.jpg)
'ബുള്‍ഷിറ്റ് ജോബ്സ്' ആവുന്ന മാധ്യമ പ്രവര്‍ത്തനം
നരവംശ ശാസ്ത്രജ്ഞനായ ഡേവിഡ് ഗ്രേയ്ബറുടെ ബുള്‍ഷിറ്റ് ജോബ്സ്: എ തിയറി എന്ന പ്രശസ്തമായ കൃതി പുറത്തു വന്നിട്ട് ഏഴു വര്‍ഷമാവുന്നു. chatgpt, deepseek തലമുറക്കാര്‍ തങ്ങളുടെ ഇഷ്ടപ്പെട്ട എഐ ബോട്ടിനെ പ്രോംപ്റ്റ് ചെയ്താല്‍ പുസ്തകത്തിന്റെ സംക്ഷിപ്ത വിവരണം ലഭിക്കും. വായിക്കാതെ ജ്ഞാനിയാവാം. ഏതായാലും ഗ്രേയ്ബര്‍ വിവരിക്കുന്ന കാലഹരണപ്പെട്ട അഞ്ചു തൊഴില്‍ മേഖലകളില്‍ മാധ്യമ പ്രവര്‍ത്തനം അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ജീവിച്ചിരുന്നുവെങ്കില്‍ -- 2020-ല്‍ 59 മാത്തെ വയസ്സില്‍ അകാല മരണം --- മാധ്യമ പ്രവര്‍ത്തനത്തെയും അദ്ദേഹം ബുള്‍ഷിറ്റ് ജോബ്സില്‍ ഉള്‍പ്പെടുത്തുമായിരുന്നു. ഗാസയിലെ വംശഹത്യ മുതല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന സൈനിക സംഘര്‍ഷം വരെയുള്ള വാര്‍ത്തകളും, വിശകലനങ്ങളും മാത്രം മതി അങ്ങനെ ഒരു നിഗമനത്തിലെത്താന്‍. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത മാതൃകയായി പരിശോധിക്കാം. അതിന് മുന്‍പ് ചെറിയൊരു ഭൂമിശാസ്ത്ര വിവരണം അത്യാവശ്യമാണ്.
ചെര്‍ണോബിലില്‍ നിന്നും സ്വീഡനിലേക്കുള്ള ദൂരം ഏകദേശം 1,200 കിലോമീറ്റര്‍ എന്നാണ് ഒരു ഗൂഗിള്‍ സെര്‍ച്ച് കാണിക്കുന്നത്. ചിലതില്‍ 1,500 കിലോമീറ്റര്‍ എന്നും കാണുന്നു. ഏതായാലും ആയിരം കിലോമീറ്ററില്‍ അധികമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ട. 1986 ഏപ്രില്‍ 26 നാണ് ചെര്‍ണോബില്‍ ആണവ ദുരന്തം. ഏപ്രില്‍ 28-ന് അതായത് അപകടം നടന്ന് രണ്ടു ദിവസത്തിനുള്ളില്‍ ആയിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടി ആണവ വികിരണം നിറഞ്ഞ വിഷവായു സ്വീഡനില്‍ എത്തി. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിനടുത്തുള്ള ഒരു ആണവ പ്ലാന്റിലെ ജീവനക്കാരാണ് തങ്ങളുടെ വസ്ത്രങ്ങളിലടക്കം റേഡിയേഷന്‍ തോത് അസാധാരണമായ നിലയില്‍ ഉയര്‍ന്ന കാര്യം ആദ്യം തിരിച്ചറിയുന്നത്. സ്വന്തം പ്ലാന്റില്‍ എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടായതാണോ എന്നതായിരുന്നു അവരുടെ ആദ്യ സംശയം. എന്നാല്‍ അവിടെ തകരാറുകളൊന്നും ഇല്ലെന്ന് അവര്‍ കണ്ടെത്തി. അതോടെ റേഡിയേഷന്റെ ഉറവിടം തേടി, കാറ്റിന്റെ ദിശയടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി. തെക്കു-കിഴക്കന്‍ ദിശയില്‍ നിന്നുള്ള കാറ്റിലാണ് ഉയര്‍ന്ന തോതിലുള്ള റേഡിയേഷന്റെ സഞ്ചാരപഥം എന്ന കാര്യം അതില്‍ വെളിപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അതിന്റെ ഉറവിടം സോവിയറ്റ് യൂണിയനിലെ ചെര്‍ണോബില്‍ ആകാമെന്ന നിഗമനത്തിലെത്തി. സ്വീഡിഷ് അധികാരികള്‍ മോസ്‌കോയിലെ സ്വീഡിഷ് എംബസിയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അവര്‍ സ്വാഭാവികമായും സോവിയറ്റ് യൂണിയനുമായി ബന്ധപ്പെട്ടു. തങ്ങളുടെ ആണവ നിലയങ്ങളെല്ലാം ഭദ്രവും സുരക്ഷിതവുമാണെന്ന് സോവിയറ്റ് അധികൃതര്‍ അവകാശപ്പെട്ടു. ഒടുവില്‍ ഇക്കാര്യത്തില്‍ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി ഇന്‍സ്പെക്ഷന്‍ ആവശ്യപ്പെടുമെന്ന് സ്വീഡന്‍ നിര്‍ബന്ധം പിടിച്ചു. അപ്പോഴാണ് 'സോഷ്യലിസ്റ്റ്' സാഹോദര്യത്തിന്റെ പ്രതീകമായിരുന്ന സോവിയറ്റ് അധികൃതര്‍ ചെര്‍ണോബിലില്‍ അപകടം സംഭവിച്ച കാര്യം സമ്മതിക്കുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
പാകിസ്താനിലെ ലാഹോറില്‍ നിന്നും ഇന്ത്യയിലെ വാഗ അതിര്‍ത്തിയിലേക്കുള്ള ദൂരം 27 കിലോമീറ്റര്‍ മാത്രമാണ്. ലാഹോറില്‍ നിന്നും കിരാന കുന്നിലേക്കുള്ള ദൂരം ഏകദേശം 180 കിലോമീറ്ററും. സമുദ്ര നിരപ്പില്‍ നിന്നും ശരാശരി 600 അടി ഉയരത്തിലുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ കിരാന കുന്നുകള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ സര്‍ഗോധ ജില്ലയിലാണ്. പാകിസ്താന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ റിസര്‍വ് പ്രദേശമാണ് ഈ കുന്നുകള്‍. അവിടെയുള്ള പാറക്കെട്ടുകള്‍ തുരന്നുണ്ടാക്കിയ ബങ്കറുകളില്‍ പാകിസ്താന്‍ തങ്ങളുടെ അണുവായുധ ശേഖരത്തിന്റെ ഒരു പങ്ക് സൂക്ഷിക്കുന്നുവെന്ന് കരുതപ്പെടുന്നു. അവിടെ സൂക്ഷിക്കുന്ന പാകിസ്താന്റെ അണുവായുധ ശേഖരങ്ങള്‍ ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നുവെന്നാണ് മെയ് 11 ഞായറാഴ്ച മുതല്‍ ഒരു വിഭാഗം മാധ്യമങ്ങളിലെ ആഘോഷം. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചുള്ള ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്താന്റെ ആറ്റം ബോംബുകള്‍ തരിപ്പണമായതിന്റെ ആവേശകരമായ വിവരണങ്ങള്‍ ദിവസങ്ങള്‍ തുടര്‍ന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും കഷ്ടി 200 കിമീ ദൂരെയുള്ള ഒരു പ്രദേശത്താണ് ഘോരമായ ഈ സംഭവം ഉണ്ടായതെന്ന് ചിന്തിക്കുമ്പോഴാണ് സ്വീഡനില്‍ നിന്നും ചെര്‍ണോബിലിലേക്കുള്ള ദൂരം സുപ്രധാനമാവുന്നത്. ചെര്‍ണോബിലില്‍ നിന്നുള്ള റേഡിയേഷന്‍ നിറഞ്ഞ വിഷ വാതകം ആയിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടി സ്വീഡനിലെത്താന്‍ രണ്ടു ദിവസം തികച്ചെടുത്തില്ല. അപ്പോള്‍ കിരാന കുന്നുകളില്‍ നിന്നും 200 കിലോമീറ്റര്‍ അപ്പുറമുള്ള ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ റേഡിയേഷന് എത്ര സമയം വേണ്ടി വരും. പാകിസ്താന്റെ ആണവ ബോംബുകള്‍ തരിപ്പണമാക്കിയെന്ന് പറഞ്ഞു തുള്ളിച്ചാടുമ്പോള്‍ പാസ്സ്‌പോര്‍ട്ടും വിസയും ഹാജരാക്കി അനുമതി തേടിയല്ല റേഡിയേഷന്‍ നിറഞ്ഞ വിഷ വാതകം അതിര്‍ത്തികള്‍ കടക്കുന്നതെന്ന ബോധമെങ്കിലും ഉണ്ടാവേണ്ടതല്ലേ? മാധ്യമ പ്രവര്‍ത്തകരും അവര്‍ക്ക് ഇത്തരം വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കുന്നവരും സ്വയം ചോദിക്കേണ്ട ഒന്നാണ് ഈ ചോദ്യം.
പാകിസ്താന്റെ ആറ്റം ബോംബുകള്‍ തരിപ്പണമാക്കിയെന്ന രോമാഞ്ചമണിയിക്കുന്ന വാര്‍ത്ത പക്ഷെ മെയ് 12 വൈകുന്നേരത്തോടെ പല മാധ്യമ സിങ്കങ്ങളുടെയും ഓണ്‍ലൈന്‍ പേജുകളില്‍ നിന്നും അപ്രത്യക്ഷമായി. ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ എയര്‍ മാര്‍ഷല്‍ എകെ ഭാരതിക്കാണ് (Air Marshal AK Bharti) അതിന് നന്ദി പറയേണ്ടത്. പന്ത്രണ്ടാം തീയതി തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ മാര്‍ഷല്‍ ഇങ്ങനെ പറഞ്ഞു. പാകിസ്താനിലെ കിരാന കുന്നിലെ അണുവായുധ ശേഖരത്തെപ്പറ്റി ഇന്ത്യന്‍ എയര്‍ ഫോഴ്സിന് അറിയില്ലായിരുന്നു. അത് ശ്രദ്ധയില്‍ പെടുത്തിയ മാധ്യമങ്ങള്‍ക്ക് നന്ദി. ഇന്ത്യ അവിടെ ആക്രമണം നടത്തിയത് എയര്‍ ഫോഴ്സിനെ സംബന്ധിച്ചിടത്തോളം പുതിയ അറിവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബങ്കര്‍ ബസ്റ്റര്‍ അക്രമണത്തെക്കുറിച്ചുള്ള ദൃക്സാക്ഷി വിവരണത്തെ തോല്‍പ്പിക്കുന്ന ഭാഷയിലെ റിപ്പോര്‍ട്ടുകളെ എയര്‍ മാര്‍ഷലിന്റെ കുറിക്ക് കൊള്ളുന്ന പരിഹാസം സോപ്പു കുമിള പോലെ പൊട്ടിച്ചുവെങ്കിലും മാധ്യമ ഫീല്‍ഡ് മാര്‍ഷുമാര്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. കിരാന കുന്നുകളിലെ ആണവ ബങ്കറുകളുടെ പടിവാതിലില്‍ മിസൈലും ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വര്‍ഷിച്ചതോടെ ഭയന്നു വിറച്ച പാകിസ്താനും, അമേരിക്കയും സമാധാനത്തിന്റെ വെള്ളക്കൊടി ഉയര്‍ത്തി എന്നാണ് പുതിയ നരേഷന്‍. അതിന്റെ പല വേര്‍ഷനുകള്‍ ഇപ്പോഴും സുലഭമായി പ്രചരിക്കുന്നു. കള്ളക്കടത്തു-കൊള്ളസംഘ ഴോണറിലെ സിനിമകളുടെ തിരക്കഥകള്‍ ഇതിനേക്കാള്‍ മെച്ചമാണെന്ന് തോന്നിയാല്‍ അതിശയിക്കേണ്ട.
ചെര്‍ണോബിലെ ആണവ ദുരന്തം | PHOTO: WIKI COMMONS
ഇന്ത്യ-പാകിസ്താന്‍ സൈനിക സംഘര്‍ഷത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തിയ കുറ്റകരമായ നിരുത്തരവാദിത്തം ഇതിനകം പലരും ചൂണ്ടിക്കാട്ടിയ വിഷയമാണ്. മാധ്യമ ഉള്ളടക്കത്തില്‍ പൊതുവിലുണ്ടായ ജീര്‍ണ്ണത അസഹനീയമായ തലങ്ങളില്‍ എത്തുന്നതിനെ പറ്റി ചിന്തിക്കുവാനുള്ള നിമിത്തമാണ് യുദ്ധോത്സുകത ആഘോഷമാക്കിയ മാധ്യമങ്ങള്‍. ഇപ്പോഴും അതില്‍ അയവ് വന്നിട്ടില്ല. ശബ്ദ-ദൃശ്യ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിര്‍മ്മിക്കപ്പെടുന്ന 'വാര്‍ത്തകള്‍' മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പൊതുധാരണകളെ പൂര്‍ണ്ണമായും റദ്ദു ചെയ്യുന്ന അവസ്ഥയും അതിനെ കുറിച്ചുള്ള ഉത്കണ്ഠകളും ലോകമാകെ വ്യാപകമാണ്. ഓരോ സമൂഹങ്ങളിലും നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമ്പത്തിക-ഭരണാധികാര താല്‍പ്പര്യങ്ങളെ നിലനിര്‍ത്തുന്നതിലും, സംരക്ഷിക്കുന്നതിലും പ്രത്യക്ഷമായും, പരോക്ഷമായും പങ്കാളികളാണ് മുഖ്യധാരയിലെ മാധ്യമങ്ങള്‍. അത് അങ്ങനെ ആയിരിക്കുമ്പോള്‍ തന്നെ കാലങ്ങളായി ഉരുത്തിരിഞ്ഞു വന്ന ചില മര്യാദകള്‍, കീഴ്‌വഴക്കങ്ങള്‍, പെരുമാറ്റ രീതികള്‍ എന്നിവയെ എല്ലാവരും ബഹുമാനിച്ചിരുന്നു. അതായത് സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവര്‍ത്തനം എല്ലാവരും ഉയത്തിപ്പിടിക്കുന്ന ആദര്‍ശമാണെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒന്ന് നിലവിലില്ലെന്നും അത് ഇനിയും കൈവരിക്കേണ്ട ഒരു ഐഡിയല്‍ ആണെന്നുമുള്ള ബോധ്യം ഉണ്ടായിരുന്നു. ഐഡിയല്‍ അല്ലെങ്കില്‍ ആദര്‍ശ സങ്കല്പം എന്ന നിലയില്‍ അത് ഉറച്ചതായിരുന്നു. എന്നാല്‍ ഒരു ഐഡിയല്‍ എന്ന തലത്തില്‍ പോലും അത് ഇല്ലാതാവുന്നതിനെ കുറിച്ചുള്ള ഭീതിയും, വ്യാകുലതയും ലോകമാകെ നടക്കുന്ന അര്‍ത്ഥവത്തായ മാധ്യമ പഠനങ്ങളും വിമര്‍ശനങ്ങളും ഇപ്പോള്‍ പങ്കു വയ്ക്കുന്നു. ഐഡിയല്‍ അഥവ നീതിയുക്തമായ മാധ്യമ ഉള്ളടക്കം കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും അത് നേരിടുന്ന വെല്ലുവിളികളും, വിലങ്ങുതടികളും വിവരിക്കുന്ന നിരവധി പഠനങ്ങളും, വിശകലനങ്ങളും ഇപ്പോള്‍ വേണ്ടത്ര ലഭ്യമാണ്. നോം ചോംസ്‌കി മുതല്‍ റോബര്‍ട്ട് മക്‌ചെസ്നി വരെയുള്ള പണ്ഡിതര്‍ മുതല്‍ ഇന്ത്യയടക്കമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേകം മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തികളും, രചനകളും അതിന്റെ സാക്ഷ്യപത്രങ്ങളാണ്. അതിനു പകരം ഗ്രെയ്ബര്‍ വിശേഷിപ്പിച്ച 'ബുള്‍ഷിറ്റ് ജോബ്സ്' ആക്കി മാധ്യമ പ്രവര്‍ത്തനത്തെ മാറ്റുന്ന പരിപാടിയാണ് മുഖ്യധാര മാധ്യമങ്ങള്‍ നടത്തുന്നത്. യുദ്ധം ആഘോഷമാക്കുന്ന കാര്യത്തില്‍ മാത്രമല്ല ഈ അസഹനീയത. എല്ലാ വാര്‍ത്തകളുടെയും കാര്യത്തില്‍ ഇതു തന്നെയാണ് സ്ഥിതി.
വളരെ ചുരുക്കം അപവാദങ്ങള്‍ ഒഴിച്ചാല്‍ നിലവിലുള്ള മാധ്യമങ്ങള്‍ മുഴുവന്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വാണിജ്യ-വ്യവസായ സ്ഥാപനങ്ങളാണ്. മറ്റുള്ള ഏതൊരു സ്വകാര്യ സംരംഭവും പോലെ ലാഭമാണ് മാധ്യമ സംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നവരുടെയും പ്രധാന ലക്ഷ്യം. നമുക്ക് പരിചിതമായ തരത്തിലുള്ള മാധ്യമങ്ങള്‍ ഉയര്‍ന്നുവന്ന പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള ചരിത്രം അതിനുള്ള തെളിവാണ്. ലാഭേച്ഛയില്‍ ഊന്നുന്ന സംരംഭങ്ങള്‍ എന്നതാണ് നിലവിലുള്ള മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു പ്രധാന ദൗര്‍ബല്യം. അത് കൂടുതല്‍ പരിശോധന ആവശ്യപ്പെടുന്ന ഒരു വിഷയമായതിനാല്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുന്നു.


.jpg)