TMJ
searchnav-menu
post-thumbnail

Outlook

ജെയിംസ് വാട്ട്സണിന്റെ ഡബിൾ ഹെലിക്സ്: ലിംഗവും അധികാരവും ശാസ്ത്രജ്ഞാനത്തിന്റെ സാമൂഹ്യരാഷ്ട്രീയവും  

13 Dec 2025   |   5 min Read
ഡോ. ജോസ് ചാത്തുകുളം

ജീവിതരഹസ്യത്തെ ചുരുളഴിച്ച നൊബേൽ സമ്മാന ജേതാവായ അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് ഡ്യൂവി വാട്സൺ 2025 നവംബർ 6-ന് നമ്മളോട് വിട പറഞ്ഞിരിക്കുകയാണ്. ഡിയോക്സിറൈബോന്യൂക്ലിക് ആസിഡിന്റെ (ഡിഎൻഎ) തലതൊട്ടപ്പനായി അറിയപ്പെടുന്ന വാട്സൺ, ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ഫ്രാൻസിസ് ക്രിക്ക്, മോറിസ് വിൽക്കിൻസ് എന്നിവരോടൊപ്പം ചേർന്ന് 1953ലാണ് DNAയുടെ ഇരട്ട ഹെലിക്സ് ഘടന തിരിച്ചറിഞ്ഞത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രമുന്നേറ്റങ്ങളിലൊന്നായ ഈ കണ്ടുപിടിത്തത്തോടെ മോളിക്യുലാർ ബയോളജിയിൽ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങൾക്ക് കളമൊരുങ്ങി. മനുഷ്യരുടെ ജനിതക വിവരങ്ങൾ എങ്ങനെയാണ് സംഭരിക്കപ്പെടുന്നത്, ജീവനുള്ള സംവിധാനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ കഴിയുന്നത് എങ്ങനെയാണ്, തുടങ്ങിയ മൗലികമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഈ കണ്ടുപിടുത്തം സഹായകമായി. ജീനുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന പഠനത്തിന് മുതൽക്കൂട്ടാവുന്ന എവല്യൂഷണറി ഫൈലോജനറ്റിക്സ് എന്ന ശാസ്ത്രശാഖയും രൂപപ്പെട്ടു. ഫ്രാൻസിസ് ക്രിക്ക്, മോറിസ് വിൽക്കിൻസ് എന്നിവർക്കൊപ്പം ചേർന്നാണ് 1962-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനവും ജെയിംസ് വാട്സൺ നേടിയത്. ​എങ്കിലും, കണ്ടുപിടിത്തങ്ങളുടെ തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനം, ജനറ്റിക്സിനെയും വംശീയതയെയും ബന്ധപ്പെടുത്തിയുള്ള ചില അഭിപ്രായങ്ങൾ എന്നിവ വാട്ട്സണിന്റെ ഓർമ്മയെ സങ്കീർണമായി അവശേഷിപ്പിക്കുന്നു. യൂറോപ്യൻ, സബ്-സഹാറൻ ആഫ്രിക്കൻ ജനവിഭാഗങ്ങൾക്കിടയിൽ നടത്തിയ ബുദ്ധിശക്തിപരിശോധനയിൽ വ്യത്യാസങ്ങൾ കാണിച്ചിട്ടുണ്ടെന്നും, ഈ വ്യത്യാസങ്ങൾ ജനിതക സ്വാധീനം മൂലമാണെന്നും വാട്സൺ വ്യാഖ്യാനിച്ചിരുന്നു. തൊലിനിറത്തിന്റെ വ്യത്യാസം, ശരാശരി IQ-വിലെ വ്യത്യാസത്തിന് കാരണമാകുമെന്ന വാദങ്ങൾ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ​വംശം, ബുദ്ധിശക്തി, അമിതവണ്ണം, ലൈംഗികത, സൗന്ദര്യം എന്നിവയെ ജനിതകശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ ശാസ്ത്രസംഭാവനകളെയും മറികടക്കുന്നതായിരുന്നു. സ്വഭാവവിശേഷങ്ങളെ ജീനുകൾ സ്വാധീനിക്കുന്നുണ്ടെന്ന് വാദിച്ചാലും, വംശം എന്നത് ഒരു ജീവശാസ്ത്രപരമായ നിർമ്മിതിയല്ല, മറിച്ച് ഒരു സാമൂഹിക നിർമ്മിതിയാണെന്നാണ് പൊതുവായ ശാസ്ത്രീയ ധാരണ. ശാസ്ത്രീയമായി അടിസ്ഥാനമില്ലാത്ത അദ്ദേഹത്തിന്റെ വാദങ്ങളും വംശീയ പരാമർശങ്ങളും വലിയ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തുകയും, അക്കാദമിക് സ്ഥാപനങ്ങൾ അദ്ദേഹത്തിന് നൽകിയ ഓണററി ബിരുദങ്ങൾ പിൻവലിക്കുകയും ചെയ്തു. ജീവിച്ചിരുന്നപ്പോഴും, മരിച്ചാലും, ശാസ്ത്രത്തിലെ ഏറ്റവും പ്രതിഭയുള്ളതും, എന്നാൽ വ്യാഖ്യാനത്തിൽ ക്ലാരിറ്റി കുറഞ്ഞതുമായ വ്യക്തിയായി വാട്സൺ അവശേഷിക്കുന്നു. 

 ജെയിംസ് ഡ്യൂവി വാട്സൺ | PHOTO : WIKI COMMONS
ആദ്യകാല ജീവിതവും കരിയറും

​1928 ഏപ്രിൽ 6-ന് ചിക്കാഗോയിലാണ് വാട്സൺ ജനിച്ചത്. 15-ആം വയസ്സിൽ ഒരു സ്കോളർഷിപ്പ് പ്രോഗ്രാം വഴി അദ്ദേഹം ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ പ്രവേശിച്ചു. പക്ഷികളോടുള്ള താൽപര്യം കാരണം വാട്സൺ ആദ്യം ഓർണിത്തോളജി പഠിക്കാനാണ് തീരുമാനിച്ചിരുന്നത്. എങ്കിലും, പ്രമുഖ ഐറിഷ് ഭൗതികശാസ്ത്രജ്ഞനായ എർവിൻ ഷ്രോഡിംഗറിന്റെ 'വാട്ട് ഈസ് ലൈഫ്' (What is Life - 1944) എന്ന പുസ്തകം വായിച്ച ശേഷം, വാട്സൺ വംശപാരമ്പര്യത്തിന്റെ തന്മാത്രാപരമായ അടിസ്ഥാനം കണ്ടെത്താനുള്ള ലക്ഷ്യത്തിൽ ആകൃഷ്ടനാവുകയും തന്റെ ശ്രദ്ധ ജനിതകശാസ്ത്രത്തിലേക്ക് മാറ്റുകയും ചെയ്തു. 1950-ൽ, സാൽവഡോർ ലൂറിയയുടെ മേൽനോട്ടത്തിൽ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് സുവോളജിയിൽ പിഎച്ച്ഡി നേടി. വൈറസുകളെക്കുറിച്ച് പഠിക്കാനും ജീനുകളുടെ രാസസ്വഭാവം കണ്ടെത്താനുമായി വാട്സൺ ഡെൻമാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണവും നടത്തി. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഹെർമൻ കാൾക്കർ ലബോറട്ടറിയിൽ, പ്രധാനമായും ന്യൂക്ലിക് ആസിഡുകളുടെയും വൈറസുകളുടെയും ബാക്ടീരിയോഫേജിന്റെയും പോഷണത്തിന്റെ പരിണാമത്തെക്കുറിച്ചാണ് വാട്സൺ പഠിച്ചത്. 1951-ൽ വാട്സൺ നേപ്പിൾസിൽ നടന്ന ഒരു ശാസ്ത്ര സമ്മേളനത്തിൽ വെച്ചാണ് മോറിസ് വിൽക്കിൻസിനെ കണ്ടുമുട്ടുന്നത്. DNA തന്മാത്രയുടെ എക്സ്-റേ കടത്തിവിട്ട ചിത്രങ്ങൾ കാണുകയും ചെയ്തു. ഇത് വാട്സന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. പിന്നീട് അദ്ദേഹത്തിന്റെ ഗവേഷണ ദിശ DNAയുടെ ഘടനയിലേക്ക് തിരിഞ്ഞു. തുടർന്ന് കേംബ്രിഡ്ജിലെ കാവൻഡിഷ് ലബോറട്ടറിയിൽ വെച്ച് അദ്ദേഹം ഫ്രാൻസിസ് ക്രിക്കിനെയും പരിചയപ്പെട്ടു. ഈ വാട്സൺ-ക്രിക്ക്-വിൽക്കിൻസ് പങ്കാളിത്തമാണ്, DNA തന്മാത്ര ഇരട്ടപിടികളുള്ള പിരിയൻ ഗോവണി പോലെ മനോഹരമായ ഘടനയുള്ളതാണെന്ന് കണ്ടെത്താൻ കാരണമായത്.

1953-ൽ വാട്സണും ക്രിക്കും DNAയെക്കുറിച്ചുള്ള തങ്ങളുടെ സുപ്രധാനമായ കണ്ടുപിടിത്തം നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചു. ജീവശാസ്ത്രത്തിൽ ചിന്താപരമായ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ഈ ഡബിൾ ഹെലിക്സ് മാതൃകക്ക് പിന്തുണ നൽകുന്ന, മോറിസ് വിൽക്കിൻസിന്റെ ഒരു പ്രബന്ധവും, റോസലിൻ ഫ്രാങ്ക്ലിന്റെയും റെയ്മണ്ട് ഗോസ്ലിംഗിന്റെയും മറ്റൊരു പ്രബന്ധവും ഉൾപ്പെടെ 1953-ലെ നേച്ചർ ലക്കത്തിൽ അച്ചടിച്ചുവന്നു. DNA തന്മാത്രയിലൂടെ റോസലിൻ ഫ്രാങ്ക്ലിൻ എക്സ്-റേ രശ്മികൾ കടത്തിവിട്ട് എടുത്ത നിർണ്ണായകമായ ഫോട്ടോഗ്രാഫുകളാണ് വാട്സണെയും ക്രിക്കിനെയും കണ്ടുപിടിത്തങ്ങൾക്ക് സഹായിച്ചതെങ്കിലും, ഫ്രാങ്ക്ലിന്റെ സംഭാവനകൾക്ക് അവരുടെ ജീവിതകാലത്ത് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. വാട്സണോ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോ അവർക്ക് അർഹമായ അംഗീകാരം നൽകിയതുമില്ല. വാട്സൺ, ഫ്രാങ്ക്ലിന്റെ നേരിട്ടുള്ള സമ്മതമില്ലാതെ അവരുടെ ഡാറ്റ ഉപയോഗിച്ചുവെന്ന് മാത്രമല്ല, ഫ്രാങ്ക്ലിന്റെ ശാസ്ത്രീയ വൈദഗ്ദ്ധ്യം അംഗീകരിക്കുന്നതിന് പകരം, തന്റെ ഓർമ്മക്കുറിപ്പായ ദി ഡബിൾ ഹെലിക്സി(The Double Helix - 1968)ൽ അവരെ ആകർഷകമല്ലാത്തവളായും മനുഷ്യപ്പറ്റില്ലാത്ത സ്വഭാവക്കാരിയായും ചിത്രീകരിച്ചുകൊണ്ട് അവരെ അപമാനിക്കുകയാണ് ചെയ്തത്. ഫ്രാങ്ക്ലിന്റെ ഡാറ്റ ലബോറട്ടറിയിൽ പൊതുവായ അറിവായിരുന്നു എന്ന് അവകാശപ്പെട്ട് ചിലർ വാട്‌സണ് ന്യായീകരണം നിരത്തിയെങ്കിലും, ഈ സംഭവം, ശാസ്ത്രസമൂഹത്തിനുള്ളിലെ ലിംഗപരമായ വിവേചനത്തിന്റെയും ശാസ്ത്രത്തിലെ ധാർമ്മികച്യുതിയുടെയും വ്യക്തമായ ഉദാഹരണമായി മാറി. വാട്സണും സഹപ്രവർത്തകരും ഫ്രാങ്ക്ലിന്റെ സംഭാവനകളെ അവഗണിച്ചെങ്കിലും, ശാസ്ത്ര സമൂഹം ഇന്ന് അവരുടെ അഭിമാനകരമായ സംഭാവനകളെ വിലമതിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.


റോസലിൻ ഫ്രാങ്ക്ലിൻ | PHOTO : WIKI COMMONS
വാട്സന്റെ DNA കണ്ടുപിടിത്തത്തിന്റെ സ്വാധീനം

​DNA തന്മാത്രാ ഘടനയുടെ കണ്ടുപിടിത്തം ശാസ്ത്രത്തെയും സമൂഹത്തെയും ആഴത്തിൽ പരിവർത്തനം ചെയ്യുകയും, വൈദ്യശാസ്ത്രം, ബയോടെക്നോളജി, നിയമം എന്നീ മേഖലകളിൽ കൂടുതൽ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. DNA ഘടന തിരിച്ചറിഞ്ഞത് രോഗങ്ങൾക്ക് പിന്നിലെ ജനിതക കാരണങ്ങളെ തിരിച്ചറിയാനും ജീൻ തെറാപ്പി, പ്രിസിഷൻ മെഡിസിൻ എന്നിവയ്ക്ക് വഴിയൊരുക്കാനും ശാസ്ത്രജ്ഞരെ സഹായിച്ചു. DNA പ്രൊഫൈലിംഗ്, പിതൃത്വ പരിശോധനകൾ, ഐഡന്റിറ്റി സ്ഥിരീകരണം എന്നിവയിലൂടെ ഫോറൻസിക് സയൻസിനും ഇത് വിപ്ലവകരമായ സാധ്യതകൾ നൽകി. അങ്ങനെ ഡബിൾ ഹെലിക്സ് മോഡൽ ആധുനികശാസ്ത്രത്തിന്റെ ആഗോള പ്രതീകമായി മാറി. ഇത് ബയോടെക്നോളജിയിലും കൃഷിയിലും മുന്നേറ്റങ്ങൾക്ക് പ്രചോദനമാവുകയും ലോകമെമ്പാടുമുള്ള നൂതനാശയങ്ങളെ സ്വാധീനിക്കുകയും ചെയ്തു. കൂടാതെ, വാട്സന്റെ ഓർമ്മക്കുറിപ്പായ ദി ഡബിൾ ഹെലിക്സ് (The Double Helix - 1968), ശാസ്ത്രീയ കണ്ടുപിടിത്തത്തിന് വ്യക്തിപരവും സാംസ്കാരികവുമായ മാനങ്ങൾ വെളിപ്പെടുത്തി നൽകി. അക്ഷരാർത്ഥത്തിൽ ഈ കണ്ടുപിടുത്തം, ശാസ്ത്രത്തെയും പൊതുജനങ്ങളെയും കൂടുതൽ അടുപ്പിച്ചു.

DNA ഡബിൾ ഹെലിക്സിന്റെ കണ്ടെത്തൽ ഇന്ത്യയുടെ ശാസ്ത്രീയ, സാങ്കേതിക, നയപരമായ മേഖലകളെ അഗാധമായി സ്വാധീനിക്കുകയും രാജ്യത്തിന്റെ ബയോടെക്നോളജി, ജീനോമിക്സ്, പൊതുജനാരോഗ്യം എന്നീ രംഗങ്ങളിലെ പുരോഗതിക്ക് രൂപം നൽകുകയും ചെയ്തു. വാട്സന്റെ മാതൃക ഇന്ത്യയുടെ തന്മാത്രാ ജീവശാസ്ത്രത്തിന്റെ ഉയർച്ചയ്ക്ക് ആശയപരമായ അടിത്തറ നൽകി. ജനിതക രോഗനിർണയം, പ്രസവത്തിനു മുമ്പുള്ള സ്ക്രീനിംഗ്, ബയോടെക്നോളജിയിലെ മുന്നേറ്റങ്ങൾ എന്നിവക്ക് പ്രചോദനമായി. ഇത് കൃഷിയിലെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (CCMB), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), ഇന്ത്യയിലുടനീളമുള്ള ബയോടെക്നോളജി, മോളിക്യുലാർ ബയോളജി കേന്ദ്രങ്ങൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് വഴിയൊരുക്കുകയും, ജൈവസുരക്ഷയും ധാർമ്മികതയും പരിരക്ഷിക്കുന്നതിന് സഹായിക്കുകയും ചെയ്തു. ഇന്ത്യയിൽ, ജനിതകനിർണ്ണയവാദത്തെക്കുറിച്ചും, വിഭവങ്ങളുടെ ലഭ്യതയിലുള്ള തുല്യതയെക്കുറിച്ചും, ആനുകൂല്യങ്ങൾ പങ്കുവെക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വാട്‌സണിൻ്റെ കണ്ടുപിടിത്തത്തോടെ കൂടുതൽ പ്രാധാന്യം ലഭിച്ചു. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
പൗരന്മാരുടെ വ്യക്തിത്വത്തിലും രാജ്യത്ത് നിലനിൽക്കുന്ന അസമത്വത്തിലും ജീനോമിക്സ് എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നു എന്നത് പ്രധാനമാണ്. കൂടാതെ ജീനോം ഇന്ത്യ പോലുള്ള പദ്ധതികളുടെ പശ്ചാത്തലത്തിൽ സ്വകാര്യതയ്ക്കും ഡാറ്റാ സംരക്ഷണത്തിനും അടിയന്തിര പ്രാധാന്യമുണ്ട്. വാട്സന്റെ കണ്ടുപിടിത്തം, ഇന്ത്യയിലെങ്കിലും കേവലമായ ശാസ്ത്ര കണ്ടുപിടിത്തത്തിനപ്പുറം വ്യാപിച്ചുകിടക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ അന്വേഷണം കേവലമായ ജന്മവാസനകളുടെയും പൈതൃകത്തെയും അന്വേഷണങ്ങളെ മറികടന്ന്, ജീനോമിക് യുഗത്തിലെ ശാസ്ത്രനവീകരണം, ധാർമ്മിക ഉത്തരവാദിത്വം, സാമൂഹ്യനീതി എന്നിവയിലടക്കമുള്ള വിസ്തൃതമായ വ്യാഖ്യാനഭൂമികകളിലേക്ക് പിരിയാൻ ഗോവണി കയറുന്നു.

​ജെയിംസ് വാട്ട്സണിന്റെ കണ്ടുപിടിത്തത്തിന് മനുഷ്യജീവിതത്തിന്റെ ജീവശാസ്ത്രപരമായ അടിത്തറയാണ് ഉള്ളതെങ്കിലും, ജനിതകശാസ്ത്രം, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവ തമ്മിലുള്ള പുതിയ കൂടിച്ചേരലുകൾക്കും കാരണമായി. പക്ഷേ, സാമൂഹ്യശാസ്ത്രത്തിൽ ആ കണ്ടുപിടിത്തത്തിന് മറ്റു മേഖലകളുടെയത്രയും സ്വാധീനമുണ്ടായി എന്ന് പറയാനാവില്ല. വംശം, ബുദ്ധിശക്തി, ലിംഗഭേദം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരസ്യപ്രസ്താവനകളും മനോഭാവങ്ങളും ജനിതകനിർണ്ണയവാദത്തിന്റെ അപകടങ്ങൾ വെളിപ്പെടുത്തി. അതായത്, സങ്കീർണ്ണമായ സാമൂഹിക സ്വഭാവവിശേഷങ്ങളെ കേവലം ജീനുകളിലേക്ക് ചുരുക്കാമെന്നായിരുന്നു അദ്ദേഹത്തിൻ്റെ കണ്ടുപിടിത്തത്തിന്റെ സാമൂഹ്യശാസ്ത്ര വ്യാഖ്യാനം നൽകിയ തെറ്റിദ്ധാരണ. വംശത്തെയും ബുദ്ധിശക്തിയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വാട്സന്റെ ഒരു അടിസ്ഥാനവുമില്ലാത്ത അഭിപ്രായങ്ങൾ, വളരെക്കാലം മുമ്പ് അസാധുവാക്കപ്പെട്ട വംശശുദ്ധീകരണ ആശയങ്ങൾക്ക് വീണ്ടും തീകൊളുത്തുകയും, വംശം എന്നത് ജനിതകസാഹചര്യത്തിൻ്റെയോ, ജീവശാസ്ത്രത്തിൻ്റെയോ ഘടകപദമല്ല, മറിച്ച് ഒരു സാമൂഹ്യനിർമ്മിതിയാണെന്ന് ഉറപ്പിച്ചുപറയാൻ നരവംശശാസ്ത്രജ്ഞരെ നിർബന്ധിക്കുകയും ചെയ്തു. സാമൂഹ്യശാസ്ത്രത്തിലും ഫെമിനിസ്റ്റ് വ്യവഹാരത്തിലും, വാട്സന്റെ ജീവിതം ഒരു മുന്നറിയിപ്പ് കൂടിയാണ്- ധാർമ്മികവും സാമൂഹ്യവുമായ ധാരണയിൽ നിന്ന് ഭിന്നമായ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിലൂടെ, ശാസ്ത്രജ്ഞർക്ക് അസമത്വവും വിവേചനവും ശാശ്വതമാക്കാൻ കഴിയുമെന്ന ഭയപ്പെടുത്തുന്ന ഓർമ്മപ്പെടുത്തൽ. DNA ഘടനയും തന്മാത്രാ കോഡും അൺലോക്ക് ചെയ്തെങ്കിലും, അതിന്റെ സാമൂഹ്യപ്രസക്തി മനസ്സിലാക്കാൻ കഴിയാത്ത ഒരു ശാസ്ത്രജ്ഞന്റെ വൈരുദ്ധ്യത്തെയാണ് വാട്സൺ പ്രതിനിധീകരിക്കുന്നത്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
​DNA തന്മാത്രയുടെ ഘടന കണ്ടെത്തുന്നതിന് നിർണ്ണായകമായ എക്സ്റേ ഡാറ്റ നൽകിയ സഹപ്രവർത്തക റോസലിൻ ഫ്രാങ്ക്ലിനോടുള്ള അദ്ദേഹത്തിന്റെ അവഗണനാ മനോഭാവം ശാസ്ത്ര, ഗവേഷണ മേഖലകളിലെ ലിംഗപരമായ മായിച്ചു കളയലിൻ്റെ ഏറ്റവും കടുത്ത ഉദാഹരണമാണ്. ലിംഗവിവേചനത്തിന്റെയും അംഗീകാരനിഷേധത്തിന്റെയും ഒരു യഥാർത്ഥ കേസ് സ്റ്റഡി. ശാസ്ത്രചരിത്രകാരിയായ മാർഗരറ്റ് റോസിറ്ററുടെ വാക്കുകളിൽ, ഇത് സ്ത്രീകളെ ലിംഗപരമായ കാരണങ്ങളാൽ മാത്രം വേണ്ടത്ര അംഗീകരിക്കാത്തതിനെയാണ് സൂചിപ്പിക്കുന്നത്- ഇതിനെ മെറ്റിൽഡ ഇഫക്റ്റ്' (Matilda Effect) എന്ന് വിളിക്കുന്നു. ഗർഭസ്ഥശിശുവിന്റെ ലൈംഗികതയുടെ അടിസ്ഥാനത്തിലുള്ള ഗർഭച്ഛിദ്രത്തെക്കുറിച്ചും നിന്ദ്യമായ പല പരാമർശങ്ങളും വാട്സൺ നടത്തിയിട്ടുണ്ട്. വാട്സന്റെ ശാസ്ത്രനേട്ടങ്ങൾ ജീവശാസ്ത്രപരവും പെരുമാറ്റപരവുമായ ഭാവി കണ്ടെത്തലുകളെ അഗാധമായി സ്വാധീനിച്ചു എന്നതിൽ സംശയമില്ല. എന്നാൽ അദ്ദേഹത്തിന്റെ സാമൂഹ്യവും ധാർമ്മികവുമായ തെറ്റായ നിലപാടുകൾ, ജനിതകശാസ്ത്രവും മാനവികതയ്ക്കായുള്ള അന്വേഷണവും തമ്മിലുള്ള ആഴത്തിലുള്ള സംഘർഷങ്ങളെ തുറന്നുകാട്ടുന്നു.





#outlook
Leave a comment