TMJ
searchnav-menu
post-thumbnail

Outlook

ജയചന്ദ്രന്‍ നായര്‍, മനുഷ്യത്വത്തിന്റെ പത്രാധിപ പതിപ്പ്

04 Jan 2025   |   6 min Read
വി ശശികുമാർ

ലയാളത്തിലെ ആദ്യത്തെ 'ഹോം മെയിഡ്,' വാരികയുടെ പത്രാധിപരായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട എസ്. ജയചന്ദ്രന്‍ നായരെപ്പറ്റി ഓര്‍ക്കുമ്പോള്‍ 70,80-കളിലെ പലതും പലരും ഒപ്പമെത്തും. ഹോം മെയിഡ് എന്ന് പറയുമ്പോള്‍ എന്താണ് എന്ന സംശയമുനയാകും ആദ്യം തന്നെ മനസ്സില്‍ വരുന്നതെന്നറിയാം. എല്ലാ അര്‍ത്ഥത്തിലും ഒരു കുടുംബമായിരുന്നു കലാകൗമുദി. എം എസ് മണി, എസ്. ജയചന്ദ്രന്‍ നായര്‍, എന്‍ ആര്‍ എസ് ബാബു എന്നിവര്‍ക്കൊപ്പം അതേ നിലയില്‍ തന്നെ അവിടുത്തെ ഓരോ ജീവനക്കാരും ഉണ്ടായിരുന്നത്. എല്ലാവരും പരസ്പരം ബഹുമാനിക്കുകയും ആദരവോടെ കാണുകയും ചെയ്തിരുന്നു. പരസ്പരം പിണക്കങ്ങളും കലഹങ്ങളുമൊക്കെ ഉണ്ടാകുമെങ്കിലും അതെല്ലാം അവിടെ തന്നെ കെട്ടടങ്ങി വീണ്ടും ഏകോദരസഹോദരങ്ങളെ പോലെ അവര്‍ കലാകൗമുദി കുടുംബത്തിലെ അംഗങ്ങളായി ആ മാസിക പുറത്തിക്കിറക്കും. ആ കുടുംബത്തിന്റെ അമരത്തും അണിയത്തും എസ് ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപനുണ്ടായിരുന്നു.

ലോകത്തെയും ഇന്ത്യയെയും കേരളത്തിലേക്ക് കൊണ്ടുവന്ന പത്രാധിപരാണ് എസ് ജെ എന്നും ജയന്‍ എന്നും ഒക്കെ ചുരുക്കപ്പേരിൽ  വിളിക്കുന്ന ഈ മനീഷി. കേരളത്തിനകത്തും പുറത്തുമുള്ള കലാ, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള ചെറിയ ചലനങ്ങള്‍ പോലും കലാകൗമുദിയിലൂടെയും പിന്നീട് മലയാളം വാരികയിലൂടെയും മലയാളികളിലെത്തിച്ച മനുഷ്യന്‍. കേരളത്തിന് പുറത്തുള്ള കലാ സാംസ്‌ക്കാരിക രംഗത്തുള്ളവരെ മലയാളത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്നതിന് ഓരോ പ്രദേശത്ത് നിന്നും പലരെയും കണ്ടെത്തി ചുമതല ഏല്‍പ്പിക്കുകയും കൃത്യതയോടെ പിന്തുടര്‍ന്ന് അവരെ കൊണ്ട് എഴുതിക്കുന്നതും എസ് ജയചന്ദ്രന്‍ നായരാണ്. അതു കൊണ്ടു തന്നെയാണ് കലാകൗമുദി തുടങ്ങിയപ്പോള്‍ എം എസ് മണി, എസ് ജയചന്ദ്രന്‍ നായര്‍, എന്‍ ആര്‍ എസ് ബാബു എന്നീ മുവര്‍ സംഘം എം ഗോവിന്ദന്റെ കൂടി ഉപദേശപ്രകാരം പാരീസില്‍ ചിത്രകാരന്‍ വിശ്വനാഥന്‍, മദിരാശിയില്‍ പി കെ ശ്രീനിവാസന്‍, ബോംബെയില്‍ എന്നെയും കൗമുദി ന്യൂസ് സര്‍വീസിലെ ചുമതലകള്‍ ഏല്‍പ്പിച്ചത്. ഞങ്ങള്‍ക്ക് പുറമെ, സിനിമയെപ്പറ്റി എഴുതാന്‍, നെടുമുടി വേണു, കള്ളിക്കാട് രാമചന്ദ്രന്‍, ബാലന്‍ പുനെ, നാടകത്തെപ്പറ്റി എഴുതാന്‍ ടി എം പി നെടുങ്ങാടിയും, മുരളിയും ശാസ്ത്രത്തെപ്പറ്റി എഴുതാന്‍ രാജേന്ദ്രബാബു, ചിത്രകലയെപ്പറ്റി എഴുതാന്‍ കെ ടി രാമവര്‍മ്മയെയും  ഏല്‍പ്പിച്ചു.

എസ്. ജയചന്ദ്രന്‍ നായര്‍ | PHOTO : WIKI COMMONS
അടിയന്തരാവസ്ഥക്കാലത്തും തുടർന്നും ഒ വി വിജയൻ, സക്കറിയ, ആനന്ദ് എന്നിവരെക്കൊണ്ടും നിരന്തരമായി എഴുതിപ്പിച്ചതിന് പിന്നിലും ജയചന്ദ്രൻ നായരായിരുന്നു. ജയൻ സാറിന്റെ മുൻകൈയിൽ ആരംഭിച്ച് എം പി നാരായണപിള്ളയുടെ കോളം മാധ്യമ രംഗത്തെ പതിവ് രീതികളുടെ മറുവായന ആയിരുന്നു. നാരായണ പിള്ളയുടെ "പരിണാമം" എന്ന നോവലും കലാകൗമുദിയിലാണ് വന്നത് കഥ, കല, സാഹിത്യം,നാടകം തുടങ്ങിയവയുടെ മേൽനോട്ടം എസ് ജയചന്ദ്രൻ നായർക്കായിരുന്നു.കഥയുടെയും നോവലിൻ്റെയും സഹായ ചുമതല ഇ വി ശ്രീധരനും, സിനിമ, ചർച്ചകൾ, ശാസ്ത്രം എന്നിവ വേലപ്പനുമായി. കേരളകൗമുദിയിലെ കെ പി സദാനന്ദനും, പിറവന്തുർ ശശിയും ഇവരോടൊപ്പമുണ്ടായി.

ഫിലിം മാഗസിന്‍ തുടങ്ങിയപ്പോള്‍ എസ് ജയചന്ദ്രന്‍ നായരുടെ മേല്‍നോട്ടത്തില്‍ കള്ളിക്കാട് രാമചന്ദ്രനായിരുന്നു ചുമതല. ഫോട്ടോഗ്രാഫി ശങ്കരന്‍ കുട്ടിയും, ഗോപാലകൃഷ്ണനും, ചന്ദ്രമോഹനനും, എസ് രാജേന്ദ്രനും, ഭട്ടതിരിയും ലേ ഔട്ടും ഡിസൈനിങ്ങും. ശശി സഹായത്തിനും. അവരുടെ ഒപ്പം വരയുമായി മാധവന്‍ നായരും. രാജഗോപാലിന് അച്ചടിക്കലിനുള്ള ചുമതല, ശ്രീധരന്‍ ഫോര്‍മാനും. സര്‍ക്കുലേഷന്‍ ശ്രീകുമാറും, പരസ്യം വി സലിം കുമാറും. ഈ 'കുടുംബ' സംഘം ദീര്‍ഘകാലം വെല്ലുവിളികളെയും പരിമിതികളെയും നേരിട്ട് മുന്നോട്ട് പോയി.

എം കൃഷ്ണന്‍ നായര്‍ | PHOTO :WIKI COMMONS
എം കൃഷ്ണന്‍ നായര്‍ക്കും നമ്പൂതിരിക്കും ഒപ്പം എം ടിയുടെ 'രണ്ടാമൂഴം' ആയപ്പോള്‍ കലാകൗമുദിയുടെ സുവര്‍ണ കാലമായി. ഈ കാലത്താണ് മലയാളികള്‍ക്കു സുപരിചിതരല്ലാത്ത പലരും കലാകൗമുദിയിലൂടെ മലയാളികളുടെ വായനാലോകത്തേക്ക് എത്തുന്നത്. മലയാളിയായ കവി എം എന്‍ പാലുര്, ചിത്രകാരന്‍മാരായ ഭൂപന്‍ കക്കര്‍, കൃഷ്ണാജി ഹൗലാജി ആര, കെ കെ ഹെബ്ബര്‍, എം എഫ് ഹുസൈന്‍, ഫ്രാന്‍സിസ് ന്യൂട്ടണ്‍ സൂസെ, തയബ് മേത്ത, രാംകുമാര്‍, മഞ്ജിത് ബാവ, കെ. ദാമോദരന്‍, എ രാമചന്ദ്രന്‍, നാടകപ്രവര്‍ത്തകരായ വിജയ് തെണ്ടുല്‍ക്കര്‍, അമോല്‍പാലേക്കര്‍, ചിത്ര പാലേക്കര്‍, മോഹന്‍ ആകാഷെ, കമലാദേശ്പാണ്ഡേ, പി എല്‍ ദേശ്പാണ്ഡേ, ശ്രീറാംലാഗു തുടങ്ങിയവരേയും, സംഗീതജ്ഞരായ രവി ശങ്കര്‍, കിഷോരി അമോങ്കര്‍, ജസ് രാജ്, മല്ലികാര്‍ജുന്‍ മസുര്‍, ഹരിപ്രസാദ് ചൗരസ്യ, സിനിമാരംഗത്തു നിന്ന് മണികൗള്‍, കുമാര്‍ ഷഹാനി, ഗിരീഷ് കര്‍ണാട്, ജി വി അയ്യര്‍, ബി ആര്‍ കാരന്ത് ബുദ്ധദേവ് ദാസ് ഗുപ്ത, ഗിരിഷ് കാസറവള്ളി, ടി എസ് രംഗ, ശ്യാം ബനഗല്‍, ഗോവിന്ദ് നിഹലാനി, കേതന്‍ മേത്ത, സയദ് മിര്‍സ, ആനന്ദ് പട്വര്‍ദ്ധന്‍, കുന്ദന്‍ ഷാ, ഓംപുരി, നസറുദീന്‍ ഷാ, സ്മിത പട്ടീല്‍, ശബാന ആസ്മി തുടങ്ങിയവരെ മലയാളിക്ക് പരിചയപ്പെടുത്തിയത് കലാകൗമുദിയാണ്. എന്നെക്കൊണ്ട് ഇതില്‍ പലരെയും കണ്ട് സംസാരിച്ച് എഴുതിപ്പിച്ചതും പുതിയവരെ കണ്ടെത്തി എഴുതാന്‍ പ്രേരിപ്പിച്ചതും ജയചന്ദ്രന്‍ സാറാണ്.

നമ്പൂതിരി, എം കൃഷ്ണന്‍ നായര്‍ എന്നിവരെ കലാകൗമുദിയിലേക്കു കൊണ്ടുവന്നതു, എസ്. ജയചന്ദ്രന്‍ നായരാണ്. അദ്ദേഹം കലാകൗമുദി വിടുന്നത് വരെ അവരെ അവിടെ നിലനിര്‍ത്തിയതും ജയന്‍ എന്ന പേരായിരുന്നു. എം ടിയുടെ രണ്ടാമൂഴം പ്രസിദ്ധീകരിക്കാനും കാരണക്കാരനായത് അദ്ദേഹമാണ്. അതില്‍ എന്നെ ഉള്‍പ്പെടുത്തിയ ഉപകഥ കൂടിയുണ്ട്. രണ്ടാമൂഴം എഴുതുന്ന സമയത്ത്, എം ടി ബോംബെയില്‍ വന്നിരുന്നു. അവിടെയിരുന്നാണ് എഴുത്ത്. ബോംബെയിലുള്ള എന്നെ വിളിച്ച് എം ടിയെ പോയി കാണണമെന്ന് ജയന്‍ സാര്‍ പറഞ്ഞു. സാര്‍ പറഞ്ഞാല്‍ അപ്പീലില്ലാത്തതുകൊണ്ട്, ഉള്ള ധൈര്യം സംഭരിച്ച് എംടിയെ പോയി കണ്ടു. ചെന്ന് പേര് പറഞ്ഞപ്പോള്‍ തന്നെ, ജയന്‍ പറഞ്ഞിരുന്നു. എന്ന് പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തോടൊപ്പം പുനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒപ്പം പോയി. അവിടെ വച്ച് അന്ന് കണ്ട് പരിചയപ്പെട്ടവരായായിരുന്നു വേണുവും ബീനയും ശരത്തുമെല്ലാം. എം ടി അവിടെ ചെന്നത് ഡിപ്ലോമ ഫിലിമുമായി ബന്ധപ്പെട്ട ഇവാലുവേഷനായിരുന്നു. അന്ന് അവിടെ വച്ച് എം ടിയുടെ രണ്ടാമൂഴം എഴുത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ വഴി ജയന്‍ സാര്‍ അന്വേഷണവും നടത്തുന്നുണ്ടായിരുന്നു.

എം.ടി.വാസുദേവൻ നായർ | PHOTO : WIKI COMMONS
തിരുവനന്തപുരത്ത് എത്തുന്ന ഏത് എഴുത്തുകാരനും, സിനിമാ, കലാപ്രവര്‍ത്തകനും കലാകൗമുദിയിലെത്തി എന്‍ ആര്‍ എസിനെക്കണ്ട്, എസ് ജയചന്ദ്രന്‍ നായരുടെ പുഞ്ചിരിയും തമാശയും കേട്ടേ മടങ്ങുമായിരുന്നുള്ളു.

കലാകൗമുദിയുടെ ആദ്യ കോപ്പി അച്ചടിച്ച് കൈയില്‍ കിട്ടിക്കഴിഞ്ഞാല്‍ ആ മൂവര്‍( എം എസ് മണി, എസ് ജയചന്ദ്രന്‍ നായര്‍, എന്‍ ആര്‍ എസ് ബാബു) നേരേ പോകുന്നത് ട്രിവാന്‍ഡ്രം ക്ലബ്ബിലേക്കാണ്. ക്ലബ്ബ് അടയ്ക്കുന്നതു വരെ കളിതമാശകളും, ഇടയില്‍ അടുത്ത ലക്കം എങ്ങനെയാകണം അതിലെ  ഉള്ളടക്കം എന്താകണം എന്നതിനെ കുറിച്ചുള്ള  ചര്‍ച്ചയും ഇതോടൊപ്പം നടക്കും. നാലഞ്ചു വട്ടം ആ കൂട്ടായ്മയില്‍ കൂടാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്.

ആ മൂവര്‍ സംഘത്തിനൊപ്പം  ഒപ്പം ഒരു വിവാഹ ചടങ്ങിലെ മടക്കയാത്രയിലെ 'സൗന്ദര്യ ലഹരി'യിലെ സംഭാഷണത്തിനിടയില്‍ ജയന്‍ സാര്‍ പിണങ്ങുകയും, കലാകൗമുദി ഓഫീസിലെത്തി രാജിക്കത്ത് എഴുതി  എന്നെക്കാണിച്ചു. വായിക്കാനായി വാങ്ങിയ ഞാനതു പോക്കറ്റിലിട്ടു. [അതു കഴിഞ്ഞ് എത്രയോ വര്‍ഷം കഴിഞ്ഞാണദ്ദേഹം കലാകൗമുദി വിട്ടത്. വിട്ടതിന് കാരണമൊന്നും എന്നോടു സുചിപ്പിച്ചിട്ടില്ല.] ഈ പിണക്കം നില്‍ക്കെ അന്ന് വൈകുന്നേരം മൂവരും എന്നെയും കൂട്ടി ട്രിവാന്‍ഡ്രം ക്ലബ്ബില്‍ കണ്ടു, അവിടെ വച്ച് പിണക്കമൊക്കെ മറന്ന് കെട്ടിപ്പിടിച്ച് കരഞ്ഞാണ് പിരിഞ്ഞത്. അതായിരുന്നു ആ മൂവര്‍. കലാകൗമുദി കുടുംബത്തിലെ നെടുംതൂണുകള്‍.

മണി സാര്‍ നേരത്തേ പോയി. ഇപ്പോള്‍ ജയന്‍ സാറും. അവശേഷിക്കുന്ന ആള്‍ ഓര്‍മ്മകളുടെ ബന്ധനത്തില്‍  ആരുമായി ബന്ധമില്ലാതെ വീട്ടില്‍ കഴിയുന്നു. കലാകൗമുദി വിട്ടപ്പോള്‍ മലയാളം തുടങ്ങിയപ്പോള്‍, നമ്പൂതിരിയും, ഭട്ടതിരിയും, എം കൃഷ്ണന്‍ നായരും ജയന്‍ സാറിനൊപ്പം നിലകൊണ്ടു. അവര്‍ അതില്‍ എഴുതാനും വരക്കാനും തുടങ്ങി. പല ഭാഗത്തു നിന്നും ആക്ഷേപങ്ങളുണ്ടായി. ജയന്‍ സാറുമായുള്ള സംഭാഷണത്തിലൊരിക്കലും ഈ വിഷയങ്ങളൊന്നും വന്നില്ല. മലയാളത്തിലും എന്നെക്കൊണ്ടെഴുതിച്ചു.

എം എസ് മണി | PHOTO : TMJ
എന്റെ സുഹൃത്തായ, അന്തരിച്ച ഐ വി ബാബുവിനും സാറിനെപ്പറ്റിപ്പറയാന്‍ ധാരാളം ഉണ്ടായിരുന്നു. എം എസ് മണിയുടെയും, ഐ വി ബാബുവിന്റെയും മരണവും എന്‍ ആര്‍ എസ് ബാബുവിന്റെ ഓര്‍മ്മ നഷ്ടവും ജയന്‍ സാറില്‍ വലിയ ആഘാതമുണ്ടാക്കിയിരുന്നു.

സിനിമയുടെ പിന്നണിയിലെ ജയചന്ദ്രന്‍ നായര്‍

സ്വന്തമായി സിനിമ ചെയ്യണമെന്നാഗ്രഹമുണ്ടായിരുന്ന ജയന്‍ സാര്‍, എണ്‍പതുകളുടെ തുടക്കത്തില്‍ തിരുവനന്തപുരത്തെ സ്വീവേജ് ഫാമിനെപ്പറ്റി ഒരു ഡോക്യുമെന്ററി നിര്‍മിച്ചു. പിന്നീട് തിരകഥാകൃത്തും നിര്‍മ്മാതാവുമായി. ഞാന്‍ ബോംബെയിലായിരുന്നപ്പോള്‍ ഒരു ദിവസം പുലര്‍ച്ചയ്ക്ക് കോട്ടയത്തെ സേതു, [ജോണ്‍ അബ്രഹാമിന്റെ 'കാല്‍വിന്ദന്‍'] ഫ്‌ലാറ്റിലെത്തി. എന്‍എഫ്ഡിസിയില്‍ കൊടുക്കാനുള്ള അപേക്ഷയും പിറവിയുടെ തിരക്കഥയുമായിട്ടായിരുന്നു ആ വരവ്. സേതുവും ഞാനും കൂടിപ്പോയി അപേക്ഷ നല്‍കി. ഞാന്‍ ബോംബെ വിട്ടു തിരുവനന്തപുരത്തെത്തിയതിനു ശേഷമാണ് പിറവിയുടെ ഷുട്ടിങ്ങ് തുടങ്ങിയതും പുര്‍ത്തിയാക്കിയതും. ബാക്കി ചരിത്രം.

പത്രാധിപന്മാര്‍ക്കിടയിലെ മനുഷ്യന്‍

എന്നെ മാത്രമല്ല, കേരളത്തിലെ പല തലമുറകളെ എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമാക്കി തീര്‍ത്തതില്‍ ജയന്‍ സാറിനുള്ള റോള്‍ ആര്‍ക്കും മറക്കാനാകില്ല. എഴുതിക്കൊടുക്കുന്നതിനെ രാകിമിനുക്കി രത്‌നപ്രഭയോടെ അവതരിപ്പിക്കുന്നതിലും അദ്ദേഹം കൈയ്യടക്കം കാണിച്ചു. ഒരിക്കല്‍ പോലും ഇതിലൊന്നിലുമുള്ള അവകാശവാദങ്ങള്‍ അദ്ദേഹം ആരോടും ഉന്നയിച്ചില്ല. കവികള്‍, കഥാകൃത്തുക്കള്‍, ലേഖനമെഴുതുന്നവര്‍ എന്നുവേണ്ട എഴുത്തിലെ സമസ്തമേഖലകളിലും പുതുമകളെ കണ്ടെത്തുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരിക്കലും അദ്ദേഹം മടികാണിച്ചിട്ടില്ല. സിനിമയാകട്ടെ സാഹിത്യമാകട്ടെ, തനിക്ക് ഇഷ്ടമുള്ള ഴോണറിലുള്ളതല്ല എന്നത് ഒരു രചനയോ രചനയെ കുറിച്ചുള്ള ആസ്വദനമോ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നുമൊരിക്കലും അദ്ദേഹത്തിനെ തടഞ്ഞിട്ടില്ല. നിരവധി തലമുറകളെ കണ്ടെത്തി വാര്‍ത്തെടുത്ത എഡിറ്റര്‍. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളോടുള്ള സമീപനത്തില്‍ നൈതികതയായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളുടെ ആധാരശില. അതില്‍ അദ്ദേഹമെടുത്ത നിലപാടുകള്‍ പലപ്പോഴും പലരെയും ശത്രുക്കളാക്കി. അവര്‍ തന്നെ പിന്നീട് മിത്രങ്ങളുമായി. അപ്പോള്‍ പഴയ ചില മിത്രങ്ങള്‍ ശത്രുക്കളായി. ഇങ്ങനെ ചെസിലെ കരുക്കള്‍ വെള്ളയിലേക്കും കറുപ്പിലേക്കും മാറുന്നതുപോലെ അവര്‍ മാറിക്കൊണ്ടിരുന്നു. സാര്‍ നീതിബോധത്തിന്റെ കളത്തില്‍ നിന്ന് അണുവിട മാറാതെ ഉറച്ചു നിന്നു. കൊച്ചു കൊച്ചു സൗന്ദര്യപിണക്കങ്ങളുടെ ആയുസ്സേ അദ്ദേഹവുമായുള്ള പിണക്കത്തിന് ഭൂരിപക്ഷം ആളുകള്‍ക്കും ഉണ്ടായിരുന്നുള്ളൂ.

ജയചന്ദ്രനായർക്കും മകനുമൊപ്പം ലേഖകൻ വി ശശികുമാർ | PHOTO :TMJ
കേരളത്തില്‍ പ്രതിഭകളായ നിരവധി മാധ്യമപ്രവര്‍ത്തകരും എഡിറ്റര്‍മാരുമുണ്ടായിട്ടുണ്ട്. ജയചന്ദ്രന്‍ നായര്‍ അവരില്‍ നിന്ന് വ്യത്യസ്തമാകുന്നത് പലകാരണങ്ങള്‍ കൊണ്ടാണ്. മലയാള മാധ്യമ ലോകത്തെ ഏറ്റവും സര്‍ഗാത്മകമായ കാലത്തെ എഡിറ്റര്‍മാരിലൊരാള്‍ ആ കാലത്തെ എല്ലാ ഗുണങ്ങളും അതിലെ കുറവുകളും എല്ലാവര്‍ക്കും ഉണ്ടായിരിക്കാം. ജയന്‍ സാറിനെ കുറിച്ചും ആളുകള്‍ക്ക് പറയാന്‍ പല എതിരഭിപ്രായങ്ങളുമുണ്ടാകാം. അത് രാഷ്ട്രീയമാകാം വ്യക്തിപരമാകാം പക്ഷേ, ആര്‍ക്കും എതിര്‍ത്ത് പറയാന്‍ കഴിയാത്ത ഒന്നായിരുന്നു ആ പത്രാധിപര്‍ക്കുള്ളിലെ മനുഷ്യത്വം. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ കുറിച്ച് ഓര്‍മ്മിക്കുന്ന ഓരോരുത്തരും 'എന്റെ എഡിറ്റര്‍' അഭിമാനത്തോടെയും സ്‌നേഹത്തോടെയും ജയന്‍ സാറിനെ  വിശേഷിപ്പിക്കുന്നത്. തനിക്ക് മുന്നിലെത്തുന്ന ഏതൊരു രചനയും വായിച്ചുനോക്കാനുള്ള ക്ഷമയും തനിക്ക് മുന്നില്‍ വരുന്നവരെ സമന്മാരായി കണ്ട് ഇടപഴകാനും അദ്ദേഹത്തിന് സാധിച്ചതും മാധ്യമ അധികാരത്തിനെ മറികടന്ന അദ്ദേഹത്തിന്റെ മനുഷ്യത്വം കൊണ്ടായിരുന്നു.

കേരളം വിട്ട് ബാംഗ്ലൂരിലെത്തിക്കഴിഞ്ഞ ശേഷവും ആഴ്ചയിലൊരിക്കല്‍ ജയന്‍ സാര്‍ വിളിക്കും. ഇല്ലെങ്കില്‍ ഞാന്‍ വിളിക്കും. കുടുംബകാര്യങ്ങളും, എന്റെ മകന്റെ കാര്യങ്ങളെ കുറിച്ചും സിനിമകളെപ്പറ്റിയും സംസാരിക്കും. സാറിന് എഴുതാന്‍ വേണ്ട ചില വിവരങ്ങളും കാണാനാഗ്രഹിക്കുന്ന സിനിമകളും പറയും അവ ഞാനെത്തിച്ചുകൊടുക്കും. എന്നെ പോലെ തന്നെ, സാര്‍ വിളിക്കുകയും സാറിനെ വിളിക്കുകയും ചെയ്യുന്ന നിരവധി പേര്‍ ഇന്ത്യയില്‍ പലയിടത്തുമുണ്ട്. ജയന്‍ സാറിന് വ്യക്തിബന്ധം നിലനിര്‍ത്താന്‍ എക്കാലത്തും സ്‌നേഹമായിരുന്നു മാധ്യമം. അതിന് മറ്റ് മാധ്യമങ്ങളുടെ ആവശ്യമില്ലായിരുന്നു. അതിന് തെളിവായിരുന്നു ഓരോരുത്തരുടെയും കുടുംബവിശേഷങ്ങളടക്കം തിരക്കി വരുന്ന ആ ഫോണ്‍ വിളികള്‍. ജയന്‍ സാര്‍, തിരക്കഥ എഴുതി നിര്‍മ്മിച്ച 'സ്വം' ന്റെ കോപ്പിക്കായി എന്നോടും പല സുഹൃത്തുക്കളോടും ചോദിച്ചു കൊണ്ടിരുന്നു. അതു കിട്ടിയോ എന്നറിയില്ല.

എൻ ആർ എസ് ബാബു | PHOTO : TMJ
'വരും പോലെ വന്നവര്‍' എന്ന എന്റെ പുസ്തകത്തിന്  അദ്ദേഹം എഴുതിയ അവതാരിക ലോകത്തിന് മുന്നില്‍ എന്നെ അവതരിപ്പിച്ച വാക്കുകളായിരുന്നു.

ബംഗാള്‍ യാത്രക്കു പോകുന്നതിന് മുന്‍പ് സാറിനോടു പറഞ്ഞിരുന്നു. കാണേണ്ട ചില സ്ഥലങ്ങളെപ്പറ്റിപ്പറഞ്ഞു. യാത്രയ്ക്കിടയില്‍ അദ്ദേഹത്തെ വിളിക്കുമ്പോള്‍ ശ്വാസം മുട്ടുണ്ടായിരുന്നു എങ്കിലും എന്നോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴും ഓര്‍മ്മിപ്പിച്ചു 'നീ ബാബുവിനെക്കാണണം (എന്‍ ആര്‍ എസ് ബാബു). നിന്റെ മകനോടു തിസീസ് പുസ്തകമാക്കാന്‍ പറയണം. നീ എന്നെ ഇടയ്ക്കു വിളിക്കണം. ഞാനും വിളിക്കാം.' ഇനി ആഴ്ചയിലൊരിക്കലുള്ള ആ വിളി ഇല്ല.


#outlook
Leave a comment