TMJ
searchnav-menu
post-thumbnail

Outlook

കോട്ടയത്ത് കേരള കോണ്‍ഗ്രസ് പോരാട്ടം

02 Apr 2024   |   4 min Read
മിസ്‌രിയ ചന്ദ്രോത്ത്

(ഭാഗം പതിമൂന്ന്)

18-ാം
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ രാജ്യത്താദ്യം സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയ മണ്ഡലമാണ് കോട്ടയം ലോക്‌സഭ മണ്ഡലം. തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വമാണ് കോട്ടയത്ത് ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. കോട്ടയത്ത് കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച സിറ്റിംഗ് എം പി തോമസ് ചാഴിക്കാടന്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. അതുപോലെ ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ നിന്നും 2004 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഫ്രാന്‍സിസ് ജോര്‍ജാണ് ഇത്തവണ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. കൂടാതെ കഴിഞ്ഞതവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പി സി തോമസ് ഇത്തവണ യുഡിഎഫിനോടൊപ്പമാണ്, ഇതൊക്കെയാണ് തെരഞ്ഞെടുപ്പില്‍ ഇത്തവണ കോട്ടയത്തെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങള്‍. 

കേരള കോണ്‍ഗ്രസ് (എം)  എല്‍ഡിഎഫിലെത്തുമ്പോള്‍ പാലാ നിയമസഭയില്‍ എല്‍ഡിഎഫിനുവേണ്ടി പലതവണ രംഗത്തുണ്ടായിരുന്ന മാണി സി കാപ്പന്‍ യുഡിഎഫ് പാളയത്തിലെത്തിക്കഴിഞ്ഞു. കഴിഞ്ഞതവണ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് ദേശീയശ്രദ്ധ നേടിയ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇത്തവണത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കോട്ടയത്തെ എല്ലാ രാഷ്ട്രീയചലനങ്ങളും നിയന്ത്രിച്ചിരുന്ന ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവ് ഇല്ലാത്ത ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് കൂടിയാണിത്. കേരളത്തിന്റെ പൊതു രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായ ഒരു രാഷ്ട്രീയമത്സര ചിത്രമാണ് ഇത്തവണ കോട്ടയത്ത് കാണാനാവുന്നത്. കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തിയും ശക്തിയും നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്. 

കേരള കോണ്‍ഗ്രസ്സുകാര്‍ കോട്ടയത്ത് നടത്തുന്ന ശക്തിപ്രകടനത്തിന് ഇത്തവണ വലിയ പ്രസക്തിയുണ്ട്. എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസ് (എം) ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സ്വാധീനം വര്‍ധിപ്പിക്കേണ്ടതുണ്ട്. യുഡിഎഫ് മന്ത്രിസഭാ കാലത്ത് കേരള കോണ്‍ഗ്രസ് (എം) മന്ത്രിമാര്‍ക്ക് ലഭിച്ചിരുന്ന പ്രാധാന്യം നിലവില്‍ മന്ത്രിയായ റോഷി അഗസ്റ്റിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ലഭിക്കുന്നില്ല എന്നൊരു വിശകലനം കേരള കോണ്‍ഗ്രസ്സ് വൃത്തങ്ങളില്‍ത്തന്നെ ഉയരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കുണ്ടായ വിജയത്തില്‍ കേരള കോണ്‍ഗ്രസ് (എം) ന് നിര്‍ണായക സ്വാധീനം ചെലുത്താനായിട്ടുണ്ട് എന്നുള്ള വാദം തെളിയിക്കാനായി കോട്ടയം സീറ്റിലെ വിജയം അത്യാവശ്യമാണ്.

തുഷാര്‍ വെള്ളാപ്പള്ളി | PHOTO: FACEBOOK
കേരളത്തിലെ 18.38% വരുന്ന ക്രിസ്ത്യന്‍ വിഭാഗം ജനങ്ങളിലേക്ക് ഇടതുപക്ഷത്തിനുള്ള പാലമാണ് കേരള കോണ്‍ഗ്രസ് (എം) എന്നൊരു വിലയിരുത്തല്‍ നിലനില്‍ക്കുന്നുണ്ട്. പൊതുവെ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കാറുള്ള കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹവുമായി ആഴത്തില്‍ ബന്ധം സൂക്ഷിക്കാന്‍ സാധിക്കുന്ന നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസിലില്ലാത്ത പശ്ചാത്തലത്തിലാണ് കേരള കോണ്‍ഗ്രസ് (എം) ന്റെ  LDF ലെ പ്രസക്തി. മാത്രമല്ല ബിജെപി നേതൃത്വം കേരളത്തിലെ ഈ 18.38% വരുന്ന ക്രിസ്ത്യന്‍ സമുദായത്തിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചു കാലമായി. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തിലേറിയ സാഹചര്യത്തില്‍ അതേ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ബിജെപിക്ക് ബുദ്ധിമുട്ടില്ല. ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന രണ്ട് സീറ്റുകളില്‍, തിരുവനന്തപുരത്ത് ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്റേയും തൃശ്ശൂരില്‍ റോമന്‍ കത്തോലിക്ക വിഭാഗത്തിന്റേയും നിര്‍ണായക സാന്നിധ്യമുണ്ട്. പിസി ജോര്‍ജിനെ പോലുള്ള നേതാക്കളെ ബിജെപി യുമായി ലയിപ്പിച്ചതെല്ലാം ക്രിസ്ത്യന്‍ സമൂഹത്തിലേക്കുള്ള വഴിവെട്ടുന്നതിനായാണ്. ഈ തെരഞ്ഞെടുപ്പോടുകൂടി അത്തരം പരീക്ഷണങ്ങളുടെ ആദ്യഫലം അറിയാം. 

കോട്ടയത്ത് 56.3% ഹിന്ദു വോട്ടര്‍മാരും 38.7% ക്രിസ്ത്യന്‍
വോട്ടര്‍മാരുമാണുള്ളത്. വൈക്കം (SC), ഏറ്റുമാനൂര്‍, കടുത്തുരുത്തി, പാല, പിറവം, പുതുപ്പള്ളി, കോട്ടയം എന്നീ നിയമസഭ മണ്ഡലങ്ങളടങ്ങിയ കോട്ടയം മണ്ഡലത്തില്‍ 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. വൈക്കവും ഏറ്റുമാനൂരും ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും യുഡിഎഫിന്റെ സീറ്റുകളാണ്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുതരംഗത്തിലും ഈ മണ്ഡലങ്ങളില്‍ യുഡിഎഫിന് 29,360 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്നുണ്ടായ ബൈ ഇലക്ഷനില്‍ 33,255 വോട്ടിന്റെ ത്രസിപ്പിക്കുന്ന ഒരു വിജയം യുഡിഎഫിന് ലഭിച്ചിട്ട് ഏറെ നാളെയിട്ടില്ല എന്നതും യുഡിഎഫ് നേതൃത്വത്തിന് അനുകൂല ഘടകമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പോടുകൂടി സജീവമായ കോണ്‍ഗ്രസ് സംഘടനാ സംവിധാനവും മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് യുഡിഎഫിന് കോട്ടയത്ത് അനുകൂലമായ ഘടകമാണ്

സിറ്റിങ് എംപി തോമസ് ചാഴിക്കാടന്‍ എന്ന സൗമ്യ വ്യക്തിത്വത്തിന് കോട്ടയത്ത് രാഷ്ട്രീയ ഭേദമന്യേ വോട്ടുണ്ട്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന്‍ 46.25 % വോട്ടുകളോടുകൂടി  4,21,046 വോട്ടുകള്‍ നേടിയാണ് സിപിഐ എം ജില്ല സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ സാംസ്‌കാരിക മന്ത്രി വി എന്‍ വാസവനെ പരാജയപ്പെടുത്തിയത്. ഇടതുപക്ഷത്തിന് അത്തവണ 34.58 % വോട്ടുകള്‍ മാത്രമേ സമാഹരിക്കാനായുള്ളൂ. NDA സ്ഥാനാര്‍ത്ഥിയായ അഡ്വ. പി സി തോമസ് 2019 ല്‍ 17.04 % വോട്ടുകളാണ് നേടിയത്. വ്യക്തിപരമായി ഏറെ വോട്ടുകള്‍ സമാഹരിക്കാനാവുന്ന പി സി തോമസിനെ പോലുള്ള വ്യക്തിത്വങ്ങളും യുഡിഎഫിനോടൊപ്പമുള്ളത് ഇത്തവണ യുഡിഎഫിന് അനുകൂല ഘടകമാണ്.

തോമസ് ചാഴിക്കാടന്‍ | PHOTO: FACEBOOK
യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസിന്റെ പൈതൃകം ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായാണ് കേരള കോണ്‍ഗ്രസ് (എം) രംഗത്തുള്ളത്. കെ എം മാണി എന്ന രാഷ്ട്രീയ അതികായന് പകരം മറ്റൊരാള്‍ നേതൃത്വത്തില്‍ ഇല്ലാത്തതും ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനത്തുള്ള പ്രകടനവും കേരള കോണ്‍ഗ്രസിനെ വലയ്ക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് (എം) ന്റെ ഈറ്റില്ലമായ പാലായില്‍ ജോസ് കെ മാണിക്കുണ്ടായ പരാജയം സൃഷ്ടിച്ച തിരിച്ചടിയില്‍ നിന്നും കരകയറാനായി ഇത്തവണ ലോക്‌സഭയിലേക്കുള്ള ഏക സീറ്റില്‍ വിജയം അനിവാര്യമാണ്. ഇടതുപക്ഷത്തിന്റെയും കേരള കോണ്‍ഗ്രസ് (എം) ന്റെയും സംഘടനാശേഷി വെച്ച് ചാഴിക്കാടന്റെ വിജയത്തിലേക്കുള്ള വഴി എളുപ്പമാണെന്നാണ് LDF കണക്കുകൂട്ടല്‍. പുതുപ്പള്ളി ബൈ ഇലക്ഷനില്‍ കേരള കോണ്‍ഗ്രസ് (എം) സ്വാധീനമുള്ള മേഖലയില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നുള്ള യാഥാര്‍ത്ഥ്യവും തദ്ദേശ സ്ഥാപനങ്ങളിലെ പദവി പങ്കുവെക്കലുകള്‍ സൃഷ്ടിക്കുന്ന സ്വരച്ചേര്‍ച്ചയില്ലായ്മയും എല്‍ഡിഎഫിലും അണികളിലും ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതൊഴിച്ചാല്‍ CAA വിഷയവും മണിപ്പൂര്‍ വിഷയവും റബ്ബറിന്റെ താങ്ങുവിലയും സജീവമായി ചര്‍ച്ചാ വിഷയമാകുന്ന ഈ തെരഞ്ഞെടുപ്പില്‍ സഭയുടെ വോട്ട് യുഡിഎഫിലേക്ക് ഒഴുകില്ലെന്നാണ്  LDF  വിലയിരുത്തല്‍.

പി ജെ ജോസഫിന് ഇടുക്കി ലോക്‌സഭ മണ്ഡലത്തിലേതുപോലെ കോട്ടയത്ത് കാര്യമായ പിന്തുണയില്ലെന്നും, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനും പിറവത്ത് അനൂപ് ജേക്കബിനും വ്യക്തിപരമായ പിന്തുണയാണുള്ളതെന്ന വിലയിരുത്തലുകളും, കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാന്‍ കോട്ടയത്ത് സംഘടനാ ശക്തിയുണ്ടെന്ന അവകാശവാദങ്ങളും നിലവിലുണ്ട്. സീറ്റ് വിഭജനകാര്യത്തില്‍ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ ലതിക സുഭാഷ് എന്ന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് സീറ്റ് നല്‍കാനാവാത്തത് ഏറെ നഷ്ടം കോണ്‍ഗ്രസിനുണ്ടാക്കി. ആ സീറ്റില്‍ വിമത സ്ഥാനാര്‍ത്ഥിയായി ലതിക സുഭാഷ് മത്സരിച്ചതോടെ ആ സീറ്റും യുഡിഎഫിന് നഷ്ടമായി. ഇത്തവണയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അവകാശപ്പെടുന്നത് കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റ് കൊടുത്താല്‍ ഏറ്റുമാനൂരിലെ സമാന സാഹചര്യം ഉണ്ടാവുമെന്ന് തന്നെയാണ്. ഈ പ്രശ്‌നങ്ങള്‍ തന്നെയാണ് ഏത് അനുകൂല സാഹചര്യങ്ങളെയും പിന്നോട്ടടിപ്പിക്കുന്ന യുഡിഎഫ് സമവാക്യം.

തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഏറ്റുമാനൂര്‍, വൈക്കം പോലുള്ള ഇടതുകേന്ദ്രങ്ങളില്‍ കാര്യമായ സ്വാധീനമുള്ള ഈഴവ സമുദായങ്ങളില്‍ ഇത്തവണ തുഷാര്‍ വെള്ളാപ്പള്ളിയുടെ സാന്നിധ്യം നിര്‍ണായകമാകും എന്നുറപ്പാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച ഈ നിയമസഭ മണ്ഡലങ്ങളില്‍ നിന്ന്  ഇടതുപക്ഷത്തിന് ലഭിക്കുന്ന വോട്ടില്‍ വിള്ളലുണ്ടാവുമെന്ന വിശകലനങ്ങളുമുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഫ്രാന്‍സിസ് ജോര്‍ജിന്റെ സൗമ്യവ്യക്തിത്വവും കേരള കോണ്‍ഗ്രസ് നേതാവ് കെ എം ജോര്‍ജിന്റെ മകന്‍ എന്ന നിലയിലുള്ള പാരമ്പര്യവും ഉയര്‍ത്തിയാണ് വോട്ടര്‍മാരിലേക്ക്   ജോസഫ് വിഭാഗം എത്തുന്നത്. ചാഴിക്കാടനും ഫ്രാന്‍സിസ് ജോര്‍ജും മുന്‍കാലങ്ങളില്‍ പാര്‍ലമെന്റില്‍ നടത്തിയ നല്ല പ്രകടനങ്ങളും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കഴിഞ്ഞതവണ ചാഴിക്കാടന്റെ സഭയിലെ പ്രവര്‍ത്തനവും ഫണ്ട് വിനിയോഗവും ഏറെ പ്രശംസനീയമായിരുന്നു.

 ഫ്രാന്‍സിസ് ജോര്‍ജ് | PHOTO: FACEBOOK
കെ എം മാണിയുടെ മരണത്തിന് ശേഷം ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടിയുണ്ടായ തര്‍ക്കമാണ് ജോസഫ് വിഭാഗം പിളര്‍ന്നുമാറിയതിനുള്ള പ്രത്യക്ഷ കാരണം. ജോസഫ് പക്ഷത്തിന്റെ എതിര്‍പ്പിലും ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ വര്‍ക്കിങ് ചെയര്‍മാനായി പിജെ ജോസഫിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം പ്രഖ്യാപിച്ചതോടെ കോടതിയിലെത്തിയ രാഷ്ട്രീയ അസ്തിത്വ തര്‍ക്കങ്ങള്‍ പിന്നീട് പരിഹരിക്കപ്പെടുന്നത് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടില കേരള കോണ്‍ഗ്രസ് (എം) ന് തന്നെ നല്‍കിക്കൊണ്ടാണ്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, വന്യജീവി ആക്രമണം, പള്ളിത്തര്‍ക്കം, യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഷയങ്ങള്‍, ചര്‍ച്ച് ബില്‍, മണിപ്പൂര്‍ വിഷയം, CAA വിഷയം, കാസയുടെ രാഷ്ട്രീയം മുതല്‍ നവകേരള സദസിലെ എംപിയോടുള്ള അവഹേളനം വരെ ചര്‍ച്ച ചെയ്യപ്പെടുന്ന കോട്ടയത്ത് ആര് ജയിച്ചാലും അത് കേരള കോണ്‍ഗ്രസ് ഒറിജിനല്‍ ആയിരിക്കുമെന്നാണ് കോട്ടയത്തുനിന്നുള്ള വര്‍ത്തമാനങ്ങള്‍.


(തുടരും)


#outlook
Leave a comment