സാഹിത്യവിമര്‍ശനവും അക്കാദമോസിന്റെ മരക്കൂട്ടവും
നവോത്ഥാനം എന്നുകൂടി വിളിക്കാറുള്ള ആധുനികതയുടെ ഭാഗമായിത്തന്നെയാണ് സാഹിത്യവിമര്‍ശനം കേരളത്തില്‍ തുടങ്ങിയതും ബലപ്പെട്ടതും. കൃഷിഭൂമി കര്‍ഷകര്‍ക്കെങ്കില്‍ കൃതിഭൂമി വായനക്കാര്‍ക്ക് എന്ന മുദ്രാവാക്യം ഇവിടെ നിശ്ശബ്ദമായി മുഴങ്ങി. അര്‍ത്ഥത്തിന്റെ ജന്മിയല്ല കര്‍ത്താവ് എന്ന ചിന്ത ഏതിനം സാഹിത്യവായനയുടെയും മിനിമം പരിപാടിയാണ് എന്ന് ഇതിനകം തെളിഞ്ഞു വന്നിട്ടുണ്ട്. വായന ഉപഭോഗമല്ല സര്‍ഗ്ഗാത്മകപ്രവര്‍ത്തനമാണ് എന്ന് മനസ്സിലാക്കാന്‍ തയ്യാറായ ജനതയെയാണ് ഒരു നിലയ്ക്ക് സാഹിത്യ വിമര്‍ശനം പ്രതിനിധീകരിക്കുന്നത്. പലതരം വായനകളുടെ സാദ്ധ്യത എന്നതാണ് വിമര്‍ശനത്തെ പ്രസക്തമാക്കുന്നത്. അതാണ് അതിന്റെ വിമോചനമൂല്യം.
സ്വന്തം ഉമിനീരും കാലത്തിന്റെ ഉമിനീരും ചേര്‍ത്താണ് വായനക്കാരന്‍/രി കൃതിയെ ചവച്ചരയ്ക്കുന്നത് എന്ന് എം.എന്‍.വിജയന്‍ ഈ പ്രവര്‍ത്തനത്തെ ചിത്രപ്പെടുത്തിയിട്ടുണ്ടല്ലോ. അപ്പോഴും അദ്ധ്യാപകവൃത്തിയുടെ തുടര്‍ച്ചയാണ് സാഹിത്യവിമര്‍ശനം എന്ന ധാരണയും പലരിലും നിലനില്‍ക്കുന്നുണ്ട്. സ്‌കൂളും സര്‍വ്വകലാശാലയുമെല്ലാം ഭരണകൂട സ്ഥാപനങ്ങളാണ്. സാഹിത്യം (ആദര്‍ശം കൊണ്ടും പ്രകൃതം കൊണ്ടും) അങ്ങനെയല്ല. അതിനാല്‍ അക്കാദമികാംഗീകൃതമായ തരത്തില്‍ സാഹിത്യവായന നടത്തുന്നത് വിമര്‍ശനത്തിന്റെ മൂല്യത്തിനെതിരായ ചെയ്തിയായിരിക്കും. വല്ലാത്ത യാന്ത്രികതയും ആ വേലയില്‍ ഉണ്ടാവാതെ വയ്യ.
സാഹിത്യവിമര്‍ശനവും ഒരു സര്‍ഗ്ഗാത്മക പ്രവര്‍ത്തനം തന്നെയാണ്, അതിന്റെ രീതികളിലേ മാറ്റമുള്ളൂ എന്നറിയാതെയുള്ള 'അദ്ധ്യാപകത്വ 'ത്തിന്റെ സ്വാധീനം ഈ രംഗത്തുണ്ട്. തീര്‍ച്ചയായും, അദ്ധ്യാപകരായി ജോലി ചെയ്യുന്നവര്‍ വിമര്‍ശകരാവുന്നതല്ല വിഷയം. സാഹിത്യവിമര്‍ശനം അദ്ധ്യാപകയുക്തികളുടെ പുനരുല്പാദനവേദിയാവുന്നതാണ്. 'കാലഹരണപ്പെട്ട ആശയങ്ങള്‍ക്ക് കിടന്നു ചാവാനുളള ആശുപത്രികളാണ് സര്‍വ്വകലാശാലകള്‍ ' എന്ന് കേസരി എ.ബാലകൃഷ്ണപിള്ള പറഞ്ഞത് സാഹിത്യവിമര്‍ശനത്തെ ഈ ഔദ്യോഗിക വായനകളില്‍ നിന്ന് വിടുവിക്കണം എന്ന താല്പര്യം കൂടി വെച്ചാവാം. എന്താണ് ഇന്നത്തെ സാഹിത്യ വിമര്‍ശനത്തിന്റെ നില എന്ന് ആരായുന്ന ഒരു ചര്‍ച്ച ഇവിടെ അവതരിപ്പിക്കുകയാണ്. തീര്‍ച്ചയായും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഭാഷാ-സാഹിത്യാധ്യയനത്തിന്റെ സ്വഭാവവും ഒപ്പം പരിശോധിക്കപ്പെടുന്നുണ്ട്. സാഹിത്യവിമര്‍ശകരും കവികളും നോവലെഴുത്തുകാരും ഗവേഷകരും ഭാഷാ-സാഹിത്യാദ്ധ്യാപകരുമൊക്കെയാണ് ഈ സംവാദസദസ്സിലുള്ളത്. പല തലമുറകളില്‍പ്പെടുന്നവര്‍. മൊത്തം പേര്‍. ഇങ്ങനെയൊരു കൂട്ടായ്മ ഒരു ആനുകാലികത്തില്‍ രൂപപ്പെടുന്നത് ഇതാദ്യമായിട്ടാവാം. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളൊന്നും എഡിറ്റു ചെയ്തിട്ടില്ല. യോജിപ്പുകളെയെന്ന പോലെ വിയോജിപ്പുകളെയും അപ്പടി നിലനിര്‍ത്തിയിരിക്കുന്നു.
REPRESENTATIVE IMAGE: WIKI COMMONS
സച്ചിദാനന്ദന്‍
മലയാളത്തിലെ പല സാഹിത്യ വിമര്‍ശകരും സാഹിത്യാദ്ധ്യാപകര്‍ കൂടി ആയതു കൊണ്ട് സാഹിത്യാദ്ധ്യാപനത്തിന്റെ ഒരു തുടര്‍ച്ച മാത്രമാണ് സാഹിത്യവിമര്‍ശനം എന്ന ഒരു പൊതുധാരണ ഉണ്ടായിട്ടുണ്ട്. നേരെ മറിച്ച്, പല സാഹിത്യാദ്ധ്യാപകരും തങ്ങള്‍ തങ്ങളുടെ ജോലിയുടെ സ്വഭാവം കൊണ്ടുതന്നെ 'സ്വാഭാവിക' സാഹിത്യ വിമര്‍ശകരാണ് എന്നു തെറ്റായി ധരിക്കുന്നുമുണ്ട്. ഇതിനേക്കാള്‍ വലിയ ഒരപകടം ക്ലാസ് നോട്ടുകള്‍ മുതല്‍ ഗവേഷണപ്രബന്ധങ്ങളും പ്രഭാഷണങ്ങളും വരെ തങ്ങള്‍ പലപ്പോഴും കരിയറിന്റെ ഭാഗമായി ചെയ്യുന്നതെല്ലാം സാഹിത്യവിമര്‍ശനമാണ് എന്ന് പല അദ്ധ്യാപകരുടെയും തെറ്റിദ്ധാരണയാണ്. ഇവരില്‍ മിക്കവരുടെയും വിദ്യാഭ്യാസചരിത്രം പരിശോധിച്ചാല്‍ പലരും സാഹിത്യത്തോടുള്ള സാമാന്യമായ ആഭിമുഖ്യം കൊണ്ട് പോലുമല്ല, തങ്ങള്‍ ആഗ്രഹിച്ച മറ്റു പല വിഷയങ്ങളിലും പ്രവേശനം ലഭിക്കാന്‍ യോഗ്യതയില്ലാത്തതു കൊണ്ടു മാത്രമാണ് ഭാഷയും സാഹിത്യവും ഉപരിപഠന വിഷയമായി എടുത്തതെന്നും കരിയര്‍ മുന്നേറ്റത്തിനു വേണ്ടി മാത്രമാണ് പലപ്പോഴും തങ്ങള്‍ക്കു ശരിയായ ധാരണ പോലും ഇല്ലാത്ത, ഗൈഡ് നിര്‍ദ്ദേശിച്ച, വിഷയങ്ങളില്‍ പി.എച്ച്.ഡി എടുത്തതെന്നും കാണാം. എന്നാല്‍ ഡോക്ടര്‍ ബിരുദം കൂടി നേടിയാല്‍ തങ്ങള്‍ വിമര്‍ശനത്തില്‍ ആധികാരികത നേടി എന്നും ഇവര്‍ കരുതുന്നു. അങ്ങിനെ അക്കാദമിക് രചനകള്‍ പലപ്പോഴും സാഹിത്യ വിമര്‍ശനമായി അംഗീകാരം നേടുന്നു. കേവലം യാദൃച്ഛികമായാണ് എം.എന്‍. വിജയന്‍, ജോസഫ് മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട്, എം ലീലാവതി, കെ പി ശങ്കരന്‍, കെ പി അപ്പന്‍ തുടങ്ങിയ സാഹിത്യാധ്യാപകര്‍ സാഹിത്യവിമര്‍ശകര്‍ കൂടി ആയതെന്നും, മറുവശത്ത് പ്രൂഫ് വായന ജോലിയാക്കിയിരുന്ന കുട്ടിക്കൃഷ്ണമാരാരും വായനാവ്രതക്കാരനായിരുന്ന കേസരിയും പത്രപ്രവര്‍ത്തകനായ പി കെ രാജശേഖരനും മറ്റും ഉണ്ടെന്നും നാം പലപ്പോഴും മറക്കുന്നു. ഈ ചിന്താക്കുഴപ്പം ഒഴിവാക്കണമെങ്കില്‍ നാം ചില അടിസ്ഥാന കാര്യങ്ങള്‍ മനസ്സില്‍ ഉറപ്പിക്കണം. ഒന്ന്, സാഹിത്യവിമര്‍ശനം, അദ്ധ്യാപനം പലപ്പോഴും ആയിരിക്കുംപോലെ, ഒരു കരിയര്‍ അല്ല, ഒരു സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാണ്. രണ്ട്, അദ്ധ്യാപകന് ഒരു കൃതി പഠിപ്പിക്കുമ്പോള്‍ അനേകം കാഴ്ചപ്പാടുകള്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ വെയ്‌ക്കേണ്ടതുണ്ട്, അവ ചിലപ്പോള്‍ പരസ്പര വിരുദ്ധം ആണെന്ന് പോലും വരാം; എന്നാല്‍ വിമര്‍ശകന്‍ ഒരു കൃതി വായിക്കുന്നത് മൗലികവും വ്യക്തിഗതവുമായ ഒരു കാഴ്ചപ്പാടിലാണ്. ഒരു പുതിയ പാരായണം അവതരിപ്പിക്കാനോ, ഒരു പുതിയ പ്രവണതയോ ഭാവുകത്വമോ പരിചയപ്പെടുത്താനോ, വിസ്മൃതമോ പാര്‍ശ്വവത്കൃതമോ ആയ ഒരു കൃതിയിലേക്ക് ശ്രദ്ധ ക്ഷണിക്കാനോ ഒക്കെയാണ് വിമര്‍ശക/ന്‍ തന്റെ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത്, ആരെങ്കിലും നിര്‍ദ്ദേശിച്ചതു കൊണ്ടോ അത് തന്റെ ജോലിയുടെ ഭാഗം ആയതു കൊണ്ടോ അല്ല. മൂന്ന്, വിമര്‍ശനം വെറും ഒരു കൃതിപരിചയമല്ല, മറിച്ചും. അത് കൃതിയില്‍ ആഴത്തില്‍ മുങ്ങി പുതിയ ഉള്‍ക്കാഴ്ചകളുമായി പൊന്തി വരുന്ന ഒരു ഉത്ഖനനവൃത്തിയാണ്, അഥവാ ഒരു നവഭാവുകത്വത്തെ സമഗ്രമായി മനസ്സിലാക്കാനുള്ള ശ്രമമാണ്. നാല്, സാഹിത്യസിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്നത് ആദരണീയമായ ഒരു വൈജ്ഞാനികനിയോഗമാണ്, എന്നാല്‍ അതും സാഹിത്യവിമര്‍ശനമല്ല: സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചകള്‍ വിമര്‍ശക/ന്‍ പ്രയോജനപ്പെടുത്താമെങ്കിലും. (വിമര്‍ശന വിമര്‍ശനം എന്നത് ഇതിനു ഒരപവാദമായി പറയാം; അതുപോലെ സിദ്ധാന്തത്തിന്നുള്ള തികച്ചും പുതുതായ വ്യാഖ്യാനവും) അഞ്ച്, സാഹിത്യവാരഫലം പോലുള്ള പുറംകാഴ്ചകള്‍ ജേര്‍ണ്ണലിസമാണ്, സാഹിത്യ വിമര്‍ശനമല്ല. യുക്തിരഹിതങ്ങളായ ശകാര പ്രകീര്‍ത്തനങ്ങളുടെയും ചോരണാനാച്ഛാദനം പോലുള്ള കുറ്റാന്വേഷണ വേലകളുടെയും സ്ഥാനമാകട്ടെ അതിലും താഴെയുള്ള 'സാഹിത്യഗോസ്സിപ്പ്' എന്ന ഗണത്തിലാണ്.
ആറ്, സാഹിത്യവിമര്‍ശക/ന്‍ സ്വന്തമായി ഒരു ഭാഷ നിര്‍മ്മിക്കുന്നു. ഏഴ്, ഏറ്റവും പ്രധാനമായി സാഹിത്യ വിമര്‍ശകന്‍ അറിഞ്ഞുകൊണ്ടുതന്നെ പ്രവര്‍ത്തിക്കുന്നത് ചരിത്രം, സംസ്‌കാരം, ഭാഷ, ഭാവുകത്വം ഇവയുടെ സവിശേഷസന്ധികളില്‍ ആണ് (അദ്ധ്യാപനത്തില്‍ ഇവ അറിയാതെ കടന്നു വരാമെങ്കിലും). വിമര്‍ശകന്‍ പ്രവര്‍ത്തിക്കുന്നത് ഒരു ക്ലാസ്സ് മുറിയിലല്ലാ, ഒരു സംസ്‌കാര-ചരിത്ര- ഭാവുകത്വസന്ധിയിലാണ് എന്നര്‍ത്ഥം.
സച്ചിദാനന്ദന്‍ | PHOTO: WIKI COMMONS
ബാലചന്ദ്രന്‍ ചുള്ളിക്കാട്
സാഹിത്യകലയുടെ അനുഭവം ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയാണ് സാഹിത്യം രചിക്കപ്പെടുന്നത്. അല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ച് ബിരുദവും ഉദ്യോഗവും നേടാനുള്ള ഉപാധിയായിട്ടല്ല. അതാതുകാലത്ത് സര്‍വ്വകലാശാലകളില്‍ പ്രചാരത്തില്‍ വരുന്ന അല്പായുസ്സായ സിദ്ധാന്തങ്ങളെ ന്യായീകരിക്കുകയോ സാധൂകരിക്കുകയോ അല്ല സാഹിത്യരചനയുടെ ലക്ഷ്യം. സിദ്ധാന്തം പഠിച്ച് അതിനനുസരിച്ച് രചിക്കപ്പെടുന്ന ഉല്പന്നമല്ല സാഹിത്യം. അതു മനസ്സിലാക്കാത്തവരോട് സഹതാപം മാത്രം. സാഹിത്യാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അതിന്റെ വിവിധ തലങ്ങളെയും കാര്യകാരണ ബന്ധങ്ങളെയും സൂക്ഷ്മ ധ്വനികളെയും ഒക്കെ അറിഞ്ഞ് ആ അറിവ് ആവിഷ്‌കരിക്കുമ്പോഴാണ് സാഹിത്യവിമര്‍ശനം സഫലമാകുന്നത് എന്നു ഞാന്‍ കരുതുന്നു. സര്‍വ്വകലാശാലകളുടെ ധൈഷണികവിപണിയില്‍ ഏറ്റവും അവസാനം ഇറങ്ങിയ സിദ്ധാന്തം സാഹിത്യകൃതിയുടെ മേല്‍ പ്രയോഗിക്കുന്നതാണ് സാഹിത്യവിമര്‍ശനം എന്ന് ഞാന്‍ കരുതുന്നില്ല.
എസ്.കെ.വസന്തന്‍
സാഹിത്യ നിരൂപണം അദ്ധ്യാപകജീവിതത്തിന്റെ ഭാഗം ആണ്, ആവണം. അത് അദ്ധ്യാപകര്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട മണ്ഡലം അല്ലതാനും. പല തവണ പഠിപ്പിക്കുമ്പോഴാണ് പുതിയ ഗുണദോഷങ്ങള്‍ തെളിഞ്ഞു കിട്ടുന്നത് (എന്റെ അനുഭവം അതാണ് ). നിരൂപകര്‍ എല്ലാവരും എല്ലായ്‌പ്പോഴും മികച്ച നിരൂപണം മാത്രം എഴുതും എന്ന് കരുതരുത്. തന്നോട് സത്യസന്ധത പുലര്‍ത്തുന്ന നിരൂപകന് ചിലപ്പോള്‍ മുന്‍നിലപാട് പുതിയ അറിവിന്റെ വെളിച്ചത്തില്‍ തിരുത്തേണ്ടിവന്നേക്കാം.
കല്പറ്റ നാരായണന്‍
അദ്ധ്യാപകരുടെ മാദ്ധ്യമം ക്ലാസ്സാണ്. വിമര്‍ശനമല്ല. അദ്ധ്യാപനത്തിന്റെ വലിച്ച് നീട്ടലുമല്ല വിമര്‍ശനം. സാഹിത്യ വിമര്‍ശനം വിമര്‍ശകന്റെ മാദ്ധ്യമമാണ്. അദ്ധ്യാപനത്തിനിടയില്‍ ലേഖനമായി വികസിപ്പിക്കാവുന്ന 'പൊട്ടന്‍ഷ്യാലിറ്റി'യുള്ള ഒരുള്‍ക്കാഴ്ചയോ ഒരാശയമോ മനസ്സിലോ വാക്കില്‍ത്തന്നെയോ യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടേക്കാം. പിന്നീടത് വിമര്‍ശകനുപയോഗപ്പെടുത്തിയെന്നും
വരും. മറ്റെല്ലാ ഉദ്ദീപന സാഹചര്യങ്ങളും പോലെയെ അതിനേയും കാണേണ്ടു. ഒരു കാവ്യ ബീജം കവിയില്‍ വളരുന്ന പോലെ സങ്കീര്‍ണ്ണമായി ഒരു വിമര്‍ശന ബീജവും വളരുന്നു. ക്ലാസ്സിലെ ചുമതലകള്‍ ക്കുള്ളില്‍, നിയന്ത്രണങ്ങള്‍ക്കുള്ളില്‍ വിമര്‍ശന കൃതിക്ക് രൂപം കൊള്ളാനാവില്ല. unto the last ആണ് ക്ലാസ്സിലെ ആദര്‍ശമെങ്കില്‍ unto the best ആണ് വിമര്‍ശനത്തിലെ ആദര്‍ശം. ക്ലാസ്സില്‍ തന്നിലെ വിമര്‍ശകന്റെ ഓര്‍മ്മകള്‍ അദ്ധ്യാപകന് സഹായകമാവാം. വിമര്‍ശകന് ക്ലാസ്സിലെ ഓര്‍മ്മകള്‍ പക്ഷെ വിപരീതഫലമേ ഉണ്ടാക്കൂ. എന്തൊക്കെയായാലും ഒരിടുക്ക് തൊഴുത്തിലെ പശുവായിരുന്നു താന്‍ ക്ലാസ്സില്‍.
കല്പറ്റ നാരായണന്‍ | PHOTO: WIKI COMMONS
കെ.എം.നരേന്ദ്രന്‍
സാഹിത്യവിമര്‍ശനം അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളില്‍ ധീരവും സര്‍ഗ്ഗാത്മകവുമാണ്. സാഹിത്യം, ഭാഷ, സംസ്‌കാരം, രാഷ്ട്രീയം ചരിത്രം തുടങ്ങിയ പല കാര്യങ്ങളെക്കുറിച്ചും വിമര്‍ശനത്തെക്കുറിച്ചുതന്നെയും നാളിതുവരെ പുലര്‍ത്തിവന്ന ധാരണകളെയും യുക്തികളെയും നിഷേധിച്ച് പുതിയ കണ്ടെത്തലുകളില്‍ വിമര്‍ശക(ന്‍) എത്തുന്ന പ്രക്രിയയാണ് വിമര്‍ശനം. മറിച്ച്, അദ്ധ്യാപനവൃത്തിയെന്നത് അംഗീകൃത സിലബസിലും ആ സിലബസ് സൃഷ്ടിച്ച അധികാരികളുടെയും സമൂഹത്തിന്റെയും വീക്ഷണപരിധികളിലും അനുസരണയോടെ ഒതുങ്ങി നില്‍ക്കുന്ന തൊഴിലാണ്. എങ്കിലും അദ്ധ്യാപനവൃത്തി ആദ്യം പറഞ്ഞ വിമര്‍ശനത്തിലെ നല്ല ഉദാഹരണങ്ങളെപ്പോലെ ധീരവും സര്‍ഗ്ഗാത്മകവും ആവുന്ന ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. സ്വതന്ത്ര ബുദ്ധിയെ ആദരിക്കുന്ന പാരമ്പര്യങ്ങളിലും ജനാധിപത്യത്തിന് വേരോട്ടമുള്ള നാടുകളിലുമെങ്കിലും ചിലപ്പോളെങ്കിലും അദ്ധ്യാപനവൃത്തി സ്‌ഫോടനാത്മകമായ സര്‍ഗ്ഗാത്മകത കൈവരിക്കുന്നു എന്നാണ് അനുഭവം. പെട്ടെന്ന് മനസ്സിലെത്തുന്ന ഉദാഹരണങ്ങള്‍ വിറ്റ്ഗന്‍സ്‌റ്റൈന്റെയും ഫെര്‍ഡിനന്റ് സസൂറിന്റെയും അദ്ധ്യാപനവേളകളാണ്.
നോര്‍മന്‍ മാല്‍ക്കം തന്റെ Ludwig Wittgenstein: A Memoir എന്ന പുസ്തകത്തില്‍ വിറ്റ്ഗന്‍സ്‌റ്റൈന്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ക്ലാസെടുക്കുന്നതിന്റെ രസകരമായ വര്‍ണ്ണന തരുന്നുണ്ട്. പാശ്ചാത്യ തത്വചിന്തയില്‍ വന്‍ വിപ്ലവമുണ്ടാക്കിയ Tractatus എന്ന പുസ്തകം എഴുതിയ ഉടനെയായിരുന്നു (1928-29) അദ്ദേഹം കേംബ്രിഡ്ജില്‍ ക്ലാസെടുത്തത്. ആ ക്ലാസെടുക്കുന്ന വേള തത്വചിന്താ രംഗത്തെ ഏറ്റവും പുതിയ വഴി വെട്ടുന്ന സര്‍ഗ്ഗാത്മകമായ വേളകൂടിയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുമ്പോള്‍ വലിയ ചിന്തകള്‍ ഉടലെടുക്കുകയായിരുന്നു. ക്ലാസിന്റെ മദ്ധ്യത്തിലെ മരക്കസേരയില്‍ ഇരിക്കുകയും ചിന്തിക്കുകയും സംശയിക്കുകയും പുതിയ ചിന്തകള്‍ ഇടറിയ ശ്ലഥവാക്യങ്ങളില്‍ അവതിരിപ്പിക്കുകയും അതില്‍ സ്വയം സംശയിക്കുകയും സ്വയം പഴിക്കുകയും തിരുത്തുകയും ചെയ്യുന്ന വിറ്റ്ഗന്‍സ്‌റ്റൈനെ മാല്‍ക്കം വരച്ചുവെക്കുന്നു. അവിടെ സിലബസും ചിട്ടവട്ടങ്ങളും അധികാരകേന്ദ്രങ്ങളുടെ വിലക്കുകളും തകര്‍ന്ന് തരിപ്പണമാവുകയായിരുന്നു. ഇതുപോലൊരു ചിത്രമായിരിക്കും ഫെര്‍ഡിനന്റ് സസൂറിന്റെ സൂറിക്ക് സര്‍വ്വകലാശാലയിലെ ഭാഷാശാസ്ത്ര ക്ലാസിലിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കാനുണ്ടാവുക. യൂറോപ്പിലെ മറ്റൊരു സര്‍വ്വകലാശാലയിലും ഇല്ലാത്ത പുതിയൊരു രീതിയില്‍ പുതിയൊരു ഭാഷാദര്‍ശനമായിരുന്നു ആ ക്ലാസുകളില്‍ പിറന്നു വീണത്.
പക്ഷേ, പൊതുവേ പറഞ്ഞാല്‍ വിറ്റ്ഗന്‍സ്‌റ്റൈനും സസൂറും പൊതുനിയമങ്ങളുടെ വല്ലപ്പോഴും കാണുന്ന അപവാദം മാത്രം. പൊതുവേ കാണുന്നത് സിലബസുകളെയും അധികാര കേന്ദ്രങ്ങളെയും അനുസരണയോടെ സ്വീകരിക്കുന്ന അദ്ധ്യാപകരെയാണ്. എന്നാല്‍ മറുപക്ഷത്ത് വിമര്‍ശകരെല്ലാം പുതിയ വഴി വെട്ടുന്നവരാണോ? അല്ലേയല്ല. ബഹുഭൂരിപക്ഷവും അതത് കാലത്തെ വില്‍പ്പനമൂല്യമുള്ള ചിന്തകളുടെയും രീതിശാസ്ത്രത്തിന്റെയും വില്‍പ്പനക്കാരാണ്. വില്‍പ്പനക്കാരായതുകൊണ്ട് വില്‍പ്പന വസ്തുക്കളെക്കുറിച്ച് ആഴത്തില്‍ പഠിക്കണമെന്നുപോലുമില്ല. 1980കളില്‍ ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് സാര്‍ത്രിന്റെ അസ്തിത്വവാദത്തിന് ഇവിടെ കേരളത്തില്‍ നല്ല മാര്‍ക്കറ്റുള്ള കാലം. എം.മുകുന്ദന്റെയും മറ്റും രചനകളില്‍ അസ്തിത്വവാദ ദര്‍ശനങ്ങള്‍ വായിച്ചെടുക്കല്‍ അക്കാലത്തെ പല വിമര്‍ശകരുടെയും രീതിയായിരുന്നു. അവരില്‍ ചിലര്‍ സാര്‍ത്രിന്റെ Being and Nothingness നൂറ് മീറ്റര്‍ അകലെ നിന്നു പോലും കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു. സാര്‍ത്ര് പിന്‍വാങ്ങി. പിന്നീട് ഡീകണ്‍സ്ട്രക്ഷനും പോസ്റ്റ് മോഡേണിസവും നടപ്പുദീനങ്ങളായി. ദെറിദയും ഫുക്കോയും ബാര്‍ത്തുമാണ് പുതിയ വില്‍പ്പന വസ്തുക്കള്‍. ദെറിദയുടെ Of Grammatology പുതിയ വിമര്‍ശകരില്‍ എത്ര പേര്‍ വായിച്ചിട്ടുണ്ട് എന്ന കാര്യം അന്വേഷിച്ചാല്‍ നല്ല തമാശയായിരിക്കും ഫലം.
ബഹുഭൂരിപക്ഷം അദ്ധ്യാപകരും പതിവു സിലബസിലും അംഗീകൃതമായ അറിവിലും വ്യവഹരിക്കുന്നവരാണെന്ന പോലെ ബഹുഭൂരിപക്ഷം വിമര്‍ശകരും ധീരതയോ സര്‍ഗ്ഗാത്മകതയോ ഇല്ലാത്ത പാടിനീട്ടപ്പെട്ട ലഘുക്കളാണ്. അന്നന്ന് പ്രചാരമുള്ള രീതിശാസ്ത്രത്തെ അവര്‍ അന്ധമായി പിന്തുടരുന്നു. പക്ഷേ, ഒന്നുണ്ട്. ഇവരില്‍ പലര്‍ക്കും (അദ്ധ്യാപകര്‍ക്കും വിമര്‍ശകര്‍ക്കും) നല്ല ചെട്ടിമിടുക്കുണ്ട്. തങ്ങളുടെ അല്‍പ്പവിഭവത്തെ പൊലിപ്പിച്ച് അവതരിപ്പിക്കാന്‍ അറിയാം. അവശ്യം വേണ്ടുന്ന പബ്ലിക് റിലേഷന്‍സ് കൂടിയാവുമ്പോള്‍ ഇവര്‍ വലുതായി പുര നിറഞ്ഞ് നില്‍ക്കുകയാണ്.
മാങ്ങാട് രത്‌നാകരന്‍
ഇതൊരു വ്യാജ പ്രശ്‌നമായിട്ടാണ് തോന്നുന്നത്. 'മീന്‍വില്‍പ്പനക്കാരനായ കവി' എന്നൊക്കെ ഫീച്ചറുകളിലും പത്രങ്ങളിലെ പെട്ടിവാര്‍ത്തയിലും മറ്റും കാണുന്നതുപോലെ. സാഹിത്യവിമര്‍ശനം മലയാളത്തില്‍ ഏതാണ്ട് അപ്രത്യക്ഷമായതുപോലെയാണ്. ആ ശൂന്യതയില്‍ പ്രത്യക്ഷപ്പെട്ട ചോദ്യമാണോ ഇത്? കൂട്ടായ്മ ഇല്ലാതായികൊണ്ടിരിക്കുമ്പോള്‍ അങ്ങനെയൊരു വാക്കിന് വലിയ പ്രാധാന്യം ലഭിക്കുന്നതായാണ് അനുഭവം. മലയാളത്തില്‍ അധ്യാപകരായ നിരൂപകര്‍ വലിയ സാന്നിധ്യമാണ്. രണ്ട് തലമുറ മുമ്പ് വളരെ കൂടുതലായിരുന്നു. നിരൂപകര്‍ എന്ന രീതിയിലാണ് അവര്‍ വിലയിരുത്തപ്പെടുന്നത്.
മാങ്ങാട് രത്‌നാകരന്‍ | PHOTO: WIKI COMMONS
ഉദാഹരണത്തിന് പ്രഗല്ഭരായ എസ്. ഗുപ്തന്‍ നായര്‍ എം.എന്‍. വിജയന്‍ കെ.പി. അപ്പന്‍ എന്നിവരെല്ലാം അധ്യാപകരായിരുന്നു. ഇവരില്‍ ഗുപ്തന്‍ നായരുടെ വിമര്‍ശനത്തെ മാത്രമേ 'അദ്ധ്യാപകോചിത'മായി കാണാറുള്ളൂ. ബഷീറിന്റെ 'ശബ്ദങ്ങളെ ' കുറിച്ച് എഴുതുമ്പോള്‍ ഗുപ്തന്‍നായര്‍ ചേര്‍ത്തല പൂരപ്പാട്ട് ചെയ്യും ഭഗവത്ഗീതയും ആനയിക്കുന്നു. എന്തിനാണെന്ന് വ്യക്തമാണല്ലോ. എം.എന്‍. വിജയനാകട്ടെ ഇതിലെ പന്ത്രണ്ടധ്യായവും ചേര്‍ന്നു നിര്‍മിക്കുന്ന കിടിലം കൊള്ളിക്കുന്ന ജീവിതശില്പത്തിന് തുല്യമായി മലയാളത്തില്‍ മറ്റൊന്നും എടുത്തുകാട്ടുവാനില്ല.
കെ.പി. അപ്പനാണെങ്കില്‍ ബഷീറിനെ ഗൗരവമായി എടുത്തിരുന്നില്ല. നിരൂപകരുടെ സാങ്കേതികവിദ്യയെക്കുറിച്ച് വാള്‍ട്ടര്‍ ബെന്‍യാമിന്റെ പതിമൂന്ന് തീസീസ്സുകള്‍ ഉണ്ട്. അതില്‍ പതിനൊന്നാം തീസീസ് ഇങ്ങനെ: 'Artistic enthusiasm is alien to the critic. In his hand the art-work is the shining sword in the battle of minds.' 'തിളങ്ങുന്ന വാളോ തുരുമ്പിച്ച വാളോ എന്നതാണ് സാഹിത്യ വിമര്‍ശനത്തിലെ ചോദ്യം.
സുനില്‍ പി. ഇളയിടം
സാഹിത്യാധ്യാപനവും സാഹിത്യ വിമര്‍ശനവും വ്യത്യസ്തമായ താത്പര്യങ്ങളാലാണ് നയിക്കപ്പെടുന്നത്. സാഹിതീയമോ സാമൂഹികമോ ആയ വസ്തുതകളുടെ അവതരണം, അവയുടെ വിശകലനം, സാഹിത്യരചനകളുടെ സൗന്ദര്യത്മക തലവുമായുള്ള വിനിമയം എന്നിവയാണ് സാഹിത്യാധ്യാപനത്തിന്റെ കാതല്‍. വിമര്‍ശനമാകട്ടെ ഒരു രചനയെ മുന്‍നിര്‍ത്തിയോ അല്ലാതെയോ സാഹിത്യത്തെ സാധ്യമാക്കുന്ന വിവിധ പ്രഭാവങ്ങളെ അഭിസംബോധന ചെയ്യലാണ്. സൗന്ദര്യാത്മകത എന്ന നിലയില്‍, കലാവസ്തുവില്‍ സന്നിഹിതമായിരിക്കുന്ന ചരിത്രപരവും അഗാധവുമായ ജൈവിക വൈരുധ്യങ്ങളുമായുള്ള (Living Dialect) സംവാദമാണത്. രണ്ടിന്റെയും താത്പര്യങ്ങള്‍ ഒന്നാണെന്നു തോന്നിക്കുന്ന പ്രതലങ്ങള്‍ പുറമേക്ക് ഉണ്ടാവാം. പക്ഷേ അന്തിമമായി രണ്ടും വ്യത്യസ്തമായ ഊന്നലുകളോടെ നിലനില്‍ക്കുന്നവയാണ്.
സുനില്‍ പി. ഇളയിടം | PHOTO: WIKI COMMONS
ഇ.പി.രാജഗോപാലന്‍
സാഹിത്യത്തിന് മാര്‍ക്കിടുന്ന, അളവുതൂക്കവകുപ്പിലെ ഉദ്യോഗസ്ഥനായി പെരുമാറുന്ന അധികാരി എന്ന നിലയില്‍ നിന്ന് സാഹിത്യ വിമര്‍ശകര്‍ മാറി വന്നിരിക്കുന്നു. വിധി പ്രസ്താവിക്കുന്ന ( Judgemental ) പണിയല്ല സാഹിത്യ വിമര്‍ശനം. ഗുണ-ദോഷങ്ങള്‍ കണ്ടു പിടിക്കലല്ല അത്. പണ്ഡിതന്മാര്‍ക്ക് പാണ്ഡിത്യം കൊണ്ടു മാത്രം നന്നായി ചെയ്യാവുന്ന പണിയുമല്ല അത്. അത് സാമൂഹ്യാവബോധത്തോടെയുള്ള സര്‍ഗ്ഗാത്മകപ്രവര്‍ത്തനമാണ്. The Solitary Reaper എന്ന കവിതയുടെ പേരില്‍ Reader എന്നു കാണുന്ന വായനക്കാരന്‍ ഇങ്ങനെ പറഞ്ഞേക്കും -പെണ്‍കുട്ടിയുടെ പാട്ടിന്റെ അര്‍ത്ഥം കേള്‍വിക്കാരന് തിരിച്ചറിയാനാവാത്തത് അയാള്‍ പാണ്ഡിത്യം മാത്രമുള്ള വ്യക്തിയായതുകൊണ്ടാണ്. അല്ലെങ്കിലും പെണ്‍പാട്ട് ഏത് ആണിനാണ് നന്നായി തിരിച്ചറിയാനാവുക എന്നും വായനക്കാരന്‍ ചോദിച്ചേക്കും.
(ഔപചാരികമായ) പാണ്ഡിത്യത്തിന്റെ തുടര്‍ച്ചയല്ല സാഹിത്യവിമര്‍ശനം. ക്ലാസ് മുറിയുടെ തുടര്‍ച്ചയുമല്ല. വിദ്യാലയം ഭരണകൂടാധികാരത്തിന്റെ പ്രത്യയശാസ്ത്രസ്ഥാപനമാണ്. അവിടത്തെ പ്രതീതികളും യുക്തികളും വെച്ച് സംസ്‌കാരത്തിന്റെ കനികള്‍ വായിക്കാന്‍ തുടങ്ങിയാല്‍ കലയുടെ ബദല്‍ മൂല്യം കണ്ടെത്താനാവില്ല. സാഹിത്യം വേറെ വിദ്യാലയമാണ്, സര്‍വ്വകലാശാലയാണ്.മലയാള നിരൂപണത്തില്‍ ഒരു ആക്റ്റിവിസ്റ്റ് പാരമ്പര്യം ഉണ്ട്. കേസരി എ ബാലകൃഷ്ണപിള്ളയിലും മുണ്ടശ്ശേരിയിലുമൊക്കെ തുടങ്ങുന്ന ഒന്ന്. മുഖ്യധാരാ ആധുനികതയില്‍ അത് തെല്ല് മങ്ങിപ്പോയിരുന്നു, അത് ഇന്ന് സജീവമാണ്. ഔപചാരികമായ അദ്ധ്യാപനത്തിന്റെ തുടര്‍ച്ചയായി, ക്ലാസ് റൂം നോട്ടായി സാഹിത്യവിമര്‍ശനത്തെ കാണുന്ന സുരക്ഷിതസ്ഥാനികള്‍ക്ക് ഈ പാരമ്പര്യത്തെയും ഓര്‍ക്കാനാവില്ല, മാനിക്കാനാവില്ല.
എസ്.രാജശേഖരന്‍
കല കലയ്ക്ക് വേണ്ടി എന്നു പറയുംപോലെ സാഹിത്യവിമര്‍ശനം സാഹിത്യവിമര്‍ശനത്തിനു വേണ്ടി എന്ന് പറയാവതല്ല. സാഹിത്യവിമര്‍ശനമെന്നല്ല, കലാവിമര്‍ശനമാകെത്തന്നെ, പ്രാഥമികമായും ഒരു കലാരചന ആസ്വാദകമനസ്സില്‍ ഉണര്‍ത്തുന്ന ബോധത്തിന്റെയും ചിന്തയുടെയും പ്രതികരണങ്ങളാണ്. അത് സ്വാഭാവികമായും രണ്ട് തലങ്ങളെ ബന്ധിപ്പിച്ചു നില്‍ക്കുന്നു, രചനയെയും ആസ്വാദകമനസ്സിനെയും. രചനയുടെയും ആസ്വാദനത്തിലേര്‍പ്പെടുന്ന വ്യക്തിയുടെയും സവിശേഷബലങ്ങളും അതിന്റെ വ്യാപാരങ്ങളുമാനുസരിച്ച് വിമര്‍ശനത്തിന് പല പല ഭേദങ്ങളും മാനങ്ങളുമുണ്ടാവാം.
നമ്മുടെ സാഹിത്യമേഖലയില്‍ അധ്യാപകര്‍ക്ക് വലിയൊരു സ്ഥാനമുണ്ട്. ബൗദ്ധികവ്യാപാരത്തിന്റെ ഒരു പ്രധാനമുഖമാണ് അധ്യാപകരുടേത് എന്നതും മാനസികവ്യാപാരം സവിശേഷമുഖമായ സാഹിത്യം ബൗദ്ധികവ്യാപാരത്തോട് ഏറെയടുത്തു നില്‍ക്കുന്നുവെന്നതും ഇതിന് കാരണമാവാം. വിശകലനവും വിമര്‍ശനവും അധ്യാപനത്തിന്റെ പ്രധാന ഭാഗങ്ങളുമാണ്. സാഹിത്യവിഭാഗത്തില്‍ തന്നെ ബൗദ്ധികപ്രധാനമായ സാഹിത്യവിമര്‍ശനത്തില്‍ അധ്യാപകരുടെ ഇടപെടലുകളും സംഭാവനകളും ഉയരുന്നതിനും ഇത് വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ സാഹിത്യവിമര്‍നം അധ്യാപനത്തിന്റെ ഭാഗമോ തുടര്‍ച്ചയോ അല്ല, ആയിക്കൂട താനും. സാഹിത്യവിമര്‍ശനം അധ്യാപനത്തിന്റെ ശിക്ഷണസ്വഭാവത്തിലമര്‍ന്നാല്‍ അവിടെ സാഹിത്യം മരിച്ചു വീഴുകയാവും ചെയ്യുക. അധ്യാപനസിദ്ധികള്‍ സാഹിത്യവിമര്‍ശനത്തിന് പോഷകമാകാം എന്നല്ലാതെ അതൊരിക്കലും നിര്‍ണായകമായിക്കൂടാ.
അജയ് പി മങ്ങാട്ട്
അധ്യാപകവേലയുടെ ഭാഗമോ തുടര്‍ച്ചയോ ആയി ഒരാള്‍ സാഹിത്യവിമര്‍ശനത്തിലേക്കു പോകുന്നതില്‍ അപാകതയുള്ളതായി എനിക്കു തോന്നിയിട്ടില്ല. എന്നാല്‍, അക്കാദമിക അധികാരഘടനയുടെ ഭാഗമായ അധ്യാപകന്‍, ഭാഷയില്‍ അതേ സ്വഭാവം കാട്ടുകയാണെങ്കില്‍ സാഹിത്യവിമര്‍ശനം സങ്കുചിതമായിത്തീരും. അധ്യാപകന്‍ വിദ്യാര്‍ഥിയുടെ മേല്‍ പ്രയോഗിക്കുന്ന അക്കാദമിക അധികാരം പോലെ, നിരൂപണത്തിലൂടെ ഭാഷയില്‍ അധികാര പ്രയോഗത്തിന് വിമര്‍ശകന്‍ മുതിരാം. അയാള്‍ കൃതിയുടെ മേല്‍ പൊലീസുകാരനെയോ ഉദ്യോഗസ്ഥനെയോ ജഡ്ജിയെയോ പോലെ ബലം പ്രയോഗിക്കുന്ന, ശാഠ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന, തീര്‍പ്പുകള്‍ കല്‍പിക്കുന്ന ഒരാളായി തീരാം. വ്യക്തികള്‍ക്ക് അധികാരശക്തിയില്‍ അഭിരമിക്കാമെങ്കിലും സാഹിത്യാവിഷ്‌കാരത്തില്‍ അധികാരത്തിനോ സിദ്ധാന്തത്തിനോ സ്ഥാനമില്ല. എന്നാല്‍, ഭാവന കൊണ്ടും അക്കാദമിക ജ്ഞാനം താന്‍ ആര്‍ജിച്ച ഭാവുകത്വത്തെ പ്രകാശിപ്പിക്കുന്നതിനു പകരം അക്കാദമിക അധീശത്വം പിന്തുടരുന്ന നിരൂപകന്‍ സങ്കുചിതശക്തിയായി മാറും. സൂക്ഷിച്ചുനോക്കിയാല്‍, സാഹിത്യവിമര്‍ശനത്തില്‍ അധ്യാപകരാണ് ഈ സങ്കുചിതത്വം ഏറ്റവും നന്നായി പ്രകടിപ്പിക്കുന്നതെന്നും കാണാം. ഇനി, ഒരു തൊഴിലെടുക്കുന്നയാള്‍ മറ്റൊരു മേഖലയിലേക്കു പ്രവേശിക്കുന്നതാണു വിഷയമെങ്കില്‍ അയാളുടെ ആദ്യ സ്വത്വം രണ്ടാമത്തെ പ്രവൃത്തിക്കു തടസ്സമാവേണ്ടതില്ല. ജാതീയമായ ഘടനയ്ക്കുള്ളില്‍ ഒഴികെ മറ്റൊരിടത്തും ഒരാള്‍ ഒരു പണിയില്‍ മാത്രം ഉറച്ചുനില്‍ക്കുന്നില്ല. അതിനാല്‍ അക്കാദമികാധികാരങ്ങളെ ഉപേക്ഷിച്ച് അനുഭൂതികളുടെ ലോകത്ത് സ്വതന്ത്രമാകാന്‍ ഒരാള്‍ തീരുമാനിക്കുമെങ്കില്‍ അതു സവിശേഷമായിത്തീരും. അധ്യാപകന്‍ മരിക്കുകയും വിമര്‍ശകന്‍ ജനിക്കുകയും ചെയ്യും.
(തുടരും)