TMJ
searchnav-menu
post-thumbnail

Outlook

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പൊട്ടിച്ചെറിയേണ്ട എപ്പിസ്റ്റമിക് ബബിൾ

16 Dec 2025   |   5 min Read
സിദ്ധാർത്ഥ് കെ

ത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വിജയമാണ്. തിരിച്ചുപരിശോധിച്ചാൽ, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ യുഡിഎഫിന് ലഭിച്ച ഏറ്റവും മികച്ച വിജയമാണിത്. കഴിഞ്ഞ തവണ 941 ഗ്രാമപഞ്ചായത്തുകളിൽ 339ലും 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 38ലും 14 ജില്ലാ പഞ്ചായത്തുകളിൽ മൂന്നിലും 87 മുനിസിപ്പാലിറ്റികളിൽ 41ലും ആറ് കോർപ്പറേഷനുകളിൽ ഒരൊറ്റയെണ്ണത്തിലും പരുങ്ങിനിന്ന മുന്നണിയാണ് യുഡിഎഫ്. അവരാണ് ഇത്തവണ നാല് കോർപ്പറേഷനിലും 54 മുനിസിപ്പാലിറ്റികളിലും ഏഴ് ജില്ലാപഞ്ചായത്തുകളിലും 78 ബ്ലോക്ക് പഞ്ചായത്തുകളിലും അഞ്ഞൂറിലധികം ഗ്രാമപഞ്ചായത്തുകളിലും ഭരണസാരഥ്യം പിടിച്ചെടുത്ത് ഐതിഹാസിക വിജയം നേടുന്നത്. പത്തനംതിട്ടയിലും മലപ്പുറത്തും വയനാടും മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫ് ഭരണനേതൃത്വം നൽകും. ആലപ്പുഴയിൽ ചേർത്തല ഒഴികെ മുഴുവൻ മുനിസിപ്പാലിറ്റികളും ഭരിക്കാൻ പോകുന്നത് യുഡിഎഫാണ്. കോട്ടയത്ത് വൈക്കവും വാഴൂരും ഒഴികെയുള്ള ബ്ലോക്ക് പഞ്ചായത്തുകളും, ഇടുക്കിജില്ലയിൽ ദേവികുളം ഒഴികെയുള്ള മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും, എറണാകുളം ജില്ലയിൽ വൈപ്പിൻ ഒഴികെയുള്ള ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫ് ഭരണ സാരഥ്യം വഹിക്കും.  മലപ്പുറം ജില്ലയിൽ പൊന്നാനി ഒഴികെയുള്ള മുഴുവൻ നഗരസഭകളും യുഡിഎഫിന്റെ കൈകളിൽ എത്തിക്കഴിഞ്ഞു. മലപ്പുറത്ത് തന്നെ പൊന്മുണ്ടം, നിറമരുതൂർ, വെളിയങ്കോട് ഒഴികെയുള്ള മുഴുവൻ ഗ്രാമപഞ്ചായത്തുകളും യുഡിഎഫ് ഭരിക്കും. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രതിപക്ഷമില്ലാതെ യുഡിഎഫ് ജനപ്രതിനിധികളായ 33 പേർ മാത്രം കാര്യങ്ങൾ തീരുമാനിക്കും. എല്ലാ മേഖലകളിലും പാർട്ടി മെഷീനറിയെ ചലിപ്പിക്കാൻ ശേഷിയുള്ള ഇടതുപക്ഷം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇതിനുമുമ്പ് ഇത്തരമൊരു തിരിച്ചടി നേരിട്ടിട്ടില്ല. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എത്ര വലിയ തിരിച്ചടി നേരിട്ടാലും, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എത്ര തവണ തോറ്റാലും എൽഡിഎഫിന് ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത പരാജയം. വരി നിന്ന് വോട്ട് ചെയ്ത് യുഡിഎഫിനെ വിജയിപ്പിക്കുകയും എൽഡിഎഫിനെ തോൽപ്പിക്കുകയും ചെയ്ത മനുഷ്യർക്ക് പോലും പ്രതീക്ഷിക്കാനാകാത്ത പരാജയം.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
എല്ലാ തെരഞ്ഞെടുപ്പുകളിലും, പാർലമെന്റിലായാലും നിയമസഭയിലായാലും, നാടുനീളെ വീടുകയറുന്നവരും, പോസ്റ്ററൊട്ടിക്കുന്നവരും, കൊടികെട്ടുന്നവരും ഉറക്കമിളയ്ക്കുന്നവരും അവസാന വോട്ടറെയും ബൂത്തിലെത്തിക്കുന്നവരും സ്ഥാനാർഥികളായി അണിനിരക്കുന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോകുന്നത്. അധികാരം ജനങ്ങളിലേക്ക് കൂടുതലടുക്കുന്ന യഥാർത്ഥ ജനാധിപത്യത്തിൻ്റെ തെരഞ്ഞെടുപ്പ്. പക്ഷേ, ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും, മുകളിൽ നിന്ന് കെട്ടിയിറക്കപ്പെട്ട യുക്തികളുടെ പരാധീനതകൾ പരക്കെ ദർശിച്ച തെരഞ്ഞെടുപ്പായിരുന്നു. മേൽക്കമ്മിറ്റി നറേറ്റീവുകൾ മാത്രം കീഴ്ഘടകങ്ങളെ ചലിപ്പിച്ച തെരഞ്ഞെടുപ്പ്.

'പൊളിറ്റിക്കലായി തെരഞ്ഞെടുപ്പിനെ നേരിടും' എന്നതായിരുന്നു തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രഖ്യാപനം. 'പൊളിറ്റിക്കലാവുക' എന്നു പറഞ്ഞാൽ അതത് പ്രദേശങ്ങളിലെ പൊളിറ്റിക്കൽ വിഷയങ്ങൾ മറന്നു കളയുക, ഒപ്പം, സംസ്ഥാനത്തിൻ്റെ മൊത്തത്തിലുള്ള രാഷ്ട്രീയ നറേറ്റിവിനെ പ്രാദേശിക യുക്തികൾക്ക് മുകളിലേക്ക് സ്ഥാപിച്ചെടുക്കുക എന്നതാണ് രാഷ്ട്രീയപാർട്ടികൾ ഉദ്ദേശിച്ചത് എന്നുവേണം മനസ്സിലാക്കാൻ. ഓരോ പഞ്ചായത്തുകളിലും നഗരസഭകളിലും അധികാര- വിഭവ- വിതരണം എത്രത്തോളം എത്തിക്കാൻ കഴിഞ്ഞു, പ്രാദേശിക സർക്കാരുകൾക്ക് ജനങ്ങളുടെ ക്ഷേമ ലക്ഷ്യങ്ങളെ എത്രത്തോളം പൂർത്തീകരിക്കാൻ കഴിഞ്ഞു എന്നതായിരുന്നു തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകേണ്ടിയിരുന്നത്. പക്ഷേ, സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫും, സംസ്ഥാന ഭരണത്തിൽ പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫും എല്ലാത്തിനും മുകളിൽ സംസ്ഥാന നറേറ്റീവുകളെ പ്രതിഷ്ഠിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നേരെ ഉയർന്ന ലൈംഗികാരോപണങ്ങളും സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ചപ്പാടും മാത്രമായിരുന്നു എൽഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം. ശബരിമലയിലെ സ്വർണ്ണക്കൊള്ള പ്രചാരണം മറുപക്ഷത്തിന്റെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ചലിപ്പിച്ചു. സംസ്ഥാനതലത്തിലുള്ള ഈ നറേറ്റീവ്- ദ്വന്ദ്വയുദ്ധത്തിൽ ഏറ്റവും മികച്ച നിലയിൽ സ്വന്തം നറേറ്റീവിനെ അവതരിപ്പിക്കാൻ കഴിയുന്നവർക്ക് വിജയിക്കാം എന്നതാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വിധിയെഴുത്തായി പുറത്തുവന്നിട്ടുള്ളത്. എൽഡിഎഫും യുഡിഎഫും സംസ്ഥാനതല രാഷ്ട്രീയത്തിന്റെ അടരുകളെ മാത്രം കേന്ദ്രീകരിപ്പിക്കുകയാണെങ്കിൽ, ഞങ്ങൾക്ക് നോർത്തിന്ത്യൻ നറേറ്റീവ് കേരളത്തിൽ കെട്ടിയിറക്കാൻ കഴിയുമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രചാരണം. ഇതിനോടൊപ്പം ഹിന്ദുത്വ രാഷ്ട്രീയവും ചാലിച്ചുവരച്ചപ്പോൾ വലയിൽ വീണത് തിരുവനന്തപുരം കോർപ്പറേഷനും പാലക്കാട്, തൃപ്പൂണിത്തുറ നഗരസഭകളും 25ഓളം പഞ്ചായത്തുകളുമാണ്. സംസ്ഥാനം മുഴുവൻ വോട്ട് ചോരി ആരോപണത്തിന് യോഗ്യമായ ഇടപെടൽ നടത്തി, ആളും അർത്ഥവും ശക്തമായി നിരത്തിവെച്ചുകൊണ്ടുള്ള പ്രചാരണം അവരും പ്രതീക്ഷിച്ചതുപോലെ ഫലത്തോടടുത്തിട്ടില്ല.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
പക്ഷേ, മലവെള്ളം പോലെ ഇരച്ചുവരുന്ന വർഗീയപ്രചാരണങ്ങളും വിതണ്ഡവാദങ്ങളും സംസ്ഥാനതലം കടന്ന് പ്രാദേശിക യുക്തികളിലേക്ക് എത്തിയിരിക്കുകയാണ്. ജയിപ്പിച്ചു തന്നാൽ തലസ്ഥാനനഗരിയിൽ നരേന്ദ്രമോദിയെ വിമാനമിറക്കി പണിയെടുപ്പിച്ചു കാണിച്ചു തരാം, ഒളിമ്പിക്സിന് ഒരു വേദികെട്ടിത്തരാം എന്നൊക്കെയുള്ള ബിജെപി വാഗ്ദാനങ്ങൾ തിരുവനന്തപുരത്തെ ജനങ്ങൾ സ്വീകരിക്കുകയാണ്. വോട്ടർമാരുടെ വാട്സാപ്പിൽ എത്തിക്കേണ്ട കഥകളെ കൃത്യമായി എത്തിക്കുകയും, ഒതുക്കിപ്പിടിക്കേണ്ട സത്യങ്ങളെ പൊതിഞ്ഞുപിടിക്കുകയും ചെയ്യാൻ അവർക്ക് കൃത്യമായറിയാം. അവരുടെ കീഴ്വഴക്കങ്ങൾക്ക്, ജാതി ശാസനകൾക്ക്, കഴുത്തു നീട്ടിനൽകാൻ ചില പഞ്ചായത്തുകളെങ്കിലും തയ്യാറായിക്കഴിഞ്ഞു. ആർഎസ്എസിൻ്റെ ഉദ്ദേശലക്ഷ്യങ്ങളെ പുൽകാനുള്ള മണ്ണ് കേരളത്തിൽ കുറേക്കൂടി ഒരുങ്ങിക്കഴിഞ്ഞുവെന്ന ഭീഷണി ചെറുതല്ല. കേരളീയരെ ജാതിശരീരങ്ങളാക്കാനുള്ള അത്തരം ഉദ്ദേശലക്ഷ്യങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം, സംഘടിതവും അടവുനയത്തിലൂന്നിയതുമായ പ്രതിരോധം, രാഷ്ട്രീയകേരളത്തിന് എങ്ങനെ സ്വരുക്കൂട്ടിയെടുക്കാനാകും എന്നതിലാണ് മതേതര മനുഷ്യരുടെ ആകാംക്ഷ. അത്തരം പ്രതിരോധങ്ങൾക്ക് എണ്ണത്തിൽ കുറഞ്ഞതെങ്കിലും, മികച്ച ചില മാതൃകകൾ ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സൃഷ്ടിച്ചെടുത്തേക്കാനും സാധ്യതയുണ്ട്. കഴിഞ്ഞതവണ വിജയത്തിൽ നിന്ന് ഒരു സീറ്റകലെ മാത്രം ഉണ്ടായിരുന്ന ബിജെപിയെ പരാജയപ്പെടുത്തി പിന്നിലേക്ക് തള്ളിയിടാൻ എൽഡിഎഫിന് കഴിഞ്ഞിരിക്കുന്നു. ബിജെപി ജയിച്ചെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കാത്ത പാലക്കാട്, തൃപ്പൂണിത്തുറ നഗരസഭകളിൽ മതനിരപേക്ഷ ശക്തികൾ ഐക്യപ്പെട്ടാൽ ബദൽ തീർക്കാവുന്നതേയുള്ളൂ. 

2025ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിനെ സെമിഫൈനൽ തെരഞ്ഞെടുപ്പായി മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള മറുപടികളാണ് ഇടതുപക്ഷ നേതാക്കളും യുഡിഎഫ് നേതാക്കളും നടത്തുന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ചൂണ്ടുപലകയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് പ്രഖ്യാപിക്കുകയും, 2026ൽ മൃഗീയമുന്നേറ്റം നടത്താനായില്ലെങ്കിൽ വനവാസത്തിനു പോകുമെന്ന മുൻ പ്രസ്താവന ആവർത്തിക്കുകയുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചെയ്തത്. 2010ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇതുപോലൊരു തിരിച്ചടി നേരിട്ടതാണെന്നും, ആ പരാജയത്തെ ഫലപ്രദമായി നേരിട്ട് ജനങ്ങളില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പിന്നീട് എല്‍ഡിഎഫിന് മുന്നോട്ടുവരാന്‍ സാധിച്ചതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നു. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു മുന്നണികളുടെയും പ്രതികരണങ്ങളും അധികാരവികേന്ദ്രീകരണത്തിനും ജനകീയാസൂത്രണത്തിനും ഉതകുന്ന ആത്മാർത്ഥതയായി പ്രതിഫലിക്കുന്നില്ല. പിശകുകൾ വസ്തുനിഷ്ഠമായി പരിശോധിച്ച് ശരിയായ തിരുത്തലുകൾ വരുത്തുമെന്ന പ്രഖ്യാപനം മാത്രമാണ് ഭാവിയിലേക്കുള്ള പ്രതീക്ഷ. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനവും പ്രതീക്ഷ പകരുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഈ തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥത്തിൽ കേരളത്തിന്റെ സാമൂഹ്യ അൽഗോരിതത്തിന്റെ ദിശാസൂചകമാണ്. 'അവിശ്വസനീയമായ' തിരിച്ചടിയാണ് നേരിട്ടതെന്ന് ഇടതുപക്ഷ നേതാക്കൾ തോൽവിയെ പറ്റി പറയുമ്പോൾ, അതൊരു 'എപ്പിസ്റ്റമിക് ബബിൾ' പൊട്ടുന്നതിൻ്റെ സൂചനയാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ, കേരളത്തിലെ മുഴുവൻ മനുഷ്യരും, ഒപ്പം മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഇക്കോ ചേംബറുകളിലോ, എപ്പിസ്റ്റമിക് ബബിളിലോ ആണ്. നമ്മൾ ഇടപെടുന്ന ഓൺലൈൻ സാമൂഹ്യമാധ്യമ സൈറ്റുകളുടെ എക്കോസിസ്റ്റം നമ്മൾക്ക് താല്പര്യമുള്ളതോ, നമ്മുടെ കാഴ്ചപ്പാടുകൾക്ക് ചേർന്നുനിൽക്കുന്നതോ ആയ റിസൾട്ട് മാത്രമാണ് നൽകുക എന്നത് ഈ ലേഖനത്തിന്റെ വായനക്കാർക്കും ബോധ്യമുള്ളതായിരിക്കുമല്ലോ. ജാതി, മതം എന്നീ സാമൂഹ്യ സ്ഥാപനങ്ങൾ അവരവരുടെ കള്ളികളിലേക്ക് ഓരോ വ്യക്തികളെയും ചുരുക്കുന്നത് പോലെ, ആധുനികകാലത്തെ സാമൂഹ്യമാധ്യമ വ്യവഹാരം അവരവരുടെ താല്പര്യങ്ങളിലേക്ക് മനുഷ്യരെ ചുരുക്കുന്നുണ്ട്. ചാറ്റ്ജിപിടി, പെർപ്ലെക്സിറ്റി പോലുള്ള എഐ ചാറ്റ്ബോട്ടുകളും നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക്, നമ്മൾ ഇതുവരെ ചോദിച്ച ചോദ്യങ്ങളുടെ താൽപര്യങ്ങളുടെ പുറത്ത് മാത്രം നിർമിച്ചെടുത്ത മറുപടിയാണ് നൽകുന്നത്. അവയും സത്യവും തമ്മിലുള്ള അകലം വളരെ വലുതായിരിക്കും. വ്യക്തികളെ കള്ളികളിലേക്ക് ചുരുക്കുന്ന ജാതിയുടെ അൽഗോരിതം പോലെ, വിശ്വാസങ്ങളുടെ അൽഗോരിതം പോലെ, സോഷ്യൽ മീഡിയ അൽഗോരിതവും പ്രവർത്തിക്കുന്നു എന്ന് വേണം കാണാൻ. 

എസ്റ്റാബ്ലിഷ്മെൻ്റുകളുടെ വിജയം തന്നെ, മനുഷ്യരെ തലകുനിപ്പിച്ച് അവരവരുടെ സ്വത്വങ്ങളിലേക്കും താല്പര്യങ്ങളിലേക്കും ചുരുക്കി തുറന്ന ലോകത്തേക്ക് തലയുയർത്തി നോക്കാതിരിപ്പിക്കുക എന്നതിലാണ്. പുതിയ കാലത്ത് രാഷ്ട്രീയം, അത്തരമൊരു കയത്തിലേക്ക് ചുരുങ്ങുകയാണ്. ഒരു ഇടതുപക്ഷ പ്രവർത്തകൻ, അയാളുടെ രാഷ്ട്രീയപാർട്ടിക്കും ആ പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനും അനുയോജ്യമായ വിവരങ്ങളും വാർത്തകളും മാത്രമാണ് അയാളുടെ ഫീഡിലേക്ക് നൽകുന്നത്. സിസ്റ്റം നമ്മളുടെ ചെവികൾ അടച്ചുപിടിച്ചത് പോലെ അത് പ്രവർത്തിക്കും. എപ്പിസ്റ്റമിക് ബബിൾ എന്ന് നമുക്ക് അതിനെ വിളിക്കാൻ കഴിയും. അന്യമായ കാഴ്ചപ്പാടുകളുടെ കൺസേൺ ലഭ്യമാകാത്തതാണ് ആ ബബിൾ. അപ്രതീക്ഷിതമായ ഒരു വിമർശനം, അല്ലെങ്കിൽ, തിരിച്ചടി, ആ ബബിളിനെ തകർക്കാൻ പോന്നതാണ്. എന്നാൽ ഇക്കോ ചേംബർ അവയിൽ നിന്ന് വ്യത്യസ്തമാണ്. ഇക്കോ ചേംബറിൽ അകപ്പെട്ടയാൾ, സിസ്റ്റത്തിന് പുറമേ സ്വന്തമായി തന്നെ ചെവികളും കണ്ണുകളും മറ്റ് ഇന്ദ്രിയങ്ങളും അടച്ചുവെച്ചവരാണ്. പുറമേ നിന്ന്, അവരവർക്ക് അന്യമായ നറേറ്റീവുകൾ വരുമ്പോഴെല്ലാം അവയെ തള്ളിക്കളയാനുള്ള പ്രവണതയാണ് അവർക്കുണ്ടാവുക. വിപരീതമായ അഭിപ്രായങ്ങൾക്ക്, വിമർശനങ്ങൾക്ക് ഒട്ടും ആക്സസ് ഇല്ലാത്ത മനുഷ്യരായി ഇക്കോ ചേംബറിൽ പെട്ടവർ മാറും. പോസ്റ്റ് ട്രൂത്ത് കാലത്ത് മുഴുവൻ മനുഷ്യരും ഇക്കോ ചേംബറിൽ അകപ്പെട്ടവരായി മാറും. അമേരിക്കയിലെ യൂട്ടാ യൂണിവേഴ്സിറ്റിയിലെ അധ്യാപകനും പ്രമുഖ തത്വചിന്തകനുമായ സി തി ന്യൂയൻ രചിച്ച 'ഇക്കോ ചേമ്പേഴ്സ് ആൻഡ് എപ്പിസ്റ്റമിക് ബബിൾസ്', 'എസ്കേപ്പ് ദി ഇക്കോ ചേംബർ' എന്നീ പ്രബന്ധങ്ങളിൽ അതിൽ നിന്നുള്ള രക്ഷപ്പെടലിനെ സംബന്ധിച്ച് വിശദമാക്കുന്നുണ്ട്. എപ്പിസ്റ്റമിക് ബബിളിൽ അകപ്പെട്ടവർ, വിമർശനങ്ങളും സ്വയംവിമർശനങ്ങളും കൊണ്ട് മെച്ചപ്പെടും, കൂടുതൽ വ്യാപ്തിയുള്ള ചെവികൾ കൊണ്ട്, കണ്ണുകൾ കൊണ്ട്, തലച്ചോറുകൾ കൊണ്ട് പുറംലോകം കാണും. എന്നാൽ ഇക്കോ ചേംബറുകളിൽ നിന്ന് രക്ഷപ്പെടാൻ സമൂഹത്തിൽ മൊത്തത്തിലുള്ള ഒരു 'സോഷ്യൽ എപ്പിസ്റ്റമിക് റീബൂട്ട്’ ആവശ്യമായി മാറും. തിരിച്ചടികൾ നേരിട്ടാൽ തിരുത്തും, വീണ്ടും ജനങ്ങളെ കാണും, മുന്നോട്ടുപോകും എന്ന പ്രഖ്യാപനം എപ്പിസ്റ്റമിക് ബബിൾ പൊട്ടിയതിന്റെ ദീർഘനിശ്വാസമായി മാറണം. ഇക്കോ ചേമ്പറുകളിൽ കുടുങ്ങിയവർക്കുള്ള രക്ഷപ്പെടൽ, ബബിളിൽ നിന്ന് പുറത്തു കടന്നവരുടെ അധികമായ ഇടപെടലുകൾ കൊണ്ട്, മൊത്തത്തിലുള്ള സാമൂഹ്യ റീബൂട്ട് കൊണ്ട് സാധ്യമാക്കാനാകും.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
പരസ്പരവിരുദ്ധയുക്തികളെ താൽക്കാലികമായെങ്കിലും സന്ധിചെയ്യിച്ച്, കോർപ്പറേറ്റ് വലതുപക്ഷത്തെ സഹകരണത്തോടെ നേരിട്ട്, പ്രാദേശിക സർക്കാരുകളുടെ ശരിയായ ബദൽ കെട്ടിപ്പടുക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കം ഫലം കണ്ടത് ശുഭപ്രതീക്ഷയാണ്. കോർപ്പറേറ്റ് മൂലധനത്തെ ജനാധിപത്യ പ്രക്രിയയിൽ ഇറക്കി വിജയം കണ്ടെത്താൻ ശ്രമിച്ച ട്വൻ്റി20 കക്ഷിക്കും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ആയിരത്തിലധികം സ്ഥാനാർഥികളുമായി 9 ജില്ലകളിൽ 60 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും കൊച്ചി കോർപ്പറേഷനിലുമാണ് ട്വന്റി20 മത്സരിച്ചത്.  നാല് പഞ്ചായത്തുകളുടെ ഭരണത്തിൽ നിന്ന് കേരളം മുഴുവൻ പടരാൻ ശ്രമിച്ച സിഎസ്ആർ മോഡൽ മുന്നണിക്ക് പക്ഷേ, സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് കൂടി ഒലിച്ചുപോകുകയാണുണ്ടായത്. വർഗീയലക്ഷ്യങ്ങളെയും കോർപ്പറേറ്റ് ലക്ഷ്യങ്ങളെയും പ്രാദേശിക രാഷ്ട്രീയ രംഗവേദികളിൽ അവതരിപ്പിക്കാനും വിജയിപ്പിച്ചെടുക്കാനുമുള്ള ലക്ഷ്യങ്ങൾക്കെതിരെ, ജനകീയ സഹകരണമെന്ന മികച്ച ഗുണപാഠമാണ് കേരളത്തിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ഘടകങ്ങൾക്ക് നൽകുന്നത്. പക്ഷേ ആ ഗുണപാഠം ഏറ്റെടുക്കുന്നതിന്, നമ്മുടേതായ ഇക്കോ ചേമ്പറുകൾ വിട്ട് പുറത്ത് വരാനും എപ്പിസ്റ്റമിക് ബബിളുകൾ ഏറ്റവും അവസരോചിതമായ സേഫ്റ്റി പിൻ കുത്തി പൊട്ടിച്ചുകളയാനുമുള്ള ജാഗ്രതയാണ് നമുക്ക് വേണ്ടത്.


#outlook
Leave a comment