TMJ
searchnav-menu
post-thumbnail

Outlook

ഹാവിയര്‍ മിലെയ്യുടെ നവ ഉദാരവത്കരണവും താളംതെറ്റിയ അര്‍ജന്റീനയും 

06 May 2024   |   4 min Read
സ്കറിയ ചെറിയാൻ

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ രാഷ്ട്രീയം എന്നും സംഭവബഹുലമാണ്. അരക്ഷിതാവസ്ഥയും, പട്ടാള മേധാവിത്വവുമെല്ലാം പല  ഘട്ടങ്ങളിലായി ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രീയത്തെ അസന്തുലിതമാക്കിയിട്ടുണ്ട് എന്നുള്ളത് തന്നെയാണ് പ്രധാന കാരണം. ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രീയം ഏതാണ്ട് സ്ഥിരാവസ്ഥയിലേക്ക് കാലെടുത്തു വച്ചു എന്ന് കരുതിയ സമയത്താണ് അര്‍ജന്റീന വലിയ  രീതിയിലുള്ള പ്രശ്‌നങ്ങളിലേക്ക് വഴുതിവീഴുന്നത്. കോവിഡാനന്തരം നിലനിന്നിരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂര്‍ച്ചിച്ചത് തന്നെയായിരുന്നു അതിനുള്ള കാരണം. രാജ്യത്ത് നാണ്യപ്പെരുപ്പം ഏതാണ്ട് 100 ശതമാനത്തില്‍ അധികമായ സമയത്താണ് 2023 ല്‍ അര്‍ജന്റീനയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ അന്നത്തെ പ്രസിഡന്റ് ആയിരുന്ന ജസ്റ്റിഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ആല്‍ബര്‍ട്ടോ ഫെര്‍ണാന്‍ണ്ടസ് തോറ്റു. പകരം പുതുതായി ഉത്ഭവിച്ച ലിബര്‍റ്റേറിയന്‍ പാര്‍ട്ടിയുടെ നേതാവും തീവ്ര വലതുപക്ഷ വാദിയുമായ ഹാവിയര്‍ മിലെയ് അധികാരത്തിലെത്തി.

അര്‍ജന്റീന അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് രാജ്യത്തെ വീണ്ടുമൊരു സാമ്പത്തിക ശക്തിയായി മാറ്റുമെന്ന പ്രചാരണത്തിലൂടെയാണ് മിലെയ് അധികാരം പിടിച്ചെടുത്തത്. എന്നാല്‍ ഭരണത്തിലേറിയ അന്നുതൊട്ട് കാര്യമായ ഒരു മാറ്റവും അര്‍ജന്റീനയില്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും മിലെയുടെ നവ  ഉദാരവത്കരണ നയങ്ങള്‍ കാരണമായി. സ്വാഭാവികമായും നവ ലിബറല്‍ സാമ്പത്തികനയം പിന്തുടരുന്ന ഏതൊരു കക്ഷിയും ചെയ്യുന്നത് ഹ്രസ്വകാല പരിഹാരം കാണുക എന്നതാണ്. ഇത്തരമൊരു  നടപടിയിലൂടെ മിലെയ് ഉദ്ദേശിക്കുന്നത് സര്‍ക്കാര്‍ ചിലവ് കുറയ്ക്കുക എന്നതാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാനമായ മേഖലയില്‍ ഉദാരവത്ക്കരണം ഇതിനോടകം മിലെയ് സര്‍ക്കാര്‍ നടപ്പാക്കി കഴിഞ്ഞു. ആരോഗ്യമേഖലയല്‍ സ്വകാര്യ കമ്പനികള്‍ക്ക് മരുന്നിന്റെയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെയും വില നിശ്ചയിക്കാനുള്ള അധികാരം കൈമാറിയത് ഈ അടുത്താണ്.

കൂടാതെ പെന്‍ഷന്‍ തുക വെട്ടികുറയ്ക്കുകയും, ഇതുവരെ അനുവദിച്ചുപോന്ന സബ്‌സിഡി ഇല്ലാതാക്കിയതും ആരോഗ്യമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാണ്. ഇതോടെ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം ദുഷ്‌കരമായി തുടങ്ങി. നിരവധി ആളുകള്‍ വിലക്കയറ്റത്തെ തുടര്‍ന്ന് മരുന്നുകള്‍ വാങ്ങുന്നതുപോലും ചുരുക്കി എന്നാണ് മെഡിക്കല്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യമേഖലയുടെ ശോഷിപ്പും, സര്‍ക്കാര്‍ ആശുപത്രികളിലെ തൊഴിലാളികളുടെ എണ്ണം വെട്ടിചുരുക്കിയതും, രാജ്യത്ത് ഡെങ്കിപ്പനി വ്യാപകമാകാന്‍ ഒരു കാരണമാണ്. 3,15,000 പേരെയാണ് ഇപ്പോള്‍ ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്, 240 മരണങ്ങളും ഏപ്രില്‍ അവസാനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരെ കൃത്യമായി പരിചരിക്കാനുള്ള ആരോഗ്യ സംവിധാനമോ ആരോഗ്യ പ്രവര്‍ത്തകരോ രാജ്യത്ത് നിലവില്‍ ഇല്ലാത്ത സ്ഥിതിയാണ്.

ഹാവിയര്‍ മിലെയ് | PHOTO: FACEBOOK
വിദ്യാഭ്യാസത്തെയും സ്വകാര്യവത്കരിക്കുന്നതിനുള്ള ആദ്യ നടപടികള്‍ മിലെയ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് വര്‍ഷാവര്‍ഷം നല്‍കേണ്ട തുകയില്‍ വര്‍ദ്ധനവ്  വരുത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ നിലവില്‍ സര്‍വ്വകലാശാലകള്‍ക്ക് തുച്ഛമായ തുക മാത്രമാണ് ലഭ്യമാകുന്നത്. അതോടപ്പം സര്‍ക്കാര്‍ അദ്ധ്യാപകരുടെ ശമ്പളത്തില്‍ 35% കുറവ് വരുത്തി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ വലിയ സമരങ്ങള്‍ നടന്നെങ്കിലും പോലീസിനെ ഉപയോഗിച്ച് അതെല്ലാം അടിച്ചമര്‍ത്താന്‍ ഒരുപരിതി വരെ മിലെയ് ഭരണകൂടത്തിന് സാധിച്ചു.

ഇതിനോടകം 24,000 ത്തോളം സര്‍ക്കാര്‍ ജോലിക്കാരെയാണ് പിരിച്ചുവിട്ടിട്ടുള്ളത്. 70,000 ത്തോളം പേരെ പിരിച്ചുവിടാനാണ് 'അര്‍ജന്റീനിയന്‍ ട്രമ്പ്' ഉദ്ദേശിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന്റെ ചിലവ് കുറച്ച് നാണയപ്പെരുപ്പം താഴേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. തൊഴിലാളി വിരുദ്ധമായ ഈ നടപടിക്കെതിരെ രാജ്യത്ത് വലിയ സമരങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍. എന്നാല്‍ തൊഴിലില്ലായ്മ സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയെ മറികടക്കാന്‍ അര്‍ജന്റീനിയന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഒപ്പം സര്‍ക്കാര്‍ മേഖലയുടെ തകര്‍ച്ച, സ്വകാര്യ കുത്തകകള്‍ക്ക് പുതിയ ഉണര്‍വ്വാണ് നല്‍കിയിരിക്കുന്നത്.

ഇതോടെ വിലക്കയറ്റം ഏതാണ്ട് 300 % ആയിട്ടുണ്ട്. ഇന്ധനം മുതല്‍ അവശ്യസാധനങ്ങളുടെ വരെ വില ഇരട്ടിക്കുന്ന സാഹചര്യമാണ് ഇന്ന് അര്‍ജന്റീനയിലുള്ളത്. കയറ്റുമതി വര്‍ദ്ധിപ്പിച്ച് നാണയപ്പെരുപ്പം  കുറയ്ക്കാന്‍ ഈ അടുത്താണ് അര്‍ജന്റീനിയന്‍ നാണയമായ പെസോയുടെ മൂല്യം 50% കുറച്ചത്. ഇത്തരമൊരു നടപടിയിലൂടെ ഇറക്കുമതി കുറച്ച്, കയറ്റുമതി കൂട്ടാന്‍ ആണ് അര്‍ജന്റീന സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഈ നടപടിയിലൂടെ 143% ആയിരുന്ന നാണയപ്പെരുപ്പം ജനുവരിയില്‍ 211% ആയി ഉയരുകയാണ് ചെയ്തത്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങള്‍ ആണുള്ളത്. ഒന്നാമതായി, പെസോയുടെ മൂല്യത്തകര്‍ച്ചയോടെ രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളുടെ വില ഇരട്ടിച്ചു. ഇലക്ട്രോണിക് വസ്തുവകകള്‍, യന്ത്രങ്ങള്‍, ഉരുക്ക്, ഇരുമ്പ്, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയ ഉല്പാദനോപാധികള്‍ക്കായി അര്‍ജന്റീന മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതോടെ രാജ്യത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു.
 REPRESENTATIVE IMAGE | WIKI COMMONS
രണ്ടാമതായി, ആഭ്യന്തര ഉത്പാദനചിലവും വലിയ രീതിയില്‍ ഉയര്‍ന്നു. നിര്‍മ്മാണ മേഖലയുടെ പ്രവര്‍ത്തനത്തിന് അര്‍ജന്റീന നടത്തുന്ന  ഇറക്കുമതി തന്നെയാണ് ഇതിനൊരു കാരണം. ഇതോടെ രാജ്യത്ത് വിറ്റഴിക്കുന്ന എല്ലാ വസ്തുക്കളുടെയും വിലയില്‍ വലിയ വര്‍ദ്ധനവ് വന്നു. അതുകൊണ്ടുതന്നെ കയറ്റുമതിയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും നാണയപ്പെരുപ്പം തടയാന്‍ ഇത്തരമൊരു നവലിബറല്‍ നയത്തിന് സാധിച്ചില്ല. മറിച്ച്, പെസോയുടെ മൂല്യം കുറയ്ക്കാതെ പൊതുമേഖലയുടെ ശാക്തീകരണത്തിലൂടെ നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ ഉത്പാദനവും, തൊഴിലും സൃഷ്ടിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, അര്‍ജന്റീന  ഇത്തരമൊരു സാമ്പത്തിക ഊരാക്കുടുക്കില്‍ ചെന്ന് പെടില്ലായിരുന്നു.

എല്ലാത്തിനുമുപരിയായി രാജ്യത്ത് പുതിയ ഒരു നിയമം പാസ്സാക്കാനുള്ള ശ്രമത്തിലാണ് മിലെയും കൂട്ടരും. 'Omnibus' ബില്ല് കഴിഞ്ഞമാസം അര്‍ജന്റീനയുടെ അധോസഭയായ ചേമ്പര്‍ ഓഫ് ഡെപ്യൂട്ടീസ്സില്‍ പാസ്സായി. ഉപരിസഭയായ സെനറ്റില്‍ കൂടി പാസ്സായാല്‍ പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരും. എന്നാല്‍ ഈ ബില്ലിനെതിരെ രാജ്യത്തെ തൊഴിലാളികളും, ട്രേഡ് യൂണിയനുകളും സമരം  നടത്തുകയാണിപ്പോള്‍. അതിനുള്ള കാരണം മറ്റൊന്നുമല്ല, ഈ നിയമം നടപ്പിലായാല്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളായ റെയില്‍വേ ഗതാഗതം, ഓയില്‍ ഗ്യാസ് കമ്പനി എന്നിവ പൂര്‍ണമായും സ്വകാര്യ മേഖലയ്ക്ക് കീഴിലാവും. അതോടെ രാജ്യം പൂര്‍ണമായും കുത്തകകളുടെ നിയന്ത്രണത്തിലാവും എന്നതില്‍ സംശയമില്ല. 

മാത്രമല്ല, ഈ ബില്ല് അങ്ങേയറ്റം തൊഴിലാളി വിരുദ്ധവുമാണ്. രാജ്യത്ത് തെഴിലാളികള്‍ക്ക് സംഘടിക്കുവാനുള്ള അവകാശത്തിന്മേല്‍ കത്തിവയ്ക്കുന്നതും, തൊഴിലാളി സമരങ്ങളെ അമര്‍ച്ച ചെയ്യുന്നതും, തൊഴില്‍ സുരക്ഷ ഇല്ലാതാകുന്നതുമാണ് മേല്പറഞ്ഞ ബില്ല്. ഏറ്റവും അപകടകരമായ കാര്യമെന്നത് അര്‍ജന്റീനയുടെ പ്രസിഡന്റിന് ഊര്‍ജ്ജം, നികുതി, പെന്‍ഷന്‍, സുരക്ഷ എന്നീ മേഖലകളില്‍  നിയമനിര്‍മ്മാണത്തിനുള്ള പൂര്‍ണാധികാരം ഉണ്ടാവും എന്നതാണ്. രാജ്യത്തെ ജനാധിപത്യത്തിന്റെയും സാമൂഹ്യ സുരക്ഷയുടെയും മരണമണിയായിട്ട് വേണം ഈയൊരു നീക്കത്തെ കാണുവാന്‍.
 OMNIBUS BILL | WIKI COMMONS
അര്‍ജന്റീനയുടെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള യാതൊരു ഉപകരണവും തന്റെ പക്കല്‍ ഇല്ലായെന്ന് തെളിയിക്കുന്നതാണ് മിലെയുടെ അഞ്ച് മാസത്തെ ഭരണം. നവലിബറല്‍ നയങ്ങള്‍  അര്‍ജന്റീനയെ അതിന്റെ എക്കാലത്തെയും മോശപ്പെട്ട സാമ്പത്തിക അവസ്ഥയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. താചറിസവും, നരസിംഹ റാവുവിന്റെയും രണ്ടാം UPA സര്‍ക്കാരിന്റെയും, മോദി സര്‍ക്കാരിന്റെയും ഉദാഹരണങ്ങള്‍ ധാരാളമാണ്, നവലിബറല്‍ നയങ്ങള്‍ എങ്ങനെ ഒരു രാജ്യത്തെ ജനജീവിതത്തെ ദുഷ്‌കരമാക്കുന്നു എന്നതിന്.
 
അര്‍ജന്റീന നല്‍കുന്ന സന്ദേശം വ്യക്തമാണ്. നവലിബറല്‍ നയങ്ങള്‍ ഒരിക്കലും ഒരു മെച്ചപ്പെട്ട സാമ്പത്തിക- സാമൂഹിക സാഹചര്യം സൃഷ്ടിക്കില്ല മറിച്ച് നിലനില്‍ക്കുന്ന കോര്‍പ്പറേറ്റുകളെ കൂടുതല്‍  ശക്തമാക്കുകയും, പുത്തന്‍കുറ്റ് കുത്തകകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിലൂടെ തൊഴിലാളി വിരുദ്ധനയങ്ങള്‍ രൂപീകരിച്ച് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടും. എന്ത് തന്നെയായാലും കാത്തിരിക്കാം മിലെയുടെ ഡ്രാക്കോണിയന്‍ ഭരണപരിഷ്‌കാരങ്ങള്‍ക്കായി.



#outlook
Leave a comment