TMJ
searchnav-menu
post-thumbnail

Outlook

കേരളപ്പിറവി: അതി ദാരിദ്ര്യം കേരളീയർ എന്ന പദവിയും അഭിമാനവും ഡാറ്റാ മാനുഫാക്‌ചറിങ്ങും

08 Nov 2025   |   13 min Read
അരവിന്ദ് വി എസ്

വികസന സൂചികകളും കേരളവും

രു കേരളപ്പിറവി ആഘോഷം കൂടി കടന്നു പോയിരിക്കുന്നു.1956 നവംബർ 1 ന് സംസ്ഥാന പുനഃസംഘടന നിയമപ്രകാരം, മുൻ നാട്ടുരാജ്യങ്ങളായ കന്യാകുമാരി ജില്ലയും ഇന്നത്തെ തമിഴ്നാട്ടിലെ ഷെങ്കോട്ട താലൂക്കും ഒഴികെയുള്ള തിരുവിതാംകൂറും കൊച്ചിയും മലബാർ ജില്ലയുമായും അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ കാസർഗോഡ് താലൂക്കുമായും ലയിപ്പിച്ചാണ് കേരളം രൂപീകരിച്ചത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും അറ്റത്തെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കേരളം ഭൂപ്രകൃതികൊണ്ട് തന്നെ സവിശേഷതയർഹിക്കുന്നു. വടക്കേ അറ്റത്തെ മുതൽ തെക്കേ അറ്റം വരെ കിഴക്ക് ഭാഗത്ത് പടർന്ന് കിടക്കുന്ന പശ്ചിമ ഘട്ടവും പടിഞ്ഞാറു ഭാഗത്തെ കടലും നാല്പതിന് മുകളിലുള്ള നദികളും വിസ്താരം കുറഞ്ഞ ചീള് രൂപത്തിൽ കിടക്കുന്ന സമതലവും ചേർന്ന് ഈ പ്രദേശത്തിന് താരതമ്യേന തീവ്ര കാലാവസ്ഥ വ്യതിയാനങ്ങൾ തുടർച്ചയായി സംഭവിച്ചിരുന്നില്ല. ചരിത്രത്തിലുടനീളം കേരളവും മറ്റു ദേശങ്ങളുമായും കച്ചവടവും സാംസ്‌കാരിക കൈമാറ്റങ്ങളും ചെയ്തു പോരുകയും സാംസ്കാരിക സങ്കല്പങ്ങൾ  സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ലോകമൊട്ടാകെ വികസനത്തെക്കുറിച്ചു അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ഗവേഷകർക്കും രാഷ്ട്രീയക്കാർക്കും ഇന്ന് കേരളം ഒരു ശ്രദ്ധാ കേന്ദ്രം തന്നെയാണ്. കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആളോഹരി ജി. ഡി. പി താരതമ്യേന കുറവാണെങ്കിലും, ശക്തമായ വിദ്യാഭ്യാസ, ആരോഗ്യ മേഖലയും, സാമൂഹിക ക്ഷേമ സംവിധാനങ്ങളും ചേർന്ന് കേരളം ഉയർന്ന "ജീവിതനിലവാരം" കൈവരിച്ചു. കേരളത്തിലെ സാക്ഷരത വളരെ ഉയർന്നതും ആയുർദൈർഘ്യം താരതമ്യേന ഉയർന്നതുമാണ്. രാജ്യത്തെ മാനവ വികസന സൂചിക അഥവാ HDI യുടെ ദേശീയ ശരാശരി 0.63 ആണ്. അതുമായി തട്ടിച്ചു നോക്കുമ്പോഴും മറ്റു സംസ്ഥാനങ്ങളുടെ നിലവാരവുമായും തട്ടിച്ചു നോക്കുമ്പോൾ കേരളം 0.75 എന്ന പോയിന്റുമായി ഏറ്റവും ഉയർന്ന നിലവാരത്തിൽ ആണുള്ളത്. 2023-24 ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഇന്ത്യൻ സൂചിക പട്ടികയിൽ കേരളം 79/100 എന്ന സ്ഥാനം നേടി ഇന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി. അതോടൊപ്പം 2023 ലെ നിതി ആയോഗിന്റെ ബഹുമാന ദാരിദ്ര്യ പട്ടികയിൽ (മൾട്ടി ഡൈമെൻഷണൽ പോവർട്ടി ഇൻഡക്സിൽ -എംപിഐ), കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ കുറഞ്ഞ സ്കോറായ 0.002 നേടി ഏറ്റവും താഴെയുള്ള സ്ഥാനം അടയാളപ്പെടുത്തി. 

REPRESENTATIVE IMAGE | WIKI COMMONS
കേരളീയർ എന്ന പദവിയും അഭിമാനവും

ജോൺ കുരിയൻ 1995 ലും, ടി കെ ഊമ്മെൻ 2009 ലും, സി ടി കുരിയൻ 1995 ലും, ഗോവിന്ദൻ പാറയിൽ 1996 ലും,  അമർത്യ സെന്നും, ഷോൺ ഡ്രെസും 1997 ലും കേരളത്തിന്റെ വികസന മാതൃകകളെക്കുറിച്ചു പഠനങ്ങൾ നടത്തിയിട്ടുണ്ട്. കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളും, ഭരണകൂടത്തിന്റെ തലപ്പത്തു മാറി മാറി വന്ന രാഷ്ട്രീയ പാർട്ടികളും അതിന്റെ നിരന്തര മാറ്റങ്ങളും, പരിമിതമായ ഭൂപരിഷ്കരണവും, പൊതുമേഖലയിലെ വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും വികസിച്ചതും ജനക്ഷേമ പ്രവർത്തനങ്ങളും, ഗൾഫ് കുടിയേറ്റവും കേരളത്തിന് ഉയർന്ന വികസന സൂചികകൾ നേടുവാൻ കാരണമായി എന്ന് അവരുടെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

തീർച്ചയായും ആ നിലക്ക് കേരളം എന്ന പ്രദേശത്തിന് അഭിമാനിക്കാനുള്ള വകയുണ്ട് എന്നത് വസ്തുത തന്നെയാണ്. എന്നാൽ പുതിയൊരു തരം ദേശാഭിമാനം കേരളത്തിൽ ഉയർന്നു വരാൻ തുടങ്ങിയിരിക്കുന്നുണ്ട്. അതിന്റെ സവിശേഷത കേരളത്തിന്റെ ഉയർന്ന വികസന സൂചികകൾ കേരളത്തിലെ സാമൂഹിക ഉച്ചനീചത്വങ്ങൾ അസ്തമിച്ചതിന്റെ തെളിവാണെന്നുള്ള സങ്കല്പവും ഭരണകൂടം ചെയ്യാവുന്നതിന്റെ പരമാവധി കഴിഞ്ഞ പതിറ്റാണ്ടിൽ ചെയ്തു കഴിഞ്ഞു എന്നുള്ള പ്രചാരണവുമാണ്. അതിന്റെ ഭാഗമായി കേരളീയർ എന്ന ഒരു പുതിയ സാമൂഹിക പദവിയുടെ നിർമിതിയും രൂപപ്പെട്ടിട്ടുണ്ട്. ഈ പദവി അതിന് പുറത്തുള്ളവരെ അപരിഷ്‌കൃതരായി കാണുന്നതിനും കാരണമാകുന്നുണ്ട്. ഈ പദവിയെകുറിച്ചുള്ള ബോധ്യം മഹത്വവത്കരിച്ച ഒരു സ്വാഭിമാനത്തിന്റെ മുകളിൽ നിലനിൽക്കുന്നതാണ്. അതിന്റെ മർമപ്രധാനമായ പ്രശ്നം മുൻപ് സൂചിപ്പിച്ച ശാസ്ത്രീയമായ വികസന സൂചികകളിലൂടെയും അക്കാദമികമായ കണ്ടെത്തലുകളിലൂടെയും ന്യായീകരിക്കപ്പെട്ടതാണ് എന്നുള്ളതാണ്. അതിന്റ ഭാഗമായി കേരളത്തിലെ സമൂഹത്തിന്റെ ഘടനാപരമായ പ്രശ്നങ്ങൾ നയങ്ങളിലൂടെ പരിഹരിച്ചു കഴിഞ്ഞു എന്നും നിലവിൽ ഭരണകൂടത്തിന് കൂടുതൽ ഘടനാപരമായ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതിന് പരിമിതികൾ ഉണ്ട് എന്നുമുള്ള ബോധം ഉയർന്നുകഴിഞ്ഞു. അതിന്റെ ഭാഗമായി ഘടനാപരമായ പ്രശ്നങ്ങൾ സാമൂഹികമായി ഉയർത്തിക്കൊണ്ടു വരുന്നവരെ ശത്രുപക്ഷത്തു നിർത്താനുള്ള ശ്രമങ്ങളും ഗൗരവതരമായി നടക്കുന്നുണ്ട്.

കേരളത്തിലെ ശക്തരായ മാധ്യമങ്ങളിൽ ചിലതും എഴുത്തുകാരും സാമൂഹിക പ്രവർത്തകരും ബുദ്ധിജീവികളും അടങ്ങുന്ന വലിയ കൂട്ടം സിവിൽ സൊസൈറ്റിയുടെ ഭാഗമായവർ ഘടനാപരമായ വിമർശനങ്ങളിൽ നിന്ന് അകലം പാലിക്കുകയും ഭരണകൂടത്തിന്റെ പരിമിതി എന്ന സങ്കൽപവും മുൻപ് സൂചിപ്പിച്ച സ്വാഭിമാന പദവി ഉൾക്കൊള്ളുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. ജവഹർലാൽ നെഹ്‌റു കേന്ദ്ര സർവകലാശാലയിലെ അധ്യാപകനായിരുന്ന അജയ് ഗുഢവർത്തി ഇന്ത്യൻ സിവിൽ സൊസൈറ്റിയെക്കുറിച്ചു നടത്തിയ വിമർശ പഠനങ്ങളിൽ സമാനമായ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇന്ത്യൻ സിവിൽ സൊസൈറ്റികൾ സമൂഹത്തിന്റെ ഘടനാപരമായ ഉച്ചനീചത്വങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്നും അകലം പാലിക്കുന്നുണ്ടെന്നും പകരം വിപണി ഉദാരവത്കരണവും, കാര്യക്ഷമതയും, മെറിറ്റ് വാദവും ശക്തിയാർജിച്ചു എന്നും ബുദ്ധിജീവികളെ സാങ്കേതിക വിദഗ്ധർ പകരം വച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  സവിശേഷതകൾ ഉള്ള സിവിൽ സൊസൈറ്റി അകമേ കൂട്ടായ അധീശത്വ ബോധം സ്വാംശീകരിച്ച് കഴിഞ്ഞു എന്നും അതുകൊണ്ട് തന്നെ അത് പാർശ്വവത്കരണത്തെ പുനരുല്പാദിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അജയ് ഗുഢവർത്തി | PHOTO : WIKI COMMONS 
ഇത് കേരളത്തിന്റെ സാഹചര്യത്തിൽ പ്രാവർത്തികമായികൊണ്ടിരിക്കുകയാണ്. മലയാള മാധ്യമ പ്രവർത്തകരായ ചിലർ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പോവെർട്ടി ടൂറിസം നടത്തുകയും അത് പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നത് ഈ പദവിയിൽ നിന്നും സ്വാഭിമാനത്തിൽ നിന്നുകൊണ്ടുമാണ്. കേരളത്തിലെ പ്രമുഖ എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരിൽ ചിലരും സർക്കാർ സ്‌പോൺസേർഡ് പ്രചാരണ പരിപാടികളിൽ ശക്തമായ സാന്നിധ്യം ആകുന്നതും ഭരണകൂട നയങ്ങളെ വിമർശിക്കുന്ന വൈജ്ഞാനികരെ അധിക്ഷേപിക്കുവാൻ തയ്യാറാകുന്നതും ഇതിന്റെ മാതൃകകളാണ്. ഈ മാതൃകകളെ പുനർനിർമിക്കുന്നതും അതിന്റെ വലിയ ഗുണഭോക്താക്കളാകുന്നതും നിലവിൽ ഭരണകൂടത്തിൽ മാറ്റങ്ങളില്ലാതെ തുടരുന്ന ഇടതുപക്ഷമാണ്. അത് കേരളത്തിന്റെ ചരിത്രപരമായതും നയപരമായതുമായ ഭരണകൂടത്തിന്റെ മാറ്റങ്ങളെയും അനുഭവങ്ങളെയും തിരസ്കരിച്ചുകൊണ്ട്  കേരളത്തിൽ നേടിയെടുത്ത ഉയർന്ന വികസന സൂചികകൾ കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ ഭരണാനുഭവത്തിന്റെ ഫലമാണെന്നുമുള്ള പൊതുബോധത്തെ ശക്തമാക്കുവാൻ സഹായിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ അതിന്റെ ഭാഗമാവുകയാണ് ഇവിടുത്തെ സിവിൽ സൊസൈറ്റി. അതിന്റെ മറ്റൊരു വിപരീത ഫലം കേരളത്തിന്റെ ചരിത്രത്തിൽ ഉടനീളം വികസനം ആവശ്യപ്പെട്ടുകൊണ്ട് സംഭവിച്ച സാമൂഹിക മുന്നേറ്റങ്ങളെയും സമര പോരാട്ടങ്ങളെയും ചരിത്ര അനുഭവങ്ങളെയും അപ്രത്യക്ഷമാക്കുകയും അത് ഭരണകൂടത്തിന്റെ കാര്യക്ഷമതയുടെ ലക്ഷണമാണെന്ന പൊതുബോധം പുനരുല്പാദിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. അത് വളരെ ഗൗരവതരമായ മാറ്റങ്ങൾ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നയിക്കുന്ന സാമൂഹിക മുന്നേറ്റങ്ങളുടെ സ്വഭാവങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്.

സാമൂഹിക മുന്നേറ്റങ്ങളുടെ മാറ്റങ്ങൾ

ഇത്തരം മാറ്റങ്ങൾ ഭരണകൂടത്തെ ചോദ്യം ചെയ്യുക എന്നതിൽ നിന്നും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഭരണകൂടത്തിന്റെ സന്നദ്ധ പ്രവർത്തകരായി മാറുന്നതിലാണ് കലാശിച്ചിരിക്കുന്നത്. അത് മുൻപ് സൂചിപ്പിച്ച മലയാളി എന്ന പദവി ഭരണകൂടത്തെക്കുറിച്ചും അതിന്റെ കാര്യക്ഷമതയെക്കുറിച്ചും അഭിമാനം കൊള്ളുവാൻ ആരംഭിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. അത് അകമേ പാർശ്വവത്കരണവും അധീശത്വവും ഉൾക്കൊണ്ട് കഴിഞ്ഞു. ഈ സ്വാഭിമാന മുന്നേറ്റം ഏറ്റെടുത്തിരിക്കുന്നത് ഇടതുപക്ഷവും അതിന്റെ വർഗ ബഹുജന സംഘടനകളുമാണ്. ഘടനാപരമായ ഉച്ചനീചത്വങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ നിന്നും അകലം പാലിക്കുക, പകരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നുള്ളത് ഈ മാറ്റത്തിന്റെ ഏറ്റവും പ്രധാന സവിഷേതയാണ്. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടു എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനം ഇടപെട്ട രീതി ഇതിൽ സവിശേഷമാണ്.

ഒരു സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ സംഘവത്കരിക്കുന്ന ഗൗരവതരമായ ഒരു നയ മാറ്റത്തിൽ ഈ സംഘടന ഇടപെട്ട രീതി ഈ വാദങ്ങളെ ശരി വെക്കുന്നതാണ്. ഈ വിദ്യാർത്ഥി സംഘടന നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ നേതാക്കളായ ഭരണകൂടത്തിന്റെ പ്രതിനിധികൾക്ക് നിവേദനം സമർപ്പിച്ചുകൊണ്ടാണ് ഭയാനകമായ വിഷയത്തിൽ ഇടപെട്ടത്. മറിച്ചു ഇത് കേന്ദ്ര സർക്കാരിനെ ഭരിക്കുന്ന സംഘപരിവാറിന്റെ ഹിന്ദുത്വവൽക്കരണ നയങ്ങളാണെന്ന രാഷ്ട്രീയ പ്രചാരണത്തിൽ നിന്നും ഘടനാപരമായ വിമർശനങ്ങളിൽ നിന്നും പിൻവാങ്ങുകയാണ് ഈ സംഘടനകൾ ചെയ്തത്. അജയ് ഗുഢവർത്തിയുടെ വാദങ്ങൾ കേരളത്തിൽ ശരിവക്കുന്നുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ ഇടതുപക്ഷ സംഘടന നടത്തിയ നോട്ട് നിരോധന വിഷയത്തിലെ മനുഷ്യച്ചങ്ങലയും, ശബരിമല വനിതാ പ്രവേശന വിഷയത്തിൽ നടത്തപ്പെട്ട വനിതാ മതിലും, പൗരത്വ ബിൽ വിഷയത്തിൽ നടത്തിയ മനുഷ്യച്ചങ്ങലയും സമാനമായ കേരളത്തിന്റെ ഇടതുപക്ഷ ഭരണകൂടത്തിനോടുള്ള ഐക്യദാർഢ്യമായ ഇവെന്റുകളായാണ് പരിവർത്തനപ്പെട്ടത്. അത് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുവാൻ പര്യാപ്തമായിരുന്നില്ലെന്ന് മാത്രമല്ല ഇടതുപക്ഷം പിന്നീട്ട് ആചാര സംരക്ഷണത്തിനായി യാഥാസ്ഥിതിക വിശ്വാസിക്കൂട്ടായ്മകളെയും സ്വാംശീകരിച്ചുകൊണ്ട് മറ്റൊരു ഇവന്റ് സംഘടിപ്പിക്കുകയും ചെയ്തു. അതിൽ തങ്ങളുടെ സന്നദ്ധ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും അവർ ഭാഗമാക്കുകയും ചെയ്തു.
 
മനുഷ്യച്ചങ്ങല | PHOTO : WIKI COMMONS
ഈ സാഹചര്യത്തിൽ വേണം കേരളത്തിൽ അതിദാരിദ്ര്യ മുക്തി എന്ന ഭരണകൂടത്തിന്റെ പുതിയ സ്വാഭിമാന പ്രവർത്തന ഇവെന്റിനെ പരിശോധിക്കുവാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ആറളത്തും, ചെങ്ങറയിലും ദളിത് ആദിവാസികൾ നടത്തിയ ഭൂസമരങ്ങളെ പ്രതിരോധിക്കുവാൻ ഇടതുപക്ഷം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തലുകൾ ഉണ്ടായത് ഈ സാഹചര്യത്തിൽ പ്രധാനമാകുകയാണ്. സമാനമായി കേരളത്തിൽ വനാവകാശ നിയമം നടപ്പാക്കണമെന്ന പശ്ചിമ ഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ടിനെതിരെ ഇടതുപക്ഷവും സഭയും മുഴുവൻ രാഷ്ട്രീയ കക്ഷികളും ചേർന്നിരുന്നു. സമാനമായി ഇടതുപക്ഷം മത്സ്യ തൊഴിലാളികൾക്ക് എതിരെ സംഘപരിവാറിനോടൊപ്പം സഖ്യ കക്ഷിയായി തിരുവനന്തപുരത്ത് അദാനി പോർട്ട് അനുകൂല സമരവും നടത്തിയിരുന്നു. ഇതെല്ലാം വികസിത കേരളം എന്ന മിത്തും അതിനെ സംരക്ഷിക്കുന്നവർ ആരാണെന്നും തെളിവുകൾ ഉല്പാദിപ്പിക്കുന്നുണ്ട്.

അതിദാരിദ്ര്യ മുക്ത പ്രവർത്തനം

കേരള പിറവി ദിനത്തിൽ സംസ്ഥാനം അതിദാരിദ്ര്യ മുക്തമായി എന്ന പ്രഖ്യാപനം നടന്നിരിക്കുകയാണ്. 2021 ലാണ് 'അതിദരിദ്രരില്ലാത്ത കേരളം' പദ്ധതി (Extreme Poverty Eradication Programme- EPEP) രൂപപ്പെട്ടത്. ഒരു മുനിസിപ്പാലിറ്റിയിലും രണ്ട് പഞ്ചായത്തുകളിലും ഈ പദ്ധതി പരീക്ഷിച്ചു വിജയിച്ചിരുന്നു. തുടർന്നാണ് പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിച്ചത്. നിലവിൽ ഈ പദ്ധതിയുടെ മാർഗരേഖകൾ ഉൾകൊള്ളിച്ചുകൊണ്ട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പദ്ധതിയുടെ രീതിശാസ്ത്രം വിശദീകരിക്കുന്ന പുസ്തകവും, പ്രവർത്തനങ്ങളുടെ മാർഗ നിർദേശങ്ങൾ അടങ്ങിയ കൈപ്പുസ്തകവും പരിശോധിക്കുകയാണെങ്കിൽ ഈ പദ്ധതിയും അതിന്റെ തത്വശാസ്ത്രവും രീതിശാസ്ത്രവും മുൻപ് സൂചിപ്പിച്ച മാതൃകകൾ പുനരുല്പാദിപ്പിക്കുന്നതാണെന്നും തത്വശാസ്ത്രവും രീതിയും തമ്മിൽ പല രീതിയിൽ പൊരുത്തക്കേടുകളും ഉണ്ടെന്ന് കാണാം.

ഈ പദ്ധതി കേരളത്തിൽ അതി ദരിദ്രരായ കുടുംബങ്ങളെ കണ്ടെത്തുന്നതിനും അവരെ പ്രത്യേക ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി അതിദാരിദ്ര്യം എന്ന അവസ്ഥയിൽ നിന്നും പുറത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് ക്രമീകരിച്ചിരിക്കുന്നത് എന്നാണ് വാദം. ഇതിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിലെ സന്നദ്ധ സേവക പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് ചർച്ചകൾ നടത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിദരിദ്രരെ കണ്ടെത്തുകയും പുനഃപരിശോധിക്കുകയും വ്യക്തിഗത മൈക്രോ പദ്ധതികൾ വഴി അവരെ അതി ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ചെടുക്കുകയും ചെയ്യുന്നു എന്നതാണ് പ്രവർത്തന രീതി. 

REPRESENTATIVE IMAGE | WIKI COMMONS
അദ്ധ്യക്ഷ/ന്‍ - വാര്‍ഡ് മെമ്പര്‍/ ഡിവിഷന്‍ കൗണ്‍സിലര്‍, കണ്‍വീനര്‍ - വാർഡ് ഓഫീസർ (വാര്‍ഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ/ന്‍),  ജോ. കണ്‍വീനര്‍- അങ്കണവാടി വര്‍ക്കര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ എ. ഡി. എസ് പ്രതിനിധി, എസ്. സി/ എസ് ടി പ്രമോട്ടര്‍, കോവിഡ് വാര്‍ഡ് തല സമിതി/ ആര്‍. ആര്‍ ടി പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ പ്രവർത്തന വാളണ്ടിയർ, ആശ്രയ/മറ്റു ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി, ബി.എല്‍.ഒ, തൊഴിലുറപ്പ്‌മേറ്റ്‌ പ്രതിനിധി, തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണ സമിതിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ, പ്രതിനിധികള്‍, ആരോഗ്യ ശുചിത്വ സമിതി കൺവീനർ എന്നിവർ അടങ്ങുന്ന വലിയ സന്നദ്ധപ്രവർത്തകരുടെ ജനകീയ സമിതി ചർച്ച നടത്തിയാണ് അതിതീവ്ര ദരിദ്രരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ സന്നദ്ധ പ്രവർത്തകരിൽ ഇടതുപക്ഷ സംഘടനകൾ ശക്തമായ പ്രാതിനിധ്യവുമാണ്. ഈ വർഗ വിഭജന സംഘടനകളിലെ പ്രവർത്തകരെ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  കൂടി ഉൾപ്പെടുത്തികൊണ്ട് ഈ പദ്ധതി നടപ്പാക്കിയെടുക്കുകയാണ് ചെയ്തത്. ഇതിനായി തയ്യാറാക്കിയ കൈപ്പുസ്തകത്തിൽ ദാരിദ്ര്യത്തെ സങ്കല്പിച്ചെടുക്കുന്നത് “ശേഷിയുടെ അഭാവം” എന്ന നിലക്കാണ്. ശേഷികൾ എന്ന സങ്കൽപം വികസന പഠനങ്ങളിൽ രൂപപ്പെടുത്തി എടുത്തത് നോബൽ സമ്മാന ജേതാവായ അമർത്യ സെൻ ആണ്. എന്നാൽ കേപ്പബിലിറ്റീസ് അപ്രോച്ച് എന്ന അമർത്യ സെന്നിന്റെ സങ്കൽപ്പവും ദാരിദ്ര്യത്തിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിശോധനകളും പരസ്പരം വൈരുധ്യങ്ങൾ നിറഞ്ഞതാണ്.

അമർത്യ സെന്നിന്റെ തത്വശാസ്ത്രവും രീതിശാസ്ത്രവും തമ്മിലുള്ള പൊരുത്തമില്ലായ്മ

“ശേഷിയുടെ അഭാവമാണ് ദാരിദ്ര്യം” എന്ന് മുൻപ് വ്യക്തമാക്കിയ കൈപുസ്തകത്തിൽ സൂചിപ്പിക്കുന്നു. ഇത് അമർത്യ സെന്നിന്റെ നിര്വചനമാണ്. ഈ രീതിയിലൂടെ പൗരന്റെ ദാരിദ്ര്യം അയാളുടെ സ്വന്തം ഉത്തരവാദിത്വമായി മാറുകയും പൗരൻ ഭരണകൂടത്തിന്റെ ജീവകാരുണ്യം ആവശ്യമുള്ള പ്രജയായി സങ്കല്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ അമർത്യ സെന്നിന്റെ കേപ്പബിലിറ്റി അപ്രോച്ച് എന്ന സമീപനം ഇതിൽ നിന്ന് വ്യത്യസ്തമാണ്. പൗരന്മാർക്ക് അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും നടപ്പാക്കിയെടുക്കാൻ തക്ക സ്വാതന്ത്ര്യം ഉണ്ടാകുമ്പോഴാണ് വികസനം എന്ന സങ്കൽപം പൂർണമാകുന്നത് എന്നാണ് അമർത്യ സെന്നിന്റെ വികസനം സ്വാതന്ത്ര്യത്തിലൂടെ (Development as Freedom ) എന്ന കൃതി വ്യക്തമാക്കുന്നത്. അതായത് പൗരന്മാരുടെ കഴിവുകൾ പുറത്തെടുക്കുവാനുള്ള സ്വാതന്ത്ര്യം നിജപ്പെടുത്തുന്ന രീതിയിൽ തടസമായി നിൽക്കുന്ന സമൂഹത്തിന്റെ ഘടനാപരമായ പ്രശ്നങ്ങളാണ് അതിന്റെ തത്വശാസ്ത്രത്തിൽ മർമസ്ഥാനത്ത് വരുന്നത്. ഈ തടസങ്ങൾ നീക്കുക എന്നുള്ളതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം.
  അമർത്യ സെൻ | PHOTO : WIKI COMMONS
ശേഷിയുടെ അഭാവമാണ് ദാരിദ്ര്യം എന്നല്ല മറിച്ചു ശേഷികൾ പുറത്തെടുക്കാനും പ്രാവർത്തികമാക്കാനും നടപ്പാക്കാനും സ്വാതന്ത്ര്യം നൽകാൻ ഭരണകൂടത്തിന്റെ ഇടപെടൽ ഇല്ലാത്തതുകൊണ്ടാണ് ദാരിദ്ര്യം ഉല്പാദിപ്പിക്കപ്പെടുന്നത് എന്നതാണ് അതിന്റെ സങ്കൽപം ആകേണ്ടിയിരുന്നത്. അതായത് ഇന്ത്യയിലെന്നല്ല ലോകത്തിൽ മുഴുവനായും സമൂഹങ്ങളിലും കൂട്ടായ്മകളിലും അത്തരമൊരു അസ്വാതന്ത്ര്യം ശക്തമാക്കുന്ന സവിശേഷമായ അധികാര ഘടനയും മൂല്യവ്യവസ്ഥയും ഉണ്ടെന്ന തത്വം അംഗീകരിക്കുന്നതാണ് അത്. അമർത്യ സെന്നിന്റെ ഈ വിഖ്യാതവും വിപ്ലവകരവുമായ തത്വം അനുസരിച്ചു ഒരു സമൂഹത്തിലെ ദാരിദ്ര്യത്തിന്റെ തോത് കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ ദാരിദ്ര്യം പൗരന്റെ കഴിവുകളിലുള്ള ദൗർലഭ്യമല്ല മറിച്ചു അത് വ്യവസ്ഥിതിയുടെ പ്രശ്നങ്ങളാണെന്ന് വരും. എന്നാൽ ഈ തത്വശാസ്ത്രം അനുസരിച്ചു അദ്ദേഹം ദാരിദ്ര്യം എന്ന ഉച്ചനീചത്വത്തെ പരിശോധിക്കുമ്പോൾ അദ്ദേഹം അത് പൗരന്റെ പരിമിതിയായി പരിഗണിക്കുന്നിടത്ത് തത്വവും രീതിയും തമ്മിൽ അന്തരങ്ങളുണ്ടാകുന്നു.

ഈ തത്വം അനുസരിച്ചു ദാരിദ്ര്യം കണക്കാക്കുകയാണെങ്കിൽ പരിഗണിക്കപ്പെടേണ്ട ഘടകങ്ങൾ അദ്ദേഹം ആഴത്തിൽ പുനർചർച്ചക്ക് വിധേയമാക്കുന്നില്ല. ഈ തത്വശാസ്ത്രം അനുസരിച്ചു ഒരു സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയായ ദാരിദ്ര്യത്തെ വിശദീകരിക്കുമ്പോൾ രാഷ്ട്രീയ പ്രാതിനിധ്യത്തിനുള്ള സ്വാതന്ത്ര്യം, വിപണിയിലും സമ്പത് വ്യവസ്ഥയിലും ഇടപെടാനുള്ള സ്വാതന്ത്ര്യം, അവസരങ്ങളിലേക്കുള്ള സ്വാതന്ത്ര്യം, സംഘടനാ പ്രവർത്തനത്തിലും വിമർശനത്തിലും ഇടപെടാനുള്ള സ്വാതന്ത്ര്യം, സുരക്ഷാ എന്നിവയാണ് പ്രധാനമായി  കണക്കാക്കേണ്ടത്. ഇവ കൂടി കണക്കിലെടുക്കുമ്പോഴേ ദാരിദ്ര്യത്തിനെ അമർത്യ സെൻ സൂചിപ്പിച്ച നിലയിൽ പരിശോധിക്കാൻ കഴിയുകയുള്ളു.

എന്നാൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ടു ലഭ്യമായ രീതി ശാസ്ത്രം വിശദീകരിക്കുന്ന പുസ്തകത്തിലും കൈപുസ്തകത്തിലും ഭക്ഷണവും, ആരോഗ്യവും, വരുമാനവും, വാസസ്ഥലവും മാത്രമാണ് ദാരിദ്ര്യത്തിന്റെ സൂചകം ആയി പരിഗണിക്കുന്നത്. അത് കേരളം പോലെ ചരിത്രപരമായി ജാതി കേന്ദ്രീകൃതമായി ഭൂമി വിതരണം ചെയ്യപ്പെട്ട സംസ്ഥാനത്ത് ഭൂമിയുടെ വിതരണവും സമ്പത് വ്യവസ്ഥയിൽ അത് പ്രവർത്തിക്കുന്ന രീതിയും തമ്മിലുള്ള ബന്ധം പരിഗണിക്കാതെ ഈ വിവര ശേഖരണം പൂർത്തിയാകില്ല. ശേഷീ സമീപനം (Capability Approach) അനുസരിച്ചു വിശദീകരിക്കുകയാണെങ്കിൽ ഭൂമി സമ്പത് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും അതിലുള്ള അധികാരം സമ്പത് വ്യവസ്ഥയിലേക്കുള്ള അധികാരം ആണെന്നും ഈ അധികാരത്തിൽ നിന്ന് പുറത്തുപോകുന്നവർക്ക് സമ്പത് വ്യവസ്ഥയിൽ ഇടപെടുന്നതിന് സ്വാതന്ത്ര്യം ഇല്ലെന്നും തത്വ ശാസ്‌ത്രപരമായി ഉൾക്കൊള്ളേണ്ടതുണ്ട്. ആ നിലക്ക് ദാരിദ്ര്യം എന്നുള്ളത് ഈ അസ്വാതന്ത്ര്യം കൊണ്ട് കൂടി രൂപപ്പെടുന്ന ഒന്നാണ്.

എന്നാൽ കേരള സർക്കാരിന്റെ കൈപുസ്തകത്തിലും നയ സമീപനങ്ങളിലും എല്ലാം തന്നെ ഭൂമി എന്നതിന് പകരം വാസസ്ഥലം എന്ന രീതി കടന്നു വന്നിരിക്കുന്നു. ഇത് ചരിത്രപരമായി ഭൂവിതരണത്തിൽ നിന്നും ഭരണകൂടം പിൻവാങ്ങിയതിന്റെ ലക്ഷണം കൂടിയാണ്. ഭൂമി എന്നതിന് പകരം വാസസ്ഥലം എന്ന സങ്കൽപം തന്നെയാണ് ലൈഫ് പദ്ധതിയുടെ രീതിയിലടങ്ങിയിരിക്കുന്ന തത്വ ശാസ്ത്രവും. അത് സ്വത്തുടമസ്ഥതയിൽ നിന്നും സമ്പത് വ്യവസ്ഥയിൽ നിന്നും ഒരു വലിയ കൂട്ടം മനുഷ്യരെ പുറത്തു നിർത്തിയ നയസമീപനം കൂടിയാണ്. ഈ പ്രശ്നത്തിന്റെ മാതൃക അമർത്യ സെന്നിന്റെ ദാരിദ്ര്യത്തെക്കുറിച്ചുള്ള കാഴ്ചകളിലും കാണാനാകും. ഭൂമിയുടെ വിതരണ സ്വഭാവം എന്താണെന്ന് മനസിലാക്കാൻ കഴിയാതെ ഭൂമിയുടെ അധികാരത്തിൽ നിന്നും ആരൊക്കെ പുറത്തായിട്ടുണ്ടെന്ന് കണക്കാക്കാതെ ദാരിദ്ര്യത്തെക്കുറിച്ചുള്ള ഈ വിവരശേഖരണം പൂർത്തിയാകില്ല.  ഇത് ഭൂമിവിതരണത്തെക്കുറിച്ചു മാത്രമുള്ള ഒരു അഭിപ്രായമാണെങ്കിൽ രാഷ്ട്രീയ പ്രാതിനിധ്യവും അധികാര പ്രാതിനിധ്യവും പോലുള്ള വലിയ ഘടകങ്ങൾ ഇ സൂചികകളിലേക്ക് കൂടുതൽ പ്രയോഗിക്കുകയും കണക്കാക്കുകയും ചെയ്യെണ്ടിവരും.

അതി ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ രീതിശാസ്ത്രം

അതി ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ തത്വവും രീതിശാസ്ത്രവും കില പുറത്തിറക്കിയ പുസ്തകത്തിൽ വിശദീകരിക്കുന്നു. ദി നാഷണൽ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ് എന്ന സൂചകമാണ് ഈ പദ്ധതിക്ക് വേണ്ടി തുടർന്നിരിക്കുന്നത്. ഓക്സ്ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ്, യു.എൻ.ഡി.പി എന്നിവയുമായി സഹകരിച്ച് നിതി ആയോഗ് പ്രസിദ്ധീകരിച്ച അടിസ്ഥാന റിപ്പോർട്ടായ ഇത് 2015-16 ലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ് 4) അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയുടെ എംപിഐയ്ക്ക് 12 സൂചകങ്ങളാൽ പ്രതിനിധീകരിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിങ്ങനെ മൂന്ന് തുല്യ പ്രാധാന്യമുള്ള മൂന്ന് മാനങ്ങളുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
ഈ സൂചിക പ്രകാരം രാജ്യത്തെ ദാരിദ്ര്യ നിരക്ക് കുറഞ്ഞെന്ന വാദങ്ങൾക്ക് ദേശീയ തലത്തിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. 248 മില്യൺ ജനങ്ങളാണ് ദാരിദ്ര്യത്തിൽ നിന്ന് മുക്തരായതെന്ന് റിപ്പോർട്ടുകൾ ഉണ്ടായത്. ഈ സൂചികയെ വിമർശിച്ചവരിൽ സിപിഎം പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ബാത്ത്സിലെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ വിസിറ്റിങ് പ്രൊഫെസർ ആയ സന്തോഷ് മെഹ്‌റോത്ര വിഷയത്തിൽ വിമർശനങ്ങൾ ഉന്നയിക്കുകയും റിപ്പോർട്ടിന്റെ രീതിശാസ്ത്രം സംശയാസ്പദമാണ് എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. 2014 മുതൽ 2022 വരെയുള്ള ഉപഭോഗ ചെലവ് സർവ്വേ വിവരങ്ങളുടെ (consumption expenditure) അഭാവത്തിൽ ഈ സൂചിക ഉപയോഗിക്കുന്നതിന് പ്രശ്നങ്ങൾ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.  2025 ജൂണിൽ സിപിഎം പാർട്ടിയുടെ ദേശീയ വെബ്സൈറ്റ് ലേഖനത്തിൽ വിമൽ കുമാർ ഈ സൂചകത്തെ വിമർശിച്ചുകൊണ്ട് എഴുതുന്നത് അതി ദാരിദ്ര്യമില്ലാതാക്കിയെന്ന കേന്ദ്ര സർക്കാർ വാദം ഒരു ക്രൂരമായ തമാശയാണെന്നാണ്. 2019 ൽ കേന്ദ്ര സർക്കാർ ഗാർഹിക ഉപഭോഗ സർവേ വിവരങ്ങൾ പ്രസിദ്ധീകരിക്കുവാൻ വിസമ്മതിച്ചു എന്ന് ലേഖനം വ്യക്തമാക്കുന്നു. സൂചകങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ദാരിദ്ര്യം അവസാനിപ്പിച്ചെന്ന കൃത്രിമമായ വിവരം സർക്കാർ കെട്ടിച്ചമക്കുകയാണ് എന്ന് ലേഖനം വാദിച്ചു. കൃത്യമായ സർവ്വേ നടത്താനുള്ള രീതിശാസ്ത്രം തിരസ്കരിക്കപ്പെട്ടു എന്ന് വിമൽകുമാർ വാദിച്ചു. രീതിശാസ്ത്രം മാറ്റിക്കൊണ്ട് വ്യത്യസ്ത ഇനങ്ങളിലായി ഗാർഹിക ഉപഭോഗ സർവേ കണക്കാക്കാൻ ഓരോ വീടും മൂന്ന് തവണ സർവ്വേ നടത്തപ്പെട്ടു എന്നും അതിന്റെ ഫലമായി ഗാർഹിക ഉപഭോഗ നിലവാരം ഉയർന്നതായി കാണപ്പെട്ടു എന്നും ലേഖനം വ്യക്തമാക്കി.

സമാനമായി മറ്റു ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുന്നു. മാറ്റിമറിച്ച ഉപഭോഗ സർവേയ്ക്കൊപ്പം, പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പി. എൽ. എഫ്. എസ്) എന്ന പേരിൽ തൊഴിൽ-തൊഴിലില്ലായ്മ സർവേയുടെ ഒരു പുതിയ വിവരശേഖരവും കൃത്രിമമായി നിർമിച്ചു. പിന്നോക്കമായ വീടുകളിൽ വളർത്തുന്ന ഒരു പശുവിനേയും ആടിനെപോലും കണക്കാക്കിയത് തൊഴിലാളിയായ സ്ത്രീ എന്ന നിലക്കാണ്. സാമ്പത്തിക ദുരിതത്തിൽ നിന്നും കന്നുകാലികളെ വളർത്തൽ പോലുള്ള നാമമാത്ര പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഗ്രാമീണ സ്ത്രീകളെ തൊഴിൽ ചെയ്യുന്നവരായിട്ടാണ് ഈ സർവ്വേ കണക്കാക്കിയത്. ഏറ്റവും സവിശേഷമായ വസ്തുത ഇതേ ഇൻഡക്സിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ കുറഞ്ഞ സ്കോറായ 0.002 നേടി ഏറ്റവും താഴെയുള്ള സ്ഥാനം അടയാളപ്പെടുത്തി എന്നതാണ്. അതുകൂടി കേരളത്തിലെ ഇടത് പ്രവർത്തകരും മന്ത്രിമാരും അഭിമാന പുരസ്‌കാരം ഉയർത്തിക്കാട്ടുന്ന ഒന്നാണ്.

കീഴ്തട്ടിലെ ഡാറ്റ മാനുഫാക്ച്ചറിങ്

നിലവിൽ കിലയുടെ പുസ്തകപ്രകാരം കേരളത്തിലെ അതി ദാരിദ്ര്യ നിർമാർജന പദ്ധതി തുടരുന്നത് ദി നാഷണൽ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ് എന്ന സൂചകമാണ്. ഇത് മാതൃകയാക്കിയിരിക്കുന്നത് ലോക ബാങ്കിന്റെ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക (മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ് - എംപിഐ) യിലാണ് എന്ന് സൂചിപ്പിച്ചല്ലോ. ഈ സൂചകം നിരവധി രീതിശാസ്ത്രപരമായ കാരണങ്ങളാൽ വലിയ തോതിലുള്ള ഗാർഹിക സർവേകളെയാണ് പ്രാഥമികമായ വിവരശേഖരണത്തിനായി ആശ്രയിക്കുന്നത്. അതിന് രീതി ശാസ്ത്രപരമായ കാരണങ്ങളുണ്ട്. ഈ സർവേകൾ ഓരോ വീട്ടിലും വ്യക്തികൾ അനുഭവിക്കുന്ന പലതരം പിന്നോക്കാവസ്ഥകൾ സമഗ്രവും കൃത്യവുമായി കണക്കാക്കുന്നതിലും താരതമ്യം നടത്തുന്നതിലും സഹായിക്കുന്നു. ഒരേ സമയമുള്ള പല തരം സൂചകങ്ങൾ കുടുംബങ്ങളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതുകൊണ്ട് ഈ രീതി കൂടുതൽ സമഗ്രമാണ്.

പ്രാഥമികമായി ഈ വിവരങ്ങൾ ജനങ്ങളുടെ ദാരിദ്ര്യത്തെ സംബന്ധിച്ച വിവരങ്ങൾ കണക്കു കൂട്ടുന്നതിനും അപഗ്രഥിക്കുന്നതിനും സ്ഥിതി വിവര കണക്കുകൾ ഉല്പാദിപ്പിക്കുന്നതിനും ആവശ്യമാണ്. ഗാർഹിക തലത്തിലുള്ള സൂക്ഷ്മ വിവരങ്ങൾ ഉപയോഗിക്കുന്നത് പ്രദേശം, ജാതി, മത, വംശീയ, നഗരവും ഗ്രാമവും, മറ്റ് ഗ്രൂപ്പിംഗുകൾ എന്നിവ അനുസരിച്ച് വേർതിരിക്കുന്നതിനും പരിശോധിക്കുന്നതിനും ഇത് സഹായിക്കുന്നു. അങ്ങനെ ദാരിദ്ര്യത്തിന്റെ നിർദ്ദിഷ്ട മാതൃകകളെയും കാരണങ്ങളെയും കുറിച്ച് ഉൾക്കാഴ്ച നൽകുവാനും അതിന്റെ ആവർത്തനവും തീവ്രതയും വിലയിരുത്തുന്നതിനും കഴിയുന്നു. വലിയ തോതിലുള്ള ഈ സർവേകൾ പലപ്പോഴും രാജ്യങ്ങളിലുടനീളം ഏകോപിപ്പിച്ച്, അതിന്റെ ഫലങ്ങൾ അന്താരാഷ്ട്രതലത്തിലോ കാലക്രമ അടിസ്ഥാനത്തിലോ താരതമ്യം ചെയ്യാൻ കഴിയുകയും ആഗോള നിരീക്ഷണത്തിനും നയരൂപീകരണത്തിനും താരതമ്യ സാദ്ധ്യതകൾ ഉണ്ടാകുകയും ചെയ്യുന്നു. 

REPRESENTATIVE IMAGE | PHOTO WIKI COMMONS
എന്നാൽ കേരളത്തിൽ ഈ വിവര ശേഖരണത്തിനായി ഉപയോഗിച്ച രീതി ഫോക്കസ് ഗ്രൂപ്പ് ചർച്ചകളാണ് മറിച്ചു സർവ്വേകളല്ല. ഇത്തരമൊരു വിവര ശേഖരണത്തിന് രീതി ശാസ്ത്രപരമായി ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ നടത്തുന്നത് പ്രാഥമികമായി തെറ്റാണ്. ഫോക്കസ് ഗ്രൂപ്പ് ചർച്ച എന്നത് ആത്മനിഷ്ഠമായ വിവര ശേഖരണം നടത്തുന്നതിനുള്ള രീതി ശാസ്ത്രമാണ്. കാഴ്ചപ്പാടുകൾ, അനുഭവങ്ങൾ എന്നിവ മനസിലാക്കുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്. എന്നാൽ ദാരിദ്ര്യം കണക്കാക്കുമ്പോൾ ഇത്തരം വിവരങ്ങളെ വലിയ തോതിലുള്ള സ്ഥിതി വിവര കണക്കുകളാക്കി മാറ്റുവാൻ കഴിയില്ല. ഇത്തരം ചർച്ചകളിൽ ചുരുങ്ങിയ എണ്ണം ആളുകൾ ഉള്ളതുകൊണ്ട് പഠനം നടത്തേണ്ട സമൂഹത്തിന്റെ പ്രാതിനിധ്യം കുറവായിരിക്കും, ഇത് പഠന ഫലങ്ങളെ ബാധിക്കും. ചർച്ച നടക്കുന്ന കൂട്ടായ്മയിൽ ശക്തമായ അധീശത്വ ബോധ്യങ്ങൾ ചർച്ചകളെ ബാധിക്കും. ഇത് ഭിന്ന സ്വരങ്ങളെ, വ്യത്യസ്തമായ അഭിപ്രായങ്ങളെ ഇല്ലാതാക്കും. ചർച്ച നടത്തുന്ന മധ്യസ്ഥന്റെ അഭിപ്രായങ്ങൾ ചർച്ചകളെ സ്വാധീനിക്കും. സ്വകാര്യതയും സ്വാതന്ത്ര്യവും കൂട്ടായ ചർച്ചകളിൽ ഉണ്ടായിരിക്കില്ല. ബഹുവിധമായ ദാരിദ്ര്യം അനുഭവിക്കുന്നവരെ സവിശേഷമായി കണ്ടെത്താൻ ചർച്ചകൾ കൊണ്ട് കഴിയില്ല.

ഇത്തരം ശാസ്ത്രീയമായ പ്രശ്നങ്ങൾ നേരിടുന്നത് കൊണ്ട് തന്നെ ഒരു കാരണവശാലും ഇത്തരമൊരു വിവര ശേഖരണത്തിന് ഈ ഫോക്കസ് ഗ്രൂപ്പ് ചർച്ച അവലംബിക്കുവാൻ തന്നെ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ വാർഡ് തലത്തിലോ ഗ്രാമ സഭ പോലെയോ ഉള്ള ഒരു സൂക്ഷ്മ തലത്തിലുള്ള കൂട്ടായ്മയിൽ ചർച്ച ചെയ്ത് അതി ദരിദ്രരെ കണ്ടെത്തുക എന്ന രീതിശാസ്ത്രം തന്നെ തെറ്റാണ്. വാർഡ് ഡിവിഷൻ തലത്തിൽ എത്രമാത്രം സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ചാൽ തന്നെയും ഈ ശാസ്ത്രം ഉപയോഗിച്ച് ദരിദ്രരെ കണ്ടെത്താൻ ഒരു ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്തുന്നത് രീതിശാസ്ത്രപരമായി തെറ്റാണ്. തീർച്ചയായും ദരിദ്രരെ കണ്ടുപിടിക്കുമ്പോൾ ഇന്ത്യൻ സമൂഹത്തിന്റെ സ്വാഭാവികമായ സൂക്ഷ്മമായ അധികാര ഘടനയും പരിഗണകളും ഇവിടെയും പുനരുല്പാദിപ്പിക്കപ്പെടുകയും ചെയ്യും.

ഈ രീതിയിൽ പരിശോധിക്കുമ്പോഴാണ് ഈ പദ്ധതി വീണ്ടും സംഘപരിവാർ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ മാതൃകയിൽ കേരളത്തിൽ ദാരിദ്ര്യത്തെക്കുറിച്ചു വിവരങ്ങൾ കൃത്രിമമായി ഉല്പാദിപ്പിക്കുകയായിരുന്നു എന്ന് മനസിലാകുന്നത്. അതിന് കേരളത്തിൽ സവിശേഷമായി ഇടതുപക്ഷത്തിന് ഒന്നും ചെയ്യേണ്ടി വരുന്നില്ല. കാരണം കേരളത്തിൽ സൂക്ഷ്മ തലത്തിൽ മുൻപ് സൂചിപ്പിച്ച പൊതുബോധം ശക്തമായി നിലനിൽക്കുകയും അത് പല രീതിയിൽ മുഖ്യധാരാ മാധ്യമങ്ങളെയും സാഹിത്യകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും കാലാൾ പടയെയും ഉപയോഗിച്ച് ശക്തമാക്കുകയും ചെയ്യുന്നുണ്ട്. അപ്പോൾ ഇത്തരം ചർച്ച ഗ്രൂപ്പുകളിൽ അതിന്റെ മാതൃകകളിലുള്ള വിവര ശേഖരണം രൂപപ്പെടുകയും ചെയ്യും. ആരാണ് അതി ദരിദ്രർ എന്നത് നിർണയിക്കുന്നതിന് വലിയ തർക്കങ്ങൾ തന്നെ പാർട്ടി ലോക്കൽ കമ്മിറ്റി അണികളും നേതാക്കളും ഈ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിൽ നടത്തിയിട്ടുണ്ടാകും എന്ന് ഉറപ്പാണ്. അതിലെത്ര ദരിദ്രർ നിശബ്ദമായി ഈ തർക്കങ്ങൾ കേട്ടിരുന്നിട്ടുണ്ടാകും എന്ന് മാത്രമേ സംശയിക്കേണ്ടതുള്ളൂ.

REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിലെ എണ്ണം പറഞ്ഞ മെച്ചപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നായ കിലയിലെ അക്കാഡമീഷ്യന്മാർ ഇത് അവരുടെ താല്പര്യത്തിന് കെട്ടിച്ചമച്ച രീതിശാസ്ത്രമാകാൻ വഴിയില്ല. മറിച്ചു ഇതിന്റെ പ്രശ്നങ്ങൾ അവർക്ക് തീർച്ചയായും അറിയാനും ഇടയുണ്ട്. എന്നാൽ അതിനു മുകളിലുള്ള സമ്മർദം അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകണം.

ദാരിദ്ര്യ മുക്ത പ്രവർത്തനം എന്ന സാമൂഹിക മുന്നേറ്റം

ദാരിദ്ര്യം എന്ന ഘടനാപരമായ പ്രശ്നം പരിഹരിക്കൽ അല്ല മറിച്ചു തീർത്തും അശാസ്ത്രീയമായ ഒരു രീതിയിലൂടെ സേവനം ആവശ്യമുള്ളവരെ പാർട്ടി ആൾക്കൂട്ടങ്ങൾ ഉപയോഗിച്ചു കണ്ടുപിടിച്ചു എന്ന് വരുത്തി ഭരണകൂടത്തിന് ആവശ്യമായ വിവരങ്ങൾ കൃത്രിമമായി ഉല്പാദിപ്പിക്കലാണ് ഈ പദ്ധതിയിലൂടെ ചെയ്തത്. അത് മുൻപ് സൂചിപ്പിച്ച ഭരണകൂടം ഘടനാപരമായ പ്രശ്നങ്ങളെ പരിഹരിച്ചുകഴിഞ്ഞു എന്നുള്ള പൊതുബോധം നിലനിൽക്കുന്നതുകൊണ്ടു വളരെ എളുപ്പത്തിൽ നടപ്പാക്കിയെടുക്കാൻ കഴിയുകയും ചെയ്തു. ആ വിവരങ്ങൾ ഇതേ പൊതുബോധത്തെ ബലപ്പെടുത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുമായി രൂപാന്തരം പ്രാപിച്ചു. ഇത് കീഴ്ത്തട്ടിൽ നിന്നും നടക്കുന്ന പുതിയ രീതിയിലുള്ള സർക്കാർ സ്‌പോൺസേർഡ് സാമൂഹിക പ്രവർത്തനമാണ്. പാർട്ടി പ്രവർത്തകരെ ഒരു വലിയ സന്നദ്ധ സേവക കൂട്ടമായി ഇടതുപക്ഷം പതുക്കെ മാറ്റിയെടുത്തതിന്റെ അനന്തരഫലം കൂടിയാണിത്. അവരെ ഉപയോഗിച്ചുകൊണ്ട് ഭരണകൂടം വിഭവങ്ങൾ സമാഹരിച്ചു നടത്തിയ ഒരു കൃത്രിമമായ സാമൂഹിക മുന്നേറ്റത്തിന് സമാനമായ പ്രവർത്തനമായിരുന്നു ഇത്. ലോകത്തിൽ ഇത്തരമൊരു മാതൃകയിൽ ഭരണകൂട പിന്തുണയോടെ വിഭവങ്ങൾ സമാഹരിച്ചു നടന്ന സാമൂഹിക മുന്നേറ്റങ്ങളുടെ മാതൃകകൾ ഇല്ലെന്ന് തന്നെ പറയാം. അതിന് കേന്ദ്ര സർക്കാർ ചെയ്തതുപോലെ വിവരങ്ങൾ പൂഴ്ത്തിവെക്കേണ്ട ആവശ്യം പോലും ഇടതുപക്ഷത്തിന് ഇല്ല. കാരണം ഇത് സംഭവിക്കുന്നത് കീഴ്ത്തട്ടിലാണ്. ഈ പ്രവർത്തനം മറ്റു ചില വസ്തുതകളിലേക്ക് കൂടി കേരളത്തിന്റെ ശ്രദ്ധ മാറ്റുന്നു.

സർക്കാർ സേവകരായി കേരളത്തിലെ അടിത്തട്ടിലെ രാഷ്ട്രീയ പ്രവർത്തകർ മാറിക്കഴിഞ്ഞു. കേരളത്തിൽ ജനകീയ സമരങ്ങളുടെ ചെറിയ ഇടവേളകളിലുള്ള ആവർത്തിച്ചുള്ള സാന്നിധ്യം കഴിഞ്ഞ പതിറ്റാണ്ട് മുതൽ കുറഞ്ഞു വരുവാൻ കാരണമിതാണ്. കേരളത്തിൽ നീതി ബോധമുള്ള വലിയ ജനസമൂഹത്തെ സർക്കാരിന്റെ അർദ്ധ സേവന വിഭാഗവും സംരക്ഷകരും ആക്കി മാറ്റിയ ഒരു പതിറ്റാണ്ടാണ് കടന്നു പോയത്. മുത്തങ്ങയും, അരിപ്പയും, ആറളവും, ചെങ്ങറ ഭൂമി പിടിച്ചടക്കലും, നിൽപ് സമരവും, ഇരിപ്പ് സമരവും, ബ്രേക്ക് ദി കർഫ്യു മുന്നേറ്റവും, പെൻപിളൈ ഒരുമൈയും, യുണൈറ്റഡ് നഴ്സസ് അസോസിയേഷനും, വിമൺ ഇൻ സിനിമ കളക്റ്റീവും, കന്യാസ്ത്രീ സമരവും പോലെ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു സമരം ചെയ്യാൻ തയ്യാറാകുന്ന അനേകം മനുഷ്യരെ സർക്കാരിനോടൊപ്പം നിന്ന് പ്രതിരോധിക്കുന്ന അർത്ഥ പാർട്ടി ഉദ്യോഗസ്ഥരെയാണ് കേരളത്തിൽ ഉല്പാദിപ്പിച്ചിരിക്കുന്നത്. സമരത്തെയും മുന്നേറ്റങ്ങളെയും അപഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വലിയ കൂട്ടായ്മയാണ് ഇത്. അതാണ് ആശമാരുടെ അവകാശ സമരത്തിൽ കേരളം കണ്ടത്. അതി ദരിദ്ര മുക്ത പദ്ധതിയുടെ വിളംബരം ഇത്തരമൊരു സംവിധാനത്തിന്റെ കൂടി വിളംബരമാണ്.

ഈ മനുഷ്യരെ ഉപയോഗിച്ചുകൊണ്ടാണ് കേരളത്തിൽ കേരളീയൻ എന്ന പുതിയൊരു സാമൂഹിക പദവിയും അതിനോടനുബന്ധിച്ച ദേശസ്നേഹവും രൂപപ്പെടുത്തിയെടുക്കുന്നത്. അതിന്റെ സംരക്ഷകരായി ഇടതുപക്ഷം സ്വയം അവരോധിക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടു കൊണ്ടിരിക്കുന്നത്. അതിന്റെ സവിശേഷത കേരളത്തിന്റെ സാമൂഹിക ഘടനയിൽ അന്തർലീനമായിരിക്കുന്ന ഘടനാപരമായ പ്രശ്നങ്ങളെ പരിഹരിച്ചു എന്ന വ്യാജ അഭിമാന ബോധവും, അത്തരം പ്രശ്നങ്ങൾ പ്രതിഷേധത്തിലൂടെ ഉന്നയിക്കുന്നവർ ഈ അഭിമാനത്തിന് കളങ്കം ഉണ്ടാക്കുന്നവർ ആയി മാറുകയും ചെയ്യുന്നു എന്നുള്ളതാണ്. അതിന് കേരളത്തിലെ അതി ദരിദ്രർ എന്ന ഒരു സംജ്ഞ അവർ കൃത്രിമമായി രൂപപ്പെടുത്തിയെടുക്കുകയാണ് ചെയ്തത്.

അതിദാരിദ്ര്യവും ഉപസംവരണവും തമ്മിലുള്ള ബന്ധം

ദരിദ്രരിൽ ആരാണ് ഭൂരിപക്ഷവും എന്ന് ഭരണകൂടത്തിന് ബോധ്യമുള്ളതുകൊണ്ടാണ് ദരിദ്രരെ രണ്ട് തട്ടുകളിൽ ആക്കി സവിശേഷമായ പരിഗണന നൽകുന്നു എന്ന പ്രചാരണത്തിന് മറ്റൊരു കാരണം. ഈ ദാരിദ്ര്യത്തിന് ഒരു മാതൃകയുണ്ടെന്നും അതിനെ പ്രചരിപ്പിക്കുന്നവർക്ക് കൃത്യമായി ധാരണയുണ്ട്. ദളിത് ആദിവാസി വിഭാഗങ്ങളിലെ സാമ്പത്തികമായി മെച്ചപ്പെട്ടവർ ഉള്ളതുകൊണ്ട് കീഴ്ത്തട്ടിൽ ഉള്ളവർക്ക് പ്രാതിനിധ്യം ലഭ്യമാകുന്നില്ല എന്ന വാദത്തിന്റെ മറ്റൊരു വശം ഈ രേഖകളിൽ കാണാനാകും. സമാനമായ കാരണങ്ങൾ കൊണ്ട് അതിലും കീഴ്ത്തട്ടു വിഭാഗങ്ങൾക്ക് സവിശേഷമായ പ്രാതിനിധ്യം ലഭ്യമാക്കണമെന്നുമുള്ള ഭരണകൂട നീതി സംഹിതയുടെ മറ്റൊരു പതിപ്പ് മാത്രമാണ് ഇത്. എന്നാൽ യാതൊരു പ്രതിഷേധവുമില്ലാതെ കൃത്യമായ രേഖകളോ കണക്കോ സ്റ്റാറ്റിസ്റ്റിക്കൽ റെക്കോർഡുകളോ ഇല്ലാതെ അത് ഒരു വലിയ വിജയാഘോഷമായി കൃത്രിമമായി മാറ്റപ്പെട്ടു. അത് കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളിൽ ഉണ്ടാകുന്ന ഗൗരവതരമായ മാറ്റങ്ങളെക്കൂടി നമുക്ക് കാണിച്ചു തരുന്നുണ്ട്.









#outlook
Leave a comment