കണ്ണൂര്‍ ലോക്‌സഭ മണ്ഡലം; എങ്ങോട്ട് മറിയും?
(ഭാഗം പതിനാറ്)
കേരളത്തിലെ ഇടതുപക്ഷ കോട്ട എന്ന നിലയില്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ കണ്ണൂര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ അത്ര ഏകപക്ഷീയമായ റിസള്‍ട്ടല്ല ഇടതുപക്ഷത്തിന് എല്ലായ്‌പ്പോഴും നല്‍കാറുള്ളത്. ഇടതും വലതും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന ലോക്‌സഭ മണ്ഡലമാണ് കണ്ണൂര്‍. മണ്ഡല പുനര്‍നിര്‍ണയം നടത്തിയ 2009 മുതലിങ്ങോട്ട് നടന്ന മൂന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിലും വലതിനും ഇടതിനുമൊപ്പം മാറിനിന്ന തെരഞ്ഞെടുപ്പ് ചരിത്രമാണ് കണ്ണൂരിനുള്ളത്. ഇത്തവണ കെപിസിസി പ്രസിഡന്റും സിറ്റിങ് എംപി യുമായ കെ സുധാകരന്‍ യുഡിഎഫിന് വേണ്ടി വീണ്ടും കളത്തിലിറങ്ങുമ്പോള്‍ സിപിഐ (എം) പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിക്കുവേണ്ടി മത്സരിക്കുന്നത് 2021 ല്‍ ധര്‍മടം മണ്ഡലത്തില്‍ കോണ്‍ഗ്രസിനുവേണ്ടി പിണറായിയോട് മത്സരിച്ച് തോറ്റ സി രഘുനാഥാണ്. കെ സുധാകരന്റെ അനുയായി എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന നേതാവായിരുന്നു സി രഘുനാഥ്.
ഇത്തവണ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു കെ സുധാകരന്‍. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുക, കഴിഞ്ഞ തവണത്തെ പോലെയുള്ള കോണ്‍ഗ്രസ് മഹാവിജയത്തിന്റെ അമരക്കാരനാവുക, തുടര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക സാന്നിധ്യമാവുക എന്നീ രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് എന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. പക്ഷേ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസിന് പ്രതികൂലമായി ബാധിക്കുമെന്നും, പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു ജാഥ പോലും ഒറ്റയ്ക്ക് നടത്താന്‍ കഴിയാത്ത, ഒരു ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പത്രപ്രവര്‍ത്തകരെ കാണുവാനായി സഹപ്രവര്‍ത്തകരോട് ശണ്ഠ കൂടുന്നതുമായ ഒരു കെപിസിസി പ്രസിഡന്റിനെ കണ്ണൂര്‍ ജില്ലയില്‍ മത്സരിപ്പിച്ചത് സംസ്ഥാന കോണ്‍ഗ്രസിന്റെ മെഗാ പ്രചാരണ തന്ത്രം കൂടിയായിരുന്നു എന്നും സൂചനകളുണ്ട്.
കെ സുധാകരന്‍ | PHOTO: FACEBOOK
കെപിസിസി പ്രസിഡന്റായ കെ.സുധാകരനല്ലാതെ മറ്റേത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കണ്ണൂര്‍ ലോക്‌സഭ സീറ്റില്‍ മത്സരിച്ചാലും മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തെ പ്രതിരോധിക്കുക സാധ്യമാവാതെ വരുന്ന സാഹചര്യത്തില്‍ കൂടിയാണ് കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതനായത്. ഏതെങ്കിലും സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ സുധാകരന്‍ പരാജയപ്പെടുകയാണെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള ധാര്‍മികാവകാശവും സുധാകരന് നഷ്ടപ്പെടും. വിജയിച്ചാലും ദുര്‍ബലമായ ആരോഗ്യസ്ഥിതിയും വെച്ച് എംപി സ്ഥാനവും കെപിസിസി പ്രസിഡന്റ് സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാനും അദ്ദേഹത്തിന് ബുദ്ധിമുട്ടാകും. പാര്‍ട്ടിയില്‍ പുനഃസംഘടന നടത്താന്‍ പോലുമാകാതെ പുറത്തേക്ക് പോകുന്ന മറ്റൊരു കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ മാറാനുള്ള രാഷ്ട്രീയ സാഹചര്യവും കൂടിയാണ് കണ്ണൂര്‍ തെരഞ്ഞെടുപ്പോടുകൂടി കേരള രാഷ്ട്രീയത്തില്‍ അരങ്ങേറാന്‍ പോകുന്നത്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും അധികാരത്തിലെത്താന്‍ കഴിയാത്ത കോണ്‍ഗ്രസിന് 2026 ലെ നിയമസഭയിലേക്ക് ഒരുങ്ങുന്നതിനുള്ള അവസരവും കൂടിയാണിത്.
തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കണ്ണൂര്‍ ലോക്ഭ മണ്ഡലം. 2021 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍, പേരാവൂര്‍ ഒഴികെയുള്ള മറ്റു മണ്ഡലങ്ങളില്‍ വിജയിച്ചത് ഇടതുപക്ഷമാണ്. എല്‍ഡിഎഫ് അന്ന് നേടിയത് 38.8 ശതമാനം വോട്ടുവിഹിതമാണ്. യുഡിഎഫ് 38.70 ശതമാനവും. നേരിയ വ്യത്യാസമാണ് രണ്ട് മുന്നണികള്‍ തമ്മിലും നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തവണ അവസാന ബൂത്തിലെ വോട്ടെണ്ണുന്നത് വരെ അപ്രവചനീയമായ ഒരു മണ്ഡലമായി കണ്ണൂര്‍ നിലനില്‍ക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.
2019 ലോക്സഭ തെരഞ്ഞെടുപ്പിന്റെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ 50.5 % വോട്ട് വിഹിതം നേടിക്കൊണ്ടാണ് കണ്ണൂരില്‍ നിന്ന് കെ.സുധാകരന്‍ ജയിച്ചത്. എന്നാല്‍ ഇത്തവണ മത്സരം അത്ര എളുപ്പമുള്ളതാകില്ല എന്ന് തന്നെയാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല 'ഞാന്‍ ബിജെപിയിലേക്ക് പോകില്ല എന്ന ഉറപ്പാണ് വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ളത്, അത് രാഷ്ട്രീയ ഉറപ്പാണ്' എന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ പ്രതികരണം നടത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്‍ കണ്ണൂരില്‍ ശക്തനായ എതിരാളിയാണ്. കൈവിട്ടു പോകുന്ന പ്രസ്താവനകളും ആര്‍എസ്എസിനെയും ബിജെപിയെയും അനുകൂലിച്ചുകൊണ്ടുള്ള നിലപാടുകളും യുഡിഎഫില്‍ തന്നെ അണികളിലും ഘടക കക്ഷികളിലും സുധാകരനോട് നീരസം ഉളവാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന കെ സുധാകരന് എംപി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാനായിട്ടില്ല എന്നതും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍തന്നെയുള്ള അതൃപ്തിക്ക് കാരണമാണ്.
എം വി ജയരാജന്‍ | PHOTO: TMJ
കെപിസിസി പ്രസിഡന്റെന്ന നിലയില്‍ യുഡിഎഫ് മുന്നണിയില്‍ മുഖ്യകക്ഷിയായ മുസ്ലീം ലീഗുമായി കെ സുധാകരന് അത്ര നല്ല ബന്ധമല്ല ഉള്ളത്. ലീഗുമായുള്ള പരസ്യ പോരുകള്‍ ലീഗ് അണികള്‍ക്കിടയിലും വിയോജിപ്പിന് കാരണമായിട്ടുണ്ട്. മാത്രമല്ല മൂന്നാം സീറ്റെന്ന ആവശ്യം നിരാകരിച്ചതിലൂടെ ലീഗ്-സുധാകരന്‍ ബന്ധം അത്ര സുഖകരമല്ലാതെയാണ് സംസ്ഥാനതലത്തില്‍ നിലനില്‍ക്കുന്നത്. കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ അതി നിര്‍ണായക സ്വാധീന ശക്തിയായ മുസ്ലിം ലീഗ്, കെ സുധാകരനു നല്‍കുന്ന പിന്തുണയുടെ അടിസ്ഥാനത്തിലായിരിക്കും മണ്ഡലത്തിലെ വിജയവും പരാജയവും നിര്‍ണയിക്കുക. ഹമാസ് വിഷയത്തിലും സമസ്ത വിഷയത്തിലും ഇനിയും പരിഹരിക്കാനാകാത്ത പുകിലുകള്‍ മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഉത്തര മലബാറിലെ രാഷ്ട്രീയത്തില്‍ അത് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ഈ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തെളിഞ്ഞുവരുകയുള്ളൂ. എന്നാല്‍ കെ സുധാകരനല്ലാത്ത മറ്റൊരു നേതാവിനും ലീഗിന്റെ പൂര്‍ണ പിന്തുണ ലഭിക്കില്ല എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
26.4 ശതമാനം മുസ്ലീം വോട്ടുകളാണ് കണ്ണൂരിലുള്ളത്. ഏകദേശം മൂന്നുലക്ഷത്തോളം വരുന്ന മുസ്ലീം വോട്ടുകള്‍ ഏകോപിപ്പിക്കുക എന്നത് സുധാകരനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. കുടിയേറ്റ മേഖലയിലെ ക്രിസ്ത്യന്‍ വോട്ടുകളും ആര്‍ക്കൊപ്പം നില്‍ക്കും എന്നത് പ്രധാന ചോദ്യമാണ്. മലയോര മേഖലയില്‍ സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് (എം) ഇത്തവണ സിപിഎമ്മിനൊപ്പമാണെന്നതും കണ്ണൂരിലെ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് ചെറുതായെങ്കിലും ബാധ്യതയാവുന്ന ഘടകമാണ്.
എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കിയതിലൂടെ കടുത്ത മത്സരത്തിനാണ് കണ്ണൂര്‍ സാക്ഷ്യംവഹിക്കാനൊരുങ്ങുന്നത്. ഏറ്റവും ഒടുവിലായി നടന്ന പാനൂര്‍ ബോംബ് സ്ഫോടനവും തൊട്ടടുത്ത മണ്ഡലത്തില്‍ ഷൈലജ ടീച്ചര്‍ക്ക് നേരെ നടന്ന സൈബര്‍ ആക്രമണങ്ങളും കണ്ണൂര്‍ മണ്ഡലത്തിലെ മത്സരത്തെ സ്വാധീനിക്കും.
സി രഘുനാഥ് | PHOTO: FACEBOOK
ബിജെപി യെ സംബന്ധിച്ച് കണ്ണൂരില്‍ ഒരു മത്സരം കാഴ്ചവെക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 2019 ല്‍ ബിജെപിയുടെ പ്രധാന നേതാവ് സി കെ പത്മനാഭന്‍ മത്സരിച്ചപ്പോള്‍ പോലും 6.5 ശതമാനം വോട്ടുകള്‍ മാത്രമേ സ്വരൂപിക്കാന്‍ സാധിച്ചിട്ടുള്ളു. ഇത്തവണ സി രഘുനാഥിലൂടെ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്താന്‍ സാധിക്കുമോ എന്നാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ സിപിഎമ്മിന്റെ പരാജയം ശക്തമായി ആഗ്രഹിക്കുന്ന ബിജെപിക്കാര്‍ പലപ്പോഴും കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്ന സഥിതിയും കണ്ണൂരില്‍ നിലനില്‍ക്കുന്നുണ്ട്. ആര്‍എസ്എസ് ശാഖയ്ക്ക് കാവലിന് ആളെ നിര്‍ത്തിയിട്ടുണ്ട് എന്നത് പോലെയുള്ള സുധാകരന്റെ വെളിപ്പെടുത്തല്‍ ഇത്തരം വോട്ടേര്‍സിനെ പ്രീതിപ്പെടുത്തുന്നതാണ്. എന്നാല്‍ ന്യൂനപക്ഷം സുധാകരന്റെ മൃദുഹിന്ദുത്വ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കും എന്ന് കണ്ടറിയണം.
വടകര മണ്ഡലത്തില്‍ ഷൈലജ ടീച്ചര്‍ വിജയിക്കുകയാണെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് കൂടി ഒരുങ്ങേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ വിജയത്തിലും തോല്‍വിയിലും ഒതുങ്ങുന്നതല്ല തെരഞ്ഞെടുപ്പ് പോരാട്ടവും വീറും വാശിയും.
(തുടരും)