കൊണ്ടും കൊടുത്തും വടകര
(ഭാഗം ഇരുപത്)
19 സീറ്റുകളില്‍ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കുമെന്ന ധാരണയിലാണ് ഇത്തവണ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയത്. ബാക്കിയുള്ള ഒരു സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഡല്‍ഹിയില്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടക്കുന്നതുവരെ വടകര ലോക്സഭ മണ്ഡലത്തില്‍ സിറ്റിംഗ് എംപി കെ മുരളീധരന്‍ യുഡിഎഫിന് വേണ്ടി വീണ്ടും കളത്തിലിറങ്ങുമെന്നായിരുന്നു ധാരണ. മറ്റെല്ലാ സിറ്റിംഗ് എംപിമാരേക്കാള്‍ മുന്‍പേ കെ മുരളീധരന്‍ അനൗദ്യോഗികമായി വടകരയില്‍ പ്രചാരണവും ആരംഭിച്ച് കഴിഞ്ഞതാണ്. എന്നാല്‍ മുസ്ലിം ലീഗ് മൂന്നാം സീറ്റ് എന്ന ആവശ്യവുമായി രംഗത്ത് വന്നപ്പോള്‍, ലീഗിന്റെ പ്രഥമ പരിഗണനയില്‍ വയനാട്, കണ്ണൂര്‍, വടകര എന്നീ ലോക്സഭ മണ്ഡലങ്ങളായിരുന്നു ഉണ്ടായിരുന്നത്. വയനാട് രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും സ്ഥാനാര്‍ത്ഥികളായതോടെയാണ് വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ട്വിസ്റ്റായി മാറിയതും ലീഗിന്റെ മൂന്നാം സീറ്റ് എന്ന ആവശ്യം പരിഗണിക്കാനാവാതെ തള്ളിക്കളയേണ്ടി വന്നതും. ശേഷം, കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ ഉസ്മാന്‍ തോറ്റ ഏക സീറ്റായ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലായിരുന്നു കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തേണ്ടിയിരുന്നത്. ആലപ്പുഴയില്‍ സംഘടനാ ചുമതലയുള്ള ദേശീയ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കണമെങ്കില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കേരളത്തില്‍ ഒരു മുസ്ലിം പ്രതിനിധി പോലുമില്ലാതാവും. അങ്ങനെ ആകെയുള്ള ഒരു സീറ്റ് നിര്‍ണയത്തില്‍ തട്ടി കോണ്‍ഗ്രസ് നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിനേയും കേരളത്തേയും അമ്പരപ്പിച്ചുകൊണ്ട് കെ കരുണാകരന്റെ മകളായ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത്. അതോടെ കെ മുരളീധരനെ പത്മജയുടെ പേരും പറഞ്ഞ് തൃശൂര്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. അങ്ങനെയാണ് പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ പാലക്കാട് മണ്ഡലത്തിലെ യാത്രയയപ്പും പുതുപ്പള്ളയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശനവും കഴിഞ്ഞ് ഒരു വമ്പന്‍ ട്വിസ്റ്റായി വടകര റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്.
ഷാഫി പറമ്പില്‍ | PHOTO: FACEBOOK
ഷാഫി പറമ്പില്‍ ഏറ്റുമുട്ടുന്നത് എല്‍ഡിഎഫിന്റെ ശക്തയായ സ്ഥാനാര്‍ത്ഥിയും മട്ടന്നൂര്‍ എംഎല്‍എ യുമായ കെകെ ശൈലജയോടാണ്. ഇത്തവണ വടകരയില്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് യുവ നേതാവ് പ്രഫൂല്‍ കൃഷ്ണയെയും.
ചുവന്ന മണ്ണാണ് വടകരയുടേത്. അനവധി സമരചരിത്രങ്ങളുടെ ഭൂമിക. പക്ഷേ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം ഇടതുപക്ഷത്ത് നിന്നും ഒരാളെപോലും വടകര ഡല്‍ഹിക്കയച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് എന്നീ നിയമസഭ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭ മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് വടകര ലോക്സഭ മണ്ഡലം. ഇതില്‍ വടകര യില്‍ RMP പ്രതിനിധിയായ കെ കെ രമ വിജയിച്ചതൊഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് വിജയിച്ചിട്ടുള്ളത്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മാത്രം വടകരയില്‍ എല്‍ഡിഎഫിന് 37.10 % വോട്ട് വിഹിതത്തോടെ 1,32,181 വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്. എന്നാല്‍ ഇതൊന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല എന്നാണ് മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009 ലും 2014 ലും യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രനെയാണ് വടകരയിലെ ജനങ്ങള്‍ ലോക്‌സഭയിലേക്കയച്ചത്. പിന്നീട് 2019 ല്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ തോല്‍പ്പിച്ചുകൊണ്ട് കെ മുളധീരനും വടകരയില്‍ നിന്ന് വിജയിച്ചു കയറി. 2019 ല്‍ 49.43 ശതമാനം വോട്ട് വിഹിതത്തോട് കൂടി 84,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഐ (എം) ലെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയായ പി ജയരാജനെ കെ മുരളീധരന്‍ പരാജയപ്പെടുത്തിയത്. തലശ്ശേരി മണ്ഡലമൊഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലും കെ മുരളീധരനായിരുന്നു ലീഡ് നേടിയത്. ഇക്കുറി മലബാറില്‍ പ്രകടമായിട്ടുള്ള സമസ്ത-ലീഗ് ബന്ധങ്ങളിലെ വിള്ളല്‍ വടകര മണ്ഡലത്തെയും ബാധിക്കാനിടയുണ്ട്. 31.2% മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വോട്ടര്‍മാരും 66.6 % ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള വോട്ടര്‍മാരും അടങ്ങുന്ന ഒരു ഡെമോഗ്രാഫിയാണ് വടകര മണ്ഡലത്തിലുള്ളത്.
കെകെ ശൈലജ | PHOTO: FACEBOOK
കേരളത്തില്‍ ഇക്കുറി ഏറ്റവും ശക്തമായ മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് വടകര. കെ കെ ശൈലജ എന്ന ഇടതുപക്ഷത്തിന്റെ ജനകീയമുഖം പ്രചാരണത്തില്‍ ഏറെ മുന്നേറിയ ശേഷമാണ് ഷാഫിയുടെ മണ്ഡലത്തിലേക്കുള്ള എന്‍ട്രി. അതിനുശേഷം ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ അവസാന നിമിഷവും ഒരു കുറവും വന്നിട്ടില്ല. സൈബര്‍ ആക്രമണവും പാനൂര്‍ ബോംബ് സ്ഫോടനവുമൊക്കെയായി സജീവമാണ് വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. വടകര ലോക്സഭ മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള മുസ്ലീം ലീഗിന്റെ സാന്നിധ്യമാണ് യുഡിഎഫ് പ്രതീക്ഷ.
കെ മുരളീധരന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നില്‍ അന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊപ്പം മുസ്ലീം ലീഗ് വഹിച്ച പങ്ക് വളരെ വലുതാണ്. വടകര മണ്ഡലത്തില്‍ എല്ലാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് പ്രതികൂലമായി നിലനില്‍ക്കുന്ന ടി പി ചന്ദ്രശേഖരന്‍ ഫാക്ടര്‍ വടകരയിലെ യുഡിഎഫ് വിജയങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ളതാണ്. 2009 ല്‍ ടിപി ചന്ദ്രശേഖരന്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് 2.5% വോട്ടുകള്‍ നേടിയതാണ് മുല്ലപ്പള്ളിയുടെ ആദ്യ വിജയത്തിന് അടിസ്ഥാനം.
കേരളത്തിലെ ഏറ്റവും ചൂടേറിയ പ്രചാരണമാണ് വടകരയില്‍ നടക്കുന്നത്. എല്‍ഡിഎഫ് ആകട്ടെ യുഡിഎഫ് ആകട്ടെ അവരുടെ ശക്തി പ്രകടനങ്ങളുടെ മെഗാ റാലികളാണ് ഓരോ ഇടത്തും സംഘടിപ്പിച്ചത്. ഇലക്ഷന്‍ വാര്‍ റൂമുകള്‍ കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളായും കമന്റുകളായും വ്യക്തിഹത്യ നടത്തിയും തെറിവിളിച്ചും അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയും, മാനനഷ്ടക്കേസ് കൊടുത്തും വടകര ലോക്സഭ മണ്ഡലം സജീവമാണ്. വടകരയിലെ ബിജെപി സ്ഥാനാര്‍ഥിയായ പ്രഫുല്‍ കൃഷ്ണ ഇതിനൊരപവാദമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പതിഞ്ഞതാളത്തില്‍ തന്നെയാണ് മുന്നേറുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് SDPI പിന്തുണ മാത്രമല്ല ബിജെപി പിന്തുണയും ഉണ്ട് എന്നാണ് എല്‍ഡിഎഫ് ആരോപണം. ഷാഫിയുടെ വിജയം ആഗ്രഹിക്കുന്ന ബിജെപി പ്രവര്‍ത്തകരെയും മണ്ഡലത്തില്‍ കാണാനാകും. പാലക്കാട് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ വിജയമാണ് ബിജെപിക്ക് ഷാഫിയുടെ വടകരയിലെ വിജയത്തോടെ ഉറപ്പിക്കേണ്ടത്. കേവലം 3,859 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഷാഫിക്ക് പാലക്കാട് ഉണ്ടായിരുന്നത്. എന്നാല്‍ ബിജെപി വോട്ട് എത്ര മറിഞ്ഞാലും ശൈലജ ടീച്ചറുടെ ഭൂരിപക്ഷത്തില്‍ കുറവുണ്ടാവില്ല എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് നേതൃത്വം. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല എന്നും, ആ വോട്ടുകള്‍ മുഴുവന്‍ യുഡിഎഫിന് ലഭിച്ചിട്ടും 36,810 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തലശ്ശേരി മണ്ഡലത്തില്‍ ഇടതുപക്ഷം വിജയിച്ചത് എന്നുള്ള ഉദാഹരണമാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാണിക്കുന്നത്.
പ്രഫൂല്‍ കൃഷ്ണ | PHOTO: FACEBOOK
സിറ്റിംഗ് എംഎൽഎ മാർ മത്സരിക്കുന്ന വടകരയില്‍ ആര് ജയിച്ചാലും ഒരു ഉപതെരഞ്ഞെടുപ്പ് കേരളത്തില്‍ നടക്കും. അത് പാലക്കാട് നിയമസഭ മണ്ഡലത്തിലാണെങ്കില്‍ പോരാട്ടം പിന്നെയും കടുക്കും. സമീപ കാല ഉപതെരഞ്ഞെടുപ്പുകളില്‍ കൈവരിച്ച നേട്ടങ്ങള്‍ തന്നെയാണ് യുഡിഎഫ് നേതൃത്വത്തിന് ശുഭാപ്തി വിശ്വാസം നല്‍കുന്ന ഘടകങ്ങള്‍. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം വടകരയില്‍ ഫീല്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഒരു സ്ഥാനാര്‍ത്ഥിയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജ ടീച്ചര്‍. വടകരയില്‍ സിപിഎമ്മിനെ പ്രതികൂലമായി ബാധിക്കാവുന്ന RMP അനുകൂല വോട്ടുകള്‍ ഭിന്നിപ്പിക്കാനും പൊതു വോട്ടുകളെ ആകര്‍ഷിക്കാനും കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥി കൂടിയാണ് ശൈലജ ടീച്ചര്‍. ജൂണ്‍ 4 ന് കേരളം കാത്തിരിക്കുന്ന ഏറ്റവും വലിയ റിസള്‍ട്ട് അത് വടകരയിലേത് തന്നെയായിരിക്കും.
(തുടരും)