TMJ
searchnav-menu
post-thumbnail

Outlook

ലോകസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർ നിർണയവും ദക്ഷിണേന്ത്യൻ അവകാശങ്ങളും

22 Mar 2025   |   6 min Read
അരവിന്ദ് വി എസ്

ഴിഞ്ഞ കുറച്ച് കാലമായി രാഷ്ട്രീയ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന ഒന്നാണ് ദേശീയതലത്തിൽ നടത്താൻ പോകുമെന്ന് സംശയിക്കപ്പെടുന്ന മണ്ഡല പുനർനിർണ്ണയം. നിലവിൽ തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ സംബന്ധിച്ച് അവർ നേടിയ നേട്ടങ്ങൾ അവർക്ക് ദോഷകരമായി വരുന്നുവെന്ന് സൂചനകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡല പുനർനിർണ്ണയം വലിയൊരു വിവാദമായി മാറിയിരിക്കുന്നത്. ജനസംഖ്യാനുപാതികമായി മണ്ഡലപുനർനിർണ്ണയം നടത്തുമ്പോൾ അത് എങ്ങനെയൊക്കെ സംസ്ഥാനങ്ങളെയും സംസ്ഥാനങ്ങളുടെ പുരോഗതിയുടെ താൽപ്പര്യങ്ങളെയും ബാധിക്കുമെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ വർത്തമാനകാല സാഹചര്യത്തിൽ ഇത്തരം നടപടികൾ രാജ്യം മുന്നോട്ട് വച്ചിട്ടുള്ള ഫെഡറലിസം എന്ന കാഴ്ചപ്പാടിന് എത്രത്തോളം അനുഗുണമായിരിക്കും എന്നതും ആലോചനാവിഷയമാകേണ്ടതാണ്. 

ഇന്ത്യൻ പാർലമെന്റിന്റെയും നിയമസഭകളുടെയും മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം നടത്തുവാൻ കേന്ദ്ര സർക്കാർ തയ്യാറായിരിക്കുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അതിർത്തി പുനർനിർണയത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യ അടിസ്ഥാനത്തിൽ പാർലമെന്റ് മണ്ഡലങ്ങൾ നിർണയിക്കപ്പെട്ടാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലഭ്യമായ പാർലമെന്റ് മണ്ഡലങ്ങളുടെ എണ്ണതിൽ കുറവ് വരുമെന്ന് അവർ സംശയിക്കുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ മാർച്ച് 22ന് വലിയ പ്രതിഷേധ പരിപാടികൾ നടത്തി. സ്റ്റാലിൻ അടക്കം വിവിധ സംസ്ഥാനങ്ങളിലെ നാല് മുഖ്യമന്ത്രിമാരും ഒരു ഉപമുഖ്യ മന്ത്രിയും വിവിധ രാഷ്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. കേരളം, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബിജു ജനതാദൾ (ബിജെഡി) നേതാവ് നവീൻ പട്നായിക്, ആന്ധ്രാപ്രദേശിൽ നിന്നുള്ള വൈഎസ്ആർ കോൺഗ്രസിന്റെ മിഥുൻ റെഡ്ഡി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, തൃണമൂൽ കോൺഗ്രസ്, ഐയുഎംഎൽ, പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

എം കെ സ്റ്റാലിൻ | PHOTO : WIKI COMMONS
എം കെ സ്റ്റാലിൻ മാർച്ച് അഞ്ചിനു സർവ കക്ഷി യോഗം വിളിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 2056 വരെ 30 വർഷത്തേക്ക് ലോകസഭാ മണ്ഡലങ്ങൾ പുനഃക്രമീകരിക്കാതെ നിലനിർത്തണം, നിലവിൽ തമിഴ്‌നാടിന് ലഭ്യമായ ലോകസഭയിലെ 7.18% സീറ്റുകൾ ഒരു കാരണവശാലും കുറയ്ക്കുവാൻ പാടുള്ളതല്ല എന്നിവയായിരിന്നു സർവ കക്ഷി യോഗത്തിന്റെ ആവശ്യങ്ങൾ.  

ഇതുമായി ബന്ധപ്പെട്ട് എം കെ സ്റ്റാലിന്റെ പ്രവർത്തനങ്ങൾക്ക് മാർച്ച് 12നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭരണഘടനയുടെ ഫെഡറലിസത്തെ അസ്വസ്ഥപ്പെടുത്തുന്ന കേന്ദ്ര സർക്കാറിന്റെ ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. 

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി വിഷയത്തിൽ മാർച്ച് 13നു പ്രതിഷേധം രേഖപ്പെടുത്തി. എം കെ സ്റ്റാലിൻ മാർച്ച് 22നു നടത്തുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും എന്നും അദ്ദേഹം അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാധാന്യം കുറയ്ക്കുവാനുള്ള ഒരു ശ്രമത്തെയും തെലങ്കാന സർക്കാർ അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ഉപ മുഖ്യമന്ത്രി മല്ലു ബേട്ടി വിക്രമാർക്ക മാർച്ച് 17നു സംസ്ഥാനത്ത് സർവ കക്ഷി യോഗം വിളിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂടെ അഭിപ്രായം പരിഗണിച്ചുകൊണ്ട് വേണം പാർലമെൻറ് മണ്ഡലങ്ങൾ പുനർനിർണയിക്കാൻ എന്ന് അദ്ദേഹം പരിപാടിയിൽ ആവശ്യപ്പെട്ടു.

രേവന്ത് റെഡ്‌ഡി | PHOTO : WIKI COMMONS
പാർലമെന്റ് മണ്ഡലങ്ങളുടെ പുനഃക്രമീകരണത്തിന്റെ ചരിത്രം.

ഇന്ത്യൻ ഭരണഘടനയുടെ 82,170 ആർട്ടിക്കിളുകൾ അനുസരിച്ചു പാർലമെന്റ് മണ്ഡലങ്ങളുടെ പുനഃക്രമീകരണത്തിന് കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട്. ആർട്ടിക്കിൾ 82 അനുസരിച്ചു ഓരോ ദേശീയ സെൻസസിന് ശേഷവും പാർലമെന്റിലെയും നിയമസഭയിലേയും അതത് മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണ്ണയിച്ചു പാർലമെന്റിന് നിയമം പാസാക്കാവുന്നതാണ്.  

സമാനമായി ആർട്ടിക്കിൾ 170(3) അനുസരിച്ച് , ലോക്സഭയെയോ നിയമസഭയെയോ പിരിച്ചുവിടുന്നതുവരെ ബാധിക്കില്ലെങ്കിൽ ഓരോ സംസ്ഥാനത്തിന്റെയും നിയമസഭയിലെ ആകെ സീറ്റുകളുടെ എണ്ണവും ഓരോ സംസ്ഥാനത്തെയും പ്രാദേശിക നിയോജകമണ്ഡലങ്ങളുടെ എണ്ണവും ഓരോ സെൻസസും പൂർത്തിയാകുമ്പോൾ പുനഃക്രമീകരിക്കാവുന്നതാണ്.

ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി സ്വതന്ത്രമായ ഒരു ഉന്നതതല സമിതിയെ നിർണയിച്ചു പ്രവർത്തിപ്പിക്കുവാൻ മണ്ഡല പുനർനിർണ്ണയ നിയമം (ഡീലിമിറ്റേഷൻ കമ്മീഷൻ ആക്ട് ) പാർലമെന്റ് പാസാക്കിയിട്ടുണ്ട്. കൂടാതെ 2001ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റുകളുടെ എണ്ണം പുനഃക്രമീകരിക്കാൻ ഭരണഘടനയുടെ 330, 332 എന്നിവ വ്യവസ്ഥ ചെയുന്നു. 1951ലെ സെൻസസിന് ശേഷം, 1952ൽ ഡീലിമിറ്റേഷൻ കമ്മീഷൻ അക്ട് നടപ്പിലാക്കി. ലോക്‌സഭയിലേക്കുള്ള സീറ്റുകളുടെ എണ്ണം അപ്പോൾ 494 ആയിരുന്നു. 1961ലെ സെൻസസ് നടക്കുകയും 1962ലെ വീണ്ടും ഡീലിമിറ്റേഷൻ ആക്ട് അനുസരിച്ചുലോകസഭ സീറ്റുകളുടെ എണ്ണം 522 ആയി ഉയർത്തുകയും ചെയ്തു. പിന്നീട് 1971 സെൻസസ് അനുസരിച്ചു 1973 ലും 522ൽ നിന്നും 543ലേക്ക് ലോകസഭ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. 1976ഓടുകൂടെ കുടുംബാസൂത്രണനയങ്ങളിലൂടെ ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് ലഭ്യമായ മണ്ഡലങ്ങളുടെ എണ്ണം നഷ്ടപെടാതിരിക്കാനായി 2001 വരെ മണ്ഡലങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കപ്പെടുകയും ചെയ്തു. അതുകൊണ്ട് 1981, 1991 എന്നെ സെൻസസുകൾക്ക് ശേഷം ഡീലിമിറ്റേഷൻ കമ്മീഷൻ ഉണ്ടായില്ല. 2001ലെ 84 ഭേദഗതി നിയമം അനുസരിച്ചു 2026ന് ശേഷമുള്ള ആദ്യ സെൻസസ് വരെ സംസ്ഥാനങ്ങൾക്കുള്ള ലോക്‌സഭാ സീറ്റുകളുടെ എണ്ണം മരവിപ്പിച്ചു. നിലവിൽ 2001ലെ സെൻസസ് വിവരങ്ങൾ അനുസരിച്ചു 2002ലെ ഡീലിമിറ്റേഷൻ കമ്മീഷൻ ആക്ട് അനുസരിച്ചാണ് നിലവിലെ ലോകസഭ മണ്ഡലങ്ങൾ നിർണയിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോൾ 2026ൽ വീണ്ടും പാർലമെന്റ് മണ്ഡലങ്ങൾ പുനഃക്രമീകരിക്കുവാൻ തീരുമാനിക്കുമ്പോൾ 2011നു ശേഷം സെൻസസ് നടന്നിട്ടില്ല എന്നുള്ള വസ്തുത കണക്കാക്കേണ്ടി വരും. 

ലോകസഭ | PHOTO : WIKI COMMONS
എന്താണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്ന പ്രശ്നം?

സെൻസസ് അനുസരിച്ചുള്ള ജനസംഖ്യ കണക്കുകൾക്കനുസൃതമായി മണ്ഡലങ്ങൾ പുനർനിർണ്ണയിക്കുകയാണെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ മണ്ഡലങ്ങളുടെ എണ്ണം കൂടുവാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അത് നിലവിൽ ഉള്ളതിനേക്കാൾ കുറയുവാനും സാധ്യതയുണ്ട്. അതിന് കാരണം തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഉത്തരേന്ത്യയെക്കാൾ ജനസംഖ്യ വർദ്ധനവിന്റെ തോത് കുറച്ചുകൊണ്ടുവരാൻ സാധിച്ചു എന്നുള്ളതാണ്. നിലവിൽ തമിഴ്നാടിന് 39ഉം കേരളത്തിന് 20ഉം മണ്ഡലങ്ങളാണ് ലഭ്യമായിട്ടുള്ളത്. ഇതിനെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ രീതിയിലുള്ള അസമത്വം ഉണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ജനസംഖ്യാപരമായ പ്രാതിനിധ്യത്തിന്റെ കണക്ക് പരിശോധിക്കുകയാണെങ്കിൽ ആദ്യത്തെ സങ്കൽപം 7,50,000 ജനങ്ങൾക്ക് ഒരു പാർലമെന്റ് അംഗം എന്ന നിലക്ക് ആയിരുന്നു. ഇപ്പോഴത്തെ കണക്കുകൾക്ക് അനുസരിച്ചു ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള അതായത് ഏകദേശം 24 കോടി ജനങ്ങൾ ഉള്ള ഉത്തർപ്രദേശിൽ ഒരു പാർലമെന്റ് അംഗം 30 ലക്ഷം ജനങ്ങളെ പ്രതിനിധീകരിക്കുന്നു. സമാനമായി കേരളത്തിൽ ഏകദേശം 17.5 ലക്ഷം ജനങ്ങളേ ഒരു അംഗം പ്രതിനിധീകരിക്കുന്നു. ഇത് വലിയ രീതിയിലുള്ള അസമത്വമാണ്. ഇത് പരിഹരിക്കപ്പെടേണ്ടതാണ്. എന്നാൽ ഉത്തരേന്ത്യൻ സംസംസ്ഥാനങ്ങൾ നേരിടുന്ന ഈ അസമത്വ പ്രശ്നം പരിഹരിക്കുന്നതോടൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പാർലമെന്റ് മണ്ഡലങ്ങൾ വെട്ടികുറയ്ക്കുവാൻ കേന്ദ്ര സർക്കാർ നേതൃത്വം വഹിക്കുന്ന സംഘപരിവാറിന് താല്പര്യങ്ങളുണ്ടാകാം. വിശേഷിച്ചും ബിഹാറും, ഉത്തർപ്രദേശും അടക്കം ജനസംഖ്യ കൂടിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അവരുടെ ശക്തികേന്ദ്രം കൂടിയാകുമ്പോൾ. നിലവിലെ പാർലമെന്റ് അംഗങ്ങളുടെ അകെ എണ്ണം മാറ്റാതെ തന്നെ ഈ പുനഃനിർണയം നടക്കുകയാണെങ്കിൽ തമിഴ്നാടിന് എട്ട് മണ്ഡലങ്ങൾ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് എം കെ സ്റ്റാലിൻ സംശയം പ്രകടിപ്പിച്ചു. 

ഇന്ത്യയുടെ ജനസംഖ്യ 2026ഓട് കൂടെ 142 കോടിക്കടുത്ത് എത്താൻ സാധ്യതയുണ്ട്. ചില റിപ്പോർട്ടുകൾ പ്രകാരം ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണ്ണയം നടത്തിയാൽ ദക്ഷിണേന്ത്യയിൽ, കർണാടകയിൽ 28 ൽ നിന്ന് 36 സീറ്റായും, തെലങ്കാനയിൽ 17ൽ നിന്ന് 20ആയും, ആന്ധ്രാപ്രദേശിൽ 25ൽ നിന്ന് 28ആയും, തമിഴ്‌നാട്ടിൽ 39ൽ നിന്ന് 41ആയും സീറ്റുകൾ വർദ്ധിച്ചേക്കാം. ഏറ്റവും മന്ദഗതിയിലുള്ള ജനസംഖ്യാ വളർച്ചാ നിരക്ക് കുറയ്ക്കുന്നതിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന് ഒരു സീറ്റ് നഷ്ടപ്പെട്ടേക്കാം, അങ്ങനെയെങ്കിൽ കേരളത്തിലെ ലോകസഭാ സീറ്റുകളുടെ 20ൽ നിന്ന് 19ആയി കുറയും. അതേസമയം, വടക്കൻ മേഖലയിൽ, ഉത്തർപ്രദേശിൽ അവരുടെ സീറ്റുകൾ 80ൽ നിന്ന് 128ആയും, ബീഹാറിൽ 40ൽ നിന്ന് 70ആയും ഉയരും. 

സംഘപരിവാർ നയങ്ങളുടെ ചരിത്രം

പ്രാതിനിധ്യ പ്രശ്നത്തിൽ അസമത്വം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്നുണ്ട് എന്നുള്ള വിവരങ്ങൾ ശരിയാണെന്ന് പരിഗണിച്ചാലും ഈ പ്രശ്നം ഇത്തരത്തിൽ മാത്രം കാണേണ്ട ഒന്നല്ല. സംഘപരിവാറുമായി ബന്ധപ്പെട്ട നയപരമായ അനുഭവങ്ങളുടെ ചരിത്രം കൂടി ചേർത്തുവച്ചുകൊണ്ട് വേണം ഈ പ്രശ്നത്തെ കൂടുതൽ ആഴത്തിൽ മനസിലാക്കുവാൻ. ഇന്ത്യയിൽ സംഘപരിവാർ കേന്ദ്രസർക്കാരിനെ നിയന്ത്രിക്കാൻ തുടങ്ങിയതുമുതൽ സംസ്ഥാന സർക്കാരുകളുടെയും പ്രാദേശിക അധികാര കേന്ദ്രങ്ങളുടെയും അധികാരപരിധിയെ മറികടന്നുകൊണ്ട് നയങ്ങൾ നടപ്പിലാക്കാൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.  

സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്വതന്ത്ര അധികാര പരിധിയെ നിയന്ത്രിച്ചുകൊണ്ട് ജി.എസ്.ടി നടപ്പാക്കി. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാഭ്യാസത്തെ കേന്ദ്ര വിദ്യാഭ്യാസ നയം രൂപപ്പെടുത്തുക വഴി കരിക്കുലം തയാറാകുന്നതിലും പഠന ഭാഷ നിർണയിക്കുന്നതിലും അടക്കം സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയെ നിയന്ത്രിച്ചു. കോവിഡ് 19 പകർച്ചവ്യാധിയുടെ മൂർദ്ധന്യാവസ്ഥയിൽ ലോക്ക് ഡൗണുകളും, വാക്‌സിൻ വിതരണവും വിഭവ സമാഹരണവും ദേശീയ തലത്തിൽ തീരുമാനം എടുത്ത് നടത്താൻ ശ്രമിച്ചു. ആ കാലയളവിൽ സംസ്ഥാനങ്ങൾക്ക് നയപരമായ തീരുമാനങ്ങളെടുക്കാൻ പരിമിതികൾ ഉണ്ടാക്കി. കാർഷിക നിയമങ്ങൾ നടപ്പാക്കിയതിലൂടെ സംസ്ഥാനങ്ങളുടെ അധികാര പരിധി മറികടന്നുകൊണ്ട് കേന്ദ്ര സർക്കാർ കാർഷിക വ്യാപാരങ്ങൾ നിയന്ത്രിച്ചു. 2021ലെ ദ് മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി നിയമം രാജ്യത്തെ ഖനികളുടെ ലേലത്തിലും പാട്ടക്കരാറുകളിലും ഇടപെടുവാൻ കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാരുകളെക്കാൾ അധികാരം നൽകുന്നതായിരുന്നു.
 
കോവിഡ് 19 | PHOTO : WIKI COMMONS
ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞുകൊണ്ട് ജമ്മുകശ്മീരിലെ സവിശേഷ അധികാരം ഇല്ലാതാക്കുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ 2021 നടപ്പാക്കിയതിലൂടെ പ്രദേശിക ചർച്ചകൾ കൂടാതെ വലിയ തോതിൽ ടൂറിസത്തിനായി അടിസ്ഥാന വികസന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഭൂമി ഏറ്റെടുക്കാൻ തുടങ്ങി. മദ്യനിരോധിത മേഖലയായിരുന്നു ലക്ഷ ദ്വീപിൽ അതിന് അനുമതി കൊടുത്തു. സമാനമായി രണ്ട് കുട്ടികളിൽ അധികം ഉള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അധികാരവും നിയമം വഴി ഇല്ലാതാക്കി. അതോടൊപ്പം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് വേട്ടയാടി നിശ്ശബ്ദരാക്കാനുള്ള പല ശ്രമങ്ങളും തുടർച്ചയായി സംഘപരിവാറിന്റെ ഭാഗത്ത് നിന്നുമുണ്ടായി. ഈ നിലയിൽ വേണം സംഘപരിവാറിന്റെ നയങ്ങളുടെ തുടർച്ചയും പാർലമെന്റ് മണ്ഡലങ്ങൾ പുനർക്രമീകരിക്കുമ്പോൾ സംഘപരിവാർ താൽപ്പര്യങ്ങൾ പരിശോധിക്കുവാൻ.

ഏത് നിലയിലായാലും ബിഹാറും, ഉത്തർപ്രദേശും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റ് മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയമേതുമില്ല. എന്നാൽ അതോടൊപ്പം മറ്റു ദക്ഷിണേന്ത്യൻ സംസഥാനങ്ങളുടെ ലഭ്യമായ മണ്ഡലങ്ങളുടെ എണ്ണം കുറയുകയാണെങ്കിൽ അത് പാർലമെൻറിൽ സംഘപരിവാറിന്റെയും സഖ്യ കക്ഷികളുടെയും ഭീമമായ ഏകപക്ഷീയതയ്ക്ക് വഴിയൊരുക്കും.

നിലവിൽ ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാർ എന്നീ സംസ്ഥാങ്ങളിലാണ് ബിജെപി യുടെ ശക്തികേന്ദ്രങ്ങൾ. ഈ മേഖലയിൽ നിന്നുമാത്രം 240 മണ്ഡലങ്ങളിൽ അവർ വിജയിച്ചിട്ടുണ്ട്. അത് ഏകദേശം പാർലമെന്റിലെ അകെ അംഗങ്ങളുടെ 44.17% വരും. സംഘപരിവാറിന് അവരുടെ താല്പര്യത്തിന് അനുസരിച്ചുള്ള നയങ്ങൾ എതിർപ്പുകളെ മറികടന്ന് നടപ്പാക്കാൻ കഴിയുന്നത് അവരുടെ ഈ ശക്തികേന്ദ്രം കൊണ്ട് കൂടിയാണ്. 

REPRESENTATIVE IMAGE | WIKI COMMONS
അതുകൊണ്ട് ഈ മേഖലയിൽ കൂടുതൽ മണ്ഡലങ്ങൾ രൂപപ്പെടുത്തുന്നത് ബിജെപിയുടെയും ഫലത്തിൽ സംഘപരിവാറിന്റെ സഖ്യ കക്ഷികളുടെയും വിജയത്തിനും ഏകാധിപത്യത്തിനും കൂടുതൽ സാധ്യത രൂപപ്പെടുത്തും. അതെ സമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കർണാടകയും, തെലങ്കാനയും, തമിഴ്‌നാടും, കേരളവും എക്കാലത്തും പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു

കർണാടകയിൽ 11 സീറ്റുകളും തെലങ്കാനയിൽ 10ഉം. കേരളത്തിൽ 19ഉം തമിഴ്‌നാട്ടിൽ 33ഉം മണ്ഡലങ്ങൾ പ്രതിപക്ഷത്തിന്റേതായി ഉണ്ട്. അതുമാത്രമല്ല മുൻപ് സൂചിപിച്ച കേന്ദ്രസർക്കാർ നയങ്ങളിൽ പലതിലും കർഷക നിയമങ്ങളിലും, ദേശീയ വിദ്യാഭ്യാസ നയത്തിലും അടക്കം ശക്തമായ പ്രതിഷേധമാണ് ദക്ഷിണേന്ത്യൻ സംസഥാനങ്ങളിലെ പ്രതിപക്ഷ ലോക സഭ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നത്. പ്രാദേശിക പാർട്ടികളുടെയും കോൺഗ്രസിന്റെയും ഇടതുപക്ഷത്തിനും പ്രബലമായ സാന്നിധ്യമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്കും സംഘപരിവാറിനും വലിയ രീതിയിൽ വിജയം നേടുവാൻ വർഷങ്ങളായി സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മുൻപ് സൂചിപ്പിച്ച അധികാര കേന്ദ്രീകരണം നടപ്പാക്കുന്നതിനെതിരെ ഈ മേഖലകളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത് സംഘപരിവാർ ഈ മേഖലകളിൽ നിന്നുള്ള മണ്ഡലങ്ങളുടെ എണ്ണം അവർക്ക് അധികാര വർദ്ധനവിന് അനുകൂലമാകുന്ന രീതിയിൽ പുനർക്രമീകരിക്കും എന്നാണ്. ആ നിലയ്ക്ക് കൂടി എം കെ സ്റ്റാലിന്റെ പ്രതിഷേധ പോരാട്ടങ്ങളെ കാണേണ്ടതുണ്ട്. 

ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞുകൊണ്ട് ജമ്മുകശ്മീരിലെ സവിശേഷ അധികാരം ഇല്ലാതാക്കി മണ്ഡലങ്ങൾ പുനർനിർണ്ണയിച്ചപ്പോൾ അസമത്വം വ്യവസ്ഥാപരമായി നടപ്പാക്കിയത് വ്യക്തമായിരുന്നു. അന്ന് മണ്ഡലപുനർനിർണ്ണയം നടപ്പാക്കിയത് കശ്മീരിന്റെ ഹിന്ദു പ്രാതിനിധ്യം പാർലമെന്റിൽ വർധിപ്പിക്കുന്ന രീതിയിലാണ് എന്ന് യൂണിവേഴ്സിറ്റി ഓഫ് ഹള്ളിലെ നിയാസ് എ ശാഹ് എന്ന ഗവേഷകൻ 2022ൽ നിരീക്ഷിച്ചിരുന്നു. ഈ ചരിത്ര അനുഭവം കൂടി കണക്കിലെടുക്കുമ്പോൾ തങ്ങളുടെ മണ്ഡലങ്ങൾ നഷ്ടപെടാതിരിക്കുവാൻ ശ്രമങ്ങൾ നടത്തുക എന്നത് ദക്ഷിണേന്ത്യയിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ പൗരരുടെയും ഉത്തരവാദിത്വമാണെന്ന് വ്യക്തമാകും.


#outlook
Leave a comment