.jpg)
കെ കെ കൊച്ച് അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ശബ്ദം
വ്യവസ്ഥാപിത ചരിത്രവുമായി നിരന്തരം കലഹിക്കുകയും നമ്മുടെ സമൂഹജീവിതത്തെയും ചരിത്രത്തെയും കൂടുതൽ ജനാധിപത്യവൽകരിക്കുകയും ചെയ്ത വലിയ ബുദ്ധിജീവി സാന്നിധ്യമായിരുന്നു കെ കെ കൊച്ച്. അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്കായി നിരന്തരം ശബ്ദമുണ്ടാക്കുകയും എല്ലാക്കാലത്തും പോരാട്ടങ്ങളുടെ പക്ഷത്തുനിൽക്കുകയും ചെയ്ത കെ കെ കൊച്ച് ജനാധിപത്യകേരളത്തെ സാധ്യമാക്കിയവരിൽ പ്രധാനി കൂടിയാണ്. മൗലികമായ ചിന്താശേഷി, അറിവ്, അതിൻ്റെ ജനാധിപത്യപരമായ വിതരണം, സംവാദസന്നദ്ധത, പറയുന്നവരെ കേൾക്കാനുള്ള ജനാധിപത്യബോധം തുടങ്ങിയവയൊക്കെ കെ കെ കൊച്ചിൽ ഉയർന്നയളവിലുണ്ടായിരുന്നു. ചരിത്രത്തോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിൻ്റെ വിമർശനസ്ഥാനങ്ങൾ വ്യക്തിപരമായിരുന്നില്ല, സാമൂഹിപരമായിരുന്നു. ആത്മകഥയായ 'ദലിതൻ' വായിക്കുമ്പോൾ നമുക്കതിൽ കൂടുതൽ തെളിച്ചമുണ്ടാകും. ചലനാത്മകമായ ജീവിതത്തിലൂടെ നീതിക്കുവേണ്ടി കേരളത്തിലുടനീളം സഞ്ചരിച്ച ആക്ടിവിസ്റ്റായ ഒരാൾ 'ദലിതനി'ലൂടെ നമുക്ക് മുന്നിൽ വലിയ ഉയരത്തിലിങ്ങനെ നിൽക്കുന്നത് കാണാം. ചരിത്രകാരൻ, സാഹിത്യനിരൂപകൻ, എഡിറ്റർ, ആക്ടിവിസ്റ്റ്, പ്രഭാഷകൻ, രാഷ്ട്രീയചിന്തകൻ എന്നിങ്ങനെ പലമട്ടിലുള്ള ഒരാളുടെ ജീവിതം സാംസ്കാരികമായി ഒരു ജനതയുടെ മുന്നോട്ടുപോക്കിന് നൽകിയ ഊർജം ചെറുതല്ലെന്ന് കെ കെ കൊച്ചിൻ്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്.കെ കെ കൊച്ച് | PHOTO: WIKI COMMONS
'ദലിതൻ' എന്ന ആത്മകഥയ്ക്ക് കെ കെ ബാബുരാജ് 'ആപൽക്കരമായി കർമ്മം ചെയ്തൊരാൾ' എന്ന ശീർഷകത്തിലെഴുതിയ ആമുഖത്തില്‍ മേൽപ്പറഞ്ഞത് കൂടുതൽ വിശദമാക്കുന്നുണ്ട്. 'കെ കെ കൊച്ചിന്റെ ആത്മകഥയുടെ പ്രസക്തി നിര്‍ണ്ണയിക്കപ്പെടുക ദലിത് ജീവിതത്തിലേക്കുള്ള മുഖ്യധാരയുടെ കൗതുകനോട്ടം എന്ന നിലയിലോ; ഏതെങ്കിലും ഒറ്റ അജണ്ട കേന്ദ്രീകരിച്ചുള്ള മാധ്യമവല്‍ക്കരണത്തിന്റെ ഭാഗമായോ അല്ലെന്നു പറയാവുന്നതാണ്. മുമ്പേ സൂചിപ്പിച്ചതുപോലെ, മുഖ്യധാരയില്‍ സ്വന്തമായി ഇടമുണ്ടാവുകയും അവിടെ നിന്നുകൊണ്ടുതന്നെ ദലിത് പൊതുവ്യക്തിത്വമായി മാറുകയും ചെയ്ത ഒരാളാണ് ഇവിടെ ആത്മകഥ എഴുതിയിട്ടുള്ളത്. തന്മൂലം, അദ്ദേഹം ബോധപൂര്‍വ്വം തിരഞ്ഞെടുത്ത് നടത്തിയ സാമുദായിക പ്രവര്‍ത്തനത്തിന്റെ പ്രതിപാദനങ്ങളും ഓര്‍മ്മകളും ദൈനംദിന ചരിത്രാനുഭവമെന്ന നിലയില്‍ കൂടുതല്‍ തെളിമയുള്ളതായി മാറുന്നു. മാത്രമല്ല സമകാലീന ചരിത്രത്തിലെ മാഞ്ഞും മറഞ്ഞുംപോയ; ശകലിതങ്ങളെന്നു വിളിക്കാവുന്ന നിരവധി സംഭവങ്ങളും സമരങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും ആശയലോകങ്ങളും ഇതിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്നുമുണ്ട്. ഇതിനര്‍ത്ഥം; ദളിത് സമുദായമെന്ന സവിശേഷ ഇടത്തെയോ, പൊതുവിടത്തെയോ അല്ല നിരവധി ചെറുഇടങ്ങളെയാണ് ഈ ആത്മകഥ സന്നിഹിതമാക്കുന്നതെന്നാണ്. അതിനാല്‍തന്നെ സമകാലീന ചരിത്രത്തിലെ കീഴ്അടരുകളുടെ ഒരു റിക്കാര്‍ഡ് എന്നും പുതുകാല മുന്നേറ്റങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു പുസ്തകം എന്ന നിലയിലുമുള്ള തുടര്‍ജീവിതമായിരിക്കും ഇതിനുണ്ടാവുകയെന്ന് അനുമാനിക്കാവുന്നതാണ്.' സാമൂഹികനീതിയുടെയും സമത്വത്തിൻ്റെയും ശബ്ദമായിരുന്നു എല്ലാക്കാലത്തും കെ കെ കൊച്ചിൻ്റേത്. കീഴാളജനതയുടെ നീതിയിലേക്കുള്ള പാതകളെ കൂടുതൽ വിശാലവും സമഗ്രവുമാക്കാൻ അദ്ദേഹത്തിൻ്റെ ഇടപെടലുകൾക്കായി.
'ഗ്രാമജീവിതത്തിൽ ഇഴുകിച്ചേര്‍ന്ന ജാതിവിനിമയങ്ങളുടെ പ്രായോഗിക രൂപങ്ങളുടെ വിശദീകരണം, ആഭ്യന്തരമായ കുടിയേറ്റങ്ങള്‍ക്ക് പിന്നിലെ അറിയപ്പെടാത്ത കഥകൾ, എഴുപതുകളിലെ ദലിത് വിദ്യാര്‍ഥി ജീവിതം നേരിട്ട സംഘര്‍ഷങ്ങള്‍, തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോഗിക വിമര്‍ശനം, ദലിത്-ആദിവാസികൾ മുന്‍കൈയെടുത്ത ആശയപരവും സംഘടനാപരവുമായ രൂപങ്ങളുടെ ഉയര്‍ച്ച താഴ്ചകൾ, ദേശീയമായി ഉയര്‍ന്നുവന്ന രാഷ്ട്രീയപ്രമേയങ്ങളോടുള്ള പ്രതികരണങ്ങള്‍, എഴുത്തിന്റെയും സാംസ്കാരിക അന്വേഷണങ്ങളുടെയും – പ്രസാധന സംരംഭം ഉള്‍പ്പെടെ – വികാസ പരിണാമങ്ങള്‍, പിന്നാലെയെത്തുന്ന ആശയങ്ങളോടും തലമുറയോടുമുള്ള സംവാദങ്ങൾ തുടങ്ങിയവയാണ് വിപുലമായ അര്‍ഥത്തിൽ കെ കെ കൊച്ചിന്റെ ആത്മകഥ രേഖപ്പെടുത്താന്‍ ശ്രമിക്കുന്നത്' എന്ന് ഡോ. ഒ കെ സന്തോഷ് എഴുതുന്നതും പ്രധാനമാണ്. നേരത്തേ പറഞ്ഞതുപോലെ വ്യക്തിജീവിതം എഴുതുമ്പോഴും വ്യക്തി അതിൽ ഏറ്റവും കുറവാകുകയും സമൂഹവും നീതിക്കായുള്ള അന്വേഷണവും പോരാട്ടവും പ്രധാനമാവുകയും ചെയ്യുന്ന സന്ദർഭമാണിത്. തോൽക്കാൻ തയ്യാറല്ലാത്ത, പോരാടാനുള്ള അറിവിൻ്റെ ആയുധപ്പുര എപ്പോഴും സൂക്ഷിച്ചൊരാളാണ് അദ്ദേഹം.REPRESENTATIVE IMAGE | WIKI COMMONS
വ്യക്തിപരമായൊരു ഓർമ്മകൂടി പങ്കുവെച്ചവസാനിപ്പിക്കാം. പഠനകാലത്തും ഗവേഷണകാലത്തും പലപ്പോഴും അദ്ദേഹത്തെ കാണാനും വായിക്കാനും ചെറുതെങ്കിലും സംഭാഷണത്തിലേർപ്പെടാനും ശ്രമിച്ചിട്ടുണ്ട്. കാലടി സർവകലാശാലയിൽവെച്ചും അല്ലാതെയും നടന്ന സെമിനാർവേദികളിലും സമരങ്ങളിലും ആ സാന്നിധ്യം പ്രധാനപ്പെട്ടതായിരുന്നു. ഓരോ കാഴ്ചയും കൂടുതൽ തെളിച്ചമുള്ളതും നമ്മെ കൂടുതൽ ജനാധിപത്യവൽകരിക്കുകയും ചെയ്തിരുന്നു. യഥാർഥ അറിവ്, കാലുഷ്യമില്ലാത്ത ചിന്ത ഒരാളെ കൂടുതൽ ആർദ്രമാക്കുമെന്ന ആശയത്തെ ബലപ്പെടുത്തിയൊരാളാണ് കെ കെ കൊച്ച്. 2021 നവംബർ മൂന്നിന് ഇടുക്കി, കട്ടപ്പന ഗവ. കോളേജിൽ വെച്ച് നടന്ന ഒരു പുസ്തകപ്രകാശനച്ചടങ്ങിലാണ് അവസാനമായി കണ്ടത്. കോവിഡ് നിയന്ത്രണങ്ങളുടെ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ, മാസ്കിൻ്റെ സുരക്ഷിതത്വത്തിൽ നടന്നൊരു പരിപാടിയായിരുന്നു അത്. കട്ടപ്പന ഗവ. കോളേജ് അധ്യാപിക ഡോ. രജനി വി.എൻ. എഡിറ്റുചെയ്ത് ഞങ്ങളുടെ പ്രസാധകക്കൂട്ടായ്മയായ 'ഒറ്റാൽ' പ്രസിദ്ധീകരിച്ച 'ആത്മം - ആഖ്യാനം: ആത്മകഥകളുടെ ചരിത്രസഞ്ചാരവും വായനാജീവിതവും' എന്ന പുസ്തകം ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും കോട്ടയത്തുനിന്ന് അവിടെയെത്തി അദ്ദേഹം പ്രകാശനം ചെയ്തു. ഭാഷാവാരാചരണവുമായി ബന്ധപ്പെട്ട് മലയാളത്തെക്കുറിച്ചും, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപവത്കരണ ചരിത്രത്തെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. മാത്രമല്ല കോവിഡ് കാലത്തെ അതിജീവനശ്രമമെന്ന നിലയിൽ ഞങ്ങൾ സുഹൃത്തുക്കൾ ആരംഭിച്ച പുസ്തകപ്രസാധന ശ്രമത്തെക്കുറിച്ച് എന്നോടും ഒപ്പമുണ്ടായിരുന്ന ഡോ. സൗമിത് സഹദേവനോടും 'സീഡിയൻ' വാരികയുടെ പത്രാധിപരായിരുന്ന കാലത്തെ ഓർത്തുകൊണ്ട് ദീർഘമായി ആവേശത്തോടെ സംസാരിച്ചതും ഒന്നിച്ച് വേദി പങ്കിട്ട്, ഭക്ഷണം കഴിച്ച് പിരിഞ്ഞതും ജീവിതത്തിലെ വലിയൊരു സ്നേഹസന്ദർഭമായിരുന്നു. അസുഖബാധിതനായപ്പോഴും സമൂഹവികസനത്തെയും മൂലധനത്തെയും പരിസ്ഥിതിയെയും കുറിച്ച് സാമൂഹികമാധ്യമങ്ങളിലെഴുതിയ കുറിപ്പുകളിലൂടെ ആ സംവാദങ്ങൾക്കും സംഭാഷണങ്ങൾക്കും യോജിച്ചും വിയോജിച്ചും തുടർച്ചയുണ്ടാക്കാനും വ്യക്തിപരമായി ശ്രമിച്ചിരുന്നു. ചരിത്രത്തെ അഗാധമാക്കിയ, കേരളത്തെ ജീവിക്കാൻ കൊള്ളാവുന്ന ഒരിടമാക്കിമാറ്റുന്നതിൽ സവിശേഷമായി ഇടപെട്ട ആ വലിയ മനുഷ്യൻ്റെ ഓർമ്മകൾക്കുമുന്നിൽ ആദരമർപ്പിക്കുന്നു.
മാധ്യമപ്രവർത്തകനും ഗവേഷകനുമാണ് ലേഖകൻ.