TMJ
searchnav-menu
post-thumbnail

Outlook

കാശ്മീര്‍: ARTICLE 370 ഇല്ലാതായതിന്റെ നാലാം വര്‍ഷത്തില്‍ കോടതി വാദം കേള്‍ക്കുമ്പോള്‍

05 Aug 2023   |   2 min Read
ഹൃദ്യ ഇ

കാശ്മീരിന്റെ പ്രത്യേക പദവി ഉറപ്പു നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ദു ചെയ്തിട്ട് ആഗസ്റ്റ് 5 ന് നാലു വര്‍ഷം തികയുന്നു. പ്രത്യേക പദവി റദ്ദാക്കിയതിനൊപ്പം സംസ്ഥാനമെന്ന സ്ഥാനവും ജമ്മു-കാശ്മീരിന് നഷ്ടമായി. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വന്ന് നാലു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഒരു പറ്റം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചതാണ് ഈ വിഷയം ഇപ്പോള്‍ കൂടുതല്‍ വാര്‍ത്ത പ്രാധാന്യം കൈവരിക്കാനുള്ള പ്രേരണ. ആഗസ്റ്റ് 2 ബുധനാഴ്ച മുതലാണ് കോടതി വാദം കേള്‍ക്കാന്‍ തുടങ്ങിയത്.  

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. തിങ്കള്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലായിട്ടാണ്  ഹര്‍ജികള്‍ പരിഗണിക്കുന്നത്. 2019 ഓഗസ്റ്റ് 5 ന് പുറപ്പെടുവിച്ച ഉത്തരവോടെ ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയതാണ് ഹര്‍ജികള്‍ ചോദ്യം ചെയ്യുന്നത്. ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ച് ജൂലൈ 11 ന് വിവിധ കക്ഷികളുടെ രേഖാമൂലമുള്ള നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 27 ആയി നിശ്ചയിച്ചിരുന്നു. പ്രസ്തുത തീയതിക്ക് ശേഷം  രേഖകളൊന്നും സ്വീകരിക്കില്ലെന്ന് കോടതി അറിയിച്ചിരുന്നു. ഭരണഘടനയിലെ 370-ാം വകുപ്പ് പ്രകാരം ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനെ റദ്ദാക്കുന്ന തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ഇരുപതോളം ഹര്‍ജികളാണ് സുപ്രീംകോടതിയ്ക്കു മുന്നിലുള്ളത്.

ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് ഹര്‍ജികളിലെ ഒരു പ്രധാന വാദം. ഹര്‍ജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും റദ്ദാക്കാനാവില്ലെന്ന് വാദിക്കുമ്പോള്‍, അതിന്റെ താല്‍ക്കാലിക സ്വാഭാവമെന്ന പ്രത്യേകതെയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പക്ഷത്തു നിന്നുള്ള അഭിഭാഷകര്‍ വാദിക്കുന്നത്.

REPRESENTATIONAL IMAGE
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ തീരുമാനിക്കുന്ന അതേ ദിവസം തന്നെ കാശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ യും റദ്ദാക്കി. സംസ്ഥാനത്തെ സ്ഥിരം നിവാസികള്‍ക്കായി  ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം എന്നിവ വകുപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ മാറ്റങ്ങളുടെ ഫലമായി സംസ്ഥാനം ജമ്മു, കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കപ്പെട്ടു.

ബിജെപി-യുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ ആര്‍ട്ടിക്കിള്‍ 370-നെ അവര്‍  എതിര്‍ത്തിരുന്നു. കാശ്മീരിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം ഈ പ്രത്യേക പദവിയാണെന്ന വീക്ഷണമാണ് ജനസംഘവും പില്‍ക്കാലത്തു ബിജെപിയും തുടക്കം മുതല്‍ സ്വീകരിച്ചിരുന്ന നയം. എന്നാല്‍ ബിജെപി പിന്തുടരുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് 370 നോടുള്ള എതിര്‍പ്പെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഫലത്തില്‍ വെറും ആലങ്കാരിക പദവി മാത്രമുള്ള ഒന്നായി 370-ാം വകുപ്പ് മാറിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വകുപ്പ് നിലനില്‍ക്കുമ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ജമ്മു-കാശ്മീരിന്റെ കാര്യങ്ങളില്‍-സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചു വിടുന്നതടക്കം- യഥേഷ്ടം ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ജമ്മു കാശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുപരി കാശ്മീരിന് പുറത്തുള്ള ബിജെപിയുടെ വോട്ട് ബാങ്കിനെ സംതൃപ്തിപ്പെടുത്തുന്നതിന് വേണ്ടി കൈക്കൊണ്ട തീരുമാനമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്ത നടപടി എന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍.

സുപ്രീം കോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയുന്ന കാലയളവിനെ പറ്റി ഇതുവരെ സൂചനകള്‍ ഒന്നുമില്ല. ഏതായാലും രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒന്നാവും പരമോന്നത കോടതിയുടെ തീര്‍പ്പു കല്‍പ്പിക്കല്‍ എന്ന കാര്യത്തില്‍ സംശയമില്ല.

Leave a comment