TMJ
searchnav-menu
post-thumbnail

Outlook

കര്‍ണാടക; 'ദേശീയ രാഷ്ട്രീയ' തെരഞ്ഞെടുപ്പ്

05 Apr 2023   |   8 min Read
റിബിന്‍ കരീം

ക്ഷിണേന്ത്യയിൽ ബി ജെ പി ഭരിക്കുന്ന ഒരേ ഒരു സംസ്ഥാനം, കാലു മാറ്റം മുതൽ വോട്ട് കച്ചവടം വരെയുള്ള നിരവധി ചരിത്ര സംഭവങ്ങൾ, കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സംസ്‌ഥാനം, കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഇക്കാരണങ്ങൾ കൊണ്ട് തന്നെ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ഒന്നായി മാറുന്നുണ്ട്. കേരളത്തിൽ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആണ് ഭരിക്കുന്ന പാർട്ടി ആദ്യമായി അധികാരം നില നിർത്തിയതെങ്കിൽ 40 വർഷത്തെ കർണാടക രാഷ്ട്രീയ ചരിത്രത്തിൽ അധികാര തുടർച്ച ഉണ്ടായിട്ടില്ല. മെയ് 10 നു ആണ് തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 13 നാണ്. സെൻട്രൽ കർണാടക, മുംബൈ കർണാടക, ദക്ഷിണ കർണാടക, ബെംഗളുരു കർണാടക, കോസ്റ്റൽ കർണാടക, ഹൈദരാബാദ് കർണാടക എന്നിങ്ങനെ ആറ് രാഷ്ട്രീയ മേഖലകളായി കർണാടകയെ തരം തിരിക്കാം.  ആകെ 5.21 കോടി വോട്ടർമാർ 224 നിയമസഭാ സീറ്റുകൾ.

സമുദായ സമവാക്യങ്ങൾ തന്നെ ആണ് എന്നും കർണാടകയിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണായകമായിട്ടുള്ളത്. കർണാടകയിലെ പ്രബലമായ രണ്ടു സമുദായങ്ങളാണ് ലിംഗായത്തും, വൊക്കലിംഗയും. തെക്കൻ കർണാടകയിൽ വൊക്കലിംഗക്കു ആണ് സ്വാധീനം എങ്കിൽ വടക്കൻ കർണാടക ലിംഗായത്ത് സമുദായത്തിന്റെ തട്ടകമാണ്. ജനസംഖ്യയിൽ 14 ശതമാനമാണ് വൊക്കലിംഗ സമുദായമെങ്കിൽ 17 ശതമാനമാണ് ലിംഗായത്തുകൾ. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മകനും മുൻ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി, കോൺഗ്രസ്സ് നേതാവ് ഡി കെ ശിവകുമാർ തുടങ്ങിയവർ വൊക്കലിംഗ സമുദായത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളാണ്, അത് കൊണ്ട് തന്നെ വൊക്കലിംഗ സമുദായം എന്നും ജെഡിഎസ്സിനും കോൺഗ്രസ്സിനും ഒപ്പം നിലയുറപ്പിച്ചിട്ടുണ്ട്. അതെ സമയം ലിംഗായത്ത് സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖ ബിജെപി നേതാവും മുൻ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി യെദിയൂരപ്പയാണ്. നിലവിലെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ലിംഗായത്ത് സമുദായക്കാരനാണ്. 2018 നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഈ സമുദായത്തിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചിരുന്നു. തീരപ്രദേശങ്ങളിൽ ഉൾപ്പെടെ 75ലേറെ മണ്ഡലങ്ങളിൽ മുസ്ലിം, ക്രൈസ്‌തവ വോട്ട്‌ നിർണായകമാണ്.

കോൺഗ്രസ്സും, ജെ ഡി എസ്സും ഒറ്റക്ക് മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ സി പി ഐ എം, ആം ആദ്മി പാർട്ടി, ബി എസ് പി, എസ് ഡി പി ഐ അടങ്ങുന്ന പാർട്ടികളും ചില മേഖലകളിൽ മത്സരിക്കുന്നുണ്ട്. നിലവിൽ 224 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 119 എം.എൽ.എമാരുണ്ട്. കോൺഗ്രസിന് 75 സീറ്റുകളും, ജെ ഡി എസ്സിന് 28 സീറ്റ് എന്നിങ്ങനെ ആണ് കണക്കുകൾ.


ബസവരാജ് ബൊമ്മൈ | PHOTO: PTI

2018 നിയമസഭാ തെരഞ്ഞെടുപ്പ് - ഒരൽപം കർ'നാടക' ഫ്ളാഷ്ബാക്

കൊറിയൻ ത്രില്ലർ സിനിമകളിലെ പോലെ മാരക ട്വിസ്റ്റുകൾക്കാണ് 2018 നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കർണാടക സാക്ഷിയായത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളോട് കിട പിടിക്കുന്ന ഒട്ടനവധി കാലു മാറ്റ നാടകങ്ങൾക്കും, കോടതി വ്യവഹാരങ്ങൾക്കും ശേഷമാണ് 2018 -നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി അധികാരത്തിലേറിയത്. 104 സീറ്റുമായി ബി ജെ പി ഏറ്ററ്വും വലിയ ഒറ്റക്കക്ഷിയായപ്പോൾ കോൺഗ്രസ്സ്- ജെ ഡി എസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും സർക്കാർ രൂപീകരിക്കാനായില്ല. ഗവർണറെ ഉപയോഗിച്ചാണ് ബി ജെ പി അധികാരം പിടിച്ചതെന്നാരോപിച്ച് കോൺഗ്രസ്സും, ജെ ഡി എസ്സും സുപ്രീം കോടതിയെ സമീപിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം ആണ് ഗവർണർ യെദിയൂരപ്പക്ക് നല്കിയതെങ്കിൽ കോൺഗ്രസ്സിന്റെയും, ജെ ഡി എസ്സിന്റെയും പ്രതിഷേധം അത് മൂന്നു ദിവസമാക്കി കുറച്ചു. നിയമസഭ ചേർന്നു, വിശ്വാസ വോട്ടിനു മിനിട്ടുകൾക്ക് മുൻപ് യെദിയൂരപ്പ രാജി സമർപ്പിച്ചു.

എച്ച്‌ ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി കോൺഗ്രസ്‌–- ജെഡിഎസ്‌ സഘ്യം അധികാരത്തിലേറി. ഇനിയാണ് ട്വിസ്റ് ഒരുപക്ഷെ ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിയുടെ ദിനങ്ങൾ, ജെ ഡി എസ്സിലെ മൂന്നും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ 14 ഉം എം എൽ എമാർ ബി ജെ പിയിലേക്ക് കൂറ് മാറി. 'പണത്തിനും പ്രലോഭനങ്ങൾക്കും മുൻപിൽ രാവിരുട്ടി വെളുത്തപ്പോൾ ഗാന്ധി ശിഷ്യന്മാർ അതേ ഗാന്ധിയുടെ ഘാതക പക്ഷത്തേക്ക് ചുവട് വെച്ചെന്നു' വിവിധ രാഷ്ട്രീയ നിരീക്ഷകർ വിമർശിച്ചു. ദിവസങ്ങളുടെ കാത്തിരിപ്പിനും, അനിശ്ചിതത്വത്തിനും ശേഷം 2019 ജൂലായ് 3 -ന് വിശ്വാസവോട്ടിൽ എച് ഡി കുമാരസ്വാമിക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല. 100-107 വോട്ട് നേടി യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ട അദ്ദേഹം 'ജനാധിപത്യം വിജയിച്ചു' എന്ന് പ്രഖ്യാപിച്ചു. ട്വിസ്റ്റുകൾ അവിടെയും അവസാനിച്ചില്ല. ബി ജെ പിയിലെ ഇന്റേണൽ പൊളിറ്റിക്കൽ കോൺഫ്ലിക്റ്റുകൾ, കോവിഡ് മാനേജ്‌മെന്റിലെ പാകപ്പിഴകൾ, അഴിമതി ആരോപണങ്ങൾ അടക്കമുള്ള കാരണങ്ങൾ യെദിയൂരപ്പയുടെ രാജിയിലേക്കു വഴി തെളിയിച്ചു. 2021 ജൂലൈ 28ന്‌ രാജി വെച്ച അദ്ദേഹത്തിന് പകരമായി ബാസവരാജ്‌ ബൊമ്മെ അധികാരമേറ്റു.


ബി എസ് യെദിയൂരപ്പ | PHOTO: PTI

രാഹുലിന്റെ അയോഗ്യത വിവാദവും ഡി കെ -സിദ്ധരാമയ്യ കൂട്ടുകെട്ടും; കർണാടകയിലെ കോൺഗ്രസ്സ്

ഗുജറാത്ത്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏറ്റ കനത്ത പരാജയങ്ങളുടെ പശ്ചാത്തലത്തിലും, വരാനിരിക്കുന്ന 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനും ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ആണ് കോൺഗ്രസ്സ് കർണാടകത്തിൽ പോരാട്ടത്തിനിറങ്ങുന്നത്. ഭരണം നേടാൻ 113 എന്ന മാന്ത്രിക സംഖ്യ ആണ് വേണ്ടതെന്നിരിക്കെ പല സർവേകളും കോൺഗ്രസ്സിന് 140 സീറ്റ് വരെ പ്രവചിക്കുന്നുണ്ട്. കോൺഗ്രസ്സിനെ സംബന്ധിച്ച് കർണാടകയിൽ ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ കന്നഡ മണ്ണിലെ അവരുടെ സംഘടനാ ശേഷിയും, ഒരു പിടി മികച്ച നേതാക്കളുടെ നേതൃത്വവുമാണ്. പ്രധാന വോട്ട് ബാങ്ക് ആയ ലിംഗായത്തുകളെ ഒപ്പം നിർത്താൻ മുതിർന്ന നേതാവായ  എം ബി പാട്ടീലിനു പുറമെ, വിജയനാന്ദ കാശപ്പനാവർ, വിനയ് കുൽക്കർണി, ലക്ഷ്മി ഹെബാൽക്കർ അടക്കമുള്ള ഒരു പിടി നേതാക്കളെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജെ ഡി എസ് ഇല്ലാതെ ഒറ്റക്ക് മത്സരിക്കുന്ന കോൺഗ്രസ്സ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കോലാറിനു പകരം  വാരുണയിൽ നിന്ന് മത്സരിക്കാൻ എഐസിസി നേതൃത്വം ആവശ്യപ്പെട്ടിരിക്കയാണ്. കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക്‌ ഖാർഗെ, അന്തരിച്ച മുൻ കര്‍ണാടക എം പിയും,  കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്റുമായ രംഗസ്വാമി ധ്രുവ് നാരായണന്റെ മകൻ ദർശൻ ധ്രുവനാരായണൻ തുടങ്ങിയവർ ഇത്തവണ കോൺഗ്രസ്സിന് വേണ്ടി കളത്തിലിറങ്ങും.

നിരവധി തവണ കേന്ദ്ര ഏജൻസികളുടെ നോട്ടപ്പുള്ളി ആയിട്ടും പൊരുതി നിന്ന ഡി കെ ശിവകുമാറിന്റെ നേതൃത്വവും തന്ത്രങ്ങളും ഇക്കുറിയും കർണാടകയിൽ ബിജെപിക്ക് കനത്ത വെല്ലുവിളി സൃഷ്ട്ടിക്കും. കർണാടക പ്രദേശ്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കൂടിയായ ഡി കെ ശിവകുമാർ ആണ് ബിജെപിയിൽ നിന്നും ജെഡിഎസിൽനിന്നും എംഎൽഎമാരുൾപ്പെടെ ഒരു പിടി നേതാക്കളെ കോൺഗ്രസ്സിലേക്കെത്തിക്കുന്നതിൽ ചുക്കാൻ പിടിച്ചത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലും ഡി കെ നിർണായക സാന്നിധ്യമായിരുന്നു.

രാഹുൽ ഗാന്ധി എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് ആണിത്. ജയിൽ വാസവും, അയോഗ്യതയും അടക്കം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ച രാഹുലിന്റെ പ്രസംഗം കർണാടകയിലെ കോലാറിൽ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. കോലാറിൽ തന്നെ ആണ് രാഹുൽ ഗാന്ധി കർണാടകയിലെ തന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നതും. ഭാരത് ജോഡോ യാത്ര അക്ഷരാർത്ഥത്തിൽ കർണാടകയിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. അയോഗ്യത വിവാദം രാഹുലിന് അഡ്വെന്റേജ് ആയി മാറിയോ ഇല്ലയോ എന്നറിയാൻ മെയ് 13 വരെ കാത്തിരുന്നാൽ മതിയാകും. ബിജെപിക്കെതിരെ സമീപ കാലത്ത് ഉയർന്നു വന്ന അഴിമതി ആരോപണങ്ങൾ കോൺഗ്രസ്സ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട് അതോടൊപ്പം തന്നെ എല്ലാ സർക്കാർ പ്രവർത്തികൾക്കും 40 ശതമാനം കമ്മീഷൻ വേണമെന്ന കരാറുകാരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ്സ് നടത്തിയ 'പേ സിഎം ക്യാമ്പയിൻ' ബി ജെ പിയെ നല്ല പോലെ ബാധിച്ചിട്ടുണ്ട്. അഴിമതി മുഖ്യ ചർച്ചാ വിഷയമാക്കിയ 2019 ഝാർഖണ്ട് തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഭരണം നഷ്ടമായതും ഇവിടെ പ്രസക്തമാണ്.


ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരോടൊപ്പം | PHOTO: PTI

ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന 4% സംവരണം കർണാടക സർക്കാർ റദ്ദാക്കിയത് വലിയ പ്രതിഷേധങ്ങൾക്കു വഴി തെളിയിച്ചിരുന്നു. എന്നാൽ ഈ സമരങ്ങളിൽ കോൺഗ്രസ്സ് വേണ്ടത്ര ഇടപെടില്ലെന്നും വിമർശനം ഉയർന്നു. മുസ്ലിം വിഭാഗത്തിന്റെ 4% സംവരണം 2% വീതം വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച് നൽകാൻ ആണ് ബി ജെ പി സർക്കാർ തീരുമാനിച്ചത്. ഇത് വലിയ പ്രതിഷേധങ്ങൾക്കു വഴി തെളിയിച്ചു, മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നിർണായക സ്വാധീനം ഉള്ള തീരദേശ പ്രദേശങ്ങളിൽ ഉൾപ്പെടെ നടന്ന സമരങ്ങൾ തങ്ങൾക്ക് വോട്ടാക്കി മാറ്റാം എന്ന് കോൺഗ്രസ്സ് കരുതുന്നു. മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ലെന്ന് ആണ് ഇതേ കുറിച്ചുള്ള ചർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷാ പ്രതികരിച്ചത്. സംവരണാനുകൂല്യം വർധിപ്പിക്കണമെന്നത് വൊക്കലിംഗരുടെയും ലിംഗായത്തുകളുടെയും ദീർഘകാലമായുള്ള ആവശ്യമാണ്. ഇതിനൊരു പച്ചക്കൊടി എന്ന നിലയ്ക്കാണ് സർക്കാരിന്റ നീക്കം എന്നത് മറ്റൊരു യാഥാർഥ്യമാണ്.

9 ലക്ഷത്തിലധികം യുവ വോട്ടർമാർ ഇക്കുറി കർണാടകയിൽ ഉണ്ട്. ഇവരെ ലക്ഷ്യം വെച്ച് കൊണ്ട് ആണ് 'യുവ നിധി' തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി കോൺഗ്രസ് പ്രഖ്യാപിച്ചത്. അധികാരത്തിൽ എത്തിയാൽ ഉടൻ തന്നെ യുവ നിധി പദ്ധതി നടപ്പാക്കുമെന്നാണ് അവരുടെ അവകാശ വാദം. യുവതീയുവാക്കൾക്ക് തൊഴിലില്ലായ്മ വേതനമെന്ന വൻ വാഗ്‍ദാനമാണ് യുവ നിധി. ഇതുപ്രകാരം തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകും. തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങൾക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങൾ കോൺഗ്രസ് നേരത്തെ മുന്നോട്ട് വച്ചിരുന്നു.


അമിത് ഷാ | PHOTO: PTI

124 പേരുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച കോൺഗ്രസ്സ് ഇതിനോടകം പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. പിന്നാക്ക സമുദായങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള, മുൻ ജെ ഡി എസ് നേതാവ് കൂടിയായ സിദ്ധരാമയ്യയും, കർണാടകയിലെ കോൺഗ്രസ്സിന്റെ ഐക്കൺ താരം ഡി കെ ശിവകുമാറും തമ്മിലെ തർക്കങ്ങൾ തെരഞ്ഞെടുപ്പോടു കൂടി അവസാനിക്കും എന്ന പ്രതീക്ഷയിൽ ആണ് എ ഐ സി സി നേതൃത്വം. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആകും വിജയിക്കുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ്സ് പ്രഖ്യാപിക്കുക.

തുടർ താമര' വിരിയുമോ - ബി ജെ പിയുടെ പ്രതീക്ഷകളും, വെല്ലുവിളികളും

കോൺഗ്രസ്സ്, ജനതാദൾ ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികൾ അടക്കി വാണ കന്നഡ മണ്ണിൽ ബി ജെ പി ഒരു ചെറു പ്രതിപക്ഷ പാർട്ടി മാത്രമായിരുന്ന കാലമല്ല ഇന്ന്. 1994 ൽ 40 സീറ്റും, 1999 ൽ 44 സീറ്റുമായിരുന്നു ബി ജെ പിക്കുണ്ടായിരുന്നത്. എന്നാൽ 2004 ൽ 79 സീറ്റുകളോടെ അവർ ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ഒരു പാർട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ കോൺഗ്രസ്സ് -ജെ ഡി എസ് സഖ്യം അധികാരത്തിൽ വന്നു, ബി ജെ പി വീണ്ടും പ്രതിപക്ഷത്ത് തന്നെ. അന്ന് ഉപമുഖ്യമന്ത്രി ആയിരുന്ന സിദ്ധരാമയ്യ സ്ഥാനം രാജി വെച്ച് ജെ ഡി എസ് വിട്ടതോടെ കളം മാറി. സിദ്ധരാമയ്യയുടെ കൂടു മാറ്റത്തോടെ കോൺഗ്രസ്സും ജെ ഡി എസ്സും അകന്നു, ഈ അവസരം തന്ത്രപരമായി മുതലെടുത്ത എച്ച് ഡി കുമാരസ്വാമി ബി ജെ പിയുമായി സഖ്യമുണ്ടാക്കി പുതിയ ഭരണ മുന്നണി കെട്ടി പടുത്തു. അങ്ങനെ കർണാടകയിൽ ബി ജെ പി ഭരണപക്ഷത്തേക്ക്‌. യെദിയൂരപ്പയുടെ എൻട്രിയും, പിണങ്ങി പോക്കും, പുതിയ രാഷ്ട്രീയ കക്ഷി രൂപീകരണവുമെല്ലാം കര്‍ണാടക രാഷ്ട്രീയത്തെ എന്നും വാർത്തകളിൽ നിറച്ചു, 2014 ൽ അധികാരം നഷ്ടപ്പെട്ടെങ്കിലും ബി ജെ പി 2018 ൽ തിരിച്ചു വന്നു.


സിദ്ധരാമയ്യ | PHOTO: PTI

ഡബിൾ എൻജിൻ സർക്കാർ മുദ്രാവാക്യവുമായി ബിജെപി ഭരണത്തുടർച്ച തന്നെ ആണ് ഇക്കുറി ലക്ഷ്യം വെക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടി ഭരിച്ചാൽ വികസന കാര്യങ്ങളിൽ ഡബിൾ എൻജിന്റെ ഗുണം ചെയ്യുമെന്ന് ആണ് ബി ജെ പിയുടെ പക്ഷം. വികസനവും, സാമുദായിക ധ്രുവീകരണവും സമാസമം ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ്‌ അവർ തന്ത്രമൊരുക്കിയിരിക്കുന്നത്‌. ഓ ബി സി സംവരണം നിർത്തലാക്കൽ, ഹിജാബ് വിവാദം, ടിപ്പു സുൽത്താൻ വിരുദ്ധ മുദ്രാവാക്യങ്ങൾ ഇവയെല്ലാം ഭൂരിപക്ഷത്തെ തങ്ങളുടെ പാട്ടിലാക്കാൻ ലക്‌ഷ്യം വെച്ചുള്ളതായിരുന്നു. മുസ്ലിം സമുദായത്തിൽ നിന്നും പിൻവലിച്ച സംവരണം 2 ശതമാനം വീതം ലിംഗായത്തുകൾക്കും, വൊക്കലിംഗക്കും വീതം വച്ച് നൽകിയത് ഇരു വിഭാഗങ്ങളെയും കൂടെ നിർത്താൻ വേണ്ടി ഉള്ള നീക്കമായി തന്നെ ആണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ബെംഗളുരു–മൈസുരു പത്തുവരിപാത, ശിവമൊഗ്ഗ വിമാനത്താളം തുടങ്ങിയ വമ്പൻ വികസന പദ്ധതികളും ബി ജെ പി ശക്തമായി ഉയർത്തി കാട്ടുന്നുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങൾക്കു നിർണായക പിന്തുണ നൽകിയ ലിംഗായത്ത് മേഖലകളിലും കോസ്റ്റൽ കർണാടകയിലും അതാവർത്തിക്കാൻ ബി ജെ പി പരമാവധി ശ്രമിക്കുന്നുണ്ട്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീലിന്റെ ബണ്ട്‌സ് സമുദായത്തിന്റെ സ്വാധീനമേഖലയായ കോസ്റ്റൽ കർണാടകയിൽ കഴിഞ്ഞ തവണ 19 സീറ്റിൽ ബിജെപി 16 സീറ്റും നേടിയിരുന്നു. തീരദേശ കര്‍ണാടക, ഓൾഡ് മൈസൂര്, മുംബൈ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക സെൻട്രൽ കര്‍ണാടക അടക്കമുള്ള വിവിധ മേഖലകളിൽ പക്ഷെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഇവിടെ കാര്യങ്ങൾ നിശ്ചയിക്കുന്നത് വിവിധ സാമുദായിക താല്പര്യങ്ങളാണ്.

സ്ഥാനാർഥി നിർണയം ഇനിയും പൂർണമായിട്ടില്ലെങ്കിലും ഒരു അഭിമാന പ്രശ്നമായി തന്നെ ആണ് ബി ജെ പി കർണാടക തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത് എന്ന് വ്യക്തം. വികസനം മുദ്രാവാക്യം എന്ന തന്റെ ട്രംപ് കാർഡുമായി പ്രധാന മന്ത്രി നരേന്ദ്ര മോദിയും,സംഘടനാ ചലിപ്പിക്കാൻ അമിത് ഷാ യും ഇപ്പോൾ കർണാടകയിൽ സജീവമായി ഇടപെടുന്നുണ്ട്.


നളിന്‍ കുമാര്‍ കട്ടീല്‍ | PHOTO: PTI

എം എൽ എ മാർ മുതൽ മുതിർന്ന നേതാക്കൾക്കെതിരെ ഉയർന്നു വന്ന അഴിമതി ആരോപണങ്ങളും,  പട്ടികജാതി വിഭാഗത്തിനുള്ളിൽ ആഭ്യന്തര സംവരണം കൊണ്ടുവരാനുള്ള ശ്രമം പാളിയതും, ന്യൂനപക്ഷ വിഭാഗങ്ങൾ ഏതാണ്ട് പൂർണമായും അകന്ന് നിൽക്കുന്നതും ബി ജെ പിക്ക് തലവേദനയാകും. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർട്ടി എംഎൽഎയായ മാദൽ വിരുപാക്ഷ അഴിമതിക്കേസിൽ കുടുങ്ങിയത് തിരിച്ചടി തന്നെ ആണ്. ലിംഗായത്ത് വിഭാഗക്കാരെ കൂടെ നിർത്താൻ ശ്രമിക്കുമ്പോഴും ആ സമുദായത്തിന്റെ ഉറച്ച പിന്തുണയുള്ള യെദിയൂരപ്പ ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പകരം കൊണ്ട് വന്ന ബസവരാജ്‌ ബൊമ്മെക്കു സമുദായത്തിൽ വലിയ സ്വാധീനവും ഇല്ല. യെദ്യൂരപ്പയെയും അത് വഴി ലിംഗായത്ത് സമുദായത്തെയും ഒപ്പം നിർത്താൻ മകന്‌ സീറ്റ്‌ കൊടുക്കാൻ വരെ ബി ജെ പി നേതൃത്വം തയ്യാറാണെന്ന് വാർത്തകളുണ്ട്.

വീണ്ടും കിംഗ് മേക്കർ ആകാൻ കുമാരസ്വാമി - ജെ ഡി എസ്സിന്റെ തെരഞ്ഞെടുപ്പ് സ്വപ്‌നങ്ങൾ

ഹിന്ദി ഹൃദയഭൂമിയിൽ ഗാന്ധി-നെഹ്‌റു ലെഗസി പറഞ്ഞു വോട്ട് നേടിയിരുന്ന കോൺഗ്രസ്സിന്റെ പ്രതാപ കാലം അസ്തമിച്ച കണക്കെ ജെഡിഎസ്സിനെ സംബന്ധിച്ച് കർണാടകയിൽ ദേവഗൗഡ ഫാക്ടർ ഇനി വർക്ക് ഔട്ട് ആകാൻ സാധ്യത ഇല്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് പഞ്ചരത്ന രഥയാത്രയുമായി ജനതാദൾ എസ്.(ജെ.ഡി.എസ്.) നേരത്തെ കളം നിറഞ്ഞിരുന്നു. മാസങ്ങൾക്കു മുമ്പേ 100 മണ്ഡലത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ജെഡിഎസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചത് തൊഴിൽ, വിദ്യാഭ്യാസം, ജലസേചനം, കൃഷി, ആരോഗ്യം, സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം അടക്കമുള്ള മുദ്രാവാക്യങ്ങളുമായി പഞ്ചരത്ന രഥയാത്രയിലൂടെ ആണ്. സംസ്ഥാനവ്യാപകമായി മുൻമുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിൽ പഞ്ചരത്ന രഥയാത്ര വിജയകരമായി പൂർത്തീകരിച്ചു. ഒരേ സമയം വൊക്കലിംഗ സമുദായത്തിന്റെയും ന്യൂനപക്ഷ, പിന്നാക്ക വോട്ടുകളിലുമാണ്‌ ജെഡിഎസിന്റെ പ്രതീക്ഷ. 2018 ൽ ജെ.ഡി.എസ്. നേടിയ 37 സീറ്റുകളിൽ 31 ഉം വൊക്കലിംഗ സമുദായത്തിന് മേൽക്കയ്യുള്ള ഓൾഡ് മൈസൂരു മേഖലയിൽനിന്നായിരുന്നു. മുൻ കേന്ദ്രമന്ത്രി സി എം ഇബ്രാഹിമിനെ സംസ്ഥാന പ്രസിഡന്റാക്കിയത്‌ ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ്. കല്യാണ കർണാടക, കിട്ടൂർ കർണാടക മേഖലകളിൽ ജെഡിഎസ് അക്കൗണ്ട് തുറക്കുമെന്നു കുമാരസ്വാമി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. എച്ച്‌ ഡി കുമാരസ്വാമി ചന്നപട്ടണ മണ്ഡലത്തിലും മകൻ നിഖിൽ കുമാരസ്വാമി രാമനഗര മണ്ഡലത്തിലും മത്സരിക്കും. മറ്റൊരു മുതിർന്ന ജെ ഡി എസ് നേതാവും മുൻ മന്ത്രിയുമായ ജി ടി ദേവഗൗഡ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മത്സരിക്കും. 2018 ൽ ചാമുണ്ഡേശ്വരിയിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ദേവഗൗ‍ഡ പരാജയപ്പെടുത്തിയിരുന്നു.


എച്ച് ഡി കുമാരസ്വാമി മകന്‍ നിഖിലിനോടൊപ്പം | PHOTO: FACEBOOK

തൂക്കു മന്ത്രിസഭാ ആണ് വരുന്നതെങ്കിൽ ഒരിക്കൽ കൂടി കുമാരസ്വാമിയുടെ വഴിക്ക് കാര്യങ്ങൾ വരും, ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ട്ടപ്പെട്ട മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞ ഒരു ഓഫറും അദ്ദേഹം സ്വീകരിക്കാനും സാധ്യത ഇല്ല, അത് കൊണ്ട് തന്നെ തങ്ങളുടെ സ്വാധീന പ്രദേശമായ പഴയ മൈസൂർ മേഖലക്ക് പുറത്ത് കൂടുതൽ സീറ്റുകൾ നേടി ശക്തി തെളിയിക്കുക എന്നത് തന്നെ ആയിരിക്കും ജെ ഡി എസ് ലക്‌ഷ്യം വെക്കുന്നത്..

'it could be anybody’s game' എന്ന ഒരു ഹോളിവുഡ് സിനിമ വാചകം മാത്രമാണ് ഈ അവസരത്തിൽ കർണാടക തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പറയാൻ സാധിക്കൂ. നേരിയ സീറ്റ് വ്യത്യാസത്തിൽ പോലും അധികാരത്തിലേറിയാൽ ഭരിക്കുന്ന മുന്നണി ഏതു നിമിഷവും താഴെ വീഴാം എന്നതിന് 2018 തെരഞ്ഞെടുപ്പ് ഫലം അടക്കം ധാരാളം ഉദാഹരണങ്ങളുണ്ട്. അത് കൊണ്ട് തന്നെ പ്രധാനപ്പെട്ട മൂന്നു മുന്നണികളും അരയും, തലയും മുറുക്കി ഇറങ്ങുന്നത് വലിയ മാർജിനിൽ വിജയം നേടി ആത്മവിശ്വാസത്തോടെ അഞ്ചു വർഷം തികക്കാനായിരിക്കും. വരും ദിവസങ്ങൾ രാജ്യത്തിൻറെ രാഷ്ട്രീയ ശ്രദ്ധ മുഴുവൻ കന്നഡ നാട് ഹൈജാക് ചെയ്യും. മെയ് 13 കര്‍ണാടക രാഷ്ട്രീയത്തിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിലെയും നിർണായക ദിനം ആയിരിക്കും. തീർച്ച.


#outlook
Leave a comment