TMJ
searchnav-menu
post-thumbnail

Outlook

കാസര്‍ഗോഡ് ആര്‍ക്കൊപ്പം?

22 Apr 2024   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

2019 പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളില്‍ ഒന്നായിരുന്നു ഇടതുപക്ഷ കോട്ടയായിരുന്ന കാസര്‍ഗോഡ് ലോക്സഭ മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം. 1989 മുതലുള്ള തോല്‍ക്കാത്ത ഇടത് ചരിത്രത്തെ മുറിക്കുകയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ചെയ്തത്. 1957 മുതല്‍ 1967 വരെ എകെജി ലോക്സഭയില്‍ പ്രതിനിധീകരിച്ച മണ്ഡലം കൂടിയായ കാസര്‍ഗോഡാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 43.4 % വോട്ട് വിഹിതം നേടി 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ പി സതീഷ്ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഇക്കുറി സിറ്റിംഗ് എംപി ആയ രാജ്മോഹന്‍ ഉണ്ണിത്താന്‍ നേരിടുന്നത് കാസര്‍ഗോഡ് സിപിഐ (എം) ജില്ല സെക്രട്ടറിയായിരുന്ന എം വി ബാലകൃഷ്ണന്‍ മാസ്റ്ററെയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മഞ്ചേശ്വരം പഞ്ചായത്ത് മെമ്പര്‍ എംഎല്‍ അശ്വിനിയാണ് രംഗത്തുള്ളത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ | PHOTO: FACEBOOK
കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍ഗോഡ്  ഉദുമ, കാഞ്ഞങ്ങാട്, തൃക്കരീപ്പൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ  പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളും ചേര്‍ന്നതാണ് കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലം. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ എന്നിവിടങ്ങളില്‍ നടത്തിയ വലിയ രീതിയിലുള്ള മുന്നേറ്റമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിന്റെ അടിസ്ഥാനം. ബാക്കി വരുന്ന കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ് എന്നീ നാല് നിയമസഭ മണ്ഡലങ്ങളും ഉണ്ണിത്താന്‍ രണ്ടാം സ്ഥാനത്തായിരുന്നു. 2019 ല്‍ യുഡിഎഫിന് 43.4 ശതമാനം വോട്ടുവിഹിതമാണ് നേടാനായത്. എല്‍ഡിഎഫിന് 39.6 ശതമാനം വോട്ടുകളും, ബിജെപി നേടിയത് 16.1 ശതമാനം വോട്ടുമാണ്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2021 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്തും കാസര്‍ഗോഡും ബിജെപി സ്ഥാനാര്‍ത്ഥിയാണ് വോട്ട് നിലയില്‍ രണ്ടാമതെത്തിയത്. ഈ രണ്ട് മണ്ഡലങ്ങളിലും യുഡിഎഫിന് വേണ്ടി മത്സരിച്ചതും വിജയിച്ചതും മുസ്ലീം ലീഗിന്റെ പ്രതിനിധികളായിരുന്നു. 

കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് കോണ്‍ഗ്രസ് പരിസരങ്ങളില്‍ നിന്നും ചാനല്‍ മുറികളിലേക്കും പിന്നെ അവിടെ നിന്നും തെരുവുകളിലേക്കും പടര്‍ന്ന കാലത്ത് കരുണാകരനൊപ്പം നിന്നുകൊണ്ടും പിന്നീട് കെ മുരളീധരനെ എതിര്‍ത്തുകൊണ്ടും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാം ഇന്നിങ്സാണ് 2019 ലെ കാസര്‍ഗോഡ് വിജയത്തോടെ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ കൂടെ വായിക്കേണ്ട മറ്റൊരു വാര്‍ത്ത അക്കാലത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കൂടെ സജീവമായുണ്ടായിരുന്ന ശരത് ചന്ദ്ര പ്രസാദ്, നിരന്തരമായ കോണ്‍ഗ്രസ് അവഗണനയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത് ഈ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ്.


ബാലകൃഷ്ണന്‍ മാസ്റ്റര്‍ | PHOTO: FACEBOOK
2019 ല്‍ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അല്ല 2024 ലെ കാസര്‍ഗോട്ടുകാരുടെ ഉണ്ണിച്ചയായി മാറിയ, ജനകീയ എംപി ആയ രാജ്മോഹന്‍ ഉണ്ണിത്താന്‍. 2019 ല്‍ നടന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകവും അതിനെ തുടന്നുണ്ടായ വൈകാരികതയും ചേര്‍ന്ന് രാഷ്ട്രീയ ഭേദമന്യേ കാസര്‍ഗോഡ് സിപിഐ (എം) വിരുദ്ധ ചേരി  രൂപപ്പെട്ടു. അതോടെ ന്യൂനപക്ഷ ഏകീകരണവും 2019 ല്‍ രാജ്മോഹന്‍ ഉണ്ണിത്താന് അനുകൂലമായി. അദ്ദേഹത്തിന്റെ മിന്നുന്ന വിജയത്തിന് പ്രധാനകാരണം ഇതുതന്നെയാണ്. മുസ്ലിം ലീഗ് ജില്ലാ നേതൃത്വവുമായുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സുദൃഢമായ ബന്ധമാണ് അദ്ദേഹത്തിന്റെ കരുത്ത്. 30.8 ശതമാനം മുസ്ലീം വോട്ടര്‍മാരും,  11 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരും 57 ശതമാനം ഹിന്ദു വോട്ടര്‍മാരും അടങ്ങുന്ന കാസര്‍ഗോഡ് മണ്ഡലത്തിലെ ഡെമോഗ്രാഫിക്കകത്തേക്കാണ് കഴിഞ്ഞ അഞ്ച്ുകൊല്ലവും മണ്ഡലത്തില്‍ നിറഞ്ഞുനിന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രണ്ടാമങ്കം. 

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലുള്‍പ്പെടുന്ന പയ്യന്നൂരില്‍ മാത്രം എല്‍ഡിഎഫിന് 62.49% -ത്തോടുകൂടി 49,780 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. കല്യാശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് 60.62 % വോട്ട് വിഹിതത്തോട് കൂടി 44,393 വോട്ടിന്റെ ഭൂരിപക്ഷവും നേടി. ഈ കണക്കുകളിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷകള്‍. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 45.40 ശതമാനവും യുഡിഎഫ് 30.80 ശതമാനവും ബിജെപി 17.3 ശതമാനം വോട്ടുകളാണ് നേടിയിട്ടുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ മണ്ഡലങ്ങളില്‍ നിന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സമാഹരിക്കാവുന്ന പരമാവധി വോട്ടുകള്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ സമാഹരിക്കുകയും, അവിടെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ ലഭിച്ച വോട്ട് വിഹിതം താഴേക്ക് പോകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയും ചെയ്താല്‍ ഇത്തവണ യുഡിഎഫ് മുന്നേറ്റം തടയാനാവുമെന്നാണ് ഇടതുപക്ഷം കണക്കുകൂടുന്നത്.

അശ്വിനി | PHOTO: FACEBOOK
56.5% റൂറല്‍ വോട്ടര്‍മാരും 43.5 % നഗര വോട്ടര്‍മാരുമുള്ള കാസര്‍ഗോഡ് മണ്ഡലത്തില്‍, ബിജെപിക്ക് വിജയ സാധ്യതയില്ലെങ്കിലും മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ബിജെപി ശക്തികേന്ദ്രങ്ങളുണ്ട്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ എക്കാലവും ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ്. ഇത്തവണ ബിജെപി വനിതാ സ്ഥാനാര്‍ത്ഥി എന്ന നിലയിലും ഭാഷ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വളരെ അധികം സ്വാധീനം ചെലുത്തുന്ന വ്യക്തിയുമായ  അശ്വിനി പ്രചാരണ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നുണ്ട്. ഇടതുപക്ഷവും യുഡിഎഫും ഒരുപോലെ വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന ഒരു മണ്ഡലമായി കാസര്‍ഗോഡ് മാറി എന്നുള്ളതാണ് ഇക്കുറി കാസര്‍ഗോഡ് തെരഞ്ഞെടുപ്പിനെ വേറിട്ട് നിര്‍ത്തുന്നത്.


 

#outlook
Leave a comment