യോണ്‍ ഫോസ്സെ: ഫിക്ഷന്റെ നവയുഗശില്പി
നോര്‍വീജിയന്‍ നാടകകൃത്തും കവിയും നോവലിസ്റ്റുമായ യോണ്‍ ഫോസ്സെയ്ക്ക് ഒടുവില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരിക്കുന്നു. ഏറെ നാളായി സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാര ചര്‍ച്ചകളില്‍ ഫോസ്സെ ഇടംപിടിച്ചിരുന്നു. ഊഹാപോഹങ്ങള്‍ക്കിടയില്‍ ഉച്ചരിക്കാനാവാതെപോയ വാക്കുകള്‍ക്ക് ശബ്ദം നല്‍കിയ ഈ മഹാസാഹിത്യകാരന് സ്വീഡിഷ് അക്കാദമി നൊബേല്‍ പുരസ്‌കാരം സമര്‍പ്പിച്ചിരിക്കുകയാണ്.
നാല്പതോളം നാടകങ്ങളും, കവിത, ഉപന്യാസം, നോവല്‍, ചെറുകഥ എന്നീ മേഖലകളിലും മൗലിക സംഭാവന നല്‍കിയ ഈ എഴുത്തുകാരന്‍ നോര്‍വെയിലെ ഹോഗിസുന്റില്‍ 1959 ല്‍ ജനിച്ചു. പന്ത്രണ്ടാം വയസ്സില്‍ കവിത രചിച്ചുകൊണ്ടാണ് ഫോസ്സെ സാഹിത്യ ലോകത്തേക്കു പ്രവേശിക്കുന്നത്. 1983 ല്‍ ആദ്യ നോവല്‍ Red Black രചിച്ചു. അമ്പതിലേറെ ഭാഷകളിലേക്ക് ഈ എഴുത്തുകാരന്റെ കൃതികള്‍ ഭാഷാന്തരീകരണം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നാടകങ്ങളെ ഹാരോള്‍ഡ് പിന്ററുടെയും സാമുവല്‍ബെക്കറ്റിന്റെയും കൃതികളോട് വിമര്‍ശകര്‍ തുലനം ചെയ്യാറുണ്ട്. പുതിയ കാലത്തിന്റെ ഇബ്‌സന്‍ എന്നു വിളിക്കപ്പെടുന്ന ഫോസ്സെയുടെ മുഖ്യ നോവലുകള്‍ മെലങ്കളി I - II , സെപ്‌റ്റോളജി I - VII , ട്രിലജി എന്നിവയാണ്. ആയിരത്തിലേറെ പുറങ്ങള്‍ ഉള്ള സെപ്‌റ്റോളജി സവിശേഷമായ രചനാശൈലികൊണ്ട് ശ്രദ്ധേയമാണ്.
യോണ്‍ ഫോസ്സെ | FACEBOOK : WIKI COMMONS
ആഖ്യാന കലയില്‍ വലിയ സാധ്യതകളെ അനുഭവിപ്പിച്ച ബോധധാരാരീതി ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചവരാണ് മാര്‍സല്‍ പ്രൂസ്ത്, വെര്‍ജീനിയ വുള്‍ഫ്, ജെയിംസ് ജോയിസ് തുടങ്ങിയവര്‍. സമകാലിക ലോകസാഹിത്യത്തില്‍ ആഖ്യാനപരമായ വലിയ പരീക്ഷണങ്ങള്‍ നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്ത എഴുത്തുകാരനാണ് യോണ്‍ ഫോസ്സെ (Jon Fosse) ഹെന്റിക് ഇബ്‌സനോടും സാമുവല്‍ ബെക്കറ്റിനോടുമാണ് ഇദ്ദേഹത്തെ തുലനം ചെയ്യാറുള്ളത്.
ഫോസ്സയുടെ സെപ്‌റ്റോളജി (7 പുസ്തകങ്ങള്‍) ബോധധാരാ രചനാ രീതിയില്‍ത്തന്നെ പരീക്ഷണാത്മകതകൊണ്ട് വളരെ ശ്രദ്ധേയമാണ്. ഒരു നോവല്‍ മുഴുവനും പൂര്‍ണ്ണവിരാമമില്ലാതെ എഴുതിത്തീര്‍ക്കുക എന്ന സാഹസമാണ് ഈ പ്രതിഭാശാലിയായ സാഹിത്യകാരന്‍ നിര്‍വഹിച്ചിട്ടുള്ളത്. ഒരു കഥാപാത്രത്തിന്റെ തന്നെ പേരുള്ള മറ്റൊരു കഥാപാത്രത്തെ സന്നിവേശിപ്പിച്ചുകൊണ്ട് കഥാപാത്രത്തിന്റെ ഇരട്ട വ്യക്തിത്വത്തെ നിര്‍മ്മിക്കുകയും കഥാപാത്രങ്ങളുടെ പേരിനെ തിരിച്ചിട്ട് മറ്റൊരു കഥാപാത്രത്തിനു നല്‍കുന്ന രീതിയും (anagrammatic) അവലംബിച്ചുകൊണ്ട് നോവലില്‍ പുതുമ കൊണ്ടുവരുന്നു. ഇത് പുതുമയ്ക്കുവേണ്ടി ചെയ്യുന്ന ഒരു ലൊടുക്കുവിദ്യയല്ല, കഥയുടെ വികാസപരിണാമങ്ങളില്‍ അനുപൂരകമായി സംഭവിക്കുന്നതാണെന്നു മനസ്സിലാക്കാം. Asle യുടെ ഭാര്യയുടെ പേര് Ales എന്നാണ്. അക്ഷരങ്ങളെ മറിച്ചിട്ടുകൊണ്ടുള്ള ഒരു പ്രക്രിയ ഇവിടെ നടക്കുന്നുണ്ട്.
ഓര്‍മ്മകളുടെ ഒഴുക്കാണ് ബോധധാരാ നോവലുകളില്‍ സംഭവിക്കുന്നത്. അതിനു ദിശയേതെന്നോ കാലപ്രമാണങ്ങളേതെന്നോ നോക്കേണ്ട കാര്യമില്ല. ക്രമത്തേക്കാള്‍ ക്രമരാഹിത്യമായിരിക്കും അവിടെ സംഭവിക്കുക. ഓര്‍മ്മകള്‍ ചിതറിപ്പരന്ന് ഒഴുകുന്നത് എങ്ങോട്ടേക്കെന്ന് പ്രവചിക്കുക വയ്യ. അത് ഒരു നിമിഷത്തെ വിസ്‌ഫോടനത്തില്‍ സംഭവിക്കുന്നതാണ്. ഒരു മേഘവിസ്‌ഫോടനം പോലെയോ ഒരു അണമുറിയല്‍ പോലെയോ.
ഇതിലെ മുഖ്യകഥാപാത്രം അസ്ലെ (Asle) എന്ന പെയിന്ററാണ്. അയാള്‍ക്ക് ഒരു അപരനുണ്ട്. അഥവാ ഒരാളുടെ തന്നെ വിഭജിത സ്വത്വമാണയാള്‍. അവര്‍ സൗഹൃദത്തിലാണ്. ഒന്നാമന്‍ അസ്ലെ മദ്യപിക്കുകയില്ല. അയാള്‍ സ്പിരിച്വലായ ജീവിതം ആണു നയിക്കുന്നത്. വളരെ ലളിതമായ (austere) ജീവിതം നയിക്കുന്ന ഈ വൃദ്ധന്റെ ബോധധാരാസ്മൃതികളാണ് നോവലിലുള്ളത്. അസ്ലെയുടെ ഭാര്യ വിവാഹാനന്തരം മരിക്കുന്നു. അവളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് നോവലിലുള്ളത്. കൂടാതെ രണ്ടാമന്‍ അസ്ലെയെക്കുറിച്ചുള്ള ഓര്‍മ്മകളും കൂടിക്കുഴഞ്ഞ് പ്രവഹിക്കുകയാണ്.ഒരു ക്രിസ്മസ്‌ക്കാലത്ത് അയല്‍വാസി അസ്ലീമുമായുള്ള ഒരു ബോട്ട് യാത്ര മാറ്റി നിറുത്തിയാല്‍ ഏറിയ സമയവും തന്റെ കട്ടിലില്‍ കിടന്ന് ഭൂതകാലത്തെ ഓര്‍മ്മിച്ചെടുക്കുന്ന ഒരു നിഷ്‌ക്രിയ ജീവിതമാണ് ഒന്നാമന്‍ അസ്ലെയ്ക്കുള്ളത്. രണ്ടാമന്‍ തികഞ്ഞ മദ്യപന്‍. അയാളും പെയിന്റര്‍ തന്നെ. ഈ ഇരട്ട വ്യക്തിത്വത്തെ നോവലില്‍ അവതരിപ്പിക്കുന്നതു തന്നെ ഫോസ്സെയുടെ ആഖ്യാന മികവിനുദാഹരണമാണ്. ഒരാളുടെ തന്നെ വിഭജിത വ്യക്തിത്വമായി കരുതുകയാണ് ഉചിതം.
കിഴക്കന്‍ യൂറോപ്പിലെ എഴുത്തുകാരില്‍ നവ്യമായ ഒരു ആത്മീയതയുടെ ആന്തരപ്രവാഹം ശക്തമാണ്. ആധുനിക യുഗത്തില്‍ യുക്തിക്കു അമിത പ്രാധാന്യം കൈവന്നപ്പോള്‍ മനുഷ്യരനുഭവിച്ച അനുഭൂതി നഷ്ടത്തെക്കുറിച്ച് ഒട്ടൊക്കെ വിഹ്വലതയുള്ള ഒരുപറ്റം എഴുത്തുകാര്‍ ഉയര്‍ന്നുവന്നു. ആത്മീയതയെ തിരിച്ചുപിടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം അവരുടെ സൃഷ്ടികളില്‍ ഇടംപിടിച്ചു. എന്നാല്‍ അത്യന്തം കലാത്മകമായി അതു നിര്‍വഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞു എന്നത് പ്രധാനമാണ്. കാള്‍ ഓവ് നോസ്ഗാഡി (Karl Ove Knausgaard )നെപ്പോലുള്ളവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. യോണ്‍ ഫോസ്സെ ഇവരില്‍ പ്രമുഖനായ എഴുത്തുകാരനാണ്. ഫോസ്സെയിലെ ആത്മീയത മതാത്മകമായ ആത്മീയത തന്നെയാണ്. കിഴക്കന്‍ യൂറോപ്പിലും മറ്റും ശക്തിപ്രാപിക്കുന്ന ക്രിസ്റ്റ്യാനിറ്റിയുടെ പ്രതിഫലനമാണ് ഫോസ്സെയുടെ കൃതികളില്‍ കാണാന്‍ കഴിയുക. എങ്കിലും കേവലമായ കണ്‍വന്‍ഷണല്‍ ക്രിസ്റ്റ്യന്‍ ചിന്തയല്ല സെപ്‌റ്റോളജിയിലുള്ളത്.
ജീവിതത്തിന്റെയും മരണത്തിന്റെയും മിസ്റ്ററികളെക്കുറിച്ചുള്ള ഒരു പ്രബന്ധം എഴുതുന്നതിനു പകരം മനസ്സിന്റെ തുരങ്കങ്ങളിലൂടെ യാത്ര ചെയ്യുകയും അപ്പപ്പോള്‍ രൂപംകൊള്ളുന്ന ഓര്‍മ്മകളും ചിന്തകളും യാതൊരു ക്രമീകരണവുമില്ലാതെ വായനയ്ക്കും അനുഭവത്തിനും വിട്ടുകൊടുക്കുന്ന ഏറ്റവും സ്വാഭാവികമായ ആവിഷ്‌കാരം എന്നു ചിലപ്പോള്‍ തോന്നിപ്പിച്ചു കൊണ്ടും അതേസമയം, ഗൗരവാവഹമായ ഒരു ദര്‍ശനത്തെ ഏറ്റവും സോഫിസ്റ്റിക്കേറ്റഡായി അവതരിപ്പിക്കാനുള്ള നിരന്തര വ്യഗ്രതയും കൂടിച്ചേര്‍ന്നാല്‍ യോണ്‍ ഫോസ്സെയുടെ നോവല്‍ പിറക്കുകയായി എന്നു പറയാം.
'A picture is not done until there's light in it' എന്നു അസ്ലെയെ കരുതുന്നുണ്ട്. ഈ പ്രകാശം കലയെ സംബന്ധിച്ചു മാത്രമല്ല, ആത്മീയതയെ സംബന്ധിച്ചും വെളിച്ചം നല്‍കുന്നുണ്ട്. നോവല്‍ അവസാനിക്കുന്നത് ഈ പ്രകാശം കടന്നുവരുന്നതോടെയാണ്....a ball of blue light shoots into my forehead and burst and I say reeling inside myself Ora Pro nobis peccatoribus nunc et in hora'
ANew Name
(പുറം 228)
ഒടുവില്‍ കൊടുത്തിട്ടുള്ള ലാറ്റിന്‍ വാക്യത്തോടുകൂടിയാണ്. (പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പേഴും ഞങ്ങളുടെ മരണസമയത്തും പ്രാര്‍ത്ഥിക്കണമേ എന്നര്‍ത്ഥം)
ആത്മീയതയില്‍ താല്പര്യമില്ലാത്തവര്‍ക്കും യോണ്‍ ഫോസ്സെയുടെ ഈ നോവല്‍ വായിച്ച് ആസ്വദിക്കാന്‍ കഴിയുന്നതാണ്.
Scenes from a Childhood എന്ന കഥാസമാഹാരത്തില്‍ ആത്മകഥാപരമായ, ബാല്യകാല സംബന്ധമായചെറുകഥകള്‍ ആണുള്ളത്. അവ പലതും ഫ്‌ളാഷ് സ്റ്റോറി എന്നു വിളിക്കാവുന്ന കുറുങ്കഥകളാണ്. ഒരു ഉദാഹരണം നല്‍കട്ടെ.
I'M HAPPY
I've been to town to buy myself some new clothes. I bought a book of writings by Karl Marx. I lie on the bed and read words and sentences I don't understand at all. The next day, I bring a dictionary home from the school I go to. I look up a lot of words. I understand a little, and I'm happy. നോക്കുക, യാതൊരു ആര്‍ഭാടവുമില്ലാതെ, നിത്യജീവിതത്തില്‍ വര്‍ത്തമാനം പറയുന്നതുപോല്‍ കഥ പറഞ്ഞു പോവുന്നതിന്റെ സാരള്യം!
അതോടൊപ്പം സാമാന്യം ദീര്‍ഘമായ And Then My Dog will Come Back To Me എന്ന നോവലെറ്റും ഈ സമാഹാരത്തിലുണ്ട്. വായിച്ചാല്‍ കഥയാണോ എന്നു തോന്നിപ്പോകും മട്ടിലുള്ള ആവിഷ്‌കാരരീതിയാണ് ഫോസ്സെയുടെ കഥകളുടെ ഒരു സ്വഭാവം.സാഹിത്യഭാഷ തീരെ ഉപയോഗിക്കാതെ എഴുതുന്ന ഫോസ്സെയുടെ രചനാശൈലി ധാരാളം വായനക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്. കഥയെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കല്പനങ്ങളെ നിരാകരിക്കുന്ന ഒരു രചനാരീതിയാണ് സീന്‍സ് ഫ്രം എ ചൈല്‍ഡ് ഹുഡില്‍ ഫോസ്സെ സ്വീകരിച്ചിട്ടുള്ളത്.
നോവല്‍ കലയില്‍ വമ്പിച്ച പരീക്ഷണങ്ങളും പരിവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ് ഇക്കാലത്ത്. ആധുനിക നോവലിന് തന്റെ പ്രതിഭാസ്പര്‍ശത്താല്‍ മിഴിവും കരുത്തും പകര്‍ന്നു നല്‍കിയ ഈ എഴുത്തുകാരന്റെ നാടകങ്ങളൊന്നും നമ്മുടെ നാട്ടില്‍ പ്രചരിച്ചു തുടങ്ങിയിട്ടില്ല. നോവലുകള്‍ തന്നെ അപൂര്‍വ്വമായി മാത്രമേ എത്തിയിട്ടുള്ളു. ഏറെ നാടകങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും നോവലിസ്റ്റ് എന്ന നിലയിലാണ് ഫോസ്സെയുടെ പ്രശസ്തി വ്യാപിച്ചിട്ടുള്ളത്. മികച്ച സാഹിത്യം ആസ്വദിക്കുന്നവര്‍ക്ക് ആഹ്ലാദം നല്‍കുന്ന വാര്‍ത്തയാണ് ഈ നൊബേല്‍ പ്രഖ്യാപനത്തിലൂടെ കൈവന്നിട്ടുള്ളത്.