
കാഞ്ച ഗാച്ചിബൗളി : സ്‌നേഹത്തിന്റെ കടയില്‍ വെറുപ്പ് വില്‍ക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍
ഹൈദരബാദിന്റെ ശ്വാസകോശം എന്ന് വിളിക്കപ്പെടുന്ന പ്രദേശമാണ് കാഞ്ച ഗാച്ചിബൗളിയില്‍ ഹൈദരാബാദ് സര്‍കലാശാലയുമായി ബന്ധപ്പെട്ട സര്‍വകലാശാല വനമേഖല. അതീവ പരിസ്ഥിതി ലോലപ്രദേശമായ ഇവിടെ ഇതിനോടകം തന്നെ നിരവധി വലുതും ചെറുതുമായ മരങ്ങള്‍ വെട്ടിനശിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ പ്രദേശം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ തെലങ്കാനയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ വിവാദത്തിലാക്കിയിരിക്കുന്നു.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ കുട്ടികള്‍ കഴിഞ്ഞ മാസം അവസാനം തെലങ്കാന സര്‍ക്കാരിന്റെ ഐടി പാര്‍ക്ക് നിര്‍മ്മാണത്തിനായി സര്‍വകലാശാലയുടെ 400 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നു എന്ന വാര്‍ത്തയില്‍ പ്രതിഷേധിച്ചുകൊണ്ടു സമരത്തിന് ആഹ്വാനം ചെയ്യുന്നു. പാരിസ്ഥിതികമായി വളരെയധികം പ്രാധാന്യമുള്ള നൂറുകണക്കിന് വലിയ മരങ്ങള്‍ ഉള്ള ആയിരകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട കൂണിന്റെ ആകൃതിയിയിലുള്ള ശിലാ സമുച്ചയം (Mushroom Rock)നിലനില്‍ക്കുന്ന പ്രദേശമാണിത്. വിദ്യാര്‍ഥികളുടെ ഏറെ പ്രിയപ്പെട്ട ആ ഇടം നഷ്ടപ്പെടാന്‍ പോകുന്നു എന്ന വാര്‍ത്ത ആദ്യം ഒരു വൈകാരിക പ്രശ്‌നമായാണ് വിദ്യാര്‍ഥി സമൂഹം കണ്ടത്. എന്നാല്‍ അവധി ദിവസങ്ങളില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ അന്നോളം കണ്ടിട്ടില്ലാത്ത സംഭവങ്ങളാണ് അരങ്ങേറിയത്. രാത്രിയും പകലും അന്‍പതില്‍ പരം ബുള്‍ഡോസ്സറുകള്‍ (Bulldozers) നിരവധി വണ്ടികളില്‍ വന്നിറങ്ങിയ പൊലീസ് സന്നാഹങ്ങളുടെ അകമ്പടിയോടെ കാഞ്ച ഗാച്ചിബൗളിയിലെ പലഭാഗങ്ങളെയും മുട്ടക്കുന്നാക്കി മാറ്റി. അത് തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം സര്‍വകലാശാലയുടെ മുക്കിനും മൂലയിലും പൊലീസ് സേനയെ വിന്യസിച്ചു. ഈ നാനൂറു ഏക്കര്‍ സ്ഥലം ലേലത്തിന് വെക്കുകയും അത് സ്വകാര്യ കുത്തകകള്‍ക്ക് വില്‍ക്കുകയുമാണ് ഉദ്ദേശം. ഏതാണ്ട് ആയിരം കോടി രൂപ മതിപ്പ് വിലയ്ക്ക് ലേലത്തിന് വെക്കാന്‍ ആണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്ക് വളരെ മുന്‍പ് തന്നെ കണ്ണുണ്ടായിരുന്ന സ്ഥലമാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല നിലനില്‍ക്കുന്ന ഈ സ്ഥലം. രണ്ടായിരത്തി അഞ്ഞൂറു ഏക്കറില്‍ ഏതാനം ചില കെട്ടിടങ്ങള്‍ നില്‍കുന്ന സ്ഥലം ഒഴിച്ച് ഇടത്തൂര്‍ന്ന മരങ്ങളും പറക്കൂട്ടങ്ങളും നിറഞ്ഞ വന പ്രദേശം ആണ് അത്. വനനശീകരണവും വിദ്യാര്‍ഥികളുടെ അറസ്റ്റിലും പ്രതിഷേധിച്ച് കുട്ടികളുടെ സമരത്തിനു അധ്യാപക- അനധ്യാപക സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എല്ലാവരും യോജിച്ചുള്ള സമാധാനപരമായി സംഘടിപ്പിക്കപ്പെട്ട മാര്‍ച്ചിന് നേരെ പൊലീസിന്റെ അതിക്രമം ഉണ്ടായി.
REPRESENTATIVE IMAGE | WIKI COMMONS
ഇത്രയൊക്കെ സംഭവങ്ങള്‍ അരങ്ങേറുന്ന സമയത്ത് വിദ്യാര്‍ഥി പ്രക്ഷോഭകര്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രചരണം ആരംഭിച്ചു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ഥികളും ഈ പ്രചാരണത്തില്‍ ഭാഗവാക്കായി. സേവ് എച്ച് സി യു ( Save HCU), സേവ് ബയോഡൈവേഴ്‌സിറ്റി (Save Biodiversity) എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളില്‍ നിരവധി പോസ്റ്റുകളും ചിത്രങ്ങളും എക്‌സ്, ഫേസ്ബുക്ക്, വാടസ്ആപ് തുടങ്ങിയവയില്‍ പ്രചരിക്കുവാന്‍ തുടങ്ങി. നിരവധി തെലുങ്ക് പത്രങ്ങളും ദ് ഹിന്ദു പോലെയുള്ള ഇംഗ്ലീഷ് പത്രങ്ങളും വളരെ പ്രാധാന്യത്തോടെ വിദ്യാര്‍ഥി പ്രക്ഷോഭവും സര്‍ക്കാരിന്റെ വനനശീകരണവും പ്രസിദ്ധീകരിച്ചു. ഇത്രയും രൂക്ഷമായ വനനശീകരണവും മനുഷ്യാവകാശ ലംഘനവും സര്‍വകലാശാലയുടെ ഉള്ളില്‍ നടക്കുമ്പോഴും സര്‍വകലാശാല ഉന്നത അധികാരികളും കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി സംഘടനയും കുറ്റകരമായ മൗനമാചരിക്കുകയായിരുന്നു. കാഞ്ച ഗാച്ചിബൗളി പോലെ അതീവ പരിസ്ഥിതി ലോല പ്രദേശത്ത് വികസന പദ്ധതികള്‍ സാധ്യമോ എന്ന ചോദ്യം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണയില്‍ ആണ്. എന്നാല്‍ കോടതി കേസ് പരിഗണിക്കും വരെ യാതൊരു വിധത്തിലുള്ള വനനശീകരണവും പാടില്ലെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കോടതിയുടെ ഉത്തരവ് ലംഘിച്ചാല്‍ ഒരു താത്കാലിക ജയില്‍ ഉണ്ടാക്കി ചീഫ് സെക്രട്ടറിയെ അതിലടയ്ക്കും എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ ബെഞ്ച് സര്‍ക്കാരിനെ ഓര്‍മപ്പെടുത്തിയത്.
REPRESENTATIVE IMAGE | WIKI COMMONS
ഈ വിഷയത്തിന്റെ രാഷ്ടീയത്തിലേക്ക് വന്നാല്‍, അത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പറയുന്ന നിലപാടിന് തീര്‍ത്തും വിരുദ്ധമാണെന്ന് കാണാം. നരേന്ദ്രമോഡിയും ബിജെപിയും രാജ്യത്തെ സര്‍വകലാശാലകളുടെ സ്വയംഭരണത്തെ ഇല്ലാതാക്കുകയും വിദ്യാര്‍ഥി സമരങ്ങളെ രാജ്യദ്രോഹമായി കണ്ടു അമര്‍ച്ചചെയ്യുകയും കള്ളക്കേസുകളില്‍ കുടുക്കി അവരെ ജയിലിലടയ്ക്കുകയും ചെയ്യുന്നു എന്നു പറയുന്ന രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ്സ് ആണ് ഒരു കേന്ദ്ര സര്‍വ്വകലാശാലയില്‍ ബുള്‍ഡോസറുകള്‍ പായിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ കാലത്ത് വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കടകള്‍ തുറക്കുമെന്ന് പറഞ്ഞ അതേ രാഹുല്‍ ഗാന്ധിയുടെ ആശീര്‍വാദമുള്ള തെലങ്കാന കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് സമരം ചെയ്ത വിദ്യാര്‍ഥികളുടെ പേരില്‍ എഫ്ഐആര്‍ (FIR) ചാര്‍ജ്ജ് ചെയ്തത്. രോഹിത്ത് വെമുലയുടെ 'വ്യവസ്ഥാപിത കൊലപാതക'ത്തിന് ശേഷം നിരവധി തവണ സമരക്കാര്‍ക്ക് പിന്തുണയുമായി അദ്ദേഹം സര്‍വകലാശാല സന്ദര്‍ശിച്ചിട്ടുണ്ട്. രോഹിത്തിന്റെ അമ്മയായ രാധികാ വെമുലയെ അദ്ദേഹം ചേര്‍ത്ത് നിര്‍ത്തുന്ന ഫോട്ടോ വളരെ പ്രശസ്തമാണ്. രാഹുല്‍ ഗാന്ധിയുടെ X പോസ്റ്റുകളില്‍ നിരവധി പേരാണ് സേവ് എച്ച്‌സിയു (Save Hcu)എന്ന ഹാഷ്ടാഗുമായി എത്തുന്നത്. എന്നാല്‍ ഈ ലേഖനം എഴുത്തിക്കൊണ്ടിരിക്കുന്ന നിമിഷം വരെയും രാഹുല്‍ ഗാന്ധിയുടെ യാതൊരു ഇടപെടലും ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. എന്‍ഡിഎ (NDA)സര്‍ക്കാരിന്റെയും മറ്റ് അനവധി കോണ്‍ഗ്രസ്സ് ഇതര സംസ്ഥാന സര്‍ക്കാറുകളുടെയും സ്വകാര്യവലകരണനയങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് വിളിച്ചുപറയുന്ന രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഹൈദരാബാദില്‍ നടക്കുന്ന ഈ കൊള്ളയടിക്കും അതിക്രമത്തിനും നേരെ കണ്ണടയ്ക്കുകയാണ്.
രാഹുൽ ഗാന്ധിയും രാധിക വെമുലയും | PHOTO : WIKI COMMONS
തെലങ്കാനയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ എത്തിച്ചത് വളരെ പ്രതീക്ഷയോടെയാണ്. കെസിആര്‍ (KCR) ന്റെ നേതൃത്വത്തില്‍ ഉള്ള ഗവണ്‍മെന്റിന് എതിരെ അനധികൃതമായി സ്ഥലമേറ്റെടുപ്പും വില്പനയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ വന്നിരുന്നു. അതില്‍ മിക്കതും ഉയര്‍ത്തിക്കാട്ടി ക്ഷേമവും സദ്ഭരണവും (വെല്‍ഫയറിസവും ഗുഡ് ഗവേണന്‍സും) വാഗ്ദാനം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തുന്നത്. രേവന്ത് റെഡ്ഡി എന്ന പുതുമുഖ മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ പൂര്‍വചരിത്രം അന്ന് ചിലര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തിയത് തന്നെ പുരോഗമന രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ്. അക്കാദമിക കേന്ദ്രങ്ങളുടെ സ്വയംഭരണവകാശവും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ആവശ്യകതയും പറഞ്ഞു കൊണ്ട് പാരിസ്ഥിതിക സംരക്ഷണം ഉറപ്പാക്കുമെന്ന് അവര്‍ത്തിച്ചു വോട്ട് നേടിയ കോണ്‍ഗ്രസ് ഇപ്പോള്‍ കേന്ദ്രത്തിലെ ബിജെപിയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല തങ്ങളുടെ നിലപാടുകള്‍ എന്നാണ് പറയാതെ പറയുന്നത്.
കാഞ്ച ഗാച്ചിബൗളിയിലെ (Kancha Gachibowli) വനനശീകരണത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാകും ഉണ്ടാകുക. ഇപ്പോള്‍ തന്നെ അതിന്റെ ദുരന്തഫലങ്ങള്‍ കണ്ടു തുടങ്ങി. നാനൂറോളം ഏക്കറില്‍ സ്ഥിതി ചെയുന്ന ഈ വനമേഖലയില്‍ കലമാന്‍ ഉല്‍പ്പടെയുള്ള നിരവധി വന്യജീവികള്‍ അധിവസിക്കുന്നുണ്ട്. വനം ഇല്ലാതായതോടെ നിരവധി അനവധി ജീവികള്‍ക്ക് അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെട്ടു. അങ്ങനെ സര്‍വ്വകലാശാലയ്ക്ക് പുറത്തുള്ള റോഡിലേക്ക് പ്രാണനും കൊണ്ട് പായുന്ന ഒരു കലമാന്റെ ചിത്രം എറെ വേദനജനകമായിരുന്നു. വിദ്യാര്‍ഥി ഹോസ്റ്റലുകളുടെ സമീപത്തും മറ്റും മാനുകളുടെ ശവശരീരങ്ങളും കണ്ടെത്തിയിരുന്നു. നിരവധി ജീവിവര്‍ഗങ്ങളും സസ്യവര്‍ഗങ്ങളും ഇപ്പോള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തിയ കയ്യേറ്റത്തില്‍ തന്നെ ഇല്ലാതായി. ഹൈദരാബാദ് കേന്ദ്ര സര്‍വകാലശാലയ്ക്കുള്ളില്‍ അപൂര്‍വമായപരാഗണ സ്വഭാവമുള്ള ചില സസ്യ സ്പീഷീസുകള്‍ (Plant Species) ഉണ്ടെന്ന് ലൈഫ് സയന്‍സ് സ്‌കൂളില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ പ്രവീണ്‍ പറയുന്നു. വെട്ടിനശിപ്പിച്ച ആയിരക്കണക്കിന് മരങ്ങള്‍ വിലമതിക്കാന്‍ സാധിക്കാത്തവയായിരുന്നു. പാറക്കെട്ടുകള്‍ നശിപ്പിക്കപ്പെട്ടില്ലെങ്കിലും നാളത്തെ അതിന്റെ അവസ്ഥ എല്ലാവരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ സൂചിപ്പിച്ചുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കാഞ്ച ഗാച്ചിബൗളിയില്‍ മാനും കടുവയുമൊന്നും ഇല്ല പക്ഷേ കാപട്യക്കാരായ ചില കുറുക്കന്മാര്‍ ഉണ്ട് എന്നാണ്. ആരെയും കാഞ്ച ഗചിബോളിയിലേക്ക് പൊലീസ് കടത്തിവിടുന്നില്ല. കോടതിയുടെ സ്റ്റേ ഓര്‍ഡര്‍ വന്നതിനു ശേഷം അതിന്റെ നഗ്‌നമായ ലംഘനം എന്നോണം ആ സ്ഥലം സര്‍ക്കാരിന്റെ ആണെന്ന് അവകാശപ്പെട്ടുകൊണ്ട് അവിടെ ബോര്‍ഡ് സ്ഥാപിക്കപ്പെട്ടു. രാഷ്ട്രപതിയുടെ പരമാധികാര പരിധിയില്‍ വരുന്ന കേന്ദ്ര സ്ഥാപനത്തിനുള്ളിലാണ് ഈ അധികാര ദുര്‍വ്യയം നടക്കുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
കാഞ്ച ഗാച്ചിബൗളിയില്‍ ഉണ്ടായ പരിസ്ഥിതി നശീകരണത്തെപ്പറ്റി സുപ്രീം കോടതി രൂപീകരിച്ച കമ്മിറ്റി കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. നാനൂറു ഏക്കറില്‍ ഏതാണ്ട് നൂറു ഏക്കര്‍ സ്ഥലത്തെ എണ്‍പതിനായിരത്തോളം മരങ്ങള്‍ ആണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. രണ്ടു ദിവസം കൊണ്ട് നൂറോളം ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഇത് ചെയ്തത്. ഈ വന പ്രദേശം ഇതിനു മുന്‍പും മാറിവരുന്ന പല സര്‍ക്കാരുകളുടെയും കയ്യേറ്റങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയ്ക്കുള്ളിലെ വനമേഖല ഡീമ്ഡ് ഫോറെസ്റ്റ് (Deemed Forest) ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സമരം തുടരുന്ന സര്‍വകലാശായിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരു ഇക്കോളജിക്കല്‍ സര്‍വ്വെ (Ecological Survey) നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഈ കേസില്‍ കോടതിയുടെ വിധി സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ മാത്രമല്ല രാജ്യത്തെ മുഴുവന്‍ പരിസ്ഥിതി പ്രവര്‍ത്തകരും ഉറ്റു നോക്കുന്ന ഒന്നാണ്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ഗുരുതര സ്വഭാവമുള്ള നിരവധി വനം കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തെ ഏതാണ്ട് എല്ലാ ഐ ഐടികളും (IIT) കേന്ദ്ര സര്‍വകലാശാലകളും ഇത്തരം വനങ്ങളാല്‍ ചുറ്റപ്പെട്ടതാണ്. ഇതില്‍ പലതും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും മറ്റും കയ്യേറ്റ ഭീഷണിയുടെ നിഴലില്‍ ആണ്. ഈ വനമേഖല ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ അതാത് സര്‍വകലാശാലകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഒരു നടപടിക്ക് സുപ്രീം കോടതി ശുപാര്‍ശ ചെയ്താല്‍ അത് പരിസ്ഥിതി സംരക്ഷണത്തിന്റെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണവകാശ സംരക്ഷണത്തിന്റെയും ചരിത്രത്തിലെ നാഴികകല്ലായിരിക്കും.


