
ഇസ്രായേൽ പലസ്തീൻ യുദ്ധം നാൾ വഴികൾ
ഗാസ യുദ്ധത്തിന്റെ ഒരു വർഷം
ലോകം ഗാസ യുദ്ധത്തിന് മുമ്പും പിമ്പും എന്നൊരു കാലഗണന ചരിത്രത്തിന്റെ ഭാഗമായി. കഴിഞ്ഞ ഒരു വർഷമായി ഗാസയിലും സെപ്റ്റംബർ മുതൽ ലെബനണിലും നടക്കുന്ന ആക്രമണങ്ങൾ ഒരു മൂന്നാം ലോക യുദ്ധത്തിന്റെ വക്കിൽ ലോകത്തെ എത്തിച്ചിരിക്കുന്നു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശദീകരിക്കുന്ന രണ്ട് അഭിമുഖ സംഭാഷണങ്ങൾ, സംഘർഷത്തെ സംബന്ധിച്ച മാധ്യമ ഉള്ളടക്കങ്ങളുടെ സ്വഭാവം, യുദ്ധം വിതക്കുന്ന പരിസ്ഥിതി വിനാശം എന്നിവ മലബാർ ജേർണൽ പ്രസിദ്ധീകരിക്കുന്നു. ബദൽ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉള്ളടക്കം ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെ കുറിച്ചും ഇപ്പോഴത്തെ ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റിയും വേറിട്ട വീക്ഷണം പങ്കു വയ്ക്കുന്നു.
കഴിഞ്ഞ ഒരുവർഷമായി ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഇസ്രായേൽ പലസ്തീൻ ആക്രമണം തുടരുന്നത്. പലസ്തീനിലെ ഹമാസിനെതിരെ എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇസ്രായേൽ ആക്രമണമാരംഭിച്ച് ഒരു വർഷമാകുമ്പോൾ പശ്ചിമേഷ്യ യുദ്ധക്കളമായി മാറിയിരിക്കുകയാണ്. കുട്ടികളും സ്ത്രീകളുമടക്കം പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു കഴിഞ്ഞു. പലസ്തീനിന് പുറമെ, ലെബനൻ, ഇറാൻ, യെമൻ, സിറിയ എന്നീ രാജ്യങ്ങളുടെ നേരെയും ആക്രമണം നടക്കുകയാണ്. ലോകത്തെല്ലായിടത്തും യുദ്ധമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഇസ്രായേലോ ലോകരാജ്യങ്ങളോ കണ്ടമട്ട് നടിക്കുന്നില്ല. ലോകരാജ്യങ്ങൾ ആഹ്വാനം ചെയ്ത താൽക്കാലിക വെടിനിർത്തൽ പോലും ചെവിക്കൊള്ളാൻ ഇസ്രായേൽ തയ്യാറിയിട്ടില്ല. അതീവ സങ്കീർണ്ണവും സംഘർഷഭരിതവുമായ കാലത്തിലേക്ക് കടന്നുപോകുമ്പോൾ കഴിഞ്ഞ ഒരുവർഷത്തെ മിഡിൽ ഈസ്റ്റ് സംഘർഷത്തിലെ പ്രധാന നാൾവഴികൾ.
ഇസ്രായേൽ പലസ്തീൻ സംഘർഷം പുകഞ്ഞുകൊണ്ടിരിക്കെയാണ് 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരായി ഹമാസ് ആക്രമണം നടത്തിയത്.
ഇസ്രയേലിനെതിരായ ഹമാസ് 2023 ഒക്ടോബർ ഏഴിന് ഹമാസ് ഗാസയുടെ അതിർത്തി കടന്ന് ഇസ്രായേലിന്റെ തെക്ക് ഭാഗത്ത് ആക്രമണം അഴിച്ചുവിട്ടു. ഇതിന് പുറമെ റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. വെടിവെയ്പിലും റോക്കറ്റാക്രമണത്തിലുമായി 1,200 ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 250-ലധികം പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോയി. ഇസ്രായേലിന് കൈവശം ഉള്ള പ്രതിരോധ സംവിധാനങ്ങളെ മറികടന്നായിരുന്നു ഹമാസ് റോക്കറ്റ് ആക്രമണം നാശം വിതച്ചത്. സംഗീതോത്സവേദിക്ക് നേരെയും ആക്രമണം ഉണ്ടാവുകയും അവിടെയുണ്ടായിരുന്നവർ കൊല്ലപ്പെടുകയും ചെയ്തു.
തൊട്ടുപിന്നാലെ ഇസ്രായേൽ അതിശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. ആ ആക്രമണം ഒരു വർഷം പിന്നിടുമ്പോൾ പശ്ചിമേഷ്യയുടെ നല്ലൊരുഭാഗത്തെ മുഴുവൻ യുദ്ധമേഖലയാക്കി മാറ്റിക്കഴിഞ്ഞു. ബന്ദികളുടെ നില പുതിയ സംഘർഷത്തിലെ കേന്ദ്ര പ്രശ്നമായി മാറ്റി.
തൊട്ടടുത്ത ദിവസം ഇസ്രായേൽ യുദ്ധത്തിലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിക്കുകയും ഗാസയിൽ വ്യോമാക്രമണത്തിന് ഉത്തരവിടുകയും ജനസാന്ദ്രതയുള്ള പ്രദേശം മൊത്തത്തിൽ ഉപരോധിക്കുകയും ചെയ്തു.
ഇസ്രായേൽ ഗാസയിലേക്ക് ആക്രമണം നടത്തി.
ഒക്‌ടോബർ 13-ന്, ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഗാസ നഗരത്തിലെ താമസക്കാരോട് തെക്കൻ ഭാഗത്തേക്ക് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. അതേ ദിവസം, ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികർ ഗാസ മുനമ്പിലേക്ക് നീങ്ങുകയും ഇതിനെ റെയ്ഡ് എന്ന് വിശേഷിപ്പിക്കപ്പിക്കുകയും ചെയ്തു.
ഒക്‌ടോബർ 17-ന് ഗാസ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിയിൽ സ്‌ഫോടനം നടത്തി. ഇത് അറബ് ലോകത്ത് രോഷം ഉളവാക്കുന്നു, എന്നാൽ ആരാണ് ഇതിന് പിന്നിൽ എന്ന കാര്യത്തിൽ വിയോജിപ്പും ആശയക്കുഴപ്പവും നിലനിൽക്കുന്നു. എങ്കിലും സംശയ മുനയിൽ ഇസ്രായേലാണ്.
ഒക്ടോബർ അവസാനം ഇസ്രായേൽ ഗസയിൽ വൻതോതിൽ കരയിലൂടെ ആക്രമണം നടത്തി, ഇത് പ്രദേശത്തെ അധിനിവേശത്തെ അടയാളപ്പെടുത്തി.
അൽ ഷിഫ ആശുപത്രി
നവംബർ 15 ന്, ഇസ്രായേൽ സൈന്യം ഗാസ നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ കടന്നുകയറി, നിരവധി ദിവസങ്ങൾ നീണ്ടുനിന്ന ഇസ്രായേൽ ഉപരോധത്തെ തുടർന്ന്,നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള രോഗികൾ വൈദ്യുതിയുടെയും മരുന്നുകൾ ഉൾപ്പടെയുള്ള അവശ്യസാധനങ്ങളുടെ അഭാവം മൂലം കൊല്ലപ്പെട്ടുവെന്ന് മെഡിക്കൽ സ്റ്റാഫ് പറയുന്നു.
ഹമാസ് ഭൂഗർഭത്തിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്തിന് മറയായി ആശുപത്രി ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഐ ഡിഎഫ് നവജാതശിശുക്കൾ ഉൾപ്പടെയുള്ളവരെ മരണത്തിലേക്ക് നയിച്ച ഉപരോധം നടത്തിയത്. എന്നാൽ ഇസ്രായേലിന്റെ ആരോപണം ആശുപത്രി ജീവനക്കാർ നിഷേധിച്ചു.
ഏതാനും ആഴ്ചകൾക്കുള്ളിൽ, ഗാസയുടെ വടക്കൻ പകുതിയിൽ സേവനം നൽകുന്ന എല്ലാ ആശുപത്രികളുടെയും പ്രവർത്തനം നിലച്ചു.അൽ ഷിഫ ആശുപത്രി | PHOTO: FACEBOOK
നവംബർ വെടിനിർത്തൽ
ആഴ്ചകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഇസ്രായേലും ഹമാസും യുദ്ധത്തിലെ ആദ്യ സന്ധി പ്രഖ്യാപിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇസ്രായേൽ തടവിലാക്കുകയോ ജയിലിലടക്കുകയോ ചെയ്ത പലസ്തീൻ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഗാസയിൽ ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും കൈമാറാൻ നാല് ദിവസത്തേക്ക് യുദ്ധം നിർത്തിവയ്ക്കാനും കൂടുതൽ സഹായം അനുവദിക്കാനും തീരുമാനമായി.വെടിനിർത്തൽ ഒടുവിൽ ഒരാഴ്ചത്തേക്ക് നീട്ടുകയും 105 ബന്ദികളേയും 240 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുകയും ചെയ്തു.
ഡിസംബർ ഒന്നിന് യുദ്ധം പുനഃരാരംഭിക്കുന്നു. ദിവസങ്ങൾക്ക് ശേഷം, ഖാൻ യൂനിസ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തെക്കൻ ഗാസയിൽ ഇസ്രായേൽ സൈന്യം അവരുടെ ആദ്യത്തെ വലിയ കര ആക്രമണം നടത്തി.
ഡിസംബർ ആറിന് വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിലേക്ക് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 22 പേർ കൊല്ലപ്പെട്ടു.
രണ്ട് ദിവസത്തിന് ശേഷം, ഡിസംബർ എട്ടിന് വെടിനിർത്തലിന് വേണ്ടിയുള്ള യുഎൻ രക്ഷാസമിതിയുടെ ആവശ്യം യുഎസ് വീറ്റോ ചെയ്തു. യുകെ വിട്ടുനിന്നു. ഡിസംബർ 15 ന്, മൂന്ന് ഇസ്രായേലി ബന്ദികളെ ഐഡിഎഫ് സൈന്യം തന്നെ വെടിവെച്ച് കൊന്നു. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഇസ്രായേൽ പറയുന്നു.
അവരിൽ രണ്ടുപേർ വെടിവയ്പിന്റെ തുടക്കത്തിൽ തന്നെ കൊല്ലപ്പെട്ടു, മൂന്നാമൻ 15 മിനിറ്റിനുശേഷം ഐഡിഎഫ് പുറത്തുവരാൻ ആവശ്യപ്പെട്ടു പുറത്തുവന്നപ്പോൾ വെടിവെച്ച് കൊല്ലപ്പെടുത്തി.
യുഎസും ബ്രിട്ടനും യെമനിൽ വ്യോമാക്രമണം നടത്തി
ഈ സമയത്ത് ഹൂതി വിമതർ ചെങ്കടലിൽ കപ്പൽ ഗതാഗതത്തിന് നേരെ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തിന് വലിയ ആശങ്കകൾ ഉളവാക്കി.
ഇതിന് പ്രതികാരമെന്നോണം 2024 ജനുവരി 11 ന്, യുഎസും യുകെയും യെമനിലുടനീളം നിരവധി വ്യോമാക്രമണം നടത്തി.
ഈ ആക്രമണത്തിൽ തങ്ങളുടെ അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടതായി ഹൂതികൾ പറഞ്ഞു, കപ്പൽ ഗതാഗതത്തിന് നേരെയുള്ള ആക്രമണം തുടരുമെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു.
അതേ ദിവസം തന്നെ, പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് കാണിച്ച് ദക്ഷിണാഫ്രിക്ക ഉന്നയിച്ച കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രാരംഭ വാദം കേട്ടു. ആരോപണങ്ങളൊക്കെ ഇസ്രായേൽ നിഷേധിച്ചു.
നാല് മാസം ആയപ്പോൾ മരണസംഖ്യ 30,000 കവിഞ്ഞു
ജനുവരി 22 ന്, സെൻട്രൽ ഗാസയിൽ ഒരൊറ്റ സംഭവത്തിൽ 21 ഐ ഡി എഫ് സൈനികർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ സൈന്യത്തിന് ഏറ്റവും കനത്ത തിരിച്ചടി ലഭിച്ച ദിവസമായിരുന്നു ഇത്.ഫെബ്രുവരി അവസാനം, പലസ്തീൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ ഏഴിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000ത്തിൽ കൂടുതലായി. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടാനാണ് സാധ്യതയെന്നും അവർ പറഞ്ഞു.
ഈ സമയത്ത്, ഒരു ദശലക്ഷത്തിലധികം ആളുകൾ അഭയം പ്രാപിച്ച തെക്കൻ നഗരമായ റഫയിലേക്ക് സൈനിക ആക്രമണം നടത്താനുള്ള ഇസ്രായേൽ പദ്ധതിയെക്കുറിച്ച് അന്താരാഷ്ട്ര തലത്തി. വ്യാപകമായ ആശങ്ക ഉയർന്നു.
വടക്കൻ ഗാസ പട്ടിണിയിലേക്ക് വീഴുകയാണെന്നും 1.1 ദശലക്ഷം ആളുകൾ പട്ടിണിയിലാണെന്നും യുഎൻ മുന്നറിയിപ്പ് നൽകി. ഏപ്രിൽ 1 ന് ഗാസയിൽ ഇസ്രായേൽ സൈനിക ആക്രമണത്തിൽ വേൾഡ് സെൻട്രൽ കിച്ചണിലെ ഏഴ് തൊഴിലാളികൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെടുന്നു.തെറ്റായ അനുമാനങ്ങളും തീരുമാനങ്ങൾ എടുക്കുന്നതിലെ പിഴവുകളും നിയമങ്ങളുടെ ലംഘനവുമാണ് അവരുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇസ്രായേലി അന്വേഷണത്തിൽ കണ്ടെത്തി.REPRESENTATIVE IMAGE | WIKI COMMONS
ഇറാനും ഇസ്രായേലും വെടിവെയ്പ് നടത്തുന്നു
ഏപ്രിലിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു.
സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ തങ്ങളുടെ എംബസിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു ഉന്നത ജനറൽ ഉൾപ്പെടെ നിരവധി ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ടെഹ്‌റാൻ ആരോപിച്ചു.
ഇതിന് തിരിച്ചടിയായി ഏപ്രിൽ 13 ന് ഇസ്രായേലിന് നേരെ ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ബഹുഭൂരിപക്ഷവും ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളാൽ തടയപ്പെട്ടു.
ഈ പ്രദേശത്ത് രൂപപ്പെടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള അന്താരാഷ്ട്രതലത്തിലെ ആശങ്കകൾക്കിടയിൽ, ഇറാനിലെ നിരവധി കേന്ദ്രങ്ങളെ തകർത്തുകൊണ്ട് ഇസ്രായേൽ അതിരൂക്ഷമായ ആക്രമണം നടത്തി.
മധ്യ നഗരമായ ഇസ്ഫഹാനിലെ ഒരു പ്രധാന സൈനിക വ്യോമതാവളത്തിനും ഒരു ആണവകേന്ദ്രത്തിനും നേരെ ആക്രമണം നടന്നു. ഏപ്രിലിൽ, പതിനായിരക്കണക്കിന് ആളുകൾ ഇസ്രായേലിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നു, ബന്ദികളെ മോചിപ്പിക്കുന്നതിന് വെടിനിർത്തൽ കരാറിലെത്താൻ നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതിനായിരുന്നു പ്രതിഷേധം. മാസങ്ങളായി നെതന്യാഹു സർക്കാരിനെതിരായ നടന്ന മറ്റ് പ്രതിഷേധങ്ങളുടെ തുടർച്ചയിലായിരുന്നു ഇത്.
മെയ്: കെയ്‌റോയിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടു
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ലക്ഷ്യമിട്ട് ഈജിപ്ഷ്യൻ തലസ്ഥാനത്ത് നടന്ന ചർച്ചകൾ മെയ് ലോകമൊട്ടാകെ ശ്രദ്ധിച്ചു.
ഈജിപ്തും ഖത്തറും നിർദ്ദേശിച്ച വെടിനിർത്തൽ അംഗീകരിച്ചതായി ഹമാസ് പ്രഖ്യാപിച്ചു. എന്നാൽ , ഇസ്രായേലി ഉദ്യോഗസ്ഥൻ അതിനെ "വഞ്ചന" എന്ന് വിളിച്ചതിനെത്തുടർന്ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന പ്രതീക്ഷ തകർന്നു. ഹമാസ് വെടിനിർത്തൽ അംഗീകരിച്ച പ്രഖ്യാപനത്തിന് ശേഷം റഫയിലെ തെരുവുകളിൽ ആളുകൾ ആഘോഷിച്ചു, എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഇസ്രായേൽ സൈന്യം ആ നഗരത്തിൽ ആക്രമണം നടത്തിയതായി അറിയിച്ചു.
മെയ് അവസാനത്തിൽ റഫയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെതിരെ ജനരോഷമുയർന്നു.
പലസ്തീനിലെ ആരോഗ്യപ്രവർത്തകരുടെ അഭിപ്രായത്തിൽ, ഈ ആക്രമണം കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ടെന്‍റുകള്‍ക്കു നേരെയായിരുന്നു, മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗസയിലെ അധികൃതർ വ്യക്തമാക്കി.
ഇസ്രായേൽ നടത്തിയ മാരകമായ ആക്രമണത്തെ തുടർന്ന് റഫ നഗരം ഭൂമിയിലെ നരകമായി മാറിയെന്ന് പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ തലവൻ പറഞ്ഞു. അതൊരു "ദുരന്തപൂർണ്ണമായ തെറ്റായിരുന്നു"എന്ന് നെതന്യാഹു പറഞ്ഞു.
ഉയരുന്ന മരണസംഖ്യയ്‌ക്കിടയിൽ ബന്ദികളെ രക്ഷപ്പെടുത്തി
ജൂൺ ആദ്യം, ഗാസയിൽ ഇസ്രായേൽ നടത്തിയ റെയ്ഡിൽ നാല് ബന്ദികളെ രക്ഷപ്പെടുത്തി. ഇസ്രായേൽ സൈന്യം കനത്ത വെടിവെപ്പിലൂടെ ബന്ദികളെ മോചിപ്പിച്ചതായും "വ്യോമമാർഗത്തിലും കരമാർഗത്തിലും"നടത്തിയ ആക്രമണത്തിലൂടെയാണ് ബന്ദികളെ മോചിപ്പിച്ചതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
എന്നാൽ, പലസ്തീൻ അഭയാർത്ഥി ക്യാമ്പായ സെൻട്രൽ ഗാസയിലെ അൽ നുസൈറാത്തിന് നേരെ ആക്രമണം അതിഭീകരമായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടു.REPRESENTATIVE IMAGE | WIKI COMMONS
ഇസ്രായേൽ കുടിയേറ്റ നയം സംബന്ധിച്ച കോടതി വിധി
ജൂലൈ 19 ന്, അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലിൽ നടത്തുന്ന കുടിയേറ്റ (സെറ്റില്‍മെന്‍റ്) നയം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചു."ഇസ്രായേൽ കുടിയേറ്റക്കാരെ വെസ്റ്റ് ബാങ്കിലേക്കും ജറുസലേമിലേക്കും മാറ്റുന്നതും ഇസ്രായേൽ അവരുടെ സാന്നിധ്യം നിലനിർത്തുന്നതും നാലാം ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 49 ന് വിരുദ്ധമാണ്", രാജ്യാന്തര തലത്തിലെ ജഡ്ജിമാരുടെ 15 അംഗ പാനൽ വ്യക്തമാക്കി.
"അധിനിവേശ പലസ്തീൻ പ്രദേശത്ത് ഇസ്രായേൽ തങ്ങളുടെ സാന്നിധ്യം വരുത്തിത്തീർക്കുന്ന നിയമവിരുദ്ധ നടപടി" എന്നും സെറ്റിൽമെന്റുകളുടെ നിർമ്മാണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
നെതന്യാഹു യുഎസ് സന്ദർശനവും കമലാ ഹാരിസിന്റെ നിലപാടും
നെതന്യാഹു ജൂലായ് അവസാനം യുഎസിൽ നടത്തിയ സന്ദർശനം വിവാദമായി. ഹമാസിനെതിരെ "സമ്പൂർണ വിജയം" നേടുമെന്ന് കോൺഗ്രസിൽ നടത്തിയ പരുഷമായ പ്രസംഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാസയിലെ മോശം മാനുഷിക സാഹചര്യത്തെക്കുറിച്ച് താൻ നിശബ്ദയായിരിക്കില്ലെന്ന് കമല ഹാരിസ് പറഞ്ഞു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്. എന്നാൽ "അത് എങ്ങനെ സംഭവിക്കുന്നു എന്നത് പ്രധാനമാണ് എന്ന് കമലാ ഹാരിസ് വ്യക്തമാക്കി.
ഹിസ്ബുല്ലയുമായുള്ള സംഘർഷം വർദ്ധിക്കുന്നു
കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ നടന്ന ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടതിന് ശേഷം നെതന്യാഹു കനത്ത തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചു.
ജൂലൈ മജ്ദൽ ഷംസിലെ ഫുട്ബോൾ ഗ്രൗണ്ടിൽ പതിച്ച റോക്കറ്റിന് പിന്നിൽ ഹിസ്ബുല്ല ആണെന്ന് നെതനാഹ്യു ആരോപിച്ചു. ആക്രമണത്തിൽ പങ്കില്ലെന്ന് ഹിസ്ബുള്ള പറഞ്ഞു.
ഇതിനെത്തുടർന്ന്, ജൂലൈ 30 ന് ഐഡിഎഫ് ബെയ്‌റൂട്ടിലേക്ക് വ്യോമാക്രമണം നടത്തി. ഇതിൽ മജ്ദൽ ഷംസ് ആക്രമണത്തിന് ഉത്തരവാദിയാണെന്ന് ഇസ്രായേൽ ആരോപിക്കുന്ന മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഫുവാദ് ഷുക്കറിനെ കൊലപ്പെടുത്തി. വ്യോമാക്രമണത്തിന് മുമ്പ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഒരു ഫോൺ കോൾ ലഭിച്ചു.
ഹമാസ് നേതാവ് കൊല്ലപ്പെട്ടു
ജൂലൈ 31 ന് ഹമാസ് രാഷ്ട്രീയ വിഭാഗം ഉന്നത നേതാവായിരുന്ന ഇസ്മായിൽ ഹനിയയെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വച്ച് കൊലപ്പെടുത്തി. ഹനിയയും അദ്ദേഹത്തിന്റെ ഒരു അംഗരക്ഷകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. താമസിച്ചിരുന്ന കെട്ടിടം തകർത്താണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേലാണ് കൊലപാതകത്തിന് പിന്നിലെന്നും ഹമാസ് കുറ്റപ്പെടുത്തി.ഇസ്രായേൽ ആക്രമണങ്ങളുടെ സൂത്രധാരനായ യഹ്യ സിൻവാറിനെ ദിവസങ്ങൾക്ക് ശേഷം ഹമാസ് തങ്ങളുടെ പുതിയ നേതാവായി തിരഞ്ഞെടുത്തു.
സ്കൂളിന് നേരെ ആക്രമണം
ഓഗസ്റ്റ് 10 ന്, ഗാസയിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഗാസ നഗരത്തിലെ ഒരു സ്‌കൂളിലേക്ക് മാറിയ അഭയകേന്ദ്രത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു.
"ഹമാസ് നിയന്ത്രണ കേന്ദ്രം" ആണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നു. , എന്നാൽ തെളിവുകൾ നൽകിയില്ല, സ്കൂളിൽ താവളമില്ലെന്ന് ഹമാസ് നിഷേധിക്കുന്നു.REPRESENTATIVE IMAGE | WIKI COMMONS
പുതിയ വെടിനിർത്തൽ ചർച്ചകൾ
വെടിനിർത്തൽ ചർച്ചകൾ വീണ്ടും ആരംഭിച്ചു. വെടിനിർത്തൽ കരാറിനെക്കുറിച്ച് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് പ്രസിഡൻ്റ് ബൈഡൻ പറഞ്ഞു, എന്നാൽ വെടിനിർത്തൽ കരാറിൽ "മെച്ചപ്പെടുത്തലുകളൊന്നും ഉണ്ടായിട്ടില്ല" എന്ന് കാണിച്ച് ഹമാസ് പിന്മാറി. ഒരു കരാറിലും ധാരണയായില്ല, സംഘർഷം തുടരുകയാണ്.
ഹിസ്ബുല്ലയുമായി ഇസ്രായേൽ വെടിവെയ്പ്
ആഗസ്റ്റ് അവസാനത്തിൽ, ലെബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരെ അപ്രതീക്ഷിത വ്യോമാക്രമണം നടത്തി ഇസ്രായേൽ. ആക്രമിക്കപ്പെട്ട ഹിസ്‌ബുല്ല സംഘം തങ്ങളെ ആക്രമിക്കാൻ തയ്യാറെടുക്കുകയായിരുന്നുവെന്ന് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ആരോപിച്ചു. കഴിഞ്ഞ മാസം ഫുവാദ് ശുക്കർ കൊല്ലപ്പെട്ടതിന് മറുപടിയായി ഹിസ്ബുള്ള ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചു പ്രതികരിച്ചു .
ഗാസയിൽ, പോളിയോ വാക്സിൻ വിതരണം ചെയ്യുന്നതിനായി ഹ്രസ്വമായ വെടിനിർത്തലുകളുടെ താൽക്കാലിക കരാർ അംഗീകരിച്ചു. പക്ഷേ, ഇതിനിടയിലും ഇസ്രായേൽ ആക്രമണം നടത്തുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
പൊട്ടിത്തെറിക്കുന്ന പേജറുകൾ
സെപ്തംബർ 17 ന്, ലെബനനിലെ ഹിസ്ബുല്ല അംഗങ്ങൾ ഉപയോഗിച്ചിരുന്ന പേജറുകളിൽ അഭൂതപൂർവമായ സ്‌ഫോടനപരമ്പര ഉണ്ടാവുകയും 12 പേർ കൊല്ലപ്പെടുകയും 3,000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഇത് മേഖലയെ ഞെട്ടിച്ചു. 24 മണിക്കൂറിനുള്ളിൽ, ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന ടു-വേ റേഡിയോകളിൽ (വാക്കി- ടോക്കി) സമാനമായ സ്‌ഫോടന പരമ്പരകൾ നടന്നു. ഇതിൽ 25 പേർ തൽക്ഷണം കൊല്ലപ്പെട്ടു 600 ഓം പേർക്ക് പരിക്കേറ്റു. അടുത്തടുത്തായി നടന്ന രണ്ട് സ്ഫോടന പരമ്പരകളിലൂമായി സിവിലിയന്മാരാടക്കം 47 പേർ കൊല്ലപ്പെട്ടതായി കണക്കുകൾ പുറത്തുവന്നു.
ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേൽ ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു, ഇത് സത്യമാണെങ്കിൽ അത് വലിയ രഹസ്യാന്വേഷണ വിജയവും ഹിസ്ബുല്ലയുടെ ശൃംഖലയിലേക്ക് ആഴത്തിലുള്ള നുഴഞ്ഞുകയറ്റം നടന്നതായും സൂചിപ്പിക്കും.
രണ്ട് മിനിറ്റിനുള്ളിൽ 5,000 പേരെ കൊല്ലാൻ ഇസ്രായേൽ ആഗ്രഹിക്കുന്നുവെന്നും ഇസ്രായേൽ പേജറും വോക്കി-ടോക്കി സ്‌ഫോടനങ്ങളും ഉപയോഗിച്ച് "കൂട്ടക്കൊലകൾ" നടത്തിയെന്ന് ഹിസ്ബുള്ളയുടെ നേതാവ് പറഞ്ഞു. സെപ്തംബർ 27 ന് ഹിസ്ബുല്ല സെക്രട്ടറി ജനറൽ ആയിരുന്ന ഹസൻ നസ്റല്ല ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
പേജർ, റേഡിയോ സ്ഫോടനങ്ങൾ എന്നിവയിൽ നിന്ന് ഹിസ്ബുല്ല വീർപ്പുമുട്ടുമ്പോൾ, ഇസ്രായേൽ ബെയ്റൂട്ടിനെ തുടർച്ചയായ ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നു, ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്റല്ല ഇസ്രായേൽ ആക്രമത്തിൽ കൊല്ലപ്പെട്ടു. സെപ്തംബർ അവസാനത്തോടെ, ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ ഐഡിഎഫ് ടാങ്കുകൾ വന്നത് ആശങ്ക വർദ്ധിപ്പിച്ചു.
ഇറാൻ - ഇസ്രായേൽ സംഘർഷത്തിലേക്ക്
സെപ്തംബർ മാസത്തെ അവസാന ദിവസം, ഇസ്രായേൽ സൈന്യം അതിർത്തി കടന്ന് ഹിസ്ബുല്ലയ്‌ക്കെതിരെ, ലക്ഷ്യങ്ങളെ ലാക്കാക്കി കരയാക്രമണം നടത്തി. എല്ലാ സഖ്യകക്ഷികൾ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ സൈന്യം അതിർത്തി കടന്ന ആക്രമണം ആരംഭിച്ചു. ഹിസ്ബുല്ലയ്‌ക്കെതിരായ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ഒക്ടോബർ ഒന്നിന്, ഇറാൻ ഏകദേശം 200 മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈനിക റേഡിയോ അറിയിച്ചു.
ഒക്ടോബർ ഒന്നിന് തെക്കൻ ലബനനിൽ ഇസ്രായേൽ കരയുദ്ധം ആരംഭിച്ചു. കരയുദ്ധം തടയാൻ തങ്ങൾ സജ്ജരാണെന്ന് ഹിസ്ബുല്ല ഉപനേതാവ് നയിം ഖാസിം അവകാശപ്പെട്ടു. രണ്ടാഴ്ചക്കുള്ളിൽ ആയിരത്തിലധികം പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലെബനൻ അധികൃതർ അറിയിച്ചു.
ഇതേ ദിവസം തന്നെ സിറിയക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. യു എസ്സും യു കെയും വെടിനിർത്തലിന് അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെ ഇസ്രായേലിന് പിന്തുണയുമായി കൂടുതൽ യുദ്ധവിമാനങ്ങളും ആയിരക്കണക്കിന് സൈനികരെയും യു എസ് ഈ മേഖലയിലേക്ക് അയച്ചതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
REPRESENTATIVE IMAGE | WIKI COMMONS
ലെബനനിൽ ഇസ്രായേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെ ഇറാൻ ഇസ്രായേലിലെ ടെൽ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തി. ഇതിന് തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചു.
ഒക്ടോബർ അഞ്ചിന് വടക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതാവും ഭാര്യയും അവരുടെ രണ്ട് പെൺമക്കളും കൊല്ലപ്പെട്ടു, വടക്കൻ നഗരമായ ട്രിപ്പോളിക്ക് സമീപമുള്ള ബെദ്ദാവി ക്യാമ്പിലെ വീടിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് കമാൻഡർ സയീദ് അത്തല്ല അലിയും കുടുംബവും കൊല്ലപ്പെട്ടുവെന്ന് ഹമാസ് പറഞ്ഞു, ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ഈ പ്രദേശം ആദ്യമായാണ് ആക്രമിക്കപ്പെട്ടത്.
2024 ഒക്ടോബർ ആറ്- ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബെഞ്ചമിൻ നെതന്യാഹു.
2024 ഒക്ടോബർ ആറ് -ഗാസയിൽ, ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ മസ്ജിദിൽ അഭയം പ്രാപിച്ചിരുന്ന 21 പലസ്തീനികൾ കൊല്ലപ്പെട്ടു. ദേർ അൽ-ബലാഹിലെ ആശുപത്രിക്ക് സമീപം കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ അഭയം പ്രാപിച്ച ഗാസയിലെ മസ്ജിദിന് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ഗാസയിൽ, 2023 ഒക്‌ടോബർ മുതൽ ഇതുവരെ ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 41,870 പേർ കൊല്ലപ്പെടുകയും 97,166 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ഒരുവർഷമായി ഗാസയ്ക്കെതിരായി ഇസ്രായേൽ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാരീസ്, ന്യൂയോർക്ക്, കേപ് ടൗൺ തുടങ്ങി ലോകത്തെ വിവിധ സ്ഥലങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ തെരുവുകളിൽ പ്രകടനം നടത്തി.