സമൂഹ മാധ്യമങ്ങളിലെ സാഹിത്യമെഴുത്തും വായനയും
സൈബറിടത്തിലെ വായനയും എഴുത്തും സാധാരണവും സ്വാഭാവികവുമായി മാറിയിരിക്കുന്ന ഒരു കാലഘട്ടത്തിൽ, ഇങ്കിൽ നിന്നും ലിങ്കിലേക്കുള്ള ഈ മാറ്റത്തിൽ, അതിന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലരാകുന്നവർ, പ്രത്യേകിച്ച് എഴുത്തുകാർ, നിരവധിയാണ്. വേഗത്തിൽ എളുപ്പത്തിൽ, പല നിറത്തിലും വലിപ്പത്തിലുമുള്ള അക്ഷരങ്ങളിൽ, ദൃശ്യശ്രവണകാര്യങ്ങളുടെ പിന്തുണയോടെ, ഹൈപ്പർലിങ്കുകളുടെ സാധ്യതയോടു കൂടി നടക്കുന്ന സൈബറിടത്തിലെ വായനയ്ക്ക് സാധ്യതകളും സൗകര്യങ്ങളും ഏറെയാണ്. മറ്റു കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ ചെയ്യാവുന്ന പ്രവർത്തിയായി എഴുത്തും വായനയും ഒരുപരിധിവരെ മാറുന്നുണ്ട്. ഓഡിയോ ബുക്കുകൾ ഈ സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇ-ബുക്കുകളുടെ വരവോടെ ആയിരക്കണക്കിനു പുസ്തകങ്ങളുടെ ഒരു ലൈബ്രറിതന്നെ നിങ്ങൾക്ക് കൊണ്ടുനടക്കാമെന്നതും ഏതുനേരത്തും അവ ലഭ്യമാകുന്നുവെന്നതും താരതമ്യേന കുറഞ്ഞ ചെലവിൽ ഇവയെല്ലാം ആർക്കും സ്വന്തമാക്കാമെന്നതും വിവരങ്ങളുടെ ജനാധിപത്യവത്കരണത്തിൽ നടത്തുന്ന ഇടപെടൽ വലുതാണ്. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം, സ്വയംപ്രസാധനത്തിന്റെയും എഡിറ്ററുടെയോ പ്രസാധകരുടെയോ ഇടനിലയില്ലാതെ നേരിട്ട് വായനക്കാരിലേക്കു എത്തുന്നതിനെയും അവരുമായി സംവദിക്കുന്നതിന്റെയും സ്വാതന്ത്ര്യം സൈബറിടം തുറന്നുകൊടുത്തു. ഹൈപ്പർലിങ്ക് കവിത/കഥ പോലെയുള്ള സമ്പർക്ക സാഹിത്യവിഭാഗങ്ങൾ (interactive literature) ഇതിന്റെ ഭാഗമായി രൂപമെടുക്കുന്നു. എഴുത്തുകാരിൽ നിന്നും എഴുത്തുകൾ വായനക്കാരിലെത്താൻ കാത്തിരിപ്പിന്റെ ആവശ്യമില്ലാതാകുന്നു. എന്താണ് വായനക്കാരിൽ എത്തേണ്ടതെന്നു തീരുമാനിക്കുന്ന അധികാരസംവിധാനങ്ങളുടെ ഇടപെടൽ കുറഞ്ഞിരിക്കുന്നു. ചുരുക്കത്തിൽ വിവരങ്ങളുടെ ജനാധിപത്യവത്കരണം സാങ്കേതികവിദ്യയിലൂടെ സാധ്യമായിരിക്കുന്നു.
വിവരങ്ങളുടെ (Information) ലഭ്യത അനായാസം സാധ്യമാക്കുമ്പോഴും അറിവിന്റെ (Knowledge) കൈമാറ്റത്തിൽ എത്രത്തോളം ഫലപ്രദമാകുന്നുണ്ട് സൈബറിടങ്ങളെന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്.
REPRESENTATIONAL IMAGE : WIKI COMMONS
അച്ചടിയ്ക്കു പിന്നാലെ, മലയാളത്തിൽ ബ്ലോഗുകൾ കൂടുതൽ പ്രചാരത്തിലായിരുന്ന കാലത്തിനു ശേഷമാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങൾ കൂടുതൽ സ്വാധീനം എഴുത്തുകാരിലും വായനക്കാരിലും ചെലുത്തുന്നത്. ബ്ലോഗുകൾ പോലും വായനക്കാർ തേടിച്ചെന്നു വായിക്കുന്ന ഒരിടമായി നിലനിന്നിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിലേക്കു വരുമ്പോൾ എഴുത്തുകൾ വായനക്കാരിലേക്ക് ചെന്നെത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. നിങ്ങളുടെ സൗഹൃദവലയത്തിൽ ആരൊക്കെ ഉൾപ്പെടണമെന്നതിലാണ് നിങ്ങൾക്ക് തിരഞ്ഞെടുപ്പുള്ളത്. വായിക്കാൻ ആഗ്രഹിക്കാത്ത നിമിഷത്തിൽ പോലും മറ്റൊരാളുടെ എഴുത്ത് നിങ്ങളിലേക്ക് വന്നെത്താം. സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്നവയ്ക്ക് കൂടുതൽ ആളുകളിലേക്ക് വളരെ വേഗത്തിൽ എത്താനാകുമെങ്കിലും ആഴത്തിലുള്ള വായന മിക്കപ്പോഴും ലഭിക്കാതെ പോകുന്നതിനു ഇതൊരു പ്രധാന കാരണമാണ്. വായിക്കാൻ 'തയ്യാറല്ലാത്ത' സാഹചര്യത്തിലിരിക്കുന്ന ഒരാളുടെ മുന്നിലേക്കെത്തുന്ന ഏതൊരു എഴുത്തിന്റെയും തുടർവായനയ്ക്ക് ആദ്യത്തെ രണ്ടുമൂന്ന് വരികളിൽ ഉണ്ടാക്കുന്ന ജിജ്ഞാസയോ കൗതുകമോ നടുക്കമോ പ്രധാനമാകുന്നുണ്ട്. ചുരുക്കത്തിൽ എഴുത്തുകാർ എന്തെഴുതണം എങ്ങനെയെഴുതണം എന്നു വായനക്കാർ തീരുമാനിക്കുന്ന സാഹചര്യങ്ങളിലേക്കും ഇവ നയിക്കുന്നു. സാങ്കേതികമായ പലതരം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും സമൂഹ മാധ്യമങ്ങളിലെ ഒരു പോസ്റ്റ് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടുന്നത്. ഇതേതുടർന്നു കമന്റുകൾ ആയും റിയാക്ഷൻസായും ലഭിക്കുന്ന പ്രതികരണങ്ങളുടെ എണ്ണം മാനദണ്ഡമാക്കി എഴുത്തിന്റെ നിലവാരം അളക്കപ്പെടുന്ന സ്ഥിതിവിശേഷവും നിലനിൽക്കുന്നുണ്ട്. ഇതാകട്ടെ പലപ്പോഴും മിഥ്യാധാരണയുമാണ്.
സാഹിത്യം, തത്വചിന്ത എന്നിവയ്ക്ക് അർഹിക്കുന്ന വായന എല്ലാവരിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ ലഭിക്കാനിടയില്ല. ഒരാളുടെ നടപ്പുകാലത്തെയും കഴിഞ്ഞ കാലത്തെയും വരുംകാലത്തെയും കുറിച്ചുള്ള ആലോചനകളെയും അയാളുടെ ഭാവനയെയും വിശകലന ശേഷികളെയും മുൻനിർത്തി ഫലപ്രദമാകുന്ന പ്രവൃത്തികളിലൊന്നായി വേണം സാഹിത്യവായനയെ കാണാൻ. വ്യതിചലിക്കാൻ സാധ്യതകളേറെയുള്ള, പ്രത്യേകിച്ച് നിങ്ങളുടെ ഇഷ്ടങ്ങൾക്കും ബ്രൗസിംഗ് ഹിസ്റ്ററികളുടെ അടിസ്ഥാനത്തിലും വിവരങ്ങളും പരസ്യങ്ങളും വന്നുകൊണ്ടിരിക്കുന്ന ഒരിടത്ത് ഏകാഗ്രതയോടെയോ ചിന്തോദ്ദീപകമായതോ ആയ വായനയ്ക്ക് സാഹചര്യം കുറവാണ്. പറഞ്ഞുപഴകിയതും ഇതിനോടകം എഴുതപ്പെട്ട നല്ല സാഹിത്യങ്ങളുടെ ഓർമ്മയുണർത്തുന്നതുമായ എഴുത്തുകൾ സോഷ്യൽ മീഡിയകളിൽ കൂടുതൽ ആഘോഷിക്കപ്പെടുന്ന സാഹചര്യത്തിനു ഈ മാധ്യമങ്ങളിലെ അലസവായന നയിക്കുന്നുണ്ട്. വായിക്കുന്നയാളുടെ ചിന്തയും സമയവും ആവശ്യപ്പെടുന്ന സാഹിത്യസൃഷ്ടികൾക്ക് ശ്രദ്ധേയത ലഭിക്കാതെയും പോകുന്നു.
REPRESENTATIONAL IMAGE: WIKI COMMONS
അച്ചടിപുസ്തകങ്ങളെയും ഇ-ബുക്ക് റീഡറുകളെയും പോലെയല്ല സോഷ്യൽ മീഡിയകളിലെ വായന. അക്ഷരങ്ങളിലൂടെ സഞ്ചരിക്കുന്ന നിങ്ങളിലെ വായനക്കാരനോ വായനക്കാരിയോ ആയിരിക്കില്ല അവിടെ ഉണർന്നു പ്രവർത്തിക്കുന്നത്. മറിച്ച് സൈബറിടത്തിലെ എഴുത്തുകൾ ഒരു ദൃശ്യമായി പ്രവർത്തിക്കാനാണ് കൂടുതൽ സാധ്യത. അർത്ഥത്തിനു മുമ്പെ അതിന്റെ ആകൃതിയിലും വലിപ്പത്തിലും നിറത്തിലും ശ്രദ്ധ പതിയും. അച്ചടിച്ച പുസ്തകവും ഇ-റീഡറുകൾ ഉപയോഗിച്ചുള്ള വായനയിൽ വാക്കിൽ നിന്നും ഉത്തേജിപ്പിക്കപ്പെട്ട് ഭാവനയിലാണു ദൃശ്യങ്ങൾ വെളിപ്പെടുന്നതെങ്കിൽ സോഷ്യൽ മീഡിയകളിൽ ദൃശ്യങ്ങളും ബാഹ്യരൂപങ്ങളുമാണു ആദ്യം രൂപപ്പെടാൻ ഇടയുള്ളത്. എഴുത്തുകളെക്കാൾ അതിനോട് ചേർന്നുനിൽക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധയൊതുങ്ങാം, ചലിക്കുന്ന എന്തെങ്കിലും എഴുത്തിനോട് ചേർന്നുനിൽക്കുന്നെങ്കിൽ അത് വായനയിൽ തടസ്സമാകും, പോസ്റ്റുകൾക്ക് മുമ്പെ ആളുകൾ കമന്റുകളും ലൈക്കിന്റെ എണ്ണവും നോക്കി വായിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചേക്കാം. വായിക്കുന്നതിനെപ്പറ്റിയുള്ള സ്വന്തം അഭിപ്രായം സ്വതന്ത്രമായി സ്വരൂപിക്കുന്നതിൽ ഒരു പോസ്റ്റിനോടുള്ള മറ്റുള്ളവരുടെ പ്രതികരണങ്ങൾ സ്വാധീനം ചെലുത്താം.
ഇത് പരമ്പരാഗത അർത്ഥത്തിലുള്ള വായനയല്ല. ആഴമേറിയ വായനയുമല്ല. കാണലിലാണ് ഇവിടെ ശ്രദ്ധ, ചിലപ്പോൾ കേൾക്കലിലും. സൈബറിടങ്ങളിൽ ദൃശ്യങ്ങൾക്കും താൽക്കാലികതയ്ക്കും ലഭിക്കുന്ന മുൻതൂക്കം യഥാർത്ഥത്തിൽ സാഹിത്യത്തിനും സമാനമായ എഴുത്തുകൾക്കും ഗുണം ചെയ്യുന്നതല്ല. ചുരുങ്ങിയ നേരം കൊണ്ട് കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനാൽ വിവരങ്ങളുടെ കൈമാറ്റത്തിനു അനുയോജ്യമായ, അത്തരം കാര്യങ്ങൾ എഴുതാനും വായിക്കാനും ഫലപ്രദമായ മാധ്യമമാണ് സോഷ്യൽ മീഡിയ. അതേസമയം സാഹിത്യവായനയ്ക്ക് ഗുണപ്രദമാണോ എന്നത് വായനക്കാരന്റെ തീരുമാനത്തിലൂടെ മാത്രമാണ് നിർണ്ണയിക്കപ്പെടുന്നത്. എഴുത്തിനും അതിനെ കേവലം വിവരം എന്നതിൽ നിന്നും അറിവാക്കി മാറ്റുന്നതിലും വായനക്കാരന്റെ ഇടപെടൽ ആവശ്യമാണ്. അക്കാര്യത്തിൽ നിശ്ചയമുള്ളവർ മാത്രമല്ല അതിനായി സാധാരണയിൽക്കവിഞ്ഞ് ശ്രമിക്കേണ്ടവർ കൂടിയാണ് സോഷ്യൽ മീഡിയകളിലെ യഥാർത്ഥ സാഹിത്യവായനക്കാരെന്നു പറയാം.
സമൂഹ മാധ്യമങ്ങളിൽ, ഒരു എഴുത്തിന്റെ പ്രസക്തിയെന്നത് അതിന്റെ പ്രശസ്തിയുമായി യാതൊരു ബന്ധവും പുലർത്തണമെന്നില്ല. ഫേസ്ബുക്കിന്റെ കാര്യമെടുത്താൽ, ഓരോ പോസ്റ്റിനു കീഴിലും നടക്കുന്ന കമന്റുകളിലൂടെയുള്ള മറ്റുള്ളവരുടെ ഇടപെടലുകൾ ആ പോസ്റ്റിന് കൂടുതൽ പ്രചാരം നൽകുന്നു. അതേസമയം ആ കമന്റുകൾ വിമർശനമായാൽ പോലും ഈ പ്രചാരത്തെ അത് ഗുണപ്രദമായാണ് ബാധിക്കുന്നത്. ചുരുക്കത്തിൽ ഒരു പുസ്തകം വായിച്ച ഒരാൾ നടത്താനിടയുള്ള 'ഇത് നല്ലതാണ്, നിങ്ങളും വായിച്ചു നോക്കൂ' എന്ന അഭിപ്രായമല്ല സാമൂഹ്യമാധ്യമങ്ങളുടെ അൽഗൊരിതം നൽകുക. പ്രസിദ്ധിയും കുപ്രസിദ്ധിയും തമ്മിലുള്ള അന്തരം പോലും ഇല്ലാതാകുന്ന ഒരു സ്ഥിതിവിശേഷത്തിലേക്കും ഇത് നയിക്കുന്നുണ്ട്. ഒരു മാർക്കറ്റിംഗ് ടൂൾ എന്ന നിലയിൽ എഴുത്തുകാർക്ക് ഉപയോഗപ്പെടുത്താവുന്ന സൈബറിടം മാത്രമാണ് സമൂഹമാധ്യമങ്ങൾ. സാഹിത്യകാരനായി അറിയപ്പെടാൻ സമൂഹ മാധ്യമങ്ങൾ ഗുണം ചെയ്യും. എന്നാൽ നിങ്ങൾ ചിന്തിക്കുന്ന വായനക്കാരനെ അർഹിക്കുന്നെങ്കിൽ അതിനു അനുയോജ്യമായ സാഹചര്യങ്ങൾ വായനക്കാരനു നൽകുന്ന മറ്റൊരിടം കണ്ടെത്തുന്നതാണ് നല്ലത്.