
കന്യാസ്ത്രീകൾക്കെതിരായ അറസ്റ്റ് - പ്രതിഷേധിച്ച് മതേതര ഇന്ത്യ.
നൂറ്റാണ്ടുകളോളം വിദേശ ശക്തികളുടെ ഭരണത്തിന്റെ കീഴിലായിരുന്ന നമ്മുടെ ഭാരതം. നിരവധിയായ വെല്ലുവിളികളെയും പോരാട്ടങ്ങളെയും അതിജീവിച്ചാണ് സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളെ തകർക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിരവധി തന്ത്രങ്ങളിൽ ഏറ്റവും ഭീകരമായ ഒന്ന് ഇന്ത്യൻ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് തന്നെയായിരുന്നു.
1947ൽ നമ്മുടെ രാജ്യം സ്വതന്ത്രമാവുകയും 1950ൽ നാമൊരു റിപ്പബ്ലിക്കായി മാറുകയും ചെയ്തു. രാജ്യത്തിന്റെ പിറവിയുടെ സമയത്തുണ്ടായ വിഭജനം, രാഷ്ട്ര ഐക്യം എന്ന വലിയ ആശയം മുന്നോട്ട് വച്ചിരുന്ന ദേശസ്നേഹികളുടെ ഹൃദയത്തിൽ വലിയ മുറിവുകൾ അന്നുണ്ടാക്കിയിരുന്നു. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്ന സമയത്തും അതിർത്തി ഗ്രാമങ്ങളിൽ വർഗീയ സംഘർഷങ്ങൾ അവസാനിപ്പിക്കാനും മനുഷ്യരെ ചേർത്ത് പിടിക്കാനും ഉള്ള ശ്രമത്തിലായിരുന്നു ഗാന്ധി.
അവസാനത്തെ മനുഷ്യനെയും യാതൊരു വിവേചനവും കൂടാതെ ചേർത്തുപിടിച്ച് ഒന്നായി പരിഗണിക്കുക എന്ന മഹത്തായ ജനാധിപത്യ ആശയമാണ് ഈ രാജ്യം മുന്നോട്ടുവച്ചത്. രാജ്യത്തിന്റെ ഭരണഘടന തന്നെ മുന്നോട്ടുവയ്ക്കുന്ന തത്വമാണത്. ഭരണഘടനയുടെ ശില്പി അംബേദ്കർ തന്നെ ജനാധിപത്യത്തെ വിശേഷിപ്പിച്ചത് ‘അത് ഭൂരിപക്ഷത്തിന്റെയോ, തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവരുടെയോ മാത്രം ഒരു അധികാര പ്രവണതയല്ല. മറിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഒരു മൂല്യത്തിലേക്ക് എത്തിക്കുന്ന ഒരു ആശയം’ എന്ന നിലയിലാണ്. ഒരു മത രാഷ്ട്രം ആകാതെ ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി ഈ രാജ്യം തുടരാൻ തീരുമാനിച്ചതും എല്ലാ വിഭാഗം വൈവിധ്യങ്ങളെയും ഒന്നുപോലെ ചേർക്കാൻ കഴിയും എന്ന മഹത്തായ രാഷ്ട്ര സങ്കൽപത്തിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തിലാണ്. ഭൂരിപക്ഷ സമുദായം ശക്തിയോടെ ജീവിക്കുന്ന ഈ നാട്ടിലും ന്യൂനപക്ഷങ്ങൾക്ക് ഒരുതരത്തിലുള്ള ഭയവും അരക്ഷിതാവസ്ഥയും തോന്നാതെ ഇരിക്കുക എന്നുള്ളതും ഈ രാജ്യത്തിന്റെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി ശ്രീ പട്ടേൽ പറഞ്ഞത്, “ഈ രാജ്യത്തിലെ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന്റെ കയ്യിൽ തങ്ങളുടെ സുരക്ഷ ഏൽപ്പിച്ചിരിക്കുന്നു, അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവരുടേതാണ്” എന്നാണ്. എന്നാൽ വർത്തമാന ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം ഈ ആശയങ്ങളിൽ നിന്നുമെല്ലാം എത്രയോ ദൂരത്താണ് എത്തിനിൽക്കുന്നത് എന്നാണ് സമകാലിക സംഭവങ്ങൾ നമ്മോട് പറയുന്നത്.
ബി ആർ അംബേദ്കർ | PHOTO: WIKI COMMONS
2025 ജൂലൈ മാസം 25നാണ് മതപരിവർത്തനവും മനുഷ്യ കടത്തും ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തത്. സേവന സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന മലയാളി സിസ്റ്റർമാരായ സിസ്റ്റർ വന്ദനയെയും സിസ്റ്റർ പ്രീതിയെയുമാണ് ഭരണകൂടം വേട്ടയാടിയത്. ഇപ്പോഴും പുത്തൻ വിദ്യാഭ്യാസത്തിന്റെയും സാങ്കേതികവിദ്യയുടെയും സൗകര്യങ്ങൾ എത്തിച്ചേർന്നിട്ടില്ലാത്ത ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ, വനങ്ങളിലെ മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയും, അവരുടെ ദാരിദ്ര്യത്തിന് പരിഹാരം നൽകുകയും, അവർക്ക് പുത്തൻ വിദ്യാഭ്യാസം നൽകി പുതിയ ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുന്ന മാനുഷിക പ്രവർത്തനങ്ങൾ നടത്തിവരുന്ന സിസ്റ്റർമാരെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് വേട്ടയാടിയത്. മൂന്ന് ആദിവാസി യുവതികളുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവരെ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ പോലീസിൽ അറിയിക്കേണ്ട റെയിൽവേ ഉദ്യോഗസ്ഥർ ആദ്യം ചെയ്തത് പ്രദേശത്തെ ഹിന്ദു വർഗീയവാദികളെ അറിയിക്കുക എന്നതായിരുന്നു. യുവതികളെ സിസ്റ്റർമാർ തട്ടിക്കൊണ്ടുവന്നതല്ലെന്നും, ഇത്തരത്തിൽ യാതൊരു ആരോപണമോ പരാതിയോ നിലനിൽക്കുന്നില്ലെന്നുമുള്ള വസ്തുത നിലനിൽക്കെ മതത്തിന്റെ കണ്ണിലൂടെ കാര്യങ്ങൾ കണ്ടാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്.
ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഈ സിസ്റ്റർമാർ നടത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും അതിനെ നിയമപരമായി തന്നെ നേരിടണമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല, പക്ഷേ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ നടന്നത് സത്യത്തിൽ നിയമവാഴ്ചയുടെ നഗ്നമായ ലംഘനമാണെന്ന കാര്യത്തിൽ സംശയമില്ല, കന്യാസ്ത്രീകൾ എന്ന പരിഗണനയ്ക്കപ്പുറം സ്ത്രീകൾ ആണെന്ന പരിഗണന പോലും നൽകാതെയാണ് ബജ്രംഗ് ദൾ അടക്കമുള്ള സംഘപരിവാർ സംഘടനകൾ ഇവർക്ക് നേരെ ആക്രമണം നടത്തിയത്. ജനമധ്യത്തിൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും തുടങ്ങി ഒരുതരത്തിൽ പരസ്യ വിചാരണ തന്നെയാണ് സംഘപരിവാർ ഇവർക്ക് നേരെ നടത്തിയത്. സിസ്റ്റർമാർ കൊണ്ടുവന്ന യുവതികളെ ഭീഷണിപ്പെടുത്തുകയും അവരുടെ രക്ഷിതാക്കളെ ഭയപ്പെടുത്തുകയും മൊഴിമാറ്റി സിസ്റ്റർമാർക്ക് വിരുദ്ധമായി സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്ത ജ്യോതി ശർമ അടക്കമുള്ള ബജ്രംഗ് നേതാക്കൾ നഗ്നമായ നിയമലംഘനം നടത്തുകയായിരുന്നു.
നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരും ഏതാണ്ട് ഇതേ സമീപനം തന്നെയാണ് ഈ സിസ്റ്റർമാരോട് സ്വീകരിച്ചത്. കാര്യങ്ങളുടെ വസ്തുത മനസ്സിലാക്കുന്നതിന് മുൻപ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ എന്ന പോലെ സിസ്റ്റർമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പല സാമൂഹ്യ അനീതികൾ നടക്കുമ്പോൾ കുറ്റകരമായ മൗനം നടിച്ചിരുന്ന ഭരണകൂടവും പോലീസുകാരും വളരെ തിടുക്കത്തിൽ സിസ്റ്റർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ എഫ്ഐആറിൽ എഴുതിച്ചേർക്കുകയും പെട്ടെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിലിലേക്ക് അയക്കുകയുമാണുണ്ടായത്. സിസ്റ്റർമാരുടെ കൂടെയുണ്ടായിരുന്ന ആദിവാസി യുവതികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ കാര്യങ്ങളുടെ നിജസ്ഥിതി പുറത്തു പറഞ്ഞിട്ടും യാതൊരു ദയയും നിയമസഹായവും സിസ്റ്റർമാർക്ക് സർക്കാർ സംവിധാനങ്ങളിൽ നിന്നും ലഭിച്ചില്ല.
അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റർമാർ | PHOTO: WIKI COMMONS
പറഞ്ഞതും ചെയ്തതും
ഈ സംഭവം വാർത്തയായ ഉടൻ തന്നെ രാജ്യത്തുടനീളം വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങൾ ഉയർന്നുവന്നു, ഇടതുപക്ഷവും മറ്റു പുരോഗമന സംഘടനകളും അതിശക്തമായി ഈ വിഷയത്തെ അപലപിക്കുകയും തെരുവിൽ പോരാട്ടങ്ങൾ സംഘടിപ്പിക്കുകയും വരെ ചെയ്തു. രാജ്യത്തെ ക്രിസ്ത്യൻ സംഘടനകൾ, സിബിസിഐ, വിവിധ സഭാ പുരോഹിതർ, കന്യാസ്ത്രീകൾ എന്നിവരും അതിശക്തമായ പ്രതിഷേധങ്ങൾ ഉന്നയിച്ചു. അതിൽ ഏറ്റവും എടുത്തുപറയേണ്ടത് കേരളത്തിലെ ബിജെപിയുടെ പ്രതികരണമായിരുന്നു.
തെരഞ്ഞെടുപ്പിന്റെ സമയമാകുമ്പോൾ സഭാ നേതൃത്വത്തെ ചെന്ന് കാണുകയും ക്രിസ്മസിനും ഈസ്റ്ററിനും സഭാ ആസ്ഥാനങ്ങളിൽ എത്തി കേക്കും മറ്റും നൽകി ഞങ്ങൾ ഈ രാജ്യത്തിലെ ന്യൂനപക്ഷങ്ങൾക്കൊപ്പം ആണ് എല്ലാകാലത്തും നിൽക്കുന്നത് എന്ന് ബോധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നവരാണ് ഇവർ. ഈ വിഷയത്തിലും അതിവേഗമായിരുന്നു കേരളത്തിൽ ബിജെപിയുടെ പ്രതികരണം വന്നത്. കന്യാസ്ത്രീകൾ തെറ്റ് ചെയ്തിട്ടില്ലെന്നും അവരുടെ പാർട്ടി തന്നെ ഭരിക്കുന്ന ഛത്തീസ്ഗഡിലെ ഭരണകൂടത്തിന് തെറ്റുപറ്റിയതാണെന്നും എല്ലാ മാധ്യമങ്ങളെയും വിളിച്ച് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞതും, വേണ്ട സഹായങ്ങൾ ചെയ്യാൻ ബിജെപിയുടെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ അനൂപ് ആന്റണിയെ അങ്ങോട്ട് വിടുകയും ചെയ്തിരുന്നു. തുടർന്ന് ബിജെപി നൽകിയ വാഗ്ദാനം ഉടൻ തന്നെ കന്യാസ്ത്രീകൾ പുറത്തിറങ്ങുമെന്നും, കേസുകൾ റദ്ദാക്കുകയും ചെയ്യുമെന്നാണ്. എന്നാൽ വിചാരണ കോടതിയിൽ കേസ് വന്നപ്പോൾ കന്യാസ്ത്രീമാർക്ക് ജാമ്യം പോലും ലഭിക്കാതിരിക്കാൻ അതിശക്തമായാണ് പ്രോസിക്യൂഷൻ വാദിച്ചത്. മതപരിവർത്തനം മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉൾപ്പെടെ ചുമത്തിക്കൊണ്ട് വീണ്ടും കന്യാസ്ത്രീകളെ ജയിലിൽ അടയ്ക്കുന്ന സമീപനമാണ് ഉണ്ടായത്. ഒപ്പം കേസ് ദേശീയ സുരക്ഷയെ മുൻനിർത്തി എൻഐഎ കോടതിയിലേക്ക് എത്തുകയും ചെയ്തു.
രാജീവ് ചന്ദ്രശേഖർ | PHOTO: WIKI COMMONS
എല്ലാക്കാലത്തും ന്യൂനപക്ഷങ്ങൾക്കൊപ്പം ആണെന്ന് കേരളത്തിലിരുന്ന് പറയുകയും കേന്ദ്രസർക്കാർ പരസ്യ വാചകങ്ങളിലൂടെയും തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലും ഇത് ആവർത്തിക്കുകയും ചെയ്യുമ്പോഴും തങ്ങളുടെ ഭരണസംവിധാനം ഉപയോഗിച്ച് ന്യൂനപക്ഷ വേട്ട കൃത്യമായി തുടർന്നുകൊണ്ടുപോരുന്ന വൈരുദ്ധ്യം നിറഞ്ഞ സമീപനമാണ് വർത്തമാന ഇന്ത്യയിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. എത്ര ഭീകരമായാണ് ഭരണകൂടം ന്യൂനപക്ഷങ്ങളോട് പെരുമാറുന്നത് എന്ന് കുറച്ചു വർഷങ്ങളായി നാം കാണുന്നുണ്ടല്ലോ.. പാർക്കിൻസൻസ് രോഗം സ്വന്തം ചലനം പോലും ബുദ്ധിമുട്ടിലാക്കി വളരെ അവശതയിലായിരുന്ന ജാർഖണ്ഡിലെ ആദിവാസികൾക്ക് വേണ്ടി പോരാടിയ ഫാദർ സ്റ്റാൻസ് സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് മരണപ്പെട്ടത്. വെള്ളം കുടിക്കാൻ ഒരു സിപ്പർ പോലും അനുവദിക്കാൻ ഭരണകൂടം വരുത്തിയ കാലതാമസം എത്രമേൽ മൃഗീയമായാണ് ന്യൂനപക്ഷങ്ങളോട് സർക്കാർ പെരുമാറുന്നത് എന്നതിന്റെ പച്ചയായ ഉദാഹരണമായിരുന്നു.
കഴിഞ്ഞ ഒരു വർഷം മാത്രം രാജ്യത്ത് ഏതാണ്ട് 837ഓളം ആക്രമണങ്ങൾ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെ ഇന്ത്യയിലുടനീളം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഈ വസ്തുത നിലനിൽക്കുമ്പോൾ തന്നെയാണ് ഭരണകൂടം അതിന്റെ രഹസ്യ മുഖം ഒളിപ്പിച്ചുകൊണ്ട് ന്യൂനപക്ഷത്തെ ചേർത്ത് പിടിക്കുന്നു എന്ന് അവകാശപ്പെടുന്നത്. പാർലമെന്റിൽ ഈ വിഷയം ചർച്ചയാവുകയും കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പെടെ പ്രതിപക്ഷ എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കാണുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ജാമ്യ അപേക്ഷ ഇനി ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നും സിസ്റ്റർമാർക്ക് ഉടൻ ജയിൽ മോചനം സാധ്യമാകുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നൽകിയെങ്കിലും കന്യാസ്ത്രീകൾ ഇരുമ്പഴികൾക്കുള്ളിൽ തന്നെയാണെന്നുണ്ടായിരുന്നത്. വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നതാണ് കേന്ദ്രസർക്കാരും ആ സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയും മുന്നോട്ടുവയ്ക്കുന്ന സമീപനം. ന്യൂനപക്ഷങ്ങളുടെ ഉള്ളിൽ അശാന്തി നിലനിൽക്കുകയും അവരിൽ അരക്ഷിത ബോധം സൃഷ്ടിക്കുകയും ചെയ്യുന്ന സമീപനമാണ് ഭരണകൂടം നിരന്തരമായി സൃഷ്ടിക്കുന്നത് എന്ന് കാണാം - അത് പൗരത്വ ഭേദഗതി നിയമത്തിലായാലും ബീഫ് നിരോധനത്തിലായാലും ചർച്ചുകൾ തകർക്കുന്നതിലായാലും ഒടുവിൽ ഇപ്പോൾ കന്യാസ്ത്രീമാർക്ക് നേരെയുള്ള ആക്രമണമായാലും ലക്ഷ്യം വളരെ വ്യക്തമാണ്.
ജനിച്ച നാട്ടിൽ സ്വതന്ത്രമായി ജീവിക്കാനും വിശ്വാസങ്ങൾ പിന്തുടരാനും ഉള്ള ഏതൊരു പൗരന്റെയും ഭരണഘടനാപരമായ അവകാശത്തെയാണ് സത്യത്തിൽ ഭരണകൂടം വെല്ലുവിളിക്കുന്നത്. ഇത് ഈ രാജ്യത്തിന്റെ മഹത്തായ ആശയങ്ങൾക്ക് വിരുദ്ധമായ സമീപനമാണെന്ന് പറയാതെ വയ്യ. ജനാധിപത്യത്തിൽ നിന്നും ഒരു രാഷ്ട്രം സഞ്ചരിക്കുന്നത് എങ്ങോട്ടാണ് എന്ന ആശങ്ക ഏതൊരു മതേതര ഇന്ത്യൻ മനസ്സും ആശങ്കയോടെ ചോദിച്ചു പോകുന്ന സ്ഥിതിയാണ് ഇന്ന് ഉള്ളത്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഭാവി ഭയാനകമോ ?
ഈ രാജ്യത്തിന്റെ കഴിഞ്ഞകാല ചരിത്രം പരിശോധിക്കുമ്പോൾ ക്രിസ്ത്യൻ മിഷനറിമാർ ഈ നാട്ടിൽ നൽകിയ സംഭാവനകൾ പ്രകടമായി കാണാം. അത് ഈ രാജ്യത്തിന്റെ സാമൂഹ്യപുരോഗതി രംഗത്തും വിദ്യാഭ്യാസരംഗത്തും വരുത്തിയ മാറ്റങ്ങൾ അതിശക്തമാണ്. മനുഷ്യർ മനുഷ്യരെ തൊട്ടുകൂടാതെ ജീവിച്ചിരുന്ന അസമത്വത്തിന്റെ കാലത്ത്, ഈ രാജ്യത്ത് എല്ലാ മനുഷ്യർക്കും വിദ്യാഭ്യാസം, ഭക്ഷണം മുതലായവ നൽകിയത് ഈ രാജ്യത്തിലെ നിരവധിയായ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളാണ് എന്നത് ചരിത്ര വസ്തുതയാണ്. നമ്മുടെ കേരളത്തിലും ഇത്തരം നിരവധി പ്രവർത്തനങ്ങൾ നമുക്ക് കാണാം. ക്രിസ്ത്യൻ സമൂഹങ്ങൾ പണികഴിപ്പിച്ച നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ, ഗ്രന്ഥശാലകൾ എന്നിവ ഇപ്പോഴും മികവിന്റെ കേന്ദ്രങ്ങളായി തന്നെ തുടരുന്നുണ്ട്. കേരള നവോത്ഥാനത്തിലും ക്രിസ്ത്യൻ മിഷനറിമാർ വഹിച്ച പങ്ക് നമുക്ക് കാണാം, അവർണ്ണ മുന്നേറ്റങ്ങളുടെ പോരാട്ടം നയിച്ച ഡോക്ടർ പൽപ്പുവിനെ വിദ്യാഭ്യാസം നിഷേധിച്ച ജാതിവ്യവസ്ഥയുടെ കാലത്ത് അദ്ദേഹത്തിന് വിദ്യാഭ്യാസം നൽകിയത് ഫെർണാണ്ടസ് മിഷനറി ആയിരുന്നു. ചാവറ അച്ഛനെ പോലെയുള്ള ആളുകളുടെ പങ്കും എടുത്തു പറയേണ്ടതാണ്. ഹൈന്ദവ ഐക്യം എന്ന് പുറത്ത് പറഞ്ഞു നടക്കുന്നവർ ഒന്നും അന്ന് ഈ മനുഷ്യരെ പരിഗണിച്ചിരുന്നത് പോലുമില്ല എന്നതും ചരിത്രത്തിൽ നിന്നും മാഞ്ഞു പോകാത്ത സത്യങ്ങളാണ്.
എണ്ണമറ്റ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ രാജ്യത്തിലെ എല്ലാ മനുഷ്യരെയും ഒന്നിപ്പിച്ച് നിർത്തുന്നത് ഈ രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മഹത്തായ ജനാധിപത്യ മതനിരപേക്ഷ സമത്വ സാഹോദര്യ മൂല്യങ്ങളിൽ നിന്നുകൊണ്ടാണ്. എപ്പോൾ ഈ സംവിധാനത്തിന് വിള്ളൽ ഏൽക്കുന്നവോ, അപ്പോൾ ഈ രാജ്യം അശാന്തം ആകുമെന്ന് ഭരണഘടന നിർമ്മാണ സഭ തന്നെ അന്ന് പറഞ്ഞിട്ടുമുണ്ട്. രാജ്യത്തിൽ ഏത് ആഭ്യന്തര സംഘർഷം ഉണ്ടാകുമ്പോഴും അത് ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ പരിഹരിക്കപ്പെടുന്നത് ഈ രാജ്യത്തിന്റെ ഭരണഘടനയിൽ അധിഷ്ഠിതമായി ഈ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇവിടുത്തെ എല്ലാ മനുഷ്യരുടെയും സുരക്ഷയും സമാധാനപരമായ ജീവിതവും മുൻനിർത്തി കൊണ്ടാണ്. രാജ്യത്തിൽ എല്ലാ മനുഷ്യർക്കും യാതൊരു വിവേചനവും കൂടാതെ ജീവിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ഇവിടെ നിലനിർത്തിക്കൊണ്ട് വരേണ്ടതും അത് സംരക്ഷിക്കേണ്ടതും എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഭൂരിപക്ഷങ്ങൾ അവർക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുകയും ന്യൂനപക്ഷങ്ങൾ അതിന് വിധേയമായി മാത്രം ജീവിക്കേണ്ടിവരുന്ന ദുഷ്കരമായ ഒരു സാഹചര്യം ഒരു രാജ്യത്ത് ഉണ്ടാകുമ്പോൾ അത് എങ്ങനെയാണ് ഒരു ജനാധിപത്യ രാഷ്ട്രം എന്ന് നമുക്ക് പറയാൻ കഴിയുക? ഈ അവസ്ഥ ശരിക്കും മാറേണ്ടതുണ്ട്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവമായി സമകാലിക ഇന്ത്യയിൽ നമുക്ക് പരിഗണിക്കാൻ കഴിയില്ല. രാജ്യത്തിലെ നിയമങ്ങൾ അനുസരിക്കുകയും ഒപ്പം ഭരണഘടന നൽകുന്ന സ്വാതന്ത്ര്യങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ആളുകൾ തങ്ങളുടെ മതത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുകയും വേട്ടയാടപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമ്പോൾ ഒരു രാഷ്ട്രത്തിന് എങ്ങനെ മുന്നോട്ട് പോകാൻ കഴിയും?
മൗലികാവകാശങ്ങൾ ശക്തമായ ഒരു രാജ്യത്ത് യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത രണ്ട് കന്യാസ്ത്രീകൾ കോടതികൾ തോറും കയറിയിറങ്ങുകയും ജയിലിൽ ഒരാഴ്ചയിൽ അധികമായി തുടരുകയും ചെയ്ത ദുഷ്കരമായ സാഹചര്യം ഒരുതരത്തിലും നമുക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരായി പരിഗണിക്കപ്പെടേണ്ടതും നിയമലംഘനം നടത്തിയാൽ അത് കൃത്യമായി കണ്ടെത്തി നിയമമനുശാസിക്കുന്ന നടപടികൾ പൂർത്തിയാക്കേണ്ടതും നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് സാധാരണ സംഭവമായി കാണാവുന്നതാണ്. അതിനെ ഒരു തരത്തിലും ചോദ്യം ചെയ്യുന്നുമില്ല. പക്ഷേ നിയമത്തിന്റെ സാങ്കേതികത്വത്തിൽ ഊന്നി രാഷ്ട്രീയ താൽപര്യവും കമ്മ്യൂണൽ താല്പര്യവും സംരക്ഷിക്കാൻ ചിലർ പുറപ്പെടുമ്പോൾ അത് തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ബിലാസ്പൂരിലെ എൻഐഎ കോടതി ഓഗസ്റ്റ് രണ്ടാം തീയതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷ പരിഗണിക്കുകയും രാജ്യം വിട്ടുപോകരുത് എന്നടക്കമുള്ള കർശന ഉപാധികളോടെ ജാമ്യം നൽകുകയും ചെയ്തിട്ടുണ്ട്. ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ഒടുവിലാണ് ഈ ജാമ്യം. കന്യാസ്ത്രീകൾ ജയിൽ മോചിതർ ആണെങ്കിലും നിലനിൽക്കുന്ന കേസ് ഭരണകൂടം ഇതുവരെ പിൻവലിച്ചിട്ടില്ലാത്തതിനാൽ നിയമനടപടികളിൽ നിന്നും സിസ്റ്റർമാർ ഇപ്പോഴും മോചിതരല്ല.
ഈ രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളുടെ ഐക്യവും സുരക്ഷയും ഉറപ്പുവരുത്താൻ ഭരണഘടന തൊട്ട് അധികാരത്തിൽ വന്ന ഒരു സർക്കാരിന് നിയമപരവും ധാർമികപരവുമായ ഉത്തരവാദിത്തമുണ്ട് എന്ന വസ്തുത ഓർമ്മിപ്പിക്കുന്നതിനൊപ്പം ഇന്ത്യയ്ക്ക് അതിന്റെ രാഷ്ട്ര രൂപീകരണ സമയത്ത് മുന്നോട്ടുവച്ച ആശയങ്ങൾ പോലെ തന്നെ ഭാവിയിലും അത് തുടരാൻ കഴിയണമെന്ന ആശയം രാജ്യത്തെ ഓരോ മനുഷ്യരും ഏറ്റെടുക്കേണ്ടത് ഭാവി ഭയാനകമാകാതിരിക്കാൻ ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന സാമൂഹിക ഉത്തരവാദിത്തമാണ് എന്നു കൂടി ഓർമ്മിപ്പിക്കട്ടെ.


