TMJ
searchnav-menu
post-thumbnail

Outlook

കൈ കോർത്ത് ഇറാനും സൗദി അറേബ്യയും: പശ്ചിമേഷ്യയിൽ ചൈന തുറക്കുന്ന വാതിലുകൾ

15 Jun 2023   |   5 min Read
അരുൺ ദ്രാവിഡ്

'Good neighborly relations between Iran and Saudi Arabia are essential for the stability of the Gulf region,'

 U.N. spokesperson Stephane Dujarric 

പശ്ചിമേഷ്യ മറ്റൊരു ഇഫ്താർ വിരുന്നിനു സാക്ഷിയായിരിക്കുകയാണ്. ബദ്ധവൈര്യം മറന്ന് സൗദിയും ഇറാനും, ചൈന ഒരുക്കിയ സമാധാനത്തിന്റെ മേശക്കു ചുറ്റുമിരുന്ന് സൗഹൃദം പങ്കുവെച്ചു. തങ്ങളുടെ ശത്രുത അവസാനിപ്പിച്ച് ഇറാനും സൗദിയും ചൈനയുടെ മധ്യസ്ഥതയിൽ വീണ്ടും ബന്ധം പുനഃസ്ഥാപിക്കുമ്പോൾ അത് അറബ് ലോകത്ത് മാത്രമല്ല ആഗോള രാഷ്ട്രീയ ഗതിയെ തന്നെ സ്വാധീനിക്കും എന്നതിൽ സംശയമില്ല. ഇക്കഴിഞ്ഞ മാർച്ച് പത്തിന് ബന്ധം പുനഃസ്ഥാപിക്കുന്നതായുള്ള ഇരുരാജ്യങ്ങളും നടത്തിയ പ്രസ്താവന അതിവിപുലമായ രാഷ്ട്രീയ സാധ്യതകളെയാണ് തുറക്കുന്നത്. ഇരു രാജ്യങ്ങളും അവരവരുടെ കോൺസുലേറ്റുകൾ തുറക്കുകയും ചെയ്തു. പശ്ചിമേഷ്യയുടെ സവിശേഷമായ ഒരു സമാധാന ശ്രമത്തിൽ പങ്കാളിയാകുക വഴി ചൈനയുടെ പശ്ചിമേഷ്യൻ നയതന്ത്രം കൂടി വിജയിക്കുകയാണെന്ന് പറയാതെവയ്യ. 

ഇറാന്റെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റ ഇബ്രാഹിം റെയ്‌സിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ഇത്തരമൊരു നീക്കം എന്നാണ് കരുതപ്പെടുന്നത്. അയൽ രാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധം സമാധാനപരമാകേണ്ടതുണ്ട് എന്ന് റെയ്സി അധികാരമേറ്റയുടൻ പ്രസ്താവിച്ചിരുന്നു. ഓമനിലും ഇറാഖിലും നടത്തിയ ചർച്ചകൾ പരാജയമായതിനെ തുടർന്നാണ് ചൈന വിഷയത്തിൽ ഇടപെടുന്നത്. ബേയ്ജിങ്ങിൽ മൂന്ന് രാജ്യങ്ങളും സംയുക്തമായി നടത്തിയ ചർച്ചയിലാണ് സമാധാനത്തിലേക്കുള്ള സിൽക്ക് റൂട്ട് തുറന്നത്.


Photo: China Daily

ഇറാനും സൗദിയും നിരവധിയായ വ്യത്യസ്തതകൾ ഉള്ള രാജ്യങ്ങളാണ്. അവരുടെ അഭിപ്രായഭിന്നതകൾ ഏതാണ്ട് എല്ലാ പശ്ചിമേഷ്യൻ പ്രശ്‌നങ്ങളിലും ലോകം കണ്ടതാണ്. ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ശാക്തികബല പരീക്ഷണങ്ങൾ (proxy war) മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയൊരു പ്രതിബന്ധമായിരുന്നു. സിറിയ, ലെബനോൻ, യെമൻ തുടങ്ങിയ ഏതാണ്ട് എല്ലാ രാജ്യങ്ങളിലെയും പ്രശ്‌നങ്ങളിലും അത് പ്രതിഫലിച്ചിരുന്നു. യെമൻ പ്രശ്‌നം അവസാനിപ്പിക്കേണ്ടത് സൗദി അറേബ്യയുടെ വലിയൊരു ബാധ്യതയായി മാറിയിരിക്കുന്ന ഘട്ടത്തിൽ കൂടിയാണ് ഇറാൻ-സൗദി ബന്ധം പൂർവ്വ സ്ഥിതിയിലാവുന്നത് എന്നതാണ് ഏറ്റവും ആശാവഹമായ കാര്യം. കാരണം, യെമനിലെ ഹൂത്തി വിമതർക്ക് ആയുധങ്ങൾ നൽകുന്നത് ഇറാനാണ്, ഇത് സൗദി പൗരന്മാർക്ക് വൻ ഭീഷണി ഉയർത്തുന്നുണ്ട്. ആയതിനാൽ സൗദിക്ക് യെമൻ പ്രശ്‌നത്തിനു ഒരു പരിഹാരം കണ്ടേ പറ്റൂ. അതിനുള്ള സാധ്യത പുത്തൻ സാഹചര്യത്തിൽ തുറന്നു വരുന്നുണ്ട്.

മാത്രമല്ല, യമൻ പ്രശ്‌നം അവസാനിക്കേണ്ടത് ചൈനയുടെ കൂടി ആവശ്യമാണ്. ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യെറ്റിവിന്റെ ഭാഗമായ ചൈന-സൗദി അറേബ്യ ഇൻഡസ്ട്രിയൽ പാർക്ക് (Jizan) യെമൻ അതിർത്തിയോട് ചേർന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്. ചൈന സൗദിയിൽ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നാമത്തേതാണ് ജിസാൻ പദ്ധതി. കലുഷിതമായ അന്തരീക്ഷത്തിൽ നിർമ്മാണ പ്രവർത്തികൾ നടത്താൻ സാധ്യമല്ല. ആയതിനാൽ മേഖലയിലെ സമാധാനം ചൈനയുടെ കൂടെ ബാധ്യതയാണ്. തങ്ങളുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യെറ്റിവിന്റെ സുഗമമായ നടത്തിപ്പിന് എന്ത് വിട്ടുവീഴ്ച്ചയും ഇടപെടലും നടത്താൻ ചൈന സന്നദ്ധമാവാൻ സാധ്യതയുണ്ട്. 

2015 ലാണ് ഇറാൻ സൗദി ബന്ധം വഷളാവുന്നത്. അതിനുശേഷം വലിയ ശ്രമങ്ങൾ നടന്നിരുന്നില്ല, ഇപ്പോൾ പുതിയ സാഹചര്യത്തിൽ നടന്നു വന്നിരുന്ന നയതന്ത്ര ഇടപെടലുകളാണ് വലിയ വഴിത്തിരിവ് ആയിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് പേർഷ്യൻ ഗൾഫിൽ മുഴുവൻ ഗുണം ചെയ്യും. ട്രേഡ്, ബിസിനസ്, നയതന്ത്ര ഇടപെടലുകൾ, മനുഷ്യ വിഭവശേഷിയുടെ കൈമാറ്റം തുടങ്ങിയ പശ്ചിമേഷ്യയുടെ ക്രയവിക്രയങ്ങളെയും മേഖലയിലെ സമാധാന ശ്രമങ്ങളെയും എല്ലാം സൗദി ഇറാൻ ബന്ധം സ്വാധീനിക്കും.

അഫ്ഗാനിസ്ഥാനിൽ താലിബാൻ തിരികെ എത്തിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല, അനന്തമായി തുടരുന്ന അഭയാർത്ഥി പ്രശ്‌നങ്ങൾ, ഇസ്ലാമിക രാഷ്ട്രീയം, ഇസ്ലാമിലെ തന്നെ വിവിധ വിഭാഗങ്ങൾ തമ്മിലെ ആശയ വിരുദ്ധതകൾ, രാഷ്ട്രീയ അസ്ഥിരതകൾ, റിബൽ പ്രവർത്തനങ്ങൾ, ഭീകരവാദം, ഇസ്രായേൽ പലസ്തീൻ പ്രശ്‌നം തുടങ്ങി നൂറുകണക്കിന് പ്രശ്‌നങ്ങളാണ് പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭാഗധേയത്തെ നിർണയിക്കുന്നത്. അവിടെയാണ് അതിനിർണായകമായ ഒരു മുന്നേറ്റം ഇപ്പോഴുണ്ടായിരിക്കുന്നത്. ഇറാൻ സൗദി മധ്യസ്ഥതക്ക് പുറമെ, ഇസ്രായേൽ പലസ്തീൻ പ്രശ്‌നത്തിലും ഇറാന്റെ ആണവായുധ കരാറിന്റ പുനഃക്രമീകരണത്തിലുമെല്ലാം ചൈന ഇടപെടാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ തിരികെയെത്തി രൂപീകരിച്ച സർക്കാരിനെ ചൈന പിന്തുണച്ചത് വലിയ വാർത്ത ആയിരുന്നു. എന്നാൽ മേൽപ്പറഞ്ഞ ഏതാണ്ടെല്ലാ അന്താരാഷ്ട്ര വിഷയങ്ങളിലും ചൈന സ്വീകരിച്ച നിലപാടിന് പിന്നിൽ അവരുടെ 'ദേശീയ താല്പര്യങ്ങൾ' ഉണ്ടായിരുന്നു എന്നത് കാണേണ്ടതുണ്ട്. 


ഇബ്രാഹിം റെയ്‌സി

അമേരിക്കൻ ആധിപത്യവും ചൈന എന്ന ബദലും

സമീപകാല രാഷ്ട്രീയം പരിശോധിച്ചാൽ അമേരിക്കൻ ഭരണകൂടം ഇൻഡോ-പസഫിക് മേഖലയിലും കിഴക്കൻ യൂറോപ്പിലുമാണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് എന്ന് കാണാനാവും. അമേരിക്ക പശ്ചിമേഷ്യയിൽ നിന്നും പിന്മാറുന്നു എന്ന വാദം ശക്തമായ ഘട്ടത്തിൽ ആ വിടവിലേക്കാണ് ചൈന കടന്നുവന്നിരിക്കുന്നത്. സാമ്പത്തിക ഇടപെടലുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ചൈനയാണ് ഇപ്പോൾ പുതിയ റോളിൽ വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഗൾഫ് മേഖലയിലെ ചൈനീസ് ഇടപെടൽ ശ്രദ്ധിക്കപ്പെടുന്നവയാണ്.

പശ്ചിമേഷ്യയിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ചൈനക്ക് വലിയ നയതന്ത്ര-വ്യാപാര ബന്ധമാണുള്ളത്. രണ്ട് പതിറ്റാണ്ടിലധികമായി ചൈനയുടെ ഊർജ ഉറവിടമായി ഗൾഫ് രാജ്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 2000 മുതൽ 2020 വരെയുള്ള വർഷങ്ങളിൽ ചൈനക്ക് വലിയ തോതിൽ ഇന്ധനം ആവശ്യമായിരുന്നു, ഈ കാലയളവിൽ ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ഇന്ധനത്തിന്റെ മൂന്നിലൊന്നു ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. അതിൽ തന്നെ പതിനഞ്ചു ശതമാനം സൗദി അറേബ്യയിൽ നിന്നും മാത്രമാണെന്നതും സവിശേഷമായി പരിഗണിക്കേണ്ടതുണ്ട്. ചൈനയിലേക്ക് ഏറ്റവും കൂടുതൽ ഇന്ധനം കയറ്റി അയക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് സൗദി. ഇറാൻ - ചൈന ബന്ധവും പശ്ചിമേഷ്യയിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. ഇറാന്റെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ മുപ്പത് ശതമാനവും ചൈനയുമായി ഉള്ളതാണ്. 

ഇന്ന് പശ്ചിമേഷ്യയയിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യവും വ്യാപാര പങ്കാളിയും ചൈനയാണ്. 177 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് നിലവിൽ ചൈന നടത്തിയിരിക്കുന്നത്, അതിൽ 70 ബില്യൺ ഗൾഫ് രാജ്യങ്ങളിൽ മാത്രമാണ്. സാമ്പത്തിക കൈമാറ്റത്തിൽ മറ്റേത് രാജ്യത്തെക്കാളും ചൈന ഒരുപടി മുന്നിലാണ്. ചൈനയുടെ ഓയിൽ ഇറക്കുമതിയിൽ നിർണായക പങ്ക് വഹിച്ചിരുന്ന റഷ്യ, യുക്രൈനുമായുള്ള യുദ്ധമുഖത്താണ്. അവ ചൈനയുടെ ഇന്ധന ആവശ്യത്തെ അലോസരപ്പെടുത്തുന്നുണ്ട്. ഗ്ലോബൽ സൂപ്പർ പവർ എന്നരീതിയിലുള്ള ചൈനയുടെ പ്രയാണത്തിലേക്ക് ഇന്ധനം ഒരു ആവശ്യ ഘടകമാണ്, റഷ്യ-യുക്രൈൻ യുദ്ധത്തിന് പുറമെ പശ്ചിമേഷ്യയിലും ആഭ്യന്തര കലഹങ്ങൾ മൂർച്ഛിച്ചാൽ ചൈനയുടെ താല്പര്യങ്ങൾക്ക് അത് വെല്ലുവിളി ഉയർത്തും എന്നതിൽ സംശയമില്ല. മാത്രമല്ല, എനർജി സാധ്യത മാത്രമല്ല ചൈനയുടെ പശ്ചിമേഷ്യൻ സഫാരിക്ക് പിന്നിലുള്ളത്. നിരവധിയായ മറ്റു ഘടകങ്ങൾ കൂടിയുണ്ട് അതിനു പിന്നിൽ.

അമേരിക്കൻ ആധിപത്യത്തിനു വിള്ളൽ വീഴ്ത്താൻ ചൈനക്ക് ആവുന്നുണ്ട്. അത്രകണ്ട് വലിയ തോതിൽ അല്ലെങ്കിലും അമേരിക്കൻ നയതന്ത്രജ്ഞർ ചൈനയുടെ ഇടപെടലുകളെ സാകൂതം വീക്ഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപെടലിലൂടെ ചൈന നേടിയിട്ടുള്ള സ്വീകാര്യത ഒരു ആഗോള സാമ്പത്തിക ശക്തി എന്നനിലയിലും ബദൽ മാതൃക എന്ന രീതിയിലും ചൈനയെ മേഖലയിൽ പരിചിതനാക്കുന്നുണ്ട്. ഇത് അമേരിക്കൻ താല്പര്യങ്ങളെ വെല്ലുവിളിക്കാൻ പോരുന്നതാണെന്നതിൽ സംശയമില്ല. എന്നാൽ ചൈനീസ് ഇടപെടലുകളെ കുറയ്ക്കാൻ അമേരിക്കയും ശ്രമിക്കുന്നുണ്ട്.


Representational Image: Twitter

ഇറാൻ- സൗദി സമാധാന ശ്രമങ്ങളെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് സ്വാഗതം ചെയ്തിരുന്നു. 'മേഖലയിലെ സമാധാന ശ്രമങ്ങളെ ഞങ്ങൾ പിന്തുണക്കുന്നുവെന്നും അത് കലഹങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നും അമേരിക്ക പ്രതികരിച്ചിരുന്നു'. എന്നാൽ ഇവയെ അത്ര നിഷ്‌കളങ്കമായി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. ആഫ്രിക്കൻ മണ്ണിൽ ചൈന ഒന്നാം നമ്പർ ശക്തി ആയതുപോലെ ലോകത്തിന്റെ മറ്റു മേഖലകളിലേക്കും ചൈന കടന്നു കയറുന്നത് അമേരിക്കക്ക് അലോസരമുണ്ടാക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

ചൈനയെ സംബന്ധിക്കുന്ന പശ്ചാത്യ കഥകളും വാർത്തകളും അമേരിക്കൻ നിർമിത നറേറ്റീവുകളും വർധിക്കുന്ന കാലത്ത് തന്നെയാണ് ആഗോള തലത്തിൽ ചൈന പുത്തൻ പദവികളിലേക്കു കാലെടുത്തു വയ്ക്കുന്നത്. ഇത് അവരെ സംബന്ധിക്കുന്ന നിർമിത കഥകൾക്കുള്ള മറുപടി കൂടിയാണെന്ന് പറയേണ്ടി വരും. 'ചൈനീസ് സവിശേഷതകളോട് കൂടിയുള്ള സോഷ്യലിസം' ലോകത്തെ ഒരു സോഷ്യലിസ്റ്റ് ചേരിയിലേക്ക് അത്യാധുനിക സാങ്കേതിക മികവോടു കൂടി കൊണ്ടുപോകാൻ ഉള്ളതാണെന്നാണ് ചൈനീസ് അനുകൂല പണ്ഡിതർ വിശേഷിപ്പിക്കുന്നത്. മുതലാളിത്വം സൃഷ്ടിച്ച അനാദിയായ പ്രതിസന്ധികളിൽ ചൈന വേറിട്ട പാത തുറക്കുന്നതും അമേരിക്കൻ സാമ്പത്തിക താല്പര്യങ്ങളെ ചോദ്യം ചെയ്യുന്നതും സവിശേഷമായ കാര്യം തന്നെയാണ്.

മധ്യേഷ്യയിലേക്ക് ഡൽഹിയിൽ നിന്നൊരു രാഷ്ട്രീയ ഇടനാഴി

മധേഷ്യയിലെ വളരുന്ന ചൈനീസ് സാന്നിധ്യത്തെ വെല്ലുവിളിക്കാൻ ഇന്ത്യൻ നയതന്ത്ര വിദഗ്ധർ വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി വിപുലമായ ഇടപെടലുകളാണ് ഗൾഫ് മേഖലയിൽ ഇന്ത്യ നടത്തുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളുമായി ഇന്ത്യക്ക് സവിശേഷമായ ചരിത്രപരമായ ബന്ധമാണുള്ളത്. മാത്രമല്ല, ലോകത്തുള്ളതിൽ വെച്ച് ഏറ്റവും വലിയ ഇന്ത്യൻ ഡയസ്‌പോറ ഗൾഫ് രാജ്യങ്ങളിലാണ്. സാമ്പത്തിക വിനിമയത്തിലും എണ്ണ ഇറക്കുമതിയിലുമെല്ലാം ഗൾഫിനു പ്രത്യേക സ്ഥാനം ഉണ്ട്. ഇന്ത്യ പാകിസ്ഥാൻ ബന്ധത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇന്ത്യ-പശ്ചിമേഷ്യ ബന്ധത്തിൽ ഉള്ളതിനാൽ ആഭ്യന്തര നയത്തെപ്പോലെ തന്നെ നിർണായകമാണ് ഈ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ.

ഇന്ത്യയെ സംബന്ധിക്കുന്ന ഏറ്റവും സുപ്രധാന മേഖലയിലേക്കാണ് ചൈന പുതിയ റോളിൽ എത്തിയിരിക്കുന്നത്. ഇത് ഇന്ത്യൻ നയതന്ത്രജ്ഞരെ പുതിയ രീതിയിൽ വിഷയങ്ങളെ സമീപിക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അതിന്റെ ഭാഗമായി യു.എ.ഇ, സൗദി അറേബ്യ, യു.എസ്, ഇസ്രായേൽ എന്നിവയുമായി ചേർന്ന് ഇന്ത്യ ഒരു കണക്ടിവിറ്റി പ്രൊജക്റ്റ് തയ്യാറാക്കുന്നുണ്ട്. മേൽപ്പറഞ്ഞ രാജ്യങ്ങൾ മിഡിൽ ഈസ്റ്റ് വിഷയങ്ങൾക്കായുള്ള ഇന്ത്യ യു.എസ് സംയുക്ത സംരംഭമായ I2U2 വിലെ അംഗ രാജ്യങ്ങളാണ്. ക്വാഡിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്-അഥവാ ക്വാഡ്-പോലെ ഒരു ചൈന വിരുദ്ധ സെക്യൂരിറ്റി ഗ്രൂപ്പ് അല്ല I2U2 എന്ന് 'ഫോറിൻ പോളിസി' മാഗസിൻ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ ചൈനീസ് ഇടപെടലിൽ ആശങ്ക ഉള്ളതിനാലാണ് പുതിയ കണക്ടിവിറ്റി പ്രൊജക്റ്റ് എന്ന് ഏതൊരാൾക്കും മനസിലാകും.


മുഹമ്മദ് ബിൻ സൽമാൻ | Photo: Wiki Commons

അമ്പിഷ്യസ് കണക്ടിവിറ്റി പ്രൊജക്റ്റിന്റെ ഭാഗമായി റോഡ്-റെയിൽ ഗതാഗത സംവിധാനങ്ങൾ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ആരംഭിക്കാൻ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നേതൃത്വം നൽകിയ ചർച്ചയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്തു എന്നതും ശ്രദ്ധേയമാണ്. ഇസ്രായേലുമായി വലിയ ആശയ വൈരുദ്ധ്യം നിലനിൽകുമ്പോൾ തന്നെയാണ് സൗദി ഇത്തരമൊരു കൂടിക്കാഴ്ചക്ക് തയ്യാറാവുന്നത് എന്നതാണ് മറ്റൊരു സവിശേഷത. എന്ത് തന്നെയായാലും ഇന്ത്യ സജീവമായി തന്നെ പശ്ചിമേഷ്യയിൽ ഇടപെടാൻ തുടങ്ങിയിട്ടുണ്ട്. 

'ചൈന പേടി'യെ രാജ്യങ്ങൾ അതീവ ഗൗരവത്തോടെ കാണുന്നുണ്ട്. ചൈനക്ക് പക്ഷെ തങ്ങളുടെ ബൃഹത്തായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പോലെയുള്ള ഗ്ലോബൽ സ്ട്രാറ്റജികൾ നടപ്പിലാക്കാൻ ഈ രാജ്യങ്ങളുടെ പിന്തുണ കിട്ടിയേ തീരു. ലോകത്തിന്റെ ഫാക്ടറിയായി പറയപ്പെടുന്ന ചൈനക്ക് അവരുടെ ആഭ്യന്തര ഉത്പാദനം സുഗമമാക്കാനും നിർമ്മിക്കപ്പെട്ടവ വിറ്റഴിക്കാനും വലിയ കമ്പോളങ്ങൾ ലോകമെങ്ങും സ്ഥിരമായി വേണ്ടതുണ്ട്. 2023 മെയ്യിലെ കണക്ക് അനുസരിച്ച് 283.5 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ചൈന നടത്തിയിരിക്കുന്നത്. തങ്ങളുടെ വ്യാപാരം വ്യാപിപ്പിക്കാനും 'തുറന്ന' ഉഭയകക്ഷി ബന്ധം തുടരാനും ചൈന പുതിയ വഴികളും റോളുകളും സ്വീകരിക്കുന്നതിൽ അത്ഭുതമില്ല. 2050 ൽ ഒരു പുതിയ സോഷ്യലിസ്റ്റ് ലോക ക്രമം സൃഷ്ടിക്കാനുള്ള ശ്രമകരമായ ദൗത്യം ചൈന നടത്തി വരികയാണെന്ന് ചില ചിന്തകർ വിലയിരുത്തുന്നത് തെറ്റാനിടയില്ല. എന്നിരുന്നാലും മദ്ധ്യേഷ്യയിൽ ചൈന അണിഞ്ഞിരിക്കുന്ന പുതിയ കുപ്പായം ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിക്കിക്കാൻ സാധ്യതയുണ്ട്. സമകാലിക ലോക ക്രമത്തിൽ അതിനിർണായക ശക്തിയായി ഉയരണമെങ്കിൽ ഇത്തരം പുതിയ റോളുകളിലേക്ക് മാറേണ്ടതുണ്ട്. ഇത് ആഗോള രാഷ്ട്രീയ ഗതിയെ എങ്ങനെ സ്വാധീനിക്കും എന്നാണ് ഇനി അറിയേണ്ടത്.

#outlook
Leave a comment