TMJ
searchnav-menu
post-thumbnail

Outlook

കർണാടക തുടക്കമാണ്, രാജ്യമാകെ തുറക്കും സ്നേഹത്തിന്റെ കട

15 May 2023   |   4 min Read
എം ലിജു

ർണാടക നിയമസഭ തിരഞ്ഞെടുപ്പ് പോളിംഗ് നടന്നുകൊണ്ടിരിക്കെ ഉച്ചക്ക് രണ്ട്‌ മണിക്കുശേഷം വയനാട്ടിൽ നടന്ന കോൺഗ്രസ്‌ നേതൃയോഗത്തെ സൂമിലൂടെ ശ്രീ രാഹുൽഗാന്ധി അഭിസംബോധന ചെയ്തു. യോഗത്തിൽ പങ്കെടുത്ത ഞാനുൾപ്പടെയുള്ളവർ വളരെ ആകാംഷയോടെയാണ് രാഹുൽഗാന്ധിയുടെ വാക്കുകൾക്കായി കാത്തിരുന്നത്. കർണാടക ഫലമായിരുന്നു ഏവരുടെയും ആശങ്ക. പ്രീ ഇലക്ഷൻ സർവ്വേകൾ കോൺഗ്രസ്‌ മുൻ‌തൂക്കം പ്രവചിച്ചിരുന്നെങ്കിലും, തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ ഹൈ വോൾടേജ് പ്രചരണം എല്ലാവരിലും ആശങ്ക ഉണ്ടാക്കിയിരുന്നു. രാഹുൽജി സംസാരിച്ചു തുടങ്ങിയത് തന്നെ കർണാടക ഇലക്ഷനെക്കുറിച്ചു വിവരിച്ചുകൊണ്ടാണ്. കർണാടകയിൽ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കാര്യകാരണസഹിതം അദ്ദേഹം വിശദീകരിച്ചു. ഡി കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിലുള്ള ശക്തമായ നേതൃത്വം അവരുടെ ഐക്യം, കോൺഗ്രസ്‌ ദേശീയ നേതൃത്വം നടത്തിയ ശാസ്ത്രീയമായ തിരഞ്ഞെടുപ്പ് മാനേജ്മെന്റ്, നരേന്ദ്ര മോദി നടത്തുന്ന ധൃവീകരണ രാഷ്ട്രീയത്തിനെതിരെ  കോൺഗ്രസിനനുകൂലമായി ഉണ്ടാകുന്ന മാറ്റം ഇതെല്ലാം അദ്ദേഹം പരാമർശിച്ചു. അദ്ദേഹം പറഞ്ഞ ഒരു പ്രധാനപ്പെട്ട കാര്യം മുൻ തിരഞ്ഞെടുപ്പുകളിൽ ബിജെപി ഒരുക്കുന്ന നറേറ്റീവ്സിലാണ് തിരഞ്ഞെടുപ്പ് നടന്നതെങ്കിൽ ഇത്തവണ അത് കോൺഗ്രസ്‌ മുന്നോട്ടു വെച്ച അജണ്ടയിൽ കേന്ദ്രികരിച്ചാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടകത്തിൽ വൻ വിജയം നേടുമെന്ന ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം.

കർണാടക ഫലം പുറത്തുവന്നിരിക്കുന്നു. ബിജെപി യെ തകർത്തെറിഞ്ഞ് 34 വർഷത്തിനിടയിൽ ഒരു പാർട്ടിക്ക് കർണാടകയിൽ കിട്ടുന്ന ഏറ്റവും വലിയ വിജയം കോൺഗ്രസ് ഇത്തവണ നേടിയിരിക്കുന്നു. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ എൺപതു സീറ്റിൽ നിന്നും അന്പത്തിആറു സീറ്റുകൾ അധികം നേടി നൂറ്റിമുപ്പത്തിആറു സീറ്റ്‌ നേടി കോൺഗ്രസ്‌, നാൽപതു സീറ്റ്‌ കുറഞ്ഞ് അറുപതിയഞ്ച് സീറ്റിൽ തകർന്നടിഞ്ഞു ബിജെപി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേനാൾ പോലും ആരോടൊപ്പമെന്നു വ്യക്തമാക്കാതെ അവസരം കാത്തിരുന്ന ജെ ഡി എസ് പത്തൊൻപത് സീറ്റുമായി അപ്രസക്തമായി. കോൺഗ്രസിന്റെ ഈ മിന്നുന്ന വിജയം കേവലം കോൺഗ്രസിന് അഭിമാനം പകരുന്ന വിജയത്തിനും, ബിജെപിക്കുള്ള തിരിച്ചടിക്കുമപ്പുറം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഭയാശങ്കകൾക്ക് താത്കാലികമായെങ്കിലും വിരാമം കുറിക്കുന്നതാണ്.


രാഹുൽഗാന്ധി, ഡികെ ശിവകുമാർ | Photo : PTI

കർണാടകം ദക്ഷിണേന്ത്യയിലെ ബിജെപി യുടെ ഹിന്ദുത്വ പരീക്ഷണശാലയാണ്. ഹിജാബ് വിവാദം, ഹലാൽ വിവാദം, ക്ഷേത്രങ്ങളിലെ ഉത്സവപരിസരങ്ങളിൽ മറ്റ് മതസ്ഥരുടെ വ്യാപാരം അനുവദിക്കാതിരിക്കുക, മുസ്ലിങ്ങൾക്കൊപ്പം ക്രിസ്തുമത വിശ്വാസികളെയും ശത്രുപപക്ഷത്തു നിർത്തിയുള്ള കലാപാഹ്വാനങ്ങൾ, മുസ്ലിങ്ങൾക്കുള്ള ഉദ്യോഗസ്ഥ സംവരണം എടുത്തുമാറ്റി ലിംഗായത്, വോക്കലിംഗ വിഭാഗങ്ങൾക്ക് നൽകുക തുടങ്ങി ബിജെപി ധ്രുവീകരണം  ലക്ഷ്യമാക്കിയുള്ള അശ്ലീല കാഴ്ചയായിരുന്നു കർണാടകയിൽ കണ്ടത്. അഴിമതിയും, ഭരണ പരാജയവും കാരണം സമ്പൂർണ പ്രതിരോധത്തിൽ ആയിരുന്ന സർക്കാരിന്റെ ഭരണം മുൻനിർത്തി വോട്ടു ചോദിക്കാൻ കഴിയില്ലായിരുന്ന ബിജെപി, പൂർണ്ണമായും ആശ്രയിച്ചത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ നടന്ന ഹൈ വോൾടേജ് പ്രചാരണത്തിലായിരുന്നു. മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പൂർണ്ണമായി ഊന്നിയതും വർഗീയതയിലായിരുന്നു. കോൺഗ്രസ്‌ പ്രകടന പത്രികയിൽ പോപ്പുലർ ഫ്രണ്ടിനൊപ്പം സംഘപരിവാർ സംഘടനയായ ബജറങ് ദള്ളിനെയും നിരോധിക്കുമെന്ന കോൺഗ്രസ്‌ പ്രഖ്യാപനത്തിനെ ഹനുമാൻ സ്വാമിയേ അപമാനിച്ചു എന്നു ദുർവ്യാഖ്യാനം ചെയ്തത് മോദി തന്നെയായിരുന്നു. ഹിന്ദു വികാരം മുതലെടുക്കാനായിരുന്നു സംഘപരിവാർ സംഘടനകളെ രംഗത്തിറക്കി പ്രകടങ്ങൾ നടത്താനും ഇലക്ഷൻ തലേന്ന് ഹനുമാൻ ചാലീസ് ചൊല്ലാൻ ആഹ്വാനം കൊടുത്തതും. പ്രസംഗത്തിൽ ' കേരള സ്റ്റോറി ' യെ പുകഴ്ത്തി കോൺഗ്രസിനെ കുറ്റപ്പെടുത്തിയതും ധൃവീകരണത്തിന് തന്നെ. ഇതൊന്നും കർണാടകത്തിൽ ഏശിയില്ല എന്നതു മാത്രമല്ല ഈ ധ്രുവീകരണ  രാഷ്ട്രീയത്തെ ജനങ്ങൾ പൂർണമായും തിരസ്കരിച്ചു. എൺപതു ശതമാനത്തിന് മുകളിൽ ഹിന്ദു ജനസംഖ്യയുള്ള കർണാടകത്തിന്റെ മിക്കവാറും എല്ലാമേഖലകളിലും വൻ കോൺഗ്രസ്‌ മുന്നേറ്റമുണ്ടായത് മതേതര ഇന്ത്യക്ക് പ്രത്യാശയാണ്. ലിംഗായത്തുകളും, വോക്കലിംഗരും, കുറുബാകളും, മറ്റ് പിന്നോക്കാവിഭാഗങ്ങളും, ദളിതരുമെല്ലാം കോൺഗ്രസസിനൊപ്പം അണിനിരന്നത് ഹിന്ദുത്വ അജണ്ടക്കേറ്റ തിരിച്ചടിയാണ്. മോഡിയെ അപ്രതിരോധ്യൻ എന്ന രീതിയിൽ അവതരിപ്പിക്കുന്ന ബിജെപി പ്രൊപ്പഗാണ്ടയാണ് കർണാടകത്തിൽ പാളിയത്.

രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയും, തിരഞ്ഞെടുപ്പിൽ അദ്ദേഹം നടത്തിയ പ്രചാരണവും തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. കർണാടകത്തെ ഇളക്കിമറിച്ചുകൊണ്ട് ശ്രീ രാഹുൽഗാന്ധി നടത്തിയ പദയാത്ര കടന്നു പോയ ഇരുപ്പത്തിരണ്ടു മണ്ഡലങ്ങളിൽ 17 ഇടതും ജയിച്ചത് കോൺഗ്രസ്സാണ്. ഭാരത് ജോഡോ യാത്ര കർണാടകത്തിലുടനീളം കോൺഗ്രസിനനുകൂലമായി ഉണ്ടാക്കിയ മനോഭാവം വളരെ വലുതായിരുന്നു. അദാനി-മോദി ബാന്ധവത്തെക്കുറിച്ച് പാർലമെന്റിൽ ചോദ്യമുയർത്തിയതിനു ശേഷം, 2019 ലെ ലോകസഭ തിരഞ്ഞെടുപ്പ് സമയത്തു കർണാടകത്തിലെ കോലാറിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ മോഡിയെ വിമർശിച്ചു രാഹുൽ നടത്തിയ പ്രസംഗം മുൻനിർത്തി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലെ അനീതിയും വോട്ടിങ്ങിനെ സ്വാധീനിച്ചിട്ടുണ്ട്.

കർണാടക കോൺഗ്രസിന്റെ ശക്തമായ നേതൃത്വവും, അവർ പ്രകടിപ്പിച്ച ഐക്യവും പക്വതയും തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണ്ണായകമായി. കോൺഗ്രസ്‌ ദേശീയ നേതൃത്വം കർണാടക തിരഞ്ഞെടുപ്പിന് നൽകിയ പ്രാധാന്യം വളരെ വലുതായിരുന്നു. തിരഞ്ഞെടുപ്പിന് ഒന്നര വർഷം മുമ്പ് തന്നെ ആരംഭിച്ച മുന്നൊരുക്കങ്ങളും, എ ഐ സി സി യുടെ പ്രൊഫഷണൽ ഇലക്ഷൻ സപ്പോർട്ടിങ് സിസ്റ്റവും അങ്ങേയറ്റം പ്രയോജനപ്പെട്ടു.


Representational Image: PTI

കർണാടകയുടെ ചുമതല മുമ്പ് വഹിച്ചിരുന്ന എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി ശ്രീ കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ നിലവിലെ ചുമതലക്കാരൻ ശ്രീ രൺധീപ് സിംഗ് സുർജെ വാലയും അദ്ദേഹത്തിന്റെ ടീമും കർണാടകയിൽ ക്യാമ്പ് ചെയ്തു നടത്തിയ ഏകോപനം എടുത്ത് പറയാത്തക്കതായിരുന്നു. മലയാളികളായ എ ഐ സി സി സെക്രട്ടറി മാർ പി സി വിഷ്ണുനാഥും റോജി എം ജോണും ഈ ദൗത്യത്തിൽ പങ്കാളികളായിരുന്നു. പ്രാദേശിക വിഷയങ്ങളും, ജനങ്ങളെ ബാധിക്കുന്ന ജീവൽ പ്രശ്നങ്ങളുമുയർത്തിയുള്ള കോൺഗ്രസ്‌ പ്രചരണം തീവ്ര വർഗ്ഗീയതയിൽ ഊന്നിയുള്ള ബിജെപി പ്രചാരണത്തെ മറികടന്നു. ജനജീവിതത്തെ ദുസ്സഹമാക്കിയ കേന്ദ്ര സർക്കാർ നയങ്ങളെ കൃത്യമായി പ്രചരണ വിഷയമാക്കാൻ കോൺഗ്രസിന് കഴിഞ്ഞു, ഗ്യാസ് സിലൻഡറിനെ പൂജിക്കാൻ ആഹ്വാനം ചെയ്ത ഡി കെ ശിവകുമാറിന്റെ ആഹ്വാനം വലിയ ഇമ്പാക്ട് ആണുണ്ടാക്കിയത്.

ശക്തമായ പ്രാദേശിക നേതൃത്വം, ദേശീയ നേതൃത്വത്തിന്റെ ഉറച്ച പിന്തുണ, രാഹുൽ ഫാക്ടർ, എ ഐ സി സി അധ്യക്ഷൻ ശ്രീ മല്ലികാർജ്ജുന ഖാർഘേയുടെ പ്രചരണം ദളിത്‌ ആദിവാസി വിഭാഗങ്ങളിൽ ചെലുത്തിയ സ്വാധീനം, ബിജെപി സർക്കാരിന്റെ അഴിമതിക്കും വിഭജന രാഷ്‌ടീയതിനെതിരെയുള്ള ജനതയുടെ പ്രതികരണം, തൊഴിലില്ലായ്മ കാരണം ബുദ്ധിമുട്ടുന്ന ചെറുപ്പക്കാരുടെ ക്ഷോഭം, ഭീതി, ബിജെപിക്കെതിരെ ഉയർന്നു വരേണ്ട പ്രതിപക്ഷ ഐക്യത്തിൽ കോൺഗ്രസിന് വഹിക്കാൻ കഴിയുന്ന നേതൃപരമായ പങ്ക് എന്നീ ഘടകങ്ങൾ ഒക്കെ കോൺഗ്രസിന്റെ  വിജയത്തിനുള്ള പ്രധാനപ്പെട്ട പങ്കുവഹിച്ചു.

നഫർത്ത് കി ബാസാർ ബന്ദ് ഹുയി ഹേ, മൊഹബത്ത് കി ദൂക്കാൻ ഖുലി ഹേ. വെറുപ്പിന്റെ കമ്പോളം അടച്ചുപൂട്ടി സ്നേഹത്തിന്റെ കട തുറന്നിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവനയും ആശയവും ഇന്ത്യ ഏറ്റെടുത്തിരിക്കുന്നതിന്റെ സൂചനയാണ് കർണാടകയിൽ നിന്നുവരുന്നത്. അതോടൊപ്പം രാജ്യത്തെ കൂടുതൽ ഇടങ്ങളിലും ബിജെപിയെ നേർക്ക് നേർ എതിരിട്ടു തോൽപ്പിക്കാൻ സാധിക്കുന്ന പ്രസ്ഥാനം കോൺഗ്രസ്സാണെന്ന വസ്തുത ഉറപ്പിക്കുന്നതായി കർണാടക വിജയം.         

#outlook
Leave a comment