TMJ
searchnav-menu
post-thumbnail

Outlook

മലയാളികളുടെ നോളന്‍

20 Jul 2023   |   4 min Read
ഹരിഗോവിന്ദ് എ

Are you watching closely?

           - The Prestige, Christopher Nolan.

മലയാളികള്‍ക്കിടയില്‍ നോളന്‍ എന്ന ഹോളിവുഡ് സംവിധായകനുള്ള സ്വീകാര്യതയുടെ വലിയൊരു തെളിവാണ്, ഒരാഴ്ച്ച മുമ്പ് ഓപ്പണ്‍ ആയ ഓണ്‍ലൈന്‍ ബുക്കിങ്ങിലെ തിരക്ക്. പല ഷോകളും ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ ഹൗസ് ഫുള്‍ ആയി. തിരുവനന്തപുരം ലുലു മോളിലെ ഐ മാക്‌സ് ഷോകള്‍ അടക്കം ഒട്ടുമിക്ക തീയേറ്ററുകളും നോളന്റെ 'Oppenheimer'നായി ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ ആസ്വാദന ശൈലികളിലും പല മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കാന്‍ നോളന്‍ എന്ന സംവിധായകന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

'Following'ലൂടെ തുടങ്ങി 'Oppenheimer'ല്‍ എത്തി നില്‍ക്കുകയാണ് നോളന്‍ എന്ന സംവിധായകന്റെ ജൈത്രയാത്ര. മലയാളി പ്രേക്ഷകരുടെ ഇടയില്‍ ആദ്യം നോളന്‍ എന്ന പേര് ചര്‍ച്ചയാകുന്നത് ഒരു പക്ഷെ 2008 ല്‍ ഇറങ്ങിയ ബാറ്റ്മാന്‍ സീരീസിലെ രണ്ടാം ഭാഗമായ 'Dark Knight'ലൂടെ ആയിരിക്കണം. പക്ഷെ നോളനെന്ന ക്രാഫ്റ്റ്‌സ്മാന് ലഭിച്ചതിലും കൈയ്യടികളും പ്രശംസകളും ഹീത്ത് ലെഡ്ജര്‍ എന്ന നടന്റെ അനശ്വര പ്രകടനത്തിനായിരുന്നു. എങ്കിലും അന്നാദ്യമായി നോളന്‍ എന്ന സംവിധായകന്റെ പേര് മലയാളികള്‍ക്ക് പരിചിതമായി. പിന്നീട് 2010ല്‍ 'inception' നുമായി വന്നപ്പോള്‍ സിനിമപ്രേമികള്‍ക്ക് അപ്പുറം സാധരണ മലയാളി പ്രേക്ഷകര്‍ക്കിടയിലും നോളന്‍ എന്ന പേര് ചര്‍ച്ചാവിഷയമായി. അവതരിപ്പിച്ച പ്രമേയത്തിന്റെ വൈവിധ്യത്തിന് അപ്പുറം, അതിന്റെ ക്രാഫ്റ്റിങിലും എക്‌സിക്യൂഷനിലും ഉള്ള പുതുമ ലോക സിനിമയില്‍ തന്നെ വിപ്ലവാത്മകമായിരുന്നു. ആദ്യ കാഴ്ച്ചയില്‍ തന്നെ ഗ്രഹിക്കാന്‍ ചെറിയ പ്രയാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സിനിമ ചര്‍ച്ച ചെയ്ത വിഷയവും അത് അവതരിപ്പിച്ച രീതിയും സാധരണ സിനിമപ്രേക്ഷകന് പുതിയ ഒരനുഭവം ആയിരുന്നു. 



പിന്നീട് മേകിങിലും, ചര്‍ച്ച ചെയുന്ന പ്രമേയത്തിന്റെ സങ്കീര്‍ണ്ണതയിലും വേറിട്ട് നില്ക്കുന്ന ചിത്രങ്ങളെ 'നോളന്റെ സിനിമ പോലെ' എന്നുവരെ പറഞ്ഞു തുടങ്ങി മലയാളികള്‍. അത്രയുമായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ നോളന്റെ 'Inception'ന്‍ ഉണ്ടാക്കിയ സ്വാധീനം. ഇന്ത്യന്‍ ബോക്‌സ് ഒഫീസിലും എകദേശം 22 കോടിക്ക് മുകളില്‍ കളക്ട് ചേയ്ത് ആ കാലത്തെ മൂന്നാമത്തെ ടോപ്പ് ഗ്രോസിങ് നോണ്‍ ഇന്ത്യന്‍ ചിത്രം ആയി മാറിയിരുന്നു 'Inception'. 

ഡി.സി, മാര്‍വല്‍ ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്നെങ്കിലും, തെക്കേ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ പ്രേക്ഷകരെ സൃഷ്ടിച്ചതില്‍ ദി ഡാര്‍ക്ക് നൈറ്റ് റൈസിസ് വഹിച്ച പങ്ക് വളരെ വലുതാണ്. 'Iron Man'ഉം 'Incredible Hulk'ഉം ഒക്കെ പലയിടങ്ങളിലും കോളിളക്കം സൃഷ്ടിച്ചിരുന്നെങ്കിലും, സ്‌പൈഡര്‍മാന്‍ പോലെ ഒരു ഇമ്പാക്ട് ഇതിനൊന്നും കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മാര്‍വലിന്റെ അവന്‍ഞ്ചേഴ്‌സ് ആയിരുന്നു പിന്നെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സൂപ്പര്‍ ഹീറോ ചിത്രം എന്നാലും ഒരു niche audience ന് അപ്പുറം സാധാരണ പ്രേക്ഷകനെ ഒട്ടും ഉത്തേജിപ്പിച്ചില്ല ഇതൊന്നും. 2009ല്‍ അവതാറിന് ശേഷം 3D സിനിമകള്‍ക്ക് സ്വീകാര്യത വളരെ കൂടി നില്‍ക്കുന്ന സമയം കൂടി ആയിരുന്നു ഇത്. സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ 3D format adapt ചെയ്ത് കഴിഞ്ഞിരുന്നു. ആ കാലത്താണ് നോളന്‍ 3D formatനെ വെല്ലുവിളിച്ച് ബാറ്റ്മാന്‍ സീരീസിലെ മൂന്നാമത്തേതും അവസാനത്തേതും ആയ ചിത്രം 'The Dark Knight Rises' 2012 ല്‍ പുറത്തിറക്കുന്നത്. ഡി സി ഫാന്‍സിനും സൂപ്പര്‍ ഹീറോ ഫാന്‍സിനുമപ്പുറം സാധരണ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ പോലും ഒരു വല്യ സ്വാധീനം നോളന്റെ ബാറ്റ്മാന്‍ സീരീസിന് ഉണ്ടാക്കാന്‍ സാധിച്ചതും ഈ ഒരു conclusion സിനിമയിലൂടെ ആണ്. സങ്കീര്‍ണതകള്‍ നിറഞ്ഞ നായകനപ്പുറം ആഴം ഉള്ള വില്ലന്മാരും ഈ സീരീസില്‍ ഉണ്ടായിരുന്നു. ഹീത്ത് ലെഡ്ജര്‍ അവതരിപ്പിച്ച ജോക്കര്‍ ആണെങ്കിലും ടോം ഹാര്‍ഡി അവതരിപ്പിച്ച ബേനിനാണെങ്കിലും നായകന്‍ ആയ ബാറ്റ്മാനോളമോ, അതില്‍ കൂടുതലോ ആരാധകര്‍ ഉണ്ടായി. ആദ്യ വാരം തന്നെ സിനിമ ഇന്ത്യയില്‍ നിന്ന് മാത്രം കളക്ട് ചെയ്തത് 25 കോടിക്ക് അടുത്താണ്. 

2014 ലേക്ക് വരുമ്പോള്‍, കേരളത്തില്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളും സ്‌ക്രീനുകളും വര്‍ധിച്ചു. അതോടൊപ്പം ഹോളിവൂഡ് സിനിമ റിലീസുകളും കൂടി. ഡിജിറ്റല്‍ ആയതോടെ സിനിമ കൂടുതല്‍ അഭികാമ്യമായി. സിനിമയുടെ ടെക്‌നിക്കാലിറ്റികള്‍ പ്രേക്ഷകന്റെ ആസ്വാദനത്തെ സ്വാധീനിക്കാന്‍ തുടങ്ങി. സിനിമയില്‍ തന്നെ പുതിയ സാധ്യതകള്‍ തേടാനും അറിയാനും ശ്രമിച്ചു. 'Life of Pi', 'Gravity', പോലുള്ള ചിത്രങ്ങള്‍ ഒരേ പോലെ എല്ലാതരത്തിലും ഉള്ള മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചു. പക്ഷെ ഇതിന്റെ ഒക്കെ 'USP'യും 'Business Strategy'ഉം 3D എന്ന ഘടകം ആയിരുന്നു. 2001 മുതല്‍ ഇന്ത്യയിലെ പല ഭാഗങ്ങളില്‍ ഐ മാക്‌സ് തീയേറ്ററുകള്‍ ഉണ്ടായിരുന്നെങ്കിലും, ഐ മാക്‌സ് ഫോര്‍മാറ്റില്‍ പല സിനിമകള്‍ ഇറങ്ങിയിരുന്നെങ്കിലും, മലയാളികള്‍ക്കിടയില്‍ ഈ വാക്ക് കൂടുതല്‍ സുപരിചിതം ആകുന്നത് 'Interstellar'ലൂടെ ആയിരിക്കും. 'Shot in IMAX' നോളന്‍ ഒരു മാര്‍ക്കറ്റിങ് സ്റ്റേറ്റ്‌മെന്റ് ആക്കി. ഡിജിറ്റല്‍ സിനിമകളും 3D formatഉം അതിന്റെ എറ്റവും പെരുമയില്‍ നില്‍ക്കുമ്പോഴാണ്, അതിനെ ഒക്കെ വെല്ലുവിളിച്ച് നോളന്‍ 35mm kodak ഫിലിമിലും ഐമാകസ്70mm ഫിലിമുകളിലും 'Interstellar' എടുക്കുന്നത്. സിനിമയില്‍ ഉടനീളം ഉണ്ടായിരുന്ന 'Aspect ratio jump'(ഒരു സിനിമയില്‍ തന്നെ രണ്ട് ആസ്‌പെക്ട് റേഷ്യോകള്‍ മാറി മാറി വന്നു) പ്രേക്ഷകരില്‍ കൂടുതല്‍ കൗതുകം ഉളവാക്കി. 2.40:1 എന്ന റേഷ്യോയും ഐ മാക്‌സ് റേഷ്യോ ആയ 1.43:1 ആണ് ആ രണ്ട് റേഷ്യോകള്‍. 'Inception'ല്‍ സ്വപ്നവും സമയവും ഒക്കെ കഥാപാത്രങ്ങള്‍ ആകുമ്പോള്‍, 'Interstellar'ല്‍ സയന്‍സ് ആണ് വില്ലനും നായകനും. ബ്ലാക്ക് ഹോളുകളും ടൈം വാര്‍പ്പും വളരെ സാങ്കേതിക മികവോടു കൂടിയും ശാസ്ത്രീയ കൃത്യതയോടു കൂടിയും നോളന്‍ ഒരുക്കി. സിനിമ അതിന്റെ പൂര്‍ണ രൂപത്തില്‍ അറിയാന്‍, അത് പ്രദര്‍ശിപ്പിക്കുന്ന 'medium'ത്തിനും വളരെയധികം പ്രാധാന്യം ഉണ്ടെന്നത് നോളന്‍ 'Interstellar' എന്ന വിപ്ലവത്തിലൂടെ വ്യക്തമാക്കി.


ക്രിസ്റ്റഫർ നോളൻ | PHOTO: WIKI COMMONS

രണ്ടാം ലോക മഹായുദ്ധത്തില്‍ ഫ്രഞ്ച് സമുദ്രതീരം ആയ Dunkirik ല്‍ ബ്രിട്ടന് ജര്‍മനിക്കെതിരെ വിജയം കൊടുത്ത യുദ്ധത്തെ ആസ്പദമാക്കി നോളന്‍ 2017 ല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പിന്നീടെത്തിയ 'Dunkirk'. സിനിമയെയും ശാസ്ത്രത്തേയും വേര്‍തിരിക്കാന്‍ പറ്റാത്ത രീതിയില്‍ ഇഴപിരിച്ച് ഒരുക്കിയ 2020 ലെ 'Tenet' എത്തിയപ്പോഴും പ്രേക്ഷകര്‍ മുന്‍ വിധി ഇല്ലാതെ നോളന്‍ എന്ന ബ്രാന്‍ഡിനെ മാത്രം മുന്നില്‍ കണ്ട് തീയേറ്ററുകളിലേക്ക് കുതിച്ചു. 

ഇന്നിപ്പോള്‍ ആദ്യമായി കേരളത്തില്‍ ഐ മാക്‌സ് തീയേറ്ററുകളുടെ പശ്ചാത്തലത്തില്‍ ഒരു നോളന്‍ ചിത്രം വരുകയാണ്. 'Oppenheimer' ചിത്രം ആദ്യ ദിവസം തന്നെ കാണാന്‍ ആസ്വാദകര്‍ തിരക്ക് കൂട്ടുകയാണ്. അതും 700 മുതല്‍ 1000 രൂപ വരെ ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക് വരുന്ന ഐ മാക്‌സില്‍ തന്നെ. 'ബിഗ് എം' സിനോട് കിടപിടിക്കുന്ന രീതിയിലുള്ള ബുക്കിങ്ങാണ് റിലീസിന് ആഴ്ച്ചകള്‍ മുമ്പ് തന്നെ സാക്ഷ്യം വഹിക്കുന്നത്. 'Oppenheimer'ലെ മിക്ക ഭാഗങ്ങളും ഷൂട്ട് ചെയ്തിരിക്കുന്നത് 15 perforations ഉള്ള 70mm IMAX ക്യാമറ ഉപയോഗിച്ചാണ്. ഇന്ന് ലഭിക്കാവുന്നതില്‍ ഏറ്റവും hi-quality വിഷ്വല്‍സ് ആണ് 70mm IMAX എന്നാണ് നോളന്റെ പക്ഷം. ഇന്ത്യന്‍ പ്രേക്ഷക്കര്‍ക്ക് പക്ഷെ സിനിമയെ അതിന്റെ സമ്പൂര്‍ണ മികവിലും ഫുള്‍ ആസ്‌പെക്റ്റ് റെഷ്യോവിലും ആസ്വധിക്കാന്‍ വളരെ പ്രയാസമായിരിക്കും. 70mm/15 perforations IMAX projection ഉള്ള തീയേറ്ററുകള്‍ ഇന്ത്യയില്‍ ഇന്നില്ല എന്നു മാത്രമല്ല ലോകത്ത് തന്നെ ഇങ്ങനെ വളരെ കുറച്ച് തിയേറ്ററുകള്‍ മാത്രമെ ഉള്ളു. പണ്ട് ഇന്ത്യയില്‍ ഈ ഫോര്‍മാറ്റുകളില്‍ രണ്ട് തീയേറ്ററുകള്‍ ഉണ്ടായിരുന്നെങ്കിലും, അത് പിന്നീട് പല കാരണങ്ങളാല്‍ പൂട്ടിപ്പോവുകയായിരുന്നു. സിനിമയിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷോട്ടുകള്‍ എടുക്കാനായി ഐ മാക്‌സ് നോളന്റെ ആവശ്യ പ്രകാരം 65mm B/W ഫിലിമുകള്‍ പ്രത്യേകം നിര്‍മിക്കുകയായിരുന്നു എന്നതും ഈ സിനിമയുടെ മറ്റൊരു സവിശേഷതയാണ്. നോളന്റെ 'The Prestige' എന്ന സിനിമയില്‍ Christian Bale അവതരിപ്പിച്ച മാന്ത്രികന്‍ ആയ ആല്‍ഫ്രഡ് ബോര്‍ഡന്‍ തന്റെ മാന്ത്രിക വിദ്യക്ക് മുമ്പ് കാണിക്കളോട് ചോദിക്കുന്ന ചോദ്യം ആണ് നോളന്‍ എന്ന മാന്ത്രികന്റെ ഓരോ ചിത്രങ്ങള്‍ക്ക് മുമ്പും ഓര്‍മ്മ വരുന്നത്

"Are you watching closely?"


#outlook
Leave a comment