കൂറുമാറ്റത്തിന്റെ പരിമിതിയും പരിണതിയും
നിതീഷ് കുമാറും സംഘവും വീണ്ടും കൂടുമാറിയതോടെ അടുത്തുവരുന്ന തെരഞ്ഞെടുപ്പിലെ സമവാക്യങ്ങള്‍ക്ക് കാര്യമായ ഇളക്കം തട്ടി. ഒരു പാര്‍ട്ടി മുഴുവന്‍ തങ്ങളുടെ പഴയ കൂട്ടുകെട്ട് ഉപേക്ഷിച്ച് പുതിയ കൂട്ടുകെട്ട് സ്വീകരിച്ചതിനാല്‍ ഈ കൂറുമാറ്റം കൂറുമാറ്റ നിരോധനനിയമത്തില്‍ പറയുന്ന കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നില്ല. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയില്‍ സംഭവിച്ച അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ പോലെയുള്ള ഉദ്വേഗജനകമായ രാഷ്ട്രീയ അന്തരീക്ഷം സംജാതമായില്ല. പഴയ കൂട്ടുകക്ഷികളുടെ അഭ്യന്തര വിലാപത്തില്‍ നിതീഷിന്റെ കൂറ് മാറ്റം ഒതുങ്ങി.
പ്രശസ്തമായ 'ആയാറാം ഗയാറാം' പോലുള്ള ചഞ്ചലിത രാഷ്ട്രീയ സമവാക്യങ്ങളെ നിയന്ത്രിക്കുകയോ പരിപൂര്‍ണ്ണമായി നിരോധിക്കുകയോ വേണം എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഭരണഘടനയില്‍ 52-ാം ഭേദഗതി കൊണ്ടുവരുന്നത്. പക്ഷെ ആ ഭേദഗതി കൊണ്ട് വിഭാവനം ചെയ്ത ഗുണം കിട്ടുന്നില്ല എന്ന് മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അത് കാര്യമായി ഹനിക്കുകയും ചെയ്യുന്നു. തന്‍മൂലം രാജ്യതാല്പര്യങ്ങള്‍ക്ക് മുകളില്‍ സ്വന്തം പാര്‍ട്ടി താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കുണ്ടാവുന്നു. ഒറ്റക്കക്ഷി രാഷ്ട്രീയത്തില്‍ നിന്നകന്ന് കൂട്ടുകക്ഷി മുന്നണി രാഷ്ട്രീയത്തിലെത്തിനില്‍ക്കുന്ന നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ 52-ാം ഭരണഘടന ഭേദഗതിയും തുടര്‍ന്ന് വന്ന കൂറുമാറ്റനിരോധന നിയമവും ഒരു സമ്മതിദായകന്റെ നോട്ടത്തില്‍ ജനാധിപത്യ വ്യവസ്ഥയെ എങ്ങിനെ തകിടം മറിക്കുന്നു എന്ന് നോക്കി കാണുകയാണ് ഈ ലേഖനത്തില്‍.
തെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിക്കൊണ്ടാണ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥിയേക്കാള്‍ പ്രാധാന്യം അയാള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനാണ്. സ്ഥാനാര്‍ത്ഥിക്ക് വ്യക്തിപ്രഭാവത്താല്‍ ലഭിക്കുന്ന വോട്ടുകളേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ് ചിഹ്നത്തിന്റെ സ്വീകാര്യത മൂലം ലഭിക്കുന്ന വോട്ടുകള്‍ എന്ന് തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും നിഷ്പ്രയാസം കാണാന്‍ സാധിക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സത്യ പ്രതിജ്ഞ ചെയ്യുന്നത് തനിക്ക് വോട്ട് ചെയ്തവരുടെ മാത്രം പ്രതിനിധി ആയിട്ടല്ല മറിച്ച് എതിര്‍ത്ത് വോട്ട് ചെയ്തവരുടേയും വോട്ട് ചെയ്യാത്തവരുടേയും കൂടി പ്രതിനിധി ആയിട്ടാണ്. അതുകൊണ്ട് കൂടിയാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 105 (2), 194 (2) എന്നിവ പ്രകാരം തെരെഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്ക് ആതാത് വേദികളില്‍ നടത്തുന്ന സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ സംരക്ഷണം വാഗ്ദാനം ചെയ്യുന്നത്. അതായത് എതിര്‍കൂട്ടില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടു എന്ന കാരണത്താല്‍ ഭരണകക്ഷിയെ അനുകൂലിച്ച് ഏതെങ്കിലും പ്രശ്‌നങ്ങളില്‍ വോട്ട് ചെയ്യുന്നതോ അല്ലെങ്കില്‍ ഭരണഘടന അനുശാസിക്കുന്ന ഏതെങ്കിലും അധികാരം കൈയ്യാളുന്നതോ ഒരു തടസ്സമല്ലായിരുന്നു. ജയിക്കുന്നവന്‍ തന്റെ കക്ഷി രാഷ്രീയ ചിന്തകള്‍ പുറത്ത് വെച്ച് വേണമായിരുന്നു പാര്‍ലമെന്റിന്റേയോ അസംബ്ലി മന്ദിരത്തിന്റെയോ പടികയറാന്‍. കക്ഷി രാഷ്ട്രീയ പ്രേരിതമാകരുത് നിയമ നിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം എന്ന് തന്നെയാണ് ഭരണഘടന അനുശാസിച്ചിരുന്നത്.
REPRESENTATIONAL IMAGE: WIKI COMMONS
ഇത്തരം സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തി വെച്ചു കൊണ്ടാണ് 52-ാം ഭരണഘടന ഭേദഗതിയിലൂടെ 10-ാം പട്ടിക 1985 ജനുവരി 31 ന് രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ടത്. അത് അംഗീകരിക്കപ്പെട്ടതോടെ നേരത്തെ പറഞ്ഞ ആര്‍ട്ടിക്കിള്‍ 105(2) ലും ആര്‍ട്ടിക്കിള്‍ 194(2) എന്നിവയിലുണ്ടായിരുന്ന പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന് ഉപാധികള്‍ വന്നു. ഉപാധികള്‍ ആര്‍ട്ടിക്കിള്‍ 102(1) (e), 191(1) e എന്നീ രണ്ട് ആര്‍ട്ടിക്കിളിലും വിശദീകരണം '2' കൊണ്ട് വരുകയും പത്താം പട്ടിക കൂട്ടിചേര്‍ക്കുകയും ചെയ്തതിലൂടെയാണ് ഉപാധികള്‍ വന്നുപെട്ടത്. പത്താം പട്ടികയിലെ 2(b) പ്രകാരം തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധി താന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനെതിരായി സഭയില്‍ വോട്ട് രേഖപ്പെടുത്തുകയോ വോട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താല്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി അത്തരമൊരു നിഷേധകരമായ പ്രവര്‍ത്തി അംഗീകരിച്ചില്ലെങ്കില്‍ ആ പ്രതിനിധിയെ സഭയില്‍ അയോഗ്യനായി കല്പിക്കപ്പെടാം. ഇതോടെ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധിയുടെ നിഷ്പക്ഷത അവസാനിപ്പിക്കുക മാത്രമല്ല തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും ചെയ്യാത്ത പാര്‍ട്ടി നേതൃത്വത്തിന് തന്റെ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ ജയിച്ച സഭാംഗത്തിനെ നിയന്ത്രിക്കാന്‍ കഴിയുന്നു. അതേസമയം ഇത്തരം നിഷേധങ്ങള്‍ പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വരുന്ന അംഗങ്ങള്‍ ഒരുമിച്ചാണ് ചെയ്യുന്നതെങ്കിലോ അല്ലെങ്കില്‍ പാര്‍ട്ടി മുഴുവനുമായി വേറൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ ചെയ്താല്‍ അയോഗ്യത കല്പിക്കാന്‍ കഴിയുകയുമില്ല.
കൂട്ടുകക്ഷി മുന്നണികളായി തെരെഞ്ഞെടുപ്പ് നേരിടുമ്പോള്‍ മുന്നണിയിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന സമ്മതിദായകരുടെ വോട്ടുകൂടി ലഭിച്ചായിരിക്കും തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത്. അങ്ങിനെ ജയിച്ചു കയറിയതിന് ശേഷം പാര്‍ട്ടി ഒരുമിച്ച് കൂറ് മാറി വേറൊരു മുന്നണിയില്‍ പോകുമ്പോള്‍ കൂട്ട് മുന്നണിയിലെ മറ്റ് രാഷ്ട്രീയ കക്ഷികളുടെ വോട്ട് അവഗണിപ്പെടുകയാണ് ചെയ്യുന്നത്. മാത്രവുമല്ല അത്തരം കൂറ് മാറ്റം സ്വന്തം പാര്‍ട്ടി അണികളില്‍ പോലും കൃത്യമായി ചര്‍ച്ച ചെയ്യാതെയോ ഭൂരിപക്ഷത്തിന്റെ സമ്മതമില്ലാതെയോ ആണ് നടത്താറുള്ളത്. പ്രതിനിധികള്‍ക്ക് തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത സമ്മതിദായകരെ വഞ്ചിക്കകൂടിയാണ് ഇത്തരം കൂറ് മാറ്റം ചെയ്യുന്നത്. ഈ വഞ്ചനക്ക് പക്ഷെ ശിക്ഷയില്ല. ജനാധിപത്യത്തിന്റെ ആദ്യാവസാന കണ്ണിയായ സമ്മതിദായകരെ നിഷ്‌കരുണം തള്ളുകയാണ് കൂറ് മാറ്റത്തിലൂടെ സംഭവിക്കുന്നത്.
2018 ല്‍ കര്‍ണ്ണാടകയില്‍ ഭരണത്തില്‍ വന്ന കോണ്‍ഗ്രസ്സ്- ജെഡി(എസ്) സഖ്യത്തിലെ 17 എംഎല്‍എ മാര്‍ ഭരണമുന്നണയില്‍ നിന്ന് കുറ് മാറി ബിജെപി മുന്നണി സര്‍ക്കാറിന് വഴി ഒരുക്കി. സ്പീക്കര്‍ കൂറ് മാറിയ എല്ലാവരേയും പിന്നീട് അയോഗ്യരായി പ്രഖ്യാപിച്ചത് പരമോന്നത കോടതി ശരിവെച്ചിരുന്നു. പക്ഷെ അയോഗ്യതമൂലം ഒഴിവ് വന്ന സീറ്റുകളില്‍ വീണ്ടും മത്സരിക്കാനുള്ള അവസരം അവര്‍ക്ക് കൊടുത്തു. രണ്ടാമത് ഇലക്ഷന്‍ നടത്താനുള്ള സര്‍ക്കാറിന്റെ ചിലവോ കബളിപ്പിക്കപ്പെട്ട സമ്മതിദായകരുടെ അവകാശങ്ങളോ അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. അതേസമയം മഹാരാഷ്ട്രയില്‍ ഒരുമിച്ച് തെരെഞ്ഞെടുപ്പ് നേരിട്ട ശേഷം ശിവസേന എതിര്‍ കൂട്ടുമുന്നണിയുമായി ചേര്‍ന്ന് ഭരണം പിടിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്തതുകൊണ്ട് ശിവസേനക്ക് വോട്ട് ചെയ്ത സമ്മതിദായകര്‍ കബളിക്കപ്പെട്ടു. അതിന് ശേഷം ശിവസേനയിലെ വലിയ ഒരു വിഭാഗം കുറുമാറി ബിജെപി ക്യാമ്പിലേക്ക് വന്നു. കൂറ് മാറിയവരെ അയോഗ്യരായി കല്പിക്കാന്‍ ശ്രമം നടന്നെങ്കിലും സ്പീക്കര്‍ അത് ചെയ്തില്ല. ഇവിടെ ഉദിച്ച രണ്ട് ചോദ്യങ്ങള്‍ ഒന്ന് കൂറ് മാറിയ എംഎല്‍എ മാര്‍ മുന്നില്‍ രണ്ട് ഉള്ളതുകൊണ്ട് അയോഗ്യര്‍ ആയി പ്രഖ്യാപിക്കപ്പെട്ടില്ല എങ്കില്‍ കൂറ് മാറാത്തവരെ പാര്‍ട്ടിക്കൊപ്പം നില്‍ക്കാത്തതിന്റെ പേരില്‍ അയോഗ്യരാക്കി പ്രഖ്യാപിക്കാന്‍ കഴിയുമോ? രണ്ട്, വിജയിച്ചത് ബിജെപിയുടെ കൂടെ വോട്ട് കിട്ടിയിട്ടാണ് എന്നത് കൊണ്ട് തികച്ചും വിരുദ്ധങ്ങളായ ആശയങ്ങളും തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി മത്സരിച്ചവര്‍ ഇങ്ങിനെ ചേരിമാറുന്നത് അംഗീകരിക്കാന്‍ കഴിയുമോ? നാടകം അവിടെ തീര്‍ന്നില്ല എതിര്‍ ചേരിയിലെ എന്‍സിപി യിലെ ഒരു സംഘം എംഎല്‍എ മാര്‍ കൂറ് മാറി ബിജെപി സഖ്യത്തില്‍ ചേര്‍ന്ന് അധികാരത്തില്‍ പങ്കാളികളായി. കൂറ് മാറിയവരെ അയോഗ്യരാക്കുമോ ഇല്ലയോ എന്ന തീരുമാനം സ്പീക്കര്‍ എടുക്കാനിരിക്കുന്നതേ ഉള്ളൂ. ഇവിടേയും കബളിപ്പിക്കപ്പെടുന്നത് ബിജെപി സഖ്യത്തിനെതിരെ വോട്ട് ചെയ്ത സമ്മതിദായകരാണ്. അതേസമയം ബീഹാറില്‍ സഖ്യമുപേക്ഷിച്ച് പോയ നിതീഷ് കുമാര്‍ തിരിച്ച് പഴയ സഖ്യത്തിലേക്ക് വന്നതിലൂടെ ഒരു പഴയ ചതി തിരുത്തുകയാണ് ചെയ്തത് എന്ന് പറയാം. പക്ഷെ അതൊന്നും മുന്‍പ് ജയിച്ചതിന് ശേഷം സഖ്യം മാറിയതിന് ഉത്തരമാവുന്നില്ല.
നിതീഷ് കുമാര്‍ | PHOTO: PTI
ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്ന പാര്‍ട്ടികള്‍ക്കുള്ളില്‍ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്നത് നോക്കാന്‍ സംവിധാനം നിലനില്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ പല പാര്‍ട്ടികള്‍ക്കും സ്വകാര്യസ്ഥാപനം നടത്തുന്ന ലാഘവത്തോടെ പാര്‍ട്ടി വ്യവഹാരങ്ങള്‍ നടത്താന്‍ സാധിക്കുന്നുണ്ട്. ഇങ്ങനെയുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയില്‍ ഇടപെടന്‍ വേണ്ടിയുള്ള പിന്നാമ്പുറ മാര്‍ഗ്ഗം തുറന്ന് കൊടുക്കുകയാണ് ഈ ഭേദഗതി ശരിക്കും ചെയ്തത്.
ബദ്ധവൈരികളായിരുന്ന കോണ്‍ഗ്രസ്സ് - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചില സംസ്ഥാനങ്ങളില്‍ കൂട്ടുകൂടിയും ചില സ്ഥലങ്ങളില്‍ വിരുദ്ധ ചേരികളിലായുംനിന്ന് തെരഞ്ഞെടുപ്പ് നേരിടാന്‍ തീരുമാനിക്കുന്നത് നേതൃത്വത്തിന്റെ മാത്രം തീരുമാനമായാണ് കാണപ്പെടുന്നത്. അണികളുടെ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അല്ല അത്തരം തീരുമാനങ്ങള്‍ എടുക്കപ്പെടുന്നത്. ജീവിതത്തില്‍ ഒരിക്കലും വോട്ട് ചെയ്യാന്‍ ആഗ്രഹമില്ലാത്ത ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ ആഹ്വാനം ചെയ്യുമ്പോള്‍ സമ്മതിദായകന് വരുന്ന മാനസീക വൈകാരികത ബുദ്ധിമുട്ടുകള്‍ പൊതുവെ അവഗണിക്കപ്പെടുന്നതായാണ് കാണുന്നത്. പാര്‍ട്ടി നേതൃത്വത്തിനെ എതിര്‍വാ ഇല്ലാതെ അനുസരിക്കുന്ന അണികളും സമ്മതിദായകരുടെ ഇഷ്ടാനിഷ്ടങ്ങളെ അവഗണനയോടെ തിരിമറി ചെയ്യുന്ന നേതൃത്വവും എന്ന രീതിയാണ് ഇന്നത്തെ വ്യവസ്ഥയില്‍ നടക്കുന്നത് എന്ന് നിസ്സംശയം പറയാം.
പ്രകടന പത്രികകള്‍ ആയിരിക്കണം ഒരു സമ്മതിദായകന് ആര്‍ക്ക് വോട്ട് ചെയ്യണം എന്ന തീരുമാനം എടുക്കാന്‍ സഹായിക്കേണ്ട ഘടകം. പക്ഷെ പ്രകടന പത്രികയെ ഒരു സുപ്രധാന ഘടകമായി ഭാരതീയ സമ്മതിദായകര്‍ കണ്ടു തുടങ്ങിയിട്ടില്ല. മാറി മാറി വരുന്ന ചില തരംഗങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ട് മാറുകയോ വിജയിച്ച ശേഷം കൂട്ട് കെട്ട് ഉണ്ടാക്കി ഭരണം കൈയ്യാളുകയോ ചെയ്യുന്ന സമ്പ്രദായമാണ് ഇവിടെ സ്വീകരിച്ച് വരുന്നത്. മൂന്ന് മുന്നണികള്‍ മത്സരിക്കുമ്പോള്‍ ജയിച്ച സ്ഥാനാര്‍ത്ഥിയേക്കാള്‍ വോട്ട് തോറ്റ സ്ഥാനാര്‍ത്ഥികള്‍ക്ക് സംയുക്തമായി കിട്ടിയ വോട്ടിനേക്കാള്‍ കുറവായിരിക്കും എന്ന് കാണാം. അതായത് ജയിക്കുന്നത് പലപ്പോഴും ഭൂരിപക്ഷം സമ്മതിദായകരും കാംക്ഷിക്കുന്ന സ്ഥാനാര്‍ത്ഥി ആയിരിക്കണമെന്നില്ല. വോട്ടുകള്‍ ഭിന്നിച്ചു പോകുന്നത് കൊണ്ട് മാത്രം തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ ഒരു വോട്ട് കൂടുതല്‍ കിട്ടുന്ന സ്ഥാനാര്‍ത്ഥിയെ വിജയിച്ചതായി പ്രഖ്യാപിക്കുകയാണ് നാം ചെയ്ത് വരുന്നത്. അതുകൊണ്ട് തന്നെ കൂട്ടുകക്ഷി സമ്പ്രദായത്തില്‍ ജയിച്ച ശേഷം കൂറ് മാറുന്ന രീതി അത്യന്തം ചെറുക്കപ്പെടേണ്ടത് തന്നെയാണെന്ന്. പക്ഷെ അത്തരം കൂട്ടമായുള്ള കൂറ് മാറ്റങ്ങളെ ചെറുക്കാന്‍ അതിനെതിരെ ചെറുവിരലെങ്കിലും അനക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് നില്‍ക്കുന്ന വ്യവസ്ഥ. അതേസമയം തന്നെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ഭരണ പ്രതിപക്ഷ ജനപ്രതിനിധികള്‍ക്ക് മനസ്സ് തുറന്ന് ഇടപെടാനും കഴിയുന്നില്ല.
PHOTO: PTI
ജയിച്ചുവരുന്ന പ്രതിനിധികള്‍ സത്യപ്രതിജ്ഞ പ്രകാരം രാജ്യതാല്പര്യത്തിനനുസരിച്ച് കക്ഷി രാഷ്ട്രീയം നോക്കാതെ പ്രവര്‍ത്തിക്കണം എന്ന ബാധ്യത ഏറ്റെടുക്കുന്നുണ്ട്. പക്ഷെ ഭരണഘടനയിലെ ആ സ്വാതന്ത്ര്യമാണ് ജനപ്രതിനിധികളില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിലേക്ക് 52-ാം ഭേദഗതിയോടെ പറിച്ചുനട്ടത്.
കൂറ് മാറ്റം വോട്ട് ചെയ്യുന്നവരോടുള്ള അനീതിയാണെന്ന് രവി എസ് നായിക്ക് & സഞ്ജയ് ബാന്ധേക്കര്‍ യൂണിയന്‍ ഓഫ് ഇന്ത്യ & അതേഴ്‌സ് എന്ന കേസിലെ വിധിന്യായത്തില്‍ പരമോന്നത കോടതി പറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ചില പൊതുവായ സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട് വരുന്ന മുന്നണി ബന്ധങ്ങള്‍ തെരെഞ്ഞെടുപ്പിന് ശേഷം മാറ്റപ്പെടുമ്പോള്‍ നാം എങ്ങനെയാണ് കാണേണ്ടത്? കൂറ് മാറ്റ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് നല്‍കിയ സുപ്രധാന കേസ് ആയ കിഹോതോ ഹൊല്ലോ ഹന്‍ vs സച്ചില്‍ ഹു & അതേഴ്‌സ് എന്ന ഹര്‍ജിയിലെ ഉത്തരവില്‍ കോടതി പറയുന്നത് കൂറ് മാറ്റ നിയമം കൊണ്ടുവന്നത് രാഷ്ട്രീയ സ്ഥിരതയ്ക്കും ഉത്തരവാദത്തിനും വേണ്ടിയാണെന്നാണ്. പക്ഷെ അത്തരം രാഷ്ട്രീയ സ്ഥിരത കൊണ്ടുവരാനോ സാമാജികരെ ഉത്തരവാദിത്തപരമായി പ്രവര്‍ത്തിപ്പിക്കാനോ ഈ നിയമത്തിന് കഴിഞ്ഞോ? സംസ്ഥാനങ്ങളില്‍ നടക്കുന്ന കൂറ് മാറ്റ നാടകങ്ങള്‍ കാണിക്കുന്നത് കൂറ് മാറ്റ നിയമത്തിന്റെ പരാജയം തന്നെയാണ്. ഒറ്റക്ക് കഴിയാത്ത കൂറ് മാറ്റം കൂട്ടമായി ചെയ്യാം എന്ന വ്യവസ്ഥയായി ഇത് മാറി എന്ന് മാത്രമല്ല തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഭരണഘടനയുടെ105(2) ഉം 194(2) അനുഛേദത്തില്‍ കൊടുത്തിട്ടുള്ള സ്വാതന്ത്ര്യത്തെ വിനിയോഗിക്കാനുള്ള അവകാശത്തിന്റെ താക്കോല്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറുകയും ചെയ്തു. അതോടെ ഈ അനുഛേദങ്ങള്‍ നോക്കുകുത്തികളായി മാറി. കാരണം ഈ അനുഛേദം പറഞ്ഞ പ്രകാരമുള്ള അവകാശം വിനിയോഗിക്കുന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ അഭിപ്രായത്തിനെതിരാണെങ്കില്‍ ആ സാമാജികന്‍ അയോഗ്യനായി കല്പിക്കപ്പെട്ടേക്കാം. അത്തരം വാള്‍ തലക്ക് മുകളില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ ഒരു സാമാജികനും സ്വതന്ത്രമായി ചിന്തിക്കാനോ തീരുമാനം എടുക്കാനോ കഴിയില്ല എന്ന് മാത്രമല്ല ഭരണഘടന അനുശാസിക്കാത്ത ചില അധികാര സിരാകേന്ദ്രങ്ങള്‍ ഉയര്‍ന്ന് വരാന്‍ അത് പ്രേരിപ്പിക്കുകയും ചെയും.
മറ്റൊരു പ്രധാന അപകടം പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തെരഞ്ഞെടുപ്പിന് ശേഷവും തുടര്‍ന്നുകൊണ്ടേയിരിക്കും എന്നതാണ്. ഭരണഘടന വിഭാവനം ചെയ്യുന്നത് തെരഞ്ഞെടുക്കപ്പെട്ട സാമാജികര്‍ക്ക് പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ തെരഞ്ഞെടുക്കാനും അങ്ങിനെ പ്രധാന/മുഖ്യസ്ഥാനത്തെത്തുന്നവര്‍ക്ക് അവര്‍ക്കനുയോജ്യരായവരെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കാനുമുള്ള അവകാശം ആണ്. എതിര്‍ കക്ഷിയിലെ പോലും കഴിവുള്ള ആളുകളെ മന്ത്രിസഭയിലേക്കും മറ്റും പരിഗണിക്കാമായിരുന്ന വിദൂര സാധ്യതകളെയാണ് 52-ാം ഭരണഘടന ഭേദഗതി ഇല്ലാതാക്കിയത്. ജി വിശ്വനാഥന്‍ vs ഹോണറബിള്‍ സ്പീക്കര്‍ തമ്മില്‍ നാടു ലെജിസ്ലേറ്റീവ് അസംബ്ലി എന്ന കേസിന്റെ വിധിന്യായത്തില്‍ പരമോന്നത കോടതി പറയുന്നത് പാര്‍ട്ടിയുടെ തീരുമാനങ്ങളെ അംഗീകരിക്കാനുള്ള ബാധ്യത ജനപ്രതിനിധികള്‍ക്കുണ്ട് എന്നാണ്. വോട്ട് ചെയ്യുന്നവനെ മാനിക്കണം എന്ന് ഈ വിധിന്യായത്തിലും പറയുന്നുണ്ടെങ്കിലും അവരോട് ചെയ്യുന്ന വഞ്ചനക്ക് എന്താണ് പരിഹാരം എന്ന് നിര്‍ദ്ദേശിക്കുന്നില്ലന്ന് മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ടവരുടെ ഹനിക്കപ്പെടുന്ന സ്വാതന്ത്രത്തെ കുറിച്ച് വിധിന്യായം ചര്‍ച്ച ചെയ്യുന്നുമില്ല.
ഭരണഘടനയുടെ 75(3) അനുഛേദത്തില്‍ പറയുന്ന അവിശ്വാസ പ്രമേയത്തിന്റെ തീവ്രതയും അനിശ്ചിതത്വവും 52-ാം ഭേദഗതിയിലൂടെ ഇല്ലാതായി എന്ന് പറയാം. കാരണം ഭരണകക്ഷിയുടെ ഭൂരിപക്ഷം കൃത്യമായി കണക്കാക്കാം. എതിര്‍ക്കുന്നവര്‍ അയോഗ്യരാക്കപ്പെടാം എന്നത് കൊണ്ട് അമര്‍ഷവും ആദര്‍ശവും കടിച്ചമര്‍ത്തി പാര്‍ട്ടി നിര്‍ദ്ദേശം തന്നെ നടപ്പിലാക്കണം. കക്ഷി രാഷ്ട്രീയാതീതമായി ഭരണം കൈയാളുമ്പോഴേ ഇത്തരം അനുഛേദങ്ങള്‍ക്ക് പ്രസക്തിയുള്ളു. എങ്കിലേ ജനാധിപത്യത്തിന്റെ അന്തസത്ത നിലനിര്‍ത്താനാകൂ. രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനമെന്ന 52-ാം ഭരണഘടന ഭേദഗതിക്ക് മുന്‍പുള്ള ആശയമാണ് നിലനില്‍ക്കേണ്ടത്. കക്ഷി തിരിഞ്ഞ് തെരഞ്ഞെടുപ്പുകളെ നേരിടാം അത് കഴിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ പദവിയില്‍ തുടരുന്നിടത്തോളം കാലം രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണം. 170-ാം ലോ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതും അതാണ് അവിശ്വാസ പ്രമേയങ്ങള്‍ ഉഴിച്ചുള്ള ഒരു പ്രമേയത്തിനും കൂറുമാറ്റ നിയമം ബാധകമാക്കരുത്. സ്ഥിരതയുടെ പല്ലവി എത്ര പാടിയാലും കൂട്ടമായുള്ള കുറുമാറ്റം തടയാന്‍ കഴിയില്ലെന്നിരിക്കെ പാര്‍ട്ടി നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ചാഞ്ചാടുന്ന ജനപ്രതിനിധികളെ സൃഷ്ടിക്കുന്ന ഈ രീതി ജനാധിപത്യത്തിന്റെ അന്ത്യത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത് എന്ന് തിരിച്ചറിയാന്‍ വൈകിക്കൂട..