TMJ
searchnav-menu
post-thumbnail

Outlook

തൽസ്ഥിതിയിൽ കേരളം, ഉൾസ്ഥിതിയിൽ പുകയുന്നു

29 Nov 2024   |   4 min Read
അജിത് ശ്രീനിവാസൻ

മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ കേരളം തൽസ്ഥിതിയിൽ. വയനാട് ജ്യേഷ്ഠന്റെ സ്ഥാനത്ത് കുടുംബത്തില്‍ നിന്നു തന്നെ അനുജത്തി വന്നു. പാലക്കാട് സ്ഥാനമൊഴിഞ്ഞയാളുടെ പകരക്കാരനായി അദ്ദേഹത്തിന്റെ തന്നെ നോമിനിയെത്തി. ചേലക്കരയില്‍ നേതാവിന് വേണ്ടി മാറിനിന്നയാള്‍ തിരിച്ചു വന്നു. രാഷ്ട്രീയമായി പറഞ്ഞാല്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന വയനാടും പാലക്കാടും അവര്‍ നിലനിര്‍ത്തി. സിപിഎമ്മിനുണ്ടായിരുന്ന ചേലക്കര അവരും.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ ഭൂരിപക്ഷം പ്രിയങ്കക്കും പാലക്കാട്ട് ഷാഫി പറമ്പിലിനെക്കാള്‍ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിനും കിട്ടിയതോടെ, കോണ്‍ഗ്രസും യുഡിഎഫും വിജയിച്ചു. ചേലക്കര  സിറ്റിങ് സീറ്റ് അല്ലാതിരുന്നിട്ടും ഭൂരിപക്ഷം കുറയ്ക്കാനായതും സ്വന്തം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂടിയതും ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്നും കോണ്‍ഗ്രസിനും യുഡിഎഫിനും പറയാം.

വയനാടും പാലക്കാടും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. അത് അവര്‍ നിലനിര്‍ത്തിയെന്നേയുള്ളൂ. ചേലക്കരയില്‍ യു ആര്‍ പ്രദീപിലൂടെ സീറ്റ് നിലനിര്‍ത്തിയതോടെ, ഭരണവിരുദ്ധ വികാരം ഇല്ല എന്ന് തെളിഞ്ഞുവെന്ന് സര്‍ക്കാറിനും സിപിഎമ്മിനും പറയാം. അതിനായി ലോകസഭയില്‍ ചേലക്കര മണ്ഡലത്തില്‍ നിന്ന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ഭൂരിപക്ഷം കിട്ടിയെന്നതും സര്‍ക്കാരിനും സിപിഎമ്മിനും തങ്ങളുടെ ന്യായവാദത്തിന് അടിസ്ഥാനമാക്കാം.

പാലക്കാട് നിലവിലുണ്ടായിരുന്ന രണ്ടാം സ്ഥാനം നിലനിര്‍ത്തി. അതിനു പുറമേ, ചേലക്കരയില്‍ വോട്ടുവിഹിതം വര്‍ധിപ്പിച്ച് 21 ശതമാനത്തിലെത്തിക്കാനുമായി. തൃശൂര്‍ പാര്‍ലമെന്റ് സീറ്റിലെ വിജയത്തുടര്‍ച്ചയായി, ആ ജില്ലയിലെ ചേലക്കര പ്രകടനത്തെ വിലയിരുത്താമെന്ന് ബിജെപിക്കും പറയാം. അങ്ങനെ, എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും പ്രത്യക്ഷത്തില്‍, അതല്ലെങ്കില്‍, വാദത്തിന്  സന്തോഷം പ്രകടിപ്പിക്കാന്‍ കഴിയുന്നതാണ് ഫലമെങ്കിലും മൂന്നിടത്തും ഉള്ളില്‍ അത്ര സുഖകരമല്ല കാര്യങ്ങള്‍. വയനാട്ടില്‍ സിപിഎം സഹകരിച്ചില്ലെന്ന് സിപിഐയുടെ പരാതിയും ചേലക്കരയിലെ ബിജെപി വോട്ടുകൂടലും ചര്‍ച്ചാ വിഷയങ്ങള്‍ തന്നെയെങ്കിലും പാലക്കാട് തന്നെയാണ് പ്രധാന വിഷയം.

REPRESENTATIVE IMAGE | WIKI COMMONS
വല്ലപ്പോഴുമൊന്ന് ജയിക്കുകയും മൂന്നു തിരഞ്ഞെടുപ്പുകളിലായി, ബിജെപിക്കും പുറകില്‍ മൂന്നാം സ്ഥാനത്ത് സിപിഎം നില്‍ക്കുന്ന മണ്ഡലമാണ് പാലക്കാട്. എല്‍ഡിഎഫ് തരംഗം എന്നു വേണമെങ്കില്‍ പറയാവുന്ന 2021-ലെ തിരഞ്ഞെടുപ്പിലും അതായിരുന്നു സ്ഥിതി. യുഡിഎഫ് അല്ലെങ്കില്‍ അന്ന് അവിടെ ജയിക്കുമായിരുന്നത് ബിജെപിയാണ്. അത്തരത്തില്‍ നല്ലകാലത്ത് പ്രതീക്ഷവേണ്ടാത്ത പാലക്കാട്ടാണ് മൂന്നാം സ്ഥാനത്തിനുവേണ്ടി, നടത്തിയ പരക്കം പാച്ചിലില്‍ സിപിഎം തലകുനിച്ച് നില്‍ക്കുന്നത്.

2022-ല്‍ നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കാല്‍ലക്ഷം വോട്ടിന് തോറ്റ് ഡോ.ജോ ജോസഫിനൊപ്പം നിന്ന സിപിഎമ്മിന്റെ അവസ്ഥയ്ക്കു സമാനമാണ് 2024-ല്‍18840 വോട്ടിന് തോറ്റ് ഡോ.പി.സരിനൊപ്പം നില്‍ക്കുന്ന സിപിഎമ്മിന്റെ അവസ്ഥ. ഡോ.ജോ ജോസഫിനെ ചുറ്റിക അരിവാള്‍ കൂടി കയ്യിലേല്‍പ്പിച്ചാണ് നിര്‍ത്തിയതെങ്കില്‍, ഡോ.സരിന് അത്രത്തോളം വന്നില്ല. സ്റ്റെതസ്‌കോപ്പാണ് കിട്ടിയത്.

തൃക്കാക്കര സ്വതവേ, യുഡിഎഫ് മണ്ഡലമാണ്. അതിനും പുറമേ, പി.ടി തോമസിന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷവും. സ്ഥാനാര്‍ഥി അദ്ദേഹത്തിന്റെ ഭാര്യയും. അത്തരമൊരു സാഹചര്യത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്  അന്ന് അവിടെ ജയിക്കാനാവുമെന്ന് കരുതാന്‍ ഒരു കാരണവുമില്ല.അതിനാല്‍,ഒരു രാഷ്ട്രീയ മത്സരം നടത്തി,അന്തസ്സോടെ,തോല്‍ക്കുന്നതിനു പകരം  ഒരു ഡോക്ടറെ കൊണ്ടുവന്ന് ചാപ്പലില്‍ ഇരുത്തി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി,തോറ്റുകൊടുക്കുകയായിരുന്നു. അതിനു സമാനമായി,പാലക്കാട് പോലെ സിപിഎം രണ്ടാം സ്ഥാനമെങ്കിലും കിട്ടണമെന്ന് മാത്രം ആഗ്രഹിക്കുന്ന ഒരു മണ്ഡലത്തില്‍, അതും സര്‍ക്കാര്‍ വിരുദ്ധവികാരം അതിശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ജയിക്കുമെന്ന് കരുതുന്നതുതന്നെ പരിഹാസ്യമാണ്. അവിടെയാണ്, തൊട്ടുതലേ ദിവസം വരെ സിപിഎമ്മിനെയും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വ്യക്തിപരമായും ആക്രമിച്ച് നടന്നിരുന്ന, സീറ്റ് കിട്ടാത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് കലഹിച്ചിറങ്ങിയ ഒരാളെ, തോളിലേറ്റികൊണ്ടുവന്ന് നിര്‍ത്തിയത്. തൃക്കാക്കരയില്‍, സിപിഎമ്മിലെ അടുത്ത തലമുറ നായകരില്‍ പ്രമുഖനായ മന്ത്രി പി.രാജീവായിരുന്നു തന്ത്രങ്ങളുടെ തിരക്കഥയും സംവിധാനവുമെങ്കില്‍, പാലക്കാട് മറ്റൊരു ഭാവി നായകനായ എം.ബി രാജേഷായിരുന്നു സാക്ഷാത്ക്കാരം.

Expelled Congress leader P Sarin named LDF candidate in Palakkad, palakkad  bypolls, congress leader p sarin, ldf candidate, Palakkad, latest newsഡോ.പി.സരിന്‍ | PHOTO: FACEBOOK
തുടരെത്തടരെയുള്ള തോല്‍വികള്‍ സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത് ചില്ലറയല്ല. ചേലക്കരയിലെ വിജയം പറഞ്ഞ് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് വാദിക്കാമെന്നല്ലാതെ അതല്ല സത്യമെന്ന് ഏറ്റവും ബോധ്യമുള്ളയാള്‍ പിണറായി വിജയന്‍ തന്നെയാവും. തദ്ദേശതിരഞ്ഞെടുപ്പാണ് അടുത്തുവരുന്നത്. തുടര്‍ന്ന് നിയമസഭയും. എന്നും പിടിച്ചു നില്‍ക്കുന്നത് തദ്ദേശത്തിലാണ്. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള സംവിധാനമാണ് തദ്ദേശ ഭരണം. അതുവഴിയാണ് മറ്റ് തിരഞ്ഞെടുപ്പുകളിലേക്കുള്ള വഴി മാത്രമല്ല, പാര്‍ട്ടിയുടെ ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നത്. അതിനപ്പുറം ഏതൊരു പാര്‍ട്ടിയെ സംബന്ധിച്ചും വലിയൊരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള അക്കോമഡേഷനാണ്.

എട്ടുവര്‍ഷം തുടര്‍ച്ചയായി ഭരണത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചവര്‍ക്ക് അത് ഇല്ലാതിരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. അത് മറികടക്കാന്‍ കണ്ടിരിക്കുന്ന ഒറ്റമൂലിയാണ് മുസ്ലിം സംഘടനകള്‍ക്കെതിരെ തിരിഞ്ഞ് ഭുരിപക്ഷവോട്ട് കയ്യിലെടുക്കാനുള്ള ശ്രമം. അത് എങ്ങനെ അവസാനിക്കുമെന്നും കണ്ടറിയാം. കാരണം ഭൂരിപക്ഷ വോട്ടുകള്‍ മറിഞ്ഞു വരാന്‍ പഴയ അവസ്ഥയിലല്ല കേരളം.1987 ല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മൂന്നരപ്പതിറ്റാണ്ടിനപ്പുറം ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ്. കല്ലച്ചിന്റെ കാലത്തെ കരുനീക്കങ്ങള്‍ എ ഐ കാലത്ത് വിലപ്പോകില്ല എന്നതാണ് ഓരോ തിരഞ്ഞെടുപ്പും അടിവരയിടുന്നത്. കഴിഞ്ഞ കുറച്ചുകാലമായി അപ്രതീക്ഷിതമായ വോട്ടിങ് പാറ്റേണുകളാണ് തിരഞ്ഞെടുപ്പുകളില്‍ അതിനിശബ്ദമായി രൂപപ്പെടുന്നത്.

വയനാടും പാലക്കാടും ഉള്ളത് നിലനിര്‍ത്തിയെങ്കിലും 'കേരള സത്യ'മായ ഭരണവിരുദ്ധ വികാരത്തെ മുതലെടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് കോണ്‍ഗ്രസിന്റെ പരാജയം.ചേലക്കരയില്‍ ഭൂരിപക്ഷം കുറക്കാനായി എന്ന് പറയാമെന്നല്ലാതെ,അതില്‍ വലിയ വസ്തുതയില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്.അതിനൊപ്പം കോണ്‍ഗ്രസിലെ ശാക്തിക ബലാബലത്തിലും മാറ്റങ്ങള്‍ക്കുള്ള ശ്രമം കടുക്കും. സീറ്റ് കിട്ടാത്തതും അത് മര്യാദക്ക് പറയാത്തുമാണ് ഡോ.പി.സരിന്‍ പാര്‍ട്ടി വിടാനുള്ളകാരണമെങ്കിലും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ പാലക്കാട് വിജയത്തില്‍ ഇല്ലാതാവില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഉന്നം വച്ചുള്ള ആരോപണങ്ങളാണ് സരിന്‍ പ്രധാനമയും ഉന്നയിച്ചത്. ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും കൂടെ പറഞ്ഞുവെങ്കിലും പാലക്കാട്  മാത്രമാണ് അതിന് പ്രസക്തി. സരിന്‍ മാത്രമല്ല,സമീപകാലത്ത് പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകുന്നവരും എതിര്‍ശബ്ദമുയര്‍ത്തുന്നവരുമെല്ലാം വിരല്‍ ചൂണ്ടുന്നത് സതീശനെയാണ്. എ.വി.ഗോപിനാഥും പത്മജാ വേണുഗോപാലും സിമിറോസ്ബല്‍ജോണുമെല്ലാം സതീശന്റെ സമീപനത്തെയാണ് ചോദ്യം ചെയ്യുന്നത്.കോണ്‍ഗ്രസിനെ നിയമസഭാകക്ഷി നേതാവാണെങ്കിലും അതിനുള്ളിലും അദ്ദേഹത്തിന് പൊതുസ്വീകാര്യത നേടനായിട്ടില്ല. എന്തിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പരസ്യമായി അസഭ്യം പറയുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. കെ.സുധാകരന്‍ ചുമതലയേറ്റപ്പോള്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക് സുധാകരനാണെന്ന് പറഞ്ഞ സതീശനാണ് കെപിസിസി പ്രസിഡന്റിന്റെ മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. ഒരു പത്തുകൊല്ലം മുമ്പായിരുന്നുവെങ്കില്‍ സതീശന്‍ വിവരമറിയുമായിരുന്നു എന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്ന് ഇതിനോട് പ്രതികരിച്ചത്. സതീശനെതിരെ പാര്‍ട്ടി നേതാക്കള്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ വിരുദ്ധപക്ഷം ആയുധമാക്കുമെന്ന് ഉറപ്പ്. ജയത്തിന്റെയും പരാജയത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്ന് നേരത്തേകൂട്ടി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വിജയത്തിന്റെ ക്രെഡിറ്റ് പൂര്‍ണ്ണമായും കൊടുക്കാന്‍ മറ്റുള്ളവര്‍ തയാറാവുമോയെന്ന് കണ്ടറിയണം.

UDF will settle issues through talks, Congress doesn't want CPM's advice: VD  Satheesan | Kerala News | Onmanoramaവി.ഡി.സതീശന്‍ | PHOTO: WIKI COMMONS
ജയിച്ച സീറ്റില്‍ തോറ്റാല്‍ പാര്‍ട്ടിയില്‍ കലാപമുണ്ടാവുന്നതും നേതാവിനെതിരെ ആക്രമണമുണ്ടാവുന്നതും മനസ്സിലാക്കാം. എന്നാല്‍, എപ്പോഴും തോല്‍ക്കുന്ന സീറ്റില്‍ വീണ്ടും തോറ്റതിന് പാര്‍ട്ടിയിലും പുറത്തും പാര്‍ട്ടിയും നേതാവും ആക്രമണത്തിനിരയാവുന്നത് അസാധാരണമാണ്. എന്നാല്‍, കേരളത്തില്‍ ബിജെപിയില്‍ എന്നും എപ്പോഴും ഇങ്ങനെയാണ്. അവിടെ ജയിക്കുമ്പോഴല്ല, തോല്‍ക്കുമ്പോഴാണ് പാര്‍ട്ടിയും നേതാക്കളും അണികളും ആവേശഭരിതരാവുന്നത്. ആകെ രണ്ടുതവണയെ ജയിച്ചിട്ടുള്ളുവെങ്കിലും അന്ന് പ്രകടിപ്പിക്കാത്ത ആഹ്ളാദമാണ് പാലക്കാട്ടെ തോല്‍വിയോടെ ഉണ്ടായിരിക്കുന്നത്. ജയിച്ചാല്‍ ക്രഡിറ്റ് സംസ്ഥാന പ്രസിഡന്റിന് നല്‍കില്ലെങ്കിലും തോറ്റുകഴിഞ്ഞാല്‍ പ്രസിഡന്റ് ഇദ്ദേഹമല്ലായിരുന്നുവെങ്കില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടുമകയിരുന്നു എന്ന മട്ടിലാവും ആരോപണ പ്രത്യാരോപണങ്ങള്‍.

കേരളത്തില്‍ ബിജെപി ആദ്യമായി നേമത്ത് ഒ.രാജഗോപാലിലൂടെ ജയിച്ചസമയത്ത് സംസ്ഥാന പ്രസിഡന്റ് ആരായിരുന്നുവെന്ന് ഒരു ബിജെപിക്കാരനും ഓര്‍മ്മയുണ്ടാവില്ല. എന്നാല്‍,അദ്ദേഹം തുടരെത്തുടരെ തോറ്റ സമയത്ത് സംസ്ഥാന പ്രസിഡന്റ് ആരായിരുന്നുവെന്ന് അദ്ദേഹമുള്‍പ്പെടെ മണിമണിയായി പറയും. നേമത്ത് രാജഗോപാല്‍ ജയിച്ചപ്പോള്‍, അത് ബിജെപിയുടെയല്ല, 'രാജേട്ടന്റെ' വിജയമാണ്. തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചപ്പോള്‍ അത് 'എസ്.ജി'യുടെ വിജയമാണ്. പതിവുപോലെ ഇപ്പോഴത്തെ തര്‍ക്കവും പഴയതുപോലെ തീരാനാണിട. എങ്കിലും ക്രൈസ്തവരെയും കൂട്ടിയുള്ള സുവര്‍ണ്ണവാസരമൊന്നും ബിജെപിക്ക് കിട്ടാന്‍ ഒരു സാധ്യതയുമില്ല. ഏതു പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നവരുടെ കൂടെ ആരും ഉണ്ടവാറില്ല. ചെല്ലുന്ന പാര്‍ട്ടിക്ക് അവരെക്കൊണ്ട് ഗുണമുണ്ടാവാറുമില്ല. അവിടെ പോസ്റ്ററൊട്ടിച്ചും ആളെക്കൂട്ടിയും നടന്ന ഒരാളുടെ അവസരം കളയാം എന്നതാവും ഏക ഗുണം. എങ്കിലും വളരുന്ന ഏക പാര്‍ട്ടിയെന്ന ബിജെപിയുടെ അവകാശവാദം തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കിലൂടെ ഇല്ലാതവും. അത് ഉള്ള അണികളുടെ ആത്മവീര്യം തളര്‍ത്തും. അതാവും ബിജെപി നേരിടാന്‍ പോകുന്ന ഭീഷണി.



#outlook
Leave a comment