TMJ
searchnav-menu
post-thumbnail

Outlook

ലാറ്ററല്‍ നിയമനം: സര്‍ക്കാരിന്റെ നിലപാട് മാറ്റം പ്രതിപക്ഷത്തിന് ശക്തിയേകും

23 Aug 2024   |   3 min Read
K P Sethunath

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ മൂന്നാമതും തുടര്‍ച്ചയായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ രണ്ട് മാസത്തിലധികം പിന്നിടുന്നു. ഭരണാധികാരിയെന്ന നിലയില്‍ മോഡി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് ഒരു കൂട്ടുകക്ഷി ഭരണത്തിന് നേതൃത്വം നല്‍കാന്‍ നിര്‍ബന്ധിതനായതെന്നതാണ് മൂന്നാം സര്‍ക്കാരിന്റെ സവിശേഷത. തന്നിഷ്ട പ്രകാരം മാത്രം തീരുമാനങ്ങളെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതില്‍ ഖ്യാതി നേടിയ മോഡി കൂട്ടുകക്ഷി ഭരണത്തിന്റെ കളിനിയമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. സ്വന്തമായി ഭൂരിപക്ഷമില്ലെങ്കിലും തന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റമൊന്നുമില്ലെന്ന പ്രതീതി ജനിപ്പിക്കുവാനാണ് പ്രധാനമന്ത്രി മോഡിയും അദ്ദേഹത്തിന്റെ വിശ്വസ്തരും ശ്രമിക്കുന്നത്. ഭരണപരമായ നയങ്ങളിലും, വിശാലമായ രാഷ്ട്രീയ വിഷയങ്ങളിലും മോഡി ടെംപ്ലേറ്റ് പഴയതുപോലെ തുടരുമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ലെന്ന നറേറ്റീവ് ബോധപൂര്‍വ്വം തന്നെ ഉയര്‍ത്തിക്കാട്ടപ്പെടുന്നു. കോണ്‍ഗ്രസ്സിലെയും മറ്റു ചില പാര്‍ട്ടികളിലെയും പോലെ നേതാക്കള്‍ തമ്മില്‍ പരസ്യമായ തര്‍ക്കങ്ങളില്ലെങ്കിലും ബിജെപിയടക്കം ഉള്‍പ്പെടുന്ന സംഘപരിവാറിനുള്ളിലും കാര്യങ്ങള്‍ പുറമെ കാണുന്നതു പോലെ അത്ര സുഗമമല്ലെന്ന് കരുതേണ്ടിയിരിക്കുന്നു. അതില്‍ അസ്വാഭാവികത തോന്നേണ്ടതുമില്ല. ഒരു ഭരണവര്‍ഗ്ഗത്തിനുള്ളില്‍ തന്നെ നിരവധി അധികാര ബ്ലോക്കുകള്‍ നിലനില്‍ക്കുന്നു. അധികാര ബ്ലോക്കുകള്‍ തമ്മില്‍ കിടമത്സരവും, സൗഹൃദവും, വിരോധങ്ങളും തരാംതരം പോലെ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ ലഭ്യമാണ്. ഭരണകൂടാധികാരം കൈകാര്യം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഈ പ്രവണതകള്‍ കൂടുതല്‍ തെളിമയോടെ പ്രത്യക്ഷപ്പെടുന്നു. നിക്കോ പൗളാന്‍സിസിനെ പോലെയുള്ള പണ്ഡിതര്‍ ഈ പ്രവണതകളെ 1970-കളില്‍ തന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. (രാഷ്ട്രീയാധികാരവും സാമൂഹ്യ വര്‍ഗ്ഗങ്ങളും-1975)

NARENDRA MODI | PHOTO : WIKI COMMONS
തിരഞ്ഞെടുപ്പിലെ ജയാപജയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന സമീപനങ്ങള്‍ക്ക് അധികാര ബ്ലോക്കുകളുടെ സൂക്ഷ്മതലത്തിലുള്ള കിടമത്സരങ്ങളുടെയും കൊടുക്കല്‍വാങ്ങലുകളുടെയും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ പലപ്പോഴും തിരിച്ചറിയാനാവില്ല. പ്രധാനമന്ത്രി മോഡിയും ആര്‍എസ്എസ് നേതൃത്വവും വിരുദ്ധധ്രുവങ്ങളിലാണെന്ന വാര്‍ത്തകള്‍ ഉദാഹരണം. ലോകസഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ചെറിയ തോതിലെങ്കിലും പുറത്തുവരുന്നത്. അതു സംബന്ധിച്ച വിശകലനങ്ങള്‍ ഇപ്പോഴും വളരെ ശുഷ്‌ക്കമായ നിലയിലാണ്. അതായത് അങ്ങനെയൊരു ഭിന്നതയുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്താവും? ഏതു നിലയിലാവും ഭാവിയില്‍ അത് ഉരുത്തിരിയുക? ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയിട്ടുള്ള ചില പരാമര്‍ശങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഇക്കാര്യങ്ങളില്‍ വെളിച്ചം വീശുന്ന വിവരങ്ങള്‍ ഇപ്പോഴും കാണാമറയത്താണ്. ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലെ വിവിധ തസ്തികകളില്‍ ലാറ്ററല്‍ നിയമനം നടത്താനുള്ള തീരുമാനവും അതു പിന്‍വലിക്കുവാന്‍ നിര്‍ബന്ധിതമായ സാഹചര്യവും പരിശോധിക്കേണ്ടത്. സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ സാധാരണഗതില്‍ സീനിയോറിറ്റിയും, പ്രമോഷനും വഴി ലഭിക്കേണ്ട നിയമനങ്ങളെ മറികടന്നുകൊണ്ട് പ്രൊഫഷണല്‍ മികവ് കൈവരിക്കുകയെന്ന പേരില്‍ മിഡില്‍, സീനിയര്‍ പോസ്റ്റുകളില്‍ നേരിട്ട് നിയമനം നടത്തുന്ന രീതിയാണ് ലാറ്ററല്‍ എന്‍ട്രി. കേന്ദ്ര സര്‍ക്കാരിന്റെ 24 മന്ത്രാലയങ്ങളിലായി 45 തസ്തികകളിലേക്കുള്ള അപേക്ഷകളാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ ക്ഷണിച്ചത്. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവയായിരുന്നു തസ്തികകള്‍. ആഗസ്റ്റ് 17-നാണ് ഇതിനായുള്ള അപേക്ഷകള്‍ യുപിഎസ്സി ക്ഷണിച്ചത്. സര്‍ക്കാര്‍ തീരുമാനം പെട്ടെന്ന് തന്നെ വിവാദമായി. ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നു. സംവരണമെന്ന ആശയത്തിന്റെ കടക്കല്‍ കത്തി വയ്ക്കുന്ന ഒന്നാണ് സര്‍ക്കാര്‍ തീരുമാനം എന്നതായിരുന്നു പ്രധാന വിമര്‍ശനം.

UNION PUBLIC SERVICE COMMISION | PHOTO : WIKI COMMONS
ദളിത്-ആദിവാസി, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ഭരണസംവിധാനത്തിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ എത്തിപ്പെടുന്നതിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് ഈ സമീപനം ഇടവരുത്തുമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. വിമര്‍ശനങ്ങളെ പാടെ തള്ളിക്കളയുന്ന സമീപനമാണ് ബിജെപി ആദ്യം സ്വീകരിച്ചത്. എന്നു മാത്രമല്ല രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ പ്രത്യാക്രമണവും നടത്തി. കോണ്‍ഗ്രസ്സ് നേതാവായ വീരപ്പ മൊയ്ലിയുടെ നേതൃത്വത്തിലുള്ള ഒരു സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ലാറ്ററല്‍ നിയമനം എന്ന നയം സ്വീകരിച്ചത് എന്നായിരുന്നു ബിജെപി-യുടെ വിമര്‍ശനത്തിന്റെ കാതല്‍. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്താണ് മൊയ്ലി കമ്മിറ്റിയെ വിഷയം പഠിക്കുന്നതിനായി ചുമതലപ്പെടുത്തിയത്. ലാറ്ററല്‍ നിയമനത്തിനുള്ള മാനദണ്ഡങ്ങളും മാര്‍ഗ്ഗരേഖകളും സമര്‍പ്പിച്ച മൊയ്ലി അത്തരമൊരു സംവിധാനത്തിന് പച്ചക്കൊടി വീശിയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ 2024-ലെ മാറിയ സാഹചര്യത്തില്‍ മൊയ്ലിയെന്ന കച്ചിത്തുരുമ്പില്‍ പിടിച്ച് ലാറ്ററല്‍ നിയമന വിവാദത്തില്‍ നിന്നും തടിയൂരാമെന്ന മോഡി അനുയായികളുടെ കണക്കുകൂട്ടല്‍ പിഴച്ചുവെന്ന് തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. ബിജെപി-യുടെ പ്രധാന സഖ്യകക്ഷികളായ തെലുങ്കു ദേശവും, ജനതാദള്‍ യുണൈറ്റഡും വിഷയത്തില്‍ താരതമ്യേന അര്‍ത്ഥഗര്‍ഭമായ മൗനം പുലര്‍ത്തിയെങ്കിലും മറ്റൊരു സഖ്യകക്ഷി നേതാവായ ചിരാഗ് പസ്വാന്‍ തന്റെ വിയോജിപ്പ് പരസ്യമാക്കി. പസ്വാന്റെ വിമര്‍ശനം വന്നതിന്റെ പിറ്റേദിവസം ലാറ്ററല്‍ നിയമന തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭരണഘടനയില്‍ വിഭാവന ചെയ്യുന്ന സാമൂഹ്യ നീതിക്കും, സമത്വത്തിനും പ്രത്യേകിച്ചും സംവരണ തത്വങ്ങള്‍ക്കും അനുസൃതമായിട്ടാവണം ലാറ്ററല്‍ നിയമനങ്ങളെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറച്ചു വിശ്വസ്സിക്കുന്നതായി യുപിഎസ്സി അദ്ധ്യക്ഷനെഴുതിയ കത്തില്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. വിവാദത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ ഇമേജിന് കോട്ടം തട്ടുന്നതിന് തടയിടുന്നതിനുള്ള ശ്രമമായിരുന്നു സിംഗിന്റെ കത്തെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

VEERAPPA MOILY | PHOTO : WIKI COMMONS
ലാറ്ററല്‍ നിയമന വിവാദം കത്തിപ്പടരാതിരിക്കുന്ന കാര്യത്തില്‍ തല്‍ക്കാലം വിജയിച്ചുവെങ്കിലും തന്നിഷ്ടം പോലെ ഭരണം മുന്നോട്ടുപോവില്ലെന്ന സന്ദേശമാണ് ഈ സംഭവം പുറത്തുകൊണ്ടുവരുന്നത്. മോഡിജിയുടെ അകത്തളങ്ങളിലെ കൊട്ടാരവിദൂഷകര്‍ കഴിഞ്ഞ രണ്ട് മാസമായി പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്ന നറേറ്റീവിന് നിരക്കുന്നതുമല്ല ഈ പിന്മാറ്റം. കൂട്ടുകക്ഷി ഭരണമാണെങ്കിലും വച്ച കാല്‍ പുറകോട്ടില്ലെന്ന സമീപനവുമായി മോഡിജി മുന്നോട്ടുപോവുകയാണെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. അത് അത്രയ്ക്ക് ശരിയല്ലെന്ന് തെളിയിക്കുന്നതാണ് ലാറ്ററല്‍ നിയമന കാര്യത്തിലെ പിന്മാറ്റം. സാമൂഹ്യനീതിയുടെ കാര്യത്തില്‍ സംവരണത്തിന്റെ സ്വാധീനത്തെ ഗുണപരമായി കാണുന്നവര്‍ ഈ പിന്മാറ്റം പോസിറ്റീവായി വിലയിരുത്തുമെങ്കിലും ഭരണവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ അതല്ല സ്ഥിതി. പതിനാറാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷനും മോഡിയുടെ മുന്‍ സാമ്പത്തികോപദേഷ്ടാവുമായ അരവിന്ദ് പനാഗരിയയൂടെ പ്രതികരണം അതിന്റെ നല്ല ഉദാഹരണമാണ്. ലാറ്ററല്‍ നിയമനത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനം രാജ്യത്തെയും, സംവിധാനത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം. മുന്‍ ബ്യൂറോക്രാറ്റും 15-ാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷനുമായിരുന്ന എന്‍കെ സിംഗും പിന്മാറാനുള്ള തീരുമാനത്തെ വിമര്‍ശിച്ചു. സ്ഥിരമായ ഉദ്യോഗസ്ഥ സംവിധാനം അഥവാ ബ്യൂറോക്രസി തന്നെ ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഭരണാധികാരി വര്‍ഗ്ഗത്തിനുള്ളിലെ വിവിധ അധികാരബ്ലോക്കുകള്‍ തമ്മിലുള്ള ഭിന്ന താല്‍പ്പര്യങ്ങളുടെ പ്രതിഫലനമായി ഈ പ്രതികരണങ്ങളെ കണക്കാക്കിയാല്‍ വരാനിരിക്കുന്ന നാളുകളിലെ രാഷ്ട്രീയത്തെ മനസ്സിലാക്കുവാന്‍ കുറച്ചുകൂടി എളുപ്പമാവും. തന്നിഷ്ടപ്രകാരം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന സന്ദേശമാണ് സര്‍ക്കാരിന്റെ തീരുമാനം വെളിപ്പെടുത്തുന്നത്. ഏതായാലും ലാറ്ററല്‍ നിയമനത്തിന്റെ രാഷ്ട്രീയത്തിന്റെ ആദ്യ റൗണ്ടില്‍ പ്രതിപക്ഷം സ്‌കോര്‍ ചെയ്തുവെന്ന് പറയാം.


#outlook
Leave a comment