TMJ
searchnav-menu
post-thumbnail

Outlook

മഹാ മനീഷിയുടെ വായനാലോകം

15 Jul 2023   |   3 min Read
രാജന്‍ തുവ്വാര

2019 ഡിസംബറിലെ ഒരു ബുധനാഴ്ചയാണ് ഞാന്‍ എംടി യുടെ കോഴിക്കോട്ടുള്ള സിതാരയില്‍ പ്രിയ സുഹൃത്തും പത്രപ്രവര്‍ത്തകനുമായ ഡോ. ദിനേശന്‍ കരിപ്പള്ളിക്കൊപ്പം ചെന്നത്. എന്റെ പുതിയ പുസ്തകം 'സെര്‍ജി ഐസന്‍സ്റ്റീന്‍ സിനിമയും ജീവിതവും' അദ്ദേഹത്തിന് നല്‍കുകയായിരുന്നു ആ യാത്രയുടെ ലക്ഷ്യം. ദിനേശനെ പരിചയമുണ്ടെങ്കിലും എന്നെ അദ്ദേഹത്തിനറിയില്ല. ദിനേശന്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം എന്റെ ചില പരിഭാഷകള്‍ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ഐസന്‍സ്റ്റീനെ അദ്ദേഹത്തിന്റെ കൈകളിലേക്ക് വെച്ചുകൊടുത്തു. ഐസന്‍സ്റ്റീന്‍ എന്ന പേര് കണ്ടപ്പോഴേ അദ്ദേഹത്തിന്റെ മുഖത്ത് കൗതുകം പ്രത്യക്ഷപ്പെടുന്നത് ഞാന്‍ കണ്ടു. അദ്ദേഹം പുസ്തകം നിവര്‍ത്തി പേജുകള്‍ മറിച്ചു നോക്കിക്കൊണ്ടിരുന്നു. ചില പേജുകള്‍ അദ്ദേഹം വായിച്ചു നോക്കുന്നതും ഞാന്‍ ആഹ്ലാദത്തോടെ ശ്രദ്ധിച്ചു. ദിനേശനാണ് വീണ്ടും സംഭാഷണത്തിന് മുന്‍കൈ എടുത്തത്. ഐസന്‍സ്റ്റീന്‍ സിനിമകളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറയാന്‍ തുടങ്ങി.

'ബാറ്റില്‍ ഷിപ് പൊട്ടംകിന്‍' ക്ളാസിക്കാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല, അതേസമയം അദ്ദേഹത്തിന്റെ 'ഐവാന്‍ ദി ടെറിബിള്‍' പോലുള്ള സിനിമകള്‍ സിനിമയെ അനുഭവിപ്പിക്കുന്ന പാഠ പുസ്തകമാണ്. ഐസന്‍സ്റ്റീനില്‍ തുടങ്ങിയ സംഭാഷണം റഷ്യന്‍ സാഹിത്യത്തിലേക്ക് കടന്നു. ടോള്‍സ്റ്റോയിയും ചെക്കോവും ദസ്തയെവിസ്‌കിയും പാസ്റ്റര്‍നാക്കും സംഭാഷണത്തിലേക്ക് കടന്നുവന്നു. പാസ്റ്റര്‍നാക്കിനെ മുട്ടത്തു വര്‍ക്കി പരിഭാഷ ചെയ്തത് ഞാന്‍ ഓര്‍ത്തെടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു, 

'ഒരൊറ്റ നോവല്‍ കൊണ്ട് അതിശയിപ്പിച്ച എഴുത്തുകാരനാണ് പാസ്റ്റര്‍നാക്. അതുപോലെ അതിശയിപ്പിക്കുന്ന എഴുത്തുമായി വന്നവനാണ് സോള്‍ ഷെനിറ്റ്‌സിന്‍. അയാള്‍ കുറെ നല്ല പുസ്തകങ്ങള്‍ എഴുതി.' ഇവാന്‍ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസവും ക്യാന്‍സര്‍ വാര്‍ഡും അദ്ദേഹം എടുത്തു പറഞ്ഞു.


PHOTO: WIKI COMMONS
ഞങ്ങളുടെ സംഭാഷണം നീണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. ലോക സാഹിത്യവും സിനിമയും ഇപ്പോഴും പാഷനായി അനുഭവിക്കുന്ന എഴുത്തുകാരന്‍ - അദ്ദേഹത്തിന്റെ തലമുറയില്‍പ്പെട്ട - വേറെയാരും ഉണ്ടാവില്ലെന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. ഞാന്‍ അപ്പോള്‍ എഴുതികൊണ്ടിരുന്ന പുസ്തകത്തെക്കുറിച്ച് അല്പം സന്ദേഹത്തോടെ ഉണര്‍ത്തിച്ചു. ഹെമിംഗ് വേ യെക്കുറിച്ച് ഒരു പുസ്തകം എഴുതാന്‍ ശ്രമിക്കുന്നുണ്ട്. പകുതിയോളം ആയിട്ടുണ്ട്.
അദ്ദേഹം ഒന്നു മൂളി.

'ഞാനും ഒരു ചെറിയ പുസ്തകം എഴുതിയിട്ടുണ്ട്.'
'അതെ, എനിക്കറിയാം', ഞാന്‍ പറഞ്ഞു 'ഹെമിംഗ് വേ ഒരു മുഖവുര'.
അദ്ദേഹം തലയാട്ടി. 'അതിപ്പോഴും പ്രിന്ററില്‍ ഉണ്ടെന്ന് തോന്നുന്നു'.

ഞാന്‍ ഹെമിംഗ് വേ യുടെ പാരീസ് ജീവിതമാണ് ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞു.

'പാരീസില്‍ അടുത്ത് പോയിട്ടുണ്ടോ'? ദിനേശന്‍ ചോദിച്ചു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അദ്ദേഹം പറഞ്ഞു. 'അവിടെ ഹെമിംഗ് വേയും ജോയ്‌സും, സ്ഥിരമായി വന്നിരുന്ന ഒരു പുസ്തക ശാലയുണ്ട് 'ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി'. അവിടെ ഞാന്‍ പോയിരുന്നു. ഇപ്പോഴും ചിട്ടയോടെ പ്രവര്‍ത്തിക്കുന്നുണ്ട് ആ പുസ്തകശാല. ലോക സാഹിത്യത്തിലെ പുതിയ പുസ്തകങ്ങളെല്ലാം അവിടെ എത്തിച്ചേരും. പണ്ട് അതൊരു സ്ത്രീയാണ് നടത്തിയിരുന്നത്. ഹെമിംഗ് വേക്ക്  അവിടെ നിന്ന് പുസ്തകം എടുക്കാന്‍ പണമില്ലായിരുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തിന് പുസ്തകം സൗജന്യമായി വായിക്കാന്‍ കൊടുത്തുവെന്ന് വായിച്ചിട്ടുണ്ട്.' അദ്ദേഹം നിര്‍ത്തിയപ്പോള്‍ 
ഞാന്‍ പറഞ്ഞു : 'സില്‍വിയ ബീച്ച് എന്നാണ് ആ സ്ത്രീയുടെ പേര്'.

ഹെമിംഗ് വേ യോടുള്ള ആരാധന അദ്ദേഹത്തിന്റെ വാക്കുകളില്‍ സ്പന്ദിക്കുന്നുണ്ടായിരുന്നു. കാളപ്പോരിനോട് ഹെമിംഗ് വേ ക്കുണ്ടായിരുന്ന ആസക്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

'അദ്ദേഹത്തിന്റെ നോവലുകളിലും കഥകളിലും സാഹസികതയുടെ അംശങ്ങള്‍ ഉണ്ട്. അതുപോലെ സാഹസികതയെ ഇത്രയ്ക്ക് സര്‍ഗാത്മകമായി എഴുത്തില്‍ ഉപയോഗിച്ചവര്‍ വേറെ ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല.'

ഏത് പുതിയ പുസ്തകം കിട്ടിയാലും അത് മറിച്ചു നോക്കാതിരിക്കാന്‍ ഇപ്പോഴും അദ്ദേഹത്തിന് കഴിയില്ല. കണ്ണിന് ചെറിയ പ്രശ്‌നമുണ്ട്, എന്നാലും കഴിയാവുന്നവിധം വായിക്കും. ഈ പ്രായത്തിലും ലോക സാഹിത്യത്തിലെ സമകാലിക സ്പന്ദനങ്ങളെ അനുഭവിക്കാന്‍ മോഹിക്കുന്ന എത്ര എഴുത്തുകാര്‍ കാണും?


PHOTO: WIKI COMMONS

വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ പിശുക്കനാണ് എംടി എന്നാണ് പൊതുവെയുള്ള നിരീക്ഷണം. പക്ഷേ, എന്റെ അനുഭവം മറിച്ചായിരുന്നു. രണ്ടു മണിക്കൂര്‍ ആണ് അദ്ദേഹത്തോടൊപ്പം അന്ന് ഞങ്ങള്‍ ചെലവിട്ടത്. ഒരു നിമിഷംപോലും അദ്ദേഹം മുഷിപ്പ് കാണിച്ചില്ല, എന്നു മാത്രമല്ല പല കാര്യങ്ങളും ഓര്‍മയില്‍ നിന്ന് പരതിയെടുത്തു. മാര്‍ക്വേസിനെക്കുറിച്ചും യോസയെക്കുറിച്ചും വില്യം ഫോക്‌നറെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം തികവോടെ പ്രതികരിച്ചു. മാര്‍ക്വേസിന്റെ ന്യൂസ് ഓഫ് കിഡ്‌നാപ്പിങ്ങിനെ കുറിച്ച് അദ്ദേഹം സംസാരിച്ചതാണ് എന്നെ ഏറ്റവുമധികം അത്ഭുത പ്പെടുത്തിയത്. നോണ്‍ ഫിക്ഷന്‍ വായിക്കുവാന്‍ തനിക്ക് വളരെ താല്പര്യമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

അദ്ദേഹത്തോട് യാത്ര പറഞ്ഞു പടിയിറങ്ങിയപ്പോള്‍ ദിനേശന്‍ പറഞ്ഞു, 'എംടി ഇത്രയധികം സമയം നമ്മളോട് സംസാരിച്ചിരിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല'. അതിന് എന്റെ മറുപടി 'ഞാനും പ്രതീക്ഷിച്ചില്ല'

ലോക സാഹിത്യത്തിലെ ഏറ്റവും പുതിയ കൃതികള്‍ വായിക്കുന്നതും അതിനെക്കുറിച്ച് സംസാരിക്കുന്നതും തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമായതുകൊണ്ടാണ് അദ്ദേഹം നമ്മളെ അവഗണിക്കാതിരുന്നത്. പ്രതിഭാധനനായ ആ മഹാ മനീഷി നവതിയിലേക്ക് പ്രവേശിക്കുന്ന ഈ ദിനത്തില്‍ അദ്ദേഹത്തിന് ദീര്‍ഘായുസ്സും നന്മയും നേരുന്നു.

Leave a comment