TMJ
searchnav-menu
post-thumbnail

Outlook

നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ ഇതെല്ലാം പണ്ടേ ഉണ്ടോ?

03 Jun 2023   |   10 min Read
ശ്രീനിധി കെ എസ്

ർമ്മ വച്ച നാൾ മുതൽ തന്റെ യജമാനന്റെ പൂന്തോട്ടത്തെ പരിചരിച്ചു മാത്രം ജീവിച്ച ചാൻസ് എന്ന തോട്ടക്കാരന്റെ കഥയാണ് 1979 ൽ പുറത്തിറങ്ങിയ Being There എന്ന സിനിമ പറയുന്നത്. പൂന്തോട്ടത്തെ കുറിച്ച് മാത്രം സംസാരിക്കാൻ അറിയുന്ന അയാൾക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ സമൂഹത്തിലേക്ക് ഇറങ്ങേണ്ടി വരികയാണ്. വളരെ മികച്ച വസ്ത്രം ധരിക്കുകയും വളരെ കുറച്ചു മാത്രം, സംസാരിക്കുകയും ചെയ്യുന്ന ചാൻസ് ഒരു അതിബുദ്ധിമാൻ ആണെന്ന് എല്ലാവരും തെറ്റിദ്ധരിക്കുന്നു. ആ നരേറ്റീവ് ലഭിച്ച ശേഷം അയാൾ പറയുന്നതിനെല്ലാം വലിയ അർത്ഥങ്ങൾ നൽകുകയാണ് ആളുകൾ. തോട്ടത്തിൽ ചെടികൾ വളർത്തുന്നതിനെ കുറിച്ച് ചാൻസ് സംസാരിക്കുമ്പോൾ രാഷ്ട്രീയത്തെയും വ്യവസായത്തെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ആയി വ്യാഖ്യാനിക്കപ്പെടുന്നു. ഋതുക്കൾ മാറുന്നതിനെക്കുറിച്ചും മറ്റും ഉള്ള വാക്കുകൾ സർക്കാരിന്റെ നയരൂപീകരണത്തെ പോലും സ്വാധീനിക്കുന്ന തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ ചാൻസ് എന്ത് പറഞ്ഞാലും അതിലെന്തൊക്കെയോ വലിയ അർത്ഥതലങ്ങൾ ഉണ്ടെന്ന് വ്യാഖ്യാനിച്ച് മാധ്യമങ്ങളും ജനങ്ങളും സർക്കാരും ആഘോഷിക്കുന്നു.

ഏതെങ്കിലും സാഹചര്യത്തിൽ ഏതെങ്കിലും വ്യക്തിയോട് ആരാധനയോ വിധേയത്വമോ തോന്നിക്കഴിഞ്ഞാൽ പിന്നീട് അയാൾ പറയുന്നതിലെല്ലാം വലിയ കാമ്പുണ്ടെന്നു കരുതുന്ന സാഹചര്യത്തെയാണ് അല്പം ഹാസ്യം ചേർത്ത് സിനിമയിൽ കാണിക്കുന്നത്. ഏകദേശം ഇത് തന്നെയാണ് മതഗ്രന്ഥങ്ങളിൽ ശാസ്ത്രം കണ്ടെത്താൻ ശ്രമിക്കുന്നവരുടെ അവസ്ഥയും. താൻ ജീവിച്ച ചുറ്റുപാടുകളിൽ അധിഷ്ഠിതമായ പരിമിതമായ അറിവേ ചാൻസിനുള്ളു. മതഗ്രന്ഥങ്ങളും അതാത് കാലഘട്ടത്തിലെ സാമൂഹികവും സാംസ്‌കാരികവുമായ അവസ്ഥകളുടെ പരിമിതികളിൽ ആണ് രൂപപ്പെടുന്നത്. എന്നാൽ തീർത്തും യുക്തിരഹിതമായ, അവിശ്വസനീയമായ രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് അവയ്ക്ക് ലഭിക്കുന്നത്. ശാസ്ത്രസാങ്കേതികരംഗത്തെ ഏതെങ്കിലും കണ്ടെത്തൽ കണ്ണിൽ പെടുമ്പോൾ അവ തങ്ങളുടെ മതപുസ്തകത്തിൽ പണ്ടേക്കു പണ്ടേ എഴുതി വച്ചിട്ടുണ്ട് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം അടുത്ത കാലത്തായി കൂടി വരുകയാണ്. സിനിമയിൽ ഏറ്റവും സാധാരണ ജനങ്ങൾ മുതൽ പ്രസിഡന്റും റഷ്യൻ പ്രതിനിധികളും വരെ പൂന്തോട്ടക്കാരന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനം ചെയ്യുന്നുണ്ട്. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല, ഏറ്റവും സാധാരണക്കാരായ, കുടുംബ വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങൾ മുതൽ പ്രധാനമന്ത്രിയും ശാസ്ത്ര-സാങ്കേതികവിദഗ്ധരും വരെ ഈ പ്രക്രിയയിൽ ഉത്സാഹത്തോടെ പങ്കെടുക്കുന്നുണ്ട്.


 'Being There' സിനിമയിലെ രംഗം 

സയൻസ് കോൺഗ്രസ് മുതൽ വാട്‌സ്ആപ് ഗ്രൂപ്പ് വരെ

ലോകസമൂഹത്തിന്റെ മുഴുവൻ ജ്ഞാനനത്തിന്റെ ഉറവിടം ഇന്ത്യയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശാസ്ത്രസമ്മേളനങ്ങൾ മുതൽ വാട്‌സാപ്പ് ഗ്രൂപ്പുകൾ വരെ നടക്കുന്നുണ്ട്. ഇന്ത്യ അത്തരമൊരു അറിവുറവയായിരുന്നെങ്കിൽ മനുഷ്യാധ്വാനം ലഘൂകരിക്കാൻ വേണ്ട സാങ്കേതികവിദ്യകളുടെ വികാസവും അതുവഴി വ്യാവസായിക വിപ്ലവത്തിന്റെ തുടക്കവും ഇവിടെ എന്തുകൊണ്ട് ഉണ്ടായില്ല? ഈ വാദങ്ങൾ നിരത്തുന്നവരുടെ ഓർമ്മയിൽ പോലും തെളിഞ്ഞു കിടക്കുന്നുണ്ടാകും മൃഗങ്ങളും അവയെക്കാൾ അധഃകൃതരായ മനുഷ്യരും ഇവിടുത്തെ കൃഷിഭൂമിയിൽ യന്ത്രസഹായമില്ലാതെ ചോരയും നീരും വീഴ്ത്തിയ കാലം.

കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി ഇത്തരം മൂഢമായ പ്രസംഗങ്ങളും പ്രബന്ധാവതരണങ്ങളും നടത്തി ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്തുക എന്നത് ഇന്ത്യൻ സയൻസ് കോൺഗ്രസ്സുകളിലെ ഒഴിവാക്കാനാവാത്ത ഭാഗമായി മാറിയിട്ടുണ്ട്. 105-ാം ഇന്ത്യൻ സയൻസ് കോൺഗ്രസിലാണ് ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ആയിരുന്ന ഹർഷ് വർധൻ ഓരോ ഹിന്ദു ആചാരവും സയൻസിൽ അധിഷ്ഠിതമാണെന്നു പറഞ്ഞത്. ഇത്തിരിക്കൂടി പൊലിമ കിട്ടാൻ ആവണം, E=mc² നും മുകളിൽ നിൽക്കുന്ന സിദ്ധാന്തങ്ങൾ വേദങ്ങളിൽ ഉണ്ടാകാമെന്നു പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു. സ്റ്റീഫൻ ഹോക്കിങ്ങിനെ കുറിച്ചുള്ള, അങ്ങേയറ്റം തെറ്റായ ഈ പ്രസ്താവനയെ മാധ്യമങ്ങൾ ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടി നൽകാൻ അദ്ദേഹത്തിന് സാധിച്ചില്ല.

അതിനു മുമ്പ് 102-ാം സയൻസ് കോൺഗ്രസ്സിൽ, വിമുക്ത പൈലറ്റ് ആയ ആനന്ദ് ജെ ബോദാസിനു പങ്കുവെക്കാൻ ഉണ്ടായിരുന്നത് മറ്റൊന്നാണ്, 7000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ വിമാനങ്ങൾ ഉണ്ടായിരുന്നതിന്റെ തെളിവുകൾ! അവ രാജ്യങ്ങൾ തമ്മിൽ മാത്രമല്ല മറ്റ് ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യാൻ പോലും സജ്ജമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നത്തെ 'നരുന്ത്' വിമാനങ്ങളെ പോലെ മുമ്പോട്ട് മാത്രമല്ല, പുറകിലോട്ടും വശങ്ങളിലോട്ടും എല്ലാം പറക്കാൻ സാധിക്കുമായിരുന്നത്രെ ഭരദ്വാജമുനി നിർമ്മിച്ച ആ കൂറ്റൻ വിമാനങ്ങൾക്ക്. എന്നിട്ട് ആ വിമാനങ്ങൾ കൊണ്ട് പൂർവ്വികർ എന്തെല്ലാം നേടി? മുന്നോട്ടും പുറകോട്ടും വശങ്ങളിലേക്കും സഞ്ചരിക്കാൻ ഏതൊക്കെ ഭൗതികനിയമങ്ങളാണ് ഉപയോഗപ്പെടുത്തിയത്? മറ്റ് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാൻ വായു എവിടെ? ഇനി റോക്കറ്റ് പോലെ വിക്ഷേപിക്കാൻ ആണെങ്കിൽ അതിനുവേണ്ട പ്രൊപ്പല്ലന്റ് എവിടെ നിന്ന്? മറ്റ് ഗ്രഹങ്ങളിലേക്കുള്ള യാത്രയിൽ ജീവൻ നിലനിർത്താൻ വേണ്ട സന്നാഹങ്ങൾ എവിടെ? ഈ ചോദ്യങ്ങൾക്കൊന്നും വലിയ പ്രസക്തി ഇല്ല. ഇനി അക്കാലത്തു ഭൗതികനിയമങ്ങൾ എല്ലാം വേറെ ആയിരുന്നോ? വിമാനങ്ങൾ നിർമ്മിക്കാൻ വേണ്ട യന്ത്രങ്ങളോ നിർമ്മാണശാലയോ, അടിസ്ഥാന ഗണിതസമവാക്യങ്ങളോ ഭൗതികശാസ്ത്രത്തിലെ അറിവ് പോലും അന്നുണ്ടായിരുന്നതിനു തെളിവില്ല എന്നതാണ് വാസ്തവം.
2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിപറഞ്ഞത് ഇങ്ങനെയാണ്; ഗണപതിയുടെ മനുഷ്യഉടലിനോട് ആനയുടെ തല ചേർത്തൊട്ടിക്കണമെങ്കിൽ അക്കാലത്തു പ്ലാസ്റ്റിക് സർജറി ഉണ്ടായിരിക്കണം എന്ന് നമ്മൾ വിശ്വസിച്ചേ പറ്റു. മാത്രമോ! കർണ്ണൻ കുന്തിയുടെ ഗർഭപാത്രത്തിനു പുറത്താണ് ജനിച്ചത്. അതുകൊണ്ട് അന്ന് ജനിതകശാസ്ത്രവും അത്രക്ക് പുരോഗമിച്ചതായിരിക്കണം. (കന്യാമറിയതിനു കുഞ്ഞു പിറന്നത് ഇന്ത്യയിൽ അല്ലാത്തത് കൊണ്ട് പതുക്കെ ഒഴിവാക്കിയതാകുമോ?! യേശു നമുക്ക് അറിയാത്ത ആൾ ഒന്നും അല്ലല്ലോ!) പ്ലാസ്റ്റിക് സർജറി ചെയ്യാൻ വേണ്ടുന്ന സാങ്കേതികവിദ്യയോ സൗകര്യങ്ങളോ, ഒരു ബി പി അപ്പാരറ്റസ് പോലും അന്നുണ്ടായിരുന്നതായി തെളിവില്ല. മാത്രമല്ല, പ്ലാസ്റ്റിക് സർജൻ ഗണപതിക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഒരു മനുഷ്യന്റെ തല വെക്കുന്നതിനു പകരം ആനയുടെ തല വച്ചതിന്റെ പുറകിലെ ശാസ്ത്രീയതയേയോ യുക്തിയേയോ കുറിച്ച് ആർക്കും അഭിപ്രായമില്ല.



സ്റ്റീഫൻ ഹോക്കിങ് | Photo: Wiki Commons

ഏതാനും വർഷങ്ങൾ മുമ്പ് ത്രിപുര മുഖ്യമന്ത്രി ആയിരുന്ന ബിപ്ലബ് ദേബ് കുറേ കൂടി കടന്നു ചിന്തിച്ചു. മഹാഭാരതകാലത്തു ഇന്റർനെറ്റും കൃത്രിമോപകരണങ്ങളും ഉണ്ടായിരുന്നു എന്നും അങ്ങനെ ആണ് സഞ്ജയൻ അന്ധനായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലെ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തത് എന്നും ആണ് അദ്ദേഹം പറഞ്ഞത്. ഇത്രയും മികച്ച സാങ്കേതികവിദ്യ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പുരാതനകാലത്തെ കഥകളുടെ ഒരു ഡിജിറ്റൽ പകർപ്പ് പോലും ഉണ്ടാവാതെ പോയത്? അതുകൊണ്ടല്ലേ ഇന്ന് പുരാവസ്തുഗവേഷകർക്ക് കുഴിച്ച് നോക്കിയും മറ്റും വിവരങ്ങൾ ശേഖരിക്കേണ്ടി വരുന്നത്? എന്തിനാണ് രാജാക്കന്മാർ ദൂതന്മാരുടെ കയ്യിൽ സന്ദേശങ്ങൾ കൊടുത്തുവിട്ടത്? ഒരു ഇ-മെയിൽ അയച്ചാൽ മതിയായിരുന്നില്ലേ? 'ഐൻസ്റ്റീനും ന്യൂട്ടണും ഗുരുത്വാകർഷണത്തെപ്പറ്റി പറഞ്ഞതെല്ലാം തെറ്റായിരുന്നു. ഗുരുത്വതരംഗങ്ങൾക്ക് നരേന്ദ്ര മോഡി തരംഗങ്ങൾ എന്ന് പേര് നൽകണം' (ഡോ. കെ. ജെ കൃഷ്ണൻ, 106-ാം സയൻസ് കോൺഗ്രസ്സ് , 2019), 'ബ്രഹ്മാവാണ് ദിനോസറുകളെ കണ്ടു പിടിച്ചത്, ഇതിൻറെ രേഖകൾ ദൈവങ്ങൾ രചിച്ച പൗരാണിക സൂക്തങ്ങളിൽ കാണാം '(അശു ഖോസ്ല, 106-ാം സയൻസ് കോൺഗ്രസ്, ജനുവരി 2019), തുടങ്ങിയ അബദ്ധജടിലങ്ങളായ പ്രസ്താവനകളുടെ പരമ്പരകൾ ആണ് ഏതാനും വർഷങ്ങളായി ഇന്ത്യൻ ശാസ്ത്ര സമ്മേളനങ്ങളിൽ പിറക്കുന്നത്.

മറ്റൊരു പ്രധാന ചർച്ചയാണ് പ്രപഞ്ചോല്പത്തി സംബന്ധിച്ചുള്ള അവകാശവാദങ്ങൾ. മഹാവിസ്‌ഫോടനസിദ്ധാന്തം ഉൾപ്പെടെയുള്ളവ തങ്ങളുടെ മതത്തിന്റെ സംഭാവന ആണെന്ന് പറഞ്ഞ് വിവിധ മതാനുയായികൾ തമ്മിൽ പിടിവലി ഉണ്ടെന്നു പോലും തോന്നുന്നുണ്ട്. ഈ പിടിവലിക്കിടയിലെ തമാശ പ്രപഞ്ചോല്പത്തിയെ കുറിച്ച് ശാസ്ത്രലോകം ഇപ്പോഴും ഒരു കൃത്യമായ നിഗമനത്തിൽ എത്തിയിട്ടില്ല എന്നതാണ്. പ്രപഞ്ചോല്പത്തിസിദ്ധാന്തം രൂപപ്പെടുത്താൻ ഇനിയും ഒരുപാട് വർഷങ്ങൾ ഒരുപാട് ശാസ്ത്രജ്ഞർ കഷ്ട്ടപ്പെടേണ്ടിവരും എന്നാണ് കരുതുന്നത്. ഇന്നത്തേതിൽ നിന്നും വളരെ മെച്ചപ്പെട്ട ഒരു സിദ്ധാന്തം പിന്നീട് രൂപീകരിക്കപ്പെടുകയാണെങ്കിൽ ഇന്ന് ഗ്രന്ഥങ്ങൾ പരതിയും വാട്‌സാപ്പിൽ മെസ്സേജ് അയച്ചും കഷ്ടപ്പെട്ടതെല്ലാം വെറുതെ ആകുമെന്നും ഭാവിയിൽ അധികസമയം പണി എടുക്കേണ്ടി വരുമെന്നും പിടിവലിക്കാർ ഓർക്കുന്നുണ്ടാകുമോ. ഇതിനെല്ലാം പുറമെയാണ് പുഷ്പകവിമാനം മുതൽ അണുബോംബ് വരെ നിർമ്മിക്കാൻ ഉള്ള അറിവ് പുരാതനകാലഘട്ടത്തിൽ ഉണ്ടായിരുന്നു എന്ന വാട്‌സ്ആപ് മെസ്സേജുകൾ. എന്തുകൊണ്ടാണ് പുഷ്പകവിമാനം ഉണ്ടാക്കിയ ജനത യുദ്ധത്തിന് തേരും കുതിരയും ആനയും എല്ലാം ഉപയോഗിച്ചത്? അണുബോംബ് നിർമ്മിച്ച കാലഘട്ടത്തിൽ എന്തിനാണ് വാളും കുന്തവും കോലും കൊണ്ട് യുദ്ധം ചെയ്തത്, ചുരുങ്ങിയത് ഒരു തോക്കോ പീരങ്കിയോ എങ്കിലും ഉപയോഗിക്കാമായിരുന്നില്ലേ?

ഇനി ഇതൊക്കെ സത്യമാണെങ്കിൽ എന്തിനാണ് പൂർവ്വികർ ഇതിൽ മിക്ക കണ്ടെത്തലുകളെ കുറിച്ചും പ്രതീകാത്മകമായി മാത്രം എഴുതിയും പറഞ്ഞും വച്ചത്? നേരിട്ട് കാര്യം അങ്ങെഴുതി വച്ചാൽ മതിയായിരുന്നല്ലോ! അന്ന് കൈവരിച്ച ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ എല്ലാം എവിടെ പോയി? വിദേശശക്തികൾ എല്ലാം നമ്മളിൽ നിന്നും കവർച്ച ചെയ്യുകയായിരുന്നെങ്കിൽ, അന്നത്തെ ഏറ്റവും മികച്ച നമ്മുടെ വിദ്യകൾ ഉപയോഗിച്ച് ആ ശക്തികളെ തുരത്താമായിരുന്നില്ലേ? ഏറ്റവും കൗതുകകരമായ വസ്തുത എന്തെന്നാൽ ശാസ്ത്രജ്ഞർ ഒരു നിഗമനത്തിൽ എത്തുകയും കണ്ടെത്തൽ പുറത്തുവിടുകയും ചെയ്ത ശേഷം മാത്രം ആണ് ഇക്കൂട്ടർക്ക് അത് മതഗ്രന്ഥങ്ങളിൽ കണ്ടെത്താൻ സാധിക്കുന്നുള്ളൂ എന്നതാണ്. തിരിച്ചു ഗ്രന്ഥങ്ങളിൽ എഴുതിവച്ചിട്ടുള്ള കണ്ടെത്തലുകൾ ആദ്യമേ ഘോഷിക്കാൻ സാധിച്ചിരുന്നെങ്കിൽ ശാസ്ത്രജ്ഞർക്ക് പണി എത്ര എളുപ്പമായേനെ.


ബിപ്ലബ് ദേബ് | Photo: Wiki Commons

'അതുതാനല്ലയോ ഇത്' എന്നാശങ്കയോ?

ശാസ്ത്രമേഖലയിലെ പല കണ്ടെത്തലുകളെ കുറിച്ചും വായിക്കുമ്പോൾ നമ്മുടെ മതഗ്രന്ഥങ്ങളിൽ ഇതെല്ലാം പണ്ടേ ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ, ശരിക്കും 'അതുതാനല്ലയോ ഇത്' എന്ന് ആശങ്ക തോന്നുന്നുണ്ടെങ്കിൽ അതിനു കാരണങ്ങൾ പലതാവാം.

1) കണ്ടെത്തപ്പെടുന്ന പലതിന്റെയും തുടക്കം ഭാവന ആണ്.

ഭാവനയാണ് കാവ്യങ്ങൾക്ക് ആധാരം. ഭാവനയാണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തരാക്കുന്നതും പുരോഗതിയിലേക്ക് നയിക്കുന്നതും. പുഷ്പകവിമാനത്തിന്റെ ഉദാഹരണം എടുക്കാം. പക്ഷികളെ പോലെ പറക്കുക എന്നത് വളരെ മുമ്പ് തന്നെ മനുഷ്യന്റെ ആഗ്രഹം ആയിരുന്നിരിക്കണം. അവരുടെ ഭാവനയിൽ പറക്കാൻ കഴിയുന്ന മനുഷ്യർ ഉണ്ടാവുകയും ആ കഥകൾ കേൾക്കുന്നവരെല്ലാം അത്ഭുതപ്പെടുകയും ചെയ്തു. അങ്ങനെ മാലാഖമാർക്ക് ചിറകുകൾ ഉണ്ടായി. കുബേരന് പുഷ്പകവിമാനം ഉണ്ടായി. ദുർമന്ത്രവാദിനികൾ ചൂലിലും അറബിക്കഥയിലെ രാജകുമാരൻ മാന്ത്രികപരവതാനിയിലും പറന്നു നടന്നു. ഒരു തരത്തിൽ ഇത്തരം ഭാവനകളാണ് നൂറ്റാണ്ടുകൾക്കിപ്പുറം കണ്ടുപിടിത്തങ്ങളായി മാറിയത്. എന്നാൽ അതിനപ്പുറം ഈ കഥകൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലെന്ന് മനസിലാക്കാനുള്ള വിവേകം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നമ്മൾ കാണിക്കേണ്ടതുണ്ട്. ചിറകുണ്ടായാൽ പറക്കാൻ കഴിയുമെന്ന അറിവും അത് സങ്കല്പിച്ചുകൊണ്ടുള്ള കഥകളും ഒരു പുസ്തകത്തിൽ രേഖപ്പെടുത്തി എന്നതുകൊണ്ട് വിമാനത്തിന്റെ സാങ്കേതികവിദ്യ ആയിരുന്നു അത് എന്ന് വാദിക്കുന്നത് യുക്തിയല്ലല്ലോ. അതിനു ചിറകുകൾ എങ്ങനെ പറക്കാൻ സഹായിക്കുന്നു എന്നതിന്റെ ഫിസിക്‌സ് മനസ്സിലാക്കണം. ചിറകുണ്ടായിട്ടും ചിലവ പറക്കാത്തതെന്തെന്നു മനസിലാക്കണം. ചിറകുള്ള ശലഭം ചെടികൾക്കിടയിൽ പറക്കുമ്പോൾ പരുന്ത് ഉയർന്നു പറക്കുന്നത് എങ്ങനെയാണ് എന്ന് അറിയണം. പറക്കുന്നതിനുള്ള പരിമിതികളെ തരണം ചെയ്യാൻ കഴിയുന്ന വാഹനത്തിന്റെ നിർമ്മാണവും ഉപയോഗരീതിയും നിർദേശിക്കാനും നടപ്പാക്കാനും കഴിയുമ്പോഴാണ് അത് കണ്ടുപിടിത്തം ആകുന്നുള്ളു. അല്ലാത്തത് മനുഷ്യന്റെ ഭാവനയോ ആഗ്രഹമോ മാത്രം ആണ്.

2) പൂന്തോട്ടക്കാരൻ പറഞ്ഞ രാഷ്ട്രതന്ത്രം

തോട്ടക്കാരന്റെ കഥയിലേതു പോലെ, നമുക്ക് അടിസ്ഥാനപരമായി വിശ്വാസവും ആരാധനയും ആരോടെങ്കിലും തോന്നുകയാണെങ്കിൽ, പിന്നീട് അവർ പറയുന്നതിലെല്ലാം എന്തോ വലിയ കാര്യമുണ്ട് എന്ന തോന്നലാണ് ഇതിന് ആധാരം. എഴുത്തുകാർ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത അർത്ഥങ്ങൾ കവിതകൾക്കും കഥകൾക്കും നമ്മൾ കല്പിക്കാറില്ലേ? ഇവിടെ മതഗ്രന്ഥങ്ങൾ അത്രയേറെ ആഴത്തിൽ സമൂഹത്തിൽ സ്വാധീനം ഉറപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ, 'ഇതിൽ എല്ലാം വലിയ അർഥങ്ങൾ ആണ്' എന്ന് വിശ്വസിക്കാൻ ആണ് വിശ്വാസികൾ ശ്രമിക്കുക. മതങ്ങൾ എല്ലാം ശാസ്ത്രീയമാണെന്നും തങ്ങളുടെ മതം കുറച്ചധികം ശാസ്ത്രീയമാണെന്നും പ്രചരിപ്പിക്കാനുള്ള ശ്രമത്തിൽ തീർത്തും പരിഹാസ്യമാകുന്ന രീതിയിൽ മതഗ്രന്ഥങ്ങളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്.

ഈ പ്രക്രിയയുടെ ഒരു പ്രധാന സവിശേഷത ഇവർ എല്ലാം 'ചെറി പിക്കിങ്' (cherry picking) നടത്തുന്നു എന്നതാണ്. ഒരു കൂട്ടം വസ്തുക്കളിൽ നിന്നും തങ്ങൾക്ക് ആവശ്യമായവ മാത്രം തിരഞ്ഞെടുക്കുന്നതിനെയാണ് ചെറി പിക്കിങ് എന്ന് പറയുന്നത്. സയൻസിന്റെ ഏറ്റവും നൂതനമായ, പ്രശസ്തമായ കണ്ടെത്തലുകളെ കുറിച്ചറിയുമ്പോൾ തങ്ങളുടെ മതഗ്രന്ഥങ്ങളിൽ നിന്നും ഏതാണ്ട് അതുപോലിരിക്കുന്ന, അല്ലെങ്കിൽ അതായി വ്യാഖ്യാനം ചെയ്യാവുന്ന വരികൾ തിരഞ്ഞെടുക്കുകയാണ് ഇത്തരക്കാരുടെ രീതി. ഒന്നുകൂടെ വിശദമാക്കിയാൽ, സയൻസിന്റെ കണ്ടെത്തലുകളിൽ ചിലതെല്ലാം ഈ ഗ്രന്ഥങ്ങളിൽ ഉണ്ടെങ്കിൽ ഇതേ ഗ്രന്ഥങ്ങളിലെ മറ്റ് അനേകകാര്യങ്ങൾ എന്ത് കൊണ്ട് തീർത്തും അശാസ്ത്രീയമായി എന്ന് ഇവർക്ക് വിശദീകരിക്കാൻ സാധിക്കുമോ? ചില മതഗ്രന്ഥങ്ങൾ ഭൂമി പരന്നിട്ടാണെന്നു പറയുമ്പോൾ ചിലവയിൽ ദൈവം പന്നിയുടെ അവതാരത്തിൽ വന്നു ഭൂമിയെ പൊക്കിയെടുക്കുന്നു. ഭൂമിയുണ്ടായ സമയത്തെക്കുറിച്ച് മതഗ്രന്ഥങ്ങൾ പറയുന്ന കണക്കുകൾ ശാസ്ത്രീയമായി തെറ്റാണെന്നു തെളിയിക്കപ്പെടുന്നു. മണ്ണ് കുഴച്ചു മനുഷ്യനെ ഉണ്ടാക്കിയതും തെക്കേ ഇന്ത്യയിൽ നിന്നും ഒരാൾ ഒറ്റ ചാട്ടത്തിനു സമുദ്രം കടന്ന് ലങ്കയിൽ എത്തിയതും എല്ലാം വേറെ. ഇവയെ കൂട്ടികെട്ടാൻ തക്കവണ്ണം കണ്ടെത്തലുകൾ ഉണ്ടാകുന്നത് വരെ ഇവയെക്കുറിച്ചെല്ലാം ആളുകൾ നിശ്ശബ്ദരാകുന്നു. തങ്ങൾക്ക് ആവശ്യമായ, കണ്ടെത്തലുകളോട് സാമ്യമുള്ള വചനങ്ങളും കഥകളും മാത്രമെടുത്ത് പ്രചരിപ്പിക്കുന്നു.


തിരുപ്പതിയിൽ നടന്ന 104-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: PTI

പുരാതന ഇന്ത്യയുടെ ശാസ്ത്രസംഭവനകൾ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സയൻസിനു ശ്രേഷ്ഠമായ ഒരു ചരിത്രം ഉണ്ടെന്നത് സത്യമാണ്. പക്ഷെ അത് വൈദികകാലഘട്ടത്തിലേക്കോ സംസ്‌കൃതഗ്രന്ഥങ്ങളിലേക്കോ ഒതുങ്ങുന്ന ഒന്നല്ല. ക്രിസ്തുവിനു 2500 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ സിന്ധുനദീതടനാഗരികതയിൽ തൂക്കക്കട്ടികളും അളവുകോലുകളും ഉപയോഗിക്കുകയും നഗരനിർമ്മാണത്തിനു അടിസ്ഥാനജ്യാമിതി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ചികിത്സാരംഗത്തും വലിയ കണ്ടെത്തലുകൾ പുരാതന ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ആര്യഭടൻ, ബ്രഹ്‌മഗുപ്തൻ, മഹാവീരൻ, ഭാസ്‌കരാചാര്യൻ തുടങ്ങിയവർ ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും നടത്തിയ കണ്ടെത്തലുകൾ അതാത് കാലഘട്ടങ്ങളിൽ ലോകോത്തരങ്ങൾ ആണെന്ന് വിലയിരുത്തപ്പെടുന്നു. കേരളീയ ഗണിത സരണി (Kerala School of Astronomy and Mathematics) 14-ാം നൂറ്റാണ്ടു മുതൽ 18-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ ഗണിതചരിത്രത്തിലേക്ക് നൽകിയ സംഭാവനകൾ അതിശയിപ്പിക്കുന്നവയാണ്. മാധവൻ, പരമേശ്വരൻ, നീലകണ്ഠ സോമയാജി, ജ്യേഷ്ഠദേവൻ, അച്യുത പിഷാരടി, മേല്പത്തൂർ നാരായണ ഭട്ടതിരി, അച്യുത പണിക്കർ തുടങ്ങിയവർ ആയിരുന്നു ഇതിലെ പ്രധാനികൾ.

1500 ലേറെ വർഷങ്ങൾ മുമ്പ് ഇവിടെ ആയുർവേദ ദർശനവും ചികിത്സാരീതികളും രൂപപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്തിരുന്നതായി തെളിവുകൾ ഉണ്ട്. ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ഈ ചികിത്സാരീതികൾ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മൃതദേഹങ്ങളിൽ നടത്തിയ മനുഷ്യശരീരത്തെക്കുറിച്ചുള്ള പഠനങ്ങളുടെ പിൻബലം, മനുഷ്യേന്ദ്രിയങ്ങൾ ഉപയോഗിച്ചു രോഗിയെ വിശദമായി പരിശോധിക്കുന്ന രീതി, ഔഷധങ്ങളെ കുറിച്ച് ഉണ്ടാക്കിയെടുത്ത വിപുലമായ അറിവ് എന്നിവയെല്ലാം കൊണ്ട് തന്നെ അനുഭവജ്ഞാനത്തിൽ (Empiricism) അധിഷ്ഠിതമായ വൈദ്യമാണ് ആയുർവ്വേദം. അതുകൊണ്ട് തന്നെ, ശാസ്ത്രത്തിന്റെ ആധുനികമാനദണ്ഡങ്ങൾ അനുസരിച്ചു പല ആയുർവേദമരുന്നുകളും Randomized Controlled Trial (RCT) പ്രകാരം പരിശോധിക്കുകയും ഫലപ്രാപ്തി തെളിയുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ ഐ എസ് ആർ ഒ ചെയർമാൻ വേദങ്ങളിൽ നിന്നും ഉറവ കൊണ്ട ശാസ്ത്രവിഷയങ്ങളുടെ ഒരു 'ലിസ്റ്റ്' പരാമർശിക്കുകയുണ്ടായി - ആൾജിബ്ര, വർഗമൂലം, സമയസിദ്ധാന്തം, ആർക്കിടെക്ചർ, പ്രപഞ്ചഘടന, ലോഹങ്ങളെപ്പറ്റിയുള്ള പഠനം എന്നിവയെല്ലാം അതിൽപ്പെടും. ഗണിതവിഷയങ്ങളിലെ പുരാതനഇന്ത്യയുടെ ശ്രേഷ്ഠമായ സംഭാവനയെ മുകളിൽ പ്രതിപാദിച്ചു കഴിഞ്ഞു. അതിനെ കുറിച്ച് പൊതുവിടത്തിൽ ഉള്ള കൂടുതൽ ആധികാരികമായ വിവരങ്ങൾ ശേഖരിക്കാൻ വലിയ ബുദ്ധിമുട്ടില്ല. എന്നാൽ ഈ ലിസ്റ്റിൽ ലോഹങ്ങൾ, ആർക്കിടെക്ചർ എന്നിവ ഉൾക്കൊള്ളിക്കുമ്പോൾ അതിൽ കുറച്ചധികം ശരികേടുണ്ട്. പുരാതന ഇന്ത്യയിൽ അറിവിന്റെ വലിയൊരു കലവറ രൂപം കൊണ്ടതും തലമുറകൾ തമ്മിൽ കൈമാറിയതും തൊഴിലാളി സമൂഹങ്ങൾക്കിടയിൽ ആയിരുന്നു. ലോഹനിർമ്മാണ-സംസ്‌കരണ വിദ്യയും കെട്ടിടനിർമ്മാണവിദ്യയും ജൈവവൈവിധ്യജ്ഞാനവും പുഴയൊഴുക്കിനെ കുറിച്ചുള്ള കണക്കുകൂട്ടലുകളും ഋതുഭേദങ്ങളുടെ വരവുപോക്കുകളെ കുറിച്ചുള്ള അറിവും എല്ലാം ഇതിൽ പെടും. നിരീക്ഷണങ്ങളിലൂടെയും trial-error രീതികളിലൂടെയും എല്ലാം ഉരുത്തിരിഞ്ഞ ഈ അറിവുകൾ അനുഭവജ്ഞാനത്തിൽ അധിഷ്ഠിതമായിരുന്നു.


കെ ശിവൻ | Photo: PTI

തൊഴിലാളികൾ സ്വായത്തമാക്കിയ ഈ ജ്ഞാനശേഖരം എല്ലാ കാലത്തും ഏറ്റവും കുറച്ചു മാത്രം ആണ് ആഘോഷിക്കപ്പെട്ടിട്ടുള്ളു. ഈ അറിവുകൾ 'നമ്മുടെ പുസ്തകങ്ങളിൽ' കാണാൻ സാധ്യത കുറവുമാണ്. എന്നാൽ ഈ അറിവുശേഖരത്തിന്റെ ഉറവ വേദങ്ങൾ ആണെന്നും എഴുതപ്പെട്ടത് സംസ്‌കൃതത്തിൽ ആണെന്നും ഉള്ള ആഖ്യാനം അതിന്റെ യഥാർത്ഥ ഉടമകൾ ആയ, വേദങ്ങൾ നിഷേധിക്കപ്പെട്ട ജനതയോടുള്ള നീതികേട് എന്ന രീതിയിൽ കൂടി കാണേണ്ടതുണ്ട്. ഇന്ത്യൻ സമൂഹത്തിൽ സയൻസിന്റെ വളർച്ചക്ക് തടസ്സം നിന്ന് മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ പുറകോട്ട് തള്ളിയ ഒന്നുണ്ടെങ്കിൽ അത് കൊട്ടിഘോഷിക്കപ്പെടുന്ന ഭാരതസംസ്‌കാരത്തിന്റെ അവിഭാജ്യഘടകം ആയ ജാതിവ്യവസ്ഥ എന്ന ജീർണ്ണത തന്നെയാണ്. 'വരേണ്യരുടെ' അറിവും സയൻസും 'അധഃകൃതർക്ക്' അപ്രാപ്യമായിരുന്നു. 'വരേണ്യസയൻസിന്റെ' സംസ്‌കൃത ഭാഷ 'അധഃകൃതർക്ക്' നിഷിദ്ധമായിരുന്നു. ജനവിഭാഗങ്ങൾക്കിടയിൽ ഉണ്ടാവേണ്ടിയിരുന്ന അറിവിന്റെ ഒഴുക്കുചാലിനെ ജാതിവ്യവസ്ഥ ഈയം ഉരുക്കിയൊഴിച്ചു അടച്ചു കളഞ്ഞിരുന്നു. അങ്ങനെ, ജനസമൂഹത്തിന്റെ എല്ലാ മൂലകളിൽ നിന്നും കിനിഞ്ഞിറങ്ങി നിറഞ്ഞു കവിയേണ്ടിയിരുന്ന ഒരു ശാസ്ത്ര-സാങ്കേതികവിപ്ലവം ഇന്ത്യയിൽ ഉണ്ടായില്ല.

വിടുവായത്തമോ പ്രൊപ്പഗാണ്ടയോ

മതഗ്രന്ഥങ്ങളിലെ വചനങ്ങളെ സയൻസിന്റെ കണ്ടുപിടിത്തങ്ങളായി വ്യാഖ്യാനിക്കുന്നതിനു പുറകിൽ പല സ്ഥാപിതതാല്പര്യങ്ങളും ഉണ്ടെന്നു വേണം കരുതാൻ. തങ്ങളുടെ മതപുസ്തകത്തിൽ ഇത് പണ്ടേ ഉണ്ടെന്ന് സമർത്ഥിക്കുന്നതിലൂടെ തങ്ങളുടെ ദൈവവും മതവും പ്രവാചകരും സയൻസിനേക്കാൾ എത്രയോ മുകളിൽ ആണെന്ന് സ്ഥാപിക്കാൻ ഉള്ള ശ്രമം ആണ് ആദ്യത്തേത്. മതത്തിന്റെ നിലനിൽപ്പിനും വിശ്വാസ്യതക്കും സയൻസിന്റെ പിൻബലം വേണം എന്ന ധാരണ രൂപപ്പെട്ടതായിരിക്കാം മറ്റൊരു കാരണം. മതങ്ങൾ സയൻസിനെ നിശിതം എതിർക്കുകയും ശാസ്ത്രജ്ഞരെ കൊല ചെയ്യുകയും മനുഷ്യപുരോഗതിയെ തടഞ്ഞു നിർത്തുകയും ചെയ്ത കാലത്തു നിന്നും മതപുസ്തകങ്ങളിൽ സയൻസ് ഉണ്ടെന്ന് സ്ഥാപിക്കാൻ വിഫലശ്രമങ്ങൾ നടത്തുന്ന കാലത്തേക്ക് നമ്മൾ മുന്നേറിയിരിക്കുന്നു എന്ന് വേണമെങ്കിൽ ആശ്വസിക്കാം. മതത്തിനെ ശാസ്ത്രീയമാണെന്നു സ്ഥാപിക്കാനുള്ള ഈ ശ്രമങ്ങൾ നടക്കുമ്പോഴും സയൻസുമായി ബന്ധപ്പെട്ട സ്ഥിരീകരണക്ഷമത (verifiability), ധാർമികമായ നിഷ്പക്ഷത (ethical neutrality), സാർവ്വലൗകികത (universality), ആവർത്തനക്ഷമത (repeatability), എന്നിവയൊന്നും തങ്ങളുടെ മതരീതികളിലേക്ക് ഉൾക്കൊള്ളിക്കാൻ ഉള്ള ശ്രമങ്ങൾ ഇക്കൂട്ടർ ചെയ്യുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഭാവനയെയും പ്രതിരൂപങ്ങളെയും യാഥാർത്ഥ്യങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ ഉള്ള കഴിവില്ലായ്മ എന്നതിനപ്പുറം ഒരു പ്രൊപ്പഗാണ്ട എന്ന രീതിയിൽ ഇന്ത്യൻ സമൂഹത്തിൽ ഏറി വരുന്ന ഇത്തരം വാദങ്ങളെ സമീപിക്കേണ്ടതുണ്ട്. വിടുവായത്തമോ അറിവിന്റെ അഭാവമോ ആയി തള്ളിക്കളയാവുന്നതിനും അപ്പുറത്തേക്ക് സാംസ്‌കാരിക മേൽക്കോയ്മ സ്ഥാപിക്കുന്നതിനും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും വേണ്ടിയുള്ള ഒരു ഭീമൻ പൊളിറ്റിക്കൽ അജണ്ടയുടെ അവതാരങ്ങളിൽ ഒന്നായി ഇത് മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ടിലേറെയായി ഇവിടെ വളർന്നുകൊണ്ടിരിക്കുന്ന 'വേദിക് സയൻസ്' എന്ന പ്രസ്ഥാനം തന്നെ ഹിന്ദു മതം ഏറ്റവും 'ശാസ്ത്രീയ'മായ മതമാണെന്നു സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇന്ത്യയിൽ തീവ്രദേശീയത പ്രചരിപ്പിക്കാനുള്ള ഒരു പ്രധാന ആയുധം കൂടി ആണ് ഇത്. സയൻസ് ഉൾപ്പെടെയുള്ള അറിവുകളുടെയെല്ലാം ജന്മസ്ഥലം ഇന്ത്യ ആണെന്നും ഇന്ത്യക്കാർ ഈ വിഷയങ്ങളിൽ നൂറ്റാണ്ടുകളോളം മുന്നിൽ ആയിരുന്നു എന്നുമാണ് ദയാനന്ദ സരസ്വതി, ഗോൾവാൾക്കർ തുടങ്ങിയവർ പ്രചരിപ്പിച്ചത്. അതിവിശിഷ്ടമായ ഒരു ഭൂതകാലം, ഒരു സുവർണ്ണകാലഘട്ടം, ഉണ്ടെന്നു വിശ്വസിപ്പിക്കുകയും അതിന്മേൽ അഭിമാനിക്കുകയും ചെയ്യുന്ന തീവ്ര വലത് രീതി തന്നെ ഇത്.


ദയാനന്ദ സരസ്വതി | Photo: Wiki Commons
ശ്രേഷ്ഠമായ ശാസ്ത്രസംഭാവനകൾ ഇവിടെ ഉണ്ടായിരുന്നിട്ട് കൂടി അവ വിസ്മരിച്ചുകൊണ്ട് തങ്ങളുടേതല്ലാത്ത നേട്ടങ്ങളെ തങ്ങളുടേതാണെന്ന് പ്രചരിപ്പിക്കുന്നതിലേക്ക് ഇത്തരക്കാരെ നയിക്കുന്നത് എന്തായിരിക്കാം? യഥാർത്ഥ ഇന്ത്യൻ സംഭാവനകൾ markrtable അല്ലെന്ന തോന്നലോ അതോ തങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സൗകര്യങ്ങൾ മിക്കതും തങ്ങൾ നിർമ്മിക്കാത്തതാണ് എന്ന അരക്ഷിതാവസ്ഥയോ? മീര നന്ദയുടെ നിരീക്ഷണം പ്രസക്തമാണ്, തീവ്രദേശീയവാദത്തിന്റെ ഭാഗമായി ഒരു വലിയ ആത്മസംഘർഷം ആണ് ഇവർ നേരിടുന്നത്. മോഡേൺ സയൻസിനെ പൂർണ്ണമായും ഒഴിവാക്കി ഒരു ജീവിതം സാധ്യമല്ല. അതേ സമയം മോഡേൺ സയൻസിന്റെ സംഭാവനകൾ മിക്കതിന്റെയും ഉറവ, ഇവരുടേതല്ലാത്ത, ഇവർ നിരന്തരം പരിഹസിക്കുന്ന, ഋഷിമാരുടെ ചരിത്രം ഇല്ലാത്ത, അശുദ്ധമായ, സർവ്വോപരി പശു മാംസം ഭക്ഷിക്കുന്ന സംസ്‌കാരങ്ങളിൽ നിന്നാണെന്നുള്ള വസ്തുത ഗ്രഹിച്ചു സമാധാനമായി ജീവിക്കാനും കഴിയുന്നില്ല. ഇതിനു പുറമെ യഥാർത്ഥ ഇന്ത്യൻ ശാസ്ത്രചരിത്രം പറഞ്ഞാൽ മികവിന്റെ കഥകളോടൊപ്പം ജാതിവ്യവസ്ഥ എന്ന ജീർണ്ണിച്ച യാഥാർത്ഥ്യം എങ്ങനെ ആണ് ഇവിടെ ജ്ഞാനത്തിന്റെ വിടവുകൾ സൃഷ്ടിച്ചത് എന്ന യാഥാർത്ഥ്യം കൂടി പറയേണ്ടി വരും എന്നതും ഒരു ഭയം ആയിരിക്കും. അതിനേക്കാൾ എളുപ്പം 'ഇതല്ല ഇതിനപ്പുറവും' നമ്മുടെ പുസ്തകങ്ങളിൽ പണ്ടേ ഉണ്ടെന്നു പറഞ്ഞ് വായ് മൂടിക്കെട്ടുന്നതാണല്ലോ.

ഇത് പുതിയ രീതി അല്ല. ഉദാഹരണത്തിന്, ചില യൂറോപ്യൻ രാജ്യങ്ങളിൽ, സമൂഹത്തെ ക്രിസ്ത്യാനികൾക്ക് മുമ്പുള്ള പൈതൃകവുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനോ ക്രിസ്തുമതത്തിന്റെ പ്രബലമായ സ്വാധീനത്തെ വെല്ലുവിളിക്കുന്നതിനോ വേണ്ടി തദ്ദേശീയ ആത്മീയസംഹിതകളും വിശ്വാസങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, സാംസ്‌കാരിക സ്വയംഭരണം, ഭൂമി അവകാശങ്ങൾ അല്ലെങ്കിൽ രാഷ്ട്രീയ പ്രാതിനിധ്യം എന്നിവ ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള, തദ്ദേശീയമോ പരമ്പരാഗതമോ ആയ വിജ്ഞാനസമ്പ്രദായങ്ങളിൽ വേരൂന്നിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്. ഇവയിൽ സാംസ്‌കാരികപൈതൃകം സംരക്ഷിക്കാനുള്ള ആത്മാർത്ഥ ശ്രമങ്ങളും ഇന്ത്യയിലേത് പോലെ രാഷ്ട്രീയ - തീവ്രദേശീയ താല്പര്യങ്ങളോട് കൂട്ടിയ പ്രവർത്തനങ്ങളും ഉണ്ട്. ഇന്ത്യയിൽ ഇത് ശ്രദ്ധേയമാകുന്നത് രണ്ട് രീതിയിൽ ആണ് - ഒന്ന് പച്ചക്കള്ളങ്ങളുടെ പുകമറയാണ് ഇവിടെ തീവ്രദേശീയതക്കാരുടെ ആയുധം രണ്ട്- സ്റ്റേറ്റ് നേരിട്ട് ആണ് ഇവിടെ ഈ അജണ്ട നടപ്പിലാക്കുന്നത്.

മതഗ്രന്ഥങ്ങളിൽ ഉള്ളത് സയൻസ് അല്ല. അവ മതഗ്രന്ഥങ്ങൾ മാത്രമാണ്. അതാത് മതവിശ്വാസങ്ങളിലുള്ള മനുഷ്യരെ നയിക്കാൻ വേണ്ടി എഴുതപ്പെട്ടവ. അവയിൽ ഒരുപാട് ഭാവനയുണ്ട്. ഐതിഹ്യങ്ങൾ ഉണ്ട്. അവ രൂപപ്പെട്ട കാലത്തെ സാമൂഹ്യവ്യവസ്ഥിതിയുടെ പ്രതിഫലനങ്ങൾ അവയിൽ ഉണ്ടാവാം. അവ എഴുതിയവരും പാടി കൈമാറിയവരും അറിഞ്ഞ ജീവിതസത്യങ്ങളും അതിൽ ഉണ്ടാവാം. പക്ഷെ, അവയിൽ ഉള്ളതെല്ലാം സയൻസ് ആണെന്നും സയൻസ് എല്ലാം അവയിൽ ഉണ്ടെന്നും വാദിക്കുന്നതിലൂടെ മതഗ്രന്ഥങ്ങൾ പരിഹാസ്യമാക്കപ്പെടുകയാണ് എന്നെങ്കിലും ചുരുങ്ങിയ പക്ഷം ഇക്കൂട്ടർ മനസിലാക്കേണ്ടതുണ്ട്. മതഗ്രന്ഥങ്ങളെ മതഗ്രന്ഥങ്ങളായും സയൻസിനെ സയൻസായും കാണുക എന്ന ലളിതവും യുക്തിയുക്തവുമായ മാനസികനിലയിലേക്ക് എങ്കിലും ഇക്കൂട്ടർ ഉയരണം. അതോടൊപ്പം, നമ്മുടെ പൂർവ്വികർ യഥാർത്ഥത്തിൽ നടത്തിയ അന്വേഷണങ്ങളും സമാഹരിച്ച അറിവുകളും ഈ കൃത്രിമമായ പൊലിമകൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്നും അറിയേണ്ടതുണ്ട്. മീര നന്ദ സൂചിപ്പിച്ചതു പോലെ 'വിശ്വാസങ്ങളുടെ പതിര് സത്യത്തിന്റെ ധാന്യമണികളിൽ നിന്ന് വേർതിരിച്ചെടുക്കുമ്പോഴാണ് ശാസ്ത്രീയ യുക്തിവിചാരം സർഗ്ഗധന്യമാകുന്നത്. 'ശാസ്ത്രബോധം (scientific temper) എന്തെന്നും, അത് ഓരോ ഇന്ത്യൻ പൗരനും ഉണ്ടായിരിക്കേണ്ട ഒന്നാണെന്ന് ഇന്ത്യൻ ഭരണഘടന നിർദേശിക്കുന്നുണ്ടെന്നും ഏവരും മനസിലാക്കേണ്ടതുണ്ട്. ഇനിയും വൈകിയാൽ, ഒരിക്കൽ ഉണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന 'സുവർണ്ണകാലഘട്ടത്തിലേക്ക്' അല്ല, യഥാർത്ഥത്തിൽ ഇവിടെ ഉണ്ടായിരുന്ന, ഒരുപക്ഷേ അതിനേക്കാൾ ഇരുട്ടേറിയ കാലത്തിലേക്കാവും നമ്മൾ കൂപ്പു കുത്തുന്നത്.


#outlook
Leave a comment