TMJ
searchnav-menu
post-thumbnail

Outlook

മലപ്പുറത്താര് കയറും?

24 Apr 2024   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

(ഭാഗം ഇരുപത്തൊന്ന്)

മു
സ്ലീം ലീഗിന്റെ ഉറച്ച കോട്ടയാണ് മലപ്പുറം. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം പഴയ മഞ്ചേരി മണ്ഡലത്തില്‍, 2004 ല്‍ സിപിഐ (എം) ന്റെ ടി കെ ഹംസ 47,743 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതൊഴിച്ചാല്‍ മുസ്ലിം ലീഗിന് മലപ്പുറം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലൊരിക്കലും ഭീഷണി നേരിടേണ്ടി വന്നിട്ടില്ല. ഇത്തവണയും ലീഗിലെ മുതിര്‍ന്ന നേതാവായ ഇ ടി മുഹമ്മദ് ബഷീറിന് കാര്യമായ വെല്ലുവിളിയുണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ 2004 ആവര്‍ത്തിക്കും എന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വസീഫും തുടക്കം മുതലേ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 

ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ലീഗ് ആദ്യം നടത്തിയ നീക്കം മണ്ഡലം വെച്ചുമാറ്റമാണ്. മലപ്പുറത്തെ സിറ്റിംഗ് എംപിയായിരുന്ന അബ്ദുല്‍ സമദ് സമദാനിയെ പൊന്നാനിയിലേക്കും പൊന്നാനിയെ പ്രതിനിധീകരിച്ചിരുന്ന ഇടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്കും മാറ്റിക്കൊണ്ടാണ് ലീഗിന്റെ തുടക്കം. ഇടി മുഹമ്മദ് ബഷീറിന്റെ വീട് മലപ്പുറം മണ്ഡലത്തിലും സമദാനിയുടെ വീട് പൊന്നാനി മണ്ഡലത്തിലുമാണ് എന്ന വിചിത്ര ന്യായവാദമാണ് ലീഗ് നേതൃത്വം മണ്ഡലമാറ്റത്തെ സംബന്ധിച്ച് പറഞ്ഞത്. 2009 ലും 2014 ലും പൊന്നാനി എംപിയായ ഇടി മുഹമ്മദ് ബഷീര്‍ മണ്ഡലം മാറാന്‍ കാരണം 2021 ലെ തെരഞ്ഞടുപ്പില്‍ പൊന്നാനിയിലെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലേയും ലീഗിന്റെ ഭൂരിപക്ഷം ഇടിഞ്ഞത് മാത്രമല്ല, രാഷ്ട്രീയപരമായി പൊന്നാനി മണ്ഡലത്തില്‍ ലീഗും ഇടി മുഹമ്മദ് ബഷീറും നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ് എന്നുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളെല്ലാമാണ് ഉയര്‍ന്നുവരുന്നത്.


ഇടി മുഹമ്മദ് ബഷീര്‍ | PHOTO: FACEBOOK
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മൂന്ന് തെരഞ്ഞെടുപ്പുകളാണ് മലപ്പുറത്തെ വോട്ടര്‍മാര്‍ അഭിമുഖീകരിച്ചത്. മലപ്പുറത്തെ സിറ്റിങ് എംപിയായിരുന്ന ഇ അഹമ്മദ് മരണപ്പെട്ടപ്പോഴാണ് 2017 ല്‍ മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇനി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയ സാന്നിധ്യമാവുക എന്ന ഉദ്ദേശ്യത്തോടുകൂടി എംഎല്‍എ സ്ഥാനം രാജിവെച്ച് ലോക്സഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടിയായിരുന്നു അന്ന് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായ എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനുവിനെതിരെ അന്ന് 1,71,038 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി നേടിയത്. പിന്നീട് 2019 ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വിപി സാനുവിനെതിരെ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷം നേടിക്കൊണ്ട് വീണ്ടും എംപിയായി.  

പിന്നീട് രണ്ട് വര്‍ഷത്തിനിപ്പുറം 2021 ല്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി ലോക്‌സഭ സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചു. അന്ന് അതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് ബാധിച്ചില്ല. തുടര്‍ന്ന് മലപ്പുറം ലോക്‌സഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അബ്ദുല്‍ സമദ് സമദാനി എംപി യായി  ജയിച്ചു കയറി. 2021 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ 1,14,615 വോട്ടിന്റെ ഭൂരിപക്ഷമാണ് സമദാനിക്ക് ഉണ്ടായത്, അതായത് കേവലം രണ്ടുവര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷത്തില്‍ നിന്നും 56,423 വോട്ടിന്റെ കുറവ്. ഈ കണക്കുകളിലാണ് ഇടതുപക്ഷത്തിന്റെ ആവേശം മുഴുവന്‍. എസ്എഫ്‌ഐ ദേശീയ പ്രസിഡന്റായിരുന്ന വി പി സാനുവിലൂടെ തുടര്‍ച്ചയായി ഇടതുപക്ഷം നടത്തിവന്നിരിക്കുന്ന പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഇടതുപക്ഷം നടത്തുന്നത്.


ഡോ. അബ്ദുല്‍ സലാം | PHOTO: FACEBOOK
മണ്ഡലത്തിലെ വിവാഹസത്കാരങ്ങളിലും മരണാടിയന്തരങ്ങളിലും പങ്കെടുക്കുക, പേര് വെച്ച് ബസ്സ്‌റ്റോപ്പ് നിര്‍മിക്കുക, ഹൈ മാസ്റ്റ് ലൈറ്റ് അനുവദിക്കുക, മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുക, പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങളില്‍ ശരാശരി നിലവാരം മാത്രം പുലര്‍ത്തുക എന്നതൊക്കെ നിലവില്‍ ഒരു പൊതു ട്രെന്‍ഡ് ആയിട്ടുണ്ട്. വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കുന്നതിനുവേണ്ടി മുതലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാതെ കേരളത്തിലെത്തിയ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് സൈബര്‍ ലോകത്ത് നിന്നും സ്വന്തം അണികളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പൊളിറ്റിക്കല്‍ അവെര്‍നെസ്സും മീഡിയ ഇന്റന്‍സിറ്റിയും കൂടുതലുള്ള, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ ബിജിഎം ഇട്ട് റീല്‍ ആയി ഓടുന്ന, സജീവമായ ഒരു പ്രവാസരാഷ്ട്രീയ ലോകമുള്ള വിശാലമായ കേരള പൊളിറ്റിക്കല്‍ ഡയസ്‌പോറയില്‍ ഓരോരുത്തരുടെ കൈയ്യിലേക്കും തങ്ങളുടെ എംപി യുടെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ എത്തുന്നുണ്ട്. പാര്‍ലമെന്റിലെ ഇടിമുഴക്കം എന്ന പോസ്റ്റര്‍ പതിപ്പിക്കുമ്പോള്‍ ഇ ടി എന്ന മുസ്ലിം ലീഗിന്റെ ഏറ്റവും മുതിര്‍ന്ന നേതാവിന് പകരം വെക്കാന്‍ മുസ്ലിം ലീഗില്‍ നിലവില്‍ ഒരു സ്ഥാനാര്‍ത്ഥിയില്ല എന്ന് കൂടിയാണ് വ്യക്തമാകുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഹംസയാണ് പൊന്നാനിയില്‍ എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന ടി കെ ഹംസ, പി വി അന്‍വര്‍, അബ്ദുറഹിമാന്‍, കെ ടി ജലീല്‍ തുടങ്ങിയ നേതാക്കളൊക്കെ ഇന്ന് എല്‍ഡിഎഫിലെ എണ്ണം പറഞ്ഞ നേതാക്കളും മന്ത്രിമാരും ഒക്കെയാണ്. ഈ രാഷ്ട്രീയ സാഹചര്യവും സമസ്തയുമായുള്ള പ്രശനങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതും തുടങ്ങി ചന്ദ്രിക പത്രവും നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പിസവും ഇടതുപക്ഷത്തിന്റെ പ്രകോപനവും പ്രലോഭനങ്ങളും മൂന്നാമത്തെ സീറ്റ് വിവാദം തൊട്ട് ഭരണം ഇല്ലാത്തതിന്റെ പ്രശ്നങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വമായുള്ള ആശയഭിന്നത, ലീഗിന് ആവേശമാകുന്ന തരത്തിലുള്ള നേതൃത്വത്തിന്റെ അഭാവം, തങ്ങള്‍ കുടുംബത്തിനകത്ത് തന്നെയുള്ള രാഷ്ട്രീയ ഭിന്നതകള്‍, യൂത്ത് ലീഗ്- പ്രവാസി ലീഗ്- വനിതാ ലീഗ് തുടങ്ങി പോഷക സംഘടനകള്‍ക്ക് കാലാകാലങ്ങളായി ഒരു ലോക്‌സഭ സീറ്റ് നല്‍കുക എന്ന ആവശ്യം നടക്കാതിരിക്കുന്ന അവസ്ഥ, ചന്ദ്രിക പത്രത്തിന്റെ കെടുകാര്യസ്ഥത തുടങ്ങി ലീഗ് അനുഭവിക്കുന്ന രാഷ്ട്രീയപ്രശ്‌നങ്ങള്‍ അനവധിയാണ്. ഇതൊന്നും റിസള്‍ട്ടിനെ ബാധിക്കില്ല എന്നൊരു ആത്മവിശ്വാസമാണ് ലീഗിന് മലപ്പുറത്തുള്ളത്. എങ്കിലും ഇടതുമുന്നേറ്റം പ്രചാരണങ്ങളിലെങ്കിലും പ്രകടമാണ്.


വസീഫ് | PHOTO: FACEBOOK
മുസ്ലീം ലീഗ് സഹയാത്രികനും 2011 മുതല്‍ 2015 വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായിരുന്ന ഡോ. അബ്ദുല്‍ സലാമാണ് മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി. മലപ്പുറത്ത് ഒരിക്കലും കാര്യമായ സ്വാധീനം ചെലുത്താന്‍ ബിജെപിക്കായിട്ടില്ല. ഇത്തവണയും മാറ്റമുണ്ടാവാന്‍ സാധ്യതയില്ല.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മലപ്പുറം ലോക്‌സഭ മണ്ഡലം. ഈ ഏഴ് മണ്ഡലങ്ങളിലും യുഡിഎഫ് തന്നെയാണ് ജയിച്ച് നില്കുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന 1,14,615 വോട്ടിന്റെ ഭൂരിപക്ഷം 2021 നിയമസഭ തെരഞ്ഞടുപ്പില്‍ 87,847 വോട്ടായി കുറയുക മാത്രമാണ് ചെയ്തത്. 2021 ല്‍ കേരളം മുഴുവനുണ്ടായ ഇടതുപക്ഷ തരംഗത്തില്‍ പോലും മലപ്പുറം മാറിയില്ല. ഇതില്‍ നിന്നും മലപ്പുറത്തെ രാഷ്ട്രീയചിത്രം വ്യക്തമാണ്. എന്നിരുന്നാലും ഇത്തവണ ഇടത് മുന്നേറ്റമുണ്ടോയെന്നറിയാന്‍ ജൂണ്‍ 4 വരെ കാത്തിരിക്കാം.


(തുടരും)


#outlook
Leave a comment