TMJ
searchnav-menu
post-thumbnail

Outlook

ജാതിയുടെ ക്രൂരതകൾ ആവർത്തിക്കുന്ന കേരളം

26 May 2025   |   5 min Read
ശബരി ഗിരിജ രാജൻ

ന്ത്യ എന്ന രാജ്യത്തിനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന അര്‍ബുദമാണ് ജാതീയത. രാജ്യത്തിന്റെ പുരോഗതിക്കും അന്തസ്സിനും കോട്ടം തട്ടുന്ന ഒന്നാണ് ഇവിടെ നിലനില്‍ക്കുന്ന ലംബമാനമായ ജാതി ഘടനയും, ജാതി ബോധവും, മറ്റു ജാതി വ്യവഹാരങ്ങളും. നിയമ വിരുദ്ധമാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ജാതീയത  ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രബുദ്ധമെന്ന് നാം സ്വയം വിശേഷിപ്പിക്കുന്ന കേരളവും ജാതീയതില്‍ ഒട്ടും പിന്നിലല്ല. വിദ്യാഭാസത്തില്‍, സന്തോഷ സൂചികയില്‍, ഉയര്‍ന്ന മനുഷ്യ വികാസ സൂചികയില്‍ തുടങ്ങി കേരളം ഒന്നാമതായിട്ടുള്ള മേഖലകളുടെ പട്ടിക അവസാനിക്കുന്നില്ല. എന്നാല്‍ അരികുവല്‍ക്കരിക്കപ്പെട്ട പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ മനുഷ്യരുടെ സുരക്ഷ ഈ സംസ്ഥാനത്ത് സംശയത്തിന്റെ നിഴലിലാണ് ഉള്ളത്. അവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന, അര്‍ഹതപ്പെട്ട  നീതി നിഷേധിക്കുന്ന സമൂഹവും സ്ഥാപനങ്ങളുമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.

പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ ജാതീയമായി വിവേചനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യത്തില്‍ അവരുടെ സംരക്ഷണത്തിനായുള്ള ഇന്ത്യന്‍ ഭരണഘടനയുടെ നിയമ പരിരക്ഷയാണ്  The Scheduled Castes and the Scheduled Tribes (Prevention of Atrocities) Act, 1989. ഡോ. ബി ആര്‍ അംബേദ്കര്‍ അതീവ ദീര്‍ഘവീക്ഷണത്തോട് കൂടി ചിട്ടപ്പെടുത്തിയ ഒരു മഹത്തായ ഭരണഘടനയിലെ ഈ സംരക്ഷണം നിലനില്‍ക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് ഇന്നും ദളിതുകളും ആദിവാസികളും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇതിനു ഏറ്റവും അവസാനമായി കേരളത്തിലുണ്ടായ ഉദാഹരണമാണ് തിരുവനന്തപുരം സ്വദേശിയായ ബിന്ദു എന്ന ദളിത് യുവതി പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്ന പീഡനം.

Ambedkar Jayanti: Remembering the social reformer beyond Constitution |  Latest News India - Hindustan Timesഡോ. ബി ആര്‍ അംബേദ്കര്‍ | PHOTO: WIKI COMMONS
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനു സമീപമുള്ള ചുള്ളിമാനൂര്‍ സ്വദേശിനിയായ ബിന്ദു, 500 രൂപ ദിവസ വേതനത്തില്‍ ഒരു കരാര്‍ ഏജന്‍സി വഴിയാണ് ഓമന ഡാനിയേല്‍ എന്ന കുടപ്പനക്കുന്ന് സ്വദേശിനിയുടെ വീട്ടില്‍ വീട്ടുജോലിക്ക് ചെല്ലുന്നത്. ഏപ്രില്‍ 14, 16, 19 എന്നീ തീയ്യതികളിലാണ് ബിന്ദു ഈ വീട്ടില്‍ ജോലിക്കു പോയിട്ടുള്ളത്. ഏപ്രില്‍ 23 വൈകുന്നേരം 4 മാണിയോട് അടുത്ത് അന്നത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്കു പൊകുവാന്‍ ബസ്സ് കാത്തു നിന്ന ബിന്ദുവിന്റെ ഫോണിലേക്കു ഒരു വിളി വരുന്നു. പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ എസ് ഐ പ്രസാദാണ് വിളിക്കുന്നതെന്നും നിങ്ങള്‍ വീട്ടുജോലിക്ക് പോകാറുണ്ടോ എന്നും ചോദിച്ചു, അതെ, പോകാറുണ്ട് എന്ന് ബിന്ദു ഉത്തരം നല്‍കി. ഓമന ഡാനിയേല്‍ എന്നൊരു സ്ത്രീ ബിന്ദുവിന് എതിരെ അവിടെ ഒരു പരാതി സമര്‍പ്പിച്ചു എന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്താണ് പരാതിയെന്ന ബിന്ദുവിന്റെ ചോദ്യത്തിന് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ പറയാം എന്നായിരുന്നു മറുപടി. എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഓട്ടോ കൂലി കൊടുക്കാന്‍ തന്റെ പക്കല്‍ പണമില്ലെന്ന് ബിന്ദു അറിയിച്ചു. അത് പോലീസ് നോക്കിക്കോളാമെന്നും ഒരു ഓട്ടോയില്‍ കയറി സ്റ്റേഷനിലേക്ക് എത്തണമെന്നും എസ് ഐ ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ എത്തിയ ബിന്ദുവിന് പരാതിയുമായി വന്ന ഓമന ഡാനിയേലിനെ കാണാന്‍ സാധിച്ചു. അവരുടെ വീട്ടില്‍ നിന്നും രണ്ടര പവന്റെ മാല കാണാതെ പോയിയെന്നും അത് ബിന്ദു മോഷ്ട്ടിച്ചെന്നുമാണ് പരാതി. താന്‍ അത് ചെയ്തിട്ടില്ല എന്ന് ബിന്ദു സത്യം ചെയ്തു പറഞ്ഞു. എന്നിട്ടും കട്ടെടുത്തത്തിന്റെ തെളിവോ, തൊണ്ടി മുതല്‍ കുറ്റാരോപിതയുടെ കയ്യില്‍ നിന്നും കണ്ടെത്തുകയോ ചെയ്യാത്ത അവസരത്തില്‍ വെറും സംശയത്തിന്റെ നിഴലില്‍ മാത്രം നില്‍ക്കുന്ന മുപ്പത്തിയൊന്‍പതുകാരിയായ ഒരു ദളിത് സ്ത്രീയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ് ഉണ്ടായത്. വിലപിടിപ്പുള്ള ഒരു വസ്തു കാണാതെ പോയ അവസരത്തില്‍, അത് നഷ്ടപ്പെട്ട സ്ഥലത്തു പോയി നോക്കുവാനുള്ള സാമാന്യ ബോധം പോലും പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായില്ല. പകരം പ്രാഥമിക അന്വേഷണം പോലും നടത്താതെ കുറ്റം ആരോപിക്കപ്പെട്ട സ്ത്രീ മോഷണം നടത്തിയെന്നവര്‍ തീര്‍ച്ചപ്പെടുത്തി. ഇതവരുടെ ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് ബിന്ദു നിസംശ്ശയം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

6 മണിക്ക് ശേഷം വീട്ടില്‍ എത്താതിരുന്ന ബിന്ദുവിനെ അന്വേഷിച്ചു വീട്ടില്‍ നിന്നും ധാരാളം വിളി വന്നു എങ്കിലും, അവരോടൊന്നും സംസാരിക്കാന്‍ അനുവദിക്കാതെ പോലീസുകാര്‍ ഫോണ്‍ വാങ്ങി വെച്ചു. പകരം സ്റ്റേഷനില്‍ നിന്ന് വിളിച്ചു ബിന്ദു അവിടെ ഉണ്ടെന്ന് ഒന്ന് വീട്ടുകാരെ അറിയിക്കാന്‍ അവര്‍ കേണു അപേക്ഷിച്ചിട്ടും പോലീസുകാര്‍ അതിനും തുനിഞ്ഞില്ല. ആര്‍ട്ടിക്കിള്‍ 22 (1) പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ആളിന് അതിന്റെ കാരണം അറിയാനുള്ള അവകാശമുണ്ട്. അതു പോലെ തന്നെ, അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ ബന്ധുക്കളോട് ആരോടെങ്കിലും ഈ വിവരം ഉദ്യോഗസ്ഥര്‍ അറിയിക്കേണ്ടതുണ്ട്. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 43(5) പ്രകാരം ഒരു സ്ത്രീയെ സൂര്യാസ്തമയത്തിനു ശേഷമോ സൂര്യോദയത്തിനു മുന്‍പോ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്നില്ല. പ്രത്യേക സാഹചര്യങ്ങളില്‍ മുന്‍പറഞ്ഞ സമയത്തു അറസ്റ്റ് രേഖപ്പെടുത്തണമെങ്കില്‍, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിന്റെ പക്കല്‍ എഴുതിയ റിപ്പോര്‍ട് സമര്‍പ്പിച്ചതിനു ശേഷം മുന്‍കൂറായി അനുമതി എഴുതി വാങ്ങേണ്ടതുണ്ട്. ഈ നിയമങ്ങളെല്ലാം പാടെ ലങ്കിച്ചിട്ടുണ്ട്. സ്റ്റേഷനുള്ളിലെ ഒരു മുറിയില്‍ കൊണ്ട് പോയി വനിതാ പോലീസുകാര്‍ അവരെ വിവസ്ത്രയാക്കി പരിശോധിച്ചു. 19 ആം തീയ്യതി അവസാനമായി ആ വീട്ടില്‍ ജോലിക്കു പോയ സ്ത്രീയെ 23 ആം തീയ്യതി തൊണ്ടി മുതല്‍ കണ്ടെത്തുവാനായി ദേഹ പരിശോധന നടത്തുന്ന യുക്തിയെന്താണ്? എടുത്തത് അങ്ങു തിരിച്ചു കൊടുത്തേക്ക് എന്നാണ് ആ സ്റ്റേഷനിലെ ഓരോ ഉദ്യോഗസ്ഥരും ബിന്ദുവിനോട് ആജ്ഞാപിച്ചത്. മനുഷ്യത്വത്തിന്റെയോ കരുണയുടെയോ ഒരു മുഖം പോലും ബിന്ദു അവിടെ കണ്ടില്ലയെന്ന് ഓര്‍ക്കുന്നു. മാല കൊടുത്തില്ല എങ്കില്‍ ബിന്ദുവിനെയും പതിനേഴും പതിനഞ്ചും വയസ്സുള്ള പെണ്‍മക്കളെയും ഭര്‍ത്താവിനെയും ജയിലില്‍ അടക്കുമെന്നും ഭീഷണിപ്പെടുത്തി. 'നിന്റെ മക്കള്‍ക്ക് അവിടെ സുഖമായിരിക്കും !' എന്നാണ് പ്രസന്നന്‍ എന്ന പോലീസുകാരന്‍ ബിന്ദുവിനെ പരിഹസിച്ച് പറഞ്ഞത്.

REPRESENTATIVE IMAGE | WIKI COMMONS
23 ആം തീയതി വൈകി 7.30ക്ക്, യൂണിഫോമില്‍ അല്ലാതെ പോലീസുകാര്‍ ബിന്ദുവുമായി ഓമന ഡാനിയേലിന്റെ കാറില്‍ ബിന്ദുവിന്റെ വീട്ടില്‍ തെളിവെടുപ്പിന് പോയി. പോകുന്ന വഴിയെല്ലാം ബിന്ദുവിനെ അസഭ്യം പറഞ്ഞു കൊണ്ടേയിരുന്നു. തന്റെ ജീവിതത്തില്‍ അത്തരത്തിലുള്ള അശ്ലീല ഭാഷകള്‍ താന്‍ ഒരിക്കല്‍ പോലും കേട്ടിട്ട് ഇല്ലായെന്ന് ബിന്ദു പറയുന്നു. നാട്ടുകാരുടെയും പെണ്‍മക്കളുടെയും ഭര്‍ത്താവിന്റെയും മുന്‍പില്‍ നിരപരാതിയായ ഈ സ്ത്രീയെ മാല മോഷ്ടാവായി പോലീസുകാര്‍ കൊണ്ടു നിര്‍ത്തി. വീട്ടിലെ പരിശോധനക്കു ശേഷം ബിന്ദുവിനെ സ്റ്റേഷനിലേക്കു തിരിച്ചു കൊണ്ട് വന്നു. വൈകുന്നേരം 6 മണിക്ക് ശേഷം സ്ത്രീകളെ സ്റ്റേഷനില്‍ പിടിച്ചു നിര്‍ത്തരുത് എന്ന നിയമാണ് ഇവിടെ പോലീസുകാര്‍ ലങ്കിച്ചത്. പിന്നീട് അവരെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തു കൊണ്ടേയിരുന്നു. കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ഭക്ഷണമോ കൊടുത്തില്ല. ദാഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ കല്‍പ്പിച്ചു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പൈശാചികമായ ക്രൂരതയാണ് ഈ പോലീസുകാര്‍ ചെയ്തിരിക്കുന്നത്.

പിറ്റേ ദിവസം രാവിലെ 8 മണിയോടു കൂടി ഓമന ഡാനിയേല്‍ സ്റ്റേഷനില്‍ എത്തി ചേരുന്നു. എസ് ഐമായുള്ള അവരുടെ കൂടി കാഴ്ചക്ക് ശേഷം ബിന്ദുവിനെ മുറിയിലേക്ക് വിളിക്കുന്നു. ഓമനക്കു പരാതിയില്ല എന്നും ബിന്ദുവിന്റെ പെണ്മക്കളെ കരുതി വെറുതെ വിടുകയാണെന്നും അറിയിക്കുന്നു. ബിന്ദുവിന്റെ 3 ദിവസത്തെ വേതനമായ 1,500 രൂപ ഓമന ബിന്ദുവിന് കൈമാറുന്നു. എസ് ഐ ബിന്ദുവിന്റെ ഫോണ്‍ തിരികെ കൊടുത്തിട്ടു അത് തിരിച്ചു കിട്ടിയെന്ന് എഴുതി ഒപ്പിടാന്‍ ആവശ്യപ്പെട്ടു. പിന്നീട് ബിന്ദുവിന്റെ ഭര്‍ത്താവ് എസ് ഐയുമായി സംസാരിച്ചപ്പോള്‍ മാല അവരുടെ വീട്ടില്‍ നിന്നും തന്നെ ഓമനക്കു ലഭിച്ചെന്ന് അറിയാന്‍ കഴിഞ്ഞു. എല്ലാം കഴിഞ്ഞു സ്റ്റേഷനില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയ ബിന്ദുവിനെ പിടിച്ചു നിര്‍ത്തി ഇനി മേലില്‍ കവടിയാറോ പേരൂര്‍ക്കടയോ കണ്ടു പോകരുത് എന്നും എങ്ങോട്ടെങ്കിലും നാടുവിട്ടു പോയിക്കൊള്ളണമെന്നും എസ് ഐ പ്രസാദ് തിട്ടൂരമിറക്കി. 20 മണിക്കൂര്‍ മേലെ നീണ്ടു നിന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് ശേഷം പിന്നീട് തനിക്കു ഭര്‍ത്താവു വാങ്ങി തന്ന ഭക്ഷണം പോലും കഴിക്കുവാന്‍ ആയില്ലായെന്നു ബിന്ദു പറഞ്ഞു.

Dalit working woman falsely accused of theft, harassed, denied food during  20-hour custody; SC/ST commission orders probeREPRESENTATIVE IMAGE | WIKI COMMONS
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ആപ്ത വാക്യത്തെ കാറ്റില്‍ പറത്തികൊണ്ടാണ് പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നീചമായ ഈ നരനായാട്ട് നടത്തിയത്. ചെയ്യാത്ത കുറ്റത്തിനു അപമാനഭാരത്താല്‍ ഇത്രയും തലകുനിക്കേണ്ടി വന്നപ്പോള്‍ ആത്മഹത്യയെ പറ്റി ചിന്തിച്ചു പോയെങ്കിലും മക്കളെ ഓര്‍ത്തു അതില്‍ നിന്നു താന്‍ പിന്മാറുക ആയിരുന്നു എന്ന് ബിന്ദു പറയുന്നു. അപമാന ഭാരത്താല്‍ വീട്ടില്‍ നിന്നും ഇറങ്ങാതിരുന്ന ബിന്ദുവിനെ ആത്മവിശ്വാസം നല്‍കി ഈ അനീതിക്ക് എതിരെ പോരാടാന്‍ പ്രേരിപ്പിച്ചതും കൂടെ നില്‍ക്കുന്നതും അഡ്വക്കേറ്റ് കിഷോര്‍ ആണ്. അങ്ങിനെ പട്ടികജാതി വകുപ്പിനും കേരള സംസ്ഥാന പോലീസ് ചീഫിനും മുഖ്യ മന്ത്രിക്കും ബിന്ദു പരാതി നല്‍കിയിട്ടുണ്ട്. മുഖ്യ മന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശി ആ പരാതി ഒന്നു വായിച്ചു നോക്കുവാന്‍ പോലും മുതിര്‍ന്നില്ല എന്ന് ബിന്ദു പറയുന്നു. മോഷണ കുറ്റം ആരോപിക്കുമ്പോള്‍ ചോദ്യം ചെയ്യല്‍ സാധാരണമാണെന്നും പരാതിയുണ്ടേല്‍ കോടതിയില്‍ പോകണമെന്നുമായിരുന്നു ശശിയുടെ പ്രതികരണം.

ബിന്ദുവിന്റെ വിഷയം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചര്‍ച്ചയാവുകയും ചെയ്ത അവസരത്തില്‍ എസ് ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ ഒരിക്കലും ഒരു ശിക്ഷ ആവുന്നില്ല. എസ്സ്‌സി എസ്സ്ടി അട്രോസിറ്റി ആക്റ്റ് പ്രകാരം ഇവര്‍ക്ക് എതിരെ കേസ് എടുക്കുകയും മാതൃകാ പരമായി ശിക്ഷ നല്‍കുകയും വേണം. മാനനഷ്ടത്തിന് കേസ് എടുക്കേണ്ടതുണ്ട്. അതുപോലെ തന്നെ ബിന്ദുവിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. അന്നന്നത്തെ അന്നത്തിനു വേണ്ടി കൂലിവേല ചെയ്തു ജീവിക്കുന്ന ഒരു കുടുംബം ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന വേദനക്ക് വിലയിടാന്‍ ആവില്ല. എങ്കിലും ഇനി മുന്‍പോട്ടുള്ള അവരുടെ നിയമ പോരാട്ടത്തിനും നിലനില്‍പ്പിനും സാമ്പത്തിക സഹായം അത്യാവശ്യമാണ്. ഓമന ഡാനിയേലിനു എതിരെയും കേസിനു പോകാനാണ് ബിന്ദുവിന്റെ തീരുമാനം.

Bindu case: SEWA Union takes out march to State Police Chief's office - The  HinduREPRESENTATIVE IMAGE | WIKI COMMONS
കറുത്ത ഉടലുകളുള്ള ദളിതരെ കാണുന്ന മാത്രയില്‍ തന്നെ നിസംശയം കുറ്റവാളികള്‍ ആണെന്ന് സമൂഹം മുദ്രകുത്തുന്നത് ജാതീയതയാണ്. ജനങ്ങളെ സംരക്ഷിക്കേണ്ട, പ്രത്യേകിച്ചും സമൂഹത്തില്‍ വളരെ സ്വാഭാവികമായി തന്നെ നീതി നിഷേധിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കേണ്ട പോലീസ് തന്നെ അതി ക്രൂരമായി മനുഷ്യത്വ രഹിതമായി ജാതീയത പ്രവര്‍ത്തിക്കുന്നത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഗൗരവകരമായി കാണേണ്ടതുണ്ട്. പോലീസ് ട്രെയിനിങ്ങിന്റെ കാലഘട്ടത്തില്‍ തന്നെ സ്റ്റേഷനിലേക്ക് കടന്നു വരുന്ന ദളിതരെയും ആദിവാസികളെയും സ്ത്രീകളെയും കുട്ടികളെയും എല്ലാം എങ്ങിനെ സ്വീകരിക്കണമെന്ന് പ്രത്യേകം പരിശീലിപ്പിക്കണം. ജനമൈത്രി എന്നത് ബോര്‍ഡില്‍ മാത്രമല്ലയെന്നും പ്രവര്‍ത്തിയില്‍ ഉണ്ടാകണമെന്നും ഓര്‍മ്മിപ്പിക്കണം. ഇത്തരം പീഡനങ്ങള്‍ക്കു ഇരയായ മനുഷ്യര്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് കൗണ്‍സിലിങ് നല്‍കണം. ദളിത് ഉടലുകള്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നത് ഇത് ആദ്യമായിട്ട് അല്ല. ഇതിനെ തുടര്‍ന്ന് കസ്റ്റഡി മരണങ്ങളും ആത്മഹത്യകളും ധാരാളം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണാതെ കാലാകാലങ്ങളായി കണ്ടു വരുന്ന ഈ പാറ്റേണ്‍ ഇല്ലാതെയാക്കാന്‍ സര്‍ക്കാരിനും നിയമത്തിനും കഴിയണം. ഇല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ സര്‍വ്വ സാധാരണമാവുകയും ഈ വിഭാഗങ്ങള്‍ക്ക് അന്തസുള്ള ജീവിതം നയിക്കാന്‍ കഴിയാതെയും വരും.





#outlook
Leave a comment