
കൊല്‍ക്കത്ത: ഒരു ബലാത്സംഗ കൊലപാതകം കൂടി മറവിയില്‍ മറയുമോ ?
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (NCRB) 2022 കണക്ക് പ്രകാരം, ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി മൂന്നു വര്‍ഷത്തോളം ഒന്നാം സ്ഥാന പദവി അലങ്കരിക്കുന്ന നഗരമാണ് വെസ്റ്റ് ബംഗാളിലെ കൊല്‍ക്കത്ത. ഇതേ കൊല്‍ക്കത്തയില്‍ തന്നെയാണ് ആഗസ്റ്റ് ഒന്‍പതാം തിയ്യതി, നിര്‍ഭയ കൊലയ്ക്കു ശേഷം ഇന്ത്യ കാണുന്ന ഏറ്റവും കൊടിയ ക്രൂര ബലാത്സംഗ-കൊലപാതകം അരങ്ങേറുന്നത്. മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ട ഡ്യൂട്ടിക്കു ശേഷം ഹോസ്പിറ്റല്‍ സെമിനാര്‍ റൂമില്‍ വിശ്രമിക്കാന്‍ പോയ, ആര്‍.ജി കാര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറും പിജി ട്രെയിനിയുമായ മുപ്പത്തിയൊന്നു വയസ്സുകാരിയുടെ ഈ ദാരുണ മരണം ഇന്ത്യയിലൊട്ടാകെ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യാത്മകത എന്തെന്നാല്‍ ഓരോ മനുഷ്യന്റെയും ജീവന്‍ സംരക്ഷിക്കുന്ന ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതത്വത്തോട് കൂടി ഇന്ന് ഇന്ത്യയില്‍ ഈ ജോലി ചെയ്യാന്‍ കഴിയുന്നില്ല എന്നത് തന്നെയാണ്.
തുടക്കത്തില്‍ ആത്മഹത്യയെന്ന് കോളേജ് പ്രിന്‍സിപ്പലായ സന്ദീപ് ഗോഷ് അവകാശപ്പെട്ടെങ്കിലും, തെളിവുകള്‍ മുഴുവന്‍ നയിച്ചത്, സഞ്ജയ് റോയ് എന്ന സിവിക് വളണ്ടിയറുടെ ( ഹോസ്പിറ്റലിന്റെ സംരക്ഷണത്തിനായി, പോലീസിനെ സഹായിക്കാനുള്ള വ്യക്തി) പൈശാചികമായ പീഡനത്തിലേക്കും കൊലപാതകത്തിലേക്കുമാണ്. 36 മണിക്കൂര്‍ നീണ്ട ഡ്യൂട്ടിക്ക് ശേഷം സഹപ്രവര്‍ത്തകരുമൊത്ത് ഭക്ഷണം കഴിച്ച് അല്‍പനേരം വിശ്രമിക്കാന്‍ വേണ്ടി സെമിനാര്‍ ഹോളിലേക്ക് പോയ ഡോക്ടറെ, മദ്യപിച്ചെത്തിയ സഞ്ജയ് റോയ് പീഡനത്തിനിരയാക്കി കൊല ചെയ്തു എന്ന നിഗമനത്തിലാണ് നിലവില്‍ പോലീസ് എത്തിനില്‍ക്കുന്നത്. ചോദ്യം ചെയ്യലുകളില്‍ സഞ്ജയ് റോയ്, താന്‍ തന്നെയാണ് കൊലപാതകിയെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശരീരത്തിലും ആന്തരാവയവങ്ങളിലുമുണ്ടായ മുറിവുകളും, രക്തസ്രാവവും, ഡോക്ടറുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയെന്ന് പറയുന്ന 151 ഗ്രാം ബീജ സാന്നിധ്യവും ഒന്നിലധികം പേര്‍ ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാണ് എന്ന് സംശയിപ്പിക്കുന്നതാണ്. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഗവ. ഡോക്ടേഴ്‌സ് അഡീഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സുബര്‍ണ ഗോസ്വാമിയും പ്രസ്താവിക്കുന്നത് ഇതേ കാര്യം തന്നെയാണ്. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നാണ് മറുവശത്തെ പോലീസ് പ്രസ്താവന.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഈ നിഷ്‌ക്രിയ കൊലപാതകത്തിനെതിരെ രാജ്യത്തെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരായിട്ടുള്ളവരും അല്ലാത്തവരും തെരുവിലിറങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓഗസ്റ്റ് 16 ന്, 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. 'ഞങ്ങള്‍ക്ക് സുരക്ഷ ഇല്ലെങ്കില്‍ ഞങ്ങള്‍ ജോലി ചെയ്യില്ല' എന്നാണ് ആരോഗ്യപ്രവര്‍ത്തകരുയര്‍ത്തുന്ന മുദ്രാവാക്യം.
ഈ കേസില്‍ ഉന്നത ഇടപെടലുകളും പിടിപാടും ഉണ്ടെന്നുള്ളത് നിസ്സംശയം പറയാവുന്നതാണ്. അതിന് ഒന്നാമത്തെ തെളിവാണ് സന്ദീപ് ഗോഷ്. പ്രിന്‍സിപ്പലായ സന്ദീപ് ഗോഷ് പുറത്ത് എത്തിക്കാന്‍ ശ്രമിച്ചിരുന്ന വാര്‍ത്ത, ഡോക്ടര്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു. കൊലപാതകമാണെന്ന് തെളിഞ്ഞതോടുകൂടി ഒരു മണിക്കൂറിനകം ഇയാള്‍ ഈ ഹോസ്പിറ്റലില്‍ നിന്ന് രാജിവെക്കുകയും, അടുത്ത എട്ടു മണിക്കൂറിനുള്ളില്‍ തന്നെ മറ്റൊരു ഉന്നത ജോലി ഇയാള്‍ക്ക് ലഭിക്കുകയും ചെയ്തു. ഈ കാരണം കൊണ്ട് തന്നെ ഇയാള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുള്ളത് തള്ളിക്കളയാനാവാത്ത സാധ്യതയാണ്. ഇതിനു മുന്‍പും ഇയാള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. കൊണ്ടുവരുന്ന ശവശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് മുന്‍പ് ബന്ധുക്കളുടെ സമ്മതപ്രകാരമല്ലാതെ പ്രാക്ടിക്കല്‍ ക്ലാസുകളിലേക്ക് കൊടുക്കാറുണ്ടെന്നായിരുന്നു പരാതി. ഈ പരാതികള്‍ക്ക് മേലെയാണ് ഇദ്ദേഹത്തിന്റെ പിടിപാടുകള്‍ എന്നുള്ളതുകൊണ്ട് തന്നെ ഒരു നടപടിക്രമങ്ങളും ഇയാള്‍ക്കെതിരെ എടുക്കപ്പെട്ടിട്ടില്ല. ഈ കേസിലും അതുതന്നെയാണ് സംഭവിച്ചത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ അയാള്‍ ആ സ്ഥാനം രാജിവെച്ചു.
DOCTOR'S PROTEST | PHOTO : WIKI COMMONS
അടുത്ത ഉന്നത പിടിപാടിന്റെ അല്ലെങ്കില്‍ സംരക്ഷണത്തിന്റെ തെളിവാണ് സഞ്ജയ് റോയ്. ഇയാള്‍ കസ്റ്റഡിയിലായിട്ടുപോലും വേണ്ടുന്ന നടപടിക്രമങ്ങള്‍ ഇതുവരെ എടുത്തിട്ടില്ല. ഇതിന് മുന്നേയും അയാള്‍ക്കെതിരെ അനവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ്, ഇതേ ആശുപത്രിയിലെ ഒരു സ്ത്രീ ഡോക്ടര്‍, മോശമായ പെരുമാറ്റത്തിന് ഇയാള്‍ക്കെതിരെ കേസ് കൊടുത്തെങ്കിലും നടപടികള്‍ ഒന്നും തന്നെ എടുക്കപ്പെട്ടിട്ടില്ല. ഹോസ്പിറ്റലിന് പുറത്ത്, തികച്ചും സമാധാനപരമായി നയിക്കപ്പെട്ട പ്രതിഷേധ സമരത്തിനിടയിലേക്ക് ഒരു കൂട്ടം അക്രമകാരികള്‍ വരുകയും, ഇയാള്‍ക്കും മറ്റു കുറ്റവാളികള്‍ക്കുമെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കാനായി സെമിനാര്‍ ഹോളും ഹോസ്പിറ്റലിന്റെ വിവിധ ഭാഗങ്ങളും അടിച്ചുതകര്‍ത്തു. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് ഈ കേസും ഒരുപക്ഷെ ഒതുക്കപ്പെടുമെന്നതിലേക്കാണ്. അല്ലെങ്കില്‍ നിരപരാധികളായ ചിലരെ പ്രതിക്കൂട്ടിലാക്കുന്നതിലേക്ക്.
ഒരുപാട് രാഷ്ട്രീയ വിമര്‍ശനങ്ങളും, തര്‍ക്കങ്ങളും ഈ ഘട്ടത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ഈ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍, താന്‍ സര്‍ക്കാര്‍ ആയിട്ടുള്ള നാട്ടിലെ ആളുകള്‍ സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞ് സ്വയമേ തെരുവില്‍ സമരം ചെയ്യുന്ന മമതയുടെ കാപട്യവും തികച്ചും വൈരുദ്ധ്യാത്മകമാണ്. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ കൊണ്ടാണ് കൊലപാതകം നടന്ന് 10 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികള്‍ പിടിക്കപ്പെടാത്തതും, മാത്രമല്ല സംരക്ഷിക്കപ്പെടുന്നതും. ഈ കേസില്‍ നിര്‍ഭയയുടെ അമ്മ പ്രതികരിച്ചത് ഇങ്ങനെയാണ് 'മമത സര്‍ക്കാരിന് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യാനായിട്ടില്ലെങ്കില്‍, രാജിവെക്കുകയായിരിക്കും നല്ലത്'.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
കേരളത്തില്‍ ഡ്യൂട്ടിക്കിടെ ഒരു ഡോക്ടറെ, കുത്തികൊലപ്പെടുത്തിയിട്ട് അധികനാളുകളായിട്ടില്ല. ഇത്തരത്തിലുള്ള പല പ്രവര്‍ത്തികളും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. അത്തരമൊരു സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക നിയമഭേദഗതി കൊണ്ടുവരുകയും അത് നടപ്പിലാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ സുരക്ഷിതത്വം നല്‍കാന്‍ നിയമ സംവിധാനത്തിനും സര്‍ക്കാരിനും കഴിയുന്നില്ലെങ്കില്‍, അത് ആ രാജ്യത്തിന്റെ തന്നെ ഏറ്റവും വലിയ പരാജയമാണ്. കാരണം ആരോഗ്യപ്രവര്‍ത്തകരില്ലെങ്കില്‍, അവരുടെ സേവനമില്ലെങ്കില്‍ അനേകം ജീവനുകള്‍ നഷ്ടപ്പെടുത്തേണ്ടിവരും.
ഈ 31 വയസ്സുകാരിയുടെ ക്രൂര കൊലപാതകവും ചിലപ്പോള്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ വിസ്മരിക്കപ്പെട്ടേക്കാം. അതുതന്നെയാണ് കാലാകാലങ്ങളായി ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും. നിര്‍ഭയ കൊലയ്ക്ക് ശേഷം സ്ത്രീ സംരക്ഷണത്തിന് വേണ്ടി നിരവധി നിയമഭേദഗതികള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ ഭൂരിഭാഗവും നടപ്പിലാക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും തെരുവിലെ സമരങ്ങള്‍ പ്രതീക്ഷയുടെ സൂചകങ്ങള്‍ തന്നെയാണ്. മാത്രമല്ല സുപ്രീം കോടതി ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുന്നതും (Suo motu cognizance) ഇതിന്റെ പുരോഗതിയായി നമുക്ക് കണക്കാക്കാം.
'നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കൂ' എന്നതിന് പകരം 'നിങ്ങളുടെ മകനെ ഉപദേശിക്കൂ' എന്നുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു തന്നെ കേള്‍ക്കട്ടെ.


