ജോഡോ തന്ത്രം പാളി, 'ഇന്ത്യ'യില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ്
രണ്ടാം ജോഡോ യാത്രയുമായി ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസിന് ലക്ഷ്യം പലതായിരുന്നു. ഒന്നാം ജോഡോ യാത്ര കടന്നുചെല്ലാത്ത സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയെന്ന പ്രത്യക്ഷ ലക്ഷ്യത്തിനപ്പുറത്തായിരുന്നു ഇതില്‍ പലതും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലില്‍ പരാജയപ്പെട്ടതോടെ ഇന്ത്യ മുന്നണിയില്‍ നഷ്ടപ്പെട്ട നേതൃസ്ഥാനം തിരികെ പിടിക്കുകയെന്നതായിരുന്നു ഇതിലൊന്ന്. മണിപ്പൂരില്‍ നിന്ന് തുടങ്ങി ബംഗാളിലെത്തുമ്പോള്‍ മമതയേയും, ബീഹാറില്‍ നിതീഷ് കുമാറിനേയും, ഉത്തര്‍പ്രദേശില്‍ അഖിലേഷിനേയുമൊക്കെ ഒപ്പം കൂട്ടി രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര. മഹാരാഷ്ട്രയിലെത്തുമ്പോള്‍ സഖ്യത്തിലെ മറ്റ് രണ്ട് പ്രധാന നേതാക്കളായ ശരത് പവാറും ഉദ്ദവ് താക്കറേയും ഒപ്പം നടക്കും. ഇങ്ങനെ ഇന്ത്യ സഖ്യത്തിലെ എല്ലാ പ്രധാനപ്പെട്ട പാര്‍ട്ടികളേയും നേതാക്കളേയും ഒപ്പം ചേര്‍ത്ത് രാഹുല്‍ ഗാന്ധി നയിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ യാത്ര. ഒന്നാം ജോഡോ യാത്ര പോലെ ഈ യാത്രയും ഹിറ്റായാല്‍ രാഹുല്‍ ഗാന്ധിയെ സഖ്യത്തിന്റെ തലപ്പത്തെത്തിക്കാന്‍ അത് സഹായിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടി. ആ തന്ത്രമാണ് പാളിപ്പോയത്.
കുറ്റം ആരുടേത്
ഇന്ത്യ സഖ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍ ആരാണ് ? നിതീഷ് കുമാറിന്റെ അവസരവാദ രാഷ്ട്രീയമോ, മമതയുടെ കടുംപിടുത്തമോ, അഖിലേഷ് യാദവിന്റെ വൈരാഗ്യമോ അതോ കോണ്‍ഗ്രസ് മയപ്പെടാത്തതോ. കുറ്റപ്പെടുത്താനും വിരല്‍ ചൂണ്ടാനും കാരണങ്ങളും കാരണക്കാരും ഇങ്ങനെ ഒരുപാടാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്ലാതെ രാജ്യത്താകെ നീളുന്ന ഒരു ബിജെപി ബദല്‍ സാധ്യമല്ല. പ്രതിപക്ഷ നിരയില്‍ രാജ്യത്താകെ വേരുകളുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. ആ വേരുകള്‍ വളരെ വേഗത്തില്‍ ഇല്ലാതാകുകയാണെന്ന വസ്തുത മറക്കുന്നുമില്ല. എങ്കിലും പ്രതിപക്ഷ നിരയിലെ സംസ്ഥാനതല പാര്‍ട്ടികളേയും ചില സംസ്ഥാനങ്ങളില്‍ മാത്രം വേരുകളുള്ള ദേശീയ പാര്‍ട്ടികളേയും ഒരു ചരടില്‍ കോര്‍ത്ത് ഒന്നിച്ച് നിറുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആ സഖ്യത്തില്‍ അനിവാര്യമാണ്. ഈ അനിവാര്യതയാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുതലെടുക്കാന്‍ ശ്രമിച്ചത്.
അഖിലേഷ് യാദവ് | PHOTO: FACEBOOK
ഇന്ത്യ സഖ്യത്തിന് രൂപം നല്‍കാന്‍ കാണിച്ച ആവേശം ഇന്ന് ആ സഖ്യത്തിലെ ഒരു പാര്‍ട്ടിക്കുമില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ അത് കുറഞ്ഞ് വരുകയുമാണ്. പ്രധാന കാരണം സീറ്റ് വിഭജനം തന്നെ. സഖ്യം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഈ വൈരുധ്യം ചൂണ്ടിക്കാണിക്കപ്പെട്ടതുമാണ്. പ്രാദേശിക പാര്‍ട്ടികളും ദേശീയ പാര്‍ട്ടികളും ചേര്‍ന്നുള്ള ഏത് സഖ്യത്തിലും ഈ വൈരുദ്ധ്യം സ്വാഭാവികവുമാണ്. സ്വന്തം വോട്ട് ബാങ്കും വോട്ട് ശതമാനവും സഖ്യകക്ഷികള്‍ക്ക് വീതിച്ചു നല്‍കുമ്പോഴുണ്ടാകുന്ന പ്രതിസന്ധി പ്രാദേശിക പാര്‍ട്ടിക്കായാലും ദേശീയ പാര്‍ട്ടിക്കായാലും മറികടക്കുക എളുപ്പമല്ല. പരസ്പരം മത്സരിച്ചിരുന്നവര്‍ക്ക് കൈകോര്‍ക്കേണ്ടി വരുമെന്നത് മാത്രമല്ല പ്രതിസന്ധി. ദേശീയ സംസ്ഥാന പാര്‍ട്ടി പദവികള്‍ വരെ ഈ വോട്ട് ശതമാനത്തെ ആശ്രയിച്ചാണ്.
പക്ഷെ ഇന്ത്യ സഖ്യത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ലോക്‌സഭ സീറ്റ് വിഭജനം മാത്രമല്ല. അത് ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ തുടങ്ങിയതാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെയാണ് തുടക്കം. ഈ രണ്ട് സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ കടുംവെട്ടാണ് കാരണം. സമാജ് വാദി പാര്‍ട്ടിക്ക് അഞ്ച് സീറ്റ് പോലും നല്‍കാന്‍ മധ്യപ്രദേശില്‍ മുഖ്യമന്ത്രി കസേര ഉറപ്പിച്ചിരുന്ന കമല്‍നാഥ് തയ്യാറായില്ല. കമല്‍നാഥിനെ തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വവും തയ്യാറായില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സഖ്യം നിലനിറുത്തണമെങ്കില്‍ അഖിലേഷ് യാദവിന്റെ ഔദാര്യം വേണ്ടി വരുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് അപ്പോള്‍ മറന്നു.
കമല്‍നാഥ് | PHOTO: FACEBOOK
അതിന് കാരണവുമുണ്ട്. മധ്യപ്രദേശും ഛത്തീസ്ഗഡും എന്തായാലും വിജയിക്കും. പാര്‍ട്ടിയില്‍ പടലപിണക്കം രൂക്ഷമാണെങ്കിലും രാജസ്ഥാനില്‍ വിജയിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് നല്‍കിയ ഉറപ്പ്. തെലങ്കാനയില്‍ ജയസാധ്യത വളരെ ഏറെ. ഇതായിരുന്നു അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഹൈക്കമാന്റ് എഴുതി കൂട്ടി വച്ചിരുന്ന കണക്ക്. ഇതില്‍ മധ്യപ്രദേശും ഛത്തീസ്ഗഡും പിടിച്ചാല്‍ തന്നെ ലോക്‌സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ ഇന്ത്യ മുന്നണിയില്‍ വലിയ സ്വാധീനം ചെലുത്താമെന്നായിരുന്നു ഹൈക്കമാന്റും കരുതിയത്. ആ കരുതലാണ് അഖിലേഷിനേയും ആംആദ്മി പാര്‍ട്ടിയേയുമൊക്ക സംസ്ഥാന നേതൃത്വം ആട്ടിപ്പായിച്ചപ്പോഴും കോണ്‍ഗ്രസ് ഹൈക്കമാന്റ് മിണ്ടാതിരുന്നതിന് കാരണം. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കളി മാറി. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാണിച്ച തിണ്ണമിടുക്കിനുള്ള മറുപടിയാണ് ഇപ്പോള്‍ മമതയും അഖിലേഷ് യാദവും നല്‍കുന്നത്.
നിതീഷിന്റെ നീതി
തരം പോലെ കളവും തന്ത്രവും മാറ്റി പയറ്റുന്നതിന് മടിയോ കുറ്റബോധമോ മനസ്സാക്ഷികുത്തോ ഉള്ള നേതാവല്ല നിതീഷ് കുമാര്‍. അത് പലതവണ തെളിയിച്ചിട്ടുമുണ്ട്. 2020 ല്‍ ബിജെപിക്കൊപ്പം മുന്നണിയായി മത്സരിച്ചാണ് നിതീഷ് കുമാര്‍ ആറാം തവണ ബീഹാര്‍ മുഖ്യമന്ത്രിയായത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ എന്‍ഡിഎ വിട്ട് ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം മഹാസഖ്യമുണ്ടാക്കി വീണ്ടും മുഖ്യമന്ത്രിയായി. ഇങ്ങനെ പല തവണ തരം പോലെ കളം മാറ്റി കളിച്ച് തന്നെയാണ് നിതീഷ് കുമാര്‍ ബീഹാറില്‍ ഏറ്റവും അധികം തവണയും, നാളും മുഖ്യമന്ത്രിയായ നേതാവായതും. അധികാര മോഹവും ലക്ഷ്യവും പാറ്റ്‌നയും കടന്ന് ഡല്‍ഹിലേക്ക് നീണ്ടതോടെയാണ് 2022 ല്‍ എന്‍ഡിഎ ഉപേക്ഷിച്ച് നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് മടങ്ങിയതും പിന്നീട് ഇന്ത്യ സഖ്യമുണ്ടാക്കാന്‍ മുന്‍കൈയെടുത്തതും. സഖ്യത്തിന്റെ കണ്‍വീനറാവാന്‍ പലതവണ ശ്രമവും നടത്തി. കണ്‍വീനര്‍ സ്ഥാനം ലഭിക്കാത്തത് മാത്രമല്ല ഇന്ത്യ മുന്നണിയില്‍ വിള്ളലുണ്ടാക്കുന്ന, മുന്നണിയെ പ്രതിരോധത്തിലാക്കിയ നടപടി നിതീഷ് കുമാര്‍ സ്വീകരിക്കാന്‍ കാരണം. 2024ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്നത്തെ സാഹചര്യത്തില്‍ ഒരു സാധ്യതയുമില്ലെന്ന തിരിച്ചറിവ് കൂടിയാണ്. ആ സാഹചര്യത്തിലേക്ക് ഇന്ത്യ മുന്നണിയെ കൊണ്ടെത്തിച്ചതിന്റെ മുഖ്യപങ്ക് കോണ്‍ഗ്രസിന് തന്നെയാണ്.
നിതീഷ് കുമാർ | PHOTO: FACEBOOK
അടുത്ത അധ്യായം
അടുത്ത അധ്യായം ഇതിലും കടുത്തതാകും. ലോക്‌സഭ സീറ്റ് വിഭജനം കോണ്‍ഗ്രസിന് കീറാമുട്ടിയാകും. ഇന്ത്യ മുന്നണി നിലനില്‍ക്കണമെങ്കില്‍ ബംഗാളില്‍ മമതയോടും, പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയോടും, ബീഹാറില്‍ ആര്‍ജെഡിയോടും ഉത്തര്‍പ്രദേശില്‍ അഖിലേഷിനോടും വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും വല്യേട്ടന്‍ പട്ടം അഴിച്ചു വയ്‌ക്കേണ്ടി വരും. മോദിക്കെതിരെയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് തനിച്ചുള്ള ജോഡോ യാത്ര മാത്രം പോര. സംസ്ഥാനങ്ങളില്‍ കരുത്ത് തെളിയിച്ച നേതാക്കളെ മുന്നില്‍ നിറുത്തി നിരനിരയായി സമ്മേളനങ്ങള്‍ നടത്തി വിശ്വാസ്യത വീണ്ടെടുക്കണം. 2019 ല്‍ നേരിട്ട മോദിയെയല്ല 2024 ല്‍ നേരിടുന്നത്. മണ്ഡലും കമണ്ഡലും കൈകോര്‍ത്താണ് ഇത്തവണ എത്തുന്നത്.