ലോക്‌സഭ തെരഞ്ഞെടുപ്പും കേരളവും
(ഭാഗം രണ്ട്)
കേരളത്തിലെ ഇരുപത് ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ചും അവരുടെയെല്ലാം ജയപരാജയ സാധ്യതകളെപ്പറ്റിയും ആസ്ഥാന രാഷ്ട്രീയ പണ്ഡിതര്‍ നടത്തുന്ന വിലയിരുത്തലുകള്‍ മാധ്യമങ്ങളില്‍ സുലഭമാണ്. ഇതുവരെയുള്ള ലോക്‌സഭ തെരഞ്ഞെടുപ്പുകളെക്കാള്‍ പ്രാധാന്യം 2024 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ഉള്ളതായി എല്ലാവരും കരുതുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ അവരവരുടെ നിലനില്‍പ്പിനായി കൂടിയാണ് ഇക്കുറി പോരാടുന്നത്. ഇത്തവണത്തെ പോരാട്ടത്തെ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും അത് തന്നെയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്, സിപിഎം, മുസ്ലീം ലീഗ്, സിപിഐ തുടങ്ങിയ പ്രമുഖ കക്ഷികളെല്ലാം ഒരേ വള്ളത്തിലാണ്. ഈ പാര്‍ട്ടികളുടെയൊക്കെ രാഷ്ട്രീയ അസ്തിത്വത്തെ നിര്‍ണ്ണയിക്കുന്നതില്‍ 2024 ഒരു വഴിത്തിരിവായിരിക്കും.
2019 ലെ ലോക്സഭ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിയും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇല്ലാത്ത തെരഞ്ഞെടുപ്പ് കൂടിയാണിത്. കൂടാതെ കഴിഞ്ഞതവണ പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിച്ച ശബരിമല, ന്യൂനപക്ഷ ഏകീകരണം, രാഹുല്‍ഗാന്ധി എഫക്ട് തുടങ്ങിയ ട്രെന്‍ഡുകളും പ്രത്യക്ഷത്തില്‍ ദൃശ്യമല്ലാത്ത തെരഞ്ഞെടുപ്പിനു കൂടിയാണ് നമ്മള്‍ സാക്ഷ്യംവഹിക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ മുതലുള്ള തെരഞ്ഞെടുപ്പൊരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
2019 ലെ ലോക്സഭ തെരെഞ്ഞെടുപ്പ് | PHOTO: PTI
സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വ്യക്തമായ ചിത്രം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും സംസ്ഥാനത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശാലമായ ചില നിരീക്ഷണങ്ങള്‍ നടത്താനാവും. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെത്തന്നെ പാര്‍ലമെന്ററി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പിനെയും ഭാവിയെയും ഉറപ്പുവരുത്തേണ്ട ഒന്നാണ് ഇത്തവണത്തെ മത്സരം. കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവുകള്‍ക്ക് കാലതാമസമെടുക്കുന്ന സ്ഥിതി കണക്കിലെടുത്തു വേണം കേരളത്തിലെ തെരഞ്ഞെടുപ്പ് പദ്ധതികള്‍ LDF രൂപപ്പെടുത്തുന്നത്. കേരളത്തിലെ സിപിഎം നേതൃത്വം ഈ വെല്ലുവിളി തിരിച്ചറിയുന്നുണ്ട്. പരമാവധി സീറ്റുകളില്‍ വിജയിക്കുകയെന്ന ലക്ഷ്യം മാത്രമാണ് പാര്‍ട്ടിയുടെ ഉന്നം. 12 മുതല്‍ 15 വരെ സീറ്റുകള്‍ നേടുന്നതിനുള്ള തന്ത്രങ്ങളും അടവുകളുമാണ് എകെജി സെന്ററിലെ പ്രധാന ചര്‍ച്ച വിഷയങ്ങള്‍. 2019 ല്‍ നിന്നും പ്രകടമായ ചില വ്യത്യാസങ്ങള്‍ ഉള്ളതായി സിപിഎമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നു. ശബരിമല വിഷയത്തിന്റെ കെട്ടടങ്ങല്‍, രാഹുല്‍ ഫാക്ടറിന്റെ അടിസ്ഥാനത്തില്‍ സംഭവിച്ച അസാധാരണമായ ന്യൂനപക്ഷ ഏകീകരണത്തിന്റെ അഭാവം എന്നിവയാണ് അവയില്‍ പ്രധാനം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് എതിരായ ഭരണവിരുദ്ധ വികാരം തള്ളിക്കളയാന്‍ പറ്റില്ലെന്നും ഇടതുമുന്നണി നേതാക്കള്‍ കണക്കുകൂട്ടുന്നു.
പതിവിന് വിപരീതമായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ യുഡിഎഫിന് വലിയ തലവേദനകളില്ല. സിറ്റിംഗ് എംപിമാരെ ഫീല്‍ഡില്‍ ഇറക്കുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന കീറാമുട്ടി കടക്കേണ്ടതില്ല. ഒരു കനഗോലു റിപ്പോര്‍ട്ടും പരിഗണിക്കേണ്ടതില്ല. രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍, KPCC പ്രസിഡന്റ് ജയിച്ച കണ്ണൂരും കഴിഞ്ഞതവണ നഷ്ടപ്പെട്ട മണ്ഡലമായ ആലപ്പുഴയിലും മാത്രം സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയാല്‍ മതിയാകും. രാഹുല്‍ ഗാന്ധിയുടെ തീരുമാനം എന്തായാലും അവസാനം മാത്രം അവതരിപ്പിക്കപ്പെടുന്നതായിരിക്കും. അതോടുകൂടി മാത്രമേ ലീഗ് ആവശ്യപ്പെട്ട മൂന്നാം സീറ്റെന്ന ആവശ്യത്തിന്മേലുള്ള ചര്‍ച്ച സമവായത്തിലെത്താന്‍ സാധ്യതയുള്ളൂ. ലീഗ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് നിലവില്‍ മണ്ഡലം വെച്ചുമാറുന്ന സ്ഥാനാര്‍ത്ഥി പരീക്ഷണത്തിനാണ് ലീഗ് മുതിരുന്നത്. പൊന്നാനി എന്ന ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ പരാജയപ്പെടുമോയെന്ന ആശങ്കയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ മലപ്പുറം എന്ന സുരക്ഷിത മണ്ഡലത്തില്‍ കണ്ണുവെക്കുന്നുവെന്ന അടക്കംപറച്ചിലുകള്‍ സജീവമാണ്. അങ്ങനെയാണെങ്കില്‍ ഈ വച്ചുമാറ്റ രാഷ്ട്രീയത്തിന് ലീഗ് എന്ത് വിശദീകരണം നല്‍കുന്നു എന്ന് കണ്ടറിയേണ്ടതുണ്ട്. കഴിഞ്ഞതവണ നടന്ന ഇടക്കാല ലോക്‌സഭ ഇലക്ഷനില്‍ മലപ്പുറം മണ്ഡലത്തില്‍ മാത്രം ഒരുലക്ഷം വോട്ടിന്റെ കുറവാണ് ലീഗിന് സംഭവിച്ചിട്ടുള്ളത്. നിലവിലെ രാഷ്ട്രീയാവസ്ഥയില്‍ മലപ്പുറത്തും പൊന്നാനിയിലും എന്ത് സംഭവിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
ഇ ടി മുഹമ്മദ് ബഷീര്‍ | PHOTO: FACEBOOK
സമസ്ത-ലീഗ് വിഷയങ്ങള്‍, അയോദ്ധ്യ, ഗ്യാന്‍വാപി, തുടര്‍ച്ചയായ ഭരണമില്ലായ്മ തുടങ്ങി ജലീല്‍, അബ്ദുറഹ്‌മാന്‍, അന്‍വര്‍, ആര്യാടന്‍ ഷൗക്കത്ത്, കെഎം ഷാജി, ഫിറോസ്, ഗവര്‍ണര്‍ ഇഷ്യൂ എല്ലാം തന്നെ ലീഗ് അണികളില്‍ ഉണ്ടാക്കിയ അനുരണനങ്ങള്‍ എങ്ങനെയൊക്കെ പ്രതിഫലിക്കുമെന്ന് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കും. ലീഗ് അണികളുടെ ഇടയിലുള്ള ഇത്തരം അങ്കലാപ്പുകളെ ഒക്കെ സിപിഎം രാഷ്ട്രീയമായി എങ്ങനെ ഉപയോഗിക്കുന്നു എന്നും കാണേണ്ടതുണ്ട്. 2009 ല്‍ പൊന്നാനി സീറ്റ് സിപിഐ യില്‍ നിന്നും ഏറ്റെടുത്ത് സിപിഎം തുടങ്ങിവെച്ച രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഇപ്രാവശ്യം അതിന്റെ ഫലപ്രാപ്തിയിലെത്തുമോ എന്നുകൂടി കണ്ടറിയാം. എന്തായാലും ഇത്തവണയും ലീഗിന് മൂന്നാം സീറ്റ് ലഭിക്കാനോ പാണക്കാട്ടെ തങ്ങള്‍ യൂത്ത് ലീഗില്‍ നിന്നോ, MSF ല്‍ നിന്നോ വനിതാ ലീഗില്‍
(അങ്ങനെ ഒന്നുണ്ടെങ്കില്‍) നിന്നോ ഒരു പ്രതിനിധിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനോ സാധ്യതയില്ല.
കോട്ടയത്ത് ഇത്തവണ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ അതിജീവന പോരാട്ടത്തിനാണ് സാധ്യത. നില്‍വിലെ എംപി തോമസ് ചാഴിക്കാടന്‍ തന്നെയാണ് ഇപ്പോള്‍ എല്‍ഡിഎഫ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (മാണി) സ്ഥാനാര്‍ത്ഥി. യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് ജോസഫ് മത്സരിക്കുകയാണെങ്കില്‍ ആരാവും സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഫ്രാന്‍സിസ് ജോര്‍ജ് മുതല്‍ കെ എം മാണിയുടെ മരുമകനും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ എം പി ജോസഫ് വരെ ജോസഫ് വിഭാഗത്തില്‍ നിന്നും മത്സരിക്കാനായി തയ്യാറെടുക്കുന്നു. കോട്ടയം സീറ്റില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന വര്‍ത്തമാനത്തിനും കുറവൊന്നുമില്ല. റബറിന്റെ വിലയും, കാസയുടെ രാഷ്ട്രീയം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്കുള്ള ബിജെപി കടന്നുകയറ്റം, മണിപ്പൂര്‍കലാപം, ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യുന്ന മണ്ഡലമാകും കോട്ടയം. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ മിന്നുന്ന ജയം കോട്ടയത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആവേശം കുറഞ്ഞിട്ടില്ല.
എം പി തോമസ് ചാഴിക്കാടന്‍ | PHOTO: FACEBOOK
കൊല്ലം മണ്ഡലത്തില്‍ RSP യുടെ നിലനില്‍പും ഈ തെരഞ്ഞെടുപ്പിലെ ജയപരാജയത്തെ ആശ്രയിച്ചായിരിക്കും. നിലവില്‍ നിയമസഭയില്‍ ഒറ്റ MLA പോലുമില്ലാത്ത ഒരു പാര്‍ട്ടിയാണ് RSP. CPM ന്റെ ഉരുക്കുക്കോട്ടയായ കൊല്ലം മണ്ഡലത്തില്‍ എംഎ ബേബിയെയും കെ എന്‍ ബാലഗോപാലിനെയും തോല്‍പിച്ച പ്രേമചന്ദ്രന് കാര്യങ്ങള്‍ ഇത്തവണയും അനുകൂലമാവും എന്നാണ് നിലവിലെ വിലയിരുത്തല്‍. പ്രേമചന്ദ്രന് അനുകൂലമായ മത-സമുദായിക സ്വാധീനശക്തികളെ കൂടി മറികടക്കാനുതകുന്ന സ്ഥാനാര്‍ത്ഥികളെ ആയിരിക്കും LDF കൊല്ലത്ത് പരിഗണിക്കുന്നത്. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ പങ്കെടുത്ത എട്ട് എംപിമാരില്‍ ഒരാളായ പ്രേമചന്ദ്രന്റെ രാഷ്ട്രീയ പ്രചരണ കോലാഹലങ്ങള്‍ കൊല്ലം മണ്ഡലം കാണാനിരിക്കുന്നതേയുള്ളു.
ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ട CPI ക്ക് ഇത്തവണ കേരളത്തില്‍ കാര്യങ്ങള്‍ നിര്‍ണായകമാണ്. കഴിഞ്ഞതവണ തിരുവനന്തപുരത്ത് മൂന്നാമത്തെ സ്ഥാനവും വയനാട്ടില്‍ റെക്കോര്‍ഡ് തോല്‍വിയുമാണ് സിപിഐ നേരിട്ടത്. ബാക്കിയുള്ള മണ്ഡലങ്ങളായ തൃശ്ശൂര്‍ മാവേലിക്കര എന്നിവിടങ്ങളില്‍ ഇക്കുറിയും മത്സരം കഠിനമാണ്. നിലവിലെ സാഹചര്യത്തില്‍ ഈ മണ്ഡലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകും എന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. സിപിഐ അവരുടെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ ഫീല്‍ഡില്‍ ഇറക്കും. മാവേലിക്കര സംവരണ മണ്ഡലത്തില്‍ കൊടിക്കുന്നില്‍ സുരേഷിനു മത്സരിക്കാനുള്ള താല്പര്യമില്ലായ്മ കൃത്യമായ പരാജയഭീതി കൊണ്ടാണെന്നുള്ള പ്രചരണം ശക്തമാണ്. തൃശ്ശൂരില്‍ പ്രചരണം ഔദ്യോഗികമല്ലാതെ മൂന്ന് സ്ഥാനാര്‍ഥികളും തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐയുടെ മികച്ച സ്ഥാനാര്‍ത്ഥിയായ സുനില്‍കുമാര്‍ തന്നെയാവും തൃശ്ശൂരിലെ LDF സ്ഥാനാര്‍ഥിയെന്നു കരുതപ്പെടുന്നു.
കൊടിക്കുന്നില്‍ സുരേഷ് | PHOTO: WIKI COMMONS
ബിജെപി യുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയും സജീവമായി രംഗത്തുണ്ട്. മോഡി കി ഗ്യാരണ്ടി (മോഡിയുടെ ഉറപ്പ്) എന്ന മുദ്രാവാക്യമാണ് അവരുടെ തുറുപ്പ് ചീട്ട്. സിനിമാതാരമായ സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം ഏതാണ്ട് തീര്‍ച്ചയായി. കായികതാരം പിടി ഉഷ മുതല്‍ പാട്ടുകാരിയായ ചിത്രവരെ സ്ഥാനാര്‍ഥികളാവുമെന്ന പ്രചാരണവും ബിജെപി അനുകൂലികള്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, പാലക്കാട് സീറ്റുകള്‍ നേടുമെന്ന പ്രചാരണ കോലാഹലങ്ങളും അവര്‍ ചിട്ടയായി നടത്തുന്നു.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ലോക്‌സഭ ഇലക്ഷനിലേക്കുള്ള വോട്ടിങ് പാറ്റേണ്‍ നിയമസഭയിലേക്കുള്ളതില്‍ നിന്നും വ്യത്യസ്തമാണ്. കഴിഞ്ഞതവണ ലോക്‌സഭയില്‍ 19 സീറ്റ് യുഡിഫ് മുന്നണി നേടിയിട്ടും നിയമസഭയില്‍ മിന്നുന്ന പ്രകടനം ആണ് LDF കാഴ്ച്ചവെച്ചത്. കേന്ദ്രത്തില്‍ ഒരു നിര്‍ണായക ശക്തിയായേക്കാവുന്ന മുന്നണിക്കാണ് കേരളത്തില്‍ നിന്നുള്ള പിന്തുണ എന്നാണ് പൊതുവെ വിലയിരുത്തപ്പെടേണ്ടത്. ഈ വിലയിരുത്തല്‍ NDA മുന്നണിയ്ക്ക് ബാധകമല്ല താനും. 2004 ല്‍ LDf നുണ്ടായ സമാന മുന്നേറ്റത്തിലും ഈ കാഴ്ചപ്പാട് കാണാം. അക്കാലത്ത് UPA -1 ന്റെ രൂപീകരണത്തില്‍ ഇടതുപക്ഷത്തിന് നിര്‍ണായക റോളും ഉണ്ടായിരുന്നു.
സുരേഷ് ഗോപി | PHOTO: WIKI COMMONS
കേരളത്തിലെ സാഹചര്യത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം BJP അജണ്ടകളെ ഫലപ്രദമായി നേരിടാനാവുന്നത് ആര്‍ക്കാണ് എന്ന ചോദ്യമായിരിക്കും. പ്രചാരണ കോലാഹലങ്ങള്‍ എന്തൊക്കെയായാലും മണിപ്പൂര്‍, അയോദ്ധ്യ, ഗ്യാന്‍വാപി, സംസ്ഥാനങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍, പാര്‍ലമെന്ററി ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്ന സമീപനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കേരളത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാകും. നിലവിലെ എംപിമാരുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും. പ്രചരണപരിപാടികള്‍ ഏറെക്കുറെ ഡിജിറ്റലാകുന്നതോടെ പ്രചാരണ തന്ത്രങ്ങള്‍ മാറുന്ന ഒരു തെരഞ്ഞെടുപ്പ് കൂടിയായിരിക്കും വരുന്നത്. അതിന്റെ ഗുണങ്ങളും ദോഷങ്ങളും ആര്‍ക്കൊക്കെ ലഭിക്കുമെന്ന് കണ്ടറിയണം.