TMJ
searchnav-menu
post-thumbnail

Outlook

നെഹ്‌റു: സോഷ്യലിസ്റ്റ് സങ്കല്‍പ്പവും ബദലുകളും

14 Nov 2023   |   5 min Read
മുഹമ്മദ് ആഷിക്

'നിക്ക് മതിയായ യോഗ്യത ഉണ്ടായിരുന്നെങ്കില്‍ ഏതെങ്കിലുമൊരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ അധിപനാകാമായിരുന്നു, അതിനുള്ള യോഗ്യത ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ വെറുമൊരു പ്രധാനമന്ത്രിയായിരിക്കുന്നത്'. ശാസ്ത്ര കോണ്‍ഗ്രസുകളില്‍ ശാസ്ത്രവിരുദ്ധത ഉയര്‍ത്തിവിട്ട് രാജ്യത്തിന് പേരുദോഷം വരുത്തുന്ന സമകാലിക ഭരണാധികാരികള്‍ക്ക് പഠിക്കാനുണ്ട് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഈ വാക്കുകളില്‍ നിന്ന്. മിത്തുകളുടെയും സങ്കല്‍പങ്ങളുടെയും പ്രത്യയശാസ്ത്രം രാജ്യം ഭരിക്കുമ്പോള്‍, കോര്‍പ്പറേറ്റ് കണ്ണുകളിലൂടെ മാത്രം ഭരണകൂടം വികസനം നോക്കിക്കാണുമ്പോള്‍ നെഹ്റുവിനെ മറക്കാതിരിക്കലാണ് കാലത്തോട് പുലര്‍ത്തേണ്ട നീതി. രാജ്യത്തിന്റെ പുരോഗതി ശാസ്ത്രത്തിന്റെ കൈപിടിച്ചുകൊണ്ട് മാത്രമേ സാധ്യമാകൂ എന്ന് നെഹ്റുവിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ശാസ്ത്രബോധ പ്രചാരണവും അറിവിന്റെ സാര്‍വത്രികവല്‍ക്കരണവുമായിരുന്നു നെഹ്‌റുവിയന്‍ സങ്കല്പങ്ങളുടെ അടിത്തറ. വിഭജനാനന്തരം ശിഥിലമായി കിടന്ന ഒരു സമൂഹത്തെ, നൂറ്റാണ്ടുകളുടെ സാമ്രാജ്യത്വ അധിനിവേശം തരിപ്പണമാക്കിയ ഒരു സമ്പദ്‌വ്യവസ്ഥയെ ആധുനിക രാഷ്ട്രമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നെഹ്റുവിനെ നാം ആധുനിക ഇന്ത്യയുടെ ശില്‍പിയെന്ന് വിളിച്ചു. നെഹ്രുവിന്റെ ശാസ്ത്രീയ കാഴ്ചപ്പാടുകളാണ് ഇന്ത്യയെ മറ്റൊരു പാകിസ്താനാക്കി മാറ്റാതിരുന്നതെന്ന് നിസ്സംശയം പറയാം. പാകിസ്ഥാനില്‍ മതാധിഷ്ഠിത ഭരണകൂടം അധികാരത്തിലേറിയപ്പോള്‍ ബാഹ്യ സമ്മര്‍ദങ്ങള്‍ മറികടന്ന് എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ മതേതര-സോഷ്യലിസ്റ്റ് ഭരണകൂട ആശയം പ്രാവര്‍ത്തികമാക്കാന്‍ നെഹ്റുവിനായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രഗത്ഭരായ ശാസ്ത്രജ്ഞരെ കണ്ടെത്തി ഇന്ത്യയില്‍ കൊണ്ടുവന്ന് ഇന്ത്യക്കാരായ ശാസ്ത്രജ്ഞരെ രാജ്യം കെട്ടിപ്പടുക്കുവാന്‍ പ്രാപ്തരാക്കി, ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്ര സംവിധാനങ്ങളും പൊതുമേഖലയുമായി ഇണക്കിച്ചേര്‍ത്ത് അടിസ്ഥാനപരമായ വികസനം കെട്ടിപ്പടുക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്.

നെഹ്റുവെന്ന ബഹുമുഖ പ്രതിഭയെ ഏതെങ്കിലുമൊരു മേഖലയിലെ വൈദഗ്ധ്യത്തില്‍ കെട്ടിയിടാനാകുന്നതല്ല. നെഹ്റുവെന്ന സ്വാതന്ത്ര്യ സമര സേനാനി, നെഹ്റുവെന്ന ഭരണാധികാരി, നെഹ്റുവെന്ന രാഷ്ട്രീയക്കാരന്‍, ശാസ്ത്രബോധ പ്രചാരകന്‍, സാമ്പത്തിക വിദഗ്ധന്‍, ആസൂത്രകന്‍, ഇങ്ങനെ നെഹ്റുവിനെ ചാര്‍ത്താനുള്ള വിശേഷണങ്ങള്‍ ഏറെയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നെങ്കിലും മറ്റുള്ളവരില്‍ നിന്ന് നെഹ്റുവിനെ വ്യത്യസ്തനാക്കിയിരുന്നത് അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ആശയധാരയാണ്. രാജ്യപുരോഗതിയില്‍ ശാസ്ത്രത്തിന്റെ പങ്ക് തിരിച്ചറിയുന്നതില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകണം. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ശത്രു ദാരിദ്ര്യമാണെന്ന് കണ്ടെത്തിയ അദ്ദേഹം സോഷ്യലിസ്റ്റ് മാതൃകയില്‍ മാത്രമേ അതിനൊരു പരിഹാരമുള്ളൂ എന്ന് ഉറച്ചു വിശ്വസിച്ചു. എല്ലാ സാമ്പത്തിക തത്ത്വചിന്തയുടെയും കേന്ദ്ര ബിന്ദുവും ലക്ഷ്യവും ദാരിദ്ര്യവും ഇല്ലായ്മയുമാണെന്ന തത്വചിന്ത നെഹ്രുവും പിന്തുടര്‍ന്നു. 1929 ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ നെഹ്റു ഇങ്ങനെ പറഞ്ഞു, 'ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളായ ദാരിദ്ര്യവും അസമത്വവും അവസാനിപ്പിക്കണമെങ്കില്‍ നാം സോഷ്യലിസം അംഗീകരിച്ച് നടപ്പിലാക്കണം'. അതിലും ഒരുപടി കൂടി കടന്ന് 1933 ലെ ലക്നൗ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് ലോകത്ത് നിലനില്‍ക്കുന്ന ചിന്താധാരകളില്‍ കമ്മ്യൂണിസ്റ്റ് -സോഷ്യലിസ്റ്റ് ചിന്തകളാണ് കൂടുതല്‍ സത്യമാര്‍ന്നതെന്നാണ്. 1936-ലെ 'ഇന്ത്യന്‍ പ്രോഗ്രസീവ് ഗ്രൂപ്പി'നെ അഭിമുഖീകരിച്ച് നെഹ്റു പറഞ്ഞത്, 'ശാസ്ത്രീയസോഷ്യലിസത്തിന് അഥവാ മാര്‍ക്‌സിസത്തിനുമാത്രമേ ലോകത്തെ ഗ്രഹിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാന്‍ കഴിയൂ' എന്നാണ്. ഇങ്ങനെ വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും നമുക്ക് നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികളെ വായിച്ചെടുക്കാവുന്നതാണ്.

ജവഹർലാൽ നെഹ്റു | PHOTO: PTI
ലണ്ടനില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ ഫാബിയന്‍ സോഷ്യലിസത്തില്‍ ആകൃഷ്ടനായിരുന്നു നെഹ്രു. 1920-കളിലും 1930-കളിലും ലോകത്താകെ നടന്നിരുന്ന സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളും സോഷ്യലിസ്റ്റ് നിലപാടുകളും നെഹ്റുവിനെ ആകര്‍ഷിച്ചു. 1927 ലെ സോവിയറ്റ് സന്ദര്‍ശനം നെഹ്റുവിന് പുതിയൊരു രാഷ്ട്രീയ അനുഭവമായിരുന്നു. അക്കാലത്ത് ലോകത്തെയാകമാനം പിടിച്ചുകുലുക്കിയ ഗ്രേറ്റ് ഡിപ്രഷന്‍ പ്രതിരോധിക്കാനായത് സോവിയറ്റ് യൂണിയന് മാത്രമായിരുന്നു എന്നതില്‍ അദ്ദേഹത്തില്‍ കൗതുകമുണര്‍ത്തി. സോവിയറ്റ് യൂണിയനില്‍ അന്ന് നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതികള്‍ അവരുടെ ഉല്പാദന-സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയെടുത്ത മാറ്റങ്ങള്‍ നെഹ്റു സൂക്ഷ്മതയോടെ പഠിച്ചു. സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ അവരെ കൂടി കോര്‍ത്തിണക്കിയുള്ള വികസന നയങ്ങളാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതെന്നും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ പോലുള്ള ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് അഭികാമ്യമെന്നും ഉള്‍ക്കൊള്ളാനും സോഷ്യലിസ്റ്റ് ആശയധാരയെ ഇന്ത്യയുടെ ദേശീയ പ്രസ്ഥാനവുമായി കണ്ണിചേര്‍ക്കാനും അതിന് പുതിയൊരു മാനം നല്‍കാനും നെഹ്റുവിന് കഴിഞ്ഞു. എന്നാല്‍  ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാര്‍ക്‌സിസത്തെ അപഗ്രഥിക്കാനും വികസിപ്പിക്കുവാനും തക്കവിധം ദൃഢവും ആഴമേറിയതുമായിരുന്നില്ല നെഹ്രുവിന്റെ മാര്‍ക്‌സിസ്റ്റ് പരിജ്ഞാനം എന്നാണ് ബിപിന്‍ ചന്ദ്രയെപ്പോലുള്ള ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടുള്ളത്.

ഭാവി ഇന്ത്യയെ എങ്ങനെ മുന്നോട്ട് നയിക്കണമെന്ന കാര്യത്തില്‍ ഗാന്ധിയും നെഹ്രുവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇരുവരുടെയും ആശയ-പ്രത്യയശാസ്ത്ര വൈരുധ്യം തന്നെയായിരുന്നു പ്രധാന കാരണം. രണ്ടുപേരും ദാരിദ്ര്യത്തെ മുഖ്യപ്രശ്‌നമാക്കി ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കിലും അതിനെ ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ച് മുന്നോട്ട് പോകാനാണ് ഗാന്ധി നിര്‍ദേശിച്ചത്. സമ്പന്നര്‍ ദരിദ്രരുടെ രക്ഷാധികാരികളായി മാറണമെന്നാണ് ഗാന്ധി ആഹ്വാനം ചെയ്തത്. എന്നാല്‍ ആധുനിക വിദ്യാഭ്യാസം നേടിയ, ശാസ്ത്ര മനോഭാവമുള്ള ഒരു സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതാകില്ല ഈ സിദ്ധാന്തമെന്ന് നെഹ്റു തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ദാരിദ്ര്യമെന്ന കേന്ദ്രപ്രശ്നത്തെ നേരിടാന്‍ തന്റെ ശാസ്ത്ര മനോഭാവവും ആധുനിക ചിന്തകളും നെഹ്റു ഉപയോഗിച്ചു. സോഷ്യലിസ്റ്റ് ചിന്താധാരയിലൂടെ ആര്‍ജിച്ചെടുത്ത മാനവികത ശാസ്ത്രീയ സോഷ്യലിസമെന്ന സങ്കല്പത്തിലേക്ക് നെഹ്റുവിനെ നയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രായോഗിക തലത്തില്‍ പലപ്പോഴും സോഷ്യലിസ്റ്റ് ആശയങ്ങള്‍ നിലനിര്‍ത്തുന്നതില്‍ വിയര്‍ക്കേണ്ടി വന്നു നെഹ്റുവിന്. ദേശീയ പ്രസ്ഥാനത്തിനുള്ളിലെ അദ്ദേഹത്തിന്റെ കുരിശുയുദ്ധം പലപ്പോഴും ഭൂമിയിലെ ഫ്യൂഡല്‍ സ്വത്ത് ബന്ധങ്ങള്‍ക്ക് എതിരായിരുന്നു. ജന്മിത്വത്തിനെതിരായി അദ്ദേഹം നിരന്തരമായ പ്രചാരണം നടത്തി. ഭൂമിയിലെ എല്ലാ ഫ്യൂഡല്‍ അവശിഷ്ടങ്ങളും ഇല്ലാതാകുന്നതുവരെ ഇന്ത്യയെപ്പോലുള്ള ഒരു കാര്‍ഷിക ഭൂരിപക്ഷ രാജ്യത്ത് സമത്വ സമൂഹം ഉണ്ടാകില്ല എന്ന വിശ്വാസം അവസാനംവരെ അദ്ദേഹത്തില്‍ നിലനിന്നു.

ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍  നെഹ്രു | PHOTO:PTI
അക്കാലത്ത് കോണ്‍ഗ്രസില്‍ കൂടുതലും സമ്പന്ന-വരേണ്യ വര്‍ഗ്ഗത്തില്‍ നിന്നുള്ള നേതാക്കളായിരുന്നു. അതുകൊണ്ടുതന്നെ നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രണ്ട് ധാരകളായി ഒഴുകി. നെഹ്രുവിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരിയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള മറുചേരിയും തമ്മില്‍ നിരന്തരം ആശയ-പ്രത്യയശാസ്ത്ര സംഘട്ടനങ്ങളിലേര്‍പ്പെട്ടു. സോവിയറ്റ് മാതൃകയില്‍ ആസൂത്രിത സാമ്പത്തിക വികസനത്തിന് ഊന്നല്‍ നല്‍കിയപ്പോള്‍ പടിഞ്ഞാറന്‍ മോഡല്‍ കോര്‍പ്പറേറ്റ് കേന്ദ്രീകൃത വികസനമാണ് പട്ടേല്‍ പക്ഷം മുന്നോട്ട് വെച്ചത്. സാമ്പത്തിക ജനാധിപത്യം ഒരു സാമൂഹിക ധര്‍മമാണെന്ന് കോണ്‍ഗ്രസിനെ ധരിപ്പിക്കാന്‍ നെഹ്‌റു ശ്രമിച്ചു. മനുഷ്യത്വമാകണം ജനാധിപത്യത്തിന്റെ ആദ്യ പരിഗണനയെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ഭരണഘടനാനിര്‍മാണ സഭയിലേക്ക് മനുഷ്യത്വത്തെ കൊണ്ടുവന്നത് നെഹ്രുവായിരുന്നു എന്ന് ഗ്രാവല്ലെ ഓസ്റ്റിന്‍ അദ്ദേഹത്തിന്റെ ദി ഇന്ത്യന്‍ കോണ്‍സ്റ്റിട്യൂഷന്‍, കോര്‍ണര്‍ സ്റ്റോണ്‍ ഓഫ് എ നേഷന്‍ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. സഭയുടെ ആദ്യ യോഗത്തില്‍ നെഹ്‌റു പറഞ്ഞു, 'ഈ സഭയുടെ ഒന്നാമത്തെ ലക്ഷ്യം പുതിയൊരു ഭരണഘടനയുടെ സഹായത്തോടെ ഇന്ത്യയെ സ്വതന്ത്രമാക്കുക എന്നതാണ്. വിശക്കുന്നവന് ഭക്ഷണം നല്‍കാനും തുണിയില്ലാത്തവന് വസ്ത്രം നല്‍കാനും ഓരോരുത്തരുടെയും ആന്തരികശേഷിയെ പുറത്തെടുത്ത് വികസിപ്പിക്കാനും വേണ്ടിയാകണം അത്'. ഈ വാക്കുകളാണ് ഇന്ത്യന്‍ ഭരണഘടനയെ ജനാധിപത്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ സഹായിച്ചത്. സോഷ്യലിസ്റ്റ് ആശയങ്ങളുടെ സ്വാധീന വലയത്തിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അക്രമോല്‍സുകതയോട് അദ്ദേഹം പുറംതിരിഞ്ഞു നിന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കാന്‍ നെഹ്റുവിന് കഴിഞ്ഞില്ല. ദേശീയ പ്രസ്ഥാനവുമായി ബന്ധിപ്പിച്ച് ഈ ആശയത്തെ എങ്ങനെ പ്രയോഗത്തില്‍ വരുത്തണമെന്ന് നെഹ്റുവിന് നിശ്ചയമുണ്ടായിരുന്നില്ല എന്ന് പ്രൊഫസര്‍ ബിപന്‍ ചന്ദ്ര ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ സോഷ്യലിസ്റ്റ് മാതൃകയെ കൈവിടാതെ ഒരു സമ്മിശ്ര സമ്പദ് വ്യവസ്ഥ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നെഹ്റുവിന് കഴിഞ്ഞു. ഗാന്ധിയുമായി നിലനിന്നിരുന്ന ആശയപരമായ വിയോജിപ്പുകള്‍ കുറഞ്ഞു വരികയും സ്വരാജും സോഷ്യലിസവും തമ്മിലുള്ള തെരഞ്ഞെടുപ്പിന്റെ മാനസിക സംഘര്‍ഷത്തിലേക്ക് അദ്ദേഹത്തെ നായിച്ചതായും പ്രഫ ബിപന്‍ ചന്ദ്ര വിലയിരുത്തുന്നു. ഇതാണ് 1948ലെ വ്യാവസായിക നയപ്രമേയത്തിലേക്ക് നെഹ്റുവിനെ നയിച്ചതും. ഇന്ത്യയില്‍ സോഷ്യലിസം കൈവരിക്കുന്നതിനുള്ള ഏറ്റവും മൂര്‍ത്തമായ ആവിഷ്‌കാരമായി വ്യാവസായിക നയപ്രമേയത്തെ വിലയിരുത്താം. മാര്‍ക്‌സിസത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാതെ, മുതലാളിത്ത വ്യവസ്ഥിതിയെ ഒട്ടും പിണക്കാതെ മിക്‌സഡ് എക്കണോമി എന്ന പുത്തന്‍ സാമ്പത്തിക നയം അദ്ദേഹം രാജ്യത്തിന് സമ്മാനിച്ചു.

നെഹ്റു ഷിംലയിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു | PHOTO: PTI
സാമൂഹിക നീതിയും സ്വാതന്ത്ര്യവും സമാധാനവും സാഹോദര്യവും വിയോജിക്കാനുള്ള അവകാശവും ലഭിക്കുമ്പോഴാണ് രാഷ്ട്രം ജനാധിപത്യ രാഷ്ട്രമാകുന്നതെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. ഒരുപക്ഷെ നെഹ്‌റു ഇല്ലായിരുന്നെങ്കില്‍ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന വിശേഷണം നമ്മുടെ ഭരണഘടനയില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് പല ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ക്ക് പരിമിതികളുണ്ടായിരുന്നു. തന്റെ ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളത്തക്ക വിധം തന്റെ പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ നെഹ്രുവിനായില്ല. കോണ്‍ഗ്രസിനുള്ളില്‍ നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നവരാണ് പിന്നീട് കോണ്‍ഗ്രസില്‍ നിന്നകന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചു വിടാനുണ്ടായ സമ്മര്‍ദത്തെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നത് വിരോധാഭാസമായി തുടരുന്നു.

പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശവും പിഞ്ചുകുഞ്ഞുങ്ങള്‍ ക്രൂരമായി കൊല്ലപ്പെടുന്നതും ന്യായീകരിക്കുന്ന പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോള്‍, യുദ്ധത്തില്‍ സാമ്രാജ്യത്വ അധിനിവേശത്തിന് മൗനപിന്തുണ നല്‍കുമ്പോള്‍ നെഹ്റുവിനെ പോലൊരു പ്രധാനമന്ത്രി നമുക്ക് ഉണ്ടായിരുന്നു എന്ന് അഭിമാനത്തോടെ പറയാം. യുദ്ധത്തെ കുറിച്ചുള്ള നെഹ്റുവിന്റെ കാഴ്ചപ്പാട് ഇങ്ങനെയായിരുന്നു, 'എനിക്കെന്റെ ജനതയെ മുന്നോട്ട് നയിക്കണം, അതിനെനിക്ക് അണക്കെട്ടുകളും സ്‌കൂളുകളും ആശുപത്രികളും പണിയണം. എന്റെ നാട്ടിലെ വയലുകള്‍ ഉഴുതുമറിച്ച് ഫലഭൂയിഷ്ഠമാക്കണം. അതുകൊണ്ട് ഞാന്‍ ഒരിക്കലും യുദ്ധത്തിന് മുതിരില്ല. ഒരു ചേരിയിലും ചേരാതെ നിഷ്പക്ഷമായി നിലകൊള്ളും'. നെഹ്രുവിനും പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമ്പുഷ്ടമായ ഒരു ഭരണഘടന നമുക്ക് നല്‍കി, ആസൂത്രിതമായ സമ്പദ്ഘടന വിഭാവനം ചെയ്തു, ജനങ്ങള്‍ക്ക് ഭരണഘടനാ പിന്‍ബലമുള്ള അവകാശങ്ങള്‍ നല്‍കി. സര്‍വകലാശാലകള്‍, ഐഐടികള്‍, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പഞ്ചവത്സര പദ്ധതികള്‍ സമ്മാനിച്ചു, പഞ്ചായത്ത് രാജ് ആസൂത്രണം ചെയ്തു, വിഭവസമാഹാരണത്തിന് പൊതുമേഖലയില്‍ എല്‍ഐസി സ്ഥാപിച്ചു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ബദലുകള്‍ നെഹ്‌റു രാജ്യത്തിന് സമ്മാനിച്ചു. സമ്പന്ന കുടുംബത്തില്‍ ജനിച്ച്, മുതലാളിത്ത ശൈലിയില്‍ വളര്‍ന്ന് പിന്നീട് സോഷ്യലിസ്റ്റായി മാറിയ നെഹ്‌റു ചരിത്രവിശകലനത്തിനുള്ള ഉപാധി എന്ന നിലയ്ക്ക് മാത്രം പിന്നീട് അതിനെ സമീപിച്ചു. വികസന മോഡല്‍ എങ്ങനെയാകണമെന്ന് പ്രധാനമന്ത്രിക്ക് കോര്‍പ്പറേറ്റ് ദേശീയതയുടെ ഏജന്റുമാര്‍ കോച്ചിങ് നല്‍കുന്ന കാലഘട്ടത്തില്‍, സ്വന്തമായി പ്രധാനമന്ത്രിയുള്ള കോര്‍പ്പറേറ്റുകള്‍ ഇന്ത്യയുടെ ചേരി നിശ്ചയിക്കുന്ന വേളയില്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിന് മുന്നില്‍ അഭിമാനം പണയം വെക്കാതെ തലയുയര്‍ത്തി നിന്ന, മൂന്നാം ലോക രാജ്യങ്ങളുടെ ലീഡറായിരുന്ന ഇന്ത്യ ഒരുകാലത്ത് ഇവിടെ നിലനിന്നിരുന്നു എന്ന് അഭിമാനത്തോടെ ഓര്‍ക്കാം.


#outlook
Leave a comment