നു. ഇതില്‍ സ്വാഭാവികമായും സര്‍ക്കാരിന്റെ ഇതുവരെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ മണ്ഡലം കേന്ദ്രീകരിച്ചുള്ള പദ്ധതികളുടെ തല്‍സ്ഥിതി വിവരണം, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി, പ്രതിപക്ഷ വിമര്‍ശനം, മാധ്യമ വിചാരണ... അങ്ങനെ പോകുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൊട്ട് മുന്‍പ് നടന്ന സദസ്സില്‍ നിന്ന് ഒരു ബസ്സില്‍ എത്തുന്നു (മാധ്യമങ്ങള്‍ തുടക്കത്തില്‍ പ്രചരിപ്പിച്ച അത്യാധുനിക സൗകര്യങ്ങളുള്ള ബസ്സും അകമ്പടി കാറുകളും ഒന്നും ഇല്ല). യോഗം തുടരുന്നു. അവിടെ സദസ്സില്‍ ലഭിച്ച ഏതെങ്കിലും പരാതികളൊ നിര്‍ദേശങ്ങളൊ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മറിച്ച് സര്‍ക്കാരിനുള്ള അവകാശവാദങ്ങള്‍ പറയുവാനും അനുഭവിക്കുന്ന പ്രതിസന്ധികള്‍ (പ്രത്യേകിച്ച് കേന്ദ്ര നയങ്ങളുടെ അനന്തരഫലമായി സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി) വിശദീകരിക്കാനുള്ള വേദിയായി സദസ്സ് മാറുന്നു. മറിച്ച് നവകേരള സദസ്സിന് ബദലായി പ്രതിപക്ഷം ഇപ്പോള്‍ നടത്തിവരുന്ന' വിചാരണ സദസ്സിന് പകരം നവകേരള സദസ്സില്‍ത്തന്നെ സര്‍ക്കാരിന്റെ പോരായ്മകള്‍ അക്കമിട്ട് നിരത്തി അതിന് മന്ത്രിമാരെ മറുപടി പറയിക്കുന്ന അവസരം അവര്‍ തന്നെ കളഞ്ഞു കുളിച്ചു എന്നതാണ് കാണാന്‍ കഴിയുന്നത്.

ഇതുവരെ മൂന്ന് ലക്ഷത്തിലധികം പരാതികള്‍ ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ ലഭിച്ച പരാതികളില്‍ നാല്‍പ്പത്തിഅഞ്ച് ദിവസത്തിനകം പരിഹാരം കാണും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. വരുംദിനങ്ങളില്‍ അതിനെ കുറിച്ചുള്ള ചിത്രം കൂടുതല്‍ വ്യക്തമാകും എന്ന് കരുതാം.

നവകേരള സദസ്സ് | PHOTO: FACEBOOK
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും നവകേരള സദസ്സും

മുന്‍പും പലപ്പോഴും കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പലതവണ ചര്‍ച്ചയായിട്ടുണ്ട്. കെ എം മാണി കേരളത്തിന്റെ ധനകാര്യ മന്ത്രിയായിരുന്ന അവസരത്തില്‍ നമ്മുടെ സാമ്പത്തികസ്ഥിതി വിവരിച്ച് ധവളപത്രം ഇറക്കിയിരുന്നു. എന്താണ് ധവളപത്രം. സങ്കീര്‍ണ വിഷയങ്ങളുടെ നിജസ്ഥിതി അറിയിക്കാന്‍ പുറത്തിറക്കുന്ന ആധികാരിക പ്രമാണമാണ് ധവളപത്രം (വൈറ്റ് പേപ്പര്‍).

1982 ല്‍ ഇടതുപക്ഷത്ത് നിന്ന് മാറി കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് കെ.എം. മാണി കേരളത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ഒരു ധവളപത്രമിറക്കി. കേന്ദ്രനയവും മറ്റുംകൊണ്ട് വിഭവശേഷി കുറയുന്നു, വികസനപദ്ധതികള്‍ക്ക് കൂടുതല്‍ തുക വേണം, സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥ പരിഗണിച്ച് കേരളത്തിന് അര്‍ഹമായത് കിട്ടണം, ക്ഷാമബത്താ ചെലവുകള്‍ പൂര്‍ണമായും കേന്ദ്രം വഹിക്കണം, നികുതി ഘടനയിലെ മാറ്റംകൊണ്ട് സംസ്ഥാനത്തിനുണ്ടാകുന്ന വരുമാനനഷ്ടം നികത്തണം എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.

കെ.എം. മാണി രണ്ടാമതൊരു ധവളപത്രം അവതരിപ്പിച്ചത് 2011-ലാണ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരിക്കെ. തൊട്ടുമുമ്പത്തെ അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് സംസ്ഥാനത്തിന്റെ റവന്യൂകമ്മി പരിധി കടന്നെന്നായിരുന്നു കുറ്റപ്പെടുത്തല്‍.

തോമസ് ഐസക്ക് 2016-ല്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ഒരു ധവളപത്രമിറക്കി കണക്കുതീര്‍ത്തു. മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ് കാരണം കേരളം ധനകാര്യ പ്രതിസന്ധിയില്‍ ആണ് എന്നായിരുന്നു തോമസ് ഐസക്ക് പറഞ്ഞുവച്ചത്. ഇതിന്റെ എല്ലാം പശ്ചാത്തലത്തില്‍  എന്തുകൊണ്ട് ഇങ്ങനെ ഒരു പ്രതിസന്ധി എന്ന് പരിശോധിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ പോകാന്‍ കഴിയില്ല.

കെ.എം. മാണി | PHOTO: WIKI COMMONS
തനതുവരുമാനം വര്‍ധിച്ചിട്ടും പ്രതിസന്ധി

1980-കള്‍ മുതല്‍ കേരളം വിവിധ തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നു, ഇത് പ്രധാനമായും പൊതു ചെലവുകളുടെ ഘടനയും പൊതു വിഭവസമാഹരണത്തിന്റെ അഭാവവുമാണ്, വികസനത്തിനായി സ്വന്തം വിഭവങ്ങള്‍ സ്വരൂപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിമിതി ഉള്‍പ്പെടെ വിവിധങ്ങളായ കാരണങ്ങളായിരുന്നു എങ്കില്‍ ഇന്ന് കാണുന്ന ധനകാര്യ പ്രതിസന്ധി എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ചാല്‍ കാണാന്‍ കഴിയുക ഇന്ത്യന്‍ ഫെഡറലിസത്തില്‍ അടുത്തകാലത്തായി ഉണ്ടായ മാറ്റങ്ങള്‍ ആണ് എന്ന് കാണാം.

സമീപവര്‍ഷങ്ങളില്‍ കേരളത്തില്‍ ധനസൂചകങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്, ധനകമ്മി, റവന്യൂകമ്മി, കടം എന്നിവ യഥാക്രമം 3.9%, 2.3%, 39.10% എന്നിങ്ങനെയാണ് 2022-23 ല്‍ ജിഡിപി അനുപാതം. ആര്‍ബിഐ റിപ്പോര്‍ട്ട് 2022 അനുസരിച്ച്, കേരളം രൂക്ഷമായ സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു, ഇന്ത്യയിലെ ഏറ്റവും കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. പത്താം ധനകാര്യ കമ്മീഷന്‍ പ്രകാരം 3.88% ആയിരുന്നത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം 1.93% ആയി കുറഞ്ഞു (രാജാരാമന്‍ 2017) ധനകമ്മീഷനുകള്‍ നല്‍കുന്ന ഡിവിസിബിള്‍ പൂളിന്റെ വിഹിതം കുറയുന്നത് സംസ്ഥാനത്തിന്റെ ധനപ്രശ്‌നം കൂടുതല്‍ വഷളാക്കി.

2023 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ സ്വന്തം നികുതിവരുമാനം 63,191.75  2021-22 ല്‍ ലഭിച്ച കോടി രൂപയില്‍ നിന്ന് 77,164.84 കോടി രൂപയായി ഉയര്‍ന്നു, ഏകദേശം 14,000 കോടി രൂപ അഥവാ 22.1% വര്‍ധിച്ചു.

സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനത്തിലെ ഈ വളര്‍ച്ചാ നിരക്ക് എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്ഥാനത്താണ്. ശക്തമായ ഉല്‍പ്പാദന അടിത്തറയുള്ള മഹാരാഷ്ട്ര (25.6%), ഗുജറാത്ത് (28.4%) എന്നീ രണ്ട് സംസ്ഥാനങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ കേരളത്തെ പിന്നിലാക്കിയത്. കേരളത്തിന്റെ ജി എസ് ടി വരുമാനം മാത്രം 2022-23ല്‍  19.44 ശതമാനം വര്‍ധിച്ച് 34,641 കോടി രൂപയായി. എന്നിട്ടും എന്തുകൊണ്ട് കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നതാണ് പരിശോധിക്കേണ്ടത്.

തനതുവരുമാനം വര്‍ധിച്ചിട്ടും പ്രതിസന്ധി തുടരുന്നത് കേന്ദ്രസര്‍ക്കാറിന്റെ സംസ്ഥാനങ്ങളോടുള്ള സമീപനമാണ്. കഴിഞ്ഞദിവസം കേരള ധനകാര്യമന്ത്രി ബാലഗോപാല്‍ വിശദീകരിച്ചത് കേരളത്തില്‍ നിന്ന് ഒരു രൂപ നികുതിയായി കേന്ദ്ര പൂളിലേക്ക് ലഭിച്ചാല്‍ 36 പൈസ മാത്രം ആണ് കേന്ദ്ര വിഹിതം ആയി കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നത്. ബാക്കി 64 പൈസ കേന്ദ്രം നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം മറ്റ് മേഖലകളിലേക്ക് പോകുന്നു. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും കേരളത്തിന്റെ റവന്യൂ ചിലവുകള്‍ക്ക് പൈസ മതിയാവാതെ വരുന്നു. അതിന്റെ ഫലമായി കടം വര്‍ധിക്കുന്നു. ഈ ഒരു അവസ്ഥ അധികകാലം തുടരാന്‍ കഴിയില്ലെന്നതാണ് ഇന്ന് നേരിടുന്ന വെല്ലുവിളി.

കെ എൻ ബാലഗോപാല്‍ | PHOTO: FACEBOOK
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഡയറക്ടര്‍ കെ ജെ ജോസഫ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്, കഴിഞ്ഞവര്‍ഷം കടമെടുപ്പില്‍ ഉണ്ടായ ഇടിവാണ് കേരളത്തിന്റെ സാമ്പത്തികരംഗത്തെ രസകരമായ സവിശേഷത. കടം വാങ്ങുന്നതില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത് ഒറീസയാണെങ്കില്‍ (168.1%) കടമെടുക്കുന്നതിലും കേരളം വലിയ ഇടിവ് (47%) കാണിച്ചു. ബജറ്റിന് പുറത്തുള്ള വായ്പയുടെ പേരില്‍ കേരളത്തില്‍ കടമെടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്,'' ജോസഫ് പറഞ്ഞു.
റവന്യൂ ചെലവില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്ത ഏക സംസ്ഥാനം കൂടിയാണ് കേരളം. ആന്ധ്രാപ്രദേശ് (26.1%), പഞ്ചാബ് (17%), മഹാരാഷ്ട്ര (16.1%), ഒഡീഷ (16.1%) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ റവന്യൂ ചെലവ് വളര്‍ച്ച. ഇതിനു വിപരീതമായി, കേരളത്തിന്റെ റവന്യൂ ചെലവില്‍ -2.63% ഇടിവ് രേഖപ്പെടുത്തി. റവന്യൂ ചെലവ് വളര്‍ച്ചയുടെ അഖിലേന്ത്യാ ശരാശരി 11.5% ആയിരുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പഠനങ്ങള്‍ തെളിയിക്കുന്നു.

മുകളില്‍ പറഞ്ഞ വളര്‍ച്ച സാമ്പത്തിക രംഗത്ത് കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞതുകൊണ്ട് മാത്രമാണ് കേന്ദ്ര നയങ്ങളുടെ ഫലമായി ഉണ്ടായ പ്രതിസന്ധിയിലും മറ്റ് റവന്യൂ ചെലവുകള്‍ കൂടാതെ ക്ഷേമ പെന്‍ഷനുകള്‍ 1,600 രൂപ വീതം നല്‍കിക്കൊണ്ടും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തിയും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. അപ്പോഴും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള അഞ്ച് ഗഡു ക്ഷാമബത്ത നല്‍കാന്‍ 18,000 കോടി, പൊതുമരാമത്ത് കരാറുകാര്‍ക്ക് 16,000 കോടി, സപ്ലൈകോ കരാറുകാര്‍ക്ക് 1,000 കോടി നല്‍കാന്‍ കഴിയാത്ത നിലയിലാണ് ഇന്നുള്ളത്. ഈ ഒരു ഞാണിന്മേല്‍ കളി നടത്തി പോരുമ്പോള്‍ ആണ് കേരളത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥ എന്ന ബ്രഹ്‌മാസ്ത്രവും ആയി ഒരുകൂട്ടര്‍ രംഗത്ത് വന്നിരിക്കുന്നത്. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ഇവിടുത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ (ജഡ്ജിമാരുടെ ഉള്‍പ്പെടെ) ശമ്പളവും അലവന്‍സും, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്ക് വരും. മണി ബില്ലുകള്‍ നിയമസഭ പാസാക്കിയാലും കേന്ദ്രത്തിന്റെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.

അങ്ങനെ ഒരു അവസ്ഥയിലേക്ക് വരാതിരിക്കാന്‍ പ്രതിപക്ഷത്തെകൂടി സഹകരിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍, നിലവിലുള്ള സാമ്പത്തികാവസ്ഥ കൃത്യമായി അവലോകനം നടത്തി യാഥാര്‍ത്ഥ്യം ജനങ്ങളേയും സര്‍ക്കാര്‍ ജീവനക്കാരേയും ബോധ്യപ്പെടുത്തുകയും കര്‍ശനമായ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുകയും വേണം. അതോടൊപ്പം സംസ്ഥാനത്തിന് അര്‍ഹമായ സാമ്പത്തിക പരിഗണന കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ ശക്തമായ ഇടപെടലുകളും നടത്തിയേ മതിയാവൂ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ നിലനിന്നുവരുന്ന മതസൗഹാര്‍ദ്ദവും ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും ഇവിടെ നാളെയും പുലരണം എന്ന് ആഗ്രഹിക്കുന്ന ഓരോ മലയാളിയും മഹാപ്രളയത്തിന്റെ സമയത്തും കോവിഡ് 19 എന്ന മഹാമാരിയേയും നേരിട്ട സമയത്തും കാണിച്ച അതേ ജാഗ്രതയോടെ ഇവിടേയും നിലകൊണ്ടില്ല എങ്കില്‍ സ്വയം തകര്‍ന്നു പോകും.

 

 

#outlook
Leave a comment