TMJ
searchnav-menu
post-thumbnail

Outlook

സാധ്യമാക്കേണ്ടത് സെമിഫൈനലോ?

05 Nov 2025   |   5 min Read
സിദ്ധാർത്ഥ് കെ

ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ് കേരളം. നമ്മൾ 2020ൽ വോട്ട് ചെയ്ത് വിജയിപ്പിച്ച, ഡിസംബർ 20ന് കാലാവധി പൂർത്തിയാക്കുന്ന പഞ്ചായത്ത്, മുനിസിപ്പൽ ഭരണസമിതികൾക്ക് പകരം, പുതിയ പഞ്ചായത്ത് അംഗങ്ങളെയും കൗൺസിലർമാരെയും തെരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മൾ. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കരുത്ത് പ്രാദേശിക തലത്തിൽ ജനങ്ങളുമായി ഇഴചേർന്ന് ഇടപെടുന്ന പ്രവർത്തകരാണ്. പ്രാദേശികമായ രാഷ്ട്രീയ പ്രവർത്തകരുടെ തെരഞ്ഞെടുപ്പാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്. അങ്ങനെ പരിശോധിച്ചാൽ ഏറ്റവും ജനകീയമായ തെരഞ്ഞെടുപ്പാണ് ഒരു മാസത്തിനകം കേരളത്തിൽ സംഘടിപ്പിക്കുന്നത്. 

'കേരളത്തിന്റെ സെമിഫൈനൽ'...
'ജനവിധിക്ക് മുന്നോടിയായ ഡ്രസ്സ് റിഹേഴ്സൽ'...
തദ്ദേശ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച മാധ്യമവാർത്തകളിൽ പ്രധാനമായും പതിയുന്ന പ്രയോഗങ്ങൾ ഇവയാണ്. നമ്മൾ തെരഞ്ഞെടുപ്പ് വർത്തമാനം പറയുന്നിടത്തെല്ലാം ഇതേ ശൈലികൾ മുഴങ്ങിക്കേൾക്കുന്നു. ഇന്ത്യയിൽ ഏറ്റവും മികച്ച നിലയിൽ ജനകീയാസൂത്രണം നടപ്പാക്കിയെന്ന് അഭിമാനിക്കുന്ന നമ്മളാണ്, വിഴുങ്ങിയാൽ തൊണ്ട കടക്കാത്ത ഈ പ്രൊപ്പഗാണ്ടയെ വായിലിട്ട് ഉരുട്ടുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന സംഘപരിവാർ മുദ്രാവാക്യത്തിനെതിരെ ഏറ്റവും ശരിയായി പ്രതിരോധം തീർക്കുന്നവരിൽ കേരള ജനതയുണ്ട്. നമ്മുടെ സമ്മതിദാനാവകാശം അഞ്ച് വർഷത്തിലൊരിക്കലേക്ക് മാത്രം ചുരുക്കുന്ന വിദ്യ നാഗ്പൂരിലെ മൂശയിലേക്ക് ഉരുക്കിയൊഴിച്ചപ്പോൾത്തന്നെ, നമ്മൾ നിയമസഭ വിളിച്ചുകൂട്ടി ഐകകണ്ഠ്യേന എതിർത്ത് വോട്ട് ചെയ്തുവിട്ടതാണ്. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പിന്റെ 'സെമിഫൈനൽ' സമീകരണം നമ്മൾ പതുക്കെ അംഗീകരിക്കുകയാണ്. നമുക്ക് ഇത്രയൊക്കെയേ പരമാധികാരം വേണ്ടൂ എന്ന് അറിയാതെ പറഞ്ഞുറപ്പിക്കുകയാണ്. നമ്മളിൽ നിന്ന് എത്രത്തോളം അകലെയാണോ, അത്രത്തോളം ബഹുമാനം പറിച്ചെടുക്കും വിധം, ഹെജിമണി കൈപ്പിടിയിലാക്കിയിരിക്കുകയാണ് ഭരണകൂടം. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന വാർഡ് കൗൺസിലറെ നമ്മൾ വഴിയിൽ പിടിച്ചുനിർത്തിയിരിക്കുകയാണ്. വിമർശനങ്ങളുടെ കെട്ടഴിക്കുന്നതിനൊപ്പം, മതിവരുവോളം പരിഹസിക്കുക കൂടിയാണ്.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നത്തെ വർഷം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയെന്ന ചിട്ട ഉരുത്തിരിഞ്ഞു വന്നത് ആദ്യമായി 1991ലാണ്. അതിന് തൊട്ടു മുമ്പുള്ള വർഷം നടന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് 14ൽ 13 ജില്ലകളിലും ഇടതുപക്ഷത്തിനെ വിജയിപ്പിച്ചു. 1987ൽ ഭരണ ചുമതലയിലേറി നാലുവർഷം മാത്രം പൂർത്തിയാക്കിയ ഇകെ നായനാർ സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പിനെ അമിത പ്രതീക്ഷയിൽ കണ്ടു. മന്ത്രിസഭ പിരിച്ചുവിട്ട് 1991ൽ ജനവിധി തേടി. അന്നത്തെ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായിരുന്നാലും, ഒന്നോർക്കണം: നിയമസഭാ തെരഞ്ഞെടുപ്പ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ അന്വേഷിച്ച് മുമ്പിൽ വന്നിരുന്നതാണ്; പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ സംസ്ഥാന തെരഞ്ഞെടുപ്പിന് പിന്നിലായി പോയവരല്ല.

REPRESENTATIVE IMAGE | WIKI COMMONS
നിലനിൽക്കുന്ന പാർലമെൻ്റും സംസ്ഥാന നിയമസഭകളും സാമൂഹ്യനീതിയുടെ വിതരണം സാധ്യമാക്കുന്നില്ലെന്ന തോന്നലായിരിക്കണം 1992ലെ 73, 74 ഭരണഘടനാ ഭേദഗതികളെ സാക്ഷാത്കരിച്ചത്. കേരളം ഒരു പടി കൂടിക്കടന്നു. അധികാരം ജനകീയമായി വികേന്ദ്രീകരിക്കാനും, ഉദ്യോഗസ്ഥരിലും ബഹുജനങ്ങളിലും പുതിയ വികസന അവബോധം സൃഷ്ടിക്കാനും, കേരളം നേരിടുന്ന വികസന പ്രതിസന്ധിയെ തരണം ചെയ്യാനുമായി ജനകീയാസൂത്രണം അവതരിപ്പിച്ചു. 1994ലെ കേരള പഞ്ചായത്തീരാജ്, മുനിസിപ്പൽ നിയമങ്ങൾ പ്രകാരം1995ലെ ആദ്യ ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പ് ജയിച്ചുവന്ന തദ്ദേശ ഭരണസമിതികൾക്ക്, സംസ്ഥാന പദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്ന് കൈമാറുമെന്ന് പ്രഖ്യാപിച്ചു. 

പണത്തിൻ്റെ വിതരണത്തിൽ യൂണിയൻ സർക്കാരിനെ പോലെ വാഗ്ദാനം പാലിച്ചിട്ടില്ല സംസ്ഥാന സർക്കാരും. ഭരണഘടന നിർദേശിച്ച പ്രകാരം അഞ്ചുവർഷം കൂടുമ്പോൾ ധനകാര്യ കമ്മീഷനുകളെ നിയോഗിക്കുന്നതിൽ തെറ്റുവരുത്താത്ത ചുരുക്കം സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്. പക്ഷേ, പ്രാദേശിക സർക്കാരുകളുടെ ആവശ്യങ്ങൾ ഇനിയും പൂർത്തീകരിക്കപ്പെടാനുണ്ട്. അവയെ ശരിയാംവിധം അഭിസംബോധന ചെയ്താൽ, കേരളത്തിന്റെ ശബ്ദത്തിൽ കൂടുതൽ ഉച്ചത്തിൽ ഫിസ്കൽ ഫെഡറലിസമെന്നും സ്റ്റേറ്റ് ഓട്ടോണോമിയെന്നും പറയാം, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ എന്ന അനീതിയുടെ കഴുത്തിൽ കണ്ടിക്കാം.

കേരളം ഏറ്റവും ഒടുവിൽ കൈവരിച്ച പ്രയത്നസാഫല്യം അതിദാരിദ്ര്യമുക്തിയുടേതാണ്. സാമൂഹ്യ പിന്തുണയില്ലാതെ അതിജീവനം സാധ്യമല്ലാത്ത മനുഷ്യരെയാണ് ഈ പദ്ധതി ക്ഷേമത്തിലേക്ക് കൈപിടിച്ചു കടത്തുന്നത്. അതിദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തിയതും ലിസ്റ്റ് തയ്യാറാക്കിയതും ഗ്രാമസഭകളാണ്. പ്രാദേശികമായി ഫോക്കസ് ഗ്രൂപ്പുകൾ ലിസ്റ്റിൽ ചർച്ച നടത്തി. വാർഡ് തല സമിതി ചർച്ചകളെ കൂടുതൽ വിശദമാക്കി. ഒടുവിൽ പഞ്ചായത്ത് സമിതിയോ മുനിസിപ്പൽ കൗൺസിലോ നടത്തുന്ന അന്വേഷണങ്ങളും ചർച്ചകളും അംഗീകാരവും. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി പൂർണമായും നടപ്പാക്കിയത് തദ്ദേശീയ സർക്കാരാണ്. അവർ ഒഴുക്കിയ വിയർപ്പാണ് വിജയം കാണുന്നത്. 

REPRESENTATIVE IMAGE | WIKI COMMONS
ലൈഫ് ഭവന പദ്ധതിയിലൂടെ ഗ്രാമീണ പാർപ്പിട സൗകര്യവും, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയിലൂടെ മെച്ചപ്പെട്ട വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങളും, ഹരിത കേരളത്തിലൂടെ മറ്റ് സുസ്ഥിര വികസന ലക്ഷ്യങ്ങളും നേടിക്കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളം. പദ്ധതികൾ പ്രഖ്യാപിച്ചത് മുഴുവൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചവരും, സംസ്ഥാന ക്യാബിനറ്റിൽ കൂടിയിരിക്കുന്നവരുമായിരിക്കാം. പക്ഷേ, പദ്ധതി ലക്ഷ്യങ്ങളിലെ ബലമേറിയ പടവുകളിലേക്ക് പിടിച്ച് കയറാനും വലിയ വടവൃക്ഷങ്ങളുടെ തണൽ നട്ടുവളർത്തി കേരള ജനതയ്ക്ക് നേരെ നീട്ടിയെറിയാനും പ്രയത്‌നിച്ചത് ത്രിതല പഞ്ചായത്തുകളും നഗരസഭകളുമാണ്. 

കേരളത്തിന്റെ ജനകീയാരോഗ്യത്തെ ബലപ്പെടുത്തുന്നത് പ്രാദേശിക സർക്കാരുകൾ വകയിരുത്തുന്ന തനത് ഫണ്ട് കൂടിയാണ്. കോവിഡ് അടക്കമുള്ള മഹാമാരികളിൽ ജനജീവിതം വലിയ പ്രതിസന്ധികൾ ഇല്ലാതെ കടന്നുപോയത് അവരുടെ ദീർഘവീക്ഷണം കൊണ്ടായിരിക്കണം. വെളിയിട വിസർജനമുക്തിയും സമ്പൂർണ വൈദ്യുതീകരണവും നേടിയ നാടായി കേരളത്തെ മാറ്റിയത് തദ്ദേശ സർക്കാരുകളാണ്. മികച്ച സ്കൂൾ കെട്ടിടങ്ങളും പൊതുജനത്തിന് ആശ്രയമായി കൂടുതൽ നേരം തുറന്നിരിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളും കേരളത്തിൽ നിലനിൽക്കുന്നത്, കക്ഷിരാഷ്ട്രീയത്തിന്റെ നിറഭേദങ്ങൾക്കപ്പുറത്ത്, ജനങ്ങളിൽ നിന്ന് ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട, തദ്ദേശീയമായതും സ്വയംഭരണത്തിൻ്റെ പരിമിതലക്ഷണങ്ങളുമുള്ള സർക്കാരുകളാണ്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ബീഹാറിന് പിന്നാലെ, കേരളമടക്കം 12 സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ നടത്തി വോട്ട് കശക്കാനാണ് യൂണിയൻ സർക്കാരിന്റെ തീരുമാനം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ ഇടയിൽ തന്നെയാണ് കേരളത്തിന്റെ സംവിധാനങ്ങൾക്ക് എസ്ഐആറിൻ്റെ പണിക്കും നിൽക്കേണ്ടിവരിക. പകുതി ജില്ലകളും വെള്ളപ്പൊക്കത്തിൽ മുങ്ങുമ്പോഴാണ് വോട്ടർ പട്ടികയിൽ പേര് പുതുക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ ബീഹാർ ജനതയുടെ വയറ്റത്ത് കൊട്ടി പെരുമ്പറമുഴക്കി അറിയിച്ചത്. അവകാശം പോയിട്ട് ഔദാര്യം പോലും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. താൽപര്യമുള്ളവരെ വോട്ട് ചെയ്യിപ്പിക്കാനും വെറുക്കുന്നവരെ പുറത്താക്കാനുമുള്ള അവസരമുണ്ടെങ്കിൽ അത് തന്നെയാകണം കൂടുതൽ മികച്ച ‘സുവർണാവസരം’. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിൽ കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും എസ്ഐആറുണ്ട്. എൻആർസി പൂർത്തിയാക്കിയ ആസാമിൽ മാത്രമില്ല.

'എല്ലാ യോഗ്യന്മാർക്കും വോട്ടുണ്ടാക്കുമെന്നും അയോഗ്യരുടെ വോട്ട് ഇല്ലാതാക്കിക്കളയുമെന്നും' വ്യക്തമാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനോട്, ആസാമിൽ എസ്ഐആർ വേണ്ടേയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അമിത്ഷായ്ക്ക് കീഴിൽ ആഭ്യന്തര ജോയിൻ്റ് സെക്രട്ടറിയായും സഹകരണ സെക്രട്ടറിയായും പണിയെടുത്ത അതേ ഗ്യാനേഷ്‌കുമാർ അബദ്ധത്തിൽ സത്യം പറഞ്ഞുപോയി; ആസാമിൽ പൗരത്വ നിർണയം തുടരുന്നുണ്ടല്ലോ എന്ന്. എസ്ഐആർ പൗരത്വപ്രക്രിയയുടെ തുടർച്ച മാത്രമല്ല, വംശശുദ്ധീകരണ പ്രക്രിയയുടെ നിയമാനുസൃത സമാരംഭം കൂടിയാണെന്ന് വ്യക്തമാക്കുന്ന മറുപടി. 

ഗ്യാനേഷ് കുമാർ | PHOTO : WIKI COMMONS
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക നേരത്തെ തന്നെ അന്തിമമാക്കിയത് കൊണ്ട് അതിനെ ബാധിക്കില്ലലോ എന്നാണ് സാങ്കേതിക ന്യായവാദം. തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമങ്ങൾ നൽകുന്ന 'സെമിഫൈനൽ' സമീകരണങ്ങളെ അത്യുത്സാഹത്തോടെ അംഗീകരിക്കുന്നവർക്ക് ഇവിടെയും ത്രില്ലടിക്കുന്നുണ്ടോ എന്നറിയില്ല. സംഘപരിവാരത്തിൻ്റെ ഈ സ്പെഷ്യൽ തെരഞ്ഞെടുപ്പ് റിവിഷൻ കാണുമ്പോൾ, യുർഗൻ ക്ലോപ്പിനെയും പെപ് ഗ്വാർഡിയോളയെയും കാർലോ ആൻസലോട്ടിയെയും പോലുള്ള യൂറോപ്യൻ ഫുട്ബോൾ കോച്ചുമാർ നോക്കൗട്ടുകൾക്ക് തൊട്ട് മുമ്പ് നടത്തുന്ന, സർപ്രൈസ് ഫോർമേഷൻ ഷഫിളുകളും പ്രസിംഗ് ഷിഫ്റ്റുകളും ചിലപ്പോൾ ഓർമ വരുന്നുണ്ടാകും. പക്ഷേ 'ഫൈനലിൽ' പൊരുതി നോക്കാൻ മാത്രമായല്ല അവരീ പരിപാടി നടത്തുന്നത് എന്ന കാര്യമുറപ്പ്. വോട്ട് ബഹിഷ്കരിക്കുന്നവർ പോലും വോട്ടർ പട്ടികയിൽ പേര് പുതുക്കാൻ നിർബന്ധിതരായ കാലമാണ്. നീ വോട്ടറല്ലെങ്കിൽ നീ പൗരനല്ലെന്നും, നിനക്ക് ജീവിക്കാനുള്ള അവകാശം പോലുമില്ലെന്ന് വ്യക്തമാക്കുകയാണ് ഭരണകൂടം. 

ഒക്ടോബർ 28ന് വോട്ടർ പട്ടിക മരവിപ്പിച്ച് എസ്ഐആർ പ്രവൃത്തികൾ തുടങ്ങിക്കഴിഞ്ഞു. പേരുചേർക്കുന്നതിനും വെരിഫിക്കേഷനുമെല്ലാം ഒന്നരമാസത്തിൽ താഴെ സമയം മാത്രം. തൃശ്ശൂരിൽ വോട്ട് മോഷ്ടിച്ചവർ വോട്ട് ചെയ്യാൻ വന്നപ്പോൾ കമ്മീഷൻ പറഞ്ഞത് ലിസ്റ്റിലുള്ളവരെല്ലാം വോട്ട് ചെയ്തോട്ടെ എന്നാണ്. തൃശ്ശൂരിൽ പകർന്നാടിയ ശൃംഗാര, കരുണരസങ്ങളിൽ ഇത്തവണ കമ്മീഷൻ നിൽക്കില്ല. കേരളത്തിലെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ കാലത്ത് രൗദ്ര, ഭയാനക രസങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖത്ത് വിരിയാൻ സാധ്യത.

REPRESENTATIVE IMAGE | WIKI COMMONS
സ്വന്തം ലക്ഷ്യങ്ങളിലേക്ക് മാത്രം ചുരുങ്ങാനും, മറ്റുള്ളവരുമായി മത്സരിക്കാനും സാമ്രാജ്യത്വം പരിശീലിപ്പിക്കുന്നത് വെറുതെയല്ല. ആരും കാണാതെ ചൂഷണത്തിന്റെ സ്വന്തം പദ്ധതിലക്ഷ്യങ്ങളെ ഒളിച്ചുകടത്താനാകണമത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്ക് പ്രസക്തി നഷ്ടപ്പെടുകയും, ഗ്രാമസഭകൾ വിളിച്ചു ചേർക്കുമ്പോൾ ക്വോറം തികയാതിരിക്കുകയും ചെയ്യുന്നത് സാമ്രാജ്യത്വം വിജയിക്കുമ്പോഴായിരിക്കണം.

1996ൽ ജനകീയാസൂത്രണം അവതരിപ്പിച്ചപ്പോൾ കോടിക്കണക്കിന് രൂപ നമ്മുടെ പഞ്ചായത്തിലേക്കും വരുമെന്നായിരുന്നു ചിലർക്കെങ്കിലുമുണ്ടായിരുന്ന തെറ്റിദ്ധാരണ. നമ്മളിലാണ് പരമാധികാരം, ജനങ്ങളാണ് പരമാധികാരികൾ എന്ന് നമ്മൾ തിരിച്ചറിയുന്നതിലാണ് ജനകീയാസൂത്രണജയം.

ഫ്രീ സോഫ്റ്റ്‌വെയർ ഫ്രീയായി കിട്ടുന്നതാണെന്ന് കരുതിയാൽ പിന്നെ, കരുത്തുള്ള കേന്ദ്രസർക്കാരുകൾ വന്നാൽ കുറേക്കാലത്തേക്ക് പേടിക്കേണ്ടതില്ലല്ലോ എന്ന് ചിന്തിച്ചാൽ പിന്നെ, 
'ഈ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാൽ പിന്നെ', എന്തുപ്രയോജനം? എന്തു പ്രയോജനം

ജനകീയാസൂത്രണത്തിന്റെ പ്രാരംഭ കാലത്ത് പരിശീലകർക്ക് നൽകിയ കൈപുസ്തകങ്ങളിൽ മനുഷ്യരെ ആകെ ഓർമ്മിപ്പിച്ചിരുന്ന ഒരു പ്രധാന വരി ഇങ്ങനെയായിരുന്നു- "ദാനമായി ലഭിക്കുന്ന അധികാരം യഥാർത്ഥ അധികാരമല്ല; തന്നവർ തന്നെ അത് തിരിച്ചെടുത്തേക്കാവുന്നതാണ്". ഫെഡറൽ എഞ്ചിനെ കേടാക്കി ഗിയർബോക്സിൽ നിന്ന് തന്നെ വിഘടിപ്പിച്ച്, യൂണിറ്ററി എഞ്ചിനെ പ്രവർത്തിപ്പിക്കുന്ന ഡബിൾ എൻജിൻ സർക്കാരിനായി വാദിക്കുന്നവർക്കുള്ള ഓർമ്മപ്പെടുത്തലായി വായിക്കാമിത്. പക്ഷേ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ചെത്തുന്ന ജനപ്രതിനിധികൾക്കും, നമ്മൾ ഗ്രാമസഭ/ വാർഡ് സഭകളിൽ അംഗങ്ങളായിട്ടുള്ള ഓരോരുത്തർക്കും, അതേ തീവ്രതയിൽ വായിച്ചെടുക്കാവുന്ന വാക്യമാണിത്. റവന്യൂ പിരിവിന്റെ കേന്ദ്രീകരണവും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സ്വഭാവവും സംസ്ഥാനങ്ങളെ ഞെരുക്കുന്നത് പോലെ, പ്രാദേശിക സർക്കാരുകളും അനുഭവിക്കുകയാണ്. 

REPRESENTATIVE IMAGE | WIKI COMMONS
മുകളിൽ നിന്ന് കെട്ടിയിറക്കുന്ന ആശയങ്ങൾ മാത്രമാണ് പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതികളായി പ്രതിഫലിക്കുന്നത്. ഗ്രാമസഭകളിൽ, പഞ്ചായത്ത് സമിതികളിൽ ഉരുത്തിരിയുന്ന സ്വപ്നത്തെ ഒരിക്കലും സാക്ഷാത്കരിക്കപ്പെടാത്ത വിധം കുടുക്കി കിടത്തിയിരിക്കുകയാണ്. മുൻകൂർ അനുമതികൾ സംസ്ഥാന സർക്കാരിൽ നിന്ന് നേടിക്കൊണ്ടു മാത്രമേ തദ്ദേശ സ്ഥാപനങ്ങൾക്ക് 'സ്വയംഭരണം' മുന്നോട്ടു കൊണ്ടു പോകാനാകൂ. സംസ്ഥാനം തരുന്ന പണവും തനത് വരുമാനവുമൊക്കെ അനുമതിയന്വേഷണങ്ങളിൽ പരിമിതപ്പെട്ടിരിക്കുകയാണ്. നിർദ്ദേശങ്ങളും ചട്ടങ്ങളും കീഴ് വഴക്കങ്ങളും മറികടന്ന് പദ്ധതികൾ ലക്ഷ്യംതൊടുന്നത് കുറവാണ്. പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കൈമാറിയ ഉദ്യോഗസ്ഥരിലൂടെയും നിർദ്ദേശങ്ങളിലൂടെയും, പഞ്ചായത്ത് സമിതി തീരുമാനങ്ങൾ മറികടന്ന് സംസ്ഥാനതല ഇംഗിതം മാത്രം നടപ്പാക്കപ്പെടുമ്പോൾ, കേന്ദ്രസർക്കാർ സ്വപ്നം കാണുന്ന ഗവർണർരാജ് ഓർമ്മ വരികയാണ്.

സജാതീയതകൾ മാത്രമുള്ള ഒരു ഹോമോജിനസ് സമൂഹമാണ് കേരളമെന്ന് തെറ്റിദ്ധരിക്കരുത് നമ്മൾ. ഭാഷാ സംസ്ഥാനങ്ങളായി ഇന്ത്യൻ ജനതയെ വേർതിരിക്കുന്നതാകും ഭേദമെന്ന തോന്നലിൽ മാത്രമാണ് കേരളീയർ സമം മലയാളി എന്ന കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തിയത്. 96% മലയാളികൾ ആണെങ്കിലും, നൂറുകണക്കിന് മാതൃഭാഷകളുള്ള കേരളീയരാണുള്ളത്. സെക്രട്ടറിയേറ്റിൽ നിന്ന് നെയ്യാറ്റിൻകരയിലേക്കും പാലായിലേക്കും ചാലക്കുടിയിലേക്കും ചിറ്റൂരിലേക്കും തിരൂരിലേക്കും കൂത്തുപറമ്പിലേക്കും ഒരേ ദൂരമല്ല ഉള്ളത്. ജനകീയ പങ്കാളിത്തം ഇൻക്ലൂസീവാകാൻ ജനകീയാസൂത്രണത്തിൽ കൂടുതൽ ഇടപെടുകയും അതിനെ ബലപ്പെടുത്തുകയും മാത്രമാണ് നമുക്ക് മുമ്പിലുള്ള വഴി. അതുതന്നെയായിരിക്കും കേരളത്തിന് അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരവഴിയും. ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മെച്ചപ്പെട്ട ജനാധിപത്യ സ്ഥാപനങ്ങൾ സാധ്യമാക്കട്ടെ, കൂടുതൽ കരുത്ത് സ്വരുക്കൂട്ടുവാനുള്ള വിചാരങ്ങൾക്ക് നാന്ദി കുറിക്കട്ടെ.


#outlook
Leave a comment