TMJ
searchnav-menu
post-thumbnail

Outlook

അവര്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ

11 Nov 2023   |   3 min Read
എസ് ജോസഫ്

'ആസ്‌ട്രേലിയയുടെ ദ്വീപുകളിലൊന്നില്‍ കുറെ ആദിവാസികള്‍ താമസിച്ചിരുന്നു. സുവിശേഷ പ്രവര്‍ത്തകനായ ഒരു പാതിരി അവരെ സ്‌നേഹിച്ചും സംരക്ഷിച്ചും അവിടെ കഴിഞ്ഞിരുന്നു. ആ ജനത വിദ്യാഭ്യാസ പരമായി, ആത്മീയമായി ഒരു വിധം പുരോഗതി പ്രാപിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ആ ദ്വീപില്‍ നിന്ന് മറ്റൊരു ദ്വീപിലേക്ക് അവരെ മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. പാതിരിയുടെ നേതൃത്വത്തില്‍ ആദിവാസികളെയെല്ലാം മറ്റൊരു ദ്വീപിലേക്ക് കൊണ്ടുപോയി. എന്നാല്‍ പുതിയ ദ്വീപിലെത്തിയ അവര്‍ക്ക് അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്ത പ്പെടാനാവാതെ രോഗങ്ങളും മറ്റും മൂലം മരിച്ചു. ഒടുവില്‍ ഒരു സ്ത്രീയും പുരുഷനും മാത്രം അവശേഷിച്ചു. അവരെ ഓസ്ട്രിയന്‍ ഗവണ്‍മെന്റ് നഗരത്തില്‍ കൊണ്ടുവന്ന് പ്രദര്‍ശന വസ്തുവാക്കി. അവര്‍ മരിച്ചപ്പോള്‍ സ്റ്റഫ് ചെയ്ത് പ്രദര്‍ശിപ്പിച്ചു.' 

ഈ ക്രൂരമായ ചരിത്രസംഭവം ഏറെ മുമ്പ് എവിടെയോ വായിച്ചതാണ്. ഇത് ഞാന്‍ മുമ്പും എഴുതിയിട്ടുളളതാണ്. മനുഷ്യരെ കാഴ്ചവസ്തുക്കളാക്കുക എന്നിടത്ത് അപരവല്‍ക്കരണവും അതിന്റെ ഭാഗമായ വസ്തുവല്കരണവും ഉണ്ട്. നഗരവാസികള്‍ ആദിവാസികളെ നോക്കിക്കാണുന്ന ആ രീതിയിലൂടെ നഗരവാസികള്‍ക്ക് ഉന്നതസ്ഥാനവും ആദിവാസികള്‍ക്ക് താണ സ്ഥാനവും ലഭിക്കുന്നു. ഇത് ആദിവാസികളെ 'അപരിഷ്‌കൃതര്‍' ആക്കുന്നു. അവരുടെ സംസ്‌കാരത്തെ കേരളീയാഘോഷത്തിന്റെ ഭാഗമായ അന്തസാര ശൂന്യരായ നഗരവാസികളുടെ അലസനോട്ടത്തിന്റെ ലക്ഷ്യമാക്കുന്നതിലൂടെ അവഹേളിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ആദിവാസികളെ അപരിഷ്‌കൃതര്‍ ആക്കുന്നു. ആദിവാസികളെ നിശ്ചലരാക്കുന്നു. കേരളത്തിന്റെ നാഗരികതയും ഹെജിമണിക് കള്‍ച്ചറും കലകളും ഒക്കെച്ചേര്‍ന്നാണ് ആദിവാസി ജനതയെ, എത്‌നിക് സമൂഹത്തെ പാര്‍ശ്വവല്‍ക്കരിച്ചത്. ആദിവാസികള്‍ത്തന്നെ ലോകത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണിപ്പോള്‍, അഥവാ ചിതറി പോകുകയാണിപ്പോള്‍. അവര്‍ തന്നെ മറന്നു കഴിഞ്ഞ അവരുടെ വേഷഭൂഷാദികളും മറ്റും അണിയിച്ചൊരുക്കി എന്തിനാണ് രാജഭരണത്തിന്റെ മണം ഇപ്പോഴും മാറാത്ത സ്വര്‍ണ്ണനഗരത്തില്‍ കൊണ്ടു വയ്ക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതു തന്നെയാണ് ആദിവാസി കവികളോട് സവര്‍ണ സമൂഹവും പറയുന്നത്. ഞങ്ങള്‍ക്ക് ആദിവാസി കവിത തരൂ ! ആദിവാസി കവികള്‍ എഴുതുന്ന ആദിവാസി കവിതകള്‍ ആണ് ഞങ്ങള്‍ക്ക് വേണ്ടത്. ആദിവാസികള്‍ എഴുതുന്ന പൊതുവായ കവിതകള്‍ വേണ്ട. അതൊന്നും എഴുതാന്‍ ആരും പറയുന്നില്ല. അവര്‍ എഴുതുന്ന വൃത്തത്തിലുള്ള കവിത വേണ്ട, ശ്ലോകത്തിലുളള കവിത വേണ്ട. അവര്‍ ചങ്ങമ്പുഴയെപ്പോലെ എഴുതരുത്. അതായത് തിരുവനന്തപുരത്ത് അവര്‍ പാന്റും ഷര്‍ട്ടുമിട്ട് നില്‍ക്കരുത്. സാരിയുടുത്തോ, ചുരിദാര്‍ ഇട്ടോ നില്‍ക്കരുത്. അങ്ങനെയുള്ളവര്‍ നഗരത്തില്‍ ഉണ്ടാകും. പക്ഷേ അദൃശ്യരാണല്ലോ.
      
കേരളത്തില്‍ നഗരവാസികളും ഉന്നത ജാതിക്കാരും ഒക്കെയുണ്ട്. ഉദ്യോഗസ്ഥരും സമ്പന്നരും ശാസ്ത്ര സങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ അനുഭവിക്കുന്നവരുമാണ്. താണ ജാതിക്കാരും ആദിവാസികളും ഉണ്ട്. അവര്‍ പാവപ്പെട്ടവരാണ്. ഭൂമിയില്ല. വീടില്ല. സര്‍ക്കാര്‍ ജോലിയില്ല. മനുഷ്യലോകത്തെ ഏറ്റവും താണവരായി അവരെ പരിഗണിക്കുന്നു. അതിന്റെ പിന്നില്‍ അഴിമതിയും അവഗണനയും കാപട്യവും അറിവുണ്ടെന്ന് നടിക്കുന്നവരുടെ വിവരക്കേടും ഉണ്ട്. പക്ഷേ ആദിവാസികള്‍, ദളിതര്‍ എന്നുള്ള മനുഷ്യര്‍ അധ്വാനശക്തിയാണ്. അഭിമാനമുള്ളവരാണ്. മാര്‍ക്‌സിസം അനുസരിച്ച് അവരെല്ലാം തൊഴിലാളിവര്‍ഗമാകുന്നു. എന്നാല്‍ തൊഴിലാളി വര്‍ഗം എന്ന സങ്കല്പം ആദിവാസികളെ ഉള്‍ക്കൊണ്ടിട്ടുമില്ല. ഇന്നിപ്പോള്‍ സൈബര്‍ തൊഴിലാളികളും ഡോക്ടര്‍മാരും അധ്യാപകരും സീരിയല്‍ ആക്ടേഴ്‌സും എല്ലാം തൊഴിലാളികള്‍ ആണ്. ആദിവാസികളും താണജാതിക്കാരും തൊഴിലാളിവര്‍ഗം അല്ല. അവര്‍ അപരങ്ങള്‍ (Others) ആണ്. 

REPRESENTATIONAL IMAGE: WIKI COMMONS
മാര്‍ക്‌സിസത്തിന്റെ ഒരു താത്വിക പ്രശ്‌നം അത് ജാതിവ്യവസ്ഥയെ പരിഗണിക്കുന്നില്ല എന്നതാണ്. ഇനിയൊട്ട് അത് നടക്കാനും പോണില്ല. ക്ലാസ് (വര്‍ഗം) ആണ് യൂറോപ്പില്‍ ഉളളത്. ജാതിയില്ല. മാര്‍ക്‌സിയന്‍ തിയറിയില്‍ ജാതി വരുന്നേയില്ല. കളര്‍, വംശം, സ്ത്രീ, ദളിത്, ബ്ലാക്, എത്തിനിസിറ്റി, മുടിയുടെ, കണ്ണിന്റെ നിറവും മറ്റും ഒന്നും വിഷയമാകുന്നില്ല. സബാള്‍ട്ടേണ്‍ എന്ന ആശയം പലതായി ചിതറിയിട്ടുണ്ട്. മാര്‍ക്‌സിസത്തില്‍ ആദ്യം ആദിവാസികളും ദളിതരും അഭാവങ്ങളായിരുന്നു. അപരങ്ങളാകുന്നത് പിന്നീടാണ്.

പ്രദര്‍ശനം എന്നതില്‍ എപ്പോഴും ഉള്ളത് കാണിയും ( ദ്രഷ്ടാവ് ) വസ്തു (object) വും ആണ്. ജീവനുള്ളതും വസ്തുവാക്കപ്പെടുന്നു. രഥത്തില്‍ ശ്രീരാമന്‍ അമ്പെയ്തു നില്‍ക്കുന്ന ടാബ്ലോയും ആദിവാസികള്‍ അവരുടെ വേഷം ധരിച്ചിരിക്കുന്നതും രണ്ടു തരം ചിഹ്നങ്ങളാണ്. ആദ്യത്തേത് ഇന്നില്ലാത്തതാണ്. അത് റിലീജിയസ് പൊളിറ്റിക്‌സിന്റെ ഭീഷണമായ ജനാധിപത്യ വിരുദ്ധമായ, മതേതരമല്ലാത്ത ചിഹ്നം ആണ്. ജീവിതത്തില്‍ ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാതെ ജീവിക്കുന്ന സമൂഹത്തിന്റെ ചിഹ്നമാണ് രണ്ടാമത്തേത്. അതിലുള്ളത് യാഥാര്‍ത്ഥ്യമാണ്. അയഥാര്‍ത്ഥ മനുഷ്യരാണ് ആദ്യത്തേതില്‍. ജീവിക്കുന്ന ആദിവാസികളെ കാഴ്ചവസ്തുവാക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് അവരോട് ഒരു കാരുണ്യവുമില്ലാത്ത കപട സമൂഹത്തില്‍. ആദിവാസികളുടെ കാര്യത്തില്‍ ഇവിടെ മാത്രമല്ല ലോകത്തെല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും ബി.ജെ.പിയും ആദിവാസികളുടെ കാര്യത്തില്‍ സ്വീകരിക്കുന്നത് ഒരേ സമീപനം തന്നെയാണ്. ഈ മൂന്ന് പാര്‍ട്ടികളെയും നിയന്ത്രിക്കുന്നതും നയിക്കുന്നതും ഒരു എലീറ്റ് ക്ലാസ്, മത - ജാതി സമൂഹമാണ്. ഒരര്‍ത്ഥത്തില്‍ ഇന്ന് ഇന്ത്യയില്‍ അടിസ്ഥാനപരമായി സംഘപരിവാരങ്ങളേ ഉള്ളു എന്നും പറയാം. എല്ലാ പാര്‍ട്ടികളിലും അവര്‍ ഉണ്ട്. പാര്‍ട്ടിപരമായി ഏറ്റക്കുറച്ചില്‍ ഉണ്ടെന്നേയുള്ളു. ചുരുക്കത്തില്‍ ആദിവാസികള്‍ക്ക് ആരുമില്ല എന്നതാണ് സത്യാവസ്ഥ. അതുകൊണ്ടാണ് ലിന്‍ഗ്വസ്റ്റിക്, എത്തിനിക് മൈനോരിറ്റിയായ ആദിവാസികള്‍ പിന്നോക്കമായിപ്പോയത്. അവര്‍ക്കാരുമില്ല. അവരുടെ ഒച്ചകള്‍ കേള്‍ക്കാതെ പോകുന്നു. അവര്‍ ദേശീയതയുടെ ഭാഗമാണെങ്കിലും അവര്‍ക്ക് അതുകൊണ്ട് ഗുണമില്ല. അവരില്‍ അപൂര്‍വ്വം ചിലരെ ഭരണകൂടങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതേസമയം ഒരു വലിയ വിഭാഗത്തെ മുഴുവനും ഒഴിവാക്കുന്നു. പ്രതീകാത്മകമായി ഇന്‍ക്ലൂഡ് ചെയ്യുകയും യഥാര്‍ത്ഥത്തില്‍ എക്‌സ്‌ക്ലൂഡ് ചെയ്യുകയുമാണിത്. Inclusion, Exclusion 
എന്നത് കൂടുതല്‍ പഠിക്കേണ്ടതാണ്. ഇലക്ഷനില്‍ സംവരണം പാലിക്കുന്നതു കൊണ്ടാണ് അവര്‍ക്ക് ഭരണത്തില്‍ അല്പം പ്രാതിനിധ്യം കിട്ടുന്നത്. എന്നാല്‍ മന്ത്രിയായാലും അവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല. കാരണം ഭരണകൂടം മാത്രമല്ല ഭരണകൂടത്തെ ചുറ്റിനില്ക്കുന്ന ചില പ്രസ്ഥാനമാഫിയകള്‍ കൂടി ഇവിടെയുണ്ട്. പ്രഭുസമൂഹം ഉണ്ട്. ലിബറല്‍ ക്യാപ്പിറ്റലിസത്തിന്റെ കാലത്തെ അദാനിമാര്‍, അംബാനിമാര്‍ ഒക്കെയുണ്ട്. പുരോഹിത വര്‍ഗം മുഴുവനും ഉണ്ട്. അവരെല്ലാം ഭരണത്തെ അവരുടെ പുരോഗതിക്കു മാത്രമായി ഉപയോഗിക്കുന്നു. 

കേരളീയത്തിലെ ആദിമം ലിവിങ് മ്യൂസിയം
ആദിവാസികള്‍ ജൈവമനുഷ്യരാണെന്നൊരു കാല്പനികവീക്ഷണം പൊതുവില്‍ ഉണ്ട്. ഭിക്ഷക്കാര്‍ ആകാശത്തെയും ചന്ദ്രനെയും കാണുന്നതിനെ വാഴ്ത്തിപ്പാടുന്ന രീതിയുണ്ടല്ലോ. ജിപ്‌സികളെക്കുറിച്ചുള്ള കവിതയിലും ചന്ദ്രനുണ്ട്. മേല്‍ക്കൂരയില്ലാത്ത ക്ലാസിലെ കുട്ടികളോട് നിങ്ങള്‍ എത്ര ഭാഗ്യവാന്‍മാര്‍ നിങ്ങള്‍ക്ക് ആകാശം കാണാമല്ലോ എന്നു പറയുമ്പോലെയാണിത്. ചെരുപ്പില്ലാത്തവര്‍ മണ്ണിനോട് ഒട്ടി നടക്കുന്നു എന്നു പറയുമ്പോലെയാണിത്. കുടയില്ലാത്തവര്‍ മഴ നനയുകയാണ്. പണിയില്ലാത്തവര്‍ പകല്‍ സ്വപ്നം കാണുകയാണ്. സാങ്കല്പികമായി ആദിവാസി എന്നത് പരിസ്ഥിതി സൗഹൃദമുള്ള ഒരാളാണ്. അവരുടെ വിശാലമായ ഭൂമിയെല്ലാം ഫോറസ്റ്റുകാരും മതസംഘങ്ങളായി വന്ന കുടിയേറ്റക്കാരും നിയമം ഉപയോഗിച്ചും ചൂഷണം മൂലവും സ്വന്തമാക്കി. അവര്‍ അനാഥരായി. അവര്‍ ആത്മഹത്യ ചെയ്യുന്നു. ഇവിടെ ഭരണകൂടം മാത്രമല്ല കുറ്റവാളി. പൊതുസമൂഹവും ഉണ്ട്. പോഷകാഹാരം കിട്ടാത്ത ഒരു സമൂഹം. അവരുടെ ഭാഷകള്‍ നഷ്ടപ്പെട്ടു. കലകള്‍ നഷ്ടപ്പെട്ടു. വികസനം പുരോഗതി എന്ന രണ്ട് സങ്കല്പങ്ങള്‍ അവരെ ഇല്ലാതാക്കി. അവരുടെ സ്വത്വത്തെ നഷ്ടപ്പെടുത്തി. സത്യത്തിലവര്‍ എങ്ങും എത്തിച്ചേര്‍ന്നുമില്ല. 

എനിക്ക് ഇതേ പറയാനുള്ളു. അവര്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. നിങ്ങള്‍ അവരെ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല. ഉപദ്രവിക്കാതിരുന്നാല്‍ മതി. പരിഹസിക്കാതിരുന്നാല്‍ മതി. ഭൂമി അതിന്റെ അനാഥരെയും പറ്റുന്നപോലെ സംരക്ഷിക്കാറുണ്ട്. അതിന് സ്പിനോസ പറഞ്ഞ പ്രകൃതി എന്ന ദൈവം എന്നു പറയാം. അവര്‍ക്ക് ആ ദൈവം ഉണ്ട്.


#outlook
Leave a comment