വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാതിരുന്ന കുമാര്‍ സാഹ്നി
പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ കാലത്ത് അഭിനയം, തിരക്കഥയെഴുത്ത്, സംവിധാനം, എഡിറ്റിങ്, സിനിമറ്റോഗ്രഫി എന്നീ വിഷയങ്ങള്‍ പഠിക്കാന്‍ വന്നവര്‍ അതാതു വിഷയങ്ങളില്‍ മാത്രം കേന്ദ്രീകരിച്ച് പഠനം നടത്തിയപ്പോള്‍ പഠന വിഷയങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച അപൂര്‍വ്വം ചിലരില്‍ കുമാര്‍ സാഹ്നിയും, ജോണ്‍ എബ്രഹാമുമാണ് പ്രധാനികള്‍. അവരുടെ ഗുരുനാഥനായി ഋത്വിക് ഘട്ടകും. വിഭജനത്തെത്തുടര്‍ന്ന് കിഴക്കന്‍ ബംഗാള്‍ വിട്ട് പടിഞ്ഞാറേ ബംഗാളില്‍ അഭയാര്‍ത്ഥിയാകേണ്ടി വന്ന ഋഥ്വിക് ഘട്ടകിന്റെ അസ്വാസ്ഥ്യം സമാനമായ സാഹചര്യങ്ങളില്‍ നാടുവിടേണ്ടി വന്ന കുമാര്‍ സാഹ്നിയെ ഘട്ടകിലേയ്ക്ക് അടുപ്പിക്കാന്‍ നിമിത്തമായെന്ന് കരുതാം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലായിരിന്നു സാഹ്നിയുടെ ജനനം. ഫ്രാന്‍സിലെ വിദ്യാര്‍ത്ഥി കലാപവും ലോകമാകെ പടര്‍ന്നുപിടിച്ച യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും. നാടകം, കവിതാ, കഥ, നോവല്‍, സിനിമ, ചിത്രകല എന്നീ മേഖലകളിലെ നവതരംഗങ്ങള്‍ തുടങ്ങിയതുമെല്ലാം ചേര്‍ന്ന കാലം. പുതിയ ചിന്തകളും, തത്വശാസ്ത്രങ്ങളും, പരമ്പരാഗത പ്രത്യയശാസ്ത്രങ്ങളും, റഷ്യന്‍ സിനിമകളും, സാഹിത്യവും, നെഹ്‌റൂവിയനും അല്ലാത്തതുമായ സോഷ്യലിസവുമെല്ലാം ചേര്‍ന്ന ബൗദ്ധിക പരിസരം.
പുനെയില്‍ താമസിച്ച് ബോംബെയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേക്ക് ദിവസവും യാത്ര ചെയ്യുന്ന വിഖ്യാത പണ്ഡിതനായ ഡി ഡി കൊസാംബിയുമായുള്ള സംഭാഷണങ്ങളില്‍ ആകൃഷ്ഠനായി അദ്ദേഹവുമായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ പലപ്പോഴും സാഹ്നിയും ബോംബെയിലേക്ക് യാത്ര ചെയ്തു. കൊസാംബിയുടെ സ്വാധീനത്തില്‍ ശാസ്ത്രത്തിലും, ഗണിതത്തിലും, രാഷ്ട്രമീമാംസയിലും കൂടുതല്‍ തല്‍പരനായി. ഫാക്ടറിത്തൊഴിലാളികളും, കര്‍ഷകത്തൊഴിലാളികളുമെല്ലാം അനുഭവിക്കുന്ന ഉണര്‍വുകളും അടിച്ചമര്‍ത്തലുകളും നേരിലനുഭവിച്ചറിഞ്ഞ കുമാര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത തീരുമാനങ്ങളെടുത്തു.
കൂടെ പഠിച്ച പലരും കച്ചവട സിനിമകളിലും, കഥാചിത്രരചനയിലേക്കും മാറിയപ്പോഴും കുമാറും ചില സുഹൃത്തുക്കളും തങ്ങളുടെ വഴി കണ്ടെത്താനുള്ള ശ്രമമായി. അതിനിടയില്‍ ഘട്ടകിന്റെ പ്രിയ ശിഷ്യന്‍ ഉന്നത പഠനത്തിനായി ഫ്രാന്‍സിലെത്തി: ഫ്രാന്‍സില്‍ വിഖ്യാത സംവിധായകന്‍ റോബര്‍ട് ബ്രസന്റെ ശിഷ്യനായി. ബ്രസന്റെ 'എ ജന്റില്‍ വുമണ്‍' എന്ന ചിത്രത്തില്‍ സഹസംവിധായകനായി. സത്യജിത് റായിയും, മൃണാള്‍ സെന്നും, ബാസു ചാറ്റര്‍ജിയുമൊക്കെ സ്വീകരിച്ച സമാന്തര സിനിമാ ട്രാക്കില്‍ വീഴാതെ താന്‍ കണ്ട ബ്രസണ്‍ സിനിമകളുടെ സങ്കേതത്തിലേക്ക് തിരിയാന്‍ അത് കാരണമായി.
കുമാര്‍ സാഹ്നി
മായാദര്‍പ്പണ്‍
സിനിമ പഠിച്ച യുവാക്കള്‍ക്കും, നല്ല സിനിമയില്‍ തല്‍പ്പരരായവരെ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എഫ്.എഫ്.സി) നല്‍കുന്ന വായ്പ സ്വീകരിച്ച് കെ കെ മഹാജനെ (സിനിമറ്റോഗ്രാഫര്‍) കൂട്ടുപിടിച്ച് 1972 ല്‍ മായാദര്‍പ്പണ്‍ സംവിധാനം ചെയ്തു. മൃണാള്‍ സെന്നിന്റെ ഭൂവന്‍ ഷോമും, മണി കൗളിന്റെ ഉസ്‌കി റോട്ടിയും, അടുര്‍ ഗോപാലകൃഷ്ണന്റ സ്വയംവരവും, എം എസ് സത്യുവിന്റെ ഗരം ഹവയും സമാന്തരസിനിമയില്‍ ശ്രദ്ധ പിടിച്ചെങ്കില്‍ മായാദര്‍പ്പണ്‍ ക്ലാസിക് സിനിമയായി ലോകം അംഗീകരിച്ചു. ഘടനാപരമായ പരീക്ഷണമെന്ന നിലയ്ക്കാണ് മായാദര്‍പ്പണ്‍ വിലയിരുത്തപ്പെട്ടത്. നിര്‍മ്മല്‍ വര്‍മ്മയുടെ കഥയെ ആസ്പദമാക്കിയ മായാദര്‍പ്പണിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചത് കെ കെ മഹാജന്റെ ഭാര്യ പ്രഭയാണ്.
ഇന്ത്യന്‍ വേഷവിധാനത്തിലും, വാസ്തുശില്‍പ്പത്തിലും, നൃത്തത്തിലും (കഥക്, കൂടിയാട്ടം, കഥകളി, ഭരതനാട്യം) എന്നിവയിലും വസ്ത്രാലങ്കാരവും, ചലനവും, സംഭാഷണത്തിനുമെല്ലാം പ്രത്യേക ശൈലിയുണ്ടെന്ന് വിശ്വസിച്ച കുമാര്‍ മായാദര്‍പ്പണിലും പിന്നീടുവന്ന ചിത്രങ്ങളിലും ശൈലീവല്‍ക്കരണം നടത്തിയിരുന്നു. മായാദര്‍പ്പണ് മുന്‍പ് മന്‍മാട് പാസഞ്ചര്‍, റെയില്‍ ഫോര്‍ ദ വേള്‍ഡ് എന്നീ ഡോക്യുമെന്ററികളും അദ്ദേഹം ചെയ്തിരുന്നു. യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത കുമാര്‍ സഹ്നിക്ക് ആദ്യ ചിത്രം പൂര്‍ത്തിയാക്കി പന്ത്രണ്ടു വര്‍ഷം കഴിഞ്ഞാണ് തരംഗ് എടുക്കാന്‍ കഴിഞ്ഞത്. സ്മിതാ പാട്ടീല്‍, ശ്രീറാം ലാഗു, അമോല്‍പാ ലേക്കര്‍, ഓംപുരി, ഗിരീഷ് കര്‍ണാട്, എന്നിവരഭിനയിച്ച തരംഗില്‍ ഒരു വ്യവസായ കുടുംബത്തിന്റെ തകര്‍ച്ചയായിരുന്നു പ്രതിപാദ്യ വിഷയം.
മായാദര്‍പ്പണില്‍ ഉത്തരേന്ത്യയിലെ ഒരു കര്‍ഷക ജന്മി കുടുംബത്തിലെ പെണ്‍കുട്ടിയും തൊഴിലാളി പ്രസ്ഥാനവുമായി ആഭിമുഖ്യമുള്ള യുവാവുമായുള്ള പ്രണയബന്ധമാണ് വിഷയമെങ്കില്‍, തരംഗില്‍ വ്യവസായ കുടുംബത്തിലെ സ്ത്രീ പുരുഷ ബന്ധവും, ധനം കൈക്കലാക്കാനുള്ള കൊലപാതകവും വരെയുണ്ട്. കച്ചവടസിനിമയുടെ ഫോര്‍മുലയിലുള്ള കഥയും, അഭിനേതാക്കളുമാണങ്കിലും, കഥയ്ക്കുള്ളിലെ കഥ പറയുന്ന രീതിയാണ് കുമാര്‍ അവലംബിച്ചത്.
ഘയാല്‍ ഗാഥ, കസ്ബ, ഛാര്‍ അദ്ധ്യായ് എന്നീ ഫീച്ചര്‍ ഫിലിമുകളും, പത്തോളം ഷോര്‍ട്ട് ഫിലിമുകളും ചെയ്ത കുമാര്‍ സഹ്നനി തൊണ്ണൂറോടെ എം ഗോവിന്ദന്റെ സര്‍പ്പം സിനിമയാക്കാനുള്ള ശ്രമം നടത്തി. മോഹന്‍ലാല്‍ പ്രൊഡ്യൂസ് ചെയ്യാന്‍ തയ്യാറായെങ്കിലും പദ്ധതി നടക്കാതെ പോയി. 1976 ല്‍ കേരളത്തില്‍ ആദ്യമായി വന്നത് ഡോക്ടര്‍ വി കെ നാരായണ മേനോന്‍ ബോംബെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ്ങ് ആര്‍ട്‌സിന്റെ മേധാവിയായിരുന്നപ്പോഴാണ്. ക്ലാസിക് കലാരൂപങ്ങളോട് താല്പര്യമുണ്ടായിരുന്ന കുമാര്‍ അമ്മണ്ണൂര്‍ മാധവ ചാക്യാരുടെ കൂടിയാട്ടം കാണാന്‍ വരികയും, തന്റെ സിനിമകളില്‍ കൂടിയാട്ടത്തിന്റെ ആഖ്യാനരീതികളും ചലനങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്തു.
കേരള ക്ലാസിക് കലാരൂപങ്ങളോടും വാസ്തുശില്പകലകളോടും താല്പര്യമുണ്ടായിരുന്ന കുമാര്‍, സുഹൃത്തായ ശശികുമാറും (ഏഷ്യന്‍ കോളേജ് ഓഫ് ജര്‍ണലിസം) മറ്റു ചില സുഹൃത്തുക്കളും ചേര്‍ന്ന് തൃശൂരില്‍ 'ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓണ്‍ ഏസ്‌തെറ്റിക്‌സ് തുടങ്ങാന്‍ ശ്രമം നടത്തി. എം എ ബേബി സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോള്‍ പല തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. പദ്ധതിയുമായി സഹകരിക്കാന്‍ ലോകപ്രശസ്തരായ പല കലാകാരന്‍മാരും തയ്യാറായിരുന്നു. 2019 വരെ കുമാര്‍ ഈ സ്വപ്നവുമായി നടന്നു. ഇതിനിടയില്‍ സിപിഎം അനുഭാവികളായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെ കേരളത്തിലെ പല വേദികളിലും കൊണ്ടുപോയി പ്രസംഗിപ്പിച്ചു. സ്വീകരണങ്ങള്‍ നല്‍കി. യുദ്ധത്തിനും, ഏകാധിപത്യത്തിനും, വാണിജ്യവല്‍ക്കരണത്തിനും എതിരെ സംസാരിച്ച കുമാര്‍ മൂല്യച്യുതിയുണ്ടാക്കുന്ന ജീര്‍ണ്ണതയ്ക്കും, രാഷ്ട്രീയത്തിനും എതിരെ ഉറച്ചു നിന്നു.
സ്വന്തം നിലനില്‍പ്പിനെയും, ആരോഗ്യത്തെയും ബാധിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം കേരളത്തിലെ സ്വപ്ന പദ്ധതി വിട്ട് മടങ്ങിപ്പോയി. സ്വന്തമായി ഇടമില്ലാത്ത കുമാര്‍ പലപ്പോഴും സുഹൃത്തുക്കളെ ആശ്രയിച്ചാണ് ജീവിച്ചത്. രണ്ടു പെണ്‍മക്കളും വിദേശത്തായിരുന്നു. അവസാന ദിവസങ്ങള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ച പ്രൊഫസറോടൊപ്പം കല്‍ക്കത്തയിലും. വാര്‍ദ്ധക്യസഹജമായ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.
പാകിസ്ഥാനിലെ ലര്‍കാനയില്‍ 1941 ല്‍ ജനിച്ച കുമാര്‍ വിഭജനത്തെ തുടര്‍ന്ന് കുടുംബസമേതം ബോംബെയില്‍ അഭയാര്‍ത്ഥിയായി. വിഭജനത്തിന്റെ മുറിവുകള്‍ പലപ്പോഴും കുമാറിന്റെ സംഭാഷണത്തില്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു. അമേരിക്കയെ ഗണ്‍ ഫാക്ടറി എന്നാണ് പലപ്പോഴും അഭിസംബോധന ചെയ്തിരുന്നത്. അവിടെ നിര്‍മിക്കുന്ന വെടിക്കോപ്പുകളും, ഭക്ഷണങ്ങളും, സാങ്കേതിക വിദ്യകളും കൊണ്ട് ലോകത്തുള്ളവരെ അടിമകളാക്കുന്നു. മൂല്യച്യുതി സൃഷ്ടിച്ച് മനുഷ്യനെയും, മനുഷ്യത്വത്തെയും ഇല്ലാതാക്കുന്നു എന്ന് ഓരോ ടെലിഫോണ്‍ സംഭാഷണത്തിലും അദ്ദേഹം പറഞ്ഞരിന്നു. വാട്ട് ടു ഡൂ എന്ന് ആത്മഗതത്തിന്റെ പിന്നാലെ ' Let us do what Little we can' എന്ന ആത്മവിശ്വാസവും പ്രസരിപ്പിച്ച കുമാറിന്റെ വിളികളിനി വരില്ല.
എം ആര്‍ രാജനും ഞാനും ആറുവര്‍ഷത്തോളം കുമാറിനോടൊപ്പം നടന്നു കേട്ട കാര്യങ്ങള്‍ ''When the wave become a bird' എന്ന അറുപതു മിനിറ്റു നീണ്ട യാത്രാ ചിത്രം ബാക്കി.