TMJ
searchnav-menu
post-thumbnail

Outlook

ലെനിനും ലെനിനിസ്റ്റ് പാർട്ടിയും

21 Jan 2024   |   6 min Read
ശ്രീജിത്ത് ശിവരാമൻ

ലെനിന്റെ ചരമ ശതാബ്ദി ദിനമാണിന്ന്. ചരിത്രത്തിൽ വ്യക്തികളുടെ പങ്കിനെ വൈരുദ്ധ്യാത്മകമായി കാണുന്നവരാണ് മാർക്സിസ്റ്റുകാർ. ലെനിന്റെ സംഭാവനകളും ചരിത്രത്തെ മാറ്റിയതിൽ അദ്ദേഹത്തിന്റെ പങ്കുമെല്ലാം നിരവധിയായ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും വിമർശനങ്ങൾക്കുമെല്ലാം വേദിയായതാണ്. പക്ഷെ എല്ലാവരും സംശയലേശമന്യേ അംഗീകരിക്കുന്ന ഒന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ ലെനിനെപ്പോലെ മാറ്റിമറിച്ച മറ്റൊരു വ്യക്തിയുമുണ്ടാകില്ല. ലെനിൻ ഇല്ലായിരുന്നെങ്കിൽ റഷ്യൻ വിപ്ലവത്തിന്റെ രൂപം മറ്റൊന്നായേനേ, സോവിയറ്റ് യൂണിയൻ ഇല്ലായിരുന്നെങ്കിൽ ലോകചരിത്രവും മറ്റൊന്നായേനേ.  എന്നാൽ റഷ്യൻ വിപ്ലവത്തിന്റെ വസ്തുനിഷ്ഠ സാഹചര്യത്തെ തിരിച്ചറിയുകയും അതിനെ തൊഴിലാളി വർഗ്ഗ വിപ്ലവമാക്കി വികസിപ്പിക്കുകയും മാത്രമായിരുന്നില്ല ലെനിന്റെ സംഭാവന, മാർക്സിസത്തെ പ്രയോഗതലത്തിൽ വികസിപ്പിക്കുന്നതിലെ നിസ്തുല സംഭാവനകൾ, സാമ്രാജ്യത്വത്തെ സംബന്ധിച്ച സൈദ്ധാന്തിക സംഭാവനകൾ , മാർക്സിന്റേയും ഏംഗൽസിന്റെയും ധാരണകളിൽ നിന്നുള്ള വിച്ഛേദനമായിത്തന്നെ തൊഴിലാളി - ചെറുകിട കർഷക ഐക്യനിരയെ വിപ്ലവസഖ്യമാക്കി വളർത്തുന്നതിലെ സംഭാവനകൾ, ഇങ്ങനെ എണ്ണിയാൽ തീരുന്നതോ അന്നത്തെ സ്ഥലകാലങ്ങളിൽ ഒതുങ്ങി പോകുന്നതോ അല്ല ലെനിൻ എന്ന ചരിത്ര വ്യക്തിത്വത്തിന്റെ സംഭാവനകൾ. പക്ഷെ ലെനിന്റെ ഏറ്റവും പ്രധാന സംഭാവന ലെനിന്റെ പേരിനെ തന്നെ അനശ്വരമാക്കുന്ന ലെനിനിസ്റ്റ് പാർട്ടി എന്ന സങ്കൽപ്പമാകും. മാർക്സിസം സിദ്ധാന്തത്തിന്റെ പ്രയോഗവും പ്രയോഗത്തിന്റെ സിദ്ധാന്തവുമാണ് ,പക്ഷെ മാർക്സിസത്തെ വിശകലന ഉപാധി എന്നതിനപ്പുറം വിപ്ലവപ്രയോഗമാക്കി മാറ്റാൻ ഒരു ലെനിനിസ്റ്റ് പാർട്ടി കൂടിയേ തീരൂ എന്ന ചരിത്രപാഠത്തിലാണ് ലെനിന്റെ പ്രസക്തി. 2008 ലെ മുതലാളിത്ത പ്രതിസന്ധിക്കു ശേഷം ലോകമെമ്പാടും വലിയ തോതിൽ ജനങ്ങളുടെ പ്രതിഷേധ പോരാട്ടങ്ങൾ ഉയർന്നു, മാധ്യമങ്ങൾ വിവിധ പേരിട്ടു വിളിച്ച ആ 'വിപ്ലവങ്ങളൊന്നും' പക്ഷെ, താത്കാലിക നേട്ടങ്ങൾക്കപ്പുറത്തേക്ക് വികസിച്ചില്ല. ഒരു ചൂഷക ഭരണാധികാരിക്ക് പകരം മറ്റൊരാൾ എന്നതിനപ്പുറം ഘടനാപരമായ മാറ്റങ്ങളിലേക്ക് മുന്നേറാൻ ആ 'ജനസഞ്ചയങ്ങൾ'ക്ക് കഴിയാതെ പോയതിന്റെ പ്രധാനകാരണം ഈ സ്വാഭാവിക (spontaneous) പ്രതികരണങ്ങളെ ഒരു വിപ്ലവമുന്നേറ്റമാക്കി മാറ്റാനുള്ള നേതൃത്വം അവിടങ്ങളിൽ ഉണ്ടായിരുന്നില്ല എന്നതാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ 1848 പുറത്തിറങ്ങിയപ്പോൾ അതിന്റെ ആദ്യ പേര് 'എ മാനിഫെസ്റ്റോ ഓഫ് ദി കമ്മ്യുണിസ്റ്റ് പാർട്ടി' എന്നായിരുന്നു. എന്നാൽ പേരിനപ്പുറം മാനിഫെസ്റ്റോയിലെവിടെയും കമ്മ്യുണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച ആശയങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ് കൗതുകകരമായ ഒരു വസ്തുത. 1847 ൽ നടന്ന രണ്ടു കോൺഗ്രസ്സുകൾക്ക് ശേഷം കമ്മ്യുണിസ്റ്റ് ലീഗ് എന്ന നൂറോളം അംഗങ്ങളുടെ നിയതമായ രൂപമില്ലാതിരുന്ന ഒരു സംഘടന അതിന്റെ മാനിഫെസ്റ്റോ എഴുതാൻ ഏംഗൽസിനെയും തുടർന്ന് മാർക്സിനെയും ചുമതലപ്പെടുത്തുമ്പോൾ അവരെ നയിച്ചിരുന്നത് അക്കാലത്തെ തിളച്ചു മറിയുന്ന ലോകസാഹചര്യം തന്നെയായിരുന്നു. ഫ്യൂഡൽ ഘടന എത്രമാത്രം ദുർബലമാണെന്ന് ഫ്രഞ്ച് വിപ്ലവം കാണിച്ചു തരികയും , മുതലാളിത്ത ലോകത്തിന്റെ ആന്തരിക വൈരുധ്യങ്ങൾ ഏറെ ദൃശ്യമാകുകയും ലോകമെമ്പാടും തൊഴിലാളി വർഗ്ഗ , കർഷക സമരങ്ങളും കലാപങ്ങളും പടരുകയും ചെയ്യുന്ന കാലത്ത് അവർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് മുതലാളിത്തത്തിന്റെ ആസന്നമായ തകർച്ചയുടെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും സ്വാഭാവികതയിലായിരുന്നു. അതുകൊണ്ടു തന്നെ മാർക്സിനെ സംബന്ധിച്ചിടത്തോളം കമ്മ്യുണിസ്റ്റ് പാർട്ടി എന്നത് വിപ്ലവത്തിന്റെ അനിവാര്യതയിൽ ഊന്നിയ ഒന്നായിരുന്നു. മാർക്സിനെ സംബന്ധിച്ചിടത്തോളം കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഘടനയെയും സവിശേഷതകളെയും രൂപത്തെയും കുറിച്ച് ആഴത്തിലന്വേഷിക്കുക എന്നതിനേക്കാൾ പ്രധാനമായിരുന്നു മുതലാളിത്തത്തിന്റെ വൈരുധ്യങ്ങളും ചലനനിയമങ്ങളും ലോകത്തിനു മുന്നിൽ എത്തിക്കുക എന്നത്. എന്നാൽ പതിയെ ഈ ആത്മവിശ്വാസത്തെ കെടുത്തുന്ന ശക്തി, ഭരണവർഗം കാണിക്കുവാൻ തുടങ്ങി, പാരീസ് കമ്മ്യുണിന്റെ അടിച്ചമർത്തലോടെ ഭരണവർഗം എത്ര അക്രമോത്സുകമായാണ് ഏതു തരം വിമോചനപോരാട്ടങ്ങളോടും പ്രതികരിക്കുക എന്നത് ലോക തൊഴിലാളി വർഗ്ഗത്തിന് കൂടുതൽ വ്യക്തമായി , ഒപ്പം തൊഴിലാളി വർഗ്ഗത്തിന്റെ ഒരു ആഗോള ഐക്യനിരക്കപ്പുറം ദേശരാഷ്ട്രങ്ങൾക്കകത്തെ മുന്നേറ്റങ്ങളായി എല്ലാ രാഷ്ട്രീയ പോരാട്ടങ്ങളും പരിണമിക്കുവാനും തുടങ്ങി.

ലെനിൻ | PHOTO: WIKI COMMONS
മാർക്സിന്റെ ആശയങ്ങൾക്ക് വികസിത മുതലാളിത്ത രാജ്യങ്ങളേക്കാളും സ്വീകാര്യത അക്കാലത്തു തന്നെ ലഭിച്ച ഇടമായിരുന്നു റഷ്യ. സാർ ചക്രവർത്തിയുടെ സ്വേച്ഛാധിപത്യ ചൂഷണാ ഭരണത്തിനു നേരെ ജനങ്ങൾ വിവിധ തലത്തിൽ പോരാട്ടങ്ങൾ ഏറ്റെടുത്തിരുന്ന റഷ്യയിൽ ആദ്യ ഘട്ടത്തിൽ വ്യക്തിപരമായ ഭീകരവാദ - ഉന്മൂലന രാഷ്ട്രീയത്തിലൂടെ പ്രതികരിക്കാനായിരുന്നു യുവാക്കൾ ശ്രമിച്ചത്, എന്നാൽ ഭരണവർഗം ശക്തമായി തിരിച്ചടിക്കാൻ തുടങ്ങിയതോടെ സംഘടിത പ്രസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള ശ്രമങ്ങളായി. എന്നാൽ ഇത്തരം ഒറ്റപ്പെട്ട ഗ്രൂപ്പുകളെയെല്ലാം പോലീസ് അടിച്ചമർത്തുകയോ , അവ അഭിപ്രായഭിന്നതകൾ മൂലം വിഘടിക്കുകയോ ചെയ്തു പോന്നു. 1895 നും 1902 നും ഇടയിൽ മോസ്കോയിൽ ഉടലെടുത്ത അസംഖ്യം സോഷ്യൽ ഡെമോക്രറ്റിക് പാർട്ടികളുടെ ശരാശരി ആയുസ്സ് മൂന്നു മാസത്തിൽ താഴെയായിരുന്നു. അതുകൊണ്ടു തന്നെ സുസജ്ജമായ ഒരു സംഘടന എന്നത് ആദ്യ ഘട്ടം മുതൽ ലെനിന്റെ അന്വേഷണത്തിലെ മുഖ്യ പ്രമേയമായിരുന്നു. 1894 ൽ തന്റെ 24 ആം വയസ്സിൽ ലെനിൻ എഴുതിയ 'ആരാണ് ജനങ്ങളുടെ സുഹൃത്ത് അവരെങ്ങനെ സോഷ്യൽ ഡെമോക്രാട്ടുകളോട് പൊരുതുന്നു ' എന്ന കൃതിയിൽ തന്നെ "റഷ്യൻ വിപ്ലവ മുന്നേറ്റത്തിന്റെ നേരിട്ടുള്ള കടമ ഒരു സോഷ്യലിസ്റ്റ് തൊഴിലാളി പാർട്ടി രൂപീകരിക്കുകയാണ്" എന്ന് ലെനിൻ പ്രഖ്യാപിക്കുന്നുണ്ട്.

1903 ലാണ് ലെനിൻ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടിയിൽ അംഗമാകുന്നത്. അതിനു മുൻപുള്ള മൂന്നു വർഷക്കാലവും ലെനിന്റെ പ്രധാന ചിന്താപ്രശ്നം ഒരു തൊഴിലാളിവർഗ്ഗ വിപ്ലവപാർട്ടിയുടെ രൂപീകരണവും രൂപവുമായിരുന്നു. ചിതറിക്കിടക്കുന്ന റഷ്യൻ വിപ്ലവഗ്രൂപ്പുകളെ സംഘടിപ്പിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലെനിൻ 1900 ൽ ഇസ്‌ക്ര എന്ന പത്രം ആരംഭിക്കുന്നത്. കേരളത്തിൽ ദേശാഭിമാനി പ്രചാരണത്തിലുൾപ്പെടെ പലപ്പോഴും പറയാറുള്ള "പത്രം ഒരു പ്രചാരകൻ മാത്രമല്ല സംഘടകൻ കൂടിയാണ് " എന്ന ലെനിന്റെ വാക്യം ഈ ഘട്ടത്തിലാണ് ഉണ്ടാകുന്നത്. ഈ ആലോചനകളുടെ പശ്ചാത്തലത്തിലാണ് ലെനിൻ 1902 ൽ കമ്മ്യുണിസ്റ്റ് പാർട്ടികളുടെ ബ്ലൂപ്രിന്റ് എന്ന് വിളിക്കാവുന്ന " എന്ത് ചെയ്യണം" എന്ന പുസ്തകം എഴുതുന്നത്. റഷ്യയിലെ വിപ്ലവകാരികളെ ഏറെ സ്വാധീനിച്ച നിക്കോളായ് ചേർനിഷെവ്സ്കിയുടെ "എന്ത് ചെയ്യണം" എന്ന നോവലിന്റെ അതേ പേര് തന്നെ ലെനിനും സ്വീകരിച്ചത് യാദൃശ്ചികമല്ല , മറിച്ച് വൈകാരികതക്കപ്പുറം സംഘടിതവും , അച്ചടക്കമുള്ളതും , കേന്ദ്രീകൃതവുമായ ഒരു സംഘടനയിലൂടെ മാത്രമേ വിപ്ലവപ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് റഷ്യയിലെ മുൻവിപ്ലവകാരികളുടെ അനുഭവത്തിന്റെ കൂടി വെളിച്ചത്തിൽ പറയുകയായിരുന്നു ലെനിൻ.

1900 ലെ ഇസ്‌ക്ര പത്രം | PHOTO: PTI 
തൊഴിലാളികളുടെ സ്വമേധയാ (spontaneous) ഉള്ള പോരാട്ടങ്ങൾ ഭ്രൂണാവസ്ഥയിലുള്ള അവരുടെ ബോധത്തിന്റെ ഉത്പന്നമാണെന്നും ആധുനിക രാഷ്ട്രീയ സാമൂഹിക വ്യവസ്ഥക്ക് തങ്ങളുടെ താല്പര്യങ്ങളുമായുള്ള ശത്രുതയെക്കുറിച്ച് അവർ ബോധവാന്മാരാകാനുള്ള സാധ്യതയില്ലെന്നും, അതായത് അവരുടെ ബോധം ഇപ്പോഴും സോഷ്യൽ ഡെമോക്രറ്റിക് ബോധമായി വികസിച്ചിട്ടില്ലെന്നും ലെനിൻ പറയുന്നു. അതോടൊപ്പം തൊഴിലാളിവർഗ്ഗത്തിന്റെ ട്രേഡ് യുണിയനിസത്തിന് കൂടിപ്പോയാൽ ഭരണവർഗ്ഗത്തിൽ നിന്നും തങ്ങളുടെ കൂലിമെച്ചപ്പെടുത്താനും , ജോലി സാഹചര്യം മെച്ചപ്പെടുത്താനുമുള്ള നേട്ടങ്ങളിലേക്ക് മാത്രമേ വികസിക്കാനാകൂ, മറിച്ച് ആ ചൂഷണവ്യവസ്ഥയെ തന്നെ അട്ടിമറിക്കാനുള്ള ശേഷിയുണ്ടാകില്ലെന്നും അടിവരയിട്ടു. അതായത് തൊഴിലാളിവർഗ്ഗത്തിനിടയിൽ നിന്ന് തന്നെ അവരുടെ വിമോചന പോരാട്ടം ഉയർന്നു വരിക സാധ്യമല്ല എന്ന് അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ ലെനിൻ സമർത്ഥിച്ചു. അതുകൊണ്ടു തന്നെ തൊഴിലാളി - തൊഴിൽദായക മണ്ഡലത്തിന് "പുറത്തു നിന്നും" തൊഴിലാളികളിലേക്ക് എത്തിക്കേണ്ട ഒന്നാണ് 'വർഗ്ഗ രാഷ്ട്രീയ ബോധം'. ഇവിടെ തൊഴിലാളികളുടെ സ്വാഭാവിക പോരാട്ടങ്ങളെ നിരസിക്കുകയല്ല ലെനിൻ മറിച്ച് ''ഇത്തരം സ്വാഭാവിക സമരങ്ങൾ വർഗ്ഗ സമരങ്ങളായി വികസിക്കണമെങ്കിൽ വിപ്ലവകാരികളുടെ സുസംഘടിതമായ ഒരു സംഘടനാ നേതൃത്വം ഈ സമരങ്ങൾക്കുണ്ടായേ തീരു " എന്ന് സമർഥിക്കുകയാണ്‌ ലെനിൻ. എന്നാൽ അത്തരമൊരു സംഘടനയാകട്ടെ വർഗാതീതമായ താല്പര്യങ്ങൾ ഉള്ളതല്ല മറിച്ച് അതൊരു തൊഴിലാളിവർഗ്ഗ പാർട്ടിയാണ്. റഷ്യയെ പോലെ അടിച്ചമർത്തപ്പെട്ട ഒരു രാജ്യത്ത് സോഷ്യലിസ്റ്റ് ബോധമുള്ള, വസ്തുനിഷ്ഠ സാഹചര്യങ്ങളോട് ഉടനടി പ്രതികരിക്കാനാവുന്ന തൊഴിലാളികളുടെ എണ്ണം വളരെ കുറവായിരുന്നു അതിനാൽ തന്നെ പാർട്ടിയുടെ വലുപ്പം കുറഞ്ഞതാക്കാനും, രഹസ്യ സ്വഭാവമുള്ളതാക്കാനും ഒപ്പം തന്നെ തങ്ങളുടെ പ്രാഥമിക കടമ വിപ്ലവപ്രവർത്തനമാക്കിയ 'പ്രൊഫഷണൽ വിപ്ലവകാരികളുടെ ' സംഘടനയായി അതിനെ മാറ്റാനും ലെനിൻ നിർദ്ദേശിച്ചു. ഇന്ന് ഒരു പക്ഷെ എലീറ്റിസം എന്നോ തൊഴിലാളികളുടെ ഏജൻസിയെ ലെനിൻ രക്ഷാകർത്തൃത്വവത്കരിച്ചുവെന്നൊ ഒക്കെ സൈദ്ധാന്തികർ വിമർശിക്കാൻ സാധ്യതയുള്ള ഈ നിലപാടുകൾ പക്ഷെ അന്നത്തെ റഷ്യൻ സാഹചര്യത്തോടുള്ള ലെനിന്റെ മൂർത്തമായ പ്രതികരണമായിരുന്നു. ലെനിന്റെ തന്നെ വാക്കുകളിൽ -'ബഹുജനങ്ങൾക്ക് വലിയതോതിൽ പ്രാപ്യമായ ഒരു വിപുലമായ പാർട്ടി എന്നത് അവസരവാദികൾക്കും , പോലീസ് ചാരന്മാർക്കും കൂടെ പ്രാപ്യമായതാകും എന്ന് നാം തിരിച്ചറിയണം'. പാർട്ടി ഘടനയെ കുറിച്ചുള്ള ഈ സംവാദം 1903 ആയപ്പോഴേക്കും പാർട്ടി തന്നെ രണ്ടായി പിളരുന്നതിലേക്ക് നയിച്ചു , അങ്ങനെയാണ് ബോൾഷെവിക്കുകളും മെൻഷെവിക്കുകളുമായി ആർ എസ് ഡി എൽ പി പിളരുന്നത്. 1903 ലെ രണ്ടാം പാർട്ടി കോൺഗ്രസ്സാണ് പിളർപ്പിന് വേദിയായത് , പ്രധാന പ്രശ്നം പാർട്ടി അംഗത്തെ സംബന്ധിച്ച നിർവചനമായിരുന്നു. മാർട്ടോവ്വ് താരതമ്യേന അയഞ്ഞ നിലപാടെടുത്തപ്പോൾ "പാർട്ടി പരിപാടി സ്വീകരിക്കുകയും , പാർട്ടിയെ സാമ്പത്തികമായി പിന്തുണക്കുകയും അതിന്റെ സംഘടനകളിലൊന്നിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ആൾ " മാത്രമേ പാർട്ടി അംഗമാകാവൂ എന്ന നിലപാടായിരുന്നു ലെനിന്റേത്. പ്രൊഫഷണൽ വിപ്ലവകാരി എന്ന സങ്കല്പത്തെക്കുറിച്ച് 'എന്ത് ചെയ്യണം' എന്ന പുസ്തകത്തിൽ ലെനിൻ പറയുന്നു

"...സംഘടനാ രംഗത്ത് നാം ചെയ്ത ഏറ്റവും വലിയ തെറ്റ് റഷ്യൻ വിപ്ലവകാരികളുടെ ജനസ്വീകാര്യതയെ നാം നമ്മുടെ പ്രാകൃത സ്വഭാവങ്ങൾ കൊണ്ട് അധഃപതിപ്പിച്ചു കളഞ്ഞു എന്നതാണ്. സൈദ്ധാന്തിക രംഗത്ത് നിലപാടെടുക്കാനാകാതെ ആടിക്കളിക്കുന്ന ആൾ, വളരെ സങ്കുചിതമായ വീക്ഷണത്തോടു കൂടിയ ആൾ , ജനം തനിയെ ഉണർന്നെണീറ്റ്‌ കൊള്ളും എന്ന് പറഞ്ഞു സ്വന്തം വിഡ്ഢിത്തത്തെ ന്യായീകരിക്കുന്ന ആൾ , ജനനേതാവെന്നതിലുപരിയായി ഒരു ട്രേഡ് യൂണിയൻ സെക്രട്ടറിയെ പോലെ പ്രവർത്തിക്കുന്ന ആൾ , ശത്രുക്കളുടെ പോലും ബഹുമാനം പിടിച്ചുപറ്റാൻ കഴിയും വിധം ധീരമായ പദ്ധതികൾ സൃഷ്ടിക്കാൻ കരുത്തില്ലാത്തയാൾ , പോലീസിനോട് പോരാടുകയെന്ന കലയിൽ ഭീരുത്വം കാണിക്കുന്നയാൾ അവർക്കൊന്നും ഒരു പ്രൊഫഷണൽ വിപ്ലവകാരിയാകാൻ കഴിയില്ല അവർ വെറും വഷളൻ പൊറാട്ടുകളിക്കാരൻ മാത്രമാണ്".
എന്നാൽ അതെ സമയം ബഹുജനങ്ങളിൽ നിന്നകന്നു നിൽക്കുന്ന ഒരു രഹസ്യ ഗ്രൂപ്പായിരുന്നില്ല ലെനിൻ വിഭാവനം ചെയ്തത്, ലെനിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "ബഹുജനങ്ങളെ വർഗ്ഗബോധമുള്ളവരും സംഘടിതരും , ബൂർഷ്വാസിക്കെതിരെ രാഷ്ട്രീയ വിദ്യാഭ്യാസവും പരിശീലനം നേടിയവരുമാക്കാതെ റഷ്യയിൽ ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തെ നാം സ്വപ്നം കാണേണ്ടതില്ല''.


കേന്ദ്രീകൃത ജനാധിപത്യം

ഒരു വിപ്ലവപാർട്ടിയുടെ സംഘടനാ രൂപം മുകളിൽ നിന്നും താഴേക്ക് കെട്ടിപ്പടുക്കുന്നതാണ്. സമൂഹത്തിലെ ഏറ്റവും വികസിതമായ ആശയങ്ങളുടെ വാഹകരും നിലനിൽക്കുന്ന സാമൂഹിക രാഷ്ട്രീയ ശാസ്ത്ര ചിന്തകളെ ആഴത്തിൽ പഠിച്ചവരുമായ തൊഴിലാളിവർഗ്ഗ പ്രവർത്തകരുടെ സംഘടനാ രൂപമായിരിക്കണം അത്. അത്തരമൊരു സംഘടനക്ക് മാത്രമേ തൊഴിലാളികളുടെ മാത്രമല്ല സമൂഹത്തിലെ എല്ലാ ചൂഷിതരുടെയും ശബ്ദമായി മാറാനും അവരെ സംഘടിപ്പിക്കാനും കഴിയൂ. മൂലധനശക്തികളുടെ കേന്ദ്രീകൃത വിഭവങ്ങളെയും പ്രത്യയശാസ്ത്ര ഉപകരണങ്ങളെയും നേരിടാൻ തൊഴിലാളികളുടെ സംഘടനാ രൂപവും കേന്ദ്രീകൃതമായിരിക്കണം.

ഇതിനർത്ഥം കേന്ദ്രീകൃത നേതൃത്വത്തിന്റെ നയങ്ങളെയും തീരുമാനങ്ങളെയും യാന്ത്രികമായി അംഗീകരിക്കുന്ന ഒരു സംഘടനയാണ് പാർട്ടി എന്നല്ല മറിച്ച് എല്ലാ ഘടകങ്ങളിലും ഏറ്റവും രൂക്ഷമായ ചർച്ചകളും വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉയർത്തുകയും എന്നാൽ അതിൽ നിന്ന് ഉയർന്നു വരുന്ന തീരുമാനങ്ങളെ ഒറ്റക്കെട്ടായി നടപ്പാക്കുകയും ചെയ്യുന്ന സംഘടനാ സ്വഭാവം എന്നതാണ്. മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും , നിലനിൽക്കുന്ന വ്യവസ്ഥയിൽ അധികാരം നേടാനും അവകാശങ്ങൾ നേടാനും പ്രവർത്തിക്കുന്ന പാർട്ടികളാണ് എന്നാൽ കമ്മ്യുണിസ്റ്റ് പാർട്ടിയാകട്ടെ നിലനിൽക്കുന്ന വ്യവസ്ഥയെ തന്നെ അട്ടിമറിക്കാനും പകരം ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയെ സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ നിലനിൽക്കുന്ന സമൂഹത്തിലെ ഭരണവർഗ്ഗങ്ങളുടെ മുഖ്യശത്രുവായി കമ്മ്യുണിസ്റ്റ് പാർട്ടിയെ അവർ കാണുന്നു. അത്തരമൊരു വിപ്ലവപാർട്ടി ഏത് സാഹചര്യത്തെയും നേരിടാൻ സദാസന്നദ്ധമായിരിക്കണം. ഒരു അയഞ്ഞ ഘടനയിൽ പ്രവർത്തിക്കുന്ന പാർട്ടിക്ക് അത്തരമൊരു വിപ്ലവ പ്രവർത്തനം സാധ്യമല്ല അതിനാൽ കേന്ദ്രീകൃത ജനാധിപത്യത്തിൽ ഊന്നിയ ഒരു പ്രൊഫഷണൽ വിപ്ലവ സംഘടനക്ക് മാത്രമേ വിപ്ലവപാർട്ടിയായി പ്രവർത്തിക്കാനാകൂ.



മാർക്‌സും ഏംഗൽസും കരുതിയതിൽ നിന്ന് വ്യത്യസ്തമായി താരതമ്യേന അവികസിത മുതലാളിത്തമുള്ള , ചെറുകിട കർഷകർക്ക് നിർണായകമായ സ്‌ഥാനമുള്ള റഷ്യയിലാണ് ആദ്യ സോഷ്യലിസ്റ്റ് വിപ്ലവം നടക്കുന്നത്. വികസിതമായ മുതലാളിത്ത സമൂഹത്തിൽ നിന്നുള്ള സോഷ്യലിസ്റ്റ് പരിവർത്തനത്തിൽ നിന്ന് വിഭിന്നമായി റഷ്യയെപ്പോലൊരു പിന്നോക്ക സമൂഹത്തെ സാമ്രാജ്യത്വ ചങ്ങലയിലെ ഏറ്റവും ബലഹീനമായ കണ്ണിയായി തിരിച്ചറിയുകയും അവിടെ വിപ്ലവം നടത്തുകയുമായിരുന്നു ലെനിൻ. അതിനായി തൊഴിലാളി കർഷക ഐക്യനിരയെ കെട്ടിപ്പടുക്കാനും (worker - peasant alliance) അവരുടെ നേതൃത്വമായി ഒരു വിപ്ലവപാർട്ടിയെ വളർത്താനും ലെനിന് കഴിഞ്ഞു. ഈ മാതൃകയാണ് പിന്നീട് നടന്ന സോഷ്യലിസ്റ്റ് വിപ്ലവ പ്രക്രിയകളിലെല്ലാം അതാതിടങ്ങളിലെ വസ്തുനിഷ്ഠ സാഹചര്യങ്ങൾക്കനുസൃതമായി ആവർത്തിക്കപ്പെട്ടത്.

സോവിയറ്റ് യൂണിയനിലെ പ്രതിവിപ്ലവത്തിനു ശേഷം ലോകത്തെ പല സോഷ്യൽ ഡെമോക്രറ്റിക് പാർട്ടികളും ചരിത്രത്തിന്റെ അന്ത്യം മുതലാളിത്തമാണെന്ന ധാരണയിൽ അലിഞ്ഞില്ലാതായി. എന്നാൽ മുപ്പത് വർഷത്തിനിപ്പുറം മുതലാളിത്തത്തിന്റെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിൽ തുടരുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അസമത്വത്തിലും വംശീയ വെറുപ്പിലും സംഘർഷങ്ങളിലുമാണ് ലോകം. ഇത്തരമൊരു കാലത്ത് അദ്ധ്വാനിക്കുന്ന മനുഷ്യരെ ഒരുമിച്ച് ചേർത്ത് പോരാടാനും മനുഷ്യവിരുദ്ധമായ ഈ ചൂഷണവ്യവസ്ഥയെ തച്ചുതകർക്കാനും ലെനിനിസ്റ്റ് പാർട്ടികളുടെ സംഘടിതവും സുശക്തവും അച്ചടക്കമുള്ളതുമായ നേതൃത്വത്തിലൂടെ മാത്രമേ കഴിയൂ എന്ന് ലോകം ഓരോ ദിവസവും കൂടുതലായി തിരിച്ചറിയുകയാണ്. അതുതന്നെയാണ് ലെനിനെ ചൂഷിതവർഗ്ഗങ്ങളുടെ പ്രതീക്ഷാ വെളിച്ചമായി നിലനിർത്തുന്നതും.


#outlook
Leave a comment