ഇസ്രായേല്‍ - പലസ്തീന്‍: പാളിപ്പോയ അമേരിക്കന്‍ നയതന്ത്രവും ഇന്ത്യന്‍ പ്രതീക്ഷകളും
ഇസ്രായേല്‍-പലസ്തീന്‍ വിഷയം ലോക ഗതിയെ സമാനതകള്‍ ഇല്ലാത്തവിധം സ്വാധീനിക്കുന്നുണ്ട്. കേവലം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനമോ യുദ്ധമോ മാത്രമായി ഇപ്പോഴത്തെ വിഷയങ്ങളെ നമുക്ക് കാണാനാവില്ല. അന്താരാഷ്ട്ര വിഷയങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ മുന്‍കൂട്ടി കാണാനാവുന്നതേയുള്ളു. എന്താണ് ഇസ്രായേല്‍-പലസ്തീന്‍ വിഷയം? എന്തുകൊണ്ടാണ് അവര്‍ നിരന്തരം യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് തുടങ്ങിയ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായി നമ്മുടെ സമൂഹത്തിനു മുന്നിലുണ്ട്. എന്നാല്‍ അത് അന്തര്‍ദേശീയ ബന്ധങ്ങളെ ഏതുവിധമാകും സ്വാധീനിക്കുക എന്ന വളരെ നിര്‍ണായകമായ ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്.
പശ്ചിമേഷ്യ സമീപ വര്‍ഷങ്ങളില്‍ വലിയ ആശാവഹമായ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. അറേബ്യന്‍ മണ്ണിലേക്ക് ആദ്യമായി വന്നെത്തിയ ഖത്തര്‍ ഒളിമ്പിക്‌സ്, ഇറാന്‍-സൗദി ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത്. ഇസ്രായേല്‍-സൗദി നോര്‍മലൈസേഷനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ബ്രിക്‌സ് കൂട്ടായ്മയിലേക്ക് യൂ.എ.ഇ, സൗദി അറേബ്യ, ഇറാന്‍ എന്നിവയുടെ കടന്നുവരവ്, G20 യുടെ ഭാഗമയുണ്ടായ മുന്നേറ്റങ്ങള്‍, ഇന്ത്യയില്‍ നിന്നും മദ്ധ്യേഷ്യയിലേക്ക് തുറക്കുന്ന കണക്ടിവിറ്റി പ്രൊജക്റ്റ്, ചൈനയുടെ ഭീമന്‍ പ്രൊജക്റ്റ് ആയ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് തുടങ്ങി നിരവധിയായ സംഭവ വികാസങ്ങള്‍ക്ക് കുറച്ചു നാളുകളായി പശ്ചിമേഷ്യ സാക്ഷ്യം വഹിച്ചിരുന്നു. ഇതില്‍ തന്നെ ഇസ്രായേലും ഒരു കാലത്ത് ബദ്ധവൈരികളായിരുന്ന അറേബ്യന്‍ രാജ്യങ്ങളും ഒരേ വേദിയില്‍ വരികയും നോര്‍മലൈസേഷനിലേക്കുള്ള പാതകള്‍ ചെറുതായെങ്കിലും തുടങ്ങാനായിരുന്നു എന്നതാണ്, അബ്രഹാം അക്കോര്‍ഡ് പ്രഖ്യാപിച്ച് 2020 മുതല്‍ യു.എസ് നടത്തിവരുന്ന ശ്രമങ്ങള്‍ കൂടിയാണ് ഇല്ലാതാവുന്നത്. അതുകൊണ്ട് നിലവിലെ പ്രശ്‌നം ഇവയെ എല്ലാം കീഴ്‌മേല്‍ മറിക്കാനുള്ള സാധ്യത വിരളമല്ല.
REPRESENTATIVE IMAGE: PTI
G20 യും ഇന്ത്യന്‍ നയതന്ത്രവും ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍.
ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നം അതീവ ഗുരുതരമാകുന്ന ഘട്ടത്തില്‍ ദുര്‍ബലമാകുന്നത് G20 യില്‍ എടുത്ത തീരുമാനങ്ങള്‍ കൂടിയാണ്. ഗ്ലോബല്‍ സൗത്ത് ഏകീകരണം, ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ് ഇക്കോണമിക് കോറിഡോര്‍ ( IMEEC) തുടങ്ങിയ ബൃഹത് ആശയങ്ങള്‍/ പ്രൊജക്റ്റുകള്‍ എന്നിവ വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താന്‍ നിലവിലെ പ്രശ്‌നം കാരണമാകും.
ഇന്ത്യ വലിയ പ്രാധാന്യത്തോടെയാണ് ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ കൂട്ടായ വികസനത്തിനു കാരണമാകും വിധം ഗ്ലോബല്‍ സൗത്ത് ഏകീകരണത്തിനു വഴി തുറന്നിട്ടത്. ആഫ്രിക്കന്‍ യൂണിയന്‍ കൂടി ഉള്‍പ്പെട്ട ഏറെ വിപുലമായ G20 വിശാലമായ അന്താരാഷ്ട്ര സാധ്യതകളാണ് തുറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ ഏറെ പ്രാധാന്യം നല്‍കിയ ഗ്ലോബല്‍ സൗത്ത് ഏകീകരണത്തിന്റെ ഒത്ത നടുവിലാണ് ബോംബ് വീണത് എന്നതിനാല്‍, ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ വികാസ പരിണാമങ്ങള്‍ക്ക് വലിയ തിരിച്ചടിയേകാന്‍ യുദ്ധം കാരണമാകും.
മറ്റൊന്ന്, G20 യുടെ പശ്ചാത്തലത്തില്‍ രൂപം നല്‍കിയ ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ് ഇക്കോണമിക് കോറിഡോര്‍ (IMEEC) എന്ന ബൃഹത് പദ്ധതിയെ സംബന്ധിക്കുന്ന ആശങ്കകളാണ്. ലോക വ്യാപാര-വാണിജ്യ രംഗത്ത് വലിയ സാധ്യതയിലേക്ക് ഇന്ത്യയെ ഉയര്‍ത്താന്‍ ശേഷിയുള്ള പദ്ധതിയായാണ് ഐ.എം.ഇ.ഇ.സിയെ ഇന്ത്യന്‍ നയതന്ത്രജ്ഞരും സാമ്പത്തിക-വ്യാപാര രംഗത്തെ പ്രമുഖരും നോക്കിക്കണ്ടത്. ഇന്ത്യ-യൂറോപ് വ്യാപാര സമയം നാല്പ്പത് ശതമാനമായി കുറയ്ക്കാന്‍ മേല്‍പ്പറഞ്ഞ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് G20 ഇന്ത്യന്‍ ഷേര്‍പ്പെ അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടത്. സമയം മാത്രമല്ല, വിനിമയ ചിലവും ഗണ്യമായി കുറയാന്‍ സാധ്യത ഉണ്ടായിരുന്നു. ഇന്ത്യയെ സംബന്ധിച്ചു വളര്‍ന്നു വരുന്ന ഇന്ധന ആവശ്യങ്ങള്‍ക്ക് ഈ കണക്ടിവിറ്റി ഒരു വലിയ ആവശ്യം തന്നെയായിരുന്നു. ഊര്‍ജം വാര്‍ത്താവിനിമയം സാങ്കേതികവിദ്യ തുടങ്ങിയവയുടെ കൈമാറ്റം ഉള്‍പ്പെടെ വലിയ സാധ്യതകളായിരുന്നു ഇന്ത്യ ഈ പദ്ധതിയിലൂടെ മുന്നില്‍ കണ്ടിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം ഇന്ത്യന്‍ ലക്ഷ്യങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നതില്‍ സംശയം വേണ്ട.
ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ് ഇക്കോണമിക് കോറിഡോര്‍ | PHOTO: PTI
ഇന്ത്യന്‍ നയതന്ത്രം അതീവ ജാഗ്രതയോടെ ഇടപെട്ട മേഖലയായിരുന്നു പശ്ചിമേഷ്യ. ഇന്ത്യയെ സംബന്ധിച്ച് ഈ അടുത്ത വര്‍ഷങ്ങളില്‍ ആശാവഹമായ നിരവധി കാര്യങ്ങള്‍ പശ്ചിമേഷ്യയില്‍ സംഭവിച്ചിരുന്നു. അവയെല്ലാം റദ്ദ് ചെയ്യപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഇതോടെ പശ്ചിമേഷ്യയില്‍ ഒരിക്കല്‍ കൂടെ ഇന്ത്യന്‍ നയതന്ത്രം ദയനീയമായി പരാജയപ്പെടുകയാണ്.
ഇസ്രായേലിനു നേരെ ഹമാസ് ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെ ഇസ്രായേലിനു പിന്തുണ നല്‍കുന്നുവെന്നും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇസ്രായേല്‍ നിലവില്‍ വന്നപ്പോള്‍ 'ഇതാ ഒരു നിത്യനരകത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നു' എന്ന് ലോകത്തോട് പറഞ്ഞ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്നും ഇന്ത്യ എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഇസ്രായേല്‍ - പലസ്തീന്‍ പ്രതിസന്ധിയും അമേരിക്കയുടെ തകര്‍ന്ന നയതന്ത്രവും
അമേരിക്കയും ചൈനയും മേദ്ധ്യഷ്യയില്‍ നടത്തിയിരുന്ന ഇടപെടലുകള്‍ക്ക് കൂടി ക്ഷീണം ഏല്‍പ്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സ്ഥിതി. മുന്‍പ് സൂചിപ്പിച്ച ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്ക് മദ്ധ്യേഷ്യ വഴി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച ഇടനാഴിപോലെ, അമേരിക്കയുടെയും ഇന്ത്യയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന് ഇസ്രായേലിനെയും സൗദിയേയും യു.എ.ഇയേയും ഒക്കെ ചേര്‍ത്ത് നടത്താന്‍ ശ്രമിക്കുന്ന കണക്ടിവിറ്റി പ്രൊജക്റ്റ് (I2U2) പോലുള്ള ഇടപെടലുകള്‍ക്ക് മങ്ങല്‍ ഏല്പ്പിക്കാന്‍ ഇപ്പോഴത്തെ പ്രശ്‌നം കാരണമായിട്ടുണ്ട്. കാരണം സൗദിയും ഇസ്രായേലും ഈ പ്രൊജക്റ്റിന്റെ വലിയ സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സ് ആണെന്നിരിക്കെ, നിലവിലെ സാഹചര്യത്തില്‍ ഇസ്രായേല്‍- സൗദി നോര്‍മലൈസേഷന്‍ നടപടികളില്‍ നിന്നും പിന്‍മാറുന്നതായി സൗദി ഔദ്യോഗികമായി യൂ.എസ്സിനെ അറിയിച്ചതോടെ I2U2 യുടെ പതനം ഉണ്ടാകുവാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ 'അബ്രഹാം അക്കോര്‍ഡ്' ഏറെ കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. പലസ്തീനെ ഒഴിവാക്കിയുള്ള പ്രശ്‌ന പരിഹാരം പ്രഹസനമായിരിക്കുമെന്ന് അന്നേ വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായിരുന്നു. ഇന്നിതാ യൂ.എസ് നയതന്ത്രം സമ്പൂര്‍ണമായും മിഡില്‍ ഈസ്റ്റില്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
അബ്രഹാം അക്കോര്‍ഡ് | PHOTO: WIKI COMMONS
രണ്ട് ദിവസം മുന്‍പ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു. അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് പോളിസിയുടെയും പരാജയമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണം എന്നാണ് പുടിന്‍ അഭിപ്രായപ്പെട്ടത്. ബൈഡന്‍ ഭരണകൂടം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ' ഫോറിന്‍ പോളിസി' മാഗസിനും കുറ്റപ്പെടുത്തുകയുണ്ടയി. സൗദി-ഇസ്രായേല്‍ നോര്‍മലൈസേഷന്‍ വിപരീത ഫലം ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്നത് വേണ്ടരീതിയില്‍ യു.എസ് മനസ്സിലാക്കിയിരുന്നോ എന്നത് ഒരു വലിയ ചോദ്യമാണ്.
പലസ്തീന്‍ പ്രശ്‌നം പരാമര്‍ശിക്കാതെയും പരിഗണിക്കാതെയും മേഖലയില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനുള്ള തെളിവ് കൂടിയാണ് ഇപ്പോഴത്തെ യുദ്ധം എന്നുകൂടെ ഒരു വിലയിരുത്തല്‍ സാധ്യമാണ്. അഥവാ ഇസ്രായേല്‍-സൗദി നയതന്ത്രത്തിലെ പുരോഗതി ആഗ്രഹിക്കാത്ത മിലിറ്റന്റ് ഗ്രൂപ്പുകള്‍ക്ക് പ്രത്യേകിച്ച് ഇറാന്‍ സാമ്പത്തികമായും സൈനീകമായും പിന്തുണക്കുന്നു എന്ന് കരുതപ്പെടുന്ന ഹമാസ് അടക്കമുള്ള ഗ്രൂപ്പുകള്‍ക്ക് പലസ്തീന്‍ പ്രശ്‌നം പരിഗണിക്കാതെയുള്ള യു.എസ് ഇടപെടലുകള്‍ ആശാവഹമായ കാര്യമല്ല. അതുകൊണ്ട് ദീര്‍ഘവീക്ഷണം ഇല്ലാത്ത യു.എസ് നയതന്ത്രത്തിന്റെ പരാജയം കൂടിയായി നിലവിലെ സാഹചര്യത്തെ കാണാവുന്നതാണ്. നേരെ മറിച്ചു, സൗദി - ഇസ്രായേല്‍ ബന്ധത്തിലോ മറ്റു മദ്ധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള യു.എസ് ഇടപെടലിലോ പലസ്തീന്‍ പ്രശ്‌നത്തെ കൂടി പരിഗണിച്ചുള്ള ഒരു ഇടപെടല്‍ ആയിരുന്നു എങ്കില്‍ സ്ഥിതി മറ്റൊന്ന് ആകുമായിരുന്നു.
അവസാനമായി, യു.എസ്സിന് ഒരു ആഗോള ശക്തി എന്നനിലയില്‍ ഇപ്പോഴും ഇടപെടാനുള്ള സാധ്യത മുന്നിലുണ്ടെങ്കിലും ബൈഡന്‍ ഭരണകൂടം അതീവ നിസ്സംഗമായി നില്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. സമീപ അറബ് രാജ്യങ്ങളെ വിശ്വാസത്തില്‍ എടുത്ത് ഒരു മഹായുദ്ധത്തിലേക്ക് പോകാനുള്ള സാധ്യതയും വര്‍ധിച്ചു വരുന്ന യുദ്ധ കെടുതിയും ഇല്ലാതാക്കാന്‍ സാധിക്കുമായിരുന്നിട്ടും വേണ്ടരീതിയില്‍ ഇടപെടാന്‍ യു.എസ് സന്നദ്ധമാവാത്തത് വലിയ പ്രശ്‌നം തന്നെയാണ്.
ചൈനയും റഷ്യയും ഈ വിഷയത്തില്‍ എടുത്ത നിലപാടുകളും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. 'ഇരു രാജ്യങ്ങളുടെ പ്രതിനിധികളുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും സാധ്യമായ സമാധാന ശ്രമങ്ങള്‍ക്ക് തങ്ങള്‍ ശ്രമിക്കുമെന്നുമാണ്' റഷ്യ പ്രതികരിച്ചത്. ചൈനയെ സംബന്ധിച്ച് പുതിയ റോളില്‍ പശ്ചിമേഷ്യയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മേഖലയിലെ സമാധാനം വീണ്ടും വഷളായിരിക്കുന്നത്. ബി.ആര്‍.ഐ പോലുള്ള ബൃഹത് പദ്ധതികള്‍, വര്‍ധിച്ചു വരുന്ന ഇന്ധന ആവശ്യങ്ങള്‍, വ്യാപാര-വാണിജ്യ താല്പര്യങ്ങള്‍ തുടങ്ങി എന്തുകൊണ്ടും പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാവേണ്ടത് ചൈനയുടെ ആവശ്യമാണ്. യുദ്ധം ഇത്തരത്തില്‍ വമ്പന്‍ പ്രതീക്ഷകള്‍ക്ക് മേലാണ് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ഏതെങ്കിലും ഒരു പക്ഷം പിടിക്കാന്‍ ചൈന തയാറാകുമെന്ന് കരുതാനാവില്ല. എന്നാല്‍ മേഖലയിലെ സമാധാനം ചൈനയുടെ അതീവ പരിഗണനയുള്ള വിഷയമാണുതാനും.
ഇസ്രായേല്‍ തിരിച്ചടി തുടങ്ങിയ സ്ഥിതിക്ക് ഇനി എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടതുണ്ട്. ഗസ ഒരു വംശീയ ഉന്മൂലനത്തിന് സാക്ഷ്യം വഹിക്കാനുള്ള സകല സാധ്യതയും കാണുന്നുണ്ട്. ഇസ്രായേല്‍ സകല നിയന്ത്രണവും വിട്ടു മുന്നേറിയാല്‍ മുഴുവന്‍ മദ്ധ്യേഷ്യയും ഒരു മഹായുദ്ധത്തിലേക്ക് വലിച്ചെറിയപ്പെടുമോ എന്നതാണ് ലോകം ഭീതിയോടെ ഉറ്റുനോക്കുന്ന കാര്യം.