സ്‌നേഹപൂര്‍വം അച്ഛന്
എപ്പോഴാണ് ദൈവം ആദമിനെ സൃഷ്ടിച്ചത് എന്ന് നമുക്ക് കൃത്യമായി അറിഞ്ഞു കൂടാ. ദൈവം അവന്റെ ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. ഒരു പക്ഷെ ദൈവത്തിന്റെ ഏകാന്തതയാവണം തന്റെ രൂപത്തില്‍ ആരെങ്കിലുമൊക്കെ വേണം എന്ന തോന്നല്‍ അദ്ദേഹത്തില്‍ ഉണ്ടാക്കിയിട്ടുണ്ടാവുക. സ്വര്‍ഗത്തില്‍ ഏകനായി നടന്ന ആദമിനെ കണ്ട് ദൈവത്തിന് പിന്നേയും അലിവു തോന്നി. തുമ്പിയുടെയും പൂമ്പാറ്റയുടെയും പിറകില്‍ എത്ര കാലമാണ് ഒരാള്‍ ഒറ്റയ്ക്ക് നടക്കുക. അയാള്‍ക്ക് കൂട്ടായി ഒരു സ്ത്രീയെ കൂടി ദൈവം സൃഷ്ടിച്ചു. ഇത്തവണ സൃഷ്ടി നടത്താന്‍ ദൈവം മെറ്റീരിയല്‍ പുറത്തു നിന്ന് കൊണ്ടു വന്നില്ല. പകരം ആദം ഉറങ്ങിക്കിടക്കുമ്പോള്‍ അയാളുടെ വാരിയെല്ലുകളിലൊരെണ്ണം ഊരിയെടുക്കുകയാണ് ചെയ്തത്. നഷ്ടപ്പെട്ടു പോയ വാരിയെല്ല് സ്വന്തമാക്കാനാവണം പുരുഷന്‍ എപ്പോഴും സ്ത്രീയെ അന്വേഷിക്കുന്നത്. വാരിയെല്ലാകട്ടെ അതിന്റെ ഉറവിടത്തിലക്ക് തിരിച്ചു പോകാനുള്ള താല്‍പര്യം എപ്പോഴും പ്രകടിപ്പിച്ചിരുന്നു.
നാഗരാജ് മഞ്ജുളന്‍ എന്ന മറാഠി സംവിധായകന്റെ പ്രശസ്തമായ ഒരു സിനിമയുണ്ട്. സൈറാത് എന്നാണ് സിനിമയുടെ പേര്. സഹപാഠികളായ രണ്ടു പേരുടെ ദുരന്തപൂര്‍ണമായ പ്രണയത്തിന്റെ കഥയാണത്. ഉയര്‍ന്ന ജാതിയില്‍ പിറന്ന പെണ്‍കുട്ടി കീഴ്ജാതിക്കാരനായ ആണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രമാണിയും ഭൂവുടമയും എം.എല്‍.എയുമായിരുന്നു. അയാള്‍ക്ക് മകളോട് ഏറെ ഇഷ്ടവുമായിരുന്നു. അതുകൊണ്ടു മാത്രം ജാതിയില്‍ താണവനും നിര്‍ദ്ദനനുമായ ഒരു ചെറുപ്പക്കാരന് അയാള്‍ മകളെ കെട്ടിച്ചു കൊടുക്കണമെന്നില്ല. അതറിയാവുന്നതുകൊണ്ട് കമിതാക്കള്‍ രണ്ടു പേരും ഒളിച്ചോടുന്നു. അച്ഛന്റെ ദൃഷ്ടി പതിയാത്ത ഒരിടത്ത് നഗരത്തിരക്കില്‍ അവര്‍ ഒളിച്ചു ജീവിക്കുകയായിരുന്നു.
'സൈറാത്' സിനിമയുടെ പോസ്റ്റർ | PHOTO: WIKI COMMONS
കാലം എല്ലാത്തിനും പ്രതിവിധി കണ്ടെത്തുന്നു എന്നാണ് നാം വിശ്വസിക്കുന്നത്. ശത്രുതയെയും വിദ്വേഷത്തേയും മറവികൊണ്ടനുഗ്രഹിക്കുന്നു. ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ അവരും എല്ലാം മറക്കുന്നു. വീട്ടുകാര്‍ ഇനി തങ്ങളെ അന്വേഷിക്കില്ലെന്ന വിശ്വാസത്തില്‍ ഭയം മറന്ന് ജീവിച്ചു തുടങ്ങുന്നു. അവര്‍ക്ക് കുട്ടിയുണ്ടാകുന്നു. അവരോടൊപ്പം പ്രേക്ഷകരും പ്രമാണിയായ അച്ഛനേയും പ്രണയം തീര്‍ത്ത കലഹങ്ങളേയും മറന്ന് ആ യുവ മാതാപിതാക്കളുടെ നിത്യജീവിതത്തിന്റെ രസനീയതയില്‍ മുഴുകുന്ന നേരത്താണ് ആ നാലഞ്ചാളുകള്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാ കലഹങ്ങളില്‍ നിന്നുമകന്ന് സമാധാനമായി ജീവിക്കുന്ന മകളെത്തേടി ഇളയച്ഛനും ആങ്ങളയും അമ്മാവനും മറ്റു ചില ബന്ധുക്കളും എത്തുന്നു. അവര്‍ക്ക് ഇപ്പോഴും അവളോട് സ്‌നേഹമുണ്ടായിരുന്നു. ശത്രുവായിക്കണ്ട മരുമകനോടു പോലും അവര്‍ സ്‌നേഹം പ്രകടിപ്പിച്ചു. അവള്‍ അവര്‍ക്കു ചായ ഇട്ടുകൊടുത്തു. മരുമകന്‍ ബേക്കറിയില്‍ നിന്ന് പലഹാരങ്ങള്‍ കൊണ്ടുവന്നു. കൊച്ചുമകനുവേണ്ടി അമ്മ കൊടുത്തയച്ച സ്വര്‍ണ്ണവളകള്‍ അവര്‍ കുഞ്ഞിനെ അണിയിക്കുന്നു. നാം എപ്പോഴും ആഗ്രഹിക്കുന്നതു പോലെ എല്ലാം ശുഭമായി എന്നു കരുതുന്ന നേരത്താണ് നാഗരാജ് മഞ്ജുളന്‍ ടച്ചുള്ള ആ ട്വിസ്റ്റ്. അവസാന സീനില്‍ കരഞ്ഞുകൊണ്ട് തത്തിത്തത്തി വീടിനു പുറത്തേക്കു വരുന്ന കുഞ്ഞ്. ഇപ്പോള്‍ പൂമുഖത്ത് അതിഥികളില്ല. അകത്ത് രക്തത്തില്‍ കുളിച്ച് അവര്‍ രണ്ടു പേര്‍.
പ്രണയത്തിലും സ്‌നേഹത്തിലും നാം എല്ലാം മറക്കുന്നു. എന്നാല്‍ ജാത്യാഭിമാനികള്‍ ഒന്നും മറക്കുന്നില്ല. അവര്‍ കാത്തിരിക്കുന്നു. ജാതിയെ ധിക്കരിച്ചതിന്, കുടുംബ മഹിമ ഓര്‍ക്കാത്തതിന്, വംശശുദ്ധി നിലനിര്‍ത്താത്തതിന്, മാതാപിതാക്കളെ മാനിക്കാത്തതിന് അവര്‍ ശിക്ഷ നടപ്പാക്കുക തന്നെ ചെയ്യും. അവിടെ കാലം കടന്നു പോകുന്നില്ല. കാലം തളം കെട്ടിക്കിടക്കുന്നു. അര്‍ഥശൂന്യങ്ങളായ അഭിമാനബോധങ്ങള്‍ അതില്‍ കിടന്ന് അഴുകിജീര്‍ണിച്ച് അതിന്റെ ദുര്‍ഗന്ധം പരത്തുന്നു. ആധുനികത പരിഹരിക്കുമെന്ന് നാം കരുതിയിരുന്ന ഈ തിന്‍മ, പക്ഷെ കൂടുതല്‍ തിടം വച്ച് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നതാണ് നാം കാണുന്നത്. വടക്കേ ഇന്ത്യയില്‍ വ്യാപകമായി കണ്ടിരുന്ന ദുരഭിമാനക്കൊലകള്‍ പതുക്കെ നമുക്കിടയിലേക്കും ഇറങ്ങി വരുന്നുണ്ട്.
മലയാളി ചെയ്യില്ലെന്നു നാം കരുതിയ പലതും വളരെ എളുപ്പത്തില്‍ നാം ചെയ്തു തുടങ്ങിയിരിക്കുന്നു. നരബലി മുതല്‍ പ്രണയബലി വരെ അതെത്തി നില്‍ക്കുന്നു. കെവിന്‍ എന്ന ചെറുപ്പക്കാരന്റെ മരണം കേരളത്തെ ഏറെ വേദനിപ്പിച്ചതാണ്. നീണ്ട കാലം അതൊരു ചര്‍ച്ചയായിരുന്നു. ആ ചര്‍ച്ച അവസാനിക്കുമ്പോഴാണ് അടുത്ത കൊലപാതകം. പ്രണയിച്ചു എന്ന കുറ്റത്തിന് താന്‍ പോറ്റി വളര്‍ത്തിയ കുഞ്ഞിനെ വിഷം കൊടുത്തു കൊല്ലുക. എന്തായിരിക്കാം ഒരാളെ അതിന് പ്രേരിപ്പിക്കുന്നത്? തന്റെ അരുമക്കുഞ്ഞിനോടുള്ള സ്‌നേഹത്തേക്കാള്‍ വലുതായി അയാള്‍ക്ക് മറ്റെന്താണ് ഉണ്ടായിരിക്കാന്‍ ഇടയുള്ളത്?
'The News Minute' പ്രസിദ്ധീകരിച്ച വാര്‍ത്ത
ഒരു കുഞ്ഞിനെ വളര്‍ത്തിയെടുക്കുമ്പോള്‍ അച്ഛനും അമ്മയ്ക്കും ധാരാളം സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളുമുണ്ടാകാം. എന്നാല്‍ അതൊന്നും ഫലവത്താകണമെന്നില്ല. ഡോക്ടറാകണമെന്ന് നമ്മളാഗ്രഹിച്ച കുട്ടിയ്ക്ക് എഞ്ചിനീയറാകാനാവും മോഹം. എഴുത്തുകാരനാക്കാന്‍ നമ്മളാഗ്രഹിച്ച കുട്ടി അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ ബുദ്ധിമുട്ടി എന്നു വരും. കുട്ടികള്‍ നമുക്ക് സന്തോഷം നല്‍കുന്നുണ്ട്, ദു:ഖങ്ങളും. അവര്‍ക്കു മാത്രം നല്‍കാനാവുന്ന ദു:ഖങ്ങളുണ്ട്. ആ ദു:ഖങ്ങളാണ് നമ്മളെ അവരുടെ മാതാപിതാക്കളാക്കുന്നത്.
അവര്‍ ആയിത്തീരുന്നതിനേയാണ് നാം അവരുടെ വിധി എന്നു വിളിക്കുന്നത്. വിധി നമുക്ക് ഡിസൈന്‍ ചെയ്യാനാവില്ല. ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാമെങ്കിലും അതിന് ഉറപ്പൊന്നുമില്ല. വിവാഹക്കാര്യത്തില്‍ ഈ സാധ്യത പോലുമില്ല. വിദ്യാഭ്യാസം കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് ആരംഭിക്കുന്ന ഒരു പ്രക്രിയയാണ്. അതില്‍ മാതാപിതാക്കള്‍ക്ക് ഇടപെടാന്‍ കഴിയും. വിവാഹം അങ്ങനെയല്ല. പ്രായം തികഞ്ഞ രണ്ടു പേരുടെ ഇടപാടാണത്. ആ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും അവര്‍ക്കു വിട്ടുകൊടുക്കുകയാണ് നല്ലത്. ചിലപ്പോള്‍ ആ കാര്യത്തില്‍ അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമായി വരും. അപ്പോള്‍ മാത്രം, അവര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം നാം നല്‍കേണ്ട ഒരു പിന്തുണ എന്നതിലപ്പുറം കുട്ടികളുടെ വിവാഹം മാതാപിതാക്കളുടെ ഒരു ബാധ്യതയല്ല. വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങി സ്വന്തമായി ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക മാത്രമാണ് മാതാപിതാക്കള്‍ക്ക് ചെയ്യാനുള്ളത്. ബാക്കിയുള്ളതൊക്കെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വന്നു ചേരാനുള്ളതാണ്.
ജീവിതത്തിലെ ജനാധിപത്യം.
ജനാധിപത്യം ഒരു ഭരണവ്യവസ്ഥയുടെ മാത്രം പേരല്ല എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ഒരുമിച്ചു ജീവിക്കാന്‍, തുല്യമായ അവകാശങ്ങളോടെ ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരു വ്യവസ്ഥയുടെ പേരു കൂടിയാണ് ജനാധിപത്യം. അഭിപ്രായ വ്യത്യാസങ്ങളോടെയും ഒരുമിച്ചു ജീവിക്കാന്‍ കഴിയും എന്ന ഒരു സാധ്യതയാണ് അത് തുറന്നിടുന്നത്. സ്വപക്ഷവും പ്രതിപക്ഷവും ഒരിടത്തു തന്നെ സഹവസിക്കുക എന്ന സാധ്യതയാണത്. നമുക്ക് ഹിതകരമല്ലാത്ത കാര്യങ്ങളോടു പോലും സഹിഷ്ണുത കാണിക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. ചില വേദനകള്‍ സഹിക്കാന്‍ അതു നമ്മളെ പ്രാപ്തമാക്കുന്നു. നമ്മുടെ ഇഷ്ടത്തിനെതിരായി മറ്റൊരാള്‍ പ്രവര്‍ത്തിക്കാം, അഭിപ്രായം പറയാം. അപ്പോള്‍ അതിനെ സഹിഷ്ണുതയോടെ കൈകാര്യം ചയ്യാനുള്ള നമ്മുടെ ശേഷിയാണ് ജനാധിപത്യത്തിന്റെ ആഴം നിശ്ചയിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ പ്രത്യേകത അതിന്റെ ആഴക്കുറവാണ്. നമ്മുടെ ജനാധിപത്യത്തിനും രാഷ്ട്രീയ ജനാധിപത്യത്തിനും അതുണ്ട്. കുടുംബത്തിലും സൗഹൃദത്തിലും പ്രണയത്തിലുമുണ്ട്. നമ്മുടെ ജനാധിപത്യം സമഗ്രമാകാതെ പോകുന്നത് അതുകൊണ്ടാണ്.
ജനാധിപത്യത്തില്‍ ദൈവത്തിന്റെ വഴി
ജനാധിപത്യം ഏറ്റവും കുറവുള്ളത് എവിടെയാണ് എന്നു ചോദിച്ചാല്‍ അതിന് ഒരുത്തരമേയുള്ളു. മതം എന്നു തന്നെയാണ് ആ ഉത്തരം. മതബോധവും മത മൂല്യങ്ങളും കലര്‍ന്നുറച്ചു പോയ ഒരു സമൂഹമാണ് പ്രണയത്തിന്റെ പേരില്‍ മക്കളെ കൊല്ലുന്ന പിതാക്കന്‍മാരെ സൃഷ്ടിക്കുന്നത്. ആദാമിന് ഹവ്വയെ നല്‍കിയത് ദൈവമാണ്. പിതാവ് പുത്രന് കന്യകയെ ദാനം ചെയ്യുന്ന പരിപാടി അങ്ങനെ തുടങ്ങിയതാവണം. എന്നാല്‍ ഹവ്വയോടുള്ള ആദത്തിന്റെ സമ്പൂര്‍ണമായ സമര്‍പ്പണം ദൈവത്തിന് ഇഷ്ടപ്പെട്ടില്ല. ഒരു പഴം പറിച്ചു പങ്കിട്ടു തിന്നതിന്റെ പേരില്‍ അയാളെ സ്വര്‍ഗ്ഗത്തില്‍ നിന്നു തന്നെ പുറത്താക്കുന്നതിന്റെ കാരണം അതാവാം. അപ്പോഴും അതില്‍ ജനാധിപത്യത്തിന്റെ ഒരു വഴിയുണ്ട്. നമുക്ക് അഭിപ്രായ വ്യത്യാസമുള്ള ഒരാളുടെ സാന്നിധ്യം ഒഴിവാക്കുക എന്നതാണത്. സാന്നിധ്യം ഒഴിവാക്കുക എന്നാല്‍ ഇല്ലായ്മ ചെയ്യലല്ല. ദൈവം ആദമിനെയും അയാളുടെ കാമുകിയെയും വീട്ടില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. ജനാധിപത്യത്തില്‍ ഇതിനേക്കാള്‍ പരമമായ ശിക്ഷ മറ്റൊന്നുമില്ല. അങ്ങനെ ഉണ്ടാകുമ്പോള്‍ അത് ജനാധിപത്യമല്ല. നാം ദൈവത്തേക്കാള്‍ വലിയ പിതാവ് കളിക്കേണ്ടതുണ്ടോ എന്നെങ്കിലും ചിന്തിക്കൂ പ്രിയപ്പെട്ട പിതാക്കന്‍മാരേ.