TMJ
searchnav-menu
post-thumbnail

Outlook

കെ എസ് ചിത്ര, ദുര്‍ഗ കുമാരി പിന്നെ മഞ്ജുളയും

18 Jan 2024   |   7 min Read
ജയറാം ജനാര്‍ദ്ദനന്‍

യോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ക്ഷേത്രത്തില്‍ 2024 ജനുവരി 22- ന് പ്രതിഷ്ഠ കര്‍മ്മം നിര്‍വഹിക്കപ്പെടും എന്നാണ് പത്രവാര്‍ത്തകളില്‍ നിന്ന് മനസ്സിലാവുന്നത്. വളരെ രാഷ്ട്രീയ സ്വഭാവമുള്ള ചടങ്ങാണ് അന്ന് നടക്കാന്‍ പോകുന്നത് വളരെ വ്യക്തമായ കാര്യമാണ്. ഇന്ത്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ചരിത്രം നോക്കിയാല്‍ അത് വെറും ഭക്തിയുടെ മാത്രം വിഷയമായിരുന്നില്ല. ഒന്നുകില്‍ ആ രാജ്യം ഭരിക്കുന്ന ചക്രവര്‍ത്തിയുടെ ആരാധനമൂര്‍ത്തി /കുലദൈവം എന്ന രീതിയില്‍ ഉള്ള ക്ഷേത്ര നിര്‍മ്മാണങ്ങള്‍ ഒരു ഭാഗത്ത് നടന്നിരുന്നു. അത് ഒരു വിധത്തില്‍ രാജാവിന്റെ അധികാരത്തെ നിയമപരമാക്കി മാറ്റുകയാണ്. രാജാവും കുലദൈവവും തമ്മിലുള്ള അതിര്‍വരമ്പ് മാഞ്ഞുപോവുകയും രാജാവിന്റെ എല്ലാ തീരുമാനങ്ങളും ദൈവ നിശ്ചയമായി മാറുകയും ചെയ്യും. മോഡിയുടെ ഭരണത്തിന്‍ കീഴില്‍ സമാനമായ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. സാധാരണ ഗതിയില്‍ ഒരു സെക്യുലര്‍ ഭരണാധികാരി ചെയ്യാത്ത നിരവധി കാര്യങ്ങള്‍ പ്രധാനമന്ത്രി മോഡിയുടെ ഭരണകാലത്ത് സംഭവിക്കുന്നത് നാം കാണുകയുണ്ടായി. അത് വളരെ പ്രകടനപരമായി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന ക്ഷേത്ര സന്ദര്‍ശനങ്ങളില്‍ ഒതുങ്ങുന്നില്ല. അയോധ്യയിലെ ജനുവരി 22 ലെ ചടങ്ങില്‍ മത പുരോഹിതരോടൊപ്പം sanctum sanctorum ത്തില്‍ മോഡിയും യോഗി ആദിത്യനാഥും ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. ഇത് ജനാധിപത്യ രാഷ്ട്രീയ മര്യാദകളുടെയും രാഷ്ട്രീയ സദാചാരത്തിന്റെയും തികഞ്ഞ ലംഘനമാണ്. പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള സോഷ്യല്‍ മീഡിയയും റ്റി.വി ചാനലുകളും വഴിയുള്ളഉന്നത സ്ഥായിലുള്ള ഹിന്ദുത്വ ആശയപ്രചാരണത്തിന്റെ ഭാഗമായി അത്തരം പരിഗണനകള്‍ നമ്മുടെ പൊതുമണ്ഡലത്തില്‍ ഇല്ലാതായി കഴിഞ്ഞിട്ടുണ്ട്. അത്തരം രാഷ്ട്രീയ വൈകൃതങ്ങള്‍ നമ്മെ അല്പം പോലും വിഷമിപ്പിക്കാത്ത വിധത്തില്‍ മിക്കവാറും ആളുകളെ പരുവപ്പെടുത്തിക്കഴിഞ്ഞു. ഈയൊരു പ്രവണതയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കായിക താരങ്ങള്‍, മറ്റ് പൗര പ്രമുഖര്‍ എന്നിവരെ ക്ഷണിക്കുക എന്നതിലൂടെ നടന്നു കൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യര്‍ ഇപ്രകാരം ലഭിച്ച ക്ഷണത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് പരിശോധിക്കുന്നതിന് അര്‍ത്ഥമില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. അതേസമയം മലയാളികളുടെ കള്‍ച്ചറല്‍ ഐക്കണ്‍സ് ആയ ചില മനുഷ്യര്‍ ഈയൊരു ക്ഷണത്തോട് എങ്ങനെ പ്രതികരിച്ചു എന്നത് പരിശോധിക്കുന്നതില്‍ കാര്യമുണ്ട് എന്നാണ് തോന്നുന്നത്. ഒന്നാമതായി നമുക്ക് ലഭ്യമായതില്‍ ഏറ്റവും സെക്കുലര്‍ ആയ ഒരു ഐഡന്റിറ്റി എന്നത് മലയാളികള്‍ എന്നതായിരിക്കണം. ആ മലയാളി എന്ന സോഷ്യല്‍ സെല്ഫിനെ രൂപപ്പെടുത്തിയ പ്രക്രിയകള്‍ക്ക് അസ്വീകാര്യമായ കാര്യമാണ് കേരളത്തില്‍ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്ന മലയാളി പൗര പ്രമുഖര്‍ ചെയ്യുന്നത് എന്ന് ഞാന്‍ കരുതുന്നു. എന്റെ ശ്രദ്ധയില്‍ പെട്ടെടുത്തോളം മോഹന്‍ലാല്‍, ശോഭന, ദിലീപ്, ചിത്ര എന്നിവരൊക്കെയാണ് ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ട മലയാളികളില്‍ ചിലര്‍. നമുക്ക് കൗതുകകരമാകേണ്ട ഒരു കാര്യം ഈ മനുഷ്യര്‍ക്ക് ഒപ്പമോ അതിലധികമോ ആയ സാമൂഹിക ഉന്നതിയുള്ള എന്നാല്‍ ക്ഷണം കിട്ടാതെ പോയ ആളുകള്‍ ആരൊക്കെയാണ് എന്ന് അന്വേഷിക്കല്‍ കൂടെയാണ്. എന്തുകൊണ്ടാണവര്‍ ഒഴിവാക്കപ്പെട്ടത്? രൂപം കൊണ്ടു വരുന്ന ഹിന്ദു രാഷ്ട്രത്തിന് അവര്‍ സ്വീകാര്യര്‍ അല്ലാത്തത് കൊണ്ട് എന്നത് ഏറ്റവും പ്രസക്തമായ ഉത്തരം എന്ന് കരുതാം. എന്തായാലും മൂന്നരക്കോടി മലയാളികളെ പ്രതിനിധീകരിച്ച് അയോധ്യയില്‍ പോകാന്‍ തയ്യാറെടുക്കുന്ന, ആ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്തവരെപ്പറ്റി ചില പ്രാഥമിക അന്വേഷണങ്ങള്‍ നടത്തുന്നതില്‍ കുഴപ്പമില്ല എന്ന് കരുതുന്നു. നിരവധി തവണ ദേശീയ- സംസ്ഥാന തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയ ഗായിക കെ.എസ് ചിത്ര അയോധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു വീഡിയോ സന്ദേശം പുറത്തു വിട്ടിട്ടുണ്ട്. പലര്‍ക്കും വീട്ടില്‍ അക്ഷതവുമായി കേറിവരുന്ന ആളോട് മറുത്ത് പറയാനുള്ള വൈഷമ്യം പിന്നെയും മനസ്സിലാക്കാം. ആവശ്യമായ ഒരു സന്ദര്‍ഭത്തില്‍ നോ എന്നു പറയാനുള്ള സോഷ്യല്‍ സ്‌കില്‍ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. അതേസമയം ഒരു വീഡിയോ സന്ദേശം നിര്‍മ്മിക്കുമ്പോള്‍ അതിന്റെ പിന്നില്‍ ആലോചനയും തയ്യാറെടുപ്പും ഗുണ ദോഷ വിചാരത്തിനും ഒക്കെ സമയം ഉണ്ടല്ലോ. അതുകൊണ്ട് തന്നെ ചിത്രയെ പോലുള്ളവരില്‍ ചാര്‍ത്തിക്കൊടുക്കുന്ന നിഷ്‌കളങ്കത അത്ര സുതാര്യമല്ല എന്ന് കരുതേണ്ടിയിരിക്കുന്നു. കെ.എസ് ചിത്രയുടെ ഈ ആരോപിത നിഷ്‌കളങ്കത സൂചിപ്പിക്കുന്ന ഒരു കഥയില്‍ നിന്ന് തുടങ്ങാം. മുംബൈ ഭീകരാക്രമണം നടന്ന സമയത്താണ് കഥ നടക്കുന്നത്. ആ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് സഹായം നല്‍കാനായി ഒരു സംഗീത പരിപാടി നടത്താന്‍ തീരുമാനമായി. അതിനായി സംഘാടകര്‍ ചിത്രയെ ക്ഷണിക്കുകയും അവര്‍ സമ്മതിക്കുകയും ചെയ്തു. അതിന് ശേഷം ചിത്രയുടെ വക ഒരു ചോദ്യം ക്ഷണിക്കാന്‍ വന്നവരോട്; 'അതേയ് ഒന്നും തോന്നരുത്, ശരിക്കും മുംബൈയില്‍ എന്താണ് സംഭവിച്ചത്'? 

കെ എസ് ചിത്ര | PHOTO: FACEBOOK
ഈ സംഭവം സൂചിപ്പിക്കുന്നത് എന്താണെന്ന് വ്യക്തമല്ല. ഈ ലോകത്ത് നടക്കുന്ന ഒന്നിനെയും പറ്റി ബോധമില്ലാത്ത ഒരാളാണ് 60 വയസ്സില്‍ അധികം കാലമായി ഈ ലോകത്ത് ജീവിക്കുന്ന ഈ ഗായിക എന്നാണോ? ചുറ്റുപാടുള്ള ഒന്നിനെയും പറ്റി അറിയേണ്ട ആവശ്യമില്ലാതെ വളരെ സുരക്ഷിതമായി ജീവിക്കുന്ന ഒരാള്‍ അല്ലെങ്കില്‍ തനിക്ക് വൈദഗ്ധ്യം ഉള്ള മേഖലയുടെ പുറമെ ഒന്നിലും താല്‍പര്യമില്ലാത്ത ആള്‍?ഇതൊക്കെ അസ്വീകാര്യമായ ന്യായീകരണങ്ങള്‍ ആണ്. അവര്‍ വളരെ സെക്റ്ററിയന്‍ ആയ ഒരു രാഷ്ട്രീയത്തിന്റെ പ്രചാരവേല ഏറ്റെടുത്തിരിക്കുകയാണ്. ആ തെരഞ്ഞെടുപ്പ് അവര്‍ നടത്തിയിരുന്ന സാഹചര്യത്തില്‍ അതിന്റെ അനന്തരഫലം നേരിടാനും അവര്‍ക്ക് ബാധ്യതയുണ്ട്. അതുകൊണ്ട് ഈയൊരു 'നിഷ്‌കളങ്കമായ അജ്ഞത' ന്യായീകരണം അവരെ വിമര്‍ശിക്കുന്നതില്‍ നിന്ന് നമ്മെ തടയേണ്ട ആവശ്യം ഇല്ല എന്ന് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കെ.എസ് ചിത്രയെ പോലുള്ള മനുഷ്യര്‍ ഒരുപാടുണ്ട്. ഒരു പ്രത്യേക മേഖലയിലെ കഴിവ് ഉപയോഗിച്ച് കൊണ്ട് ഒരുപാട് കുറവുകളെ മറച്ചു പിടിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കും. പ്രതിലോമകരമായ സാമൂഹിക നിലപാടുകള്‍ കൊണ്ടുനടക്കാനും എന്നാല്‍ ആളൊരു സാധു എന്ന് നാട്ടുകാരെകൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്ന കലാപരിപാടിയാണിത്. സൂക്ഷ്മമായി നോക്കിയാല്‍ ചിത്രയെ പോലുള്ള ഒരാള്‍ക്ക് അവരുടെ ജീവിതത്തിലേക്ക് കൈമാറി വന്ന മുന്‍വിധികളെ ചോദ്യം ചെയ്യാനോ അതിന്റെ അടരുകള്‍ തുറന്ന് പരിശോധിക്കാനോ സാധിച്ചിട്ടില്ല എന്നത് വ്യക്തം. തന്റെ ക്ലാസ്/ക്ലാസ്റ്റ് ലൊക്കേഷന്റെ പ്രത്യേകതകള്‍ അവര്‍ക്ക് സവിശേഷമായ സാമൂഹിക വിദ്യാഭ്യാസമോ വിമര്‍ശനാത്മക ചിന്തയോ നല്‍കുന്നില്ല. Exclusively a people like us club ല്‍ ജീവിക്കുന്ന ആളുകളുടെ എല്ലാം പ്രശ്‌നമാണ് ഇത്. പഴയ സാമൂഹിക മുന്‍വിധികള്‍ മാത്രമല്ല പുതിയതായി വാട്സ് അപ് യൂണിവേഴ്സിറ്റി പടച്ചുവിടുന്ന പുതിയ കാലത്തെ നുണകളും ഇത്തരം സര്‍ക്കിളുകളില്‍ ചോദ്യം ചെയ്യപ്പെടാതെ പടര്‍ന്നു കൊണ്ടിരിക്കും. ഒരാള്‍ സ്ഥിരമായി ഇടപഴകികൊണ്ടിരിക്കുന്ന പിയര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ ജാതീയമോ മതപരമോ വര്‍ഗ്ഗപരമോ ആയി ഏകതാനമായ സജാതീയമായ ആളുകള്‍ ആണെങ്കില്‍ ആ വ്യക്തി ഒരു എക്കോ ചേംബറില്‍ ആവും ജീവിക്കുന്നത് എന്ന് കരുതേണ്ടി വരും. ഇവിടെ സാമൂഹികമായി കൊണ്ടുനടക്കുന്ന മുന്‍വിധികള്‍ സത്യമായി അനുഭവപ്പെടും. അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കപ്പെടും. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവര്‍ കൊണ്ടുവരുന്ന വൈവിധ്യമാര്‍ന്ന അനുഭവങ്ങളും കാഴ്ചപ്പാടുകളും അന്യമാകും. ഇങ്ങനെ പറയുമ്പോള്‍ ചിത്രയുടെ ഒക്കെ പ്രശ്‌നം മോശം സാമൂഹികവത്കരണം ആണെന്നൊരു തോന്നല്‍ വരാന്‍ സാധ്യതയുണ്ട്. അത്തരമൊരു ലളിതവത്കരണം അല്ല ഇവിടെ ഉദ്ദേശിക്കുന്നത്.

സോഷ്യല്‍ മീഡിയ കാലത്തെ ഹിന്ദുത്വ പ്രചാരണത്തിന്റെ ഒരു മുഖ്യഘടകം ആയിരം വര്‍ഷത്തെ ഹിന്ദു വിക്ടിം ഹുഡ് ആണ്. തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍, മത പരിവര്‍ത്തനം, സംസ്‌കൃതി നഷ്ടം എന്നിങ്ങനെ വളരെ സനാതനമായ ഒരു സിവിലൈസേഷന്‍ പുറമെ നിന്ന് വന്ന ശത്രുക്കളാല്‍ തകര്‍ക്കപ്പെട്ടു എന്നൊരു തീം ആണിതില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈയൊരു വിക്ടിം ഹുഡ് നരേറ്റീവിനെ അപനിര്‍മ്മിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന് കാരണം ഇന്ത്യയില്‍ ഇന്ന് ഈയൊരു പ്രചാരണം വലിയ തോതിലുള്ള സമ്മതി നേടിയെടുക്കുകയും വലിയൊരു ശതമാനം ജനങ്ങളുടെ പൊതുബോധമായി മാറുകയും ചെയ്തിട്ടുണ്ട് എന്നതാണ്. അതെന്തുതന്നെ ആയിരുന്നാലും നോര്‍ത്ത് ഇന്ത്യയിലെ ചരിത്രപരമായി രൂപപ്പെട്ട communal divide ന് യാഥാര്‍ത്ഥ്യവും ഭാവനാത്മകവുമായ വശങ്ങള്‍ ഉണ്ട്. യാഥാര്‍ത്ഥ്യത്തിന്റെ തലത്തില്‍ നില്‍ക്കുന്ന കാര്യങ്ങളെ ചരിത്രപരമായി ഉള്‍ക്കൊള്ളുകയും അവയെ ഇനിയുള്ള കാലത്തെക്കുള്ള ദിശാ സൂചികളാക്കി മാറ്റുകയുമാണ് വേണ്ടത്. അതേസമയം ആളുകളുടെ ഭാവനയില്‍ മാത്രം നിലകൊള്ളുന്ന ഭീതികള്‍ക്ക് ഒരുതരത്തിലുള്ള ഇടവും കൊടുക്കാനുള്ള ബാധ്യത മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് ഇല്ലതന്നെ. പറഞ്ഞു വരുന്നത് ഒരുതരത്തില്‍ സത്യവും അസത്യവും മിത്തുകളും ഭാവനയും ഒക്കെ കൂടി കുഴഞ്ഞ ആ ഒരു സാഹചര്യമല്ല നമ്മള്‍ മലയാളികളുടേത്. നമ്മുടെ കലക്ട്ടീവ് മെമ്മറിയുടെ ഭാഗമല്ല സംഘികളുടെ ആയിരം വര്‍ഷത്തെ കരച്ചില്‍ ചരിത്രം. (ആ 'ചരിത്രത്തിന്റെ' നേരും പതിരും ഒക്കെ വേറെ വിഷയമാണ്. അതിവിടെ പരിഗണിക്കുന്നില്ല). നാം ഇപ്പോള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നം പരിഗണനീയമായ അളവില്‍ ഈ വ്യാജചരിത്ര നിര്‍മ്മിതിയെയും മിത്ത് നിര്‍മ്മാണത്തെയും വിശ്വസിക്കുന്ന ഒരു വിഭാഗം മലയാളികള്‍ ഇവിടെ ഉണ്ടായിരിക്കുന്നു എന്നതാണ്. അവര്‍ തങ്ങളുടെ വ്യതിരിക്തമായ ചരിത്രാനുഭവങ്ങളോ, അവരുടെ സാമൂഹിക ചരിത്രമോ, വ്യത്യസ്തമായ സാംസ്‌കാരിക ചരിത്രമോ അല്ല കാണുന്നത്. നോര്‍ത്ത് ഇന്ത്യന്‍ അപ്പര്‍ കാസ്റ്റ് ഹിന്ദുവിന്റെ രാഷ്ട്രീയ-സാംസ്‌കാരിക അഭിലാഷങ്ങളിലേക്ക് പരകായപ്രവേശം ചെയ്യാനാണ് ഈ പുതിയ ഉണര്‍ന്ന ഹിന്ദുക്കളുടെ ശ്രമം.

PHOTO: WIKI COMMONS
ചിത്രയെ പോലുള്ള എലീറ്റ് ക്ലാസ് ഹിന്ദുക്കള്‍ക്ക് ഒരിക്കലും religion as faith / religion as ideology എന്ന വിഭജനം അവരുടെ ജീവിതത്തില്‍ കൊണ്ടുവരേണ്ട ആവശ്യം ഉണ്ടാകുന്നില്ല. ഇവര്‍ ആ രണ്ട് ലോകങ്ങളിലും അനായാസം വ്യാപരിക്കുന്നു. സാധാരണ മനുഷ്യര്‍ വിശ്വാസികള്‍ ആയിരിക്കുമ്പോള്‍തന്നെ മതത്തിന്റെ രാഷ്ട്രീയ ഉപയോഗത്തെപറ്റി ബോധം ഉള്ളവരാണ്. അടുത്ത പ്രദേശത്ത് നടക്കുന്ന ഉത്സവത്തിന് പിരിവ് നല്‍കാന്‍ അവര്‍ക്ക് വിഷമമില്ല. അതേസമയം അക്ഷതവുമായി വീട്ടില്‍ കയറിവരുന്ന സംഘിയോട് അവര്‍ മുഖം തിരിക്കുകയും ചെയ്യും. പക്ഷെ ചിത്രയെപോലുള്ളവര്‍ ഏറ്റവും സങ്കുചിതമായ സാമൂഹിക വീക്ഷണമുള്ള ശങ്കരാചാര്യരെ കണ്ടാലും, VHP യുടെ ആചാര്യ കിഷോറിനെ കണ്ടാലും അമൃതാനന്ദമയിയെ കണ്ടാലും കാല്‍ക്കല്‍ വീഴും. ഇതര മതസ്ഥരുടെ ആരാധനാലയം തകര്‍ത്ത് അതിന്റെ മേല്‍ കെട്ടിപ്പടുത്ത അമ്പലത്തിന്റെ ഉത്ഘാടനത്തിന് ആശംസകള്‍ നേരും. ഇതിന്റെ പ്രശ്‌നം ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ മുകളിലത്തെ കഥയില്‍ സൂചിപ്പിച്ച നിഷ്‌കളങ്ക ആട്ടം നടത്തുകയും ചെയ്യും. തങ്ങളുടെ മത പാരമ്പര്യങ്ങളില്‍ ലഭ്യമായതില്‍ ഏറ്റവും egalitarian ആയ നിലപാടുകള്‍ ഏതെന്ന് കണ്ടെത്താനും അത് പിന്‍പറ്റാനും ചിത്രയെ പോലുള്ളവര്‍ക്ക് കഴിയുകയില്ല. കെ.എസ് ചിത്ര ജ്ഞാനപ്പാന പാടുന്നത് യൂട്യൂബില്‍ കേള്‍ക്കാം. എന്താണ് ആ ടെക്സ്റ്റില്‍ നിന്ന് ചിത്രയ്ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ? 

സുജാത ഗിട്‌ലയുടെ The ants among elephants എന്ന പുസ്തകത്തില്‍ ഒരു രംഗമുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനികള്‍ ആയ രണ്ട് യുവതികള്‍ ഹിന്ദുക്കളുടെ പുണ്യ നഗരമായ വാരണാസി കാണാന്‍ പോകുന്നു. ഒരാള്‍ (ദുര്‍ഗ കുമാരി) ഗണിതത്തില്‍ Phd ചെയ്യുന്ന ആളാണ്. അവര്‍ ആന്ധ്രയില്‍ നിന്നുള്ള ബ്രാഹ്‌മണ സമുദായ അംഗമാണ്. രണ്ടാമത്തെ ആള്‍ - മഞ്ജുള ഗിട്‌ല (സുജാത ഗിട്‌ലയുടെ അമ്മ) ആന്ധ്രപ്രദേശില്‍ നിന്നുള്ള ദളിത് ക്രിസ്ത്യന്‍ സ്ത്രീയും. ഇവര്‍ രണ്ടുപേരും വാരണാസിയിലെ പ്രസിദ്ധമായ ഗംഗ ആരതി നോക്കി നില്‍ക്കുന്നതാണ് രംഗം. 'When they got to the temples along the river, Durgakumari almost fainted from emotion. The forces of the divine that infused every element there - the air, the water, the sand, the fire - consumed her brahminsoul'. പക്ഷെ രണ്ടാമത്തെ യുവതി (മഞ്ജുള) യ്ക്ക് ഇതല്ല കാണാന്‍ പറ്റുന്നത്. 'surrounding the temples were thick masses of people in nothing but wet loin clothes, displaying their pot bellies, hairiness, hairlenssess, diseased skin, running noses, coughing mouths, oily hair, hernias, sagging breasts, toothless gums, shaven heads, missing limbs, wrinkled arms, stiffened fingers, fungal toes. They were all bathing shamelessly, men and women together. The hindu worship equipment, the dead flowers, the leftover food, were strewn all over........ But she had never seen, could never have imagined, a filthier place on earth'. 

സുജാത ഗിട്‌ല | PHOTO: WIKI COMMONS
രണ്ട്  life worlds നെ ഒരുമിച്ച് ചേര്‍ത്തുവെച്ച് വിമര്‍ശിക്കുക എന്നതല്ല എന്റെ ഉദ്ദേശം. മഞ്ജുള മാര്‍ക്‌സിസ്റ്റ് ആണ്. അവര്‍ കമ്യൂണിസ്റ്റ് ആണ്. അവര്‍ ശാസ്ത്ര ഗവേഷക ആയിരുന്നു. ആ രാഷ്ട്രീയ വീക്ഷണവും ദളിത് എന്ന നിലയിലുള്ള ജീവിതവും ചേര്‍ന്നാണ് അവരുടെ നോട്ടത്തെ രൂപപ്പെടുത്തുന്നത്. ദുര്‍ഗ കുമാരിയുടെ സാഹചര്യം പക്ഷെ വ്യത്യസ്തമാണ്. കെ.എസ് ചിത്രയെ മനസ്സിലാക്കാന്‍ നമുക്ക് ഗംഗ ആരതി നോക്കി നില്‍ക്കുന്ന ദുര്‍ഗ കുമാരിയെയാണ് ആവശ്യം. ഹിന്ദുവിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചിത്രയ്ക്കും ദുര്‍ഗ കുമാരിക്കും പൊതുവായി പങ്കുള്ള കള്‍ച്ചറല്‍ അസറ്റുകളാണ്. ബിലീവിങ് പ്രാക്ടീസിങ് ഹിന്ദുക്കള്‍ എന്ന നിലയില്‍ അവര്‍ക്ക് ഹിന്ദുമതത്തിന്റെ ഭംഗിയുള്ള അംശങ്ങള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. അഥവാ അപ്രകാരമാണ്ഹിന്ദുമതം അവര്‍ക്ക് അനുഭവപ്പെടുന്നത്. പക്ഷെ ആയിരം വര്‍ഷമായി receiving end ല്‍ നില്‍ക്കുന്ന ആളുകള്‍ക്ക് അതല്ലല്ലോ ഓര്‍മ്മ വരിക. ഹിന്ദുത്വ എന്നതും ഹിന്ദുവിസം എന്നതും തമ്മിലുള്ള വിഭജനം കൃത്രിമമായ ഒന്നാണ് എന്ന് കരുതാവുന്ന കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഹിന്ദുത്വ എന്ന റിലിജ്യോ-പൊളിറ്റിക്കല്‍ മെജോറിട്ടേറിയന്‍ കള്‍ച്ചര്‍ നാഷണലിസത്തിന്റെ വളര്‍ച്ചയെ ഒരു തരം ഹിന്ദു നവോത്ഥാനമായി മനസ്സിലാക്കുകയാണ് ഈ മനുഷ്യര്‍. ഇന്ത്യയില്‍ പല കാലങ്ങളില്‍, പല ജാതി ഗ്രൂപ്പുകള്‍ക്ക് ഇടത്തില്‍, പല തരത്തിലുള്ള ഭക്തി പ്രസ്ഥാനങ്ങളായി ഒക്കെ രൂപപ്പെട്ടുവന്നിട്ടുള്ള പരിഷ്‌കര്‍ത്താക്കളെ പോലുള്ള ഒരാളല്ല നരേന്ദ്രമോദിയോ യോഗി ആദിത്യ നാഥോ. അവര്‍ ഭാവനയില്‍ കാണുന്നത് നാം ഇന്ന് അഭികാമ്യമായി കാണുന്ന മൂല്യവ്യവസ്ഥയെ അട്ടിമറിക്കലും അതിന് പകരമായി നമ്മുടെ ഭൂതകാലത്ത് നിലനിന്ന ഏറ്റവും മനുഷ്യവിരുദ്ധമായ ഒരു സമ്പ്രദായത്തെ തിരിച്ചു കൊണ്ടുവരാനുമാണ്.

അയോധ്യയിലേക്ക് നോക്കുമ്പോള്‍ അവിടെ ഉയര്‍ന്നു വരുന്ന ക്ഷേത്രം മാത്രമേ ചിത്രയ്ക്ക് കാണുന്നുള്ളൂ. ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിന് മുന്നും പിന്നുമായി നടന്ന നൂറുകണക്കിന് വര്‍ഗ്ഗീയ കലാപങ്ങള്‍, അതില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് മനുഷ്യര്‍, അവരുടെ വേദനകള്‍ ഇതൊന്നും ചിത്രയുടെ പരിഗണനയില്‍ വരികയില്ല. നമ്മുടെ രാജ്യത്തെ രൂപപ്പെടുത്തിയ സോഷ്യല്‍ കോണ്ട്രാക്റ്റ്, തുല്യ പൗരത്വം, മനുഷ്യ അവകാശങ്ങള്‍ എന്നിവയൊക്കെ അനുസ്യൂതമായി ലഭിക്കുന്ന ഒരാളാണ് നമ്മുടെ ഗായിക. എന്നാല്‍ ഇതിനോരോന്നിനും വേണ്ടിയുള്ള പോരാട്ടം മാത്രമായി ജീവിതം മാറിയിട്ടുള്ള കോടിക്കണക്കിന് മനുഷ്യര്‍ ഇവിടെയുണ്ട് എന്നത് അവര്‍ക്ക് മനസ്സിലാവുകയില്ല. എല്ലാം ദൈവാനുഗ്രഹം അല്ലെങ്കില്‍ ഈശ്വരകോപം എന്ന ലളിത യുക്തിയില്‍ കിടന്ന് കറങ്ങുകയാണ് ലോകം. 

പോസ്റ്റ് മണ്ഡല്‍ കാലഘട്ടത്തില്‍ പദവിയിലും അധികാരങ്ങളിലും ഉടവ് തട്ടിയ വ്യക്തികളല്ല ചിത്രയും ശോഭനയും മോഹന്‍ലാലും ഒന്നും. ഈ കാലഘട്ടത്തില്‍ അതിഗംഭീരമായ സോഷ്യല്‍ മൊബിലിറ്റി ഉണ്ടായ വ്യക്തികളാണ് ഇവരൊക്കെ. സംവരണത്തിന്റെയും മറ്റുംഭാഗമായി അവസരങ്ങള്‍ക്കും വിഭവങ്ങള്‍ക്കും വേണ്ടി മറ്റ് ജാതി മത വിഭാഗങ്ങളോട് മല്ലടിക്കേണ്ടി വന്നിട്ടില്ല ഇവര്‍ക്കൊന്നും എന്നുതന്നെ കരുതാം. മാത്രമല്ല ചരിത്രപരമായി ആര്‍ജ്ജിച്ചെടുത്ത സോഷ്യല്‍ കള്‍ച്ചറല്‍ കാപ്പിറ്റല്‍ നിലനിര്‍ത്താനും അതുപയോഗിച്ചു വലിയ പുരോഗതി നേടാനും കഴിഞ്ഞിട്ടുണ്ട് താനും. ഞാന്‍ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത് നോര്‍ത്ത് ഇന്ത്യന്‍ സാഹചര്യത്തില്‍ സംവരണ വിഭാഗങ്ങളുടെ ശാക്തീകരണം അവിടുത്തെ എലീറ്റ് ക്ളാസിന്റെ സോഷ്യല്‍ പ്രെസ്റ്റീജിനെ ബാധിച്ചിട്ടുണ്ട് എന്നാണ്. ആ അവസ്ഥ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയുടെ ചരിത്രത്തിന്റെ പ്രത്യേകത മൂലം ഇവിടെ സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നേരത്തേ സൂചിപ്പിച്ച ഹിന്ദു വിക്ടിം ഹുഡ് പ്രഹസനം ഇവിടെ തമാശ മാത്രമാണ്. 
ഹിന്ദുത്വ ആര്‍പ്പുവിളിയില്‍ ചിയര്‍ ലീഡേഴ്സ് ആകുന്ന മലയാളികള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും. എത്ര നൂറ്റാണ്ട് പഴക്കമുള്ളതാണ് ഹാഗിയ സോഫിയ പള്ളി. ഇന്നും അതിന്റെ ചരിത്രത്തിലെ അവസാന അധ്യായം എഴുതി തീര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അത് മറക്കാന്‍ പാടില്ല.


#outlook
Leave a comment