TMJ
searchnav-menu
post-thumbnail

Outlook

സ്ഫുരിക്കുമീ നിന്നുടലിന്‍ പദാര്‍ത്ഥമെ - ന്തുരയ്ക്ക, മിന്നല്‍പ്പിണരിന്‍ സ്ഫുലിംഗമോ?

16 Jan 2024   |   5 min Read
ഇ പി രാജഗോപാലൻ

ന്ത്യന്‍ കവി എന്ന നിലയ്ക്കുള്ള ജീവിതാനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടേയും ഉടമയായ ആദ്യത്തെ മലയാളകവി എന്‍. കുമാരനാശാനാണ്. ഇന്ന് നമ്മള്‍ കേരളം എന്ന് പറയുന്ന ഭൂപ്രദേശത്ത് ഏതാണ്ട് എല്ലായിടത്തും സഞ്ചരിച്ച ഒരാളാണ് കുമാരനാശാന്‍. കേരളത്തിന് പുറത്ത് കൊല്‍ക്കത്തയില്‍ അദ്ദേഹം കുറേവര്‍ഷങ്ങള്‍ ചിലവഴിക്കുന്നുണ്ട്. മൈസൂരിലും അദ്ദേഹം ജീവിച്ചിട്ടുണ്ട്. അത് വെറും യാത്രയോ ജീവിതമോ മാത്രമായിരുന്നില്ല. ആ പ്രദേശത്തെ സംസ്‌കാരത്തെ ജീവിതത്തിലെ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയുമൊക്കെ മനസ്സിലാക്കിക്കൊണ്ടുള്ള ഒരു സാംസ്‌ക്കാരിക പ്രവര്‍ത്തകന്റെ ജീവിതം തന്നെയായിരുന്നു അദ്ദേഹം അവിടെയൊക്കെ നയിച്ചത്. തന്റെ വിവിധ വേളകളിലെ ജീവിതാനുഭവങ്ങളെ അറിവുകൊണ്ടും കാവ്യചിന്തകൊണ്ടും അദ്ദേഹം സ്ഥാനപ്പെടുത്തിയിട്ടുണ്ട്.

51-ാമത്തെ വയസ്സിലാണ് മരിക്കുന്നത്. 1924 ജനുവരി 16 ന്. അന്നത്തെ കേരളത്തിലെ ആയുസ്സിന്റെ കണക്കുനോക്കിയാല്‍ ആ വിയോഗം ചെറിയ പ്രായത്തില്‍ ആയിരുന്നില്ല. യൂറോപ്പിലെ കുമാരനാശാന്‍ എന്ന് വിളിക്കാവുന്ന ഷെല്ലി മരിച്ചത് 29-ാമത്തെ വയസ്സിലാണ്. അപ്പോഴേക്കും ഷെല്ലി ഒരു മുതിര്‍ന്ന കവിയായി വേണ്ടത്ര പ്രശംസയും അതിലേറെ വിമര്‍ശനവും ഏറ്റുവാങ്ങി ചരിത്രത്തിലെ ജ്വലിക്കുന്ന ഒരു സ്ഥാനമായി മാറിയിരുന്നു. ആശാന്റെ മരണം അഞ്ച് പതിറ്റാണ്ടുകള്‍ ജീവിച്ചതിന് ശേഷമാണ്. അതൊരു പൂര്‍ണ്ണജീവിതം തന്നെയായിരുന്നു എന്ന് തീര്‍ച്ചയായും പറയാം. അത്രയേറെ സംവാദങ്ങളിലും സംഘര്‍ഷങ്ങളിലും ഭാവനകളിലും ഒക്കെ ജീവിച്ച ശേഷമാണ് ആശാന്‍ മരിച്ചത്. 

1873 ഏപ്രില്‍ 12 ന് ആശാന്‍ ജനിക്കുമ്പോള്‍ കേരളം കാര്യമായി ആധുനികതയുടെ വെളിച്ചം പേറുന്ന സ്ഥലമായിരുന്നില്ല. ജാതി-മത ബോധങ്ങള്‍ ഇവിടെ ഭീകരവും സജീവവുമായിരുന്നു. മനുഷ്യന്‍ എന്ന വാക്ക് ആരും പറഞ്ഞിരുന്നില്ല. പകരം ജാതിയുടേയും മതങ്ങളുടേയും പരാമര്‍ശങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈഴവസമുദായം എന്ന സ്വന്തം ജാതിയ്ക്കകത്തു തന്നെ ഏറെ ബുദ്ധിമുട്ടനുഭവിച്ച ആളായിരുന്നു കുമാരനാശാന്‍. ഈഴവ സമുദായത്തില്‍ മേല്‍ത്തട്ട് എന്ന സങ്കല്‍പം നിലനിന്നിരുന്നു. മേല്‍ത്തട്ടില്‍ ജീവിച്ചിരുന്ന ആളുകള്‍ കുമാരനാശാനെ ഗൗനിച്ചിരുന്നില്ല. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ ഉണ്ട്. അങ്ങനെയൊരു ദുരവസ്ഥയിലാണ് താന്‍ ജനിക്കുന്നത്. അച്ഛന്‍ ഒരര്‍ത്ഥത്തില്‍ പുതിയ സമ്പ്രദായത്തില്‍ ജീവിച്ച ഒരാളായിരുന്നു. അദ്ദേഹത്തിന് അറിവുണ്ടായിരുന്നു, വായനയുണ്ടായിരുന്നു, സംവാദശീലം ഉള്ള ആളായിരുന്നു. അമ്മ വീട്ടമ്മ മാത്രമായിരുന്നെങ്കിലും അവരെ നല്ല കാരുണ്യമുള്ള സ്ത്രീയായി ആശാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കുടുംബത്തില്‍ അദ്ദേഹത്തിന് മറ്റൊരു ജീവിതവ്യവസ്ഥയുടെ അന്തരീക്ഷം കാണാന്‍ പറ്റി. പക്ഷേ കുടുംബത്തിന് ചുറ്റുമുള്ള, തന്റെ വീടിന് ചുറ്റുമുള്ള ലോകം മാനുഷികതയുടെ നന്നേ നേര്‍ത്ത വെളിച്ചങ്ങള്‍ മാത്രമുള്ള ഒരു ലോകമാണെന്നത് കടുത്ത അസ്വാസ്ഥ്യത്തോടെ ആശാന്‍ മനസ്സിലാക്കുന്നുണ്ട്. ആശാന്‍ മൂന്ന് ഭാഷകളറിയുന്ന ആളായിരുന്നു. മലയാളം പഠിച്ചു. സംസ്‌കൃതത്തില്‍ വലിയ അറിവുനേടി. ഇംഗ്ലീഷിലും പ്രാഥമികമായുള്ള അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം തന്റെ ഡയറിക്കുറിപ്പുകള്‍ എഴുതിയിരുന്നത് ഇംഗ്ലീഷിലായിരുന്നു. അതില്‍ ചെറിയ വ്യാകരണത്തെറ്റുകള്‍ കാണാമെങ്കിലും ഭാവം അവതരിപ്പിക്കാന്‍ ആ ഭാഷ അദ്ദേഹത്തിന് മതിയായിരുന്നു. എഡ്വിന്‍ എര്‍നോള്‍ഡിന്റെ 'ലൈറ്റ് ഓഫ് ഏഷ്യ' ബുദ്ധചരിതം എന്ന പേരില്‍ അദ്ദേഹം വിവര്‍ത്തനം ചെയ്യുന്നുണ്ട്. പാല്‍ഗ്രേവ് സമാഹരിച്ച കാല്‍പ്പനിക കവിതകളുടെ സമാഹാരമായ ഗോള്‍ഡന്‍ ട്രഷറി അദ്ദേഹം ശ്രദ്ധിച്ച് വായിച്ച ഒരു കൃതിയാണ്. 'വീണപൂവി' ന്റേയുള്‍പ്പെടെയുള്ള ചില മാതൃകകള്‍ അദ്ദേഹത്തിന് ലഭിക്കുന്നത് റോബര്‍ട്ട് ഹെറിക്കിന്റേയും മറ്റും കവിതകളില്‍ നിന്നാണ്. അത് ഗോള്‍ഡന്‍ ട്രഷറിയില്‍ അടങ്ങിയ ചെറിയ കവിതകളാണ്. ഇംഗ്ലീഷ് വായനയില്‍ അദ്ദേഹത്തിന് ശ്രദ്ധയുണ്ടായിരുന്നു എന്ന് ചുരുക്കം. അതദ്ദേഹത്തെ സവിശേഷമായ രീതിയില്‍ മാറ്റുന്നുണ്ട്. സ്വന്തം ഗ്രാമത്തിലേയും കേരളത്തിലെ മറ്റു ഗ്രാമങ്ങളിലേയും അനുഭവങ്ങള്‍, കൊല്‍ക്കത്തയിലേയും മൈസൂരിലേയും അനുഭവങ്ങള്‍ ഒക്കെ അദ്ദേഹത്തിന് ഒരു പുതിയ ലോകബോധം നല്‍കി എന്ന് പറയാം. തീര്‍ച്ചയായും ശ്രീനാരായണ ഗുരുവിന്റെ, അതിലേറെ ഡോ. പല്‍പ്പുവിന്റെ ആധുനികതകള്‍ അദ്ദേഹത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയം ഇല്ല. കൊല്‍ക്കത്തയിലെ ജീവിതകാലത്ത് അദ്ദേഹം സംസ്‌കൃതം പഠിക്കുന്നുണ്ട്. സംസ്‌കൃതം പഠിക്കുന്നതിനാണ് കല്‍ക്കത്തയില്‍ പോയത്. സംസ്‌കൃതം മാത്രമല്ല പ്രണയവും അദ്ദേഹം പഠിക്കുന്നുണ്ട്. അദ്ദേഹത്തിന് അവിടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയോട് പ്രണയം ഉണ്ടായിരുന്നെന്നും ആ പ്രണയ പരാജയത്തില്‍ നിന്നുമാണ് പിന്നീടദ്ദേഹം വീണപൂവെന്ന ശ്രദ്ധിക്കപ്പെട്ട കവിത അദ്ദേഹം എഴുതിയത് എന്നുമുള്ള കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണ്. മൈസൂരിലെ താമസകാലത്ത് അദ്ദേഹത്തിന് കിട്ടിയ അനുഭവം കുടുംബം എന്നുള്ളതാണ്. ഡോ. പല്‍പ്പുവിന്റെ കുടുംബത്തോടൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. ആ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ തെളിവായി ഇന്നുള്ളത് അദ്ദേഹം ഷിമോഗ ജില്ലയില്‍ ഉള്ള ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോയതിനെ കുറിച്ചുള്ള കവിതയാണ്. ഗരിസപ്പ അരുവി എന്നാണ് ആ കവിതയുടെ പേര്. കുടുംബം, വിവാഹം, പ്രണയം പോലുള്ള ആശയങ്ങളിലേക്കുള്ള ചിന്തയുളവാക്കുന്ന ഒരു കവിതയാണത്. പല്‍പ്പുവിന്റെ ഭാര്യയുടേയും മക്കളുടേയും കൂടെയാണ് ജോഗ് വെള്ളച്ചാട്ടം കാണാനായി കുമാരനാശാന്‍ പോകുന്നത്. അവരുടെ പെരുമാറ്റം, വെള്ളച്ചാട്ടത്തിന്റെ കൃത്യമായിട്ടുള്ള സഞ്ചാരം ഇതൊക്കെ ചേര്‍ത്തുവച്ചുകൊണ്ട് കുടുംബത്തെക്കുറിച്ചും ജീവിതത്തിന്റെ തുടര്‍ച്ചയെക്കുറിച്ചും ഒക്കെയുള്ള ആശയങ്ങള്‍ കുമാരനാശാന് ഉണ്ടാവുന്നുണ്ട്. അത് കുറച്ചുകഴിഞ്ഞ് ഒരു പ്രണയബന്ധം തന്നെയായി മാറുന്നുണ്ട്. ഭാനുമതിയമ്മ കുമാരനാശാന്റെ വിദ്യാര്‍ത്ഥിനിയായിരുന്നു. അതാണ് പ്രണയത്തില്‍ കലാശിച്ചത്. അത്തരത്തിലുള്ള വായിച്ചറിവിന്റെ, അനുഭവിച്ചറിവിന്റെ വികാസം സ്വന്തം ജീവിതത്തിലേക്ക് പ്രായോഗികമായി പകര്‍ത്താനുള്ള ഒരു ആക്റ്റിവിസ്റ്റിന്റെ ശ്രദ്ധ നമുക്ക് ഈ സന്ദര്‍ഭങ്ങളിലൊക്കെ കാണാവുന്നതാണ്.അദ്ദേഹത്തിന്റെ കവിതകള്‍ നമ്മുടെ ഭാഷയിലും നമ്മുടെ ജ്ഞാനത്തിലും നമ്മുടെ ലോകബോധത്തിലും വലിയ അഴിച്ചുപണിയലുകള്‍ നടത്താന്‍ കെല്‍പ്പുള്ള രചനകളായി, സാംസ്‌കാരിക ആഖ്യാനങ്ങളായി തന്നെയാണ് നാം പരിഗണിക്കുന്നത്. ലീലയിലെ പ്രകൃതിദര്‍ശനം പ്രകൃതിയുടെ കേവലമായ വര്‍ണനയോ വിവരണമോ അല്ല. അതില്‍ സാംസ്‌കാരികമായിട്ടുള്ള ഉള്ളടക്കമുണ്ട്. ആ സൗന്ദര്യം കേവലമല്ല എന്ന് നമുക്കിന്നറിയാന്‍ പറ്റും. കാഴ്ച എന്ന സവിശേഷമായ വിഷയത്തെക്കുറിച്ചുള്ള ആലോചനകൂടിയാണ് 'വീണപൂവ്'. പൂവിനെ ആളുകള്‍ വ്യത്യസ്തമായി കാണുന്നു, പൂവിനെ മുന്‍നിര്‍ത്തി കാഴ്ചയെ കുറിച്ച് ഒരു കാവ്യപ്രബന്ധം നിര്‍മ്മിക്കുക കൂടിയാണ് കുമാരനാശാന്‍ 'വീണപൂവി'ല്‍ ചെയ്തത്.

സവിശേഷമായി ഇന്ന് എല്ലാവരും ഓര്‍മിക്കുന്ന ഒരുകാര്യം കുമാരനാശാന്റെ ഏറ്റവും ജനപ്രീതി, ജനശ്രദ്ധ, നിരൂപകശ്രദ്ധ നേടിയ കവിതകളെല്ലാം സ്ത്രീ എന്ന സത്തയെ, സ്ത്രീ എന്ന സാംസ്‌കാരികാനുഭവത്തെ സ്ത്രീ എന്ന ചരിത്ര സ്ഥാനത്തെ പരിഗണിച്ചുകൊണ്ടുള്ളവയാണ് എന്നതാണ്. നളിനി, ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാല ഭിക്ഷുകി എന്നീ കവിതപ്പേരു തന്നെ ഇതാണ് സൂചിപ്പിക്കുന്നത്. കരുണയിലും ദുരവസ്ഥയിലും നിര്‍ണായകസ്ഥാനത്തുള്ളത് പുരുഷന്മാരല്ല. സ്ത്രീകളാണ്. സ്ത്രീക്ക് സാംസ്‌കാരികമായി ഒരു ബദല്‍ ചരിത്രം നിര്‍മ്മിക്കുക എന്ന പ്രവര്‍ത്തനമാണ് ആശാന്‍ ചെയ്തത് എന്ന് ഇന്ന് നമുക്ക് ഉറപ്പായും പറയാവുന്നതാണ്. 

കുമാരനാശാന്‍ ഒരു ആക്റ്റിവിസ്റ്റ് ആണെന്ന് പറഞ്ഞു. അദ്ദേഹം എസ്എന്‍ഡിപി യോഗത്തിന്റെ ദീര്‍ഘകാല സെക്രട്ടറിയായിരുന്നു. നിയമസഭാംഗമായി ശ്രീമൂലം അസംബ്ലിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ ശ്രദ്ധ വാസ്തവത്തില്‍ അദ്ദേഹത്തിന്റെ എഴുത്തുപണിയിലുമുണ്ട്. കവിത സ്വാഭാവികമായി വാര്‍ന്നുവീഴുന്ന ഒന്നുമാത്രമാണ് എന്ന് ആശാന്‍ വിശ്വസിച്ചിട്ടുണ്ട്. പക്ഷേ കവിത തിരുത്തിത്തിരുത്തി നന്നാക്കേണ്ട പ്രവൃത്തിയാണ് എന്നുള്ള വിചാരം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കവിതകളുടെ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമാണ്. അത് ആശാന്റെ സ്മാരകമായിട്ടുള്ള തോന്നയ്ക്കല്‍ ഭവനത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ആ കയ്യെഴുത്ത് പ്രതിയെ ആധാരമാക്കി പ്രൊഫസര്‍ എംഎം ബഷീര്‍ ഒരു ഗവേഷണ പഠനം നടത്തിയിട്ടുണ്ട്. ആ നല്ല പഠനം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അത് നോക്കുകയാണെങ്കില്‍ ഒരു വാക്കിന് വേണ്ടി, ഒരു വാക്കിന്റെ കൃത്യതയ്ക്ക് വേണ്ടി, ഒരു വാക്കിന്റെ മുഴക്കത്തിനു വേണ്ടി ആശാന്‍ എത്രയേറെ ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാകും. പുതിയൊരു ഭാഷയാണ് അദ്ദേഹം അവതരിപ്പിക്കേണ്ടത്, പുതിയ ജീവിതമാണ് അവതരിപ്പിക്കേണ്ടത്, പുതിയ വിഷയങ്ങളാണ് അദ്ദേഹത്തിന് അവതരിപ്പിക്കേണ്ടത്, പുതിയ പ്രശ്‌നങ്ങളെ പ്രസക്തമാക്കുന്ന വിധത്തില്‍ അദ്ദേഹത്തിനത് കൊണ്ടുവരണം. അതിനുവേണ്ടി അദ്ദേഹം വീണ്ടും വീണ്ടും തിരുത്തലുകള്‍ വരുത്തിയാണ് താനുദ്ദേശിച്ച കാവ്യരൂപത്തിലേക്ക് അതിനെ കൊണ്ടുവന്നിരുന്നത് എന്ന് മനസ്സിലാക്കാം. കവിതയും ഒരു സവിശേഷമായ അധ്വാനമാണെന്ന വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. സര്‍ഗാത്മകത എന്ന വാക്കുകൊണ്ട് സൃഷ്ടിപരത എന്ന വാക്കുകൊണ്ട് മാത്രം കവിതയെ നിര്‍ണയിക്കാനാവില്ല, കവിതയുടെ സ്വഭാവം വെളിപ്പെടുത്താനാവില്ല എന്നും കവിത വളരെയധികം സവിശേഷമായ ഒരധ്വാനം കൂടിയാണെന്നുമുള്ള വിചാരം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ കയ്യെഴുത്ത് പ്രതികള്‍ വായിച്ചാല്‍ മനസ്സിലാകും. വളരെ സങ്കീര്‍ണമായ അനുഭവങ്ങളുടെ പ്രശ്‌നങ്ങളുടെ ഒക്കെ കവിയായി കുമാരനാശാന്‍ മാറുന്നതിന്റെ ഒരു കാരണം ഈ രൂപത്തിന്റെ തികവിലുള്ള ശ്രദ്ധയാണ് എന്ന് എടുത്ത് പറയണം.

 ചണ്ഡാല ഭിക്ഷുകി | PHOTO: WIKI COMMONS
മലയാളം കുമാരനാശാനെ ഒട്ടും മറന്നിട്ടില്ല. തന്റെ തലമുറയിലെ മറ്റുകവികളേക്കാള്‍ പുതിയ സന്ദര്‍ഭങ്ങളില്‍ പുതിയ ചര്‍ച്ചാവേളകളില്‍ ഓര്‍മ്മിക്കപ്പെടുന്ന, സംവാദത്തിന് വിഷയമായി പ്രയോഗിക്കപ്പെടുന്ന വിഷയമായി കുമാരനാശാന്റെ കവിതകള്‍ കാണാം. ഡോ. പി. പവിത്രനെ പോലുള്ള ആളുകള്‍ തുടരെ നടത്തിക്കൊണ്ടിരിക്കുന്ന ആശാന്‍ പഠനങ്ങള്‍ ഇതിന്റെ ഏറ്റവും മികച്ച ഒരു സാക്ഷ്യമായി പറയാം. 
കുമാരനാശാനെ കുറിച്ച് ഒരുപാട് ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ട്്. ഒരുപക്ഷേ അതിലേറ്റവും പ്രധാനപ്പെട്ട ഗ്രന്ഥം 'മൃത്യുഞ്ജയം കാവ്യജീവിതം ' എന്ന പേരില്‍ എം കെ സാനു എഴുതിയിട്ടുള്ള പ്രബന്ധം വലിയൊരു ഗ്രന്ഥമാണ്. കുമാരനാശാനെക്കുറിച്ച് നാടകങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൂണിയില്‍ സുരേന്ദ്രന്റെ ' കുമാരനാശാന്‍ ' മികച്ച നാടകമാണ്. നോവലുകള്‍ ഉണ്ടായിട്ടുണ്ട്. കെ സുരേന്ദ്രന്റെ 'മരണം ദുര്‍ബലം' എന്ന നോവലും സമീപകാലത്ത് എം എ സിദ്ധിഖ് രചിച്ച 'കുമാരു 26 മണിക്കൂര്‍ ' എന്ന നോവലും ശ്രദ്ധേയമാണ്. ബോട്ടപകടം നടന്ന് ഇരുപത്തിയാറ് മണിക്കൂറുകള്‍ക്കുശേഷമാണ് കുമാരനാശാന്റെ ജഡം കണ്ടെത്തിയത്. ആ നീണ്ട മണിക്കൂറുകളെക്കുറിച്ചുള്ള നോവലാണ് ഇത്. കൂടാതെ കെ.പി . കുമാരന്റെ 'ഗ്രാമവൃക്ഷത്തിലെ കുയില്‍ 'എന്ന സിനിമയുണ്ട്. കുമാരനാശാനെ കുറിച്ചുള്ള ഏറ്റവും മികച്ച ദൃശ്യസ്മാരകമാണ് ഈ സിനിമ. മലയാളം തുടരെ ഈ കവിയെ ഭാവനയ്ക്കും സ്വപ്നങ്ങള്‍ക്കും സമരായുധങ്ങള്‍ക്കും വേണ്ടി ആശ്രയിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഇതൊക്കെ. 

കുമാരനാശാന്‍ കൊല്ലത്തുനിന്നാണ് 'റെഡീമര്‍ ' എന്ന ബോട്ടില്‍ കയറിയത്. ആലുവയില്‍ താന്‍ കൂടി ഡയറക്ടറായിരുന്ന ഓട്ടുകമ്പനിയുടെ ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. സാമ്പത്തികമായി മുന്നോക്കം നിന്നതിനാല്‍ ബോട്ടിന്റെ ഡക്കായിരുന്നു ആശാന്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. അതിന് പ്രതീകാത്മകമായ ഒരു പ്രാധാന്യമുണ്ടായിരുന്നുവെന്ന് നമുക്ക് കുറച്ചുകഴിയുമ്പോള്‍ പറയേണ്ടിവരും. അദ്ദേഹം സെലിബ്രിറ്റിയായതിനാല്‍ സഹയാത്രികള്‍ ചുറ്റുംകൂടുകയും കവിതകള്‍ ചൊല്ലാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. പുതിയ കവിതതന്നെ ആകട്ടെയെന്നു പറഞ്ഞുകൊണ്ട് വഞ്ചിപ്പാട്ടിന്റെ ശീലിലുള്ള 'കരുണ എന്ന കവിതയാണ് തന്റെ ആരാധകര്‍ക്കുവേണ്ടി ചൊല്ലിയത്. ഉറങ്ങാനായി ഒറ്റയ്ക്ക് ബോട്ടിന്റെ ഡക്കിലേക്ക് കയറി വാതിലടക്കുയായിരുന്നു. കുമാരനാശാന്‍ നീന്തല്‍ അറിയാമായിരുന്ന വ്യക്തിയായിരുന്നു. രാത്രിയിലും അദ്ദേഹം കടലില്‍ നീന്തുമായിരുന്നു. പല്ലനയാറ്റില്‍ - വാസ്തവത്താല്‍ അത് തോടാണ് - നടന്ന അപകടത്തില്‍പെട്ടവരില്‍ ഏറെയും രക്ഷപ്പെട്ടിരുന്നു.. പക്ഷേ, ആശാന്‍ ഡെക്കില്‍ ഒറ്റപ്പെട്ടതകൊണ്ടാണ് അദ്ദേഹം മരണപ്പെട്ടതെന്ന് പ്രതീകാത്മകമായി നമുക്ക് പറയാം. ആ ഡെക്ക് എഴുത്തുകാരന്റെ ദന്ത ഗോപുരമാണ്. അവിടെ കയറിയിരുന്നില്ലെങ്കില്‍ കവിയ്ക്കും രക്ഷപ്പെടാമായിരുന്നു.

'വീണപൂവ് ' ഒരു ദുരന്തകാവ്യമാണെന്ന് അധ്യാപകര്‍ പറയാറുണ്ട്. പക്ഷേ, അതൊരു ചുരുക്കിക്കെട്ടലാണ്. 'ഹാ 'എന്ന വാക്കില്‍ തുടങ്ങുന്നു 'കഷ്ടം ' എന്ന വാക്കില്‍ അവസാനിക്കുന്ന കവിത. ഒരു 'ഹാ' യ്ക്കും ഒരു 'കഷ്ട' ത്തിനും ഇടയില്‍ അവസാനിക്കുന്ന കവിത എന്നൊക്കെ പറയാറുണ്ട്. അതൊരു ചെറിയ നോട്ടമാണ്. സമഗ്രമായ നോട്ടമല്ല. 'വീണപൂവ് ' മരണത്തിന്റെ അനിവാര്യതയെ കുറിച്ചുള്ള കവിതയാകുമ്പോള്‍ തന്നെ അത് പുനരുജ്ജീവനത്തെ കുറിച്ചുള്ള കവിത കൂടിയാണ്. വീണപൂവ് ഒരു ബലിപുഷ്പമായി മരചില്ലയില്‍ വീണ്ടും ഉണ്ടാകും എന്ന പ്രതീക്ഷ വെടിപ്പായി ആ കവിതയില്‍ നമുക്ക് വായിക്കാം. കുമാരനാശാന്‍ പല്ലനയാറ്റില്‍ വച്ച് ദുരന്തത്തിനിരയായെങ്കിലും അദ്ദേഹം കൂടുതല്‍ ശ്രദ്ധയോടെ, കൂടുതല്‍ സാംസ്‌കാരികോര്‍ജത്തോടെ മലയാളത്തില്‍ ജീവിച്ചുകൊണ്ടിരിക്കുകയാണ്. 'വീണപൂവി'ല്‍, ഒരുപക്ഷേ, അദ്ദേഹം പ്രവചിച്ചതുപോലെ.

അതിനാല്‍ നൂറാം ചരമദിനാചരണത്തില്‍ വലിയ കഥയൊന്നുമില്ല.


#outlook
Leave a comment