മാരി സെല്‍വരാജ് എന്ന കാണിയുടെ 'തിരുത്ത്'
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'തേവര്‍ മകന്‍' കണ്ട് ഒരു ചേരിപയ്യന്‍ ഉലകനായകന്‍ കമലഹാസന് ഒരു കത്തെഴുതുന്നുണ്ട്. സിനിമയുടെ പൂണൂല്‍ പുരോഗമന വാദങ്ങളും അധികാരവും സഹിക്കാന്‍ തന്റെ മുന്‍തലമുറക്കാരെ പോലെ താന്‍ ഒരുക്കമല്ല എന്ന് ഉറച്ച സ്വരത്തില്‍ പറയുന്ന ഒരു കാണിയുടെ ചിന്തകള്‍ അവന്‍ തുറന്ന് എഴുതുന്നു. പെരിയാറിന്റെ തത്വം മുറുകെ പിടിക്കുന്നുവെന്നും പൂണൂല്‍ ഉപേക്ഷിച്ചു വെന്നും സ്വയം വിശേഷിപ്പിക്കുന്ന ഒരു താരശരീരം എത്ര മേല്‍ ജാതിശുദ്ധികള്‍ ഒളിച്ചു കടത്തുന്നു എന്ന് അവന്‍ തന്റെ കത്തില്‍ വിളിച്ചു പറഞ്ഞു. 'തേവര്‍ മകന്‍' സിനിമയില്‍ വടിവേലു കൈകാര്യം ചെയ്ത ഇസക്കി എന്ന കഥാപാത്രം ശക്തിവേല്‍ തേവര്‍ക്ക് വേണ്ടി മരിക്കാന്‍ വരെ തയ്യാറായി നില്‍ക്കുന്നുണ്ട്. വിധേയബിംബമായ ഈ ദളിത് കഥാപാത്രത്തെ നായകനായി അവരോധിച്ചു കൊണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാണാതെ പോയ തന്റെ വംശചരിത്രം അവന്‍ ദ്രാവിഡമണ്ണില്‍ ദൃശ്യപ്പെടുത്തുന്നു. സിനിമയുടെ മറവികള്‍ക്ക് എതിരെ ഓര്‍മ്മകള്‍ കൊണ്ട് ആ യുവാവ് കലാപം നടത്തുന്നു. മാരി സെല്‍വരാജ് എന്ന ആ യുവകാണിയുടെ 'തിരുത്ത്' ആയിരുന്നു 'മാമന്നന്‍' എന്ന ചിത്രം. എന്നാല്‍ മാമന്നന്റെ കാണിസമൂഹം എന്താണ് തിരുത്തി വായിക്കുന്നത്?
തമിഴ്‌നാടിന്റെ നവോത്ഥാന ചരിത്രത്തിന്റെ വിടവുകളാണ് മാരിസെല്‍വരാജിന്റെ സിനിമകള്‍ കാഴ്ച്ചപ്പെടുത്തുന്നത്. ദളിത് രാഷ്ട്രീയത്തിന് വിപണിയുടെ സമവാക്യങ്ങള്‍ക്കൊപ്പിച്ച ഉത്തരങ്ങള്‍ ഈ സംവിധായകന്‍ നല്‍കുന്നില്ല. 'പരിയെരും പെരുമാളിലെ വിദ്യാഭ്യാസ രാഷ്ട്രീയത്തില്‍ നിന്ന് 'കര്‍ണ്ണനിലെ 'ഭൂരാഷ്ട്രീയവും കടന്ന് 'മാമന്നനില്‍' എത്തുമ്പോള്‍ ദളിത് രാഷ്ട്രീയത്തെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഉള്‍ചേര്‍ക്കേണ്ടതിന്റെ പരിണാമം മാരിസെല്‍വരാജ്പറഞ്ഞു വയ്ക്കുന്നു. ദളിതനെ ഭരിക്കപ്പെടുന്നവന്‍/ള്‍ എന്ന നിലയില്‍ നിന്ന് ഭരണം കയ്യാളുന്നവനിലേക്ക് 'മാമന്നന്‍' പ്രത്യക്ഷീകരിക്കുന്നു. ബൈനറികള്‍ ഇല്ലാതെ ജാതി എന്ന സംവര്‍ഗം സംബോധന ചെയ്യാനുള്ള തീവ്രശ്രമങ്ങള്‍ മാരി സെല്‍വരാജ് സിനിമകളില്‍ തുടരുന്നു.
MOVIE POSTER
ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്ന രത്നവേല്‍ എന്ന ജാതിവെറിയന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത നിഷ്‌കളങ്കമല്ല. പ്രതിനായകനോടുള്ള ഈ ഐക്യപെടല്‍ ഫഹദ് എന്ന താരത്തിന്റെ അഭിനയമികവായി ന്യായീകരിക്കുന്നവരുണ്ട്. സിനിമ ഉന്നയിക്കുന്ന മട്ടില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സക്രിയമായി ഇടപെടുന്ന ദളിത് കര്‍തൃത്വം ജാതികേന്ദ്രിത അധികാരബോധ്യങ്ങളെ വിറളി പിടിപ്പിക്കുന്നുണ്ട് എന്നതാണ് ഇത്തരം പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. മാമന്നനെയും അതിവീരനെയും മുറിച്ചും കൊത്തിയും എഡിറ്റിംഗ് സാങ്കേതിക വിദ്യയില്‍ തീര്‍ക്കുന്ന സവര്‍ണ്ണന്റെ വെണ്ണക്കല്‍ ശില്‍പസമാനട്രെയിലറുകള്‍ ഈ ഗൂഡാലോചന പിന്‍പറ്റുന്നു.
അംബേദ്കറിന്റെ വഴിയ്ക്കൊപ്പം മാരിസെല്‍വരാജിന്റെ കലാപലോകങ്ങളുടെ വേരുകള്‍ പെരിയോര്‍ എന്ന് തമിഴ്മക്കള്‍ ബഹുമാനത്തോടെ വിളിച്ച ഇ.വി.രാമസ്വാമി നായ്ക്കരുടെ ജാതിവിരുദ്ധവിപ്ലവവീര്യത്തില്‍ തൊട്ടു നില്ക്കുന്നു. പെരിയോര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജാതി ഉന്മൂലന സൈദ്ധാന്തികതയുടെ പ്രയോഗികരാഷ്ട്രീയം തമിഴ് മണ്ണില്‍ നടപ്പിലാകാത്തത് കസേരകളുടെ തലപ്പത്ത് നയരൂപീകരണം നടത്തുന്ന വരേണ്യയുക്തി കൊണ്ടാണ്, മാമന്നനില്‍ സെല്‍വരാജ് ചോദ്യംചെയ്യുന്നതും മറ്റൊന്നല്ല. 1939 ല്‍ പെരിയോര്‍ രൂപീകരിച്ച ജസ്റ്റിസ് പാര്‍ട്ടിയില്‍ നിന്നും സി.എല്‍ .അണ്ണാദുരൈയുടെ പ്രായോഗിക രാഷ്ട്രീയവും കടന്ന് മുത്തുവേല്‍ കരുണാനിധി എന്ന അതിപ്രായോഗിക രാഷ്ട്രീയവാദിയുടെ തട്ടകത്തില്‍ പരിണമിക്കുന്ന തമിഴ് രാഷ്ട്രീയ വഴക്കത്തില്‍ ദളിത് ശബ്ദം എത്രത്തോളം ഉയര്‍ന്നു കേട്ടു എന്ന ചോദ്യം ചിത്രം ഉന്നയിക്കുന്നു. പെരിയോര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പന്നി/വേട്ടപ്പട്ടി പോലുള്ള സമര ബിംബങ്ങള്‍ സിനിമയില്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. പന്നിക്ക് പൂണൂലിട്ടുകൊടുത്തുകൊണ്ട് വഴിനീളെ നടത്തിച്ച ബ്രാഹ്‌മണാധിപത്യത്തെ പരിഹസിച്ച പെരിയോറിന്റെ സമരവീര്യം ചിത്രം ഉള്ളടക്കുന്നു. അംബേദ്കറുടെ കൂടെ പറക്കുന്ന പന്നിയെ വരച്ച ഒരു ചുമര്‍ അംബേദ്കറും പേരിയോരും പങ്കിട്ട അധഃസ്ഥിതവിമോചനപാഠങ്ങള്‍ കൂട്ടിത്തുന്നുന്നു. രത്നവേലിന്റെ വേട്ടനായ്ക്കളെ വളര്‍ത്തലിന്റെയും അതിവീരന്റെ പന്നിവളര്‍ത്തലിന്റെയും മൊണ്ടാഷ് പേരിയോര്‍ തമിഴകത്തും അംബേദ്കര്‍ ഇന്ത്യയില്‍ വിശാലമായും ബ്രാഹ്‌മണ്യമൂല്യങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ വിമോചനസമരങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. എം.എല്‍.എ ആയിട്ടും രത്നവേലിനു മുന്നില്‍ ഇരിക്കാന്‍ ഭയപ്പെടുന്ന മാമന്നനെ പേരിയോര്‍ ചിന്തകളുടെ ഭാവനാത്മക പരിഹാരം പോലെ കസേരയിട്ട് ഇരുത്തുന്നുണ്ട് മകന്‍ അതിവീരന്‍. അങ്ങനെ ഇരുത്തുന്നതോടു കൂടിയാണ് സിനിമയിലെ സംഘര്‍ഷലോകം തീവ്രമാകുന്നത്. മാമന്നന്റെ നടക്കാതെ പോയ സ്വപ്നങ്ങളുടെ യാഥാര്‍ത്ഥ്യരൂപമായി അതിവീരന്‍ ഇവിടെ പ്രവര്‍ത്തിക്കുകയാവാം.
FAHAD FASIL AND MAARI SELVARAJ | PHOTO: FACEBOOK
പെരിയോര്‍ പങ്കെടുത്ത വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിവേള മലയാളി ആഘോഷിക്കുന്ന കാലമാണിത്. തൊട്ടയല്‍ദേശത്ത് പെരിയാറിന്റേതടക്കമുള്ള ആശയങ്ങളെ ഉയര്‍ത്തിപിടിച്ചുകൊണ്ട് ദളിത് രാഷ്ട്രീയം സംബോധന ചെയ്യുന്ന മാമന്നന്‍ പോലെയുള്ള സിനിമകളുടെ ചരിത്രം റദ്ദ് ചെയ്തുകൊണ്ട് മലയാളി ആഘോഷിക്കുന്നു. കേരളത്തില്‍ OTT റീലിസിനു ശേഷം താരകേന്ദ്രീകൃത ചര്‍ച്ചകളാണ് സജീവമായത്. ഫഹദ് ഫാസില്‍ വില്ലനായി അഭിനയിച്ചാല്‍ നായകന്‍ നിഷ്പ്രഭമായി പോകും എന്ന മട്ടിലുള്ള വാദങ്ങള്‍ ജാതിവാദ ചര്‍ച്ചകളുടെ മറ്റൊരു രൂപം തന്നെയാണ്. ഇത്തരം ചര്‍ച്ചകള്‍ പരിയേറും പെരുമാള്‍ സിനിമയുടെ ക്ലൈമാക്സില്‍ മാരി സെല്‍വരാജ് സൂചിപ്പിക്കും പോലെ സമത്വത്തിലേക്കും തുല്യനീതിയിലേക്കും ഇനിയും സഞ്ചരിക്കേണ്ട ജാതിദൂരങ്ങളുടെ തീണ്ടാപാടുകള്‍ ദൃശ്യപ്പെടുത്തുന്നു.