കോഴിക്കോടിന്റെ ഖല്‍ബിലാര് ?
(ഭാഗം ഇരുപത്തിരണ്ട്)
തെരഞ്ഞെടുപ്പ് കണക്കുകളില്‍ ഇടതുപക്ഷ കോട്ടയാണ് കോഴിക്കോട്. കോണ്‍ഗ്രസിന് ഒരു എംഎല്‍എയെ പോലും സംഭാവന ചെയ്യാന്‍ പതിറ്റാണ്ടുകളായി കോഴിക്കോടിന് സാധിച്ചിട്ടില്ല. മാത്രമല്ല കോഴിക്കോട്ടെ കോണ്‍ഗ്രസ് മുഖമായിരുന്ന കെ പി അനില്‍കുമാര്‍ ഇപ്പോള്‍ സിപിഐ (എം) ജില്ല കമ്മിറ്റി അംഗം കൂടിയാണ്. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ആടിയുലഞ്ഞ ജില്ല കമ്മിറ്റി കൂടിയായിരുന്നു സിപിഐ (എം) കോഴിക്കോടിന്റെത്. പക്ഷെ അതൊന്നും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ അടിത്തറ ഇളക്കിയിട്ടില്ല എന്നാണ് റിസള്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ എം കെ രാഘവന്‍ എന്ന ഒറ്റയാള്‍ പോരാളിയുടെ മുന്നില്‍ ഇടതുപക്ഷത്തിന്റെ സകല കരുത്തും ചോര്‍ന്നുപോകുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. കോഴിക്കോട് വന്നിറങ്ങിയ എം കെ രാഘവന്‍ ഹാട്രിക് വിജയം നേടുമ്പോള്‍ 2009 ല്‍ പരാജയപ്പെട്ടവരില്‍ ഇന്നത്തെ ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, 2014 ല്‍ ഇന്നത്തെ സിപിഐ (എം) പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവന്‍ 2019 ല്‍ സിപിഐ (എം) സംസ്ഥാന സമിതി അംഗം എ പ്രദീപ് കുമാര്‍ എന്നീ സിപിഐ (എം) കരുത്തരായിരുന്നു. ഇങ്ങനെയൊക്കെയാണ് എം കെ രാഘവന്‍ കോഴിക്കോടിന്റെ രാഘവേട്ടനായി മാറിയത്.
ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്നമംഗലം, കൊടുവള്ളി, എന്നീ നിയമസഭ മണ്ഡലങ്ങള്‍ അടങ്ങിയതാണ് കോഴിക്കോട് ലോക്സഭ മണ്ഡലം. ഇതില്‍ ആറ് നിയമസഭ മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് വിജയിച്ചിരിക്കുന്നത്. കൊടുവള്ളിയില്‍ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറും.
എളമരം കരീം | PHOTO: FACEBOOK
60% ഹിന്ദു സമുദായ വോട്ടര്‍മാരും 36.7% മുസ്ലിം വോട്ടര്‍മാരും 76.9 % അര്‍ബന്‍ വോട്ടര്‍മാരും അടങ്ങുന്ന ഒരു പൊളിറ്റിക്കല്‍ ഡെമോഗ്രഫിയാണ് കോഴിക്കോടുള്ളത്. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളായി പരിഗണിക്കുന്ന CAA, പലസ്തിന്‍ പ്രശ്നം എന്നീ വിഷയങ്ങളില്‍ എല്ലാ പാര്‍ട്ടികളുടെയും സമരകേന്ദ്രമായിരുന്നു കോഴിക്കോട്. സമസ്ത-ലീഗ് ഭിന്നതയുടെയും ഏറ്റവും വലിയ ഫലം ഉണ്ടാവാന്‍ പോവുന്ന മണ്ഡലവും കോഴിക്കോട് തന്നെയാണ്. കോഴിക്കോടുള്ള മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നുള്ള ചര്‍ച്ചകളില്‍ നിന്നൊക്കെ പൊട്ടിത്തെറിച്ചാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്നു കെ എസ് ഹംസയെ പോലുള്ള നേതാക്കള്‍ പൊന്നാനിയില്‍ സിപിഐ (എം) ചിഹ്നത്തില്‍ മത്സരിക്കാന്‍വരെ തയ്യാറായത്. കോഴിക്കോടുള്ള അടിയൊഴുക്കുകള്‍ എങ്ങനെയൊക്കെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നറിയാന്‍ ജൂണ്‍ 4 വരെ കാത്തിരിക്കേണ്ടതുണ്ട്.
ഇടതുപക്ഷത്ത് നിന്നും സിപിഐ (എം) രാജ്യസഭ കക്ഷി നേതാവായിരുന്ന എളമരം കരീം ആണ് സിറ്റിംഗ് എംപി ആയ എം കെ രാഘവനെ നേരിടാനിറങ്ങുന്നത്. ബിജെപിയില്‍ നിന്നും എം ടി രമേശാണ് രംഗത്തുള്ളത്. 2019 ല്‍ ബിജെപിയുടെ പ്രകാശ് ബാബു സമാഹരിച്ച 15 % വോട്ടുകള്‍ക്കുമേല്‍ ബിജെപിയുടെ സീനിയറായ നേതാവ് മത്സരിക്കുമ്പോള്‍ നേടാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
എം കെ രാഘവന്‍ | PHOTO: FACEBOOK
സംസ്ഥാനത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലമാണ് കോഴിക്കോട്. എങ്കിലും ഏറ്റവും ശാന്തമായാണ് കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നേറുന്നത്. പ്രചാരണങ്ങളിലും സമീപനങ്ങളിലും മുതിര്‍ന്ന നേതാക്കളുടേതായ പക്വത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ഇതുവരെ കോഴിക്കോട് കാണാനായിട്ടുണ്ട്. ഇരു മുന്നണികളുടെയും സകല സംഘടനാ ശേഷിയും തൊട്ടടുത്ത വടകര മണ്ഡലത്തിലെ വീറും വാശിയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി ചിത്രം ഏറെ മുന്നേ നിര്‍ണയിച്ച കോഴിക്കോട് ഏറെ മുന്‍പേ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പേ പ്രഖ്യാപിച്ച പൗരത്വ നിയമം കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തുടങ്ങിവച്ച സമരങ്ങള്‍ക്ക് തുടക്കം കുറിച്ചത് കോഴിക്കോട് നിന്നായിരുന്നു. CAA കേരളത്തില്‍ നടപ്പിലാക്കില്ല എന്ന് അദ്ദേഹം കോഴിക്കോട് നിന്നും ആവര്‍ത്തിച്ച് പറഞ്ഞതിന് ശേഷമാണ് 20 മണ്ഡലങ്ങളിലേക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചതുതന്നെ.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു ദേശീയ മാധ്യമത്തിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയതിനുശേഷം എം കെ രാഘവന്‍ നടത്തിയ പ്രതികരണങ്ങളും, അക്കാലത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച അനുകൂല രാഷ്ട്രീയാന്തരീക്ഷവുമാണ് എം കെ രാഘവന് ലഭിച്ച കൂറ്റന്‍ ഭൂരിപക്ഷത്തിന് കാരണം. 46 % വോട്ടുവിഹിതം നേടിക്കൊണ്ട് 85,760 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്നദ്ദേഹം വിജയിച്ചത്. സിപിഐ (എം) പ്രതിനിധി പ്രദീപ് കുമാറിന് 38 % വോട്ടുവിഹിതമേ സമാഹരിക്കാനായുള്ളൂ. 2014 ലോക്സഭ തെരഞ്ഞെടുപ്പിലും എം കെ രാഘവന്‍ 42.1 % വോട്ടുവിഹിതം നേടി 16,564 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഐ (എം) സ്ഥാനാര്‍ത്ഥി എ വിജയരാഘവനെ പരാജയപ്പെടുത്തിയത്. 40.4 % വോട്ടുകളാണ് അന്ന് ഇടതുപക്ഷത്തിന് സമാഹരിക്കാനായത്.
എം ടി രമേശ് | PHOTO: FACEBOOK
തുടര്‍ച്ചയായി ഭരണത്തിലില്ലാത്ത രാഷ്ട്രീയ സാഹചര്യം യുഡിഎഫ് അണികള്‍ക്കിടയില്‍ സൃഷ്ടിച്ചിട്ടുള്ള മടുപ്പും ജില്ലയില്‍ ശക്തമായ സ്വാധീനമുള്ള മുസ്ലിം ലീഗിനകത്തുള്ള പ്രശ്നങ്ങളും എല്ലാം ചേര്‍ന്ന് മലബാറില്‍ യുഡിഎഫിനുള്ള ദുര്‍ബലതയ്ക്ക് മേലാണ് ഇക്കുറി എളമരം കരീം എന്ന ജില്ലയിലെ ട്രേഡ് യൂണിയന്‍ നേതാവും ജനകീയനുമായ നേതാവിന്റെ മത്സരരംഗത്തേക്കുള്ള വരവ്. ഇടതുപക്ഷത്തിന് ജില്ലയില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെയാണ് യുഡിഎഫ് ന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിക്കെതിരെ നിര്‍ത്തിയിരിക്കുന്നത്. കോഴിക്കോടിന് തൊട്ടടുത്ത മണ്ഡലമായ വടകരയില്‍ രണ്ട് സിറ്റിംഗ് എംഎല്‍എ മാര്‍ മത്സരിക്കുമ്പോള്‍ കോഴിക്കോട് മണ്ഡലത്തില്‍ ഇരു സ്ഥാനാര്‍ത്ഥികളും രാജ്യസഭയിലെയും ലോക്‌സഭയിലെയും സിറ്റിംഗ് എംപിമാരാണ്. അതുകൊണ്ടുതന്നെ പാര്‍ലമെന്റിലെ പ്രകടനങ്ങളും ചര്‍ച്ചാ വിഷയമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണവും മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് കോഴിക്കോട് ഇത്തവണ കാണാനായി.
ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തിലെ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണങ്ങള്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണവിരുദ്ധ തരംഗങ്ങളിലും എം കെ രാഘവന്റെ ജനകീയതയിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനെ തടയിടാനെന്നോണം എളമരം കരീമിന്റെ പോസ്റ്ററുകളില്‍ കരീംക്ക എന്നെഴുതി രംഗത്ത് വന്നെങ്കിലും അത് വ്യാപകമായ തോതില്‍ വിമര്‍ശിക്കപ്പെട്ടതോടെ പ്രചരണത്തിന്റെ ഒന്നാംഘട്ടത്തില്‍ തന്നെ കോഴിക്കോട് തെരുവുകളില്‍ നിന്നും കരീംക്ക പോസ്റ്ററുകള്‍ അപ്രത്യക്ഷമായി. ഇങ്ങനെ സസൂക്ഷ്മം തെരഞ്ഞെടുപ്പിലെ ഓരോ നീക്കങ്ങളും അനുസരിച്ച് ചിട്ടപ്പെടുത്തിയ രാഷ്ട്രീയ നീക്കങ്ങളുമായാണ് കോഴിക്കോട് മുന്നോട്ടുപോകുന്നത്. ജൂണ്‍ 4 ന് അറിയാം രാഘവേട്ടനാണോ കരീംക്കയാണോ കോഴിക്കോട് നിന്നും വണ്ടി കേറുന്നതെന്ന്.