കേരളാ സ്റ്റോറി; ഉടനീളം വെറുപ്പിന്റെ കാളകൂടവിഷം
കേരള സ്റ്റോറി ചരിത്രമല്ലല്ലോ, സാങ്കൽപ്പിക കഥയല്ലേ എന്നാണ് കേരള ഹൈക്കോടതിയുടെ നിഷ്‌കളങ്കമായ ചോദ്യം. നിർമ്മാതാവിന്റെയും അഭിനേതാക്കളുടെയും അധ്വാനത്തെ വിലമതിക്കണമെന്നാണ് സുപ്രീം കോടതി നിരീക്ഷണം. ഒരു സിനിമക്കെതിരെ കോടതിയെ സമീപിക്കുമ്പോൾ സ്വാഭാവികമായും ലഭിക്കാവുന്ന മറുപടിയാണിത്. എന്നാൽ, ഇപ്പോഴും കേരള സ്റ്റോറി കണ്ടതിന്റെ ഷോക്കിൽനിന്ന് മുക്തനായിട്ടില്ല. അതൊരു വെറും കഥയായിരുന്നുവെങ്കിൽ ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമായിരുന്നില്ല. സിനിമയിൽ കോഴിക്കോടുണ്ട്. തിരുവനന്തപുരവും കാസർക്കോടുമുണ്ട്. അതിലുപരി കേരളമുണ്ട്. കേരളത്തിലെ മുപ്പതിനായിരം ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ കാണാനില്ലെന്നും മതം മാറ്റി സിറിയയിലേക്ക് കടത്തിയിട്ടുണ്ടെന്നും ഔദ്യോഗിക കണക്കായി അവതരിപ്പിക്കുന്നുണ്ട്. അനൗദ്യോഗിക കണക്ക് അമ്പതിനായിരമെന്നും പറയുന്നുണ്ട്. തിരുവനന്തപുരം കഥയല്ല. കോഴിക്കോടും കാസർക്കോടും സാങ്കൽപ്പിക കഥയല്ല. ഇത് കഥയല്ലെന്ന് സിനിമയിൽ തന്നെ പലവുരു പറയുന്നുണ്ട്. അനുഭവസ്ഥരെന്ന പേരിൽ ചിലരെ കാണിക്കുന്നുണ്ട്. പറഞ്ഞാൽ മനസ്സിലാകാത്തവർക്ക് വേണ്ടി അവസാനം എഴുതി കാണിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകളെന്ന് പറഞ്ഞ് അവതരിക്കുന്നതിൽ എന്ത് സാങ്കൽപ്പികതയാണുള്ളത്? ആർ.എസ്.എസ്സിന്റെ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളിൽ കേരളത്തെക്കുറിച്ച് കാലങ്ങളായി പ്രചരിക്കുന്ന നുണകളുടെ ഡോക്യുമെന്റേഷനാണ് ചിത്രത്തിലുടനീളം.
ഒരു മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്ത ക്രൂരതകളാണ് ഇതിലെ മുസ്ലിം കഥാപാത്രങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത്. മുസൽമാനെ കണ്ടാൽ കാർക്കിച്ച് തുപ്പാൻ തോന്നുന്ന തരത്തിൽ സിനിമ വെറുപ്പിനെ ഉൽപാദിപ്പിക്കുകയാണ്. ഉടനീളം വെറുപ്പിന്റെ കാളകൂടവിഷമാണ് സിനിമ. തിരുവനന്തപുരത്തുനിന്ന് കാസർക്കോട്ടെ നഴ്‌സിങ് സ്ഥാപനത്തിലേക്ക് പഠിക്കാൻ പോകുന്ന ആദ ശർമ്മ അവതരിപ്പിക്കുന്ന ശാലിനി ഉണ്ണികൃഷ്ണനെ അവിടെ വെച്ച് ലൗ ജിഹാദ് നടത്തി ഫാത്തിമയാക്കി സിറിയയിൽ എത്തിക്കുന്ന കഥ പറഞ്ഞിട്ടാണ് ഈ വെറുപ്പിന്റെ രംഗങ്ങളെ കൂട്ടിയൊട്ടിക്കുന്നത്. ശാലിനിക്കൊപ്പം കോട്ടയത്തുകാരി നിമ മാത്യൂസും കൊച്ചിക്കാരി ഗീതാഞ്ജലിയും പഠിക്കാൻ വരുന്നുണ്ട്. ഹോസ്റ്റൽ മുറിയിൽ തട്ടമിട്ട പെണ്ണിനെ കണ്ട ഉടനെ മലപ്പുറത്താണോ എന്നാണ് ചോദ്യം. സ്വാഭാവികം. ആസിഫ ബാനു മലപ്പുറത്തുകാരിയാണ്. സഹപാഠികളായ പെൺകുട്ടികളുടെ ചിത്രമെടുത്ത് ആസിഫ ബാനു കോഴിക്കോട്ടെ ഇസ്ലാമിക് സ്റ്റഡി സെന്ററിലേക്ക് അയച്ചുകൊടുക്കുകയാണ്. ആസിഫയാണ് ഐ.എസ് റിക്രൂട്ട്‌മെന്റ് ഏജന്റ്. റമീസും അബ്ദുലും ദൗത്യം ഏറ്റെടുക്കുന്നു. ബിസ്മി ചൊല്ലിയാണ് മുസ്ലിംകൾ ഭക്ഷണം കഴിക്കാറുള്ളത്. എന്നാൽ ഈ സിനിമയിലെ മുസ്ലീമും ക്രിസ്ത്യനും വലിയ പ്രാർത്ഥന നടത്തിയാണ് ഭക്ഷണം കഴിക്കുന്നത്. ഹിന്ദുക്കളായ സഹപാഠികൾക്ക് അതൊന്നുമില്ല. അവരെ മതം പഠിപ്പിക്കുകയാണ് ആസിഫ. നരകത്തെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചും പഠിപ്പിക്കുകയാണ്. മതപരിവർത്തനത്തോടൊപ്പം പ്രണയവും മയക്കുമരുന്നുമെല്ലാം കൂടിച്ചേരുന്നുണ്ട്. ആസിഫയുടെ റൂം മേറ്റ്‌സ് ആയ ശാലിനിയും ഗീതാഞ്ജലിയും മതം മാറുകയാണ്. ക്രിസ്ത്യാനിപ്പെണ്ണിനെ മാത്രം അതിന് കിട്ടുന്നില്ല. റമീസും അബ്ദുലും അവരെ ലൈംഗികമായി ഉപയോഗിക്കുന്നു. ശാലിനി ഗർഭിണിയാകുന്നതോടെ റമീസ് കൈയൊഴിഞ്ഞു. പിന്നെ അവളെ കെട്ടുന്നത് ഇസ്ഹാഖ് എന്ന മറ്റൊരാളാണ്. ഇസ്ഹാഖ് ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് അവളെ കൊണ്ട് പോകുന്നു.
'കേരള സ്റ്റോറി' യുടെ പോസ്റ്റർ
ശാലിനിയെന്ന ഫാത്തിമ കേരളം വിട്ട ശേഷമാണ് ഗീതാഞ്ജലി കാര്യം തിരിച്ചറിയുന്നത്. അച്ഛൻ വിദേശ ഐഡിയോളജിയായ കമ്മ്യൂണിസം സ്വീകരിച്ചതാണ് താൻ മുസ്ലിമാകാനുള്ള കാരണമെന്ന് ഗീതാഞ്ജലി കുറ്റപ്പെടുത്തുന്നുണ്ട്. എല്ലാം ആർ.എസ്.എസ്സുകാർ സ്ഥിരമായി പറയുന്ന കാര്യങ്ങൾ. അതിനൊരു ചലച്ചിത്ര ഭാഷ്യം നൽകി എന്നു മാത്രം. മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യുക, ലൈംഗിക അടിമയാക്കി വിൽക്കുക തുടങ്ങിയ കഥകളെല്ലാം അതേപടി ആവർത്തിക്കുന്നു.
മലയാളം പാട്ടും മലയാളം സംഭാഷണങ്ങളുമെല്ലാം സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അഫ്ഗാനിലെത്തിയ ഫാത്തിമയെ വാതിൽപ്പടിയിൽ വെച്ച് ആടിന്റെ കഴുത്തുവെട്ടിയാണ് ഭീകരർ സ്വീകരിക്കുന്നത്. ഗർഭിണിയായ അവളെ പുതിയ ഭർത്താവ് ബലാത്സംഗം ചെയ്യുന്നതും അത് ഇസ്ലാമികമാണെന്ന് പറയുന്നതും എന്തിനു വേണ്ടിയാണെന്ന് വ്യക്തം. ഭീകരർ ചെയ്യുന്ന ക്രൂരതകളെയെല്ലാം ഇസ്ലാമിനോട് കൂട്ടിക്കെട്ടുകയാണ്. ലിപ്സ്റ്റിക് ഇട്ട കുറ്റത്തിന് അങ്ങാടിയിൽ വെച്ച് ഒരു പെണ്ണിന്റെ കൈ വെട്ടുന്ന രംഗം വരെ സിനിമയിലുണ്ട്. ആസിഫ ബാനു ആൺ ജിഹാദികളെ ഉപയോഗിച്ച് ഹിന്ദു പെൺകുട്ടികളെ ഷോപ്പിങ് മാളിൽ വെച്ച് ആക്രമിക്കുന്നുണ്ട്. അവരെ ആക്രമിക്കുന്നതും വസ്ത്രം കീറുന്നതുമൊക്കെ കേരളത്തിലെ ഒരു ആൾക്കൂട്ടം കണ്ടു നിൽക്കുകയാണ്. ആക്രമിക്കാൻ കാരണം അവരുടെ വസ്ത്രധാരണമാണെന്ന് ബോധ്യപ്പെടുത്താനാണ് ആസിഫ ഈ പണി ചെയ്യുന്നത്.
കോഴിക്കോട്ടെ ഇസ്ലാമിക് സെന്ററിൽ മതപരിവർത്തനത്തിന് വിധേയരായി 48 പെൺകുട്ടികളുണ്ട് എന്നാണ് പറയുന്നത്. സാങ്കൽപ്പികമാണെന്ന് പറഞ്ഞൊഴിഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ് സിനിമയിലുടനീളം ശ്രമിക്കുന്നത്.
കാഫിറാണെന്ന് പറഞ്ഞ് ആശുപത്രി കിടക്കയിൽ കൃത്രിമ ശ്വാസത്തിലൂടെ ജീവൻ നിലനിർത്തുന്ന പിതാവിന്റെ തലയിൽ തുപ്പുകയാണ് മതം മാറിയ മുസ്ലിം പെൺകുട്ടി. ഒരു മുസ്ലീമിന് ചിന്തിക്കാൻ പോലും കഴിയാത്ത ഇത്തരം ക്രൂരതകൾ ദൃശ്യവൽക്കരിക്കുന്നത് വെറുപ്പിന്റെ അങ്ങേയറ്റത്തേക്ക് ഒരു ജനവിഭാഗത്തെ എത്തിക്കാൻ വേണ്ടി മാത്രമാണ്. അപരവൽക്കരണത്തിന് വേണ്ടിയാണ്. കാഫിറിന്റെ നാട് ഹറാമാണെന്ന് പറഞ്ഞിട്ടാണ് സിനിമയിലുള്ളവർ സിറിയയിലേക്ക് പോകുന്നത്. ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള ലോകത്തെ രണ്ടാമത്തെ രാജ്യത്തുനിന്ന് കൊണ്ടാണ് ഈ നട്ടാൽ കുരുക്കാത്ത അജണ്ട നട്ടുനോക്കുന്നത്. കമ്യൂണിസ്റ്റുകാരന്റെ മകളെ പർദ്ദയിൽ കെട്ടിത്തൂക്കി കൊല്ലുകയാണ് സംവിധായകൻ. പോരാഞ്ഞ് കമ്യൂണിസ്റ്റുകാരന്റെ വീട് ജിഹാദികളെ കൊണ്ട് കത്തിക്കുന്നുമുണ്ട്. പേടിപ്പിക്കുക മാത്രമാണ് ലക്ഷ്യം.
സംവിധായകൻ സുദീപ്‌തോ സെന്നിന് കേരളം എന്താണെന്നറിയില്ല. മലയാളിയുടെ സംസ്‌കാരമോ ജീവിത രീതികളോ അറിയില്ല. കേരളത്തെ മതഭ്രാന്തന്മാരുടെ നാടായി അവതരിപ്പിക്കാനും പ്രേക്ഷകരെ വിദ്വേഷത്തിന്റെ വ്യാപാരികളാക്കി മാറ്റാനും മാത്രമേ ഈ സിനിമ ഉപകരിക്കുകയുള്ളൂ. കേരളത്തെ ഇത്രയേറെ അധിക്ഷേപിക്കുന്ന സംവിധായകൻ ഐ.എസ് എന്ന ഭീകര പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നതേയില്ല. ഓരോ സീനിലും അർദ്ധസത്യങ്ങൾ പറഞ്ഞും അക്കങ്ങളെ പെരുപ്പിച്ചും ലക്ഷ്യം നേടാൻ ശ്രമിക്കുകയാണ്.
'കേരള സ്റ്റോറി'യിലെ രംഗം
തീവ്ര ഹിന്ദുത്വവാദികളുടെ വ്യാജ ആരോപണങ്ങളെയെല്ലാം ചിത്രം ശരിവെക്കുന്നു. നോർത്തിന്ത്യൻ സംഘ്പരിവാർ നരേറ്റീവുകളെ അതേപടി അവതരിപ്പിക്കുന്നു. കേരളത്തിലെ ഹിന്ദുക്കളെയും കമ്മ്യൂണിസ്റ്റുകാരെയും സിനിമ അപമാനിക്കുന്നു. ആരെങ്കിലും പ്ലാവില നീട്ടുമ്പോഴേക്കും പിന്നാലെ പോകാൻ മാത്രം ദുർബലരാണ് അവരുടെ മക്കളെന്ന് പറയുന്നു. കാസർക്കോട്ടേക്ക് കുട്ടികളെ പഠിപ്പിക്കാൻ വിടുന്ന ഹിന്ദു മാതാപിതാക്കളുടെ ഉള്ളിൽ തീ കോരിയിടുകയാണ് ചിത്രം. ഒരു മുസ്ലീം സുഹൃത്തിനെയും മുറിയിൽ പാർപ്പിക്കരുതെന്ന് ഹിന്ദു മാതാപിതാക്കളെ കൊണ്ട് പറയിപ്പിക്കാൻ ഈ സിനിമക്ക് കഴിയും. ഒരു മുസ്ലിമിന്റെ ചിരിയെ പോലും സംശയിക്കാനും വെറുക്കാനും സിനിമ പഠിപ്പിക്കും.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പഴയ പ്രസ്താവന ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ച ഈ പ്രൊപ്പഗണ്ട ഫിലിമിനെ വെറുമൊരു സാങ്കൽപ്പിക കഥ എന്ന് പറഞ്ഞ് തള്ളിക്കളയുന്നവർക്ക് നല്ല നമസ്‌കാരം. ഐസിസിൽനിന്ന് രക്ഷപ്പെടുന്ന ശാലിനി അമ്മയോട് പറയുന്ന വാചകം പോലും എല്ലാം ശരിയാകും എന്ന ഇടത് മുദ്രാവാക്യമാണ്. മുസ്ലീം സ്ത്രീകൾ ധരിക്കുന്ന പർദ്ദ കത്തിച്ചുകൊണ്ട് അവസാനിപ്പിക്കുന്ന സിനിമ ഒരു മതവിഭാഗത്തെ പ്രത്യക്ഷത്തിൽ തന്നെ വേദനിപ്പിക്കുന്ന ഒന്നാണ്. അടിമുടി വിദ്വേഷവും വെറുപ്പുമാണ് സിനിമ ഉൽപാദിപ്പിക്കുന്നത്. എന്നിട്ടും ഈ സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകി എന്നത് അമ്പരപ്പിക്കുന്ന വർത്തമാന യാഥാർത്ഥ്യമാണ്.