TMJ
searchnav-menu
post-thumbnail

Outlook

ഭൂമി, അവകാശം, ഉപജീവനം

07 Nov 2023   |   9 min Read
ഡോ. അഭിലാഷ് ടി

വന സംരക്ഷണ ഭേദഗതി ബില്‍ 2023 നെ മുന്‍നിര്‍ത്തി ഒരു വിശകലനം 

വന സംരക്ഷണത്തിനുവേണ്ടിയുള്ള സ്റ്റേറ്റിന്റെ നയങ്ങളും ഇതേ ആവാസ വ്യവസ്ഥയില്‍ നുറ്റാണ്ടുകളായി അധിവസിക്കുന്ന ആദിമജന സമൂഹങ്ങളുടെ ജീവിതക്രവും എക്കാലവും വിപരീത ധ്രുവങ്ങളിലായിരുന്നു. കൊളോണിയല്‍-സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകളുടെ നയങ്ങള്‍ അവരുടെ അന്യാധീനപ്പെടാന്‍ പാടില്ലാത്ത പരമ്പരാഗത അവകാശങ്ങളെയും (non-alianable tradidational rights) വന ഭൂമിയിലുള്ള അവകാശങ്ങളെയും, ഉപജീവന മാര്‍ഗങ്ങളെയും വിപരീതമായി ബാധിച്ചിട്ടുണ്ടെന്ന വസ്തുത പരക്കെ അംഗീകരിക്കപ്പെട്ടതാണ്.

വനസമ്പത്തിനെ കേവലമൊരു സാമ്പത്തിക സ്രോതസ് മാത്രമായി കണക്കാക്കുന്ന ചൂഷക പ്രത്യയശാസ്ത്രങ്ങള്‍ കൊളോണിയല്‍ കാലഘട്ടത്തിനും മുമ്പുതന്നെ നിലനിന്നിരുന്നു. അത് കൊളോണിയല്‍ കാലത്ത് കൂടുതല്‍ ശക്തി പ്രാപിക്കുകയുണ്ടായി. ഇന്ത്യന്‍ ടിമ്പറിന്റെ ആഗോള സാമ്പത്തിക പ്രാധാന്യവും കൊളോണിയല്‍ ബ്രിട്ടന്റെ നാവിക സേനക്ക് വേണ്ടിയുള്ള ഉപ്പുവെള്ളത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മരങ്ങളുടെ ലഭ്യതയും ഇന്ത്യയുടെ വനസമ്പത്തിനെ ബ്രിട്ടീഷുകാര്‍ക്ക് പ്രിയപ്പെട്ടതാക്കി. വനത്തിനു മേല്‍ പരമാധികാരം സ്ഥാപിക്കുക എന്നതായിരുന്നു ബ്രിട്ടന്‍ ഇതിനുവേണ്ടി ചെയ്ത ആദ്യ ചുവടുവയ്പ്പ്. അതിനായി നിയമ നിര്‍മ്മാണങ്ങള്‍ നടത്തി വനഭൂമിയെ ''എമിനന്റ് ഡൊമൈനിലേക്കു'' (സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ അധികാര പരിധിയിലേക്ക്) മാറ്റുകയും ഇതിനനുസൃതമായി വന നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 1865 ലെ ആദ്യ വന നിയമം മുതല്‍ 2023 ആഗസ്റ്റില്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയ വന സംരക്ഷണ ഭേദഗതി ബില്‍ വരെ ഏകദേശം പതിനഞ്ചിലധികം നിയമങ്ങളും ചട്ടങ്ങളും നയങ്ങളും വനവുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍സൂചിപ്പിച്ച വനഭൂമിയുടെ അവകാശികളായ ആദിമനിവാസികളുടെ അവകാശ സ്ഥാപനത്തിന് യാതൊരു പരിഗണനയും നല്‍കിയില്ല എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സ്വാതന്ത്ര്യാനന്തരം ഭരണ ഘടന ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസ, തൊഴില്‍ സംവരണത്തിനപ്പുറം സ്വന്തം ഭൂമിക്കുമേലുള്ള അവകാശ സ്ഥാപനത്തിനായുള്ള നിയമ നിര്‍മ്മാണത്തിനായി തൊണ്ണൂറുകള്‍ വരെ കാത്തിരിക്കേണ്ടി വന്നു. 1996 ലെ PESA നിയമം, 2006 ലെ വനാവകാശ നിയമം എന്നിവയൊക്കെ നിര്‍മ്മിക്കപ്പെട്ടുവെങ്കിലും അവയുടെ നടത്തിപ്പിലെ പാകപ്പിഴകള്‍ കാരണം ഭൂരിപക്ഷം ആദിവാസികള്‍ക്കും അതിന്റെ യഥാര്‍ത്ഥ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് 1980 ലെ വന സംരക്ഷണ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. കാലാവസ്ഥ വ്യതിയാനവും കാര്‍ബണ്‍ പ്രതിജ്ഞകളെയും, വനവത്കരണത്തെയും മുന്നില്‍ കണ്ടു വരുത്തിയ ഭേദഗതികള്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതും ആദിവാസികളുടെ ജീവിത ക്രമത്തെയും പരിസ്ഥിതി സന്തുലിതാവസ്ഥയെയും തകിടം മറിക്കാന്‍ സാധ്യതയുള്ളതുമാണ്. ഏറെ ശക്തവും, കൃത്യവും ജനസമ്മതിയും പ്രവര്‍ത്തനക്ഷമതയുമുള്ള 2006 ലെ വനാവകാശ നിയമത്തെപ്പോലും തകിടം മറിക്കാന്‍ കഴിവുള്ളതാണ് ഈ ഭേദഗതി എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയേയുള്ളു.


FOREST DWELLERS PROTEST FOR  LANDS | PHOTO: PTI
വെല്‍ഫെയര്‍ നിയമങ്ങളുടെ ദുര്യോഗം വെല്‍ഫെയര്‍ നിയമങ്ങള്‍ പലപ്പോഴും തിരഞ്ഞെടുത്ത ജനസമൂഹങ്ങളെയോ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെയോ ആണ് പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്നത്. അതു പ്രാവര്‍ത്തികമാവുന്നത് (operational) ഒരു പ്രത്യേക മണ്ഡലത്തിലായിരിക്കും. എന്നാല്‍ വനവുമായി ചേര്‍ന്നുണ്ടായിരിക്കുന്ന വെല്‍ഫെയര്‍ നിയമങ്ങള്‍ അങ്ങിനെയല്ല. പ്രധാനമായും നാലു തത്വങ്ങള്‍ക്ക് മേലാണ് ഇവ രൂപപ്പെട്ടിരിക്കുന്നത്. സംരക്ഷണം (conservation) ഉത്പാദനം (production ) പരിവര്‍ത്തനം (conversion) അവകാശങ്ങള്‍ ( rights for use ) എന്നിവയാണത്. ഇങ്ങനെ വിവിധ സ്വഭാവമുള്ള നിയമങ്ങള്‍ ഏറിയോ കുറഞ്ഞോ ഒരേ ഭൂഭാഗത്ത് ഇടപെടാന്‍ നോക്കുന്നു. അപ്പോള്‍ സംഘര്‍ഷങ്ങളുണ്ടാവാന്‍ സാധ്യതകളേറെയാണ്. ഈ സാഹചര്യത്തിലാണ് 2022 ല്‍ പുറത്തിറങ്ങിയ വനസംരക്ഷണ റൂളിനെയും 2023 ലെ വനസംരക്ഷണ ഭേദഗതി ബില്ലിനെയും വിലയിരുത്തേണ്ടത്. ഏറെ അതാര്യമെന്ന (opaque) വിമര്‍ശനം നേരിടുന്ന ഒരു നിയമമാണ് എണ്‍പതിലെ വനസംരക്ഷണ നിയമം. ഈ വിമര്‍ശനം ഏറെക്കുറേ ശരിയുമാണ്, വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമിയെ മാറ്റുന്നതിനു മാത്രമുള്ള ഒരു നിയമമെന്നും, അധികാരം പലപ്പോഴും കേന്ദ്ര സര്‍ക്കാരില്‍ കേന്ദ്രീകരിക്കുക, ആദിമ ജനവിഭാഗങ്ങളെ ശത്രുക്കളായി കാണുക എന്നിവ അതില്‍ ചിലതു മാത്രമാണ്. ഈ അവസരത്തില്‍ അതിന്മേലുണ്ടാവുന്ന ഭേദഗതികള്‍ വിമര്‍ശന ബുദ്ധിയോടെ കാണേണ്ടതുണ്ട്.

എന്തിനാണ് ഇങ്ങനെ ഒരു ബില്‍?

1996 ല്‍ സുപ്രിം കോടതി വനത്തെ ഡിക്ഷ്‌നറി അര്‍ഥത്തില്‍ വ്യാഖ്യാനിക്കണം എന്ന് വിധിച്ചതിനു ശേഷം എല്ലാ സ്വകാര്യ വനങ്ങളും 1980 നിയമത്തിന്റെ പരിതിയില്‍ വരികയുണ്ടായി. ഇത് വനേതര ആവശ്യങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കുന്നതിനു സ്വകാര്യ വ്യക്തികളെയും, വനവത്കരണത്തില്‍ നിന്നും സ്വകാര്യ വ്യക്തികളെ പിന്തിരിപ്പിക്കുനതിനും കാരണമായിട്ടുണ്ടെന്ന വാദവും, വന്‍ വ്യവസായങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ ഈ നിയമം കാരണം കഴിയുന്നില്ല എന്ന ചര്‍ച്ചകള്‍ പൊതു മണ്ഡലത്തില്‍ നടന്നു. അതായത് വന്‍ തോതില്‍ വനഭൂമി നിയമത്തിന്റെ പരിധിക്കു പുറത്തെത്തിക്കേണ്ടത് ഇവിടുത്തെ സ്വകാര്യ മൂലധന ശക്തികളുടെ ആവശ്യമായിരുന്നു. നിയമ ഭേദഗതിയെക്കുറിച്ചു ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ ഈ ആശങ്കകള്‍ ആദിവാസി സമൂഹങ്ങളും, മനുഷ്യാവകാശ പ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. ആശങ്കകള്‍ പോലെ തന്നെയാണ് ഭേദഗതി ബില്‍ വന്നിരിക്കുന്നത്. ഇവിടെ വനഭൂമിയുടെ നിര്‍വചനങ്ങളെ (definition) ഭരണ നിര്‍വഹണത്തിന് അനുസൃതമായി പരിഷ്‌കരിച്ചുകൊണ്ടാണ് വനഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുകയോ വിട്ടുകൊടുക്കുകയോ ചെയ്തിരിക്കുന്നത്. നിര്‍വചനങ്ങള്‍ പ്രകാരം വനനിയമം രണ്ട് തരത്തിലാണുള്ളത്. ആദ്യത്തേത്, ഭരണ നിര്‍വഹണത്തിനായി നിര്‍മ്മിച്ചതാണ്. അവയൊക്കെ 1927 ലെ മൂലനിയമത്തെയും അതിനു ശേഷം വന്ന നയങ്ങളുടെയും 1980 ലെ സംരക്ഷണ നിയമവുമായും ബന്ധപ്പെട്ടതായിരിക്കും. രണ്ടാമത്തേത് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ പുറത്തിറക്കുന്ന രാജ്യത്തെ വന മേഖലയുടെ (forest cover ) സ്ഥിതി വിവരക്കണക്കുകളാണ്. ഇത് കണക്കാക്കുന്നത് മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ക്കൊപ്പം വനത്തിനു പുറത്തുള്ള മരങ്ങളുടെ വ്യാപ്തികൂടി കണക്കാക്കിക്കൊണ്ടാണ്. ചുരുക്കത്തില്‍, വലിയ ഒരു പ്രദേശം വനമെന്ന് അംഗീകരിക്കുമ്പോഴും പുതിയ നിയമം തിരഞ്ഞെടുത്ത മേഖലകളെ മാത്രമാണ് വനമായി കണക്കാക്കുന്നത്. അതായത് ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ ഫോറസ്റ്റ് കവറിനെ സൂചിപ്പിക്കാന്‍ ഒരു വിശാല നിര്‍വചനവും നിയമം നടപ്പിലാക്കാന്‍ ഒരു ഇടുങ്ങിയ നിര്‍വചനവുമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. ഇത് വന ഭൂമിയെ നിയമ പരിരക്ഷയില്‍ നിന്നും മുക്തമാക്കി കൂടുതല്‍ ചൂഷണം ചെയ്യാന്‍ പ്രാപ്തമാക്കുന്നു.

ബില്ല് എന്ത് പറയുന്നു 

കാലാവസ്ഥ വ്യതിയാനവും അതിനു കാരണമായ വന നശീകരണവും എങ്ങിനെ നേരിടാമെന്ന സുപ്രധാന പ്രശ്‌നത്തെയാണ് നിയമം പ്രത്യക്ഷത്തില്‍ അഭിമുഖീകരിക്കാന്‍ നോക്കുന്നത്. അതുകൊണ്ടുതന്നെ വനവത്കരണമാണ് ഇതിന്റെ കാതലായ ഭാഗം. എന്നാല്‍ ആധുനിക ജനാധിപത്യ ഭാവനകളൊന്നുമില്ലാത്ത തൊഴില്‍ ചൂഷണാധിഷ്ഠിതമായ പ്ലാന്റേഷന്‍ വ്യവസ്തയെ തിരികെ കൊണ്ടുവരാന്‍ ഈ ഭേദഗതി നിര്‍ദേശിക്കുന്നുണ്ട്. മൈനിങ് വ്യവസായത്തിലെ നിയമങ്ങളെ ക്രോഡീകരിച്ചു കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നു. വനത്തിന്റെ ഭരണ നിര്‍വഹണം കാര്യക്ഷമമായി നടത്തുന്നതിനൊപ്പം ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനും ലക്ഷ്യം വെയ്ക്കുന്നു. ചുരുക്കത്തില്‍ ഏതു വിധേനയും സാമ്പത്തിക നേട്ടത്തിനായി വനത്തെ ഉപയോഗിക്കാം എന്നാണ് നിയമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിലേക്കുള്ള ആദ്യ ചുവടാണ് വനഭൂമിയെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുക എന്നത്. 


REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഭേദഗതി പ്രകാരം നിയമം ഇനി ബാധകമാവുന്നത് 1927 ലെ മൂല നിയമപ്രകാരം വനഭൂമിയായി കണക്കാക്കപ്പെട്ട പ്രദേശങ്ങള്‍, 1980 ഒക്ടോബര്‍ 25നു (വനസംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം) മുന്‍പോ ശേഷമോ സര്‍ക്കാര്‍ രേഖകളില്‍ വനമെന്നു രേഖപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളാണു, ബാധകമാല്ലാത്ത പ്രദേശങ്ങള്‍; 1996 ഡിസംബര്‍ 12 നു മുന്‍പോ ശേഷമോ വനേതര ആവശ്യങ്ങള്‍ക്കായി മാറ്റപ്പെട്ട ഭൂമി, ചൈന പാകിസ്ഥാന്‍ അതിര്‍ത്തി മുതല്‍ 100 കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങള്‍ എന്നിവയാണ്. രാജ്യത്തെവിടെയും പത്തു ഹെക്ടര്‍ ഭൂമി വരെ സെക്യൂരിറ്റി സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിനും അഞ്ചു ഹെക്ടര്‍ വരെ മാവോയിസ്റ്റ് ബാധിത മേഖലകളില്‍ സെക്യൂരിറ്റി സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഈ പ്രദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദത്തോടെ മേല്‍പ്പറഞ്ഞ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കാനും നിയമം അനുവദിക്കുന്നു. വന മേഖലയില്‍ മറ്റു പദ്ധതികളായ കാഴ്ച ബംഗ്ലാവ്, സഫാരി, പരിസ്ഥിതി-വിനോദ സഞ്ചാരം എന്നിവയൊക്കെ ആരംഭിക്കും. വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ഉപജീവനത്തെയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്.

പുറമെ നോക്കുമ്പോള്‍ പ്രശ്‌നരഹിതമെന്നു തോന്നുന്ന നിയമം നടപ്പില്‍ വരുത്തുമ്പോള്‍ സൃഷ്ടിക്കാന്‍ പോവുന്ന പ്രശ്‌നങ്ങള്‍ ഏറെ സങ്കീര്‍ണമാണ്. പ്ലാന്റേഷനില്‍ ഊന്നല്‍ നല്‍കുന്ന വനവത്കരണം സ്വകാര്യ വ്യക്തി സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ചൂഷണത്തിലധിഷ്ഠിതമായ മൂലധന സമാഹരണത്തിന് ഏറെ സഹായകരമാവുന്നു എന്നതിനേക്കാളുപരി അധികാരം കേന്ദ്ര സര്‍ക്കാരില്‍ കേന്ദ്രീകരിക്കപ്പെടുകയും അധികാര വികേന്ദ്രീകൃത വനഭരണം (decentralised forest governace ) എന്ന ആശയത്തിന് വിരുദ്ധവുമാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ 100 കിലോമീറ്റര്‍ പരിധി സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റമായി വിലയിരുത്തപ്പെടും. ഇവിടെയൊക്കെ നടപ്പിലാക്കുമെന്നു പറയപ്പെടുന്ന തന്ത്രപ്രധാന രേഖീയ (strategic lenear) പദ്ധതികളുടെ നിര്‍വചനം വളരെ വലുതാണ്. ബാഹ്യ സുരഷാ ഭീഷണികളെ പോലെ തന്നെ പ്രാമുഖ്യം നല്‍കേണ്ട വിഷയമല്ലേ ആഭ്യന്തര പരിസ്ഥിതി സുരക്ഷയും എന്നതു ചിന്തിക്കേണ്ടതാണ്. പ്രധാനമായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, തുടര്‍ച്ചയായി നേരിടുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് പുതിയ നിയമങ്ങള്‍ പ്രാമുഖ്യം കൊടുക്കേണ്ടത് അനിവാര്യമാണ്. ദൗര്‍ഭാഗ്യവശാല്‍ അതിവിടെ ഉണ്ടാവുന്നില്ല.

വനവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ക്ഷേമ നിയമങ്ങളോടുള്ള ( welfare legislation ) ബില്ലിന്റെ നിലപാട് ഏറെ പ്രതിലോമകരമാണ്. ഏറെ പുരോഗമനാത്മകമായ 2006 ലെ വനാവകാശ നിയമം 1996 ലെ പെസ നിയമം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയം ഭരണം നല്‍കുന്ന 6-ാം ഷെഡ്യൂള്‍ എന്നിവയാണവ. വനാവകാശത്തെ പുതിയ ഭേദഗതി മറികടക്കുന്നില്ല എന്ന് പറയുമ്പോഴും വനഭൂമിക്ക് പരിധി നിശ്ചയിക്കുമ്പോള്‍ വനാവകാശ നിയമ പ്രകാരം ആദിവാസികള്‍ക്ക് അവകാശപ്പെടാന്‍ കഴിയുന്ന ഭൂമിയുടെ അളവ് വളരെ കുറവായിരിക്കും. പെസ നിയമത്തെക്കുറിച്ചു ഭേദഗതി പരാമര്‍ശിക്കുന്നെയില്ല. വര്‍ധിച്ചു വരുന്ന മനുഷ്യ-മൃഗ സംഘര്‍ഷങ്ങളെക്കുറിച്ച് ഈ ഭേദഗതി നിശബ്ദമാണ്. പശ്ചിമഘട്ടത്തിലും ദേശീയോദ്യാനങ്ങളുടെ ഓരങ്ങളിലും ജീവിക്കുന്ന ആദിവാസികളെ സംബന്ധിച്ചു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിജീവന പ്രശ്‌നമാണ് വന്യ മൃഗങ്ങളുമായുള്ള സംഘട്ടനങ്ങള്‍. ഇതിനെക്കുറിച്ചുള്ള പരാമര്‍ശമോ പരിഹാരമോ വനനിയമത്തിലോ അതിന്റെ ചട്ടങ്ങളിലോ കാണുന്നില്ല. തെക്കന്‍ സംസ്ഥാനങ്ങളുമായി യാതൊരു കൂടിയാലോചയും ഭേദഗതിയുടെ സമയത്ത് സംയുക്ത പാര്‍ലമെന്ററി സമിതി നടത്തിയിട്ടില്ല. ഇത്തരം നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവസരം നല്‍കും എന്നത് ഏറെ പ്രതിലോമകരമായ കാര്യമാണ്. ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചതിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഒറീസ സര്‍ക്കാര്‍ സംസ്ഥാനത്തെ കല്പിത (deemed forest ) വനങ്ങളെ റദ്ദു ചെയ്തുകൊണ്ടുള്ള വിജ്ഞാപനം ഇറക്കുകയുണ്ടായി. ഇത് പ്രകാരം നിയാംഗിരി മലകളുടെ താഴ്‌വാരത്തെ അനവധി പ്രദേശങ്ങള്‍ വന സംരക്ഷണത്തിന് പുറത്തായി. എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ ഉത്തരവ് തല്ക്കാലം പിന്‍വലിച്ചു. വനസംരക്ഷണ നിയമത്തിനു പുറത്തേക്ക് വനത്തെ എത്തിച്ചാല്‍ അതിന്മേല്‍ ആദിവാസികള്‍ അവകാശവാദം ഉന്നയിക്കുന്നത് തടയാന്‍ കഴിയുമെന്നത് സര്‍ക്കാരിന് നന്നായി അറിയാം.

മുന്നേ വന്ന ചട്ടങ്ങള്‍ 

സ്വാഭാവികമായും ഒരു നിയമം നിലവില്‍ വന്ന ശേഷമാണ് ചട്ടങ്ങള്‍ രൂപികരിക്കുകയും അതിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ തുടങ്ങുകയും ചെയ്യുക. എന്നാല്‍ ഇവിടെ ആദ്യം ചട്ടങ്ങള്‍ രൂപീകരിക്കുകയും പിന്നീട് നിയമം ഭേദഗതി ചെയ്യുന്നതുമാണ് കാണുന്നത്. 2022 ജൂണില്‍ പുറത്തിറങ്ങിയ വനസംരക്ഷണ ഭേദഗതി റൂള്‍ പ്രകാരം വനേതര ആവശ്യങ്ങള്‍ക്കായി വന ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് ഊരുകൂട്ടത്തിന്റെ (ആദിവസി ഗ്രാമസഭ) മുന്‍കൂര്‍ അനുമതി ആവശ്യമില്ല. പക്ഷേ 2016, 2017 വര്‍ഷങ്ങളിലെ വനസംരക്ഷണ ചട്ടപ്രകാരം ആദിവാസി ഗ്രാമ സഭയുടെ അനുമതി ഇക്കാര്യത്തില്‍ ആവശ്യമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതില്ല!

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെന്നു വെച്ചാല്‍ കുറച്ചുകൂടി ക്രിയാത്മകമായി ഈ ഭേദഗതിയെ ജനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താാം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്റ്റിയറിങ് കമ്മറ്റികള്‍ രൂപീകരിക്കുമ്പോള്‍ അതില്‍ ഊരുകൂട്ടങ്ങളെയും ഉള്‍പ്പെടുത്താം. പക്ഷെ ഊരുകൂട്ടങ്ങള്‍ പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ ആദിവാസി അവകാശത്തിന് അനുകൂലമായി കര്‍ശന നടപടികളെടുക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ സാധ്യത കുറവാണ്. കാരണം വനവത്കരണം ഒരു പണം കായ്ക്കുന്ന മരമാണെന്നു കണ്ടാല്‍ കേരളമടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കുന്നതിനു മുന്‍തൂക്കം കൊടുത്തേക്കാം.

ADIVASIS PROTEST IN MUMBAI FOR LANDS | PHOTO: PTI
നഷ്ടപരിഹാര-വനവത്കരണത്തിന് (compensatory afforestation) വൈവിധ്യങ്ങളായ പദ്ധതികളും, സ്‌കീമുകളും പുതിയ നിയമത്തില്‍ ലഭ്യമാണ്, ഉദാഹരണത്തിന് സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്ലാന്റേഷന്‍ നിര്‍മ്മിച്ച് ആവശ്യക്കാര്‍ക്ക് (വന്‍കിട കമ്പനികള്‍ക്ക്) വില്‍ക്കുകയോ പാട്ടത്തിനു നല്‍കുകയോ ചെയ്യാം. തൊണ്ണൂറുകള്‍ക്കു ശേഷം ഏറെ സങ്കീര്‍ണമായ പ്രശ്‌നമായിരുന്നു ഈ നഷ്ടപരിഹാര വന വത്കരണം. മൂല നിയമത്തിലെ അവ്യക്തതയും, ഭൂമിയുടെ ലഭ്യതക്കുറവും മൂലം അത് കൃത്യമായി നടപ്പിലാക്കപ്പെട്ടിരുന്നില്ല. അതിനെ സുഗമമാക്കുക എന്ന ലക്ഷ്യമാണ് പുതിയ ഭേദഗതിക്കുള്ളത്. ഭൂമി ഏറ്റെടുക്കലില്‍ നിന്നും ഊരുകൂട്ടങ്ങളുടെ ഭാഗധേയം ഇല്ലാതാവുക എന്നതിനര്‍ത്ഥം വനാവകാശ കമ്മറ്റികളുടെ അധികാരം ഇല്ലാതാവുക എന്നതാണ്, അതുവഴി വനാവകാശ നിയമം അട്ടിമറിക്കപ്പെടുകയും ചെയ്യും. ഇതിലൊക്കെ ഭീതിതമാണ് ഈ പദ്ധതി സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതിക ആഖാതം. നിയമ പ്രകാരം നഷ്ടപ്പെടുത്തുന്ന ഭൂമിക്കു പകരം ഭൂമിയില്‍ വനവത്കരണം നടത്തണം. അത് ഏതു തരം വനമാണെന്നു നിഷ്‌കര്‍ഷിക്കുന്നില്ല. അതിനാല്‍ തന്നെ ഏതെങ്കിലും മരം വളര്‍ത്തി (പ്രധാനമായും വാണിജ്യ വൃക്ഷങ്ങള്‍) അത് പ്ലാനറ്റേഷനില്‍ കാണിക്കുന്നു. ഇതിനിടയില്‍ ഭൂമിയുടെ ഘടനയും, ഗുണവും മാറ്റിയാലും പ്രശ്‌നമില്ല. ഒരേ സമയം ക്ലൈമറ്റ് വാഗ്ധാനങ്ങള്‍ പാലിക്കുന്നതായുള്ള പദ്ധതികളെയും വനസംരക്ഷണ പദ്ധതികളെയും യാന്ത്രികമായ കണക്കു വയ്ക്കല്‍ (book-keeping ) 
മാത്രമാക്കാനെണ് പുതിയ നിയമം ഉപകരിക്കു. 

പാര്‍ലമെന്ററി കമ്മറ്റി വ്യായാമങ്ങള്‍ 

ചട്ടങ്ങള്‍ ഒരു വര്‍ഷം മുന്നേ രൂപീകരിച്ചിരുന്നതിനാല്‍ പാര്‍ലമെന്റ് ചുമതലപ്പെടുത്തിയ സംയുക്ത സമിതി നിയമം പുനര്‍നിര്‍മിച്ചപ്പോള്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നതാണ് സത്യം. ജോയിന്റ് പര്‍ലമെന്ററി കമ്മറ്റിയുടെ ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ ഏറെ ശ്രദ്ധേയമാണ്. കഷ്ടിച്ച് മൂന്നു മാസം മാത്രമാണ് അവര്‍ക്കിതിനു സമയം കിട്ടിയത്. മുപ്പത്തിയൊന്ന് അംഗങ്ങളുള്ള കമ്മറ്റിയില്‍ ആറു പേര്‍ മാത്രമായിരുന്നു പ്രതിപക്ഷത്ത് നിന്നുള്ളവര്‍. 2023 ജൂലൈ 20 നു കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വനം-പരിസ്ഥിതി വിഷയത്തില്‍ നിലവിലുള്ള പാര്‍ലമെന്റിന്റെ സ്ഥിരം സമിതിയെ മറികടന്നാണ് ഒരു ജോയിന്‍ കമ്മറ്റിക്ക് ഈ വിഷയം വിശകലനത്തിനായി വിട്ടുകൊടുക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങളോട് യാതൊരു കൂടിയാലോചനയും കമ്മറ്റി നടത്തിയതായി കാണുന്നില്ല. നിലവിലെ ക്ഷേമ നിയമങ്ങളെ ഈ നിയമം വിപരീതമായി ബാധിക്കുമെന്ന് ചില അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അവയ്‌ക്കൊന്നും തൃപ്തികരമായ മറുപടിയല്ല മന്ത്രാലയം നല്‍കുന്നത്. ഉദാഹരണത്തിന്, പുതിയ ഭേദഗതി വനാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ 'ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ എല്ലാംതന്നെ നിര്‍ദ്ദിഷ്ട പ്രദേശത്തെ നിലനില്‍ക്കുന്ന നിയമ സംവിധാനങ്ങള്‍ക്കനുസൃതമായി മാത്രമേ നടത്തു'' എന്നാണ് മറുപടി. എന്നാല്‍ ഭൂമി ഏറ്റെടുക്കലിനു ഗ്രാമ സഭയുടെ അനുമതി വേണ്ടെന്നു നിയമം നിഷ്‌കര്‍ഷിക്കുന്നു. വിമര്‍ശനാത്മക അഭിപ്രായങ്ങളെ മാന്ത്രാലയം തള്ളിക്കളയുന്നതായി കാണാം. വനസംരക്ഷണ നിയമത്തിന്റെ പേര് ' വന്‍ സംരക്ഷണ്‍ ഏവം സവര്‍ധന്‍ അധിനിയം, 2023 എന്ന് സംസ്‌കൃതത്തിലേക്കു മാറ്റുന്നതിന്റെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ആദിവാസി മേഘലകളില്‍ നിന്നുള്ള ഭരണ കക്ഷിയുടെ എംപി മാരും ഈ കമ്മറ്റിയുടെ ഭാഗമായിരുന്നുവെങ്കിലും ഏറിയോ കുറഞ്ഞോ ആദിവാസികളുടെ അവകാശങ്ങളെ ഈ നിയമം ഇല്ലായ്മ ചെയ്തപ്പോള്‍ അവര്‍ ഒന്നും ചെയ്തില്ല എന്നതാണ് ഏറെ സവിശേഷകരമായ വസ്തുത. ആകെ 1306 നിര്‍ദേശങ്ങളാണ് കമ്മറ്റിക്ക് ഈ കാലയളവില്‍ പൊതുസമൂഹത്തില്‍ നിന്നും ലഭിച്ചത്. ഇതിന്മേല്‍ എന്തൊക്കെ തീരുമാനങ്ങളെടുത്തു എന്നത് അവ്യക്തമാണ്. ഭൂവിസ്തൃതിയുടെ 21 ശതമാനത്തോളം വരുന്ന വന ആവാസ വ്യസ്ഥയെയും അതിനുള്ളിലും ഓരങ്ങളിലുമായി നൂറ്റാണ്ടുകളായി അധിവസിക്കുന്ന 8.6 ശതമാനം ( 10.4 കോടി ) വരുന്ന ജനസമൂഹങ്ങളുടെയും ഭാഗധേയം നിര്‍ണയിക്കുന്ന നിയമ ഭേദഗതി വെറും മൂന്നു മാസം സമയം കൊണ്ട് പൂര്‍ത്തീകരിച്ചത്തിന്റെ വിപരീത ഫലങ്ങള്‍ വന പരിസ്ഥിതിയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ജന സമൂഹങ്ങളെയുമാണ് ബാധിക്കുക. 

പ്രതിസന്ധികള്‍ 

ഭൂമി, അതിലുള്ള അവകാശസ്ഥാപനം എന്നിവയ്ക്ക് ആദിവാസികളെ ചരിത്രത്തില്‍ ഏറ്റവുമധികം പ്രാപ്തരാക്കിയ ഒരു നിയമമാണ് വനാവകാശ നിയമം. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലെ മെന്ദ-ലേഖ, ലോയേണ്ടി എന്നീ ഗ്രാമങ്ങള്‍ അത് തെളിയിച്ചു കഴിഞ്ഞതുമാണ്, എന്നാല്‍ ഈ നിയമം ആദിവാസികള്‍ക്ക് വനത്തിന്മേല്‍ പരമാധികാരം നല്‍കുകയും സര്‍ക്കാരുകളുടെ ഏകപക്ഷീയമായ ഭൂമി ഏറ്റെടുക്കല്‍, വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമിയെ മാറ്റല്‍ എന്നീ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തടയുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ സംസ്ഥന സര്‍ക്കാരുകള്‍ അതിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭച്ചിരുന്നു. നിയമം നടപ്പിലാക്കാന്‍ ബധ്യതയുള്ള നോഡല്‍ ഏജന്‍സിയായ പട്ടിക വകുപ്പിന്റെ തലപ്പത്തു മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നിയമിക്കുക എന്നതായിരുന്നു ഏറ്റവും പ്രതിലോമകരമായ നടപടി. ആക്ട് വ്യക്തിഗത-സാമൂഹിക അവകാശങ്ങള്‍ ഉറപ്പു നല്‍കുമ്പോള്‍ വ്യക്തിഗത അവകാശങ്ങള്‍ അനുവദിക്കാന്‍ മാത്രമാണ് സര്‍കാരുകള്‍ക്കു താത്പര്യം. സാമൂഹ്യ അവകാശങ്ങളുടെ തിരസ്‌കരണം ദേശീയ തലത്തില്‍ വളരെ കൂടുതലാണ്. സാമൂഹിക അവകാശം ഒരു പ്രത്യേക ഭൂമേഖലയെ അതാതു ആദിവാസി സമൂഹങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുകയും അപ്പോള്‍ രാഷ്ട്രത്തിന് വനത്തിനുമേലുള്ള പരമാധികാരം (ഭൂമി ഏറ്റെടുക്കല്‍, കൈമാറ്റം) നഷ്ടപ്പെടുമെന്ന ആശങ്കകളും അതുവഴി വിഭവ ചൂഷണത്തിനായി തയ്യാറായിരിക്കുന്ന മൂലധനശക്തികളെ പിണക്കാനും കഴിയാത്ത സ്റ്റേറ്റ് ഇത്തരം വഴികളിലൂടെ നിയമത്തെ അട്ടിമറിക്കുകയാണ്. ഇത് ആദിവാസികളുടെ അവകാശങ്ങളുടെ പച്ചയായ ലംഘനമാണ്. നിയമം നടപ്പിലാക്കുന്നതിനായി സംസ്ഥാനത്തെ നിലനില്‍ക്കുന്ന പ്രതിലോമ നിയമങ്ങളെ ആനുപാതികമായി ഭേദഗതി ചെയ്യാതിരിക്കുക, സാമൂഹിക അവകാശങ്ങള്‍ ഊരുകൂട്ടങ്ങള്‍ക്ക് നല്‍കാതെ വനം വകുപ്പ് നിയന്ത്രിക്കുന്ന ജോയിന്റ് ഫോറസ്റ്റ് മാനേജ്മെന്റ് കമ്മറ്റികള്‍ക്കു നല്‍കുക. വനാവകാശം ഉന്നയിച്ച സ്ഥലങ്ങളില്‍ വനം വകുപ്പ് വനവത്കരണ പദ്ധതികള്‍ ആരംഭിക്കുക. ഇതേ പ്രദേശങ്ങളില്‍ മൈനിംഗിന് അനുവാദം നല്‍കുക എന്നിവയൊക്കെ ഈ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ പോകുന്നവയാണ്. വന സംരക്ഷണവും കാലാവസ്ഥ വ്യതിയാനവും ഒരുമിച്ചു കൊണ്ടുപോകാനാണു ഭേദഗതിയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും അത് കൂടിയ അളവില്‍ വനഭൂമിയുടെ സ്വകാര്യവത്കരണമാണ് ലക്ഷ്യം വെയ്ക്കുന്നത്. സ്വകാര്യ ഫോറസ്റ്റ് പ്ലാന്റേഷനുകളുടെ തിരിച്ചുവരവാണ് ഇതിന്റെ ഫലം.
 

PROTEST IN MUMBAI | PHOTO: PTI
എല്ലാ രാജ്യങ്ങള്‍ക്കും ഹരിത ഗൃഹ വാതകങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ടു ചില സ്വയം നിര്‍ണയ പദ്ധതികള്‍ (self-defined national targets) ഉണ്ടാവും. ഇത് രണ്ടു രീതിയില്‍ ചെയ്യാം. ആദ്യത്തേത്, ഇന്ത്യ പോലുള്ള വലിയ ജനാധിപത്യ രാജ്യങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്, വളരുന്ന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി, പണം മുടക്കി, കല്‍ക്കരിയില്‍ നിന്നും ക്രമേണ മാറി പുനരുപയോഗ ഊര്‍ജങ്ങള്‍ ( renewable energy ) ഉപയോഗപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ വികേന്ദ്രീകൃതമായ ഒരു ബൃഹത് പദ്ധതിയാണ്. എന്നാല്‍ ഇവിടെ സംഭവിക്കുന്നത്, കാര്‍ബണ്‍ സിങ്ക് നിര്‍മിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളെയും അവകാശങ്ങളെയും മറികടക്കുകയും ഭൂമിയെ, പ്രത്യേകിച്ചു വന ഭൂമിയെ, സംരക്ഷണത്തില്‍ നിന്നും മുക്തമാക്കുകയും സ്വകാര്യ വ്യക്തികളെയും, സ്ഥാപനങ്ങളെയും പ്ലാന്റേഷന്‍ നിര്‍മിക്കാന്‍ പ്രോത്സാഹിപ്പിക്കുകയുമാണ് (incentivise) ചെയ്യുന്നത്. ഈ നയം പരിസ്ഥിതിക്ക് ഭീഷണിയാവുന്നതിനൊപ്പം സാമുഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജന സമൂഹങ്ങളുടെ വികാസത്തെയും ഭരണ ഘടന ഉറപ്പുനല്‍കുന്ന സാമൂഹ്യ നീതിയെയും (social justice ) ഉള്‍ച്ചേരലിനെയും ( social inclusion) വിപരീതമായി ബാധിക്കുകയാവും ചെയ്യുക. 

റെഫറന്‍സ്സ് 

*ഫോറെസ്റ്റ് (കോണ്‍സെര്‍വഷന്‍) അമെന്‍ഡ്‌മെന്റ് ആക്ട്,2023: https://egazette.gov.in/WriteReadData/2023/247866.pdf.


**ഫോറെസ്‌റ് കോണ്‍സെര്‍വഷന്‍ റൂള്‍സ്, 2022: https://thc.nic.in/Central%20Governmental%20Rules/Forest%20(Conservation)%20Rules,%202022.pdf
https://prsindia.org/files/bills_acts/bills_parliament/2023/Joint_Committee_Report_on_the_Forest_(Conservation)_Amendment_Bill_2023.pdf

Kanchi Kohli (2022), Development of Environmental Laws in India, Cambridge University Press.

Report of the joint committee on the forest (conservation) ammendment Bill,2023: https://prsindia.org/files/bills_acts/bills_parliament/2023/Joint_Committee_Report_on_the_Forest_(Conservation)_Amendment_Bill_2023.pdf 


Forest Right Act: The Historical Injustice Continues (2016):http://fra.org.in/document/IPT%20FRA%20final%20report.pdf.

Abhilash Thadathiland Amita Bachan K H (2022), Another Wave of Forest and Adivasi Land Alienation? Revenue versus Forest Pattayam and Adivasi Land Question in Kerala, Artha Vijnana, Vol. 64(1), March 2022, pp. 75-87.

Amita Bachan K H ,et.al  (2022), വന വിഭവാധികാരങ്ങളും ആദിവാസി വികസനവും: വനാവകാശ നിയമം 2006 -ഒന്നര പതിറ്റാണ്ടു കേരളത്തില്‍.


Reddy, et.al (2011), 'Issues Related to Implementation of the Forest Right  Act in Andhra Pradesh', Economic & Polit Weekly, 46 (18), pp 73-81.


#outlook
Leave a comment