TMJ
searchnav-menu
post-thumbnail

TMJ Sports

കളി തോറ്റതവിടെ നില്‍ക്കട്ടെ; ഈ സംസ്‌കാരത്തെ കുറിച്ച് നമുക്ക് എത്രനാള്‍ അഭിമാനിക്കാനാവും? 

25 Nov 2023   |   6 min Read
വിശാഖ് ശങ്കര്‍

ന്നരമാസത്തോളം നീണ്ടുനിന്ന ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചു. അതുവരെയുള്ള ഒരു കളിയിലും തോല്‍വി അറിയാതെ ഫൈനലില്‍ വന്ന ഇന്ത്യ അവരുടെ മണ്ണില്‍ത്തന്നെ കലാശക്കളിയില്‍ തോറ്റു. ഇന്ത്യയുടെ നാടകീയം എന്നുതന്നെ വിളിക്കാവുന്ന കുതിപ്പിന് കപ്പിനും ചുണ്ടിനും ഇടയില്‍ ഒരു ആന്റി ക്ളൈമാക്സ്.

ഇന്ത്യ ഒരു ലോകകപ്പ് എടുത്തിട്ട് പന്ത്രണ്ടുകൊല്ലം കഴിഞ്ഞു. രണ്ടായിരത്തി പതിനൊന്നിനുശേഷം നടന്ന പല ഏകദിന, ട്വന്റി-20, ടെസ്റ്റ് ലോകകപ്പുകളിലും ഇന്ത്യ സെമി, ഫൈനല്‍ ഘട്ടങ്ങളില്‍ എത്തിയെങ്കിലും അതില്‍ ഒന്നിലും വിജയിക്കാന്‍ ആയില്ല. ഈ ഏകദിന ലോകകപ്പില്‍ ആദ്യം പറഞ്ഞതുപോലെ ഒരു കളിയിലും തോല്‍ക്കാതെ ഫൈനല്‍ വരെ എത്തിയിട്ട് ആ കളിയില്‍ അവര്‍ ആദ്യം തോല്‍പിച്ച ടീമിനോട് തോറ്റു. ഹൃദയഭേദകമാണ് ആ കപ്പ് നഷ്ടം. പക്ഷേ...

കളി അങ്ങനെയാണ്. അതില്‍ ഒരു വിജയി മാത്രം. കളി നടക്കുന്ന സമയപരിധിക്കുള്ളിലെ വൈകാരിക വിസ്ഫോടനങ്ങള്‍ക്കുശേഷം കളിക്കാരും കളിയെ നിലനിര്‍ത്തുന്ന അതിന്റെ ആരാധകരും ജയപരാജയങ്ങളെ എങ്ങനെ മനസ്സിലാക്കുന്നു, കളിക്കുശേഷം എങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനം. കാരണം അതാണ് ആരോഗ്യകരമായ ഒരു കേളി ആസ്വാദന സംസ്‌കാരത്തെ നിര്‍ണയിക്കുന്നത്.

REPRESENTATIVE IMAGE | PTI
എന്താണ് ആരോഗ്യകരമായ കേളി ആസ്വാദന സംസ്‌കാരം

ആരോഗ്യകരമായ കേളി ആസ്വാദന സംസ്‌കാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആത്യന്തികമായി സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് തന്നെ. കളി നടന്നുകൊണ്ടിരിക്കുമ്പോഴും അതിനുശേഷവും ഓരോ ടീമും എതിര്‍ ടീമിനോട് പെരുമാറുന്ന രീതി, കാണിക്കുന്ന പ്രതിപക്ഷ ബഹുമാനം, സര്‍വോപരി തങ്ങള്‍ കളിക്കുന്ന കളിയുടെ അന്തസ്സിനോടും മാഹാത്മ്യത്തിനോടും ഉള്ള അര്‍പണബോധം ഒക്കെയാണ് കളിക്കാരുടെ സ്പോര്‍ട്സ്മാന്‍ ഷിപ്പിനെ നിര്‍ണയിക്കുന്നത്. എന്നാല്‍ ആരോഗ്യകരമായ കേളി സംസ്‌കാരം എന്നതില്‍ കളിക്കാര്‍ മാത്രമല്ല, കളിയെ നിലനിര്‍ത്തുന്ന അതിന്റെ ആസ്വാദകരും ഉള്‍പ്പെടുന്നു.

ഓരോ കളിക്കാരും ആദ്യം കളിയുടെ ആസ്വാദകരാണ്. അവര്‍ ആസ്വദിച്ച ആ കളിയുടെ സൗന്ദര്യമാണ് അവരെ അതിലേക്ക് അടുപ്പിക്കുന്നത്. അങ്ങനെ കളി 'ഭ്രാന്ത'ന്മാരായി മാറുന്നവരില്‍ ചിലര്‍ കളിയെ ഒരു പ്രൊഫഷനായി എടുക്കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് വളരുന്നു. അവരില്‍ തന്നെ ഒരു ന്യൂനപക്ഷം ദേശീയ ടീമിനെ പ്രതിനിധീകരിക്കുക എന്നത് ഒരു കളി ആസ്വാദകന്റെ ആത്യന്തിക സ്വപ്നത്തെ സാക്ഷാത്കരിക്കുന്നു. അതില്‍ ഒരു അതിന്യൂനപക്ഷം കളിയിലെ സര്‍വകാല മഹാന്മാരുടെ പട്ടികയിലേക്ക് (ഗോട്ട്) ഉയരുന്നു.  മറ്റ് നിരവധി മനുഷ്യര്‍ കളി ഒരു തൊഴിലാക്കാനുള്ള മോഹം അതിനായുള്ള ശ്രമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് പോകുന്നു. എങ്കിലും അവര്‍ കളിയുടെ ആസ്വാദകരായി തുടരുന്നു. മറ്റൊരുകൂട്ടം മനുഷ്യര്‍ കളി ഒരു പ്രൊഫഷന്‍ ആക്കുന്നത് പോയിട്ട് തങ്ങളുടെ തെരുവിന്റെ ടീമില്‍ പോലും ഉള്‍പ്പെടാതെ തന്നെ ആ കളിയുടെയും കളിക്കാരുടെയും ആരാധകരായി തുടരുന്നു. ഇവര്‍ ഒക്കെയും ചേരുന്നതാണ് ആസ്വാദകവൃന്ദം. ആ ആസ്വാദകവൃന്ദത്തിന്റെ കളിയോടുള്ള പൊതുവായ സമീപനം, ആസ്വാദനത്തിന്റെ ആഴം ഒക്കെയാണ് ആരോഗ്യകരമായ കേളി ആസ്വാദന സംസ്‌കാരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ക്ലബ് തലത്തില്‍ ആണെങ്കിലും, ഫ്രാഞ്ചൈസി തലത്തില്‍ ആണെങ്കിലും, ദേശീയതലത്തില്‍ ആണെങ്കിലും, ഇനി സംസ്ഥാന, ജില്ലാ തലങ്ങളില്‍ ആയാല്‍ പോലും ഈ കേളി ആസ്വാദന സംസ്‌കാരം എന്നത് നിലനില്‍ക്കുന്നുണ്ട്. ക്ലബ് തലത്തിലാണെങ്കില്‍ ക്ലബിന്റെയോ, ഫ്രാഞ്ചൈസി തലത്തില്‍ ആണെങ്കില്‍ അതിന്റെയോ ദേശീയ, സംസ്ഥാന, ജില്ലാ തലത്തില്‍ ആണെങ്കില്‍ അവയുടെ സംസ്‌കാരമായി അത് മാറും എന്ന് മാത്രം.

REPRESENTATIVE IMAGE | WIKI COMMONS
ഒരു ദേശത്തിന്റെ കേളി ആസ്വാദന സംസ്‌കാരം

ഒരു ദേശത്തിന്റെ കേളി ആസ്വാദന സംസ്‌കാരം അതിന്റെ കളിക്കാരുടെയും കളി ആസ്വാദകരുടെയും പെരുമാറ്റം വഴിയാണ് നിര്‍ണയിക്കപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്തരമൊരു മഹത്തായ സംസ്‌കാരം, സ്പിരിറ്റ് നമ്മുടെ കളിക്കാര്‍ എല്ലാക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. കളി നടക്കുന്ന മണിക്കൂറുകളില്‍ മൈതാനത്ത് പോരാട്ടവീര്യം ഏതറ്റം വരെയും പോകുമെങ്കിലും അതുകഴിഞ്ഞ് പരസ്പര ബഹുമാനത്തോടെ മാത്രം പെരുമാറുന്ന, കളിക്കാര്‍ എന്ന നിലയില്‍ പരസ്പരം പിന്തുണയ്ക്കുകയും കളിയുടെ പൊതുനിലവാരം ഉയര്‍ത്താനായി തങ്ങളുടെ അനുഭവജ്ഞാനം എതിര്‍ടീമിന്റെ കളിക്കാരുമായിപോലും പങ്കുവയ്ക്കാന്‍ വിമുഖതകാട്ടാതെയും അത് അവര്‍ പലതവണ തെളിയിച്ചതാണ്.

മൈതാനത്തിന് പുറത്ത് താരങ്ങളും മുന്‍ താരങ്ങളും എതിര്‍ ടീമിന്റെ കളിക്കാരന്‍ ആണെന്നതൊന്നും പരിഗണിക്കാതെ നല്‍കുന്ന വൈകാരിക പിന്തുണയും, പ്രായോഗികവും ടെക്നിക്കലുമായ ടിപ്സും ഉപദേശങ്ങളും അനുഭവം പങ്കിടലും ഒക്കെ ഇന്ന് സ്പോര്‍ട്സ് ലോകത്ത് ദേശ, ക്ലബ്, ഫ്രാഞ്ചൈസി വ്യത്യാസമില്ലാതെ സാധാരണമായി തീര്‍ന്നിട്ടുണ്ട്. എന്നുവച്ചാല്‍ കളിക്കാര്‍ വഴി മുമ്പോട്ടുവയ്ക്കപ്പെടുന്ന കേളി ആസ്വാദന സംസ്‌കാരം കാലത്തിനനുസൃതമായി മുമ്പോട്ടുതന്നെ പോകുന്നുണ്ട്. നവീന്‍ ഉള്‍ഹഖ് എന്ന അഫ്ഗാന്‍ ബൗളറുമായി ഒരു ഐ പി എല്‍ കളിയില്‍ വ്യക്തിപരമായ ഉരസലിന് പോയ വിരാട് കോഹ്ലി ആ മത്സരത്തിന്റെ ചൂടാറിയതോടെ ചെയ്തതിനെ കുറിച്ച് പുനര്‍വിചിന്തനം നടത്തിയതും അതിന് തെളിവായി ലോകകപ്പില്‍ നവീനെ കൂവിവിളിച്ച ആസ്വാദകരെ അയാള്‍ നേരിട്ട് വിലക്കിയതും നവീനെ മൈതാനത്തുവച്ച് ആലിംഗനം ചെയ്തതും അത്തരം ഒരു പ്രവര്‍ത്തിയായിരുന്നു. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനായും ഇത്തരം ഒരു നീക്കം കോഹ്ലി നടത്തിയിട്ടുണ്ട് എന്നാണ് ഓര്‍മ.

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ജയിച്ചശേഷം കോഹ്ലി പാക് ക്യാപ്റ്റനും ലോകോത്തര ബാറ്റ്‌സ്മാനും ആയ ബാബറുമായി ജേഴ്‌സി കൈമാറിയതും ഈ ലോകകപ്പിലെ ഒരു മനോഹര നിമിഷമായിരുന്നു. മുമ്പ് ഒരു ഇന്ത്യ-ശ്രീലങ്ക കളിയില്‍ ഇന്ത്യ ജയിക്കും എന്ന് ഉറപ്പായഘട്ടത്തില്‍ അതുവരെ വിരോചിതമായി ചെറുത്തുനിന്ന ലങ്കന്‍ താരത്തെ സെഞ്ച്വറിയുടെ പടിവാതിലില്‍വച്ച് മങ്കാട് ചെയ്ത ഷമിയുടെ അപ്പീല്‍. മൂന്നാം അമ്പയര്‍ അത് തീരുമാനിക്കാന്‍ എടുത്ത സമയത്ത് രോഹിതും ഷമിയും ബാക്കി കളിക്കാരും അത് വേണോ എന്ന് പുനഃരാലോചിക്കുകയായിരുന്നു. അമ്പയര്‍ ഔട്ട് വിധിച്ച താരത്തെ അപ്പീല്‍ പിന്‍വലിച്ച് ക്യാപ്റ്റന്‍ രോഹിത് തിരികെ വിളിച്ചു. ഒരു ദേശീയ ടീം എന്ന നിലയില്‍ നമ്മുടെ കേളി സംസ്‌കാരം ആകാശത്തോളം ഉയര്‍ന്ന മറ്റൊരു മുഹൂര്‍ത്തം.

കളിക്കാരെ മാറ്റിനിര്‍ത്തിയാല്‍ നമ്മുടെ നാട്ടില്‍വച്ച് നടന്ന ഈ ലോകകപ്പില്‍ നമ്മുടെ കളി ആസ്വാദകര്‍ മുമ്പോട്ട് വച്ചത് അത്തരം ഒരു സാംസ്‌കാരിക ഉന്നതിയുടെ ദിശാസൂചികയായിരുന്നുവോ?

വിരാട് കോലി, ബാബർ അസം | PHOTO: PTI
തീവ്ര ദേശീയതപോലുമല്ല, അയുക്തിക ദേശീയത

ദേശീയതാബോധം എന്നത് ആധുനിക ദേശരാഷ്ട്രങ്ങള്‍ അതിന്റെ പൗരസമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു വികാരമാണ്. കാരണം എല്ലാ ആധുനികതാനന്തര ദേശരാഷ്ട്രങ്ങളും പണ്ടുകാലത്ത് ദേശത്തെ നിര്‍ണയിച്ചിരുന്ന ഭാഷ, മതം, വംശം, സംസ്‌കാരം തുടങ്ങിയ ഏകകങ്ങളെ ആശ്രയിച്ചല്ല രൂപംകൊണ്ടത്. പ്രത്യേകിച്ച് ഇന്ത്യ. നാനാത്വത്തില്‍ ഏകത്വംപോലെ ഒരു സ്ലോഗന്‍ നമ്മുടെ ദേശീയതാ നിര്‍മിതിയുടെ മുഖ്യമുദ്രാവാക്യമായി മാറിയത് അതുകൊണ്ടാണ്.

തീവ്രദേശീയത പലപ്പോഴും ദേശത്തിനുള്ളില്‍ത്തന്നെ നിലനില്‍ക്കുന്ന ഈ നാനാത്വത്തെ ഭൂരിപക്ഷ അധികാരംകൊണ്ട് മറികടക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് തീവ്രദേശീയത പലപ്പോഴും ഭൂരിപക്ഷ ദേശീയതയായി മാറുന്നു. അത് ആധുനിക ദേശരാഷ്ട്ര സങ്കല്‍പ്പത്തിന്റെ അടിസ്ഥാന സംസ്‌കാരത്തെ, അതിന്റെ ഭരണഘടനാ സദാചാരത്തെ അട്ടിമറിക്കുന്നു. ദേശീയ ടീം, കളിക്കാര്‍ പതിവുപോലെ ഈ ലോകകപ്പിലും അതിന്റെ മഹത്തായ കേളി സംസ്‌കാരം ഉയര്‍ത്തിപിടിച്ചപ്പോള്‍ ആസ്വാദകവൃന്ദത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ, ഒറ്റപ്പെട്ടത് എന്ന് കരുതി അവഗണിക്കാന്‍ ആവാത്ത പെരുമാറ്റം കളി ആസ്വാദന സംസ്‌കാരത്തെ മാത്രമല്ല, മുകളില്‍ പറഞ്ഞതുപോലെ പലപ്പോഴും ആധുനിക ദേശരാഷ്ട്ര സങ്കല്‍പ്പത്തിന്റെ അടിസ്ഥാന സംസ്‌കാരത്തെ, അതിന്റെ ഭരണഘടനാ സദാചാരത്തെ അട്ടിമറിക്കുന്നതായിരുന്നു.

പാകിസ്ഥാനില്‍ നിന്നും ലോകകപ്പ് കാണാനായി ഇന്ത്യയില്‍ എത്തിയ ഒരു പാകിസ്ഥാനി. അയാള്‍ സ്വാഭാവികമായും പാകിസ്ഥാന്‍ അനുകൂലി ആവുമല്ലോ. അയാള്‍ക്ക് പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ച് സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ലേ? ഇന്ത്യയ്ക്ക് എതിരെയുള്ള കളിപോലും അല്ല അത്. ആണെങ്കില്‍ത്തന്നെ ഓസ്‌ട്രേലിയയിലും ബ്രിട്ടനിലും സൗത്ത് ആഫ്രിക്കയിലും എന്നിങ്ങനെ ലോകത്ത് ഏത് രാജ്യത്തും അവര്‍ക്ക് എതിരെ നടക്കുന്ന കളിയില്‍ നമ്മുടെ രാജ്യത്തിന്റെ പതാകയുമേന്തി അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ നമുക്ക് എത്താന്‍ ആവുമെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയ്ക്ക് എതിരെ നടക്കുന്ന മത്സരത്തിലാണെങ്കില്‍പോലും ഒരു പാകിസ്ഥാനിക്ക് അയാളുടെ പതാകയേന്തി പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കാന്‍ അവകാശം ഉണ്ടാവേണ്ടതല്ലേ?

അത് പോട്ടെ. ക്രിക്കറ്റ് ഒരു കളിയാണ്, യുദ്ധമല്ല എന്നതുകൊണ്ടുതന്നെ കളിയുടെ ഇസ്തറ്റിക്സ് വച്ച് ഒരിന്ത്യക്കാരന് പാകിസ്ഥാന്‍ ടീമിന്റെ ഫാന്‍ ആവാന്‍ അവകാശമില്ലേ എന്നതാണ് ഇനി അടുത്ത ചോദ്യം. അതിന്റെ ഉത്തരം എന്തെന്നതൊക്കെ പിന്നത്തെ കാര്യം. അങ്ങനെ ഒരു ഇന്ത്യക്കാരന്‍ ചെയ്താല്‍ അയാള്‍ അറസ്റ്റ് ചെയ്യപ്പെടുമോ, അതിനുംമുമ്പ് ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായി കൊല്ലപ്പെടുമോ എന്നതാണ് ഇന്ന് പ്രസക്തമായ ശങ്ക. കോടതിയും വിധിന്യായവുമൊക്കെ പിന്നെയല്ലേ.

REPRESENTATIVE IMAGE | WIKI COMMONS
ഒരു നിമിഷംകൊണ്ട് രാജ്യദ്രോഹി

മുഹമ്മദ് ഷമി എന്ന ബൗളര്‍ ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ ബൗളറാണ്. അതും മറ്റുള്ളവരെക്കാള്‍ വളരെ കുറച്ച് മത്സരം മാത്രം കളിച്ചുകൊണ്ട്. ഈ ലോകകപ്പിലും ഇന്ത്യയുടെ ബൗളിങ്ങ് കുതിപ്പിന് തുടക്കമിട്ടത് അയാളുടെ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു. അതിനുമുമ്പ് എത്ര രാജ്യങ്ങളില്‍ എത്ര ഫോര്‍മാറ്റുകളില്‍ എത്ര മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയാണ് അയാള്‍ ഇന്ന് ഇന്ത്യയിലെ എന്നല്ല ലോകത്തിലെത്തന്നെ ഏറ്റവും മികച്ച സിം ബൗളര്‍മാരില്‍ പ്രമുഖനായി മാറിയത്.

ന്യൂസിലന്‍ഡിനെതിരേ സെമി ഫൈനലില്‍ ആദ്യ രണ്ട് വിക്കറ്റ് വീഴ്ത്തിയശേഷം നിര്‍ണായകമായ ഒരു കൂട്ടുകെട്ട് പൊളിക്കാന്‍ ആവുന്ന ഒരു സാധാരണ ക്യാച്ച് അയാള്‍ നിലത്തിടുന്നു. ഒരു കളി ആരാധകന്‍ എന്ന നിലയില്‍ ആ നിമിഷത്തില്‍ നമ്മള്‍ അയാളെ തെറി വിളിച്ചെന്നിരിക്കും, കൂവി എന്നിരിക്കും. പക്ഷേ, രാജ്യദ്രോഹി എന്ന് വിളിക്കില്ല. കാരണം അത് ഒരു സാധാരണ തെറിയല്ല. ഒരു സാധാരണ വൈകാരിക പ്രതികരണവും അല്ല.

തൊട്ടുമുമ്പ് നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ഒറ്റയ്ക്ക് കളി ജയിപ്പിച്ച പ്രകടനവുമായി വന്ന സിറാജിന് ആ പ്രകടനം ലോകകപ്പിലും ആവര്‍ത്തിക്കാന്‍ പറ്റിയില്ല. എന്നാല്‍ ഷമി ആ ക്യാച്ച് വിട്ടശേഷം തുടര്‍ന്ന് എറിയാന്‍ എത്തി ഏഴ് വിക്കറ്റ് എറിഞ്ഞിട്ട് ഏതാണ്ട് ഒറ്റയ്ക്ക് കളി ജയിപ്പിച്ചു. എന്നിട്ടും ആ ഒരു ക്യാച്ച് നഷ്ടത്തിന്റെ നിമിഷത്തില്‍ അയാള്‍ രാജ്യദ്രോഹിയായി. ഒപ്പം സിറാജ്. എന്തുകൊണ്ട്?

വ്യാജ ദേശീയതയുടെ ശത്രുതാ സങ്കല്പം

കളി എന്ന നിലയില്‍ ക്രിക്കറ്റിനോടുള്ള സ്നേഹമോ, അതിന്റെ ഇസ്തറ്റിക്സില്‍ ഉള്ള താല്പര്യമോ, ടെക്നിക്കില്‍ ഉള്ള ധാരണയോ, പൊതുവില്‍ കളി അറിവോ ഇല്ലാത്ത ഒരു ആരാധകവൃന്ദം. അവര്‍ ക്രിക്കറ്റ് കാണുന്നത് കളിയായി അല്ല, യുദ്ധമായാണ്.

കളിക്കാര്‍ എല്ലാവരും കളിക്കുന്നത് ജയിക്കാന്‍ ആയി തന്നെയാണ്. അത് തെരുവില്‍ ആയാലും രാജ്യാന്തര സ്റ്റേഡിയത്തില്‍ ആയാലും എന്ന് ആദ്യം പറഞ്ഞു. പക്ഷേ, കളിക്കാര്‍ക്ക് അറിയാം തോല്‍വി എന്ന സാധ്യതയെയും കൂടെകൂട്ടി നടത്തുന്ന പോരാട്ടമാണ് ഓരോ കളിയും എന്ന്. അതിനി യുദ്ധമാണെങ്കിലും അങ്ങനെതന്നെ. ഇത് ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളിയാണ് എന്നൊക്കെ സിനിമയില്‍ ഡയലോഗ് പറയാം. പക്ഷേ, അതല്ല വസ്തുത എന്ന് കളിക്കാര്‍ക്കും പട്ടാളക്കാര്‍ക്കും ഒരുപോലെ അറിയാം. അപ്പോള്‍ അവര്‍ എന്തുചെയ്യും എന്ന് ചോദിച്ചാല്‍ പ്രോസസില്‍ വിശ്വസിക്കുക എന്നത് മാത്രം.

കഠിനമായ പരിശീലന, അനുശീലനങ്ങളുടെ തീവ്രപദ്ധതിയിലൂടെ കടന്നാണ് ഒരു കളിക്കാരനും പട്ടാളക്കാരനും ഉണ്ടാവുന്നത്. അവര്‍ നിര്‍ണായക നിമിഷങ്ങളില്‍ പിന്തുണ ആവുമെന്ന് വിചാരിക്കുന്നത് ആ പ്രോസസിനെ ആണ്. ഔട്ട് ഫീല്‍ഡില്‍ ഒരു ക്യാച്ച് പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴും ട്രെഞ്ചില്‍ എതിര്‍ രാജ്യത്തിന്റെ പോരാളിയെ ലക്ഷ്യംവച്ച് ലോഡ് ചെയ്ത തോക്കുമായി കിടക്കുമ്പോഴും. യൂ മിസ്, ഐ ഹിറ്റ് എന്നതാണ് തിയറി. അത് തന്നെയാണ് പ്രാക്ടിക്കലും!

യുദ്ധത്തില്‍ പലപ്പോഴും പരാജയം എന്നത് മരണമോ, ജീവനോടെ പിടിക്കപ്പെടുക എന്ന അതിലും ഗതികെട്ട അവസ്ഥയോ ആണ്. കളിയില്‍ പക്ഷേ, അങ്ങനെയല്ല. കാരണം കളി യുദ്ധമല്ല. പക്ഷേ, ഇതില്‍ രണ്ടിലും പൊതുവായി ഉള്ള ഒന്നുണ്ട്. വ്യക്തിപരമായ സ്പര്‍ദ്ധയൊന്നും ഇല്ലാതെ വേറൊരാളിനെ, ഒരുകൂട്ടത്തെ തോല്‍പിക്കാന്‍ നില്‍ക്കുമ്പോള്‍ ആ നിമിഷത്തില്‍ ഇല്ലെങ്കിലും ആക്ഷന്‍ കഴിയുമ്പോള്‍ താന്‍ തോല്പിച്ചതോ, കൊന്നതോ, പരുക്കേല്‍പ്പിച്ചതോ ആയ മറുപക്ഷത്തെ എതിരാളി നടത്തിയ പോരാട്ടത്തെക്കുറിച്ചുള്ള ഒരു തിരിച്ചറിവ്. അതില്‍ ഒരു ബഹുമാനം ഉണ്ടായിരിക്കും. മര്യാദ ഉണ്ടായിരിക്കും.

എന്നാല്‍ നിങ്ങള്‍ യുദ്ധം ചെയ്യുന്നത്, കളിക്കുന്നത് ഒരു എതിര്‍ ടീമിനെതിരെ മാത്രമല്ല, മറിച്ച് ജയിക്കാത്തപ്പോള്‍ ഒക്കെയും നിങ്ങളുടെ വര്‍ഷങ്ങള്‍കൊണ്ട് തെളിയിക്കപ്പെട്ട വിശ്വസ്തതയെയും, അര്‍പ്പണബോധത്തെയും ആ ഒരുദിവസംകൊണ്ട് രാജ്യദ്രോഹമായി മുദ്രകുത്തപ്പെടാവുന്ന ഒരു ആന്തരിക ദേശീയ അവസ്ഥയോട് കൂടിയാണ് എങ്കിലോ?

REPRESENTATIVE IMAGE | WIKI COMMONS
എല്ലാം ഇല്ലാതാവുന്ന അവസ്ഥ

വ്യാജ ദേശീയത ഉണ്ടാക്കുന്ന ശത്രുതാസങ്കല്‍പം അതിന്റെ രാഷ്ട്രീയ അധികാര താല്പര്യങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. എന്നാല്‍ അതില്‍ വീണുപോകുന്ന ഒരു ജനത ഉണ്ടാക്കുന്നത് ഇതുവരെ കഠിനാദ്ധ്വാനത്തിലൂടെ നിര്‍മിച്ചെടുത്ത എല്ലാം ഇല്ലാതാവുന്ന അവസ്ഥയാണ്. അഹമ്മദാബാദില്‍ ഫൈനല്‍ അവസാനിക്കും മുമ്പേ ഇന്ത്യ തോല്‍ക്കുന്നു എന്നതുകൊണ്ട് ഇന്ത്യയെ പൊരുതി തോല്പിച്ച ഓസീസിന് കയ്യടിക്കാന്‍ മടികാണിച്ച് ഇറങ്ങിപോയ കാണികള്‍ക്ക് ഇല്ലാതെപോയ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് സൂചിപ്പിക്കുന്നത് നമ്മള്‍ തീവ്രദേശീയതയ്ക്ക് ബലികൊടുത്തുകൊണ്ടിരിക്കുന്ന നമ്മുടെ കായിക സംസ്‌കാരത്തെയാണ്.

ലോകകപ്പ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് കൈമാറി ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു കുശലപ്രശ്നത്തിനും ചാറ്റിനും നില്‍ക്കാതെ വേദി വിട്ടപ്പോള്‍ ഉണ്ടായ അവസ്ഥയെ കുറിച്ച് അയാള്‍ പറഞ്ഞു. എന്നാല്‍ അത് സാങ്കേതികമായ കാരണങ്ങള്‍ ആവും എന്ന തിരിച്ചറിവും അയാളുടെ വാക്കുകളില്‍ എവിടെയോ ഉണ്ട്. അതല്ല പക്ഷേ, പ്രശ്‌നം. അമ്പയര്‍മാരെ കൂവിവിളിക്കുകയും പൊരുതി ജയിച്ച എതിര്‍ ടീമിനെതിരെ പിന്നെ സൈബര്‍ ആക്രമണം അഴിച്ചുവിടുകയും എതിര്‍ടീമിലെ നിര്‍ണായകപ്രകടനം നടത്തിയ ട്രാവിസ് ഹെഡ് പോലെ ഒരു താരത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്യും എന്ന് ഭീഷണി മുഴക്കുക വരെ (ഓസ്‌ട്രേലിയന്‍ ആണെന്ന് തെറ്റിദ്ധരിച്ച് ആളറിയാതെ ന്യൂസിലാന്‍ഡ് താരം ജിമ്മി നിഷത്തിനെതിരെ വരെയും ഉണ്ടായി ആക്രമണം) ഉണ്ടായിട്ടും നമുക്ക് ഇനിയും എങ്ങനെ സംസ്‌കാരത്തെ കുറിച്ച് പറയാന്‍ ആവും എന്നതാണ്.

നമ്മുടെയീ ആര്‍ഷ ഭാരത സംസ്‌കാരത്തെ കുറിച്ച്!


#Sports
Leave a comment