
കൊല്ലം സമ്മേളനം നവകേരള വികസനത്തിന്റെ ദിശാസൂചിക
സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന കൊല്ലം സമ്മേളനം കോർപ്പറേറ്റ് ഹിന്ദുത്വവാഴ്ച ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരായ പ്രതിരോധത്തിന്റെ കർമ്മപദ്ധതികളും കേരള വികസനത്തിന്റെ ഭാവി പരിപാടികളുമാണ് ചർച്ചചെയ്ത് അംഗീകരിച്ചത്. ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉൾപ്പാർട്ടി ഘടനയെയും സമ്മേളനപ്രക്രിയയെയും സംബന്ധിച്ച അജ്ഞതയിൽ നിന്നാണ് കൊല്ലം സമ്മേളനത്തിന്റെ തീരുമാനങ്ങളെ മാധ്യമങ്ങൾ വിവാദങ്ങളാക്കി മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നവലിബറൽപരിഷ്‌കാരങ്ങൾ തീവ്രഗതിയിലാക്കി സമ്പദ്ഘടനയെയും ജനജീവിതത്തെയും തകർത്തുകൊണ്ടിരിക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരായ കേരളത്തിന്റെ ക്ഷേമോന്മുഖവും വികസനോന്മുഖവുമായ ബദലിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നും കേരളം നേടിയ സാമൂഹിക പുരോഗതിയെയും നേട്ടങ്ങളെയും എങ്ങനെ സംരക്ഷിക്കാമെന്നുമുള്ള ആലോചനകളിൽ നിന്നാണ് സിപിഎം സമ്മേളനം നവകേരളവികസനത്തിനായിട്ടുള്ള പുതുവഴികളെന്ന രേഖ അംഗീകരിച്ചിട്ടുള്ളത്. അത് അതിന്റെ വിശദാംശങ്ങളിലും സൂക്ഷ്മതകളിലും ചർച്ചചെയ്യപ്പെടണമെന്നുതന്നെയാണെന്നാണ് പാർട്ടി കാണുന്നത്.
നരസിംഹറാവു സർക്കാർ 1990കളിൽ തുടക്കംകുറിച്ച ആഗോളവൽക്കരണ നയങ്ങളുടെ തുടർച്ചയിൽ കേരള വികസന മാതൃകയെ തകർക്കുന്ന നയങ്ങൾ അടിച്ചേൽപ്പിച്ച അന്നത്തെ യുഡിഎഫ് സർക്കാരിനെ പിന്തുണച്ചവരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ പത്രങ്ങൾ. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ നിന്നും കുടിവെള്ള, വൈദ്യുതി വിതരണരംഗത്തുനിന്നുമൊക്കെ സർക്കാർ പിൻമാറണമെന്നും ഐ എം എഫ്, ലോകബാങ്ക് നിർദ്ദേശങ്ങൾക്കനുസൃതമായ രീതിയിൽ ചെലവ് വസൂലാക്കൽ സ്‌കീമുകൾ അടിച്ചേൽപ്പിച്ച യുഡിഎഫ് സർക്കാരിന്റെ ഘടനാപരമായ പരിഷ്‌ക്കാരങ്ങൾ ന്യായീകരിക്കുകയാണ് അക്കാലത്ത് മാധ്യമങ്ങൾ ചെയ്തത്. സർക്കാർ ആശുപത്രികളിൽ അടിമുടി ചികിത്സാഫീസുകൾ ചുമത്താനും സൂപ്പർ സ്‌പെഷ്യാലിറ്റി യൂണിറ്റുകൾ ഹോളിഡേ ഗ്രൂപ്പ് പോലുള്ള കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറാനുമാണ് യു ഡി എഫ് സർക്കാർ ശ്രമിച്ചത്.
അന്നത്തെ ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായിരുന്ന ഡോ വി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭവകാര്യ കമ്മീഷൻ സമസ്ത മേഖലകളിലും ഫീസ് ഈടാക്കാനും ജനങ്ങളിൽ നിന്ന് ചെലവ് വസൂലാക്കാനുമുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. വിദ്യാഭ്യാസ ആരോഗ്യമേഖലകളുൾപ്പെടെയുള്ള സേവനമേഖലകളിൽ നിന്നും സർക്കാർ പിന്മാറുന്ന നിർദ്ദേശങ്ങളാണ് വിഭവകാര്യകമ്മീഷൻ മുന്നോട്ടുവെച്ചതും അന്നത്തെ കരുണാകരൻ സർക്കാർ തങ്ങളുടെ നയമാക്കി അടിച്ചേൽപ്പിച്ചതും. അതിനെയൊക്കെ ജനകീയസമരങ്ങളിലൂടെ പ്രതിരോധിച്ചും അധികാരത്തിൽ വന്ന ഘട്ടങ്ങളിൽ ക്ഷേമപദ്ധതികൾ വിപുലപ്പെടുത്തിയും സേവനമേഖലകളിലെ സർക്കാർ ഇടപെടൽ ശക്തിപ്പെടുത്തിയുമാണ് ഇടതുപക്ഷം വിഖ്യാതമായ കേരളമാതൃകയെ സംരക്ഷിച്ചത്. റവന്യുവരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെൻഷനും ചെലവാക്കേണ്ടിവരുന്നതുകൊണ്ട് അടിസ്ഥാനസൗകര്യം ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപത്തിന് പണമില്ല എന്ന പരാതിയെ ബജറ്റിനു പുറത്ത് വിഭവസമാഹരണത്തിനുള്ള ഭാവനാപൂർണമായ കിഫ്ബി ആവിഷ്‌ക്കരിച്ചുകൊണ്ടാണ് കേരളം മറികടന്നത്.സിപിഎം സംസ്ഥാന സമ്മേളനം കൊല്ലം | PHOTO: WIKI COMMONS
ഇന്നിപ്പോൾ റോഡ് നിർമ്മാണം തൊട്ട് സ്‌കൂളുകളുടെയും ആശുപത്രികളുടെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞത് കിഫ്ബി ഫണ്ട് വഴിയാണ്. 87,000-ൽ പരം കോടിയുടെ നിക്ഷേപങ്ങളാണ് അടിസ്ഥാന സൗകര്യരംഗത്ത് കേരളം കിഫ്ബി വഴി മുടക്കിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തോളമെത്തുന്ന നിഷേധാത്മകമായ നിലപാടാണ് കേരളത്തിന്റെ വികസനനേട്ടങ്ങളെയും ക്ഷേമപദ്ധതികളെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമായിരിക്കുന്നത്. മോഡി സർക്കാർ ആർ എസ് എസ് അജണ്ടയിൽ നിന്ന് ഇന്ത്യയിലെ ഫെഡറലിസത്തെ തകർക്കുന്ന നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ 280-ാം അനുച്ഛേദമനുസരിച്ച് രൂപംകൊണ്ട ധനകാര്യകമ്മീഷനെവരെ തെറ്റായ രീതിയിൽ സ്വാധീനിച്ച് സംസ്ഥാന ധനവിഹിതം വെട്ടിക്കുറയ്ക്കുന്ന ഗൂഢാലോചനാപരമായ നീക്കങ്ങളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
15-ാം ധനകാര്യ കമ്മീഷൻ പ്രകാരം റവന്യു വരുമാനത്തിന്റെ 62.3% ഉം കേന്ദ്രമെടുക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത് വെറും 37.7% മാത്രമാണ്. അതേസമയം റവന്യൂ ചെലവിന്റെ 62.50% ഉം സംസ്ഥാനങ്ങളാണ് വഹിക്കേണ്ടിവരുന്നത്. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം പൊതുവെ കുറയ്ക്കുന്ന കേന്ദ്രസർക്കാർ കേരളത്തിന് വൻതോതിൽ കുറവ് വരുത്തുന്നുവെന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. 10-ാം ധനകാര്യ കമ്മീഷൻ കാലത്ത് കേരളത്തിന് നികുതി വരുമാനത്തിന്റെ 3.75% കിട്ടിയ സ്ഥാനത്ത് 15-ാം ധനകാര്യ കമ്മീഷൻ വിഹിതം 1.95% ആയി കുറഞ്ഞു. അതേസമയം നികുതിവിഹിതം യു.പിക്ക് 17.94% ഉം, ബീഹാറിന് 10.06% ഉം, മധ്യപ്രദേശിന് 7.85% ഉം ലഭിക്കുന്നു. എത്ര കടുത്ത ശത്രുതയാണ് കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്നത് എന്നതിന്റെ ക്രൂരമായ ഉദാഹരണമാണ് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന് എല്ലാവിധ സഹായങ്ങളും നിഷേധിച്ചതിലൂടെ നാം കണ്ടത്. 2025-26 ബജറ്റിൽ സംസ്ഥാനങ്ങൾക്ക് 25 ലക്ഷം കോടിയാണ് നീക്കിവെച്ചത്. അങ്ങനെ വരുമ്പോൾ കേരളത്തിന് 75,000 കോടിയെങ്കിലും ലഭിക്കാൻ അർഹതയുണ്ടായിരുന്നു. കേരളത്തിന് ലഭിച്ചത് വെറും 15,000 കോടി മാത്രമാണ്. ന്യായമായും കേരളത്തിന് ലഭിക്കേണ്ട ധനവിഹിതം കഴിഞ്ഞ നാലു വർഷത്തിനുള്ള രണ്ട് ലക്ഷം കോടിയാണ് കേരളത്തിന് ലഭിക്കാതെപോയത്.
ഈയൊരു സാഹചര്യത്തിലാണ് കേരളവികസനത്തെ മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ ആഭ്യന്തര വിഭവസമാഹരണത്തിന്റെ അടിയന്തിരത്വം സംസ്ഥാനത്തിനുമുമ്പിൽ ഒരു വെല്ലുവിളിയായിതന്നെ ഉയർന്നുവന്നിരിക്കുന്നത്. ഇന്ത്യക്കാകെ മാതൃകയായ കേരളത്തിന്റെ വികസനത്തെയും ക്ഷേമഘടനയെയും മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടൽ അനിവാര്യമാക്കുന്ന സാഹചര്യത്തിലാണ് സിപിഎം നവകേരള വികസനത്തിനായുള്ള പുതുവഴികളെ സംബന്ധിച്ച രേഖ അംഗീകരിച്ചിരിക്കുന്നത്.പ്രകാശ് കാരാട്ട് സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു | PHOTO: WIKI COMMONS
സിപിഎമ്മിനെതിരായ മാധ്യമ പ്രചരണങ്ങളുടെ പരിശോധനയിലേക്ക് തന്നെ വരാം. സമ്മേളനത്തിനുശേഷം മാധ്യമങ്ങൾ സംസ്ഥാനകമ്മറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും പലരെയും ഉൾക്കൊള്ളിക്കാത്തതിലുള്ള അതൃപ്തി പുകയുകയാണെന്ന രീതിയിലുള്ള വാർത്തകൾ പടച്ചുണ്ടാക്കുന്നതിൽ പരസ്പരം മത്സരിക്കുകയായിരുന്നു. സിപി എം പോലൊരു പാർട്ടിയുടെ ഓരോ ഘടകത്തിലുമുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യ കേന്ദ്രീകരണതത്വമനുസരിച്ചാണ്. വർഗബഹുജനസംഘടനകളാൽ പൊതിയപ്പെട്ട ജനങ്ങളുടെയാകെ മുന്നണിപ്പടയെന്ന നിലയ്ക്കാണ് കമ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ശരിയായ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകരണത്തിലാണ് ജനാധിപത്യപരമായ സംഘടനാ കേന്ദ്രീകരണതത്വങ്ങളനുസരിച്ച് പാർട്ടി പ്രവർത്തിക്കുന്നത്. ഇക്കാര്യങ്ങളെയെല്ലാം കുറിച്ചുള്ള അജ്ഞതയിലും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയിലുമാണ് മാധ്യമങ്ങൾ സിപിഎമ്മിനെതിരായ വിവാദങ്ങൾ കൊഴുപ്പിച്ച് നിർത്തുന്നത്.
ആഗോളഫൈനാൻസ് മൂലധന അധിനിവേശത്തിന്റെയും ഹിന്ദുത്വവർഗീയത ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയുടെയും പശ്ചാത്തലത്തിൽ അതിനെതിരായ പ്രതിരോധത്തിന്റെയും ജനകീയ ബദലിന്റെയും രാഷ്ട്രീയമാണ് സൂക്ഷ്മതലത്തിൽതന്നെ സമ്മേളനം ചർച്ചചെയ്തത്. സാർവദേശീയതലത്തിൽ യു എസ് സാമ്രാജ്യത്വശക്തികളും സയണിസ്റ്റുകളും സാമ്രാജ്യത്വപിന്തുണയോടെ മതവംശീയഭീകരസംഘങ്ങളും നടത്തുന്ന യുദ്ധങ്ങൾക്കും വംശഹത്യാനീക്കങ്ങൾക്കുമെതിരായ ക്യാമ്പയിനുകളുയർത്തിക്കൊണ്ടുവരാനാണ് സമ്മേളനം ആഹ്വാനം ചെയ്തത്. ട്രംപിന്റെ അധികാരാരോഹണത്തോടെ ഐക്യരാഷ്ട്രസഭയുടെയും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കും അവയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങൾക്കുംനേരെ ബലപ്രയോഗം നടത്തുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള പരസ്യമായ ഭീഷണിയാണ് ട്രംപും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തെ യുദ്ധങ്ങളിലേക്കും കൂട്ടക്കൊലകളിലേക്കും തള്ളിവിടുന്ന സാമ്രാജ്യത്വ നീക്കങ്ങൾക്കെതിരായി പോരാടുന്ന പലസ്തീൻ തൊട്ടുള്ള എല്ലാ ജനസമൂഹങ്ങളോടുമുള്ള ഐക്യദാർഢ്യ പ്രഖ്യാപനമാണ് സമ്മേളനത്തിലുണ്ടായത്.
കോർപ്പറേറ്റ് ഹിന്ദുത്വവർഗീയ കൂട്ടുകെട്ടിനെതിരായ വിശാല മതനിരപേക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിനെയും അതിന് നേതൃത്വമാകാൻ കഴിയുന്നതരത്തിൽ ഇടതുപക്ഷസംഘടനകളുടെ ഐക്യം ദൃഢീകരിക്കുന്നതിനെയും അതിന് മുൻകൈയെടുക്കാൻ കഴിയുന്ന തരത്തിൽ പാർട്ടിയുടെ സ്വതന്ത്രശക്തി വികസിപ്പിക്കുന്നതിനെയുമൊക്കെ സംബന്ധിച്ച ആഴമേറിയ ചർച്ചകളാണ് സമ്മേളനപ്രതിനിധികൾ നടത്തിയത്. കേരളമാതൃകയോടും കേരളത്തിലെ ജനങ്ങളോടും കേന്ദ്രസർക്കാർ കാണിക്കുന്ന അങ്ങേയറ്റം നിഷേധാത്മകവും ശത്രുതാപരവുമായ സമീപനത്തിനെതിരായ ചെറുത്തുനിൽപ്പിന് ജനങ്ങളെയാകെ സജ്ജീകരിക്കാനുള്ള നിർദ്ദേശങ്ങളും തീരുമാനങ്ങളും സമ്മേളനത്തിൽ ഉയർന്നുവന്നു. കേരളത്തിന് അർഹതപ്പെട്ടതെല്ലാം നിഷേധിച്ച് കേരളമാതൃകയെ തകർക്കാനുള്ള മോഡി സർക്കാരിന്റെ ഫെഡറൽതത്വങ്ങൾക്കെതിരായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള വിഭവസമാഹരണത്തിന്റെ വഴികളെയും ക്ഷേമവികസനപ്രവർത്തനങ്ങളുടെ വിപുലനത്തെയും സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങളാണ് സമ്മേളനം അംഗീകരിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികളെന്ന രേഖ മുന്നോട്ടുവെച്ചിരിക്കുന്നത്.REPRESENTATIVE IMAGE | WIKI COMMONS
സിപിഎമ്മിനെ സംഘടനാതലത്തിൽ രാഷ്ട്രീയവൽക്കരിക്കേണ്ടതിന്റെയും, കോർപ്പറേറ്റ് ഹിന്ദുത്വവർഗീയശക്തികൾക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് പ്രത്യയശാസ്ത്രപരമായിതന്നെ സജ്ജമാക്കേണ്ടതിനെയും കുറിച്ച് സമ്മേളനമെടുത്ത തീരുമാനങ്ങളെക്കൂടി സൂചിപ്പിച്ചുപോകേണ്ടതുണ്ട്. സംഘടനാ റിപ്പോർട്ടിന്റെ ചർച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് സംസ്ഥാന സെക്രട്ടറി അസന്ദിഗ്ധമായ ഭാഷയിൽ കമ്യൂണിസ്റ്റ് മൂല്യങ്ങളിലധിഷ്ഠിതമായി സംഘടനയെയാകെ മാറ്റേണ്ടതിന്റെയും കെട്ടിപ്പടുക്കേണ്ടതിന്റെയും, അതിന് വിരുദ്ധമായ എല്ലാ തെറ്റായ പ്രവണതകളെയും ചെറുത്ത് തോൽപ്പിക്കേണ്ടതിന്റെയും അടിയന്തിര അവശ്യകതയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാനകമ്മറ്റി മുന്നോട്ടുവെച്ച പാർട്ടിയും ഭരണവുമെന്ന രേഖ തുടർഭരണത്തിന്റെ പശ്ചാത്തലത്തിൽ പണം സമ്പാദനമുൾപ്പെടെ കമ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് നിരക്കാത്ത പല പ്രവണതകളും അംഗങ്ങൾക്കിടയിൽ കടന്നുവരാനുള്ള സാധ്യതയെ കണ്ടുകൊണ്ടുതന്നെ അതിനെ പ്രതിരോധിക്കേണ്ടതുണ്ട് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുതകുന്നതരത്തിലുള്ള രാഷ്ട്രീയ വിദ്യാഭ്യാസം അംഗങ്ങൾക്കാകെ നൽകേണ്ടതുണ്ട്.
ഭൂപരിഷ്‌ക്കരണത്തിലൂടെ ജന്മിത്വം അവസാനിപ്പിച്ച് ആധുനിക മുതലാളിത്ത ലോകത്തേക്ക് കേരളം പ്രവേശിച്ചു. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആധുനിക മനുഷ്യരായി ജീവിക്കാനാവശ്യമായ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. പക്ഷെ കേരളത്തിന്റെ ക്ഷേമപദ്ധതികളും ജനകീയവികസനവുമെല്ലാം ആഗോളവൽക്കരണനയങ്ങൾ അടിച്ചേൽപ്പിക്കുന്നതിലൂടെ പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടു. കടുത്ത കമ്പോള നയങ്ങളും ഘടനാപരിഷ്‌കാരങ്ങളും കേരള മാതൃകയെ മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥ സൃഷ്ടിക്കുകയും ലോകബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കേരള മാതൃക ഇനിമേൽ ബാധകമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു (1992-ലെ ലോകബാങ്ക് ചെയർമാൻ ന്യൂയോർക്കിൽ നടത്തിയ പത്രസമ്മേളനം). ഈയൊരു സാഹചര്യത്തെ, കേരള മാതൃക നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനാണ് എകെ ജി പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരള പഠനകോൺഗ്രസ് അധികാരവികേന്ദ്രീകരണം ഉൾപ്പെടെയുള്ള നടപടികളുടെ പ്രാധാന്യം മുന്നോട്ടുവെച്ചത്. ഉൽപാദനം വർദ്ധിപ്പിച്ച് അത് നീതിപൂർവ്വം വിതരണം ചെയ്ത് എല്ലാവിഭാഗം ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന കാഴ്ചപ്പാടാണ് നവകേരള നിർമ്മിതിയുടെ അടിസ്ഥാനമായി വർത്തിക്കുന്നത്.
ജന്മിത്വം അവസാനിച്ച സമൂഹത്തിൽ മുതലാളിത്ത വ്യവസായവികസനം ഉൾപ്പെടെ കേരളീയ സമൂഹത്തിലെ ആധുനിക ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ കാഴ്ചപ്പാടുകളും സമീപനങ്ങളുമാണ് കേരള വികസനത്തിനായുള്ള രേഖ ചർച്ചചെയ്യുന്നത്. രേഖയുടെ വിശദാംശങ്ങളിലേക്ക് പലരും എഴുതിയതുകൊണ്ട് കടക്കുന്നില്ല. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കണമെങ്കിൽ നമ്മുക്ക് ആഭ്യന്തരവരുമാന സാധ്യത വികസിപ്പിച്ചുകൊണ്ടേ കഴിയൂ. ഇതിന് സഹകരണപ്രസ്ഥാനവും തദ്ദേശഭരണ സ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിക്കുകയും പദ്ധതികളാവിഷ്‌ക്കരിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് രേഖ പറയുന്നത്. കേരളത്തിലെ സഹകരണമേഖലയിൽ 2.5 ലക്ഷം കോടിയുടെ നിക്ഷേപമാണുള്ളത്.REPRESENTATIVE IMAGE | WIKI COMMONS
അതേപോലെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ വികസനത്തിനായുള്ള മൂലധന നിക്ഷേപം കണ്ടെത്തുന്നതിൽ പ്രധാന സ്രോതസ്സായി കണ്ടത് പ്രവാസികളെയാണ്. സമ്പന്നരായ പ്രവാസികളുടെ പണം നിക്ഷേപമായി സ്വീകരിക്കാനുള്ള പദ്ധതികളെയും സാധ്യതകളെയും കുറിച്ചാണ് രേഖ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് ഹാനികരമല്ലാത്ത നിക്ഷേപ സാധ്യതകളെയും വിഭവസമാഹരണസാധ്യതകളെയും കുറിച്ചാണ് രേഖ അവതരിപ്പിച്ചുകൊണ്ടും ചർച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. ജനങ്ങളുടെ കൈകളിലുള്ള പണം പലമേഖലകളിലും നിക്ഷേപമായി സ്വീകരിക്കാനുള്ള ആകർഷകമായ പദ്ധതികളെക്കുറിച്ചാണ് രേഖയുമായി ബന്ധപ്പെട്ട് സമ്മേളനം ചർച്ചചെയ്തത്.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കാൻ കഴിയുന്ന രീതിയിൽ പാവങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ സമ്പന്നരിൽ നിന്നുള്ള അധികവരുമാനത്തിന്റെ സാധ്യതകളെക്കുറിച്ചാണ് രേഖ സൂചിപ്പിക്കുന്നത്. ഡാമിൽ നിന്ന് മണൽ വാരി വരുമാനമുണ്ടാക്കാനുള്ള സാധ്യതകളും കരിമണൽ മൂല്യവർദ്ധിത ഉൽപന്നങ്ങൾ വികസിപ്പിച്ചുകൊണ്ട് വരുമാനമുണ്ടാക്കാനുള്ള സാധ്യതകളും ടൂറിസം സാധ്യതകളുമൊക്കെ രേഖ അവതരണത്തിലും മറുപടിയിലും മുഖ്യമന്ത്രി വിശദമായിതന്നെ സൂചിപ്പിച്ചു.
ഉൽപ്പാദനശക്തികളെ വികസിപ്പിച്ചുകൊണ്ടേ ഉൽപ്പാദന ബന്ധങ്ങളുടെ സാമൂഹികവൽക്കരണം സാധ്യമാകൂവെന്നത് പ്രാഥമികമായൊരു മാർക്‌സിസ്റ്റ് പാഠമാണ്. കാർഷിക വ്യാവസായിക മേഖലയിലെ ഉൽപാദനവും ഉൽപാദനക്ഷമതയും വർദ്ധിപ്പിക്കുന്ന രീതിയിൽ ശാസ്ത്രജ്ഞാനങ്ങളെ സാങ്കേതിക വിദ്യകളായി ഉപയോഗിക്കാൻ നമുക്ക് കഴിയണം. ഇവിടെയാണ് വിജ്ഞാന സമ്പദ്ഘടനയെയും വിജ്ഞാനസമൂഹത്തെയുമെല്ലാം സംബന്ധിച്ച രേഖയുടെ കാഴ്ചപ്പാടുകൾ പ്രധാനമാകുന്നത്. അതിനായി സർവ്വകലാശാലതലത്തിലുള്ള പഠനനിലവാരവും ഗവേഷണകോഴ്‌സുകളു മൊക്കെ മെച്ചപ്പെടുത്തേണ്ടതുണ്ട്. 1956ലെ തൃശൂർ സമ്മേളനം മുതൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുള്ള വികസനകാഴ്ചപ്പാടിന്റെയും വിപ്ലവകരമായ സാമൂഹികമാറ്റത്തിന്റെയും പുരോഗതിയുടെയും അടിത്തറയിൽനിന്നുകൊണ്ടാണ് കൊല്ലം സമ്മേളനം അംഗീകരിച്ചിട്ടുള്ള നവകേരള വികസനത്തിനായുള്ള രേഖയും തയ്യാറാക്കിയിട്ടുള്ളത്.
സി പി എം നേതാവും കേളുവേട്ടൻ പഠനകേന്ദ്രം ഡയറക്ടറുമാണ് ലേഖകൻ.