TMJ
searchnav-menu
post-thumbnail

Outlook

ആശ വർക്കേഴ്സ് സമരം രാഷ്ട്രീയ പ്രേരിതമോ

28 Feb 2025   |   9 min Read
ജംഷീന മുല്ലപ്പാട്ട്

കേരളത്തിന്റെ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ രൂപപ്പെടുത്തുന്നതിൽ വിവിധ വിഭാഗങ്ങളിൽപെട്ട ജനങ്ങൾ നടത്തിയിട്ടുള്ള സമരങ്ങൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ജാതി മർദനത്തിന് എതിരായ സമരം മുതൽ ട്രേഡ് യൂണിയൻ അവകാശങ്ങൾ വരെയും, സമുദായ പരിഷ്കരണങ്ങൾ മുതൽ സ്ത്രീകളുടെയും, ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ വരെയുള്ള കാര്യങ്ങളുടെ ദീർഘമായ ചരിത്രത്തിലെ സുപ്രധാന ഏടാണ് സമരങ്ങൾ. ആ ചരിത്രത്തിലെ  ഏറ്റവും പുതിയ കണ്ണിയാണ് കേരളത്തിലെ ആശ വർക്കർമാരിൽ ഒരു വിഭാഗം ഫെബ്രുവരി 10 മുതൽ നടത്തുന്ന സമരം.

1980-കളുടെ രണ്ടാം പകുതിയിൽ കോഴിക്കോടിനടുത്ത മാവൂരിലെ ഗ്വാളിയോർ റയോൺസ് സമരത്തിന് ശേഷം ഒരുപക്ഷേ, കേരളത്തിൽ നടക്കുന്ന ഏറ്റവും പോളെമിക്കൽ ആയ തൊഴിലാളി സമരം ഇതാവും. അന്നും പോളെമിക്സിന്റെ ഒരറ്റത്ത് ഇന്നത്തെ പോലെ അന്നത്തെ ഭരണകക്ഷിയായ സിപിഎമ്മും അവരെ പിന്തുണക്കുന്ന സിഐടിയുവുമായിരിന്നു. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള അരാജക-തീവ്രവാദികളുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു മാവൂർ സമരം എന്നായിരുന്നു അന്നത്തെ ഒരു പ്രധാനവാദം. ഇപ്പോഴും സമാനമായ വാദങ്ങളാണ് സർക്കാരിനെ നയിക്കുന്ന പ്രധാന രാഷ്ട്രീയ കക്ഷിയും സിഐടിയുവും മുന്നോട്ടു വയ്ക്കുന്നത്.  ആ വാദങ്ങളുടെ ശരിതെറ്റുകളിലേക്ക് ഇവിടെ കടക്കുന്നില്ല. എന്നാൽ, ആശ വർക്കേഴ്സ് സമരം മുന്നോട്ട് വയ്ക്കുന്ന ചില പ്രധാന വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി | PHOTO : WIKI COMMONS  
കേരളത്തിലെ ആരോഗ്യമേഖലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന ആശ വര്‍ക്കര്‍മാര്‍ തങ്ങള്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങളും നീതിനിഷേധവും ഉയര്‍ത്തിക്കാട്ടി സെക്രട്ടേറിയേറ്റിന് മുന്നില്‍ ഫെബ്രുവരി 10 മുതല്‍ രാപകല്‍ സമരത്തിലാണ്. പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, പെന്‍ഷന്‍ നല്‍കുക, ജോലി ഭാരം കുറക്കുക, സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, ചികിത്സാ മുന്‍ഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശമാര്‍ ഉന്നയിക്കുന്നത്.  സമരത്തിന്റെ തുടക്കത്തിൽ സമരത്തിനെ അവഗണിക്കുന്ന ഒരു സമീപനമാണ് സർക്കാർ പുലർത്തിയതെങ്കിൽ പിന്നീട് സമരത്തിനെ രാഷ്ട്രീയമായി എതിർക്കുന്ന ഒരു രീതിയിലേക്ക് സർക്കാരും, സിപിഎമ്മും മാറി. സർക്കാർ ഉന്നയിക്കുന്ന പ്രധാന വാദങ്ങൾ ഇവയാണ്. കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഒരു പദ്ധതി പ്രകാരം സേവനമെടുക്കന്നവരാണ് ആശ വർക്കേഴ്സ് എന്ന പേരിൽ അറിയപ്പെടുന്നവർ. അവരെ തൊഴിലാളികൾ എന്ന നിലയിൽ കേന്ദ്ര സർക്കാർ നിർവചിച്ചിട്ടില്ല. എന്ന് മാത്രമല്ല കേന്ദ്രം അവർക്ക് നിശ്ചയിച്ചിട്ടുള്ള 2,000 രൂപ ഓണേറിറിയം മാത്രമാണെന്നും കേരള സർക്കാർ സ്വന്തം നിലയിൽ 5,000 രൂപ കൂടെ നൽകി 7,000 രൂപ മാസം ശമ്പളമായി ലഭ്യമാക്കുന്ന സംവിധാനമാക്കി അതിനെ മാറ്റി. ആശ വർക്കേഴ്സിന് ഇന്ത്യയിൽ ഏറ്റവുമധികം ശമ്പളം നൽകുന്ന സംസ്ഥാനം കേരളമാണെന്നും സർക്കാർ അവകാശപ്പെടുന്നു. ആശ വർക്കേഴ്സിനെ തൊഴിലാളി എന്ന് നിർവചനത്തിൽ ഉൾപ്പെടുത്തേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും കേന്ദ്ര സർക്കാർ സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കുന്നതു മൂലം സംസ്ഥാന സർക്കാർ അതിജീവന പോരാട്ടത്തിലാണെന്നുമാണ് സിപിഎം-സിഐടിയു വാദം. സംസ്ഥാന സർക്കാരും അതു തന്നെയാണ് പറയുന്നത്. സംസ്ഥാന സർക്കാരിന് എതിരെ അല്ല കേന്ദ്രത്തിന് എതിരെ ആണ് സമരം നടത്തേണ്ടത് എന്നാണ് അവരുടെ ഉപദേശം.

ആശ വർക്കേഴ്സിന്റെ സമരം രൂക്ഷമായ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള സാഹചര്യമൊരുക്കിയെന്നാണ് കഴിഞ്ഞ ദിവസങ്ങളായി പുറത്തുവരുന്ന വാർത്തകൾ നൽകുന്ന സൂചനകൾ. സേവനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ 'തൊഴിലാളി' എന്ന നിര്‍വചനത്തില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടില്ലാത്ത
സാഹചര്യത്തിൽ സന്നദ്ധപ്രവര്‍ത്തകരായാണ് ഇവരെ കണക്കാക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറയുന്നു. മന്‍മോഹന്‍ സിങ് ഭരണകാലത്താണ് പദ്ധതി ആരംഭിച്ചതെന്നും,  അതുകൊണ്ട് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തെ അനുകൂലിക്കുന്ന കോണ്‍ഗ്രസിന് ഈ പ്രശ്‌നത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ എടുക്കുന്ന ജോലിക്ക് മാന്യമായ കൂലി അല്ലെങ്കിൽ ഓണറേറിയം ലഭ്യമാക്കുന്നതിനുള്ള  ഉത്തരവാദിത്തം ആരുടേതാണെന്ന  ചോദ്യം അദ്ദേഹം മറന്നു പോകുന്നു.

ആശാവര്‍ക്കര്‍മാരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കൊണ്ടുവന്നതാണെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം. ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന ഓണറേറിയം സര്‍ക്കാരിന്റെ ഔദാര്യമാണെന്നും കേന്ദ്ര സര്‍ക്കാരിനെതിരെയാണ് സമരം നടത്തേണ്ടതെന്നുമാണ് ആശാ വര്‍ക്കര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി (സിഐടിയു) പിപി പ്രേമയുടെ അഭിപ്രായം.  ഈര്‍ക്കിലി സംഘടനയെന്നും അരാജകവാദികള്‍ എന്നും പാട്ടപ്പിരിവുകാര്‍ എന്നെല്ലാം പറഞ്ഞ് സമരത്തെ അധിക്ഷേപിക്കുന്ന കാര്യത്തിൽ എളമരം കരീം മുതൽ സിപിഎം അനുകൂല സൈബർ പോരാളികൾ വരെ സജീവമായി രംഗത്തുണ്ട്. പാവം സ്ത്രീകളെ ആരോ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിൽ ഇറക്കിയതെന്ന തലോടലും ഇതിനൊപ്പമുണ്ട്. അതേസമയം, ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ല, കണക്കെടുപ്പും സര്‍വേയുമെല്ലാം മുടങ്ങുകയാണ് എന്നും എളമരം കരീം തന്നെ പറയുന്നുണ്ട്. ഈർക്കിൽ സംഘടനയിൽ ഉള്ളവർ മാത്രമാണ് സമരത്തിലെങ്കിൽ എങ്ങനെയാണ് ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയെന്ന ചോദ്യം അപ്പോൾ ബാക്കിയാകുന്നു.

REPRESENTATIVE IMAGE | WIKI COMMONS
'ആശ വര്‍ക്കര്‍മാര്‍ പണിയെടുക്കുന്നത് സംസ്ഥാന സര്‍ക്കാരിനും സംസ്ഥാനത്തെ ജനങ്ങള്‍ക്കും വേണ്ടിയാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് ആശ വര്‍ക്കര്‍മാരെ നിലനിര്‍ത്തുക എന്നുള്ളത്. ഒരുദിവസം കൂലിയായി 232 രൂപയാണ് ആശമാര്‍ക്ക് കിട്ടുന്നത്. കേരളത്തില്‍ ആരാണ് ഇങ്ങനെ പണി എടുക്കാനുള്ളത്. അതും ആരോഗ്യ മേഖലയില്‍ 24 മണിക്കൂറും പണി. ആരും ചെയ്യില്ല. ആശ വര്‍ക്കര്‍മാരുടെ വീടിന്റെ കറന്റ് ബില്ലും വാടകയും ലോണും കുട്ടികളുടെ വിദ്യാഭ്യാസവും മാതാപിതാക്കളുടെ ചികിത്സയുമൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ സൗജന്യമായി ആശ വര്‍ക്കര്‍മാര്‍ പണിയെടുത്തോളും. അഞ്ചു മാസം വരെ വേതനം തരാതിരിന്നിട്ടും ആശ വര്‍ക്കര്‍മാര്‍ പണി എടുക്കുന്നുണ്ട്.', കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (കെഎഎച്ച്ഡബ്ല്യുഎ) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു.

'കേരളത്തിലെ ആശമാരില്‍ ബഹുഭൂരിപക്ഷം പേരും വിധവകളും ദാരിദ്രരേഖക്ക് താഴെയുള്ളവരും സ്വന്താമായി വീടില്ലാത്തവരും മാതാപിതാക്കള്‍ രോഗികളും കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യുന്നരും ഒക്കെയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്നുള്ളത് ദുഷ്‌കരമാണ്. ആശ വര്‍ക്കര്‍മാരുടെ ജോലി ചെയ്യുന്നവര്‍ മറ്റൊരു പണിക്കും പോകരുതെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. നിലവില്‍ 7000 രൂപയാണ് പ്രതിമാസ ഓണറേറിയം ലഭിക്കുന്നത്. മൂന്നോ നാലോ മാസം കൂടുമ്പോഴാണ് ഈ പൈസ കിട്ടാറുള്ളത്. അതിനുതന്നെ ഒരുപാട് നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു നിബന്ധന തെറ്റിച്ചാല്‍ കിട്ടുന്ന പൈസയില്‍ നിന്നും വെട്ടിക്കുറക്കും. ഈ തുച്ചമായ വേതനത്തിന് 24 മണിക്കൂറാണ് ആശ വര്‍ക്കര്‍മാര്‍ ജോലി ചെയ്യുന്നത്. ഫീല്‍ഡ് വര്‍ക്ക്, റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ഡേറ്റ ശേഖരണം തുടങ്ങിയ വലിയ ജോലി ഭാരമാണ് ആശ വര്‍ക്കര്‍ക്കുള്ളത്. ജോലി ഭാരം കണക്കിലെടുത്താണ് ഓണറേറിയം 21000 രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത്.', എസ് മിനി പറയുന്നു.

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ഭാഗമായി 2005 ലാണ് ആശ വര്‍ക്കര്‍ അഥവാ 'Accredited Social Health Activist' (ASHA) എന്ന പേരില്‍ സ്ത്രീകളായ ആരോഗ്യ പ്രവര്‍ത്തകരെ, സന്നദ്ധ പ്രവര്‍ത്തകരായി നിയമിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെടുന്ന സാമൂഹിക ആരോഗ്യ പ്രവര്‍ത്തകരാണ് ആശ വര്‍ക്കര്‍മാര്‍. സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നഴ്സ് എന്നിവരും പൊതുജനവും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന കണ്ണികളാണിവര്‍.

REPRESENTATIVE IMAGE | WIKI COMMONS
കേരളത്തില്‍ 2008 ലാണ് ആദ്യമായി ആശമാരെ നിയമിക്കുന്നത്. ആയിരം പേര്‍ക്ക് ഒരു ആശ എന്നായിരുന്നു കണക്ക്. എന്നാല്‍ ഇന്ന് ഒരു വാര്‍ഡില്‍ ഒരു ആശയാണ്. മാതൃ-ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു ആശമാരുടെ ആദ്യ നിയമനം. നിയമപരമായും സാമൂഹികമായും കിട്ടുന്ന തൊഴില്‍പരമായ അംഗീകാരം ലഭിക്കാതെ തികച്ചും പ്രതിഫലമില്ലാതെ സാമൂഹിക പ്രവര്‍ത്തനമായാണ് സ്ത്രീകള്‍ ആദ്യ കാലങ്ങളില്‍ ലഭിച്ചിരുന്ന ജോലികള്‍ ചെയ്തിരുന്നത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് ആശ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം. സന്നദ്ധ പ്രവര്‍ത്തനം ആയതിനാല്‍ തന്നെ ശമ്പളം, കൂലി എന്നീ തൊഴില്‍ അവകാശങ്ങള്‍ ആശമാര്‍ക്ക് ലഭിക്കില്ല. മാത്രമല്ല ഇവര്‍ക്ക് തൊഴിലാളികളുടെ യാതൊരു അവകാശവും ലഭിക്കില്ല.

ആദ്യം 300 രൂപയാണ് ആശ വര്‍ക്കര്‍മാര്‍ക്ക് കിട്ടിയ വരുമാനം. പിന്നീട് അത് 500 ആയി, 1,000 മായി, 1,500 ആയി. നിരന്തരമായ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി കേരള സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം 7,000 രൂപയാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ഇന്‍സന്റീവായി നല്‍കുന്നത് 2,000 രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെ 7,000 രൂപ കിട്ടുന്നത് നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട പത്തു പണികള്‍ ചെയ്താലാണ്. ഒന്ന് വിട്ടുപോയാല്‍ ആ പൈസ കുറയ്ക്കും.

മാസത്തില്‍ എല്ലാ ദിവസവും അവധി ഇല്ലാതെ ജോലി എടുക്കണം. ഈ ജോലി സേവനമാണെന്നുമാത്രം തിരിച്ചറിഞ്ഞ് അത് ചെയ്യാന്‍ സന്നദ്ധരായി വന്ന സ്ത്രീകള്‍ പിന്നീട് സ്ഥിരവരുമാനം നല്‍കുന്ന സര്‍ക്കാര്‍ ജോലിയായി ഇതു മാറാന്‍ സാധ്യതയുണ്ട് എന്നും വിശ്വസിച്ചിരുന്നു. സ്ത്രീകളുടെ ഒഴിവു സമയങ്ങളില്‍ മാതൃ-ശിശു ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയാല്‍ മതി എന്നായിരുന്നു ആശമാര്‍ക്ക് ആദ്യകാലങ്ങളില്‍കിട്ടിയ നിര്‍ദേശം. ഇതനുസരിച്ച് ദിവസം ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാറ്റിവെച്ചാല്‍ ആശമാര്‍ക്ക് വിവര ശേഖരണം നടത്താം.

REPRESENTATIVE IMAGE | WIKI COMMONS
എന്നാല്‍ വര്‍ഷങ്ങള്‍ കഴിയവെ ആശമാരുടെ ജോലി ഭാരം വര്‍ധിച്ചു. ഇന്ന് ആരോഗ്യ വകുപ്പ് നല്‍കുന്ന ജോലികള്‍ തീര്‍ക്കാന്‍ 24 മണിക്കൂര്‍ തികയുന്നില്ല. മാത്രമല്ല ചെയ്യുന്ന ജോലിക്ക് അര്‍ഹമായ അംഗീകാരവും പ്രതിഫലവും കിട്ടുന്നില്ല. അതുകൊണ്ടാണ് തങ്ങളെ സംഘടിത തൊഴില്‍ മേഖലയായി പരിഗണിച്ച് ആരോഗ്യ വകുപ്പില്‍ സ്ഥിര നിയമനം നല്‍കണമെന്ന് ആശമാര്‍ ആവശ്യപ്പെടുന്നത്.

വീടുകള്‍ കയറി ഇറങ്ങി വിവിധ രോഗങ്ങള്‍ക്കുള്ള സര്‍വേ, പാലിയേറ്റീവ് പരിചരണം, ആര്‍ദ്രം മിഷന്റെ ഭാഗമായി മാസത്തില്‍ നാല് ആശുപത്രി ഡ്യൂട്ടികള്‍, വാര്‍ഡുകളില്‍ പോയി ഗര്‍ഭിണികളുടെ ക്ലിനിക്ക് നടത്തല്‍, ജീവിത ശൈലീ രോഗങ്ങളുടെ ക്ലിനിക്, പ്രതിരോധ കുത്തിവെപ്പ് എടുക്കല്‍, വാര്‍ഡ് അവലോകന റിപ്പോര്‍ട്ട്, ആരോഗ്യ റിപ്പോര്‍ട്ട്, റിവ്യൂ മീറ്റിംഗില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കല്‍, ആപ്പുകളില്‍ ഡേറ്റ അപ്ഡേറ്റ് ചെയ്യല്‍, ലെപ്രസി ക്യാമ്പുകള്‍, കാന്‍സര്‍ പ്രതിരോധ ക്യാമ്പുകള്‍, കിടപ്പുരോഗികളെ കാണല്‍, ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കല്‍, ഗര്‍ഭനിരോധന കുത്തിവെപ്പിന് സജ്ജമാക്കല്‍, മലേറിയ പരിശോധനക്ക് സഹായിക്കല്‍, യോഗക്ക് ആളെ സംഘടിപ്പിക്കല്‍, സര്‍ക്കാര്‍ ഓരോ കാലങ്ങളില്‍ ചെയ്യുന്ന മറ്റുകാര്യങ്ങളില്‍ ആസൂത്രണം തുടങ്ങി നാല്‍പ്പതോളം ജോലികളാണ് ഇവര്‍ക്ക് ചെയ്യാനുള്ളത്.

'കേരളത്തില്‍ ആകെ 26,478 ആശ വര്‍ക്കര്‍മാര്‍മാരാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ആശ വര്‍ക്കറായി ജോലി ചെയ്യാന്‍ എട്ടാം ക്ലാസ് പാസാവണം. കേരളത്തില്‍ ഡിഗ്രി, പിജി, ബിഎഡ് എന്നിവയൊക്കെ പഠിച്ച അധിക വിദ്യാഭ്യാസമുള്ളവരാണ് ആശ വര്‍ക്കര്‍മാരായി ജോലി ചെയ്യുന്നത്. ഈ ജോലിയെന്തോ മെച്ചപ്പെട്ട തൊഴില്‍ ആണെന്ന് കരുതിയാണ് ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ ഈ മേഖലയിലേയ്ക്ക് വരുന്നത്. എന്നാല്‍ ജോലി ചെയ്ത് തുടങ്ങുമ്പോഴാണ് ഇതിലെ പ്രശ്‌നങ്ങള്‍ മനസ്സിലാകുന്നത്. കേരളത്തിലെയും ദേശീയതലത്തിലും വിവിധ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നത് പ്രതിദിനം 700 രൂപ വേതനം നല്‍കണം എന്നാണ്. അതുകൊണ്ട് തന്നെ ഇതേ സ്‌കെയിലിലുള്ള മിനിമം വേതനം ആശ വര്‍ക്കര്‍മാര്‍ക്കും പ്രഖ്യാപിക്കണം. എല്ലാ മാസവും വേതനം കൃത്യമായി നല്‍കണം.

ജോലി ചെയ്ത ശേഷം വേതനം നല്‍കുമ്പോഴുള്ള നിബന്ധനകള്‍ പിന്‍വലിക്കപ്പെടണം. ഇതൊക്കെ നടപ്പാക്കി ഉത്തരവായി ഇറക്കണം. മറ്റൊന്ന് 62 വയസ്സില്‍ ആശ വര്‍ക്കര്‍മാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. അത് സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. വിരമിക്കുന്നവര്‍ക്ക് ഒരു രൂപയുടെ പോലും ധനസഹായം കിട്ടില്ല. അതുകൊണ്ട് ആശമാര്‍ക്ക് മറ്റു തൊഴില്‍ മേഖലകളില്‍ കൊടുക്കുന്നത് പോലെയുള്ള വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും വേണം. വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കണം. ആശമാരുടെ ജോലി ഭാരം കുറക്കണം, സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണം, ചികിത്സാ മുന്‍ഗണന നല്‍കണം, നിലവില്‍ ആശ വാര്‍ക്കര്‍മാര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വഴിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്; അതായാത് റിപ്പോര്‍ട്ട് അയക്കല്‍, അറിയിപ്പുകള്‍ നല്‍കല്‍, ആരോഗ്യ വകുപ്പിന്റെ ആപ്പുകളില്‍ വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍. ഇതൊക്കെ ചെയുന്നത് സ്വന്തമായുള്ള മൊബൈല്‍ഫോണുകളില്‍ ആണ്. 24 മണിക്കൂര്‍ എന്നോണം ഞങ്ങള്‍ സമാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ഫോണ്‍ കേടുവന്നാല്‍ മറ്റൊരു ഫോണ്‍ വാങ്ങാനുള്ള സാഹചര്യം ആശ വര്‍ക്കര്‍മാര്‍ക്കില്ല. അതുകൊണ്ട് ആശമാര്‍ക്ക് ജോലി ആവശ്യത്തിനായി സ്മാര്‍ട്ട് ഫോണ്‍ നല്‍കണം.', കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (കെഎഎച്ച്ഡബ്ല്യുഎ) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു.

REPRESENTATIVE IMAGE | WIKI COMMONS
സാധാരണഗതിയിൽ ഏതൊരു ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതല്ല ഇപ്പറഞ്ഞ ആവശ്യങ്ങൾ. എന്നാൽ രാഷ്ട്രീയ ധ്രുവീകരണത്തിന് മറവിൽ വിഷയത്തിൽ നിന്നും വ്യതിചലിക്കുകയാണ് സിഐടിയു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ജെപിഎച്ച്‌ഐ), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെപിഎച്ച്എന്‍), പുതുതായി സര്‍വീസില്‍ എടുത്തിരിക്കുന്ന ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വരുന്ന മിഡ് ലവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എംഎല്‍എസ് പി) എന്നിവര്‍ക്കാണ് ആശ വര്‍ക്കര്‍മാര്‍ തങ്ങളുടെ ജോലികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയിക്കേണ്ടത്. ജെപിഎച്ച്എന്‍മാര്‍ക്കാണ് ആശമാരുടെ നേരിട്ടുള്ള ചുമതയുള്ളത്. നേരത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുതല്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ വരെ ഫീല്‍ഡില്‍ ഇറങ്ങി ചെയ്തിരുന്ന ജോലികളാണ് കാലക്രമേണ ആശ വര്‍ക്കര്‍മാരിലേയ്ക്ക് എത്തിയത്. ഇന്ന് ആരോഗ്യ വകുപ്പിന്റെ ഒരു സ്റ്റാഫിനും ഫീല്‍ഡില്‍ ഇറങ്ങി പണിയെടുക്കേണ്ടതില്ല.

കേരളത്തെ സംബന്ധിച്ച് ആശമാരുടെ മൂല്യം തിരിച്ചറിഞ്ഞത് കൊവിഡ് മഹാമാരി കാലത്താണ്. ആശമാര്‍ സ്വന്തം ആരോഗ്യം വകവെക്കാതെ വീടുകള്‍ തോറും കയറി ഇറങ്ങി ശേഖരിച്ച വിവരങ്ങളാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തെ ശ്രദ്ധേയമാക്കിയത്. കൊവിഡ് സമയത്തെ ഈ അധ്വാനമാണ് ലോകാരോഗ്യ സംഘടനയുടെ മികച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിനായി ആശമാരുടെ പേരു കൂടി എത്തിച്ചത്.

REPRESENTATIVE IMAGE | WIKI COMMONS
കോവിഡിന് ശേഷം പലവിധ ആരോഗ്യ പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കി. ആ പദ്ധതികള്‍ക്ക് എല്ലാം അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയത് ആശമാരാണ്. എന്നിട്ടും സ്ത്രീകളുടെ ഈ അധ്വാനത്തെയും അവര്‍ തൊഴില്‍രംഗത്ത് നേരിടുന്ന പ്രശ്നങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിഗണിച്ചില്ല. കൂലി നല്‍കേണ്ടതില്ലാത്ത പരിചരണ ജോലിയായാണ് സമൂഹം സ്ത്രീകളുടെ അധ്വാനത്തെ കാണുന്നത്. ഇതേരീതി തന്നെയാണ് സര്‍ക്കാരിനുമുള്ളത്. മറിച്ചാണെങ്കില്‍ ഇവരുടെ അധ്വാനത്തെ പരിഗണിക്കുകയല്ലേ വേണ്ടത്.

ആശ വര്‍ക്കര്‍ ഒരു മാസം ചെയ്യേണ്ട ജോലികള്‍ (നിബന്ധനകള്‍)

ഒരു വാര്‍ഡിന്റെ സമ്പൂര്‍ണ്ണമായ ആരോഗ്യസ്ഥിതി പ്രതിഫലിക്കുന്ന വാര്‍ഡ് ആരോഗ്യ റിപ്പോര്‍ട്ട് തയ്യാറാക്കല്‍. റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ 600 രൂപ കിട്ടും.

വാര്‍ഡ് മെമ്പര്‍മാരുമായി സഹകരിച്ചുകൊണ്ട് എല്ലാ മാസവും വാര്‍ഡ് അവലോകന യോഗം നടത്തണം. അതിനും 600 രൂപ ലഭിക്കും.

സബ് സെന്റര്‍ തലത്തില്‍ യോഗത്തില്‍ പങ്കെടുത്താല്‍ 600 രൂപ.

പഞ്ചായത്ത് തലത്തില്‍ അവലോകന യോഗം നടത്തുന്നതിന് 600രൂപ.

ആര്‍ദ്രം മിഷന്റെ ഡ്യൂട്ടി മാസത്തില്‍ രണ്ടു ദിവസം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സബ് സെന്ററിലോ ഡ്യൂട്ടി എടുക്കാം. ഓരോ ഡ്യൂട്ടിയ്ക്കും 600 രൂപ വെച്ച് ലഭിക്കും.

ആരോഗ്യ സംബന്ധിയായ ക്ലാസ്, ചര്‍ച്ചകള്‍, ആക്റ്റിവിറ്റികള്‍ എന്നിവ നടത്തിയാല്‍ 600 രൂപ ലഭിക്കും.

വള്‍ണറബിളായ 10 വ്യക്തികളുടെ ഭവന സന്ദര്‍ശനം നടത്തിയാല്‍ 600 രൂപ.

ഈ നിബന്ധനകള്‍ ചെയ്തു തീര്‍ത്താല്‍ 7,000 രൂപ മാസം ഓണറേറിയമായി കിട്ടും. ആകെ വേതനത്തിന്റെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സന്റീവായ 2000 രൂപ കിട്ടുന്നത് മൂന്നു പണികള്‍ ചെയ്താലാണ്. അതിനായി 50 വീട് ഒരു മാസം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണം. 50 വീട് സന്ദര്‍ശിച്ചു എന്ന് സ്ഥിരീകരിക്കാന്‍ ആശ വര്‍ക്കറുടെ ഡയറിയില്‍ ആ വീട്ടുകാരുടെ ഒപ്പ് കൂടി വേണം. ഇതിന് 1,000 രൂപ ലഭിക്കും.

ഗര്‍ഭിണികള്‍, ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള 20 വീട് സന്ദര്‍ശിച്ച് അവിടത്തെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് 500 രൂപ, ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുള്ള 20 വീടുകള്‍ മുടങ്ങാതെ സന്ദര്‍ശിച്ച് അവിടത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് മറ്റൊരു 500 രൂപ. ഇത്രയും കാര്യങ്ങള്‍ ചെയ്തു എന്ന് അധികൃതര്‍ക്ക് ബോധ്യം വരുമ്പോഴാണ് 2000 രൂപ ലഭിക്കുന്നത്. ഈ ജോലികള്‍ കൂടി ചേര്‍ത്ത് 43 വ്യത്യസ്ത ചുമതലകള്‍ ഒരു ആശാ വര്‍ക്കറിനുണ്ട്. ഓരോന്നിനും വ്യത്യസ്തമായ വേതനനിരക്കുകളുമുണ്ട്. പള്‍സ് പോളിയോയ്ക്ക് മരുന്ന് നല്‍കാന്‍ ഇരുന്നാല്‍ ഒരു ദിവസം കിട്ടുക 75 രൂപ മാത്രമാണ്.

WHO awards ASHA workers with Global Health Leaders Award for exemplary work  during covid pandemicREPRESENTATIVE IMAGE | WIKI COMMONS
പ്രസവം ആശുപത്രി മുഖേന നടത്താന്‍ പ്രേരിപ്പിക്കുന്നതിന് 600 രൂപ, സ്ത്രീയുടെ പ്രസവം നിര്‍ത്താന്‍ മുന്‍കൈ എടുത്താല്‍ 150 രൂപ, പുരുഷന്മാരുടെ വന്ധ്യംകരണത്തിന് 200 രൂപ, കുക്കറി ഷോ സംഘടിപ്പിച്ചാല്‍ 50 രൂപ, മലേറിയ പരിശോധനയ്ക്ക് 15 രൂപ തുടങ്ങി മുകളില്‍ സൂചിപ്പിച്ച നിബന്ധനകള്‍ക്ക് പുറത്ത് നില്‍ക്കുന്ന 32 കാര്യങ്ങളിലെ ഏതെങ്കിലും ചില ജോലികള്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡില്‍ ഉണ്ടായാല്‍ ഓണറേറിയവും ഇന്‍സന്റീവും കൂട്ടി 9,000 രൂപയ്ക്ക് അടുപ്പിച്ച് വരുമാനം കിട്ടും.

കൂടാതെ സര്‍ക്കാര്‍ സര്‍വേകളുടെയും കണക്കുകളുടെയും വിവര ശേഖരണം ആശാ വര്‍ക്കര്‍മാരുടെ അധിക ചുമതലയാണ്. പഞ്ചായത്തുകളുടെ ആരോഗ്യ സര്‍വേയും ചെയ്യേണ്ടതായി വരും. ഇതിനൊന്നും കൂലി നല്‍കുന്നില്ല.

തലസ്ഥാനത്ത് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നടത്തിവരുന്ന സമരത്തിന്റെ ഫലമായി സംസ്ഥാനത്തെ ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം മുഴുവന്‍ ലഭിക്കാന്‍ തടസമായിരുന്ന ഉപാധികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. അതോടെ, രണ്ടു മാസത്തെ കുടിശികയും ഈ മാസത്തെ ശമ്പളവും ഉള്‍പ്പടെ മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ചു. എന്നാല്‍ അസോസിയേഷന്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ നടപ്പാക്കി ഉത്തരവിറക്കിയാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്‍മാറൂ എന്നാണ് ആശ വര്‍ക്കര്‍മാര്‍ പറയുന്നത്.

സംസ്ഥാനത്ത് ആശ വര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 7,000 രൂപ ഓണറേറിയവും ടെലിഫോണ്‍ അലവന്‍സും ഉള്‍പ്പെടെ 13,200 രൂപ ലഭിക്കുമെന്നും ഇത് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്ന ഓണറേറിയമാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അവകാശപ്പെടുന്നു. അതേസമയം, ഓണറേറിയം വര്‍ധിപ്പിക്കാത്തത് കേന്ദ്രം തുക നല്‍കാത്തതിനാലാണെന്നും കഴിഞ്ഞ വര്‍ഷത്തെ നൂറ് കോടി കേന്ദ്രം ഇനിയും തന്നിട്ടില്ലെന്നും മന്ത്രി പറയുന്നു.

REPRESENTATIVE IMAGE | WIKI COMMONS
സിക്കിം, കര്‍ണാടക, ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആശമാര്‍ക്ക് ഓണറേറിയമായി 10,000 രൂപ നല്‍കുന്നുണ്ട്. 20,000 രൂപയായിരുന്ന വിരമിക്കല്‍ ആനുകൂല്യം അടുത്ത ബജറ്റില്‍ അഞ്ച്  ലക്ഷമാക്കുമെന്നും ഓണറേറിയത്തോട് കൂടിയ അവധി അനുവദിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പശ്ചിമബംഗാള്‍ മൂന്നു ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി നല്‍കുന്നുണ്ട്.

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിഫലം കൂട്ടാന്‍ സര്‍ക്കാരിന് കഴിയാത്തത് ധന പ്രതിസന്ധി കാരണമാണ് എന്ന വാദത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടര്‍ ഡോ. കെപി കണ്ണന്‍ വിമർശിക്കുന്നു. സംസ്ഥാനത്തെ നികുതി പിരിവ് കാര്യക്ഷമമാക്കിയാൽ ഈ വിഷയം പരിഗണിക്കാനാവുമെന്ന് അദ്ദേഹം കണക്കുകൾ  നിരത്തി പറയുന്നു.

'ആശമാര്‍ പ്രതിമാസം ചോദിക്കുന്നത് 21,000 രൂപയാണ്. 11,000 രൂപ വര്‍ധനവ് വരുത്തിയാല്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാരിന് അധിക ചെലവായി വേണ്ടത് 396 കോടി രൂപയാണ്. ആ പണം ഉണ്ടാക്കാന്‍ വലിയ പാടൊന്നമില്ല. സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം 1,25,000 കോടി രൂപ ചെലവഴിച്ച ബജറ്റാണ് കഴിഞ്ഞ വര്‍ഷത്തേത്. മന്ത്രി കെ.എന്‍ ബാലഗോപാല്‍ 2022-23ല്‍ നികുതിയും നികുതി ഇതര വരുമാനവും കൂടി പിരിച്ചത് സംസ്ഥാന വരുമാനത്തിന്റെ 8.5 ശതമാനമാണ്. അതായത് ഓരോ 100 രൂപക്കും 8.50 രൂപയാണ് റവന്യൂ തനത് വരുമാനം. അതിന് തൊട്ടടുത്ത വര്‍ഷം 7.9 രൂപയായി കുറഞ്ഞു. തുടര്‍ന്നു 2024-25ല്‍ അത് 7.80 രൂപയായി കുറഞ്ഞു.സംസ്ഥാനം 8.50 രൂപയെങ്കിലും പിരിച്ചിരുന്നുവെങ്കില്‍ 9,000 കോടി രൂപ സംസ്ഥാനത്തിന് ഇന്നത്തെ ബജറ്റില്‍ അധികം കിട്ടുമായിരുന്നു. അതിന്റെ കാരണം 80 പൈസ പിരിക്കാതെ പോയി. ഇത് ഏതാണ്ട് 9,000 കോടി വരും. 9,000 കോടിയില്‍നിന്ന് 396 കോടി കൊടുക്കുകയെന്നാല്‍ 4.5 ശതമാനമാണ്. പൈസ ഇല്ല എന്നുള്ളതല്ല പ്രശ്‌നം. പിരിക്കേണ്ട നികുതി സര്‍ക്കാര്‍ പിരിക്കുന്നില്ല എന്നതാണ് പ്രശ്‌നം.' കണ്ണന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന സമീപനത്തെ സമരക്കാർ വേണ്ട നിലയിൽ പരിഗണിക്കുന്നില്ല എന്ന വിമർശനം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. പക്ഷെ, അതിന്റെ അർത്ഥം സമരത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യൽ അല്ല. ഇടതുപക്ഷം എന്നാൽ സിപിഎം എന്ന ഏകവിള തോട്ടം മാത്രമാണെന്ന ധാരണ ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം കേരളം അഭിമുഖീകരിക്കുന്ന അസമത്വവൽക്കരണത്തിന്റെ സൂചകമായി കൂടി ആശ വർക്കേഴ്സ് സമരത്തെ കാണാവുന്നതാണ്. ഇന്ത്യയിലും, ലോകത്തിലുമെല്ലാമെന്ന പോലെ കേരളത്തിലും സമ്പത്തും, സ്വത്തും സമ്പന്നരിലേക്കും, അതിസമ്പന്നരിലേക്കും കേന്ദ്രീകരിക്കുന്ന പ്രവണത കൂടി വരികയും ബഹുഭൂരിപക്ഷം ജനങ്ങളും സാമ്പത്തികമായി അതിജീവനത്തിനുള്ള തത്രപ്പാടിൽ അകപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാർ ആരുടെ കൂടെ എന്നുള്ളതാണ് ചോദ്യം. പബ്ലിക് സർവീസ് കമ്മീഷൻ  അംഗങ്ങളുടെ ശമ്പളവും, ആനുകൂല്യങ്ങളും ലക്ഷങ്ങളായി ഉയർത്തുമ്പോൾ കേന്ദ്ര സർക്കാർ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതിന്റെ കണക്കുകൾ ആരും ഓർത്തില്ലെന്ന കാര്യവും ജനങ്ങൾക്ക് മുന്നിലുണ്ടെന്ന കാര്യം ആരും മറക്കേണ്ട.





#outlook
Leave a comment